പതിയെ ആ കണ്ണുകള്‍ അടഞ്ഞു

എസ്.എല്‍.പി സിദ്ദീഖ് / സൗദയെ ഓര്‍ക്കുന്ന കുടുംബം No image

1994 ജനുവരിയില്‍ തളിപ്പറമ്പിലെ എന്റെ സ്ഥാപനമായ ഷൂ മാര്‍ക്കറ്റില്‍ പടന്നയിലെ ടി.എം.സി അബ്ദുറഹിമാന്‍ സാഹിബും വി.കെ മഹ്മൂദ് സാഹിബും വന്നു. ഇവരെ വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടു പരിചയമുണ്ടായിരുന്നു. മുമ്പ് ജമാഅത്തെ ഇസ്‌ലാമി മാടായി ഏരിയയിലായിരുന്നു പടന്ന ഘടകം. ഹല്‍ഖാ സമ്മേളനത്തില്‍ മാവില കടപ്പുറം ഹല്‍ഖയുടെ റിപ്പോര്‍ട്ടുകള്‍ ടി.എം.സി അവതരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
അവര്‍ എന്റെ സുഹൃത്ത് ജില്ലയിലെ ഒരു എസ്.ഐ.ഒ പ്രസംഗകന് വിവാഹം അന്വേഷിച്ച് വന്നതാണ്. പത്തോളം വീടുകളില്‍ ക്ലാസെടുക്കുന്ന, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയില്‍ പഠനം പൂര്‍ത്തിയാക്കിയ സൗദയെന്ന കുട്ടിയെ വിവാഹം കഴിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടോ എന്നന്വേഷിക്കാന്‍ എന്നെ ഏല്‍പിച്ചു. അന്വേഷിച്ച് രണ്ട് ദിവസംകൊണ്ട് അവര്‍ക്ക് മറുപടി നല്‍കി. ഇപ്പോള്‍ അങ്ങനെ ഒരു വിവാഹത്തിന് അദ്ദേഹം സന്നദ്ധമല്ല. സംസാരമധ്യേ ടി.എം.സി എന്നോട് പറഞ്ഞു: ''അടുത്ത് മരണപ്പെട്ട, മദ്രാസ്സില്‍ കച്ചവടമുള്ള നമ്മുടെ ഒരു പ്രവര്‍ത്തകന്റെ മകളുണ്ട്. നിങ്ങള്‍ക്ക് ഒന്ന് ആലോചിക്കാന്‍ പറ്റുമോ?''
അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പടന്ന മസ്ജിദ് ഉമര്‍ ഫാറൂഖില്‍ എത്തി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ എന്നെ കണ്ട ടി.എം.സി 'വരൂ  നമുക്ക് പോകാം' എന്ന് പറഞ്ഞ് എന്റെ കൈ പിടിച്ച് ഒന്നും പറയാതെ നടന്നു. ഇടക്ക് വെച്ച് ഞാന്‍ ടി.എം.സി യോട് 'നിങ്ങള്‍ പറഞ്ഞ മരിച്ചുപോയ പ്രവര്‍ത്തകന്റെ മകളെ കുറിച്ച് അറിയാന്‍ വന്നതാണെ'ന്ന് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ കേള്‍ക്കാത്ത മട്ടില്‍ വേഗത്തില്‍ നടക്കുകയാണ് ടി. എം.സി. ഞാന്‍ കരുതി ആ വീട്ടിലേക്കാണ് പോകുന്നതെന്ന്. പക്ഷെ, എത്തിപ്പെട്ടത് എം.കെ.സി അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ വീട്ടില്‍. ഉടന്‍ കുടുംബനാഥനെ പോലെ ടി.എം.സി അകത്ത് ചെന്ന് എന്തോ പറഞ്ഞു. എന്റെ അടുത്ത് വന്ന് ആ കാണുന്നതാണ് സൗദയെന്ന് പറഞ്ഞു. ഞാന്‍ അന്ധാളിച്ചുപോയെങ്കിലും പെട്ടെന്ന് സുബോധം തിരിച്ചെടുത്ത് പറഞ്ഞു: ''സൗദയെ ഞങ്ങളുടെ നാട്ടില്‍ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വന്നതാണ്. ഒഴിവുള്ള ഒരു തിയ്യതി കണ്ട് ടി.എം.സിയെ അറിയിക്കണം.  സൗദ പെട്ടെന്ന് വാതിലിന്റെ പിറകോട്ട് പോയി. ടി.എം.