ആചാരവും സംസ്‌കാരവും

മുഹമ്മദ് ശമീം No image

ഭികാമ്യമെന്ന് കരുതപ്പെടുന്ന ഏതെങ്കിലും സാമൂഹിക ലക്ഷ്യത്തിന്റെ നിര്‍വഹണത്തിന് വേണ്ടിയാണ് പൊതുവെ ആചാരങ്ങള്‍ ഉടലെടുക്കാറുള്ളത്. ഒരു സമൂഹം ഉത്തമമെന്ന് കരുതുന്ന ലക്ഷ്യം മറ്റൊരു സമൂഹത്തിന് ബുദ്ധിശൂന്യവും അധാര്‍മികവുമാകാം. ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആചാരങ്ങള്‍ യുക്തിസഹവും ധാര്‍മികവുമായിരിക്കാം. എന്നാല്‍ ഇതേ സമൂഹം തന്നെ മറ്റൊരു ഘട്ടത്തിലേക്ക് വികസിക്കുമ്പോള്‍ മുമ്പ് അംഗീകൃതമായിരുന്ന ആചാരങ്ങള്‍ക്ക് നീതീകരണമില്ലാതാവുന്നു.
വ്യക്തിയും സമൂഹവും തമ്മിലുള്ള ശരിയായ സഹകരണത്തില്‍ നിന്നാണ് സമാധാനചിത്തനായ മനുഷ്യനും ധാര്‍മിക ഭദ്രതയുള്ള സമൂഹവുമുണ്ടാവുക. വ്യക്തിയുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. അതിനായി സമൂഹം ഏര്‍പെടുത്തുന്ന അഥവാ സമൂഹത്തില്‍ വികസിച്ചു വരുന്ന നടപടിക്രമങ്ങളെ ആചാരങ്ങള്‍ എന്ന് വിളിക്കാം.
വ്യക്തിയുടെ ഹിതാഹിതങ്ങളും സമൂഹത്തിന്റെ വിശാലവ്യവഹാരങ്ങളും പൊരുത്തപ്പെടുന്നതാണ് സാധാരണഗതിയില്‍ നല്ലത്. തന്റെ വിചാരഗതികള്‍ക്കൊത്തുള്ള വ്യക്തിയുടെ പെരുമാറ്റത്തെ ശീലം എന്നു പറയുന്നു. ശീലവും ആചാരവും തമ്മില്‍ പൊരുത്തമുണ്ടാകുമ്പോള്‍ ജീവിതത്തില്‍ ഭദ്രത കൈവരുന്നു. ശീലവും ആചാരവും തമ്മില്‍ പലനിലക്കും പ്രതിപ്രവര്‍ത്തിക്കുന്നുണ്ട്. ശീലങ്ങള്‍ ചിലപ്പോള്‍ ആചാരങ്ങളായി മാറാം. ആചാരങ്ങള്‍ ശീലങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ചിരകാല പ്രതിഷ്ഠ നേടിയ ആചാരങ്ങള്‍ സാമൂഹ്യ നിയമങ്ങളായി മാറും.
ആചാരങ്ങളും അനാചാരങ്ങളും
സമൂഹിക ഭദ്രതക്ക് ആചാരങ്ങള്‍ അനിവാര്യമാണെങ്കിലും പലപ്പോഴും അവ തികഞ്ഞ പ്രതിലോമ സ്വഭാവവും പ്രദര്‍ശിപ്പിക്കാറുണ്ട്. വ്യക്തിയുടെ സന്തോഷത്തിലും സന്താപത്തിലും സമൂഹത്തിനുള്ള പങ്കാളിത്തം ആചാരങ്ങളിലൂടെ ഉറപ്പ് വരുത്താന്‍ പറ്റും. രക്തബന്ധത്തെ അംഗീകരിക്കുന്ന ദായക്രമങ്ങള്‍, കൂട്ടുകുടുംബ ജീവിത സമ്പ്രദായങ്ങള്‍, തറവാട്, ട്രെസ്റ്റീഷിപ്പ് രൂപത്തിലുള്ള തറവാട്ടുസ്വത്ത് സംരക്ഷണം, മൂപ്പടിസ്ഥാനത്തില്‍ കാരണവസ്ഥാനം, ചടങ്ങുകള്‍, ശവസംസ്‌കാരം എന്നിങ്ങനെയുള്ള സമ്പ്രദായങ്ങളിലൂടെ ജീവിതത്തിന്റെ നാനാതുറകളിലും ഒരാളുടെ സുഖദുഃഖ സന്ദര്‍ഭങ്ങളിലെല്ലാം സമൂഹം നല്‍കുന്ന ഐക്യദാര്‍ഢ്യം ജീവിതത്തിന് സ്വസ്ഥത നല്‍കുന്നു.
