ഒരു വസന്തം ബാക്കിവെച്ചത് ...

സൗബാന. കെ No image

രു വസന്തമായ് പൂത്തുനിന്ന് വേര്‍പെട്ടുപോകുന്നവര്‍ പിന്നെയും സുഗന്ധം ബാക്കിവെക്കുന്നു.  ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു ഉള്‍പ്രേരണ തന്നുകൊണ്ടിരിക്കുന്ന സുഗന്ധം... സൗദ ടീച്ചര്‍ അങ്ങനെയാണ് എനിക്ക് അനുഭവപ്പെട്ടത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കെത്തന്നെ ഞങ്ങള്‍ പരിചിതര്‍..  സൗഹൃദത്തിന് പുഞ്ചിരിയിലൂടെ തുടക്കമിട്ടവര്‍.. പിന്നീട് ശ്രദ്ധിക്കപ്പെടാതെ കാലത്തിന് പിന്നില്‍ ഒളിഞ്ഞു നിന്നവര്‍.. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരിലെ കാരുണ്യനികേതന്‍ ബധിരവിദ്യാലയത്തില്‍ അധ്യാപികയായി ഞാന്‍ എത്തിയപ്പോള്‍ കണ്ടുമറന്ന ആ ചിരി എന്നെ വീണ്ടും പൂര്‍ണമായി സ്വീകരിച്ചു. അപരിചിതര്‍ക്കിടയില്‍ ‘ഞാന്‍ നിന്നെ അറിയുന്നു’ എന്ന് ഒറ്റനോട്ടംകൊണ്ടുതന്നെ ടീച്ചര്‍ അറിയിച്ചു. സ്റ്റാഫംഗങ്ങള്‍ക്കിടയില്‍ എന്നെ പരിചയപ്പെടുത്തിയതും ‘ഞങ്ങള്‍ പണ്ടേ ഒന്നിച്ചു നടന്നവര്‍’  എന്നായിരുന്നു.  വാക്കിനും ചിരിക്കും ഒരു പഞ്ഞവും ഇല്ലാത്ത ടീച്ചര്‍ എല്ലാവരിലേക്കും എളുപ്പത്തില്‍ എന്നെ കൂട്ടിക്കൊണ്ടുപോയി, സ്റ്റാഫ്‌റൂമില്‍ എനിക്ക് സ്ഥാനം ഒരുക്കിത്തന്നു.
    ഹെഡ്മിസ്ട്രസ്സായി സ്ഥാനമേറ്റതിനു ശേഷവും ടീച്ചര്‍ സ്റ്റാഫ് അംഗങ്ങള്‍ക്കിടയില്‍ സൗഹൃദം പങ്കുവെയ്ക്കാന്‍ ഇടവേളകളില്‍ ഓടിയെത്തും.  ആശ്വാസവും ഉപദേശനിര്‍ദ്ദേശങ്ങളും തന്ന് എല്ലാവരുടെയും അടുത്ത് നിന്നു. സ്റ്റാഫ് മുറികളിലെ പതിവ് ചര്‍ച്ചകളില്‍നിന്ന് ഞങ്ങളെ മാറ്റിയെടുക്കാന്‍  പ്രത്യേകം ശ്രദ്ധിച്ചു.  ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലേക്കും സമകാലീന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കും ടീച്ചര്‍ ഞങ്ങളുടെ ചിന്തകളെ കൂട്ടിക്കൊണ്ടുപോയി.  പ്രശ്‌നങ്ങളെയും സംഭവങ്ങളെയും വസ്തുനിഷ്ഠമായി വ്യാഖ്യാനിച്ച് ധാരണയിലെത്താന്‍ ടീച്ചര്‍ക്ക് സാധിച്ചു.  അതുകൊണ്ടുതന്നെ ‘പൊടിപ്പുതൊങ്ങലുകള്‍’ഞങ്ങളുടെ സ്റ്റാഫ് റൂമില്‍നിന്നും അന്യം നിന്നു.  ഒരു പെണ്‍ സ്റ്റാഫ്‌റൂമിനെ അങ്ങനെ വിജ്ഞാനമാര്‍ജ്ജിക്കുന്ന ഒരു വേദിയാക്കി ടീച്ചര്‍ മാറ്റിയെടുത്തു.
