ബ്രേക്കിങ് ന്യൂസ് അഥവാ പൊളിവാര്‍ത്ത

കെ.വൈ.എ No image

ബ്രേക്കിങ് ന്യൂസ്...
ഇല്ലിപ്പറമ്പില്‍ സഹോദരനെ സഹോദരി കിണറ്റില്‍ തളളി. അതുവഴി പോയ വൃദ്ധ, കരച്ചില്‍ കേട്ട് കിണറ്റിലിറങ്ങി അയാളെ രക്ഷിച്ചു. 'വത്സന്‍, കിണറ്റുകരയിലാണ് നമ്മുടെ വാനും സംഘവും എന്നു മനസ്സിലാക്കുന്നു. എന്തൊക്കെയാണ് വിശേഷം ?'
'അതെ, ധനേഷ്, മറ്റു ചാനലുകളാരും ഇവിടെ എത്തിയിട്ടില്ല. വിവാദ കിണറാണ് എന്റെ പിന്നിലായി നിങ്ങള്‍ കാണുന്നത്. ഇല്ലിപ്പറമ്പിലെ ഈ കിണര്‍ വിജനമാണ്. ഏറ്റവും പുതിയ വിശേഷങ്ങളാണ് ഞങ്ങള്‍ നിങ്ങള്‍ക്കു തരുന്നത്. ഇതാ ഞാന്‍ നില്‍ക്കുന്ന ഈ കിണറ്റുകരയിലൂടെയാണ് അജ്ഞാതയായ ആ വൃദ്ധ ഒരു കരച്ചില്‍ കേട്ടത്...'
'വത്സന്‍, അവരെ കണ്ടെ ത്താനുളള ശ്രമങ്ങള്‍ എത്രത്തോളമായി? ആ സഹോദരങ്ങള്‍ ഇപ്പോള്‍ എവിടെയുണ്ട്? പോലീസ് കേസ് ചാര്‍ജ് ചെയ്‌തോ? ആരൊക്കെയാണ് പ്രതികള്‍? സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചനയുടെ സാധ്യത തെളിയുന്നുണ്ടോ?'
'ധനേഷ,് മുടിനാരിഴക്ക് വഴുതിപ്പോയ ദുരന്തത്തെ ഓര്‍ത്താവണം, ഈ കിണറും പരിസരവും തീര്‍ ത്തും മൂകമാണ്. ഞങ്ങളിവിടെ എത്തിയിട്ട് ഒരു മണിക്കൂറായി. ഒരു വൃദ്ധയെയും ഞങ്ങള്‍ക്കവിടെ കാണാനായിട്ടില്ല. ആര്‍ക്കും അവരെപ്പറ്റി അറിയില്ല. സംഭവം അതിദുരൂഹമാണെന്ന് തീര്‍ച്ചയാണ്. ഒരു ഗൂഢാലോചനയുടെ സാധ്യത വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പുറമേക്ക് ഒരു സൂചനയും ബാക്കിവെക്കാതെയായിരുന്നു ഓപ്പറേഷന്‍ എന്നു വേണം കരുതാന്‍. വൈകാ തെ തന്നെ സംഭവത്തിന്റെ ചുരുളഴിക്കാമെന്ന പ്രതീക്ഷയിലാണ്; ധനേഷ്...'
'ഉടനെ അഴിക്കരുത്, വത്സന്‍, ചുരുള്‍ തല്‍ക്കാലം അങ്ങനെ കിടക്കട്ടെ. പ്രൈം ടൈമിലേക്ക് വിവാദ വാര്‍ത്തയുമായി നമ്മുടെ ചാനലാണ് എല്ലാവര്‍ക്കും മുമ്പേ ഇതെത്തിക്കുക.' ഇല്ലിപ്പറമ്പില്‍ സഹോദരി കിണറ്റില്‍ തളളിയ സഹോദരനെ അജ്ഞാത വൃദ്ധ രക്ഷപ്പെടുത്തി. സംഭവത്തില്‍ ദുരൂഹത. കൂടുതല്‍ വിവരവുമായി ഞങ്ങളുടെ ടീം ലൈനിലുണ്ട്. കാത്തിരിക്കുക. ഒരു ചെറിയ ഇടവേള...