എന്നാല്‍ ഭൗതികവും മേല്‍ക്കോയ്മാപരവുമായ ലക്ഷ്യങ്ങള്‍ മേല്‍കൈ നേടുകയും സ്വാഭാവികമായും സമൂഹത്തില്‍ നന്മയുടെ അംശം ചോര്‍ന്ന് പോവുകയും ചെയ്യുന്നിടത്ത് ആചാരം അനാചാരമോ അത്യാചാരമോ ആയിത്തീരുന്നു. സാമൂഹിക ലക്ഷ്യങ്ങള്‍ മേല്‍കോയ്മയുടെ താല്‍പര്യങ്ങള്‍ നിര്‍ണയിക്കുകയും അത് വൈയക്തിക ചോദനകളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ സമൂഹത്തിന് വ്യക്തിയോടുള്ള അവിശ്വാസത്തിന്റെ പ്രകാശനങ്ങളായി ആചാരം മാറുന്നു. വ്യക്തിയുടെ യുക്തിബോധം ഒരു നിലക്കും അംഗീകരിക്കാത്തതും പ്രയോജനരഹിതവുമായ, ചിലപ്പോള്‍ ദുഷ്ഫലങ്ങളുണ്ടാക്കുന്ന സമ്പ്രദായങ്ങള്‍ സമൂഹത്തിലുണ്ടാവുകയും വ്യക്തികളെ അത് അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ പലപ്പോഴും ബുദ്ധിയും വിവേകവും നഷ്ടപ്പെട്ട് ഒരു തരം വിധേയത്വത്തിലേക്ക് വ്യക്തി തരം താഴ്ന്ന് പോവുകയും ചെയ്യുന്നു.
നമ്മുടെ നാട്ടില്‍ സ്ത്രീധനം, ജാതകം തുടങ്ങിയ സമ്പ്രദായങ്ങളെല്ലാം ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അതീശവ്യവസ്ഥ എല്ലായ്‌പ്പോഴും പുരുഷമേധാവിത്വപരമായിരിക്കുമെന്നതിനാല്‍ അതിന്റെ കീഴില്‍ രൂപപ്പെട്ടുവരുന്ന പല ആചാരങ്ങളും പ്രത്യക്ഷത്തില്‍ തന്നെ സ്ത്രീവിരുദ്ധവുമായിരിക്കും. ജനനസമയത്തെ ഗ്രഹനിലയില്‍ എട്ടില്‍ ചൊവ്വ വന്നാല്‍ ജാതക (സ്ത്രീ) ആണെങ്കില്‍ തുല്യ ജാതകമുള്ളയാളുമായി മാത്രമേ അവളുടെ വിവാഹം നടത്താവൂ. എന്നാല്‍ ജാതകന്‍ (പുരുഷന്‍) ആണെങ്കില്‍ ആരുമായും വിവാഹമാകാം. പണ്ട് നമ്പൂതിരി കുടുംബത്തില്‍ മൂത്തയാള്‍ (മൂസാമ്പൂരി) മാത്രമേ സ്വജാതിയില്‍ നിന്ന് വേളി കഴിച്ചിരുന്നുള്ളൂ. അപ്ഫന്‍ നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളുമായി സംബന്ധമാവാം. തന്മൂലം എത്രയോ നമ്പൂതിരി സ്ത്രീകള്‍ മംഗല്യ'ഭാഗ്യ'മില്ലാതെ കഴിഞ്ഞുകൂടേണ്ടി വന്നിരുന്നു.
