വെഡിങ് സൊലൂഷ്യന്‍സ് അണ്‍ലിമിറ്റഡ്

കെ.വൈ.എ No image

വിവാഹം ആളുകള്‍ എത്ര സങ്കീര്‍ണമാക്കിക്കളഞ്ഞിരിക്കുന്നു! സത്യത്തില്‍ അത് വളരെ ലളിതമാണല്ലോ, മൂന്നേ മൂന്ന് കാര്യങ്ങളേ അതിന് വേണ്ടൂ: വരന്‍, വധു, പണം.
പണമെന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട. സ്ത്രീധനമല്ല ഇപ്പറഞ്ഞത്. ഇത് വിവാഹമെന്ന പ്രോജക്ടിനുള്ള ബജറ്റ് നീക്കിയിരിപ്പ്.
പ്രോജക്ടിന്റെ നിലവാരം കൈവരിക്കുന്നതിന് മുമ്പ് കല്യാണങ്ങള്‍ വീട്ടില്‍ വെച്ച് നടത്തിയിരുന്നു. അതിസങ്കീര്‍ണമായിരുന്നു അത്. വീട് അതിനായി ഒരുക്കണം. പന്തലിടണം. കസേരയും മറ്റും നാട്ടണം. ക്ഷണക്കത്തില്‍ വീടിന്റെ ലൊക്കേഷന്‍ വരച്ചുകാണിക്കണം.
ഇപ്പോഴോ? ഒരു ഹാള്‍ ബുക് ചെയ്താല്‍ എല്ലാ പങ്കപ്പാടും തീര്‍ന്നു. പിന്നെ കാശുകൊടുക്കേണ്ട പണിമാത്രം.
ആധുനിക പൂര്‍വ കാലഘട്ടത്തില്‍ വെപ്പുകാരെ കിട്ടാന്‍ എന്തുപാടായിരുന്നു! മാസങ്ങള്‍ക്കുമുമ്പേ പറഞ്ഞുറപ്പിക്കണം. സാധനങ്ങളുടെ ലിസ്റ്റും പിന്നെ സാധനങ്ങളും വാങ്ങണം. അടുപ്പും വിറകും ശരിയാക്കണം. വിളമ്പുകാരെ വേറെ കാണണം.
ആധുനികോത്തര മംഗല്യങ്ങളില്‍ ഒരു ഫോണ്‍ മാത്രം മതി- കേറ്ററിംഗുകാര്‍ക്ക്. അതു കഴിഞ്ഞാല്‍ ഒറ്റ ചടങ്ങുകൂടിയേ ഉള്ളൂ. ബില്ല് കൊടുത്ത് തീര്‍ക്കുക.
ഇനി വരുന്നത് ഉത്തരോത്തര കാലം. കല്യാണങ്ങള്‍ അപ്പാടെ എളുപ്പമാകാന്‍ പോകുന്നു. കൂടുതല്‍ സേവനത്തുറകള്‍ പുറംപണിക്കരാറില്‍ ഉള്‍പ്പെടുകയായി.
ക്ഷണം എന്ന പണി നോക്കുക. ഈ ഘട്ടത്തെ പറ്റി ഓര്‍ത്ത് അവിവാഹിതരായി കഴിയുന്നവരുണ്ട്. ഇനി അതിന്റെ ആവശ്യം വരില്ല. 'വെഡിങ് സൊല്യൂഷന്‍സ്' ഗ്രൂപ്പിനെ ഏല്‍പ്പിക്കുകയേ വേണ്ടൂ. അവര്‍ ചെയ്തുതരുന്ന സേവനങ്ങളുടെ പട്ടികയാണ് താഴെ. (വിശദമായ ബ്രോഷര്‍, കരാറൊപ്പിടുന്നവര്‍ക്ക് സൗജന്യമായി കിട്ടും.)