സി പറഞ്ഞതും ഞാന്‍ പറഞ്ഞതും രണ്ടായത് കൊണ്ടാവണം സൗദ അങ്കലാപ്പിലായത്. ഞങ്ങള്‍ അവിടെ നിന്നും മടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ടി.എം.സി യും വി.കെ മഹമൂദ് സാഹിബും വിവാഹാ ലോചന നടത്തുകയും എന്റെ പിതാവ് വി.കെ മൊയ്തു ഹാജിയെ കണ്ട് ധരിപ്പിക്കുകയും ചെയ്തു. ആഴ്ചകള്‍ കഴിഞ്ഞും തീരുമാനത്തില്‍ എത്താതിരുന്നപ്പോള്‍ സൗദയുടെ പിതാവ് എം. കെ.സി അബ്ദുല്‍ ഖാദര്‍ സാഹിബ്, ബഷീര്‍ ശിവപുരത്തെ വിളിച്ച് പറഞ്ഞു: ''സിദ്ദീഖിനോട് പറ്റില്ലെങ്കില്‍ പറയാന്‍ പറയൂ. ഞാന്‍ ഏതെങ്കിലും മൗല്യാരെ പുതിയാപ്ല ആക്കിക്കൊ ള്ളാം.''
ഈ വര്‍ത്തമാനത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ച മകളെ വിവാ ഹം കഴിക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ സന്നദ്ധരല്ലെങ്കില്‍  പിന്നെ എന്ത് ചെയ്യാന്‍. ഞാന്‍ സമ്മതം മൂളി. പിന്നീട് എന്റെ കുടുംബാംഗങ്ങളുടെ അനുവാദം വാങ്ങി. ടി.എം.സി യും മഹമൂദ് സാഹിബും ദൗത്യം   പൂര്‍ത്തിയാക്കി.
 1994 മാര്‍ച്ച് 24 വ്യാഴാഴ്ച വിവാഹം നടന്നു. വി.പി ബഷീര്‍ സാഹിബ് കു ടുംബാംഗങ്ങളുടെയും പ്രസ്ഥാ ന പ്രവര്‍ത്തകരുടെയും സാ ന്നിധ്യത്തില്‍ നിക്കാഹിന് കാര്‍മി കത്വം വഹിച്ചു. നാട്ടുമാമൂല്‍ അനുസരിച്ച് ഒരുക്കേണ്ട മണിയറ ലളിതമാക്കാന്‍ ശ്രമിച്ചതിന് സൗദയുടെ പിതാവ് കാരണം പറഞ്ഞത്, 'എന്റെ മകളെ വിവാഹം കഴിക്കുന്നത് ഒരു സൂഫിയാണെ'ന്നാണ്. വിവാഹ ശേഷം ഞങ്ങള്‍ ആലോചിച്ച് എന്റെ വീടായ പുതിയങ്ങാടി ശാന്തിനികേതനിലേക്ക് താമസം മാറ്റി.‘ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നത് ഈ പ്രദേശത്തെ സ്ത്രീകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെങ്കിലും സൗദ ശാന്തി നികേതനിലെ അംഗമാകാന്‍ സമയം കൂടുതല്‍ വേണ്ടിവന്നില്ല.
ഉപ്പയുടെ നിര്‍ദ്ദേശമനുസരിച്ച് സൗദ വാദിഹുദയില്‍ രണ്ട് വര്‍ഷം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബി.എഡ് കരസ്ഥമാക്കിയപ്പോള്‍ എന്റെ പിതാവ് വിളയാങ്കോട് സ്‌പെഷ്യല്‍ സ്‌കൂളായ കാരുണ്യനികേതന്‍ ബധിര വിദ്യാലയത്തില്‍ അദ്ധ്യാപികയായി ജോലി ചെയ്യാന്‍  നിര്‍ദ്ദേശിച്ചു. രണ്ട് വര്‍ഷം ജോലി തുടര്‍ ന്നപ്പോള്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ തുടരണമെങ്കില്‍ സ്‌പെഷ്യല്‍ ബി.എഡ് അനിവാര്യമാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന്,  മധ്യപ്രദേശിലെ ബോജ് യൂനിവേഴ്‌സിറ്റിയുടെ ബധിര വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ച വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള രണ്ടുതരം ട്രെയിനിംഗ് കരസ്ഥമാക്കി.