കേരളത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ വളരെ ശക്തമായി നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായവും പ്രകടമായിത്തന്നെ സ്ത്രീ വിരുദ്ധമാണ്. മാതൃദായക്രമം നിലനില്‍ക്കുന്ന കണ്ണൂര്‍ ഭാഗത്തെ മാപ്പിളമാര്‍ക്കിടയില്‍ വരന്റെ കാരണവരുടെ (മൂത്ത അമ്മാവന്‍) 'അവകാശ'മാണ് കാശിപണ(സ്ത്രീധന)ത്തിന്റെ കണക്ക് പറയുക എന്നത്. 'കാര്‍ണോപ്പാട്' വികല അധീശ മാനസികാവസ്ഥയായി മാറുകയാണിവിടെ. കുറേയൊക്കെസമൂഹം പുരോഗമിക്കുകയും സ്ത്രീധനം പോലുള്ള ഏര്‍പ്പാടുകള്‍ വലിയ തോതില്‍ ഇല്ലാതാവുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് പോലും 'എന്താ പെണ്ണിന് നിങ്ങള്‍ കൊടുക്കുക' എന്നൊരു വെറും ചോദ്യമെങ്കിലും ചോദിക്കാതെ ചില കാര്‍ണോപ്പാടന്മാര്‍ക്ക് മനഃസുഖം കിട്ടില്ല.
സമൂഹം ശ്രേണീബദ്ധമാവുന്നതിന്റെ ഭാഗമായും ചില ആചാരങ്ങള്‍ രൂപപ്പെടാറുണ്ട്. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പു വരുത്തുന്നതില്‍ സമ്പ്രദായങ്ങള്‍ ജാഗരൂകമാകുന്നു. വര്‍ണം എന്ന വേദാശയത്തിന് താത്വികമായ എന്തെല്ലാം ന്യായങ്ങള്‍ സമര്‍പിച്ചാലും പ്രയോഗത്തില്‍ വര്‍ണവ്യവസ്ഥ എന്നാല്‍ മേല്‍കീഴ് സമ്പ്രദായമായി മാറി. ഇന്ത്യയില്‍ അത് ജാതിവ്യവസ്ഥയായിത്തീരുകയും അതിന് പിന്‍ബലം നല്‍കുന്ന സാമൂഹികാചാരങ്ങള്‍ രൂപപ്പെടുകയും ചെയ്തു. അടിയാളനെ ചൂഷണം ചെയ്യുന്നതിന് ഇത് ന്യായീകരണമായിത്തീര്‍ന്നു. ജാതിസമ്പ്രദായം പോലെ ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു സമ്പ്രദായവുമില്ല. ബുദ്ധ-ജൈന മതങ്ങള്‍ ജാതിവ്യവസ്ഥക്കെതിരെ ശക്തമായി പൊരുതിയിരുന്നു. പലതരം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായെങ്കിലും ജാതിയെ ഒരു നിലക്കും അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ബുദ്ധമതം ഒടുക്കം ഇന്ത്യയില്‍ നിന്നും നിഷ്‌കാസിതമായി. അനുരഞ്ജനപ്പെട്ട ജൈനമതമാകട്ടെ ഹിന്ദുമതത്തിലെ മറ്റൊരു ജാതിയായും മാറി.
ഇന്ത്യയില്‍ ജാതിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മുസ്‌ലിംകളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഉത്തരേന്ത്യയിലെ ഹനഫീ മുസ്‌ലിംകള്‍ക്കിടയില്‍ സയ്യിദ്, പത്താന്‍ വിഭാഗക്കാരും അതിനിടയിലും താഴെയുമുള്ളവരുമായി ശ്രേണീബദ്ധമായ സാമൂഹികരീതി നിലനില്‍ക്കുന്നു. കേരളത്തിലെ മുസ്‌ലിംകളില്‍ തങ്ങന്മാര്‍ ഉയര്‍ന്നവരായി ഗണിക്കപ്പെടുന്നു. അവര്‍ മറ്റുള്ളവരില്‍ നിന്ന് വിവാഹം കഴിക്കാറില്ല. തങ്ങള്‍ക്കിടയില്‍ നീചജാതിയായി ഒസ്സാന്‍ വിഭാഗത്തെയും കേരള മുസ്‌ലിംകള്‍ സൃഷ്ടിച്ചെടുത്തു. അവരും മറ്റുള്ളവരുമായി വിവാഹബന്ധത്തിലോ മറ്റോ ഏര്‍പ്പെടാറില്ല. എന്നാല്‍ തൊട്ടും അടുത്തും കൂടാത്ത തരം വിവേചനബോധം മുസ്‌ലിംകളില്‍ രൂപപ്പെട്ടിട്ടില്ല. ഇത്തരം വേര്‍തിരിവുകള്‍ക്ക് പോലും യഥാര്‍ഥത്തില്‍ ഇസ്‌ലാമികമായി യാതൊരു നീതീകരണവുമില്ല.