1. വരനെ/വധുവിനെ കണ്ടെത്തല്‍. മാര്യേജ് ബ്യൂറോകള്‍ ഇപ്പോള്‍ ചെയ്യുന്നത് ആളെ കണ്ടെത്തി അറിയിച്ച ശേഷം മാറിനില്‍ക്കുകയാണ്. ഇനിയങ്ങോട്ട് പ്രീമിയം സര്‍വീസും ലഭ്യമാകും. പെണ്ണുകാണല്‍ ചടങ്ങ് തീരുമാനിച്ചെന്നു കരുതുക. ദുബൈയിലുള്ള ചെറുക്കന് നാട്ടിലേക്ക് വരാന്‍ ലീവില്ല. എന്തു ചെയ്യും? ചെറുക്കന്റെ ഫോട്ടോ കമ്പ്യൂട്ടറിലിട്ട്, അവന്റെ അപരന്മാരെ കമ്പനിയുടെ ജീവനക്കാരില്‍ നിന്ന് കണ്ടെത്തുന്നു. ഒരുത്തനെ വരനായി അവതരിപ്പിച്ച് കല്ല്യാണമുറപ്പിക്കുന്നു. വരന്റെ മാതാപിതാക്കള്‍ക്കും ഡമ്മികളെ കിട്ടും. ഡിസ്‌കൗണ്ടും ലഭ്യമാണ്.
2. തീയതി നിശ്ചയിക്കല്‍. കല്ല്യാണഹാളുകളുടെ ലഭ്യത, കാലാവസ്ഥാ പ്രവചനം തുടങ്ങിയവ പഠിച്ച് ദിവസം കുറിച്ചു തരും. മുഹൂര്‍ത്തം നോക്കുന്നവര്‍ക്കുവേണ്ടി ഹാള്‍ കിട്ടുന്ന സമയത്തേക്ക് പാകത്തില്‍ മുഹൂര്‍ത്തം അഡ്ജസ്റ്റ് ചെയ്തുകൊടുക്കുന്ന പ്രീമിയം സര്‍വീസിന് എക്‌സ്ട്രാ ചാര്‍ജുണ്ട്.
3. ക്ഷണം. പറയുന്നത്ര എളുപ്പമല്ല ഇതെന്ന് പറഞ്ഞല്ലോ. ക്ഷണിതാക്കളുടെ പട്ടിക തയ്യാറാക്കുന്നത് തന്നെ വലിയ പണിയാണ്. വരന്‍, മാതാവ്, പിതാവ് തുടങ്ങിയവരുടെ എല്ലാ പരിചയക്കാരുടെയും പട്ടിക കമ്പനി ഓഫീസില്‍ സമര്‍പ്പിക്കുന്നു. (പ്രിലിമിനറി ഡാറ്റ കളക്ഷന്‍ എന്ന് പേര്) ഇതെല്ലാം ഓഫീസിലെ ടൈപിസ്റ്റ് കമ്പ്യൂട്ടറിലേക്ക് അടിച്ചു കയറ്റുന്നു. (ഡിജിറ്റൈസേഷന്‍ പ്രോസസ് എന്ന പേരില്‍) ഇനി ശരിക്കും എത്ര ക്ഷണിതാക്കള്‍ വേണമെന്ന് പറയുക. കമ്പ്യൂട്ടര്‍ അധികമുള്ളവ ഒഴിവാക്കി (എലിമിനേഷന്‍ റൗണ്ട്) ക്ഷണപ്പട്ടിക തയ്യാറാക്കി പ്രിന്റൗട്ട് എടുത്തു തരും. വീട്ടുകാര്‍ പട്ടിക നോക്കി ഒപ്പിട്ടു കൊടുക്കുന്നതോടെ ലിസ്റ്റിങ് പ്രോസസ്സ് കഴിഞ്ഞു.
അടുത്ത ഘട്ടം ക്ഷണക്കത്തിന്റെ മോഡല്‍ തീരുമാനിക്കുകയാണ്. ഉത്തരാധുനിക കവിതയുടെ രൂപത്തിലുള്ളതുമുതല്‍ തനി ആധാര ഭാഷയിലുള്ളതുവരെ തയ്യാറാക്കികിട്ടും. എന്തു കടലാസില്‍ അച്ചടിക്കണം, കവറടക്കം എത്ര കിലോ ഭാരമാവാം തുടങ്ങിയ കാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യുന്നതോടെ ആവശ്യമുള്ളത്ര ക്ഷണക്കത്തുകള്‍ വിലാസമെഴുതി പുറത്തേക്ക് ഒഴുകുകയായി. കമ്പോസിംഗ് സ്റ്റേജ്, ഡിസൈനിംഗ് സ്റ്റേജ് എന്നിവ കഴിഞ്ഞ് ക്ഷണക്കത്ത് കൈയിലെത്തുക വിശദമായ ബില്ലടക്കമാണ്. (കാഷ്വല്‍റ്റി സ്റ്റേജ്).
