അനുഗ്രഹീതമായ തീരുമാനം

ശൈഖ് മുഹമ്മദ് കാരകുന്ന്‌ No image

1970-കളില്‍ മലയാളികളുടെ മുമ്പില്‍ ഗള്‍ഫ് നാടുകളുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടപ്പെട്ട കാലമായിരുന്നു. കേരളീയര്‍ അന്ന് കൂട്ടത്തോടെ മണല്‍ക്കാടുകളിലേക്ക് യാത്രയായി. പെട്രോഡോളറിന്റെ തിളക്കം മലയാളമണ്ണില്‍ കൂടുതലായി കാണപ്പെടാന്‍ തുടങ്ങിയത് അതുമുതലാണ്. സാധാരണക്കാരായിരുന്നു ഗള്‍ഫ് യാത്രികരില്‍ ഭുരിപക്ഷവും. വിശേഷിച്ചും മുസ്‌ലിംകളില്‍.
മലയാളികള്‍ അറബ് നാടുകളുടെ മുഖഛായ മാറ്റി. സുഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്. യു.എ.ഇ, ഒമാന്‍ തുടങ്ങിയ നാടുകളുടെ അന്തരീക്ഷത്തില്‍ പാരീസ് സ്‌പ്രേയുടെ സുഗന്ധം പോലെ മലയാളികളുടെ വിയര്‍പ്പിന്റെ മണവും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അവിടങ്ങളില്‍ കേരളീയരുടെ പാദങ്ങള്‍ പതിയാത്ത ഇടങ്ങളുണ്ടോയെന്ന് സംശയമാണ്. ഗള്‍ഫ്‌നാടുകളിലെ കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം മലയാളികളുടെ അധ്വാനഫലമുണ്ട്. വിരഹദുഃഖത്താല്‍ കേരളീയന്റെ കണ്ണീര്‍ തുള്ളികള്‍ ഇറ്റി വീഴാത്ത മുറികള്‍ അറബികളുടെ കിടപ്പറകള്‍ മാത്രമായിരിക്കുമെന്നത് അതിശയോക്തിപരമായിരിക്കാമെങ്കിലും കത്തുകളിലൂടെ മാത്രം വികാരങ്ങളും വിവരങ്ങളും കൈമാറിയിരുന്ന അക്കാലത്ത് വേര്‍പാടുണ്ടാക്കിയ വേദനയുടെ ആഴം വളരെ വലുതായിരുന്നു. പ്രിയതമയെയും പിഞ്ചുമക്കളെയും നാട്ടിലാക്കി ഗള്‍ഫിലേക്ക് കടന്നവരുടെ അകത്തും പുറത്തും മരുപ്പറമ്പിലെ തീക്കാറ്റിനേക്കാള്‍ വലിയ തീയായിരുന്നു. മറുഭാഗത്ത് നാട്ടിലെ സഹോദരിമാര്‍ അനുഭവിച്ച വിരഹദുഃഖം ആണുങ്ങളുടേതിനേക്കാള്‍ എത്രയോ കടുത്തതായിരുന്നു. പുരുഷന്മാര്‍ക്ക് എല്ലാം പറയാനും കേള്‍ക്കാനും ധാരാളം കൂട്ടുകാരുണ്ട്. കുറെ പറഞ്ഞു തീരുന്നതോടെ വേദനയുടെ കാഠിന്യം കാര്യമായി കുറയുമല്ലോ. എന്നാല്‍ വീട്ടില്‍ തനിച്ചോ ഭര്‍ത്താവിന്റെ വീട്ടിലോ കഴിയുന്നവര്‍ക്ക് ദുഃഖം പങ്കുവെക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. ഭര്‍തൃവീട്ടുകാര്‍ക്ക് പലപ്പോഴും അവരുടെ വേദനകള്‍ മനസ്സിലാക്കാനോ നീറുന്ന അവരുടെ അകം കാണാനോ കഴിയുമായിരുന്നില്ല. എസ്.എ ജമീലിന്റെ കത്തുപാട്ട് മലയാളിമങ്കകളുടെ മനസ്സ് കവര്‍ന്നത് അതിനാലാണ്.