പാടമൂടിയ സമൂഹങ്ങള്‍
വൈവിധ്യമാര്‍ന്ന മനുഷ്യസംസ്‌കാരത്തിന്റെ വ്യത്യസ്ത പ്രതിനിധാനങ്ങളാണ് ഓരോ സമൂഹവും. അവയോരോന്നിനും തനതായ രീതികളില്‍ സ്വന്തം സാംസ്‌കാരിക വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ വികസിക്കാന്‍ സാധിക്കും. ഇതിന് സഹായകമാകും വിധം വര്‍ത്തിക്കുന്ന ആചാരങ്ങളെ പുരോഗമനപരങ്ങളായി വിശേഷിപ്പിക്കാം. എന്നാല്‍ സമൂഹം മേല്‍കീഴ് വ്യവസ്ഥക്ക് കീഴ്‌പെടുന്നതോടെ സാംസ്‌കാരികമായ മുരടിപ്പുണ്ടാകുന്നു. മാനസികവും സാമൂഹികവുമായ വികാസത്തെ തടയുന്നതിന് വേണ്ടി ആചാരങ്ങളെ മേലാള വര്‍ഗം ദുരുപയോഗം ചെയ്തു തുടങ്ങുന്നു. അങ്ങനെ മുരടിച്ച സമൂഹങ്ങള്‍ക്കുമേല്‍ ആചാരങ്ങളുടെ പാട (ream of custom) രൂപപ്പെടുകയും ഒഴുക്ക് നഷ്ടപ്പെട്ട് ഉറകെട്ടി പുളിച്ചു നാറുന്ന ഒന്നായി സമൂഹം മാറുകയും ചെയ്യും. പാടപൊട്ടിച്ച് പ്രപഞ്ചത്തിലേക്ക് പ്രസരിക്കാന്‍ (പുതപ്പിട്ട് മൂടിക്കിടക്കുന്നവനേ യാ അയ്യുഹല്‍ മുദ്ദസ്സിര്‍- പുതപ്പ് തട്ടിമാറ്റി ഉണര്‍ന്നെണീറ്റൊഴുകണം നീ) നബിയോട് അല്ലാഹു കല്‍പ്പിക്കുന്നത് അതിനാലാണ്.
എന്നാല്‍ ആചാരങ്ങളുടെ പാടകെട്ടി ഒഴുക്ക് നിലച്ച് പുളിച്ചുപോയ ഒരു സമൂഹത്തെ ആ മൊരി പൊട്ടിച്ച് മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുമ്പോഴും ആചാരങ്ങളെ പാടെ ഇല്ലാതാക്കാനല്ല പ്രവാചകന്‍ ശ്രമിച്ചതെന്നതും ശ്രദ്ധിക്കേണ്ടതാണ്. അമാനവികവും അധാര്‍മികവുമായ ആചാരങ്ങളെ അദ്ദേഹം ഇല്ലാതാക്കി. എന്നാല്‍ സാമൂഹികാചാരങ്ങളെ പൊതുവില്‍ നിലനിര്‍ത്തി. അറബികളുടെ പരമ്പരാഗത സംസ്‌കാരത്തെ, വേഷവിധാനങ്ങളെ, ആഹാരരീതികളെ, ചടങ്ങുകളെ, പുരോഗമനപരമായ മറ്റ് ആചാരങ്ങളെ എല്ലാം പ്രവാചകന്‍ സ്വജീവിതത്തില്‍തന്നെ പിന്തുടര്‍ന്നിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട ഒട്ടേറെ ആചാരങ്ങള്‍ പരമ്പരാഗതമായി നിലനിര്‍ത്തിയവരായിരുന്നു അറബികള്‍. അതവരുടെ ഇബ്രാഹീമി പാരമ്പര്യത്തിന്റെ അടയാളങ്ങളായിരുന്നെങ്കില്‍, കാലാന്തരത്തില്‍ അവരില്‍ വളര്‍ന്നുവന്ന മറ്റ് നല്ല ആചാരങ്ങളെയും നബിതിരുമേനി നിലനിര്‍ത്തിയിട്ടുണ്ട്. പ്രത്യേകമായി പല സന്ദര്‍ഭങ്ങളിലും അറബി മുശ്‌രിക്കുകള്‍ സമ്മാനം (ഹദ്‌യ) നല്‍കുക, ദാനധര്‍മങ്ങളിലേര്‍പ്പെടുക മുതലായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നു. അവയെല്ലാം നബിയും പിന്‍തുടര്‍ന്നു. ഇസ്‌ലാം പൂര്‍വ (ജാഹിലിയ്യ) അറബികള്‍ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് കാലിയെ അറുത്ത് മാംസം ദാനം ചെയ്യും. അഖീഖഃ എന്നറിയപ്പെട്ടിരുന്ന ഈ ആചാരത്തെ നബി സ്വയം അനുവര്‍ത്തിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സമൂഹത്തെയും സംസ്‌കാരത്തെയും ബാധിച്ചിട്ടുള്ള സമ്പ്രദായങ്ങളുടെ പാട നീക്കി സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ചുമതലപ്പെട്ട പ്രവാചകന്‍തന്നെ ഏതെങ്കിലും സ്വഭാവത്തില്‍ പ്രയോജനപ്രദമോ പുരോഗമനപരമോ ആയ ആചാരങ്ങളെ നിലനിര്‍ത്തിയിരുന്നുവെന്നര്‍ഥം.