4. ഫോട്ടോയെടുപ്പ്, വീഡിയോ കവറേജ് തുടങ്ങിയ കരാര്‍ ജോലികളും വികസിക്കും. വാഹനം വിട്ടുകിട്ടാത്തതിനാല്‍ കല്ല്യാണത്തിന് സംബന്ധിക്കാന്‍ കഴിയാത്ത പ്രായമായവര്‍ക്ക് വേണ്ടി സ്വന്തം മുറിയിലിരുന്ന് വീക്ഷിക്കാവുന്ന വെബ്കാസ്റ്റിംഗ്, ടിവി ചാനല്‍ വഴി സ്‌പോണ്‍സേഡ് ടെലികാസ്റ്റ്. ഓരോന്നിനും അതാതിന്റെ നിരക്കില്‍ പണം മുടക്കേണ്ടതേയുള്ളൂ. അതെത്ര സിംപ്ള്‍!
5. വിവാഹാനന്തര സേവനങ്ങള്‍: നവദമ്പതിമാരുടെ വിരുന്ന്, യാത്രാ പരിപാടികള്‍ തയ്യാറാക്കല്‍. വരനും വധുവും ധാരാളം പണവും മാത്രമേ ഇതിനും ആവശ്യമുള്ളൂ.
6. ബില്ലനന്തര സേവനങ്ങള്‍: ഗൃഹനാഥന് വായ്പ തരപ്പെടുത്തിക്കൊടുക്കും. ഹൃദയ സംബന്ധമായ ആഘാതമുണ്ടായാല്‍ ആശുപത്രിയിലെത്തിക്കാന്‍ ഒത്താശ.
7. അനുബന്ധ സേവനങ്ങള്‍: കേറ്ററിംഗില്‍ ഷവര്‍മ ഉള്‍പ്പെടുന്നുവെങ്കില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പാടാക്കിക്കൊടുക്കും. ബന്ധുക്കളെ അറിയിക്കുക, സംസ്‌കാര ചടങ്ങുകള്‍ക്ക് ഏര്‍പ്പാട് ചെയ്യുക എന്നിവയും ഏറ്റെടുക്കും. വിലാപയാത്രകളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ നിശ്ചിത നിരക്കില്‍ പണം നല്‍കിയാല്‍ മതിയാകും.
കല്യാണം എത്ര ലളിതം, അല്ലേ?
അടുത്തതായി തുറക്കാന്‍ പോകുന്ന സേവന മേഖല ശവസംസ്‌കാര ചടങ്ങുകളാണ്. ഏതു മതാചാരമനുസരിച്ച് വേണം, വിലാപയാത്രയില്‍ എത്ര പേര്‍ പങ്കെടുക്കണം, ഏതെല്ലാം മാധ്യമങ്ങളില്‍ എത്രയെല്ലാം വീതം കവറേജ് കിട്ടണം, ക്രിക്കറ്റ്, സിനിമാ താരങ്ങളെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടതുണ്ടോ തുടങ്ങിയ ആവശ്യങ്ങള്‍ക്കനുസരിച്ച് വിവിധ പാക്കേജുകള്‍ തയ്യാറായി വരുന്നുണ്ട്.
ഇത് വിവാഹത്തേക്കാള്‍ ലളിതമാകുമെന്നാണ് സൂചന. വിവാഹത്തിന് വരന്‍, വധു, പണം എന്നിങ്ങനെ മൂന്നെണ്ണം വേണ്ടിടത്ത് സംസ്‌കാരം പുറംപണിക്കരാറാകുമ്പോള്‍ രണ്ടേ വേണ്ടൂ- മൃതദേഹം, പണം മുടക്കാന്‍ ഒരാള്‍. ഈ സേവനം ലഭ്യമാകാന്‍
നിങ്ങള്‍ക്ക് ഒന്നുകില്‍ പണം മുടക്കുന്ന ആളാകാം, അല്ലെങ്കില്‍ മരിച്ചു കൊടുക്കാം.
സേവനങ്ങള്‍ക്കായി കാത്തിരിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top