'എഴുത്തധികാരം'

ഷീബ നബീല്‍ No image

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗവും പ്രബോധനം വാരികയും ചേര്‍ന്നൊരുക്കിയ പെണ്‍ എഴുത്ത് കൂട്ടായ്മയുടെ രണ്ടാം ഘട്ടം നടക്കുന്ന ഫറോക്ക് ഇര്‍ശാദിയ കോളേജിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ ഞാന്‍ എന്തെന്നില്ലാതെ സന്തോഷിച്ചു. ഹിറാ സെന്ററില്‍ വെച്ച് നടന്ന ഒന്നാംഘട്ട 'എഴുത്തധികാര'ത്തില്‍ പങ്കെടുക്കാനുളള അവസരവും എനിക്ക് കിട്ടിയിരുന്നു. അന്നവിടുന്ന് കിട്ടിയ പ്രചോദനം വിലമതിക്കാനാവാത്തതായിരുന്നു.
ഫറോക്ക് എന്ന് കേട്ടപ്പോള്‍ ചാലിയാര്‍ എന്ന കൊച്ചു സുന്ദരിയെയാണ് ഞാനാദ്യം ഓര്‍ത്തത്. ഒരു പ്രദേശത്തിന്റെ ജീവന്റെ തുടിപ്പും പൊട്ടിച്ചിരിയും കുസൃതിയുമൊക്കെ നേരില്‍ കാണണമെന്നും അവളെ ഒന്ന് തൊട്ടറിയണമെന്നും ഞാന്‍ മനസ്സിലുറപ്പിച്ചു.
'ഇര്‍ശാദിയയുടെ പോരാട്ടഭൂമിയിലേക്ക് സ്വാഗതം' എന്ന ബാനറാണ് എന്നെ എതിരേറ്റത്. ആ വാക്കുകള്‍ കഴിഞ്ഞ ദിവസത്തെ പത്രത്താളുകളിലേക്ക് കൂട്ടികൊണ്ടുപോയി. കൂടംകുളത്തെ പോരാട്ട ഭൂമി ഞാന്‍ ഭാവനയില്‍ കണ്ടു. അവിടെ ഇര്‍ശാദിയാ മക്കള്‍ പോരാടിയതും. ആദ്യമായി കുടംകുളത്ത് കാലുകുത്തിയ വിദ്യാര്‍ഥികളും അവരാണല്ലോ. അവര്‍ക്ക് സര്‍വവിധ വിപ്ലവാഭിവാദ്യങ്ങളും നേര്‍ന്നുകൊണ്ട് ഞാനെന്റെ ലക്ഷ്യത്തിലേക്ക് നടന്നു. അപ്പോള്‍ മനസ്സ് തുടികൊട്ടിപ്പാടുകയായിരുന്നു, വലിയ വലിയ എഴുത്തുകാരില്‍ നിന്നുളള അറിവുകളുടെയും അനുഭവങ്ങളുടെയും തിളക്കമാര്‍ന്ന മുത്തുകള്‍ പെറുക്കിയെടുക്കാന്‍ വേണ്ടി.
മാധ്യമം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി. ദാവൂദിന്റെ ഉദ്ഘാടനത്തോടെ ക്യാമ്പ് ആരംഭിച്ചു. എഴുത്ത് ഒരു ധ്യാനമാണെന്നും ആ 'ധ്യാനം' എപ്രകാരമായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. 'നമ്മള്‍ വിചാരിക്കാത്ത കാലങ്ങളിലും പ്രദേശങ്ങളിലും ആധികാരികമായി നിലനില്‍ക്കുന്നതാണ് നമ്മുടെ എഴുത്ത്, അതിനാല്‍ എഴുത്തിന് ഒട്ടുവളരെയധികം 'സാധന' ആവശ്യമാണ്. ധാരാളം വായിക്കുക, അനുഭവങ്ങളെ തൊട്ടറിഞ്ഞ് എഴുതുക. നമുക്കധികാരമുളള, നമ്മള്‍ നിശ്ചയിക്കുന്ന ഒരു ലോകം. അതാണ് 'എഴുത്തധികാരം'. കുറ്റിച്ചൂലൂം സേഫ്റ്റി പിന്നുമൊക്കെ നമുക്ക് വിഷയങ്ങളാക്കാം. വിഷയദാരിദ്ര്യം എന്നൊന്നില്ല' അദ്ദേഹം വിശദീകരിച്ചു.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.എം. ബഷീറായിരുന്നു പിന്നീട് സംസാരിച്ചത്. എഴുത്തുകാരാവാന്‍ ആഗ്രഹിക്കുന്ന വ്യക്തി ദിവസവും രണ്ട് മണിക്കൂര്‍ വീതം എഴുതിയിരിക്കണമെന്നും അന്‍പത് വര്‍ഷമായി അദ്ദേഹം അതിരാവിലെ എഴുന്നേറ്റ് രണ്ടു മണിക്കൂറെഴുതുമെന്നും പറഞ്ഞപ്പോള്‍ ഞങ്ങളെ ആ വാക്കുകള്‍ വേദനപ്പിക്കുക തന്നെ ചെയ്തു. ദിവസത്തില്‍ രണ്ട് മിനിറ്റ് പോലും എഴുതാന്‍ കഴിയാത്ത സാഹചര്യമുളളവരായിരുന്നു ഞങ്ങള്‍.