ആചാരങ്ങള്‍ മതപരവും സാമൂഹികവും
ആചാരങ്ങളെ മതാചാരങ്ങളെന്നും സാമൂഹികാചാരങ്ങളെന്നും പൊതുവെ രണ്ടായി തിരിക്കാറുണ്ട്. എന്നാല്‍ ഈ വിഭജനം അത്ര സൂക്ഷ്മമല്ല. ഇവ പരസ്പരം ഇടകലര്‍ന്ന് വരുന്നുണ്ട്. മൃതദേഹ സംസ്‌കരണം മതാചാരമാണ്. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ സാമൂഹികാചാരത്തിന്റെ പട്ടികയിലാണ് പെടുക. മതാനുശാസന പ്രകാരമാകുമ്പോള്‍ വിവാഹകര്‍മത്തെ- (നികാഹ്, താലികെട്ട് മുതലായവ) മതാചാരമായി ഗണിക്കാം. എന്നാല്‍ വിവാഹാഘോഷ പരിപാടികള്‍ സാമൂഹികാചാരങ്ങളിലാണ് പെടുക.
മതവുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുമ്പോള്‍ മറ്റൊരു തരം വിഭജനം കൂടി സാധ്യമാണ്. പ്രമാണങ്ങളാല്‍ സ്ഥാപിതമായതും അതത് മതത്തില്‍ വിശ്വസിക്കുന്നവര്‍ കാല ദേശ ഭേദമന്യേ ആചരിച്ചുപോരുന്നതുമായവ ഒരു ഭാഗത്ത്. മറുഭാഗത്തുള്ളത് കാല ദേശാനുസാരിയായി രൂപപ്പെട്ടു വരുന്നത്. ഈ രണ്ട് തരവും മതാചാരങ്ങളിലും സാമൂഹികാചാരങ്ങളിലുമുണ്ട്.
ആചാരങ്ങളും സാമൂഹിക ബന്ധങ്ങളും
സാമൂഹികമായ പാരസ്പര്യവും മാനുഷികബന്ധങ്ങളും പരിപോഷിപ്പിക്കുന്നതില്‍ ആചാരങ്ങള്‍ വലിയ പങ്ക് നിറവേറ്റുന്നുണ്ട്. പല ആചാരങ്ങളുടെയും പ്രധാന ഉദ്ദേശ്യവും അതുതന്നെ. സന്തോഷ സന്താപങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തുകയാണല്ലോ ആചാരങ്ങള്‍ ചെയ്യുന്നത്. ജനനം, വിവാഹം, ഗര്‍ഭധാരണം, പ്രസവം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യത്യസ്തങ്ങളായ ആചാരങ്ങളെല്ലാംതന്നെ ഇതിന് സഹായകമാണെന്നു കാണാം.
കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍, രണ്ട് തറവാടുകളെ തമ്മില്‍ ഗാഢമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍ വിവാഹാനുബന്ധമായി നിലനിന്നു. വിവാഹാലോചന മുതല്‍ക്ക് നിശ്ചയം, വിവാഹം, ശേഷമുള്ള സല്‍ക്കാരങ്ങള്‍ എന്നിങ്ങനെയുള്ള പരിപാടികളിലൂടെ പരസ്പരമുള്ള പോക്ക് വരവുകളാണ് നടക്കുന്നത.് ഇതിലൂടെ രണ്ട് വീടുകളും വീട്ടുകാരും രണ്ടു കൂട്ടരുടെയും സ്വന്തമായിത്തീരുന്നു. ഈ രൂപത്തിലുള്ള ബന്ധ സംസ്ഥാപനത്തിന് യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ യോജിച്ച മറ്റു മാര്‍ഗങ്ങളില്ല. ഇത്തരം കാര്യങ്ങളില്‍ ഇവയില്‍ അനുവര്‍ത്തിക്കുന്ന അമിതത്വവും ധൂര്‍ത്തുമാണ് പക്ഷേ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ജീവിത നിലപാടുകളില്‍ പൊതുവെയും ഇത്തരം കാര്യങ്ങളില്‍ പ്രത്യേകിച്ചും ലാളിത്യം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം സമുദായങ്ങള്‍ക്കുണ്ടാവേണ്ടതുണ്ട്. മൈലാഞ്ചി, ഒപ്പന, തുടങ്ങിയ ആചാരങ്ങള്‍ പ്രാദേശികമായി രൂപപ്പെട്ട ചില സാംസ്‌കാരിക രൂപത്തോടുള്ള ഭ്രമത്തില്‍ നിന്നുടലെടുത്തതാണ്. എന്നാല്‍ പോലും ചെറുക്കന്റെ വീട്ടില്‍ നിന്ന് പെണ്ണുങ്ങള്‍ വന്ന് പെണ്ണിന്റെ കൈയില്‍ മൈലാഞ്ചി ചാര്‍ത്തുന്ന ആചാരങ്ങളിലൂടെ ഈ പെണ്ണിനെ തങ്ങളിലൊരാളായി സ്വീകരിക്കുന്ന പ്രഖ്യാപനമാണ് നടത്തുന്നത്. ഗര്‍ഭകാലത്ത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാര്‍ നിര്‍വഹിക്കുന്ന ചടങ്ങുകളും ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ രണ്ടു വീട്ടുകാരും തങ്ങളുടെതായി സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ വ്യത്യസ്തമായ പ്രകടനങ്ങളാണ്.
ശീലങ്ങള്‍ ആചാരങ്ങളായി മാറുന്ന പ്രവണത മരണാനന്തര ചടങ്ങുകളില്‍ കൂടുതല്‍ പ്രകടമാണ്. വിരഹദുഃഖിതരെ ആശ്വസിപ്പിക്കുക (തഅ്‌സിയത്ത്) എന്നത് ഇസ്‌ലാമികമായ ഒരാചാരമാണ്. മരണം തൊട്ട് മൂന്നാം നാള്‍ വരെ അതിനുള്ള അവസരമാക്കി പലയിടത്തും മുസ്‌ലിംകള്‍ മാറ്റി. ശേഷം മുസ്‌ലിംകള്‍ മൂന്നാം നാള്‍ കണ്ണോക്ക് ആചരിക്കുന്നു. മരണത്തിന്റെ പിറ്റേന്ന് കണ്ണോക്ക് ആചരിക്കുന്ന ഏര്‍പ്പാട് നമ്പൂതിരിമാര്‍ക്കിടയിലാണ്. അതോടനുബന്ധിച്ച് ബന്ധുമിത്രാദികള്‍ മരണവീട്ടിലേക്ക് ആഹാരപദാര്‍ഥങ്ങള്‍ കൊണ്ടുവരും. ഇതില്‍ നിന്നായിരിക്കാം മുസ്‌ലിംകള്‍ കണ്ണോക്ക് എന്ന വാക്ക് സ്വീകരിച്ചത്. തിരുവിതാംകൂറില്‍ ചില ഭാഗങ്ങളില്‍ ഇതിന് മൂന്നാം ഫാതിഹ എന്നാണ് പറയുക. അന്നേ ദിവസം ബന്ധുമിത്രാദികള്‍ മരണവീട് സന്ദര്‍ശിക്കുകയും പ്രാര്‍ഥന നിര്‍വഹിക്കുകയും