വെല്‍ക്കം ബാക്ക്. ഇന്നത്തെ പ്രധാന വാര്‍ത്തകള്‍, തീവ്രവാദം വെച്ചു പൊറുപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പെട്രോളിന് വീണ്ടും വിലകയറി. കിണറ്റില്‍ സഹോദരി തളളിയിട്ട സഹോദരനെ എണ്‍പതുകാരി കിണറ്റിലിറങ്ങി രക്ഷിച്ചു. 'കൂടുതല്‍ വിവരങ്ങളെന്തൊക്കെയുണ്ട്, വത്സന്‍?'
'ധനേഷ്, ഞങ്ങള്‍ ക്യാമറയുമായി കാത്തിരിക്കുയാണ്. മറ്റു ചാനലുകള്‍ എത്തുംമുമ്പേ വൃദ്ധയും പോലീസും എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും നമ്മള്‍. മനുഷ്യസ്‌നേഹത്തിന്റെ നിറകുടമായ ആ വൃദ്ധയെ കണ്ടെത്താനായിട്ടില്ല. അവര്‍ക്ക് രണ്ടുദിവസത്തെ സൗജന്യ റേഷന്‍ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഏകദിനത്തിന് സൗജന്യ ടിക്കറ്റ് നല്‍കാന്‍ സ്‌പോര്‍ട്‌സ് മന്ത്രി ആലോചിക്കുന്നു. പത്മപുരസ്‌കാരത്തിന് മുഖ്യമന്ത്രി അവരുടെ പേര് നിര്‍ദ്ദേശിച്ചേക്കും.'
'വത്സന്‍, പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടോ? എത്ര ദിവസം കൊണ്ട് പിടികൂടാനാവൂം?'
'ധനേഷ്, പോലീസ് വിവരമറിഞ്ഞു വരുന്നേയുളളൂ. നമ്മളാണല്ലോ, ആദ്യം ഈ ന്യൂസ് ബ്രേക്ക് ചെയ്യുന്നത്. പ്രതിക്കുവേണ്ടിയുളള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസ് നായ്ക്കളെ കൊണ്ടുവരാനാണ് ആലോചന. എത്രയും വേഗം പ്രതിയെ വലയിലാക്കുമെന്ന് സി.ഐ. നമ്മുടെ ചാനലിനോട് പറയുമെന്നുറപ്പിക്കാവുന്നതാണ്. അദ്ദേഹവുമായി ബന്ധപ്പെടാനുളള ശ്രമത്തിലാണ് ഞങ്ങള്‍, ധനേഷ്...'
'വത്സന്‍, സംഭവത്തിലെ ദുരൂഹത...'
'ഉവ്വ് ധനേഷ്, അതു പറയാന്‍ വിട്ടുപോയി, നിഗൂഢതയില്‍ പൊതിഞ്ഞ ദുരൂഹതയാണ് ഇവിടെയാകെ. കിണറ്റുകര ഇപ്പോഴും വിജനമാണ്. പ്രതിയെ കാണാനില്ല. വൃദ്ധയെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷപ്പെട്ട യുവാവിനെപ്പറ്റിയും ഒരു വിവരവുമില്ല...
'... അന്താരാഷ്ട്ര...'
'ഉവ്വ് ധനേഷ്, അന്താരാഷ്ട്ര ഭീകരബന്ധം ഇക്കാര്യത്തിലുണ്ടോ എന്ന് നോക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ഉറപ്പു നല്‍കുമെന്ന് നമുക്കുറപ്പുണ്ട്. സഹോദരി ചമഞ്ഞ് കെണിയിലാക്കാനും കിണറ്റില്‍ തളളി ആത്മഹത്യയാണെന്നു വരുത്താനും ശ്രമമുണ്ടാകാമെന്നാണ് സൂചന. എന്‍.ഐ.എക്ക് വിടണോ എന്ന് ഐ.ബി. അന്വേഷണത്തിനു ശേഷം തീരുമാനിക്കും. വിദേശ ഗൂഢാലോചനയും തളളിക്കളഞ്ഞിട്ടില്ല. ഉഗ്രവാദി ആതംഗവാദി തീവ്രവാദി...'
'ശരി വത്സന്‍, ഇനി അല്‍പം ശ്വാസം കഴിച്ചോളൂ. താങ്കള്‍ അവിടെ തന്നെ ക്യാമ്പ് ചെയ്ത് തല്‍ക്ഷണ വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറായിക്കൊളളൂ. ഇനി, കായിക, വാര്‍ത്തകള്‍...'
വാര്‍ത്തകള്‍ തുടരുന്നു. തലക്കെട്ടുകള്‍ വീണ്ടും ...
ഇല്ലിപ്പറമ്പ് സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കിണറ്റിന്‍ കരയിലൂടെ ആരോ ബക്കറ്റില്‍ വെളളം കൊണ്ടുപോയതിന്റെ അടയാളങ്ങള്‍ കണ്ടെത്തി. പഞ്ചായത്ത് പൈപ്പ് വഴി ജലവിതരണം നടക്കുന്ന സ്ഥലത്ത് ബുദ്ധിമുട്ടി കിണറ്റില്‍ നിന്ന് വെളളം കോരുന്നതില്‍ ദുരൂഹതയെന്ന് സൂചന.
കിണറ്റിലെ വെളളം പരിശോധനക്കെടുത്തതായി ഐ.ബി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പോലിസെത്തി സ്ഥലം വീക്ഷിക്കുകയാണ്. അതിനിടെ പോലീസ് നായ കിണറ്റില്‍ നിന്നുളള ജലം കുടിക്കാന്‍ ശ്രമിച്ചതും വിവാദമായിട്ടുണ്ട്. ഭികരസംഘടനകളുടെ എന്തോതരം ജൈവപ്രേരണ ഇതിനു പിന്നിലുണ്ടെന്ന് സൂചനയുണ്ട്. ഇല്ലിപ്പറമ്പ് കിണറ്റുകരയില്‍ നിന്ന് വത്സന്‍ ലൈനിലുണ്ട്. 'പറയൂ'
കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. ധനേഷ് ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടിയിട്ടില്ല. ഹോട്ടലുകാര്‍ പറ്റുതരുന്നില്ല. അവരുടെ ഈ വിവാദതീരുമാനം...
'തീര്‍ച്ചയായും, വത്സന്‍. അത് ദുരൂഹമാണ്. കിണറ്റിലെ കാര്യം പറയൂ വത്സന്‍. നായ വെളളം കുടിച്ചോ?'
'നായയോ? ഓ ധനേഷ്, അക്കാര്യം പറയാന്‍ വിട്ടുപോയി. സംഭവത്തില്‍ വ്യക്തമായ സൂചനകള്‍ വന്നതോടെ അവ്യക്തതകള്‍ നീങ്ങിയിട്ടുണ്ട്. ചായ അന്വേഷിച്ച് പോയപ്പോള്‍ ചില നാട്ടുകാരെ ഞങ്ങള്‍ കണ്ടു. അവര്‍ നടന്ന സംഭവം പറഞ്ഞു തന്നിട്ടുണ്ട്. നമ്മുടെ ആദ്യ റിപ്പോര്‍ട്ടില്‍ നേരിയ തിരുത്തുണ്ട്. സംഭവത്തില്‍ രണ്ടു പേരല്ല, അഞ്ചുപേരുണ്ട്. സഹോദരങ്ങളല്ല, ചങ്ങാതിമാരാണ്. എല്ലാവരും ആണ്‍കുട്ടികള്‍, കിണറ്റിനടുത്തല്ല സംഭവം. കുളക്കരയിലാണ്. കുളി കഴിഞ്ഞ് കയറുമ്പോള്‍ ഒരുവന് കാല്‍ തെറ്റി. വൃദ്ധയല്ല, മദ്ധ്യവയസ്‌കന്‍ ഗുരുക്കളാണ് പരിഹാരം കണ്ടത്. അയാള്‍ നന്നായി ഉഴിച്ചില്‍ നടത്തി.'
'വലിയ വെളിപ്പെടുത്തലാണല്ലോ വത്സന്‍, ഒരു നിമിഷം കൂടി ലൈനില്‍ തുടരുക. കിണറ്റിലെ വിവാദജലം പരിശോധിച്ചോ? വത്സന്‍ ?'
'ധനേഷ്, ഞങ്ങള്‍ അത് കുടിച്ചുകൊണ്ടിരിക്കുകയാണ്. ചായക്കാരന്‍ ഞങ്ങളെ ഓടിച്ചപ്പോള്‍ കിണറ്റിനടുത്തേക്ക് വന്നു. ഒരു വെളിപ്പെടുത്തല്‍ കൂടി, ധനേഷ്, ഈ സ്ഥലം ഇല്ലിപ്പറമ്പല്ല, ഇല്ലാപ്പറമ്പാണ്.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top