മലയാളികള്‍ ഗള്‍ഫ്‌നാടുകളുടെ മുഖഛായ മാറ്റിയ പോലെ പെട്രോഡോളര്‍ കേരളത്തെയും പൂര്‍ണമായും പരിവര്‍ത്തിപ്പിച്ചു. ഓലമേഞ്ഞ കൂരകളും പുല്ലുപാകിയ പുരകളും ഇല്ലാതായി. പകരം ഓടിട്ട വീടുകളും സുന്ദരമായ സിമന്റ് സൗധങ്ങളും ഉയര്‍ന്നു വന്നു. ഗ്രാമങ്ങളില്‍ പോലും ഇടവഴികള്‍ വിശാലമായ റോഡുകളായി. വൈദ്യുതിയും ടെലഫോണുമില്ലാത്ത വീടുകള്‍ വളരെ വിരളമായി- പട്ടിണി വിട്ടുമാറി. നാട്ടിലെങ്ങും സ്‌കൂളുകളും കോളേജുകളും ഉയര്‍ന്നു വന്നു. ആശുപത്രികള്‍ക്ക് പഞ്ഞമില്ലാതായി. ഇരുചക്ര വാഹനങ്ങളും ടെലിവിഷനും ഫ്രിഡ്ജും വാഷിംഗ്‌മെഷീനുമില്ലാത്ത വീടുകള്‍ അപൂര്‍വമായി. പടുകൂറ്റന്‍ കെട്ടിടങ്ങളും ചീറിപ്പായുന്ന വാഹനങ്ങളുമെല്ലാം ഗ്രാമങ്ങളില്‍ പോലും സാധാരണയായി. ഇങ്ങനെ ഗള്‍ഫ് പണം കേരളത്തെ അടിമുടി മാറ്റിമറിച്ചു. അത് വിദ്യാഭ്യാസ വളര്‍ച്ചക്കും സാമ്പത്തിക പുരോഗതിക്കും സാമൂഹിക പ്രവര്‍ത്തനത്തിനുമെന്ന പോലെ ഇസ്‌ലാമികമായ ഉണര്‍വിനും വഴിയൊരുക്കി. ഇങ്ങനെ സാസ്‌കാരിക മുന്നേറ്റത്തില്‍ ഗള്‍ഫ് സാന്നിധ്യം വമ്പിച്ച പങ്ക് വഹിച്ചപ്പോള്‍ ചില ജീര്‍ണതകള്‍ക്കും കുടുംബ ശൈഥില്യങ്ങള്‍ക്കും അപചയങ്ങള്‍ക്കും അത് കാരണമായി. എന്നാലും കോട്ടങ്ങളെ അപേക്ഷിച്ച് നേട്ടങ്ങള്‍ വിവരണാതീതമാം വിധം വലുതും വിപ്ലവകരവുമത്രെ.