ചെയ്യും. ചിലപ്പോള്‍ ഒരു ലഘു സദ്യയുണ്ടാകും. കണ്ണൂര്‍ഭാഗത്ത് കണ്ണോക്കിന്റന്ന് റവയും നെയ്യും അണ്ടിപ്പരിപ്പുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന 'പാലൂദ' എന്ന പാനീയം വിതരണം ചെയ്യും. മനസ്സിനെ ഉന്മേഷമാക്കാനുള്ള ശേഷിയുണ്ട് ഈ പാനീയത്തിന്. ഒരു പക്ഷേ, നിലനില്‍ക്കുന്ന ദുഃഖാവസ്ഥ മാറ്റി പരേതന്റെ ബന്ധുക്കള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള ഒരുപാധിയായി ആരംഭിച്ച ഒരു പരിപാടിയായിരിക്കാം അത്. വല്ലാതെ വ്യവസ്ഥാപിതമായി വളര്‍ന്നതോടെ മരണവീട്ടില്‍ സദ്യയും കോലാഹലവുമുണ്ടാക്കുന്ന ദുരാചാരമായി അത് മാറിയെങ്കിലും മൂന്നാം ദിവസത്തെ സന്ദര്‍ശനങ്ങള്‍ എന്ന ആശയത്തിന് പ്രസക്തിയുണ്ട്. തഅ്‌സിയത്ത് എന്ന, ഇസ്‌ലാം അനുശാസിക്കുന്ന സംസ്‌കാരത്തെ പ്രാദേശികമായ ആചാരങ്ങളുമായി കലര്‍ത്തിയതോടെയാണ് കണ്ണോക്ക് പോലുള്ള സമ്പ്രദായങ്ങള്‍ രൂപപ്പെട്ടത്. ഏഴാം നാള്‍, പതിനഞ്ചാം നാള്‍, നാല്‍പതാം നാള്‍ തുടങ്ങിയ മരണാനന്തര ചടങ്ങുകള്‍ കേരളത്തിന്റെ ചില പാരമ്പര്യത്തില്‍ നിന്ന് സ്വാംശീകരിച്ചതാണ.് ഇത്തരം ദിനങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ വലിയ കാര്യമില്ല. എന്നാല്‍പോലും കുടുംബത്തിന്റെ സന്താപത്തില്‍ സമൂഹത്തെ പങ്കാളികളാക്കുന്ന മരണാനന്തര ചടങ്ങുകളുടെ പ്രസക്തിയെ തള്ളിപ്പറയാവതല്ല.
അങ്ങേയറ്റം അശ്ലീലവും അനാവശ്യവുമായ കുറെയാചാരങ്ങളുണ്ട്. പ്രസവിച്ച പെണ്ണിന്റെ നാല്‍പതു കുളി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചില പ്രദേശങ്ങളില്‍ ഇത് സദ്യവട്ടങ്ങളോടെ വളരെ ആഘോഷമായി കൊണ്ടാടുന്നുണ്ട്. ചിലപ്പോള്‍ വീട്ടുകാര്‍ ഭര്‍ത്താക്കന്മാരുടെ ആവശ്യത്തിന് വഴങ്ങി 'നാല്‍പതു കുളീം മങ്ങലോം' നടത്തി കടപ്പെട്ടു കുത്തുപാളയെടുക്കാറുമുണ്ട്.
തെറ്റും ശരിയും ആവശ്യവും ആര്‍ഭാടവും എല്ലാം വേര്‍തിരിച്ചു മനസ്സിലാക്കി ആചാരങ്ങളോട് ക്രിയാത്മക സമീപനം സ്വീകരിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. മാനവിക വിരുദ്ധമോ അധാര്‍മികമോ അല്ലാത്ത പ്രാദേശിക സമ്പ്രദായങ്ങളെ (ഉര്‍ഫ്) ഇസ്‌ലാമിക ശരീഅത്ത് നിയമപ്രമാണങ്ങളിലൊന്നായി അംഗീകരിച്ചിട്ടുണ്ട്.
വൈവിധ്യമുള്ള സമൂഹങ്ങള്‍
വളരെ കണിശമായ ഒരു ധാര്‍മിക ജീവിതരീതി നിര്‍ദേശിക്കുന്നതോടൊപ്പം സാംസ്‌കാരികമായ വൈവിധ്യങ്ങളോട് ക്രിയാത്മകമായ സമീപനമാണ് മതം വെച്ചുപുലര്‍ത്തുന്നത്. വൈവിധ്യങ്ങളെ സൗന്ദര്യവും യാഥാര്‍ഥ്യവുമായി അംഗീകരിക്കാന്‍ പറ്റാത്ത അക്ഷരഭ്രമം ഇടക്കാലത്ത് ഇസ്‌ലാമിക പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് സംഭവിച്ച ഒരു വ്യതിയാനമാണ്.
