ബദല്‍ വികസന മാതൃകയുമായി ഹെലേന

വി.പി.എ. അസീസ്‌ No image

ആഗോളവല്‍കരണം, ആധുനിക വികസനകാഴ്ചപ്പാടുകള്‍, പുത്തന്‍ ശാസ്ത്രസാങ്കേതികജ്ഞാനം എന്നിവ മനുഷ്യര്‍ക്ക് സമ്മാനിക്കുന്നത് നേട്ടങ്ങളോ കോട്ടങ്ങളോ? അവ ഒരുപറ്റം മുതലാളിമാര്‍ക്കും ഉപരിവര്‍ഗ്ഗത്തിനും വന്‍നേട്ടങ്ങള്‍ കൊയ്യാന്‍ അവസരം സൃഷ്ടിക്കുമ്പോള്‍ പിന്നോക്ക അധഃകൃത ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രമാണ് വര്‍ഷിക്കുന്നതെന്ന് മേല്‍ചോദ്യത്തിന് പരിസ്ഥിതി പ്രവര്‍ത്തകയും ഗ്രന്ഥകാരിയും ചലച്ചിത്രകാരിയുമായ ഹെലേന നോര്‍ബര്‍ഗ് ഹേഡ്ജ് ഉത്തരം നല്‍കുന്നു.
പുത്തന്‍ ശാസ്ത്രീയ രീതികളും ആഗോളവല്‍കരണവും പ്രകൃതിവിഭവങ്ങളെ തീവ്രമായി ചൂഷണം ചെയ്തുകൊണ്ട് പരിസ്ഥിതിയില്‍ ചെലുത്തുന്ന ആഘാതം വരുംതലമുറകളുടെ നിലനില്‍പ്പുപോലും അസാധുവാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഭൂമിയിലെ കാലാവസ്ഥാ രീതിയില്‍ പോലും വ്യതിയാനം സംഭവിപ്പിച്ച ഇന്നത്തെ വികസന സങ്കല്‍പം പാടെ കൈവെടിയേണ്ട സമയമായെന്ന് വിദഗ്ധര്‍ക്കൊപ്പം ഹെലേനയും ഉച്ചത്തില്‍ മുന്നറിയിപ്പു നല്‍കുന്നു.
നിലവിലെ വികസന സങ്കല്‍പ്പത്തിനു പകരമായി പ്രകൃതിക്കും മാനവരാശിക്കും ഇണങ്ങുന്ന സ്വന്തമായ ബദല്‍ വികസന കാഴ്ചപ്പാടാണ് ഹെലന്‍ മുന്‍പോട്ട് വെക്കുന്നത്. നിലവിലെ മനുഷ്യവിരുദ്ധമായ ആഗോള ക്രമത്തിനെതിരെ പുതിയ സാമ്പത്തിക ക്രമം നടപ്പാക്കേണ്ടത് അനിവാര്യമെന്നാണ് അവര്‍ തന്റെ പുസ്തകങ്ങള്‍, സിനിമകള്‍, പ്രഭാഷണങ്ങള്‍ എന്നിവ വഴി കഴിഞ്ഞ രണ്ട് ദശകമായി ലോകജനതയെ ഓര്‍മിപ്പിക്കുന്നത്. വികസനം എന്നല്‍ ഉന്നതരുടെ വികസനം എന്നാകാന്‍ പാടില്ല. സമൂഹത്തിന്റെ മൊത്തം വികസനവും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ക്ഷേമവും ആവിഷ്‌കരിക്കണം. വികസനം വഴി ലക്ഷ്യമാക്കേണ്ടത് എന്ന പക്ഷക്കാരിയാണ് ഈ 66-കാരി.
വന്‍കിട അണക്കെട്ടുകളും ഫാക്ടറികളും നിരവധി ജനവിഭാഗങ്ങള്‍ക്ക് സ്വന്തം പുരയിടവും വീടും നഷ്ടപ്പെടുത്താനും ജന്മഗ്രാമത്തില്‍ നിന്നുളള കൂടിയൊഴിപ്പിക്കലിനും ഹേതുവാകുമ്പോള്‍ തദ്ദേശീയവും പ്രാദേശികവുമായ ചെറു സാമ്പത്തിക ക്രമങ്ങളിലൂടെ ജനങ്ങളെ സ്വാശ്രയരാക്കുന്ന രീതിയാണ് ഹെലന്‍ ഉയര്‍ത്തിപിടിക്കുന്ന ‘ലോക്കലൈസേഷന്‍ ഇക്കോണമി’ വിഭാവനം ചെയ്യുന്നത്. ഈ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന അവരുടെ ‘ദി ഇകണോമിക്‌സ് ഓഫ് ഹാപ്പിനെസ്’ എന്ന സിനിമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി. ഫ്‌ളോറിഡ ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം മികച്ച പരിസ്ഥിതി സിനിമക്കുളള പുരസ്‌കാരം നേടി. ചെക്കോസ്ലോവിയയില്‍ നടന്ന മേളയില്‍ മികച്ച സംവിധാനത്തിനുളള പുരസ്‌കാരവും ഈ ചിത്രത്തിന് ലഭിച്ചു.