ഗള്‍ഫ്, മലയാളികളുടെ സ്വപ്നവും ഭ്രമവുമായിരുന്ന 1970-കളില്‍ എനിക്കും അവസരം കിട്ടി വിദേശയാത്രക്ക്. കുവൈത്തിലേക്കായിരുന്നു ആദ്യയാത്ര. കൂടെ പി.കെ ജമാല്‍ സാഹിബും ജമാല്‍ മുഹമ്മദ് മലപ്പുറവുമുണ്ടായിരുന്നു. കെ.എം റിയാലുവായിരുന്നു ഞങ്ങള്‍ക്ക് വിസ അയച്ചു തന്നത്. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് ഇസ്‌ലാമിക യുവതക്ക് ഒരു ആസ്ഥാനമെന്ന സ്വപ്നസാക്ഷാത്കാരം ലക്ഷ്യംവെച്ച് മലയാളികളുടെ സഹകരണം തേടാനായിരുന്നു ഞങ്ങളുടെ പര്യടനം. മൂന്നുപേരുടേതും വിസിറ്റിംഗ് വിസയായിരുന്നു. അക്കാലത്ത് വിസാമാറ്റം ഒട്ടും പ്രയാസകരമായിരുന്നില്ല. പി.കെ ജമാല്‍ സാഹിബ് ജോലി സ്വീകരിച്ച് കുവൈത്തില്‍ തങ്ങിയത് അങ്ങനെയാണ്. 1977 ഒക്ടോബര്‍ 30-നായിരുന്നു ഞങ്ങളുടെ യാത്ര. അന്ന് അവിടെ തങ്ങിയ പി.കെ ജമാല്‍ സാഹിബ് 34 കൊല്ലത്തിന് ശേഷം ഇപ്പോഴും അവിടെത്തന്നെയാണ്. എന്നോടൊപ്പം പര്യടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ജമാല്‍ മുഹമ്മദ് സാഹിബും ഏറെ വൈകാതെ സുഊദി അറേബ്യയിലേക്ക് യാത്രയായി. എന്റെ പ്രിയ സുഹൃത്ത് മലപ്പുറം ജമാല്‍ സാഹിബ് അപ്രതീക്ഷിതമായി അവിടെ വെച്ച് പരലോകം പ്രാപിക്കുകയും ചെയ്തു.
പി.കെ ജമാല്‍ സാഹിബ് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കെയാണ് കുവൈത്തിലേക്ക് യാത്രയായത്. സാജിദ് എന്ന തൂലികാനാമത്തില്‍ അദ്ദേഹം ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ആദ്യപേജില്‍ എഴുതിയിരുന്ന കുറിപ്പ് അത്യാകര്‍ഷകവും പലര്‍ക്കും നല്ല വഴികാട്ടിയുമായിരുന്നു. ഗൃഹാതുരത്വത്തോടെ ഇന്നും അതോര്‍ക്കുന്നവരുണ്ട്. നല്ല പാണ്ഡിത്യവും ആകര്‍ഷകമായ മലയാളഭാഷയും വശമുള്ള പി.കെ ജമാല്‍ സാഹിബ് നാട്ടിലായിരുന്നുവെങ്കില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നോര്‍ക്കുമ്പോഴാണ് അദ്ദേഹത്തെ പോലുള്ളവരുടെ പ്രവാസം വരുത്തിയ നഷ്ടത്തിന്റെ ആഴം ബോധ്യമാവുക. കുവൈത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ വേദിയായ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (KIG) കെട്ടിപ്പടുക്കാനും വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിന്റെ അവിടുത്തെ സാന്നിധ്യം ഉപകരിച്ചു എന്നത് വിസ്മരിക്കാവതല്ല. എന്നാലും ഏറെ കഴിവുറ്റ എഴുത്തുകാരനും പ്രസംഗകനുമായ അദ്ദേഹത്തിന്റെ പ്രവാസം വമ്പിച്ച നഷ്ടമല്ലേ എന്ന ചിന്ത എപ്പോഴും അലോസരപ്പെടുത്താറുണ്ട്.