കേള്‍വിക്കുറവുമൂലം ആശയവിനിമയ പ്രയാസം നേരിടുന്ന ഞങ്ങളുടെ കുട്ടികളെ ടീച്ചര്‍ എവിടെയും മാറ്റിനിര്‍ത്തിയിരുന്നില്ല.  എല്ലാ ദിവസവും പത്രവാര്‍ത്തകള്‍ കുട്ടികളെ അറിയിച്ചുകൊണ്ടിരുന്നു. അവരെ എത്രയും ഉയരത്തിലെത്തിക്കുക എന്ന ഉദ്ദേശ്യംവെച്ച് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ടീച്ചര്‍ എപ്പോഴും ആവേശം കാണിച്ചിരുന്നു. ഞങ്ങള്‍ക്കിടയിലെ തമാശകള്‍പോലും ടീച്ചര്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുത്തിരുന്നു. ബധിരരായ കുട്ടികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ പഞ്ചായത്ത്, ഗവണ്‍മെന്റ് തലത്തില്‍ ടീച്ചര്‍ നടത്താറുണ്ടായിരുന്ന ശ്രമങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതായിരുന്നു.  
ഇസ്‌ലാമിക പ്രസ്ഥാനം ജീവിതത്തോട് തുന്നിച്ചേര്‍ത്തുവെച്ച ടീച്ചര്‍ ഞങ്ങളുടേത് മാത്രമായിരുന്നില്ല.  പ്രസ്ഥാനത്തെ ഞങ്ങള്‍ക്കും ഞങ്ങളെ പ്രസ്ഥാനത്തിനും ഹൃദ്യമാക്കാന്‍ മനപ്പൂര്‍വ്വം ഒരുക്കിയെടുത്ത സന്ദര്‍ഭങ്ങള്‍, അനുഭവങ്ങള്‍ ധാരാളമുണ്ട് എല്ലാവരിലും. പ്രസംഗത്തിനു ശേഷമുള്ള വിലയിരുത്തലുകള്‍, ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍... സമയം മതിയാവാതെ കടന്നുപോയ നാളുകള്‍...
എങ്കിലും സ്‌കൂളില്‍ നേരിടേണ്ടിവന്ന ചില സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ ടീച്ചര്‍ അസ്വസ്ഥയായിരുന്നു, വേദനിച്ചിരുന്നു എന്നു പറയാതെ വയ്യ.  അപ്പോഴൊക്കെ  ‘ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തുവോ’ എന്ന് ആത്മപരിശോധന നടത്തിക്കൊണ്ടിരുന്നു.  നമസ്‌കാരത്തിനു ശേഷം ‘അര്‍ഹമല്ലാത്തത് ഒന്നും തന്നുകൊണ്ട് അല്ലാഹുവേ, നീ എന്നെ പരീക്ഷിക്കരുത്’ എന്ന് പ്രാര്‍ത്ഥിച്ചിരുന്നതായി പങ്കുവെച്ചതോര്‍ക്കുന്നു.  സഹതാപമോ ആരുടെയും അന്യായപരിഗണനയോ ആഗ്രഹിക്കാതെ ടീച്ചര്‍ തലയെടുപ്പോടെ പിടിച്ചുനിന്നു.  പഠിക്കുകയായിരുന്നു ഞാന്‍, അല്ലാഹുവിന്റെ തീരുമാനത്തിനപ്പുറം ഒന്നും സംഭവിക്കുകയില്ല എന്ന വിശ്വാസത്തില്‍ നിന്നുണ്ടായ ആത്മധൈര്യത്തിന്റെ സാന്നിധ്യം!
