സയ്യിദ് അമീറലി ഖുര്‍ആന്‍ പകര്‍ത്തി എഴുതിക്കൊണ്ടിരിക്കുകയാണ്‌

റുഖിയ ലത്തീഫ്‌ No image

ഖുര്‍ആന്‍ ഒരമൂല്യ ഗ്രന്ഥം തന്നെ. വായിക്കുന്തോറും വീണ്ടും വായിക്കാനും ഈണത്തില്‍ കേള്‍ക്കുന്തോറും മതിവരാതെ ശ്രവിക്കുവാനും കഴിയുന്ന ഗ്രന്ഥം. ഇതിന്റെ തീരങ്ങളെ പലവിധത്തില്‍ ആസ്വദിക്കാന്‍ ശ്രമിച്ച ഒരുപാട് മഹത് വ്യക്തിത്വങ്ങള്‍ കടന്നു പോയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യതിരിക്തമായ ഒരു വ്യക്തിത്വത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരമൂല്യ ഭാഗ്യമായി കാണുന്നു.
നല്ലൊരു പ്രകൃതിസ്‌നേഹി എന്നോ ദൈവത്തിന്റെ വരദാനങ്ങളെ ആസ്വദിക്കാന്‍ ശ്രമിക്കുന്ന വിനീതദാസന്‍ എന്നോ ഇദ്ദേഹത്തെ വിശേഷിപ്പിച്ചാല്‍ അസ്ഥാനത്താവില്ല. അറബി ലിപിയും ഖുര്‍ആനിന്റെ ഭാഷാശൈലിയും അന്യമായിരുന്ന ബാങ്കുദ്യോഗസ്ഥന്‍, വിശ്രമമാണ് തനിക്കുചിതമെന്ന് തോന്നിയ സന്ദര്‍ഭത്തില്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത് ഒരു മഹത് ദൗത്യത്തിനുള്ള ഉള്‍വിളി കൊണ്ടാണോ എന്നാരും സംശയിച്ചു പോകും. ഒഴിവുസമയം അനുഭൂതിദായക നിമിഷങ്ങളാക്കാന്‍ സയ്യിദ് അമീറലി തെരഞ്ഞെടുത്ത മാര്‍ഗം വ്യത്യസ്തമാണ്.
തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ സയ്യിദ് അമീറലി സ്റ്റേറ്റ് ബാങ്കിന്റെ മാനേജറായത് യാദൃശ്ചികമാണ്. തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ജോലിമാറ്റം കിട്ടിയപ്പോള്‍ താമസം കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത കോവൂരിലേക്ക് മാറ്റി. ഈ ദേശവുമായി പൊരുത്തപ്പെടാനും ഇണങ്ങുവാനും സാധിച്ചത് ദേശവാസികളുടെ സ്‌നേഹവും സഹകരണവും കൊണ്ടാണ്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുന്ന ഒരത്ഭുത പ്രതിഭാസമായി ഉയര്‍ന്നത് യാദൃശ്ചികമാണ്.
എഴുത്തിലും വായനയിലും പൊതുവെ താത്പര്യമില്ലാത്ത ഒരാള്‍, അറബി അക്ഷരമാലകളെക്കുറിച്ച് കേവലം മദ്രസ പഠനങ്ങള്‍ക്കപ്പുറം വായിച്ചിട്ടില്ലാത്ത മധ്യവയസ്‌കന്‍, ഖുര്‍ആന്‍ പരിഭാഷ പൂര്‍ണമായും വായിച്ചു തീര്‍ത്തിട്ടില്ലാത്ത, എന്നാല്‍ പരിശുദ്ധ ഖുര്‍ആനിനോട് ആത്മീയ ബന്ധം സ്ഥാപിച്ചു പോന്ന ഒരു വിശ്വാസി തന്റെ ഒഴിവുസമയം ധന്യമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ഖുര്‍ആന്‍ തന്റെ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതുക എന്ന ദൗത്യമാണ്. വേറിട്ട വ്യക്തി എന്ന് അറിയപ്പെടാനുള്ള ആഗ്രഹമായിരുന്നില്ല അതിന് പ്രേരണയായത്.