ആദ്യ വിദേശയാത്ര എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും അനുഭവവുമാവാന്‍ കാരണം ജമാല്‍ മലപ്പുറത്തിന്റെ സാന്നിധ്യമായിരുന്നു. നീണ്ട നാലുമാസത്തിലേറെക്കാലം ഞങ്ങള്‍ ഒരേ മുറിയില്‍ അടുത്തടുത്താണ് കിടന്നുറങ്ങിയത്. രാവും പകലും അദ്ദേഹത്തോടൊന്നിച്ച് കഴിച്ചു കൂട്ടാന്‍ അവസരം ലഭിച്ചത് അഭിമാനത്തോടെ മാത്രമേ ഓര്‍ക്കാനാവൂ. ജമാല്‍ സാഹിബ് പ്രഗത്ഭനായ പണ്ഡിതനാണ്. പ്രതിഭാശാലിയായ എഴുത്തുകാരനും. അറബിഭാഷയില്‍ അഗാധവും സൂക്ഷ്മവുമായ അറിവുണ്ടായിരുന്ന അദ്ദേഹം വിശുദ്ധ ഖുര്‍ആനിലെ ഓരോ വാക്കിനെയും സൂക്തത്തെയും പ്രയോഗത്തെയും ശൈലിയെയും സംബന്ധിച്ച് ആഴത്തില്‍ ചിന്തിച്ചു. ആരും നേരത്തെ ശ്രദ്ധിച്ചിട്ടില്ലാത്തതും അതിസൂക്ഷ്മവുമായ ഒട്ടേറെ വസ്തുതകള്‍ കണ്ടെത്തി. ജമാല്‍ സാഹിബിന്റെ ചിന്തയും സംസാരവും എപ്പോഴും ഖുര്‍ആനിനെ കുറിച്ചായിരുന്നു. അദ്ദേഹം ആ ദൈവികഗ്രന്ഥത്തെ അഗാധമായി നമിച്ചു. അതിലെ ഓരോ വാക്കും ആത്മാവില്‍ അലിയിച്ചു ചേര്‍ത്തു. ഈ ലേഖകനും വാണിദാസ് എളയാവൂരും കൂടി ഖുര്‍ആനിന് ലളിതസാരം തയ്യാറാക്കിയപ്പോള്‍ അതിലെ ചില പ്രയോഗങ്ങള്‍ക്കെതിരെ നിശിതവും രൂക്ഷവുമായ വിമര്‍ശനമുന്നയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും അതുതന്നെയായിരിക്കും.
ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച മലപ്പുറം കുഞ്ഞിക്കോയ സാഹിബിന്റെ മകനാണ് ജമാല്‍ മുഹമ്മദ്. സൈക്കിള്‍ റിപ്പയറിംഗ് ജീവിതോപാധിയായി സ്വീകരിച്ച കുഞ്ഞിക്കോയാമു സാഹിബ് ജീവിതത്തില്‍ സഹിച്ച കൊടിയ ദാരിദ്ര്യത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ ഒന്നിച്ചുറങ്ങിയ രാവുകളില്‍ ജമാല്‍ സാഹിബ് വിവരിച്ച് കേള്‍ക്കുമ്പോള്‍ രണ്ടാളുടെയും കണ്ണുകള്‍ ഈറനണിയുക പതിവായിരുന്നു. അതിന് എന്റെ കുടുംബത്തിന്റെ അനുഭവവുമായി ഏറെ സമാനതകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് സ്വന്തം ജീവിതാനുഭവമായാണ് തോന്നിയിരുന്നത്. എന്നെ പോലെത്തന്നെ പഠനകാലത്ത് വളരെ കൂടുതല്‍ പ്രയാസമനുഭവിച്ച വ്യക്തിയാണ് ജമാല്‍ സാഹിബ്.
നല്ല ഒരു അധ്യാപകന്‍ കൂടിയായ ജമാല്‍ സുഊദി അറേബ്യയില്‍ വെച്ച് നടത്തിയ പണ്ഡിതോചിതമായ ക്ലാസുകള്‍ ഒട്ടേറെ പേരെ ഇസ്‌ലാമിക ജീവിതത്തിലേക്കും പ്രസ്ഥാനത്തിലേക്കും അടുപ്പിക്കുകയുണ്ടായി. ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ജമാല്‍ മലപ്പുറം അവസാന നിമിഷം വരെയും കര്‍മനിരതനായിരുന്നു. വിശിഷ്ടഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹം നല്ലൊരു വഴികാട്ടി കൂടിയായിരുന്നു. അഗാധമായി സ്‌നേഹിക്കുകയും ഉദാരമായ സമീപനം സ്വീകരിക്കുകയും ചെയ്ത ജമാല്‍ സാഹിബ് തന്റെ സവിശേഷവും വശ്യവുമായ ചിരിയുമായി മുന്നില്‍ നില്‍ക്കുന്നതായി ഇപ്പോഴും അനുഭവപ്പെടുന്നു. പ്രവാസ ജീവിതം തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് കേരളീയ സമൂഹത്തിന് ഒട്ടേറെ സംഭാവനകള്‍ ലഭിക്കുമായിരുന്നുവെന്ന് എപ്പോഴും തോന്നിപ്പോവാറുണ്ട്. അല്ലാഹുവിന്റെ വിധിനിശ്ചയം അലംഘനീയമാണല്ലോ.