 സ്ഥാപനത്തിലെ പ്രധാന അധ്യാപികയായി സ്ഥാനം ഏറ്റെടുത്തപ്പോള്‍, ചിലയാളുകള്‍ വിദ്യാഭ്യാസ വകുപ്പിനെ പരാതിയുമായി സമീപിച്ചു. യോഗ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാതി കാരണം നിയമനം തടസ്സപ്പെട്ടു. ഈ സന്ദര്‍ഭ ത്തില്‍ സൗദ ഹൈകോടതിയെ സമീപിച്ചു. ഹൈ കോടതി യോഗ്യത അംഗീകരിച്ചു കൊണ്ട് ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഗവണ്‍മെന്റിനോട് ഉടന്‍ നിയമനം ശരിപ്പെടുത്തി കൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെ പ്രധാനാധ്യാപികയായി തുടര്‍ന്നു. ഈ സന്ദര്‍ഭത്തില്‍ തനിക്കും സ്ഥാപനത്തിനു നേരെയും പലതും പറഞ്ഞു നടന്നവര്‍ക്ക് എല്ലാം പൊറുത്ത് കൊടുക്കുകയും അവരോട് അല്‍പം പോലും വെറുപ്പ് വെച്ചുപുലര്‍ത്തുകയോ ചെയ്തില്ല.
 1995 മുതല്‍ സൗദ, പഴയങ്ങാടി ജാനു സേട്ടിന്റെ വീട്ടിലും പുതിയങ്ങാടി ഇസ്‌ലാമിക് സെന്ററിലും പ്രതിവാര ഖുര്‍ആന്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു കൊണ്ടാണ് കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഏരിയകളുടെ പല ഭാഗങ്ങളിലും ക്ലാസ്സെടുത്തു തുടങ്ങി. 1996 മുതല്‍ ജി ഐ.ഒ വിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി. ശേഷം ജില്ലയുടെ എല്ലാ‘ഭാഗങ്ങളിലും പ്രസംഗിച്ചു തുടങ്ങി. 1999 മുതല്‍ സംസ്ഥാന പ്രസിഡന്റായതിന് ശേഷം ആറ് വര്‍ഷക്കാലം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗ പരിപാടികളില്‍ പങ്കെടുക്കാന്‍ അവരോടൊപ്പം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. അധിക പരിപാടിയില്‍ പങ്കെടുത്താലും ടി.എ ലഭിക്കാറില്ല. സംഘടനയോട് എഴുതി വാങ്ങിക്കാറുമില്ല. അതിന് കാരണമായി പറയാറ്' ചിലവിനുള്ളത് നാം തന്നെയല്ലെ ഉണ്ടാക്കേണ്ടത്,എന്നതാണ് സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍, വളരെ കൃത്യമായ സംഖ്യ മാത്രമേ ഈടാക്കാറുള്ളൂ.
 ഓരോ യാത്രയിലും സൗദയെ സഹപ്രവര്‍ത്തകര്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.  സൗദയെ അവര്‍ ആലിംഗനം ചെയ്യുകയും ഉമ്മ വെക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. എന്നാല്‍ ഇത്ര മാത്രം സ്‌നേഹിക്കപ്പെടാന്‍ സൗദയില്‍ ഉണ്ടായിത്തീരുന്ന നന്മ ആരോടും വ്യക്തി വൈരാഗ്യമില്ലെന്നതാണ്. ചിലയാളുകള്‍ തങ്ങളുടെ ഭൗതിക നേട്ടങ്ങള്‍ക്ക് സൗദ തടസ്സമാണെന്ന് കണ്ടപ്പോള്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കാര്യങ്ങള്‍ നേടാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനെക്കുറിച്ച്  കൃത്യമായ ബോധ്യമുണ്ടായിട്ടും സൗദ അവരോട് ഒരു വെറുപ്പും കാണിച്ചില്ല. അവര്‍ക്ക് പൊറുത്തു കൊടുക്കാന്‍ പ്രാര്‍ഥിക്കുന്നത് കണ്ട ഞാന്‍ അത്ഭുതത്തോടെ  നോക്കി നിന്നിട്ടുണ്ട്.