നാടന്‍ പാട്ടുകളും എഴുത്തുകാരിയായ ഭാര്യയും സ്ത്രീ എഴുത്തുകാരികളുടെ പ്രശ്‌നങ്ങളുമൊക്കെ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ കടന്നുവരികയുണ്ടായി. രസകരമായ ആ ക്ലാസിനുശേഷം 'എഴുത്തുമുറി' എന്ന കീറിമുറിയാണ് നടന്നത്. അതിനു നേതൃത്വം നല്‍കിയത് പ്രശസ്ത നാടകകൃത്തായ പി.എ.എം. ഹനീഫും, വി. ഹിക്മത്തുല്ലയുമായിരുന്നു. ആ കീറിമുറി ചര്‍ച്ചയില്‍ ഞങ്ങളുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടിവന്നു. സ്വസൃഷ്ടികളെ അത്യപൂര്‍വ സാഹിത്യമെന്ന് സ്വയം വിലയിരുത്തിയത് ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നത് ഞങ്ങള്‍ പാവം എഴുത്തുകാരികള്‍ നിസ്സഹായതയോടെ അറിഞ്ഞു.
ഞങ്ങളുടെ സൃഷ്ടികള്‍ നിഷ്‌കരുണം കീറിമുറിച്ചതിനു ശേഷം വളരെ പഠനാര്‍ഹമായ ചര്‍ച്ചകളാണ് നടന്നത്. അതില്‍ നാടകവും കവിതയും കഥയും ലേഖനവുമൊക്കെ കടന്നുവന്നു. എന്തെഴുതുമ്പോഴും ധ്വനിപ്പിക്കുന്നതാകണമെന്ന് പറയുകയും ഉദാഹരണം നിരത്തുകയും ചെയ്തു അവര്‍.
പുതിയ എഴുത്തുകാലത്തെ കുറിച്ച് മൈന ഉമൈബാന്‍ പറഞ്ഞതിങ്ങനെയായിരുന്നു: 'ലളിതമായി എഴുതുക. കടുകട്ടി പ്രയോഗങ്ങള്‍ ഒഴിവാക്കുക'. ചെറുപ്പകാലത്തെ വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ചിരിയോടെ വളരെ രസകരമായി അവര്‍ അവതരിപ്പിച്ചു. എഴുത്തിന്റെ വഴികളില്‍ മുഴുകിയിരുന്നപ്പോള്‍ സന്ധ്യ വന്നണഞ്ഞത് ഞങ്ങള്‍ അറിഞ്ഞതേയില്ല. മഗ്‌രിബ് നമസ്‌കാരത്തിനായി ഇര്‍ശാദിയയിലെ പളളിയില്‍ ഞങ്ങളൊത്തു ചേര്‍ന്നു. ഇസ്‌ലാമെഴുത്തിലെ പെണ്‍വഴികളെ പരിചയപ്പെടുത്തിത്തന്നത് റഹ്മാന്‍ മൂന്നൂരായിരുന്നു. ഇസ്‌ലാമിനെ പരിഷ്‌കരിച്ചുകളയാമെന്ന രീതിയില്‍ എഴുതുന്നവരും ഇസ്‌ലാമിനെ തൊട്ടുതടവി പ്രീതിപ്പെടുത്തി എഴുതുന്നവരും ആരൊക്കെയെന്ന് ഞാന്‍ അദ്ദേഹത്തിലൂടെ മനസ്സിലാക്കി. ഇസ്‌ലാമിക എഴുത്തുകാരികള്‍ക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നില്ലെന്ന ദുരവസ്ഥയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഞങ്ങള്‍ കേട്ടിട്ടും വായിച്ചിട്ടുമില്ലാത്ത മുസ്‌ലിം എഴുത്തുകാരികളെ വളരെ തന്‍മയത്തത്തോടു കൂടി അദ്ദേഹം ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നു.
രാത്രി ഞങ്ങള്‍ പെണ്ണുങ്ങളുടേത് മാത്രമായിരുന്നു. 'പെണ്ണെഴുത്തിന്റെ പ്രതിസന്ധി'എന്ന വിഷയത്തെക്കുറിച്ച് ക്യാമ്പംഗങ്ങള്‍ ഓരോരുത്തരും ഘോരഘോരം പ്രസംഗിച്ചു. ആര്‍ക്കും ഒരു പ്രതിവിധിയും കണ്ടെത്താനാവാതെ അതൊരു പ്രതിസന്ധിയായിത്തന്നെ കിടന്നു. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുവന്ന ഞങ്ങള്‍ ആ രാത്രി ദുഃഖങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കുവെച്ച് ഉറങ്ങിയില്ലെന്നുതന്നെ പറയാം.
സുബ്ഹി നമസ്‌കാരാനന്തരം പെണ്ണെഴുത്തിന്റെ പ്രതിസന്ധി ഞങ്ങള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായി വന്നു. അപ്പോഴാരോ പറഞ്ഞു: 'പെണ്ണെഴുത്തിന് മാത്രമല്ല പ്രതിസന്ധിയുളളത് ആണായ ഹിക്മത്തുല്ലാ മാഷിനും എഴുതുവാന്‍ പ്രതിസന്ധിയുളള കാര്യം അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ മറക്കരുതേ...''
അങ്ങനെ ചര്‍ച്ച ചൂടുപിടിച്ചു വരുമ്പോഴായിരുന്നു അങ്ങകലെ വീടുകളിലിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ “ചായയുണ്ടാക്കുന്ന വിധവും, പുട്ടുകുറ്റിയുടെ ചില്ലെവിടെയെന്നും കുട്ടിയുടെ ഉടുപ്പ് എവിടെയാണെന്നുമൊക്കെ” ചോദിച്ചുകൊണ്ട് ഞങ്ങളെ ഫോണില്‍ വിളിക്കുന്നത്. അപ്പോള്‍ ഞങ്ങളുടെ ക്യാമ്പിലെ വികൃതികുട്ടിയായ മുഹ്‌സിന കല്ലായി പറഞ്ഞു: ''പ്രതിസന്ധി ചര്‍ച്ചക്കിടയില്‍ വീണ്ടും പ്രതിസന്ധി.'' എല്ലാം മറന്ന് ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു.
അടുത്ത ക്ലാസ് ജമീല്‍ അഹ്മദിന്റെതായിരുന്നു. അദ്ദേഹത്തിന്റെ വിഷയം 'എഴുത്തിലെ സന്ദേഹങ്ങള്‍' ആയിരുന്നു. പല കാര്യങ്ങളും ഉള്‍പെടുത്തി വിശദമായ ഒരു ക്ലാസ്സാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. തുടര്‍ന്ന് 'കഥയെഴുത്തിന്റെ വഴികള്‍' എന്ന വിഷയം ഡോക്ടര്‍ എം. ഷാജഹാന്‍ കൈകാര്യം ചെയ്തു. സത്യം പറയാമല്ലോ, അദ്ദേഹം ഒരിക്കലും ഡോക്ടറാവേണ്ട ആളല്ല, ഒരധ്യാപകനാകേണ്ട ആളാണെന്നാണ് എനിക്ക് തോന്നിയത്. എഴുത്തിലെ കുട്ടികളായ ഞങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹമൊരു ടീച്ചറായിരുന്നു. ഓരോന്നും വിശദമായി ഹൃദ്യമായ ശൈലിയില്‍ കഥ പറയുന്നതുപോലെ ഞങ്ങളുടെ മുന്നിലവതരിപ്പിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞത് അറിഞ്ഞതേയില്ല.
ക്യാമ്പ് ഏകദേശം അവസാന ഘട്ടത്തോടടുക്കുകയാണ്. പിരിഞ്ഞു പോകാനാഗ്രഹിക്കാത്ത പോലെ വിശപ്പും ദാഹവും മറന്ന് ഞങ്ങള്‍ കെ.പി. സല്‍വയോടും ഫൗസിയ ഷംസിനോടും ബിശാറയോടുമൊക്കെ 'നമ്മുടെ എഴുത്തെന്ന' വിഷയത്തില്‍ സംവാദം നടത്തിക്കെണ്ടേയിരുന്നു. പക്ഷെ പെണ്ണെഴുത്തിന്റെ പ്രതിസന്ധിമാത്രം അപ്പോഴും പരിഹാരം കാണാതെ ഉളളം പുകച്ചു.
ശൈഖ് മുഹമ്മദ് കാരകുന്നായിരുന്നു സമാപന സെഷനില്‍ ഞങ്ങളെ അഭിമുഖീകരിക്കാനെത്തിയത്. ഇതിനുമുമ്പ് ഇത്ര അടുത്ത് ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. 'മക്കളേ' എന്നു വിളിച്ചുകൊണ്ടുളള തുടക്കം ഹൃദ്യമായിരുന്നു. ഉപ്പ പെണ്‍മക്കള്‍ക്ക് കൊടുക്കുന്ന ഉപദേശത്തോടെ കുടുംബം എന്ന വിഷയം ഞങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം തുറന്നുവെച്ചു. ഇഹലോകമൊന്നുമല്ലെന്നും പരലോകമാണ് സര്‍വമെന്നും പ്രതിസന്ധികളിലൂടെ മാത്രമെ എഴുത്തുണ്ടാവുകയുളളൂവെന്നും അദ്ദേഹം ഊന്നിയൂന്നിപ്പറഞ്ഞു. പ്രാര്‍ത്ഥനയോടെ ഉപസംഹരിച്ചപ്പോള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിസന്ധി എന്ന വാക്കുപോലും അവശേഷിച്ചിരുന്നില്ല. സത്യം!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top