ഒരിക്കല്‍ വയനാട് വെച്ച് നടന്ന ജമാഅത്തെ ഇസ്‌ലാമി വനിതാഘടകത്തിന്റെ  പരിപാടിയില്‍ പങ്കെടുക്കാന്‍ ടീച്ചര്‍ എന്നെയും കൂടെക്കൂട്ടി.  ‘പ്രസംഗം എങ്ങനെയുണ്ട്’  എന്ന ചോദ്യത്തിന് ‘വളരെ നന്നായി, പക്ഷെ ഇത്രയും സമയം, ഇത്രയും ശബ്ദത്തില്‍..എന്തോ.. എനിക്ക് പേടി തോന്നുന്നു’ എന്നു പറഞ്ഞപ്പോള്‍ ‘ഏയ്, എല്ലാം അല്ലാഹുവിന്റെ നിശ്ചയം’ എന്നായിരുന്നു മറുപടി.  തികച്ചും യാദൃശ്ചികമായി തോന്നിയ എന്റെ പേടി പിന്നീട് മറ്റൊരര്‍ത്ഥത്തില്‍ കാത്തുനിന്ന ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നോ..
കുടുംബവും വീടുമായി ഞാന്‍ ഒതുങ്ങാന്‍ തുടങ്ങുമ്പോഴും സ്‌കൂളിലേക്ക് കൂടെ കൂട്ടുന്ന ‘തലവേദനകള്‍’ ടീച്ചര്‍ക്ക് മുമ്പില്‍ കെട്ടഴിച്ച് ആശ്വസിച്ചതിനു ശേഷമാണ് ക്ലാസ്സില്‍ എത്തുക. സ്വകാര്യ നിമിഷങ്ങളില്‍ ഞങ്ങള്‍ എല്ലാം കൊടുക്കുന്നവരും വാങ്ങുന്നവരുമായി മാറി.  എന്നേക്കാള്‍ വാങ്ങാന്‍ മിടുക്ക് കാണിച്ച് ടീച്ചര്‍ അവസാനം വരെ എന്നെ അത്ഭുതപ്പെടുത്തി.  കലോത്സവങ്ങള്‍, വിനോദയാത്രകള്‍, ക്യാമ്പുകള്‍ അങ്ങനെ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും... ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം അവധിക്കാലത്ത് മാത്രമെന്ന് തോന്നിയ നാളുകള്‍...
ദിവസത്തിന്റെ തുടക്കത്തില്‍ത്തന്നെ വീണുകിട്ടിയ ഒരു തമാശ പങ്കുവെക്കാന്‍ ഓഫീസിലേക്ക് ഓടിവന്ന ഞാന്‍ കണ്ടത്, ടീച്ചര്‍ ഏറെ പ്രയാസപ്പെട്ട് ചുമച്ചുകൊണ്ടിരിക്കുന്നതാണ്. ചുമയുടെ ശക്തിയില്‍ കണ്ണില്‍നിന്നും കുടുകുടാ  വെള്ളം ചാടുന്നുണ്ടായിരുന്നു.  പുറം തലോടിയപ്പോള്‍ ‘ഒന്നുമില്ല,  നാളെത്തന്നെ ഡോക്ടറെ കാണാം’ എന്ന മറുപടിയില്‍ ഒന്നും തോന്നാതെ ഞാന്‍ മടങ്ങുകയായിരുന്നു.  പതിവുപോലെ എല്ലാ സമ്പന്നതയോടെയും ദിവസങ്ങള്‍ കടന്നുപോയി.  പക്ഷെ, സംസാരിക്കുന്നതിനിടയിലെ ശ്വാസംമുട്ടിക്കുന്ന ചുമ ടീച്ചറെ ഏറെ പ്രയാസപ്പെടുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങളുടെ സ്വകാര്യ വര്‍ത്തമാനങ്ങളില്‍ ചുമ ഒരു വിഷയമായി നിന്നു. എങ്കിലും ഡോക്ടര്‍ സാരമാക്കാത്ത ചുമയെ എന്തുകൊണ്ടോ പിന്നീട് ഞങ്ങളും കാര്യമാക്കിയില്ല.