 ജീവിതത്തില്‍ സൗദ തമാശക്ക് പോലും കള്ളം പറയുന്നത്  ഞാന്‍ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ പലരും വെറുത്തിട്ടുണ്ട്. ഇതിന് ഉദാഹരണമായി  ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരു സഹോദരിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒരു അപവാദ പ്രചാരണത്തിന് കാരണമായ ഒരു കത്ത് കൈയില്‍ കിട്ടിയപ്പോള്‍ അത് ഉത്തരവാദപ്പെട്ട ആള്‍ക്ക് കൈമാറി. എന്നാല്‍ കത്തുമായി ബന്ധപ്പെട്ടയാളുടെ അഭിമാനത്തിന് കോട്ടം തട്ടുന്ന ഒന്നുംതന്നെ അറിഞ്ഞ ഏതാനും പേരില്‍നിന്നും ഉണ്ടാവരുതെന്നും ഞങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം തീരുമാനമെടുത്തു.  കത്തെഴുതിയ ആളുടെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമല്ലാത്തതുകൊണ്ട് വളരെ കുറച്ച് പേര്‍ മാത്രമറിയാവുന്ന ആ കാര്യം അവിടെ തീര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ, അപവാദത്തിന് കാരണമായ സഹോദരിയും ഭര്‍ത്താവും ഞങ്ങള്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതി സൗദയെ ക്കുറിച്ച് “'അപവാദം പ്രചരിപ്പിക്കുന്നവള്‍'’ എന്ന് പറയുകയും ധരിക്കുകയും പത്ത് വര്‍ഷത്തോളം അങ്ങനെ കഴിച്ചുകൂട്ടിയ അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുകയും കണ്ടാല്‍ തിരിഞ്ഞു നടക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റ് സഹോദരിമാരോട് കത്ത് വിഷയം പങ്കുവെക്കേണ്ടി വന്ന സഹോദരി ഞെട്ടിപ്പോയി. അങ്ങനെ ഒരു സംഭവം ആരുമറിയില്ല. അപ്പോഴാണ് സഹോദരി സൗദയുടെ ആ നന്മ തിരിച്ചറിയുകയും ബന്ധം വീണ്ടും ശക്തിപ്പെടുത്തുകയും ചെയ്തത്.
സൗദ ഒരു ദിവസം പിലാത്തറയില്‍നിന്നും താമസ സ്ഥലത്തേക്കുള്ള ബസ് യാത്രയില്‍ കണ്ട രണ്ട് പെണ്‍കുട്ടികളുടെ പുറംലോകവുമായി ബന്ധമില്ലാത്ത രീതിയിലുള്ള പെരുമാറ്റം കണ്ട് അവരെ പരിചയപ്പെട്ടു.  അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ ഒരു വീട്ടില്‍ 18 പേരടങ്ങുന്ന കുടുംബം. 7-ാം ക്ലാസ്സിലും 10-ാം ക്ലാസ്സിലും പഠനം നിര്‍ത്തിയ മൂന്ന് പെണ്‍കുട്ടികള്‍. പിതാവ് ഉപേക്ഷിച്ച് പോയതിനാല്‍ വിവാഹപ്രായമായ വേറെയും രണ്ട് പേര്‍. മൂന്ന് പെണ്‍കുട്ടികളുടെ പഠനം ഏറ്റെടുക്കുകയും മൂന്ന് പേരെയും പഠനം പൂര്‍ത്തിയാക്കാന്‍ ജി.ഐ.ഒവി ന്റെയും അബൂദാബിയിലെ വനിതാ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ അവര്‍ ഡിഗ്രി പൂര്‍ത്തിയാവുന്നത് വരെ പൂര്‍ണ്ണമായും മേല്‍നോട്ടം വഹിക്കുകയും അവരുടെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് നല്ല സഹായം നല്‍കുകയും ചെയ്തു.
