ആവശ്യമുള്ളവ
പഴയ കട്ടിയുള്ള തുണി (ബെഡ് ഷീറ്റ് പോലുള്ളവ)
കട്ടിയുള്ള നൂല്
തുണി ഒരിഞ്ച് വീതിയില്‍ മാര്‍ക്ക് ചെയ്ത് നീളത്തിലുള്ള കഷ്ണങ്ങളായി മുറിക്കുക. മുറിച്ച പീസുകള്‍ റോളാക്കി വെക്കുക. മൂന്ന് വ്യത്യസ്ത കളറിലുള്ള പീസുകള്‍ എടുത്താല്‍ നന്നായിരിക്കും. ഓരോ കളറും പ്രത്യേകം റോള്‍ ചെയ്തു വെക്കുക.
മൂന്ന് പീസ് തുണി എടുത്ത് ഒന്നിന് മേലെ ഒന്ന് വെച്ച് ഒരറ്റം തയ്ച്ച് ചേര്‍ക്കുക. തയ്ച്ച അറ്റത്ത് പീസുകളുടെ ഇടയില്‍കൂടി ഒരു ചരട് കടത്തിയോ സേഫ്റ്റി പിന് കുത്തിയോ എവിടെയെങ്കിലും ഉറപ്പിക്കുക. ഇനി മൂന്ന് പീസുകളും മെടഞ്ഞുവെക്കുക. മെടഞ്ഞുവരുമ്പോള് തീരാറായ കഷ്ണത്തിന്റെ അറ്റത്തായി അര ഇഞ്ച് ഉള്ളില്‍ ഒരു കട്ട് ഇടുക. ചേര്‍ക്കേണ്ട പീസിന്റെ ഒരറ്റത്തും ഇതുപോലെ കട്ട് ഇടുക. ചേര്‍ക്കേണ്ട പീസിന്റെ കട്ട് ഇല്ലാത്ത അറ്റം മെടഞ്ഞുകൊണ്ടിരിക്കുന്ന പീസിന്റെ കട്ടില് കൂടി കടത്തിവെക്കുക. പിന്നീട് മറ്റേ അറ്റത്തുള്ള കട്ടില് കൂടി കൊരുത്തെടുത്ത് മുറുക്കുക (ചിത്രം2)
മെടഞ്ഞു തീരുന്നതിനനുസരിച്ച് മാത്രം പീസുകള്‍ തമ്മില്‍ ചേര്‍ക്കാം. നീളം കൂടിയാല്‍ പീസുകള്‍ കുരുങ്ങി മെടയുവാന്‍ ബുദ്ധിമുട്ടാകും.
ഇങ്ങനെ പീസുകള്‍ മുഴുവന്‍ ചേര്‍ത്ത് ആവശ്യമായ നീളത്തില്‍ മെടഞ്ഞെടുക്കുക. മെടഞ്ഞു തീര്‍ന്ന അറ്റം അഴിഞ്ഞുപോവാതിരിക്കാന് സേഫ്റ്റി പിന് കുത്തിവെക്കുക. മെടഞ്ഞെടുത്ത തുണിയുടെ ആദ്യ അറ്റം അഞ്ചിഞ്ച് നീളത്തില്‍ വെച്ച് ബാക്കിയുള്ളത് അതിനോട് ചേര്‍ത്ത് ചുറ്റിയെടുക്കുക. സൂചിയില്‍ നൂല് കൊരുത്ത് ഓരോ ചുറ്റും തൊട്ട് മുമ്പത്തേതിനോട് ചേര്‍ത്ത് സിഗ്-സാഗ് രീതിയില്‍ തുന്നുക. തുടക്കം നീളത്തില്‍ വെച്ചതിനാല്‍ ചവിട്ടി ഓവല്‍ ഷെയ്പ്പിലാണ് വരിക. അറ്റം ചെറിയ വൃത്തത്തില്‍ തുടങ്ങി ബാക്കിയുള്ളത് അതിനോട് ചേര്‍ത്ത് ചുറ്റി വൃത്താകൃതിയിലുള്ള ചവിട്ടിയും ഉണ്ടാക്കാം. ആവശ്യമെങ്കില്‍ അടിയില്‍ ഒരു പീസ് തുണി വെച്ച് അതിന്റെ നടുക്ക് നിന്നും ചുറ്റിത്തുടങ്ങാം.