‘ആന്‍ഷാന്റ് ഫ്യൂവേഴ്‌സ്’ എന്ന ഹെലന്റെ പുസ്തകം 40 ഭാഷകളിലേക്കാണ് തര്‍ജമ ചെയ്യപ്പെട്ടത്. പരിസ്ഥിതിക്ക് ഹാനികരമാകാത്ത പഴയകാല ലളിത ജീവിതരീതി തിരിച്ചുപിടിക്കുന്നതിലാണ് മാനവരാശിയുടെ ഭാവിയെന്ന് പ്രവചിക്കുന്ന ഈ പുസ്തകം ആധാരമാക്കി അതേ ശീര്‍ഷകത്തിലുളള സിനിമയും അവര്‍ തയ്യാറാക്കുകയുണ്ടായി. ‘ബ്രിംഗിങ്ങ് ദി ഫുഡ് ഇക്കോണമി ഹോം’ എന്ന അവരുടെ രചന രാസവള പ്രയോഗമില്ലാത്ത ജൈവ കൃഷിയുമായി ബന്ധപ്പെട്ട നിരീഷണങ്ങളാണ് വായനക്കാരുമായി പങ്കുവെക്കുന്നത്.
ബദല്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലിവ്‌ലിഹുഡ് അവാര്‍ഡ്, 2012-ലെ 'ഗോയ് സമ്മാനപുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ഈ ആര്‍ട്ടിസ്റ്റിനെ തേടിയെത്തുകയുണ്ടായി.
സ്വീഡന്‍, ബ്രിട്ടന്‍, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഹെലന്‍ ഏഴ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നു. ഭാഷാശാസ്ത്ര വിദഗ്ധ എന്നതിനു പുറമെ വ്യത്യസ്ത സംസ്‌കൃതികളുടെ പഠനവും നിര്‍വഹിച്ചു. വ്യാവസായിക വിപ്ലവത്തിന്റെ ആഘാതങ്ങള്‍ സൂഷ്മമായി വിലയിരുത്തുന്ന അവര്‍ ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍ഡ്‌വാര്‍ഡ് സര്‍വ്വകലാശാലകളില്‍ പലപ്പോഴും ഉജ്വല പ്രഭാഷണങ്ങള്‍ നടത്തി ശ്രോതാക്കളെ അമ്പരപ്പിക്കുന്നു.
ലഡാക്കിലെ തദ്ദേശ നിവാസികളില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വികസനം എവ്വിധം പ്രത്യാഘാതം ചെലുത്തിയെന്ന പഠനം അവര്‍ നിരവധി വര്‍ഷങ്ങള്‍കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന സാമ്പത്തിക സമൃദ്ധി ലഡാക്കിന്റെ പാരിസ്ഥിതിക മേന്മകളെ തല്ലിത്തകര്‍ക്കുകയും ജനങ്ങളില്‍ സ്വത്വ പ്രതിസന്ധിയും വിഭാഗീയതയും സൃഷ്ടിക്കുകയും ചെയ്തതായി അവര്‍ കണ്ടെത്തി. ആധുനിക വികസന രീതി പ്രത്യക്ഷത്തില്‍ സംതൃപ്തി വിതക്കുകയും ആന്തരികമായി മനുഷ്യരെ ശൂന്യരാക്കുകയും ചെയ്യുന്നതായി ഹെലേനയുടെ വിശദ ഗവേഷണം മാലോകരെ ഓര്‍മിപ്പിക്കുന്നു.
പരിസ്ഥിതിയും ജനകീയസംസ്‌കാരവും പരിരക്ഷിക്കാന്‍ അവര്‍ സ്ഥാപിച്ച ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഇക്കോളജി ആന്റ് കള്‍ച്ചറിന് (ഇസെക്ക്) ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ശാഖകളുണ്ട്. മനുഷ്യമുഖമുളള വികസന സമീപനം അവതരിപ്പിച്ചുകൊണ്ട് പുതുകാലത്തിന്റെ വെല്ലുവിളികളെ ചെറുക്കുവാന്‍ ചങ്കുറപ്പോടെയുളള ചുവടുവെപ്പുകളാണ് ഈ ധീരാംഗന നടത്തിക്കൊണ്ടിരിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top