എനിക്ക് കച്ചവടത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ പറ്റാത്ത സമയത്ത് സൗദയുടെ ദൂരത്തുള്ള പരിപാടികള്‍ക്ക് ഒന്നിച്ചുള്ള യാത്ര പ്രയാസമായപ്പോള്‍ കൂടെ സഹപ്രവര്‍ത്തകരെയോ, സഹാധ്യാപികമാരെയോ കൂട്ടി യാത്ര ചെയ്യും. കോളിന് 12 രൂപയും ഇന്‍കമിംഗ് കോളിന് ഒന്‍പത് രൂപയുമുള്ള സമയത്ത് തന്നെ ഞങ്ങള്‍ മൊബൈല്‍ കണക്ഷന്‍ എടുത്തിരുന്നു. സൗദ ദൂരത്ത് നിന്നും ഒറ്റക്ക് വരുമ്പോള്‍ സമയത്ത് രാത്രികളില്‍ ബസ് സ്‌റ്റോപ്പിലും റെയില്‍വേ സ്റ്റേഷനിലും എത്താന്‍ ഞങ്ങള്‍ക്ക് അത് വളരെ ഉപകാരം ചെയ്തിരുന്നു.
പലപ്പോഴും പരിപാടികള്‍ കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ രാത്രി 9,10 മണി പിന്നിടാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു ദിവസം പുലര്‍ച്ചെ 4 മണിക്ക് സൗദയെ കൂട്ടി നാഷണല്‍ ഹൈവേയില്‍ എന്തെങ്കിലും വാഹനം കിട്ടിയാല്‍ കണ്ണൂരില്‍നിന്നും എക്‌സിക്യൂട്ടീവ് ട്രെയിനില്‍ കയറ്റി വിടാമെന്ന് കരുതി പിലാത്തറയില്‍ നില്‍ക്കുമ്പോള്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറി നിര്‍ത്തി വിളിച്ചു . അടുത്ത് ചെന്നപ്പോള്‍ അളിയന്‍ ഫാറൂഖ് ഉസ്മാന്‍ അതിലുണ്ട്. കോഴിക്കോട്ടേക്കാണെന്ന് പറഞ്ഞപ്പോള്‍ സൗദയെ അതില്‍ കയറ്റിവിട്ടു. അവസാനം സൗദയുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ കാറ് വാങ്ങിയത്.
ഞങ്ങള്‍ രണ്ടുപേരും പലപ്പോഴും ഒരു പാട് ടെന്‍ഷന്‍ അനുഭവിച്ചിട്ടുണ്ട്. പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ എനിക്ക് അസൗകര്യമാണെന്ന് പറയില്ല. ആലോചിച്ച് പങ്കെടുക്കാന്‍ പറ്റില്ലെങ്കില്‍ മറ്റാരെയെങ്കിലും നിര്‍ദ്ദേശിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യും.
കുട്ടികള്‍ ഉണ്ടാവാന്‍ വൈകിയപ്പോള്‍ ഞങ്ങള്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചു. ഉത്തമമായത് വിധിക്കാന്‍ പ്രാര്‍ഥിച്ചു. പ്രസ്ഥാന മാര്‍ഗ്ഗത്തിലുള്ള സമര്‍പ്പിത ജീവിതം മുമ്പില്‍ വെച്ച് അല്ലാഹുവിനോട് ശുപാര്‍ശ ചെയ്തു. അല്ലാഹു ഒരു സൗഭാഗ്യം നല്‍കി (സഅദ് എന്ന പേരും തന്നെ നല്‍കി). ഈ സൗഭാഗ്യവുമായാണ് പിന്നീടുള്ള യാത്ര. അവന് മൂന്ന് വയസ്സാവുന്നത് വരെ സൗദയുടെ യാത്രയില്‍ എനിക്ക് പിന്തുടരേണ്ടി വന്നു. സംസ്ഥാനത്തിന്റെ പല ‘ഭാഗങ്ങളിലുമുള്ള യാത്രയില്‍ ടി. ആരിഫലി സാഹിബ് സഹപ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്: 'സിദ്ദീഖ് നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണെ'ന്ന്. 'അതെ, സൗദയെന്ന വ്യക്തിത്വത്തിന്റെ ഉടമ', ഇത് കേട്ടാല്‍ ഞാന്‍ ഒന്നും പറയാതെ ചിരിച്ച് മാറിനില്‍ക്കും.