ഒരിക്കല്‍ സ്‌കൂള്‍ വിട്ട് നടന്നുപോകവെ കൈയില്‍ അനുഭവപ്പെട്ട വേദനയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.  ആദ്യം നിസ്സാരമായി കണ്ട വേദന പിന്നീട് കാര്യമായിത്തന്നെ ടീച്ചറെ കീഴ്‌പ്പെടുത്തുകയായിരുന്നു.  അസഹ്യമായ വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കാന്‍സര്‍ സെല്ലുകള്‍ ശരീരത്തില്‍ ഉണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടുകയായിരുന്നു.  ഇത്തവണ പരിശോധനകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം നീണ്ട മൗനമായിരുന്നു മറുപടി.  മൗനം പിന്നീട് പലപ്പോഴും ഞങ്ങളിലെ സ്വകാര്യതകളിലെ സന്ദര്‍ശകനായി.
ഞാനാകെ തളര്‍ന്ന് തുടങ്ങുകയായിരുന്നു.  പക്ഷെ, കാന്‍സര്‍ സുഖപ്പെടും എന്ന് ധൈര്യം തന്ന് ടീച്ചര്‍ വീണ്ടും എനിക്ക് മുമ്പെ നടന്നു.  ലീവ് എടുത്ത് ചികിത്സ തുടരണമെന്ന ആവശ്യം തള്ളിക്കൊണ്ട് ടീച്ചര്‍ പറഞ്ഞു:  ''അടങ്ങിയിരിക്കാന്‍ ആവില്ലെനിക്ക് ചെയ്യാനുണ്ട് പലതും.''  പിന്നീട് ഈ ആവശ്യം ആവര്‍ത്തിക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല.  
ചികിത്സയുടെ നാളുകളിലും സ്‌കൂളില്‍ പാഞ്ഞുവന്ന് ടീച്ചര്‍ ആത്മധൈര്യം സ്വരൂപിക്കുകയായിരുന്നു. കീമോ തെറാപ്പി ചെയ്ത്തുടങ്ങിയപ്പോള്‍ എന്നെ കൊതിപ്പിച്ചിരുന്ന ടീച്ചറുടെ നീളമുള്ള മുടി കൊഴിഞ്ഞുപോകുന്നതും കൈകള്‍ തടിച്ച് ശരീരം വികൃതമാവുന്നതും ഒരു കൊച്ചുകുട്ടിയുടെ അമ്പരപ്പോടെ ഞാന്‍ നോക്കിനിന്നു. എങ്കിലും സ്‌കൂളില്‍ ടീച്ചര്‍ ഉണ്ടാവണമെന്നുതന്നെ ഞാന്‍ സ്വാര്‍ത്ഥമായി ആഗ്രഹിക്കുകയായിരുന്നു.
ഇടവേളകളിലെ ചിരികള്‍ മെല്ലെ മാഞ്ഞ് തുടങ്ങുകയായിരുന്നോ? ടീച്ചര്‍ സംസാരിക്കാന്‍ നന്നേ പ്രയാസപ്പെടുകയായിരുന്നു. കാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് ഞാനും അന്വേഷണങ്ങള്‍ തുടങ്ങി. ഫലപ്രദമായ ചികിത്സയെക്കുറിച്ച് അനുഭവസ്ഥരുമായുള്ള പങ്കുവെക്കലിലൂടെ അറിഞ്ഞ വിവരങ്ങള്‍ ടീച്ചറെ അറിയിച്ചുകൊണ്ടിരുന്നു. വിദഗ്ധ ചികിത്സയെക്കുറിച്ച് സംസാരിച്ചപ്പോള്‍,  സുഖപ്പെടാന്‍ സാധ്യതയില്ലാത്ത കാന്‍സര്‍ ആണ് ഞാന്‍ നേരിടുന്നതെന്ന സത്യം കൂടി ടീച്ചര്‍ അറിയിച്ചപ്പോള്‍... എന്റെ നിയന്ത്രണം വിട്ടുപോയി.  പക്ഷെ, അപ്പോള്‍ ആ കണ്ണുകളില്‍ ഞാന്‍ കണ്ട ദൃഢനിശ്ചയം എന്തായിരുന്നു?  ബാക്കിയുള്ള ദിവസങ്ങളില്‍ കൂടി വസന്തമാകണമെന്നോ....!  
പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഞാനായിരുന്നു. സ്‌കൂളില്‍നിന്നും ലീവ് എടുത്ത് ടീച്ചര്‍ പടന്നയിലേക്ക് പോയപ്പോള്‍ എങ്ങനെ എപ്പോഴും കാണും എന്നതായിരുന്നു എന്റെ ആലോചന. ‘സമയമുള്ളപ്പോള്‍ വരണം’ എന്ന ടീച്ചറുടെ ഫോണ്‍ സന്ദേശങ്ങള്‍... എല്ലാം മാറ്റിവെച്ചു  പാഞ്ഞു പോകാന്‍ എനിക്ക് ഒരിക്കലും ഒന്നുകൂടി ആലോചിക്കേണ്ടി വന്നില്ല. കൂടിക്കാഴ്ചകള്‍ പടന്നയിലേക്ക് മാറിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടി. ടീച്ചര്‍ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടിരുന്നു. എപ്പോഴും എടുത്തുപറഞ്ഞുകൊണ്ടിരുന്നത് ചേന്ദമംഗല്ലൂര്‍ അനുഭവങ്ങള്‍ തന്നെ. ടീച്ചറെ ‘സൗദ പടന്ന’യാക്കി മാറ്റിയതിന്റെ അടിവേരുകള്‍ ചേന്ദമംഗല്ലൂരിന് അവകാശപ്പെട്ടതാണെന്ന്  ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.   സ്‌കൂള്‍, കുട്ടികള്‍, രക്ഷിതാക്കള്‍, സഹപ്രവര്‍ത്തകര്‍, കുടുംബങ്ങള്‍, വാദിഹുദ, വാദിസലാം കാമ്പസ്, നാട്ടുവിശേഷങ്ങള്‍, ഹല്‍ഖാ യോഗങ്ങള്‍... അങ്ങനെ ഓരോന്നിനെക്കുറിച്ചും ടീച്ചര്‍ അറിഞ്ഞും പറഞ്ഞും കൊണ്ടിരുന്നു.  ഒന്നും ഒരിക്കലും അന്യമാകുന്നില്ലെന്നറിയിച്ചുകൊണ്ട്... അടുത്തും അകന്നും നിന്നവരെ ഒരുപോലെ ആര്‍ദ്രമായി അന്വേഷിച്ചുകൊണ്ടിരുന്നു. സംസാരത്തിനിടക്ക് ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തിയപ്പോള്‍ പരിഭവിച്ചുനിന്ന ഇടങ്ങളെയെല്ലാം നഷ്ടമായി കണക്കുകൂട്ടിക്കൊണ്ടിരുന്നു. ‘ഇല്ല, ജീവിതത്തെ നിസംഗതയോടെ നോക്കിക്കണ്ട ഒരാളല്ല ടീച്ചര്‍...  ഒരു നിമിഷനേരംപോലും വെറുതെ കളയാന്‍ ടീച്ചര്‍ക്ക് ഉണ്ടായിരുന്നില്ലല്ലോ..’ എന്ന എന്റെ വാക്കുകള്‍ക്ക് ഉത്തരമായ തലയാട്ടല്‍... ഓര്‍മകളും അനുഭവങ്ങളും തിരിഞ്ഞുനിന്ന് വീണ്ടും ആസ്വദിച്ച വൈകുന്നേരങ്ങള്‍... എനിക്കായ് ടീച്ചര്‍ കാത്തുനിന്ന ദിവസങ്ങള്‍ ... ഞങ്ങളുടെ സംസാരത്തിനിടയില്‍ സന്ദര്‍ശകര്‍ കടന്നുവരുമ്പോള്‍ മാപ്പു ചോദിക്കല്‍ .... വീണ്ടും അടുത്ത കൂടിക്കാഴ്ചക്ക് കാത്തിരിപ്പ്...  ചിരിക്കാന്‍ മറന്നുതുടങ്ങിയ എനിക്ക് മുന്നില്‍ ടീച്ചര്‍ തുറന്നുവെച്ച മനസ്സുമായി എന്നെ അമ്പരപ്പിച്ചു. ഓരോ വാക്കുകളും എന്റെ ഡയറിക്കുറിപ്പിലെ അക്ഷരങ്ങളായി അന്നുതന്നെ മാറിക്കൊണ്ടിരുന്നു.  