ഇസ്‌ലാം അതില്‍ വിശ്വസിച്ചവര്‍ക്ക് ഇസ്‌ലാമികമായ ഒരു സ്വത്വം നല്‍കുന്നതോടൊപ്പംതന്നെ അവരുടെ പ്രാദേശിക സ്വത്വ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇസ്‌ലാം വളര്‍ന്നുവന്നതും ഇപ്രകാരം തന്നെ. കേരള മുസ്‌ലിംകള്‍ പിതൃവഴിക്ക് അറബി സംസ്‌കാരവുമായും മാതൃവഴിക്ക് കേരള സംസ്‌കാരവുമായും ബന്ധപ്പെടുന്നു. മലബാറിലെ മാപ്പിള മലയാളികളില്‍, വിശിഷ്യാ മാപ്പിളപ്പാട്ടില്‍ അറബ് സ്പര്‍ശവും കേരളീയ മുദ്രകളും കാണാം. മണിപ്രവാള സാഹിത്യം പോലെ മാപ്പിളപ്പാട്ടിലും മലയാളം, തമിഴ്, അറബി, പാര്‍സി ഭാഷകള്‍ ഒത്തുചേരുന്നു. മാപ്പിള രാമായണം ക്ഷേത്ര സ്തുതി സമ്പ്രദായത്തില്‍ പ്രവാചകനെയും പുണ്യാത്മാക്കളെയും പ്രകീര്‍ത്തിക്കല്‍, മറിയം ബീവിപ്പാട്ട്, പക്ഷിപ്പാട്ട്, കുപ്പിപ്പാട്ട്, തോണിപ്പാട്ട് എന്നിവയിലെല്ലാം കേരളീയമായ അടയാളങ്ങളുണ്ട്.
ഏകശിലാ രൂപിയായി ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക സാധ്യമല്ല. ഇസ്‌ലാമിന്റെ കേരളത്തിലെ ആവിര്‍ഭാവകാലം മുതല്‍ക്ക് കേരള, കര്‍ണാടക തീരദേശത്ത് അധിവസിച്ച മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന വൈവിധ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ നമുക്കത് ബോധ്യപ്പെടും. ഉത്തര കര്‍ണാടകത്തിലെ നവായത്തുകളും ദക്ഷിണ കനറയിലെ ബ്യാരികളും മലബാറിലെ മാപ്പിളമാരും കൊറമാന്‍ഡല്‍ തീരങ്ങളിലെ ലബ്ബമാരും കര്‍മശാസ്ത്രപരമായി ശാഫിഈകള്‍ തന്നെയാണ്. എന്നാല്‍ ഈ നാലു വിഭാഗത്തിനും വ്യത്യസ്തമായ ജീവിതരീതികളും ആചാര സമ്പ്രദായങ്ങളുമുണ്ട്. ഓരോ സമൂഹത്തിലും സാര്‍വത്രികമായുണ്ടായ പേരുകള്‍ പോലും വ്യത്യസ്തമാണ്. കായിരി സായിരി, സായിരബ്ബ, ചെയ്യ, കായിഞ്ഞി, പള്ളിക്കുഞ്ഞി, കുഞ്ഞിപ്പള്ളി, അയമ്മു, അബ്ബോനു, എന്നെല്ലാമാണ് ബ്യാരി മുസ്‌ലിംകള്‍ പണ്ടു കാലത്ത് പേര് വിളിക്കാറുണ്ടായിരുന്നത്. അറബി പേരുകളുടെ പ്രത്യേകമായ രീതിയിലുള്ള മലയാളം കലര്‍ന്ന ഉച്ചാരണം മാപ്പിളമാര്‍ക്കിടയിലും നിലനിന്നു. ഈയൊരു ചെറു പ്രദേശത്തെ ഇവിടെ ഉദാഹരിച്ചത് വൈവിധ്യങ്ങള്‍ എന്ന യാഥാര്‍ഥ്യത്തെ എങ്ങനെ സമീപിക്കണമെന്ന് സൂചിപ്പിക്കാനാണ്.
ആചാരങ്ങളെ അന്ധമായി എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിന് പകരം നാം ക്രിയാത്മകമായി അതിനെ സമീപിക്കുകയും, ദുരാചാരങ്ങളെയും അനാചാരങ്ങളെയും നീക്കം ചെയ്ത്, സാമൂഹിക ബന്ധങ്ങളെ ദൃഢീകരിക്കുന്നതും മനുഷ്യന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെയും തനിമകളെയും പ്രകാശിപ്പിക്കുന്നതും പ്രയോജനപ്രദവും പുരോഗമനപരവുമായ സമ്പ്രദായങ്ങളെ നിലനിര്‍ത്തുകയും ചെയ്യേണ്ടതാണ്. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top