ജമാഅത്ത് നേതൃത്വം സൗദയില്‍നിന്നും പലതും പ്രതീക്ഷിക്കുന്നത് മനസ്സിലാക്കിയ ഞങ്ങള്‍ 2005-ല്‍ 'അധിനിവേശത്തിനെതിരെ സ്ത്രീ' ശക്തി ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രസംഗിക്കാന്‍ പോയി. കാമ്പയിന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആലോചിച്ചു, ഇനി സ്‌കൂള്‍ ലീവാക്കി മുഴുസമയം പ്രസ്ഥാനത്തിന് വേണ്ടി ചിലവഴിക്കാം. പക്ഷേ, തന്റെ ചെവി കേള്‍ക്കാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയാല്‍ തുടര്‍ന്നു വരുന്നവര്‍ അവരില്‍ അശ്രദ്ധ കാണിച്ചാല്‍ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരുമല്ലോ എന്ന കാര്യം വല്ലാതെ അലട്ടി. മനമില്ലാ മനസ്സോടെ സ്‌കൂളില്‍ തുടര്‍ന്നു. പ്രസ്ഥാന പ്രവര്‍ത്തനം പിന്നീട് ജില്ലയില്‍ കേന്ദ്രീകരിച്ചു. രോഗം പിടിപെട്ടിട്ടും ജമാഅത്ത് ജില്ലാ നേതൃത്വം ഏല്‍പിക്കപ്പെട്ടപ്പോള്‍ നിര്‍ബന്ധാവസ്ഥയില്‍ ഏറ്റെടുത്തെങ്കിലും തന്റെ പിന്‍ഗാമിയെ വളരെ സമര്‍ത്ഥമായി അവര്‍ അറിയാതെ വളര്‍ത്തിക്കൊണ്ട് വരുന്നുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേതൃസ്ഥാനത്ത് എത്താന്‍ പറ്റുന്ന സഹോദരിമാരെ കണ്ട് നിരന്തരം ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. മഗ്‌രിബിന് ശേഷം സൗദയുടെ ഫോണ്‍ തുടരെ ശബ്ദിക്കും. 10 മണി വരെ എല്ലാ ദിവസവും സഹപ്രവര്‍ത്തകര്‍ പരിപാടിയുടെ അജണ്ട ചിട്ടപ്പെടുത്താനും, പ്രസംഗ വിഷയം പഠിക്കാനും, പ്രവര്‍ത്തകരെ സജീവമാക്കാനും വേണ്ടിയുള്ള ഫോണ്‍ കോളുകള്‍, കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയും  വിളിക്കും. കൗണ്‍സലിംഗും നടത്താറുണ്ട്.
കൗണ്‍സലിംഗിന്റെ ഡിപ്ലോമ ക്ലാസ് പയ്യന്നൂരില്‍ നിന്നും പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാന്‍ സാധിച്ചില്ല. തുടര്‍ന്ന് എഴുതിയെടുക്കാന്‍ തീരുമാനിച്ചെങ്കിലും സാധിച്ചില്ല. ബോജ് യൂണിവേഴ്‌സിറ്റിയുടെ ബി.എഡ് നല്ല മനശ്ശാസ്ത്ര പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. പേഴ്‌സണല്‍ ലോബോര്‍ഡ് മെമ്പര്‍ ഉസ്മാ നാഹിദ് സൗദക്ക് പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള മതപാഠ പുസ്തകവും സിലബസും അയച്ചുനല്‍കിയിരുന്നു. അവര്‍ കണ്ണൂര്‍ അറക്കല്‍ പാലസില്‍ നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുക്കുകയും സൗദയെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. പിന്നീട് കേരളത്തില്‍ വന്നപ്പോള്‍ എറണാകുളത്ത് ഒരു സെമിനാറില്‍ വെച്ച് സൗഹൃദം പുതുക്കിയിരുന്നു.
ഞങ്ങള്‍ വിനോദയാത്രകള്‍ വളരെ കുറച്ചേ ചെയ്തിട്ടുള്ളൂ. കണ്ണൂര്‍ ജില്ലയിലെ എസ്.ഐ.ഒ ജില്ലാ സമിതി അംഗങ്ങളുടെ സഹധര്‍മ്മിണിമാരൊത്ത്, പ്രസ്ഥാന പ്രവര്‍ത്തകരുമൊത്ത് മാത്രമേ ഞങ്ങള്‍ വിനോദയാത്ര നടത്തിയിട്ടുള്ളൂ.