അസ്വസ്ഥതകള്‍ ഏറിവന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോഴും, വിശ്വസിക്കാനാകാതെ ആശുപത്രിയില്‍ ഓടിയെത്തി കണ്ണുനിറഞ്ഞ എന്നോട് കൈകള്‍ ചേര്‍ത്തുവെച്ച് ‘ഇല്ല...  ഞാന്‍ തിരിച്ചുവരും’  എന്ന്  ആശ്വസിപ്പിക്കാന്‍ സൗദടീച്ചര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സാധ്യമാവുക! പക്ഷെ, എനിക്കു മുന്നില്‍ നഗ്നമായി നില്‍ക്കാറുള്ള ടീച്ചറുടെ കണ്ണുകളെ ഞാന്‍ അറിയുന്നുണ്ടായിരുന്നു... മുറിപ്പാടുകള്‍ വീഴാത്ത ആത്മബന്ധം കണ്ണുകളെ വായിച്ച് കൊണ്ടിരിക്കും. ശ്വാസതടസ്സം വകവെക്കാതെ എന്നെക്കുറിച്ച് എന്നോടുതന്നെ സംസാരിച്ച ടീച്ചര്‍ നിസ്വാര്‍ത്ഥതയുടെ പ്രതിരൂപം തന്നെ. സ്‌നേഹം നിസ്വാര്‍ത്ഥമാവുന്നത് ജീവിതം ദൈവസമര്‍പ്പിതമാവുമ്പോഴെന്ന് എന്നെ പഠിപ്പിക്കുകയായിരുന്നു അപ്പോള്‍. വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് പോകുമ്പോള്‍  ‘ധൈര്യമായിരിക്കുക,   വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുക’ എന്ന് എന്നോട് പറഞ്ഞ വാക്കുകള്‍ അവസാനത്തേതായിരുന്നു.  ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച..... വാക്കുകള്‍  എവിടെനിന്ന് വന്നു എന്നറിയില്ല.  പിന്നെ കാഴ്ച മങ്ങി...  ചേര്‍ത്തുപിടിച്ച കൈകളെ അടര്‍ത്തിമാറ്റിയപ്പോള്‍ വിരലുകള്‍ വേര്‍പെടാന്‍ മടിച്ച് നിന്നു... ഞാന്‍ യാത്രയാക്കുകയായിരുന്നോ... വീട്ടില്‍ എത്തിയ എന്റെ പ്രാര്‍ത്ഥന ‘അല്ലാഹുവേ... ഞാനെന്താണ് ചെയ്യേണ്ടത്... എന്റെ ടീച്ചറെ കുറച്ച് നാള്‍ കൂടി എന്നോടൊപ്പം ഞാന്‍ ആഗ്രഹിച്ചുപോകുന്നു’...
ദിവസങ്ങള്‍ക്കുശേഷം മറ്റൊരു കൂടിക്കാഴ്ചക്ക് കാത്തുനില്‍ക്കാതെ മരണത്തിന്റെ തണുപ്പിലേക്ക്  ആ നിറഞ്ഞ സ്‌നേഹം ചാഞ്ഞ് കിടന്നപ്പോള്‍ എന്നിലെ വസന്തം കൂടൊഴിയുകയായിരുന്നു... വാക്കും പ്രവൃത്തിയും കൊണ്ട് ജീവിതത്തെ പൂര്‍ണമായി ജ്വലിപ്പിച്ച് നിര്‍ത്തി പെട്ടെന്ന്  അണഞ്ഞുപോയ എന്റെ പ്രിയ സൗദടീച്ചര്‍  ബാക്കിവെച്ച സുഗന്ധം എന്നിലുണ്ട്...  ഒരായുസ്സിന് ഊര്‍ജ്ജമായി...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top