പക്ഷേ ഖുര്‍ആന്‍ തന്നോടെന്തോ ആവശ്യപ്പെടുന്നത് പോലെ ഒരു തോന്നല്‍. ഇതൊന്ന് പകര്‍ത്തിയെഴുതിയാല്‍ എന്തെന്ന വിചാരം മനസ്സില്‍ ഉണര്‍ന്നതായി അദ്ദേഹം അയവിറക്കുന്നു. എന്നാല്‍ എന്തുകൊണ്ടോ അതെഴുതാന്‍ തോന്നിയില്ല. മനസ്സിലെ ആഗ്രഹം വേണ്ടെന്ന് വെച്ചതിനാലോ മറ്റോ അദ്ദേഹത്തിന്റെ വലതുകൈക്ക് ഒരു വേദന അനുഭവപ്പെട്ടു. അസഹ്യമായ വേദന അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ ഡോക്ടറുമായി പങ്കുവെച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. ഉദ്ദേശിച്ച സംരംഭത്തില്‍ നിന്ന് പിന്മാറിയതു കൊണ്ടായിരിക്കുമോ കൈക്ക് വേദന എന്ന് തോന്നിയതിനാല്‍ ഖുര്‍ആന്‍ പകര്‍ത്താന്‍ തന്നെ തീരുമാനിച്ചു.
ഏതാണ്ട് 10 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അതിന് മുതിര്‍ന്നത്. അക്ഷരങ്ങളിലുള്ള അജ്ഞത, എഴുത്തിനോടുള്ള താല്‍പര്യമില്ലായ്മ പോലുള്ള ന്യൂനതകളെ അതിജയിക്കാന്‍ തന്നെ തീരുമാനിച്ച് ഖുര്‍ആനിന്റെ ആദ്യപേജ് അദ്ദേഹം തുറന്നു. ശപിക്കപ്പെട്ട പിശാചിനെ അകറ്റിനിര്‍ത്തി ദൈവനാമത്തില്‍ ആരംഭിച്ചു. തന്റെ അനുവാദത്തോടെയല്ലാതെ മറ്റാരും കടന്നു വരാത്ത കൊച്ചു ഗ്രന്ഥ ശേഖരങ്ങളോടു കൂടിയ തന്റെ വീട്ടിലെ വിശ്രമമുറിയില്‍ നിവര്‍ത്തിപ്പിടിച്ച പേനയും തുറന്നുവെച്ച ഖുര്‍ആനുമായി അദ്ദേഹം ഇരുന്നു. ഒരുപക്ഷേ അജയ്യനും സ്തുത്യര്‍ഹനുമായ ദൈവം അദ്ദേഹത്തിന്റെ കൈകളെ തലോടിയിട്ടുണ്ടാവാം. ഒറ്റയൊറ്റയാക്കപ്പെട്ട പേജുകളില്‍ ഖുര്‍ആനിന്റെ ആയത്തുകളുടെ എണ്ണങ്ങള്‍ക്കനുസരിച്ച് വരകള്‍ വരച്ച് ഒരു പെട്ടിക്കോളത്തിലെന്നവണ്ണം ആ അനശ്വര ലിപികളെ അദ്ദേഹം പകര്‍ത്തി. ഉച്ചയൂണും ശേഷമുള്ള മയക്കവും കഴിഞ്ഞ് സമയം അതിനായി നീക്കി വെച്ചു. ഒരു ദിവസം ഇത്ര എഴുതണമെന്ന തീരുമാനമോ ഇന്നത് പൂര്‍ത്തിയാക്കണമെന്ന ഒരു ശാഠ്യഭാവമോ ഇല്ലാതെ അദ്ദേഹമെഴുതി. ആദ്യമാദ്യം പ്രയാസങ്ങളും എഴുത്തിന്റെ വേഗതക്കുറവും അനുഭവപ്പെട്ടുവെങ്കിലും നാളുകള്‍ പിന്നിടുന്തോറും അദ്ദേഹത്തിനതൊരു ലഹരിയായി മാറി.
രണ്ടു വര്‍ഷം കൊണ്ട് ഖുര്‍ആനിലെ ഒന്നാമധ്യായം സൂറതുല്‍ ഫാത്വിഹ മുതല്‍ സൂറതുന്നാസിലെ അവസാനത്തെ വാക്യം വരെ എഴുതിത്തീര്‍ത്തു. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് എഴുന്നേല്‍ക്കുമ്പോള്‍ അടുത്ത പതിപ്പ് മുന്നില്‍ കാണുകയായിരുന്നു. പിറകോട്ട് പോകാതെ രണ്ടും മൂന്നും കോപ്പികള്‍ അദ്ദേഹം എഴുതി. ഖുര്‍ആനിന്റെ മട്ടും പാവും വരികളുടെ എണ്ണവും പേജിന്റെ എണ്ണവും ഒട്ടും തെറ്റിക്കാത്ത ഖുര്‍ആനിന്റെ കൈയെഴുത്ത് കോപ്പി കണ്ടുനിന്നപ്പോള്‍ കണ്ണു നിറഞ്ഞുപോയി.