സൗദയുമൊത്ത് കേരളത്തിന് പുറത്ത് പോയിട്ടുണ്ട്. ഹൈദരാബാദില്‍ ജി.ഐ.ഒ അഖിലേന്താ തലത്തില്‍ രൂപപ്പെടുത്തുന്നതിന് മുന്നോടിയായി ജമാഅത്ത് സംഘടിപ്പിച്ച പത്ത് ദിവസം നീണ്ടുനില്‍ ക്കുന്ന ക്യാമ്പില്‍ ഹൈദരാബാദ് ഗോല്‍ക്കണ്ടയില്‍ ജമാഅത്തിന്റെ ഒരു സ്ഥാപനത്തിലാണ് പരിപാടി നടന്നത്. കേരളത്തില്‍നിന്നും ടി.കെ അബ്ദുല്ല സാഹിബ്, പ്രൊ: കെ.എ സിദ്ദീഖ് ഹസ്സന്‍ സാഹിബ്, കെ.കെ സുഹറ എന്നിവരോടൊപ്പമായിരുന്നു യാത്ര.
സൗദക്ക് അന്ന് ഇന്ത്യയുടെ പലഭാഗത്തുമുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരെ പരിചയപ്പെടാന്‍ സാധിച്ചു. പലരുമായും പിന്നീട് ഫോണ്‍ബന്ധം ഉണ്ടായിരുന്നു. പിന്നീട് ബഗളൂരുവിലും മംഗലാപുരം ഉപ്പിലങ്ങാടിയിലും നടന്ന പ്രസ്ഥാനപരിപാടിയില്‍  പങ്കെടുത്തിട്ടുണ്ട്. ജമാഅത്ത് അംഗങ്ങളുടെ ക്യാമ്പില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഡല്‍ഹിയിലും പോയിട്ടുണ്ട്.
സൗദ സമ്പാദ്യം മുഴുവനും ചിലവഴിച്ചു തീര്‍ക്കുകയായിരുന്നു. ഒരു സംഖ്യ മാസത്തില്‍ മിച്ചം വെക്കണമെന്ന് തീരുമാനിക്കുമെങ്കിലും ഓരോ മാസവും കുടുംബക്കാര്‍ക്കോ അയല്‍കാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ബന്ധുകള്‍ക്കോ ചികിത്സ, വീടുനിര്‍മ്മാണം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ വന്നാല്‍ സംഖ്യ എന്നോട് പറഞ്ഞ് നല്‍കും. ഒടുവില്‍ ചേര്‍ന്ന ഒരു കുറിയില്‍ ആദ്യത്തെ നറുക്ക് തന്നെ കിട്ടിയപ്പോള്‍ അതില്‍ 30,000/- രൂപ സൗദ ഒരു കുടുംബത്തിന്റെ വീട് നിര്‍മാണത്തിന് വേണ്ടി ദാനം ചെയ്യുകയായിരുന്നു. സൗദയുടെ വരുമാനത്തില്‍ ഒരു നിലക്കും ഞാന്‍ ഇടപെടാറില്ല. 15 വര്‍ഷത്തെ സൗദയുടെ സമ്പാദ്യത്തില്‍ മിച്ചമുള്ളത്  വളരെ കുറഞ്ഞ പി.എഫ് മാത്രം. അതില്‍ മിക്കതും ലോണായി എടുത്തിട്ടുണ്ട്.
ആറ് വര്‍ഷം മുമ്പ് ഹജ്ജ് ചെയ്യല്‍ നമുക്ക് നിര്‍ബന്ധമല്ലേ എന്ന ആലോചനയില്‍ ഒരുമിച്ച് ഹജ്ജിന് പോകാമെന്ന് തീരുമാനമെടുത്തു. പക്ഷെ, അഞ്ച് വയസ്സുകാരന്‍ സഅദിനെ ആരുടെ കൂടെയാക്കി പോകും. ഞങ്ങള്‍ പിലാത്തറയില്‍ താമസമാക്കിയതിനാല്‍ മറ്റാരുടെയും കൂടെ അവന്‍ താമസിച്ചിട്ടില്ല. സാധാരണ കുട്ടികള്‍ വളരുന്നത് പോലെ വളര്‍ന്നവനല്ല. ഞങ്ങള്‍ രണ്ട് പേരുമാണ് അവന് ആകെ ഉള്ളത്. മറ്റെവിടെ ആക്കിയാലും അവന് മാനസിക പ്രശ്‌നം ഉണ്ടാവും. സൗദ തീരുമാനിച്ചു ആദ്യം നിങ്ങള്‍ പോകൂ, ഞാന്‍ അടുത്ത വര്‍ഷം പോകാം. സൗദ ