നന്മകള്‍ നിറഞ്ഞ വഴിയെ നടന്നവര്‍

സഈദ് മുത്തനൂര്‍ No image

പാപകര്‍മങ്ങളാണ് മനുഷ്യന്റെ രോഗം. ഈ രോഗത്തില്‍ നിന്ന് പൂര്‍ണമായി മുക്തി നേടാനുള്ള മാര്‍ഗം പശ്ചാതാപമാണ്.
പ്രമുഖ താബിഈ പണ്ഡിതന്മാരായ ബിലാലുബ്‌നു യസാഫും മുര്‍ദിറുബ്‌നു ഥൗരിയും ജ്ഞാനവൃദ്ധനും ഭക്തനുമായ റബീഅ്ബ്‌നു ഖൈശമുമായി നടത്തിയ സംഭാഷണമാണിത്.
അതിനിടെ റബീഅ് പൊട്ടിക്കരഞ്ഞു. അപ്പോള്‍ മുന്‍ദിര്‍ ചോദിച്ചു: ''താങ്കള്‍ ഇത്രയേറെ ആത്മീയനേട്ടം കൈവരിച്ചിട്ടും കരയുകയോ?''
''എങ്ങനെ കരയാതിരിക്കും. പ്രവാചകന്റെയും സ്വഹാബികളുടെയും ജീവിതം നമ്മുടെ മുമ്പിലുണ്ട്. അവരുമായി തുലനം ചെയ്യുമ്പോള്‍ നാം എത്ര നിസ്സാരന്മാര്‍.''
ഈ സംസാരം നടന്നുകൊണ്ടിരിക്കെ റബീഇന്റെ പുത്രന്‍ പറഞ്ഞു: ''ഉപ്പാ! താങ്കള്‍ക്ക് കുറച്ച് മധുരപലഹാരം തന്നയച്ചിട്ടുണ്ട്. താങ്കള്‍ അല്‍പം ആഹാരം കഴിച്ചെങ്കിലേ ഉമ്മക്ക് സമാധാനമാകൂ. സമ്മതമാണെങ്കില്‍ അതിങ്ങ് കൊണ്ട് വരാം.'' മകന്റെ മൃദുഭാഷണം കേട്ട് തൃപ്തിയടഞ്ഞ റബീഅ് ഭക്ഷണം കൊണ്ടുവരാന്‍ പറഞ്ഞു.
ഈ അവസരത്തില്‍ ഒരു യാചകന്‍ അവിടെ വന്നു. ഒറ്റനോട്ടത്തില്‍ തന്നെ വിശപ്പും ദാഹവും അയാളെ അലട്ടുന്നതായി തോന്നിക്കും. അയാളെ അകത്ത് കയറ്റിയിരുത്തിയ റബീഅ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതിനിടെ മകന്‍ ഭക്ഷണവുമായി എത്തി. ആ ഭക്ഷണം യാചകന് കൊടുക്കാന്‍ പിതാവ് മകനോട് ആംഗ്യം കാണിച്ചു. അയാളത് ആര്‍ത്തിയോടെ കഴിച്ചു.
ഈ രംഗം കണ്ടുനിന്ന മകന്‍ പറഞ്ഞു: ''ഉപ്പാ! ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ഈ മധുരപലഹാരം താങ്കള്‍ക്ക് വേണ്ടി പ്രത്യേക ചേരുവയില്‍ ഉമ്മ തയ്യാറാക്കിയതായിരുന്നു. അതില്‍ നിന്ന് അല്‍പമെങ്കിലും താങ്കള്‍ ഭക്ഷിച്ചിരുന്നെങ്കില്‍ ഉമ്മാക്ക് തൃപ്തിയായേനെ! താങ്കളത് മുഴുവന്‍ ഇയാളെ തീറ്റി. ഇയാളാകട്ടെ എന്താണ് തിന്നുന്നതെന്ന് ഓര്‍ത്തതുമില്ല.'' മകന്റെ വികാരം മുറ്റിയ വാക്കുകളോടു പിതാവിന്റെ പ്രതികരണം. ''പ്രിയ മകനെ, തിന്നുന്നവന് എന്തറിയാന്‍. അയാള്‍ വിശപ്പടക്കി. അത്ര തന്നെ. എന്നാല്‍ നാം അയാളെ ഭക്ഷിപ്പിച്ചതെന്തെന്ന് അല്ലാഹുവിന് തീര്‍ച്ചയായും അറിയാം. മകനെ, നിനക്ക് ഖുര്‍ആനിലെ ഈ സൂക്തം ഓര്‍മയില്ലേ.'' ''നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല'' (3:92)
'എനിക്ക് ചില ഉപദേശങ്ങള്‍ നല്‍കിയാലും.' മുന്‍ദിര്‍ റബീഇനോട് ആവശ്യപ്പെട്ടു. ''ജനങ്ങളുടെ അഭിനന്ദനങ്ങളില്‍ നീ മയങ്ങരുത്. കാരണം ജനം നിന്റെ പുറമാണ് കാണുന്നത്. ഓര്‍ക്കുക, വിചാരണ നാളില്‍ പുറംപൂച്ച് പരിഗണിക്കില്ല. അകം എന്തെന്ന് നോക്കിയാണ് വിധിയുണ്ടാവുക. ഏത് കര്‍മവും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി ചെയ്യുക.
തൗബ ചെയ്യാനുള്ള പ്രേരണക്കായി പ്രാര്‍ഥിക്കുക. പാഴ്‌വാക്കുകള്‍ പാടെ വെടിയുക, നാവിനെ സൂക്ഷിക്കുക, തിന്മ വിരോധിക്കുക, ശിര്‍ക്കില്‍ നിന്ന് അല്ലാഹുവില്‍ അഭയം പ്രാപിക്കുക. ഖുര്‍ആന്‍ പാരായണം ശീലമാക്കുക. ദൈവസ്മരണ അയവിറക്കുക.'' ഗുണകരമായ കാര്യങ്ങള്‍ ഇവയത്രെ.
''മരണത്തെ എപ്പോഴും മുന്നില്‍ കാണുക. ഏതൊരു സംഗതി അദൃശ്യമാണോ അതിനെ ആളുകള്‍, വരാനിടയുള്ള വിദൂരമായ ഒന്നായെ പരിഗണിക്കുള്ളൂ. എന്നാല്‍ മരണം ഝടുതിയില്‍ നിന്റെ പടിവാതില്‍ക്കല്‍ വന്ന് മുട്ടിവിളിക്കും.''
സ്വന്തം മാതാവിന്റെ കൂടെ താമസിച്ച റബീഅ് ചെറുപ്പത്തിലേ സല്‍കര്‍മകാരിയായിരുന്നു. മാതാവ് ഉണര്‍ന്നു നോക്കുമ്പോള്‍ പലപ്പോഴും നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമായിരുന്നു മകന്‍. ഒരിക്കല്‍ കരഞ്ഞു പ്രാര്‍ഥിക്കുന്ന മകനെ നോക്കി ഉമ്മു റബീഅ് ചോദിച്ചു: ''എന്താ നീ പാപമെന്തെങ്കിലും ചെയ്‌തോ. വല്ലവരുടെയും രക്തം ചിന്തിയോ? അങ്ങനെ അത് നിന്നെ പേടിപ്പെടുത്തുന്നുവോ!''
''അതെ ഉമ്മാ ഞാന്‍ രക്തം ചിന്തി.'' 'ആരുടെ?' ഉമ്മ ആശ്ചര്യത്തോടെ മകനെ നോക്കി. അങ്ങനെയെങ്കില്‍ കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി മാപ്പപേക്ഷിക്കാം. നമ്മുടെ ബന്ധുക്കളില്‍ പെട്ട ആരുടെയെങ്കിലും സഹായം ഇക്കാര്യത്തില്‍ അഭ്യര്‍ഥിക്കാം.
മകന്‍: ''ആരോടും ഒന്നും പറയണ്ട ഉമ്മാ, ഞാന്‍ ഒരു വ്യക്തിയേയും വധിച്ചിട്ടില്ല. ഒരാളുടെയും രക്തം ചിന്തിയിട്ടുമില്ല. പ്രത്യുത സ്വന്തം പാപങ്ങളുടെ വാള്‍കൊണ്ട് ഞാന്‍ എന്നെ തന്നെ വധിച്ചുകളഞ്ഞു. എന്റെ കുറ്റങ്ങള്‍ എന്നെ ആഞ്ഞു കുത്തുന്നു.''
പ്രായമേറെചെന്നിട്ടും പള്ളിയിലെത്തി നമസ്‌കരിക്കാറുള്ള റബീഇനോടു ഒരിക്കല്‍ മുന്‍ദിര്‍ ചോദിച്ചു: ''പ്രയാസമാണെങ്കില്‍ ഇളവ് എടുത്തു കൂടെ?'' ''ബാങ്ക് വിളിയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ, പള്ളിയിലെത്തിയേ പറ്റൂ.'' അതായിരുന്നു ആ ജ്ഞാനിയുടെ ഉത്തരം.
അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ പാഠശാലയില്‍ നിന്നാണ് റബീഅ് വിജ്ഞാനം നുകര്‍ന്നത്. അതുകൊണ്ട് അദ്ദേഹത്തിന് നബിതിരുമേനി (സ)യുടെ ചര്യയും ചരിത്രവും പഠിച്ചറിയാന്‍ നേരിട്ടെന്നോണം അവസരം കിട്ടി. തന്റെ ഗുരുവിന്റെ വീട്ടില്‍ എപ്പോഴും പോകാനും വരാനും അദ്ദേഹത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു മസ്ഊദ് തന്റെ ശിഷ്യനെക്കുറിച്ച് ഏറെ അഭിമാനം കൊണ്ടു. ഒരിക്കല്‍ അദ്ദേഹം റബീഇനോട് പറഞ്ഞു: ''റസൂല്‍ തിരുമേനി (സ)യുടെ കാലത്താണ് താങ്കള്‍ ജീവിച്ചിരുന്നതെങ്കില്‍ തിരുമേനി താങ്കളെ വല്ലാതെ ഇഷ്ടപ്പെടുമായിരുന്നു. ഇബ്‌നുമസ്ഊദ് മറ്റൊരവസരത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു: ''ഞാന്‍ റബീഇനെ കാണുമ്പോഴെല്ലാം പൂര്‍വഗാമികളെ ഓര്‍ത്തുപോകും.''
തന്റെ മരണാസന്നവേളയില്‍ കരയാന്‍ തുടങ്ങിയ സ്വന്തം മകളോട് അദ്ദേഹം പറഞ്ഞു: ''മോളേ, ഇത് കരയാനല്ല, ചിരിക്കാനുള്ള സമയമാണ്. ഉപ്പാക്ക് നിറയെ നന്മകള്‍ കൈവരാന്‍ പോവുകയാണ്.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top