നാലാമത്തെ കോപ്പിയില്‍ ഖുര്‍ആനിനോടൊപ്പം അതിന്റെ പരിഭാഷയും ചേര്‍ത്തുകൊണ്ടാണ് അമീറലി തയ്യാറാക്കിയത്. ആറാമത്തെ കോപ്പി പൂര്‍ത്തിയാക്കപ്പെട്ട മറ്റ് അഞ്ചെണ്ണത്തില്‍ നിന്നും വ്യതിരിക്തമാണ്. ലിപികളെ ചെറുതാക്കി മൊത്തത്തില്‍ വരുന്ന വലുപ്പത്തിന് അല്‍പം വ്യത്യാസം വരുത്തിക്കൊണ്ടാണ് സൂറതുല്‍ മാഇദയിലെത്തി നില്‍ക്കുന്ന പുതിയ കോപ്പി.
അറിയപ്പെടുന്ന ഒരു അത്ഭുത കര്‍മമായി ഇത് മാറണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇന്നേവരെ ആരും കൈ വെച്ചിട്ടില്ലാത്ത ഈ മേഖലയെ സ്വന്തമാക്കാന്‍ കഴിഞ്ഞത് പങ്കുവെക്കപ്പെടേണ്ടതല്ലെ എന്നും ബഹുമതികള്‍ ലഭിക്കേണ്ട ഒരു കര്‍മമല്ലേ ഇത് എന്ന് ചോദിച്ചപ്പോള്‍ ചിരിയോടെ 'ഞാന്‍ ആ ഉദ്ദേശത്തോടെയല്ല ഇതെഴുതിയത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആത്മസുഹൃത്തുക്കളെ വീട്ടില്‍ വിളിച്ചുവ രുത്തി കാണിച്ചു കൊടുത്തിട്ടുണ്ടെന്നും അതും മറ്റൊരു ഉദ്ദേശത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. അമീറലിയുടെ സുഹൃദ്‌വലയം ജാതിമതങ്ങള്‍ക്കതീതമാണ്. സഹധര്‍മിണി തന്റെ ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്നതില്‍ അദ്ദേഹം സന്തോഷിക്കുന്നു. ''വല്ലവരും ഇങ്ങോട്ട് വന്നന്വേഷിക്കുന്നെങ്കില്‍ ആവട്ടെ. നിങ്ങളായി ഒന്നും ചെയ്യേണ്ടതില്ല.''എന്നാണ് പ്രിയതമയുടെ വശം.
അദ്ദേഹം എഴുതിയ ഒന്നാം കോപ്പി ദുബായിലുള്ള മകനും രണ്ടാം കോപ്പി ഖത്തറിലുള്ള മകളും അഞ്ചാം പതിപ്പ് മകളുടെ മകളും മൂന്നാം കോപ്പി സുഹൃത്തും കൊണ്ടുപോയെന്നാണ് പറഞ്ഞത്.
ഖുര്‍ആന്‍ അഞ്ചു കോപ്പികള്‍ പൂര്‍ത്തീകരിച്ചിട്ടും മനഃപാഠമായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ മനസ്സില്‍ തട്ടിനില്‍ക്കുന്ന ചില സൂറകളും ചില പ്രത്യേക ആയത്തുകളുമുള്ളതായി അദ്ദേഹം പറഞ്ഞു. സംഘടനാ പക്ഷപാദിത്വത്തിന് തീര്‍ത്തും എതിരാണദ്ദേഹം. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു സംഘടനയുടെയും അംഗമല്ല. ക്രിക്കറ്റും സംഗീതവുമാണ് അമീറലിയുടെ പ്രധാന ഹോബി. ഹിന്ദി ഗാനങ്ങളോടാണ് പ്രത്യേക മമത.
വീട്ടില്‍ അദ്ദേഹത്തോടൊപ്പം സഹധര്‍മിണിയും ഉമ്മയും മാത്രമാണുള്ളത്. കുട്ടികളും മരുമക്കളും പേരമക്കളും വിദേശത്താണ്. വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയ ചെടികളും അത് സംവിധാനിച്ച രീതിയും കണ്ടാല്‍ മക്കള്‍ അടുത്തില്ലാത്ത ഏകാന്തത ഇവരെ പരിചരിച്ചു തീര്‍ക്കുന്നതായി തോന്നും.
ഏറെ വൃത്തിയും ചിട്ടയുമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെ സാക്ഷ്യപ്പെടുത്തി തന്നെയാണ് സംസാരശൈലിയും. എഴുതിക്കൊണ്ടിരുന്ന കോപ്പിലേക്ക് ഏറെ നേരം നോക്കിയിരുന്നപ്പോള്‍ നിരക്ഷരനായ പ്രവാചകനില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍, അക്ഷരം ഹൃദിസ്ഥമാക്കാത്ത ഒരു വ്യക്തിയാല്‍ അത്ഭുതകരമായി പകര്‍ത്തപ്പെടുകയാണോ എന്ന് ചിന്തിച്ചുപോയി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top