ആദ്യവിദേശയാത്രയില്‍ അവിടെ ജോലി സ്വീകരിക്കാന്‍ പല കോണുകളില്‍ നിന്നും ശക്തമായ പ്രേരണയും പ്രലോഭനവുമുണ്ടായി. അന്ന് സ്‌കൂളില്‍ നിന്ന് വാങ്ങുന്ന ശമ്പളത്തിന്റെ പത്തിരട്ടിയെങ്കിലും വരുമാനം കിട്ടുമെന്ന കൂട്ടുകാരുടെ അഭിപ്രായപ്രകടനവും പലപ്പോഴും കേള്‍ക്കേണ്ടി വന്നു. പക്ഷേ; വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ തന്നെ അല്ലാഹു നല്‍കിയ കഴിവ് അത് എത്ര പരിമിതമായാലും നാട്ടില്‍ തന്നെ ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും സമുദായത്തിനും സമൂഹത്തിനും വേണ്ടി വിനിയോഗിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒരു വിധ പ്രലോഭനങ്ങള്‍ക്കും അതില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ല. ജീവിത സൗകര്യങ്ങളെ സംബന്ധിച്ച വലിയ സ്വപ്നങ്ങളും മോഹങ്ങളും എനിക്കെന്ന പോലെ എന്റെ കുടുംബിനിക്കുമില്ലെന്നത് ഇക്കാര്യത്തില്‍ ഏറെ സഹായകമാവുകയും ചെയ്തു. എത്ര പ്രയാസപ്പെട്ടാലും നാടുവിടരുതെന്ന നിര്‍ബന്ധം എന്നെപ്പോലെ അവള്‍ക്കുമുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് അത്തരമൊരു തീരുമാനമെടുക്കാന്‍ അനുഗ്രഹിച്ച അല്ലാഹുവിന് എത്ര നന്ദി രേഖപ്പെടുത്തിയാലും മതിയാവില്ലെന്ന ഉറച്ച ബോധ്യം എന്നും എപ്പോഴുമുണ്ട്. അന്നെങ്ങാനും കുവൈത്തില്‍ ജോലി സ്വീകരിച്ച് പ്രവാസജീവിതം നയിച്ചിരുന്നുവെങ്കില്‍ ഖുര്‍ആന്‍ ലളിതസാരത്തിന് പുറമെ പതിനാല് വിവര്‍ത്തന കൃതികളും അന്‍പത്തെട്ട് സ്വതന്ത്രകൃതികളും തയ്യാറാക്കാന്‍ കഴിയുമായിരുന്നില്ല. മറ്റു പ്രവര്‍ത്തന മേഖലകളുടെ സ്ഥിതിയും ഭിന്നമല്ല. ഭൗതിക ജീവിതസൗകര്യങ്ങളില്‍ എന്തൊക്കെ പരിമിതികളുണ്ടെങ്കിലും പ്രിയപ്പെട്ടവളോടും കുട്ടികളോടുമൊരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞുവെന്നതും നിസ്സാര കാര്യമല്ല. അതുകൊണ്ടു തന്നെ മൂന്നര പതിറ്റാണ്ട് മുമ്പ് അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താല്‍ എടുത്ത തീരുമാനം വളരെയേറെ അനുഗ്രഹീതമായിരുന്നുവെന്ന്, ഏറെ നന്ദിയോടെയും വിനയത്തോടെയും ഓര്‍ക്കുന്നു. അവനെ ഹൃദയപൂര്‍വം സ്തുതിക്കുന്നു.                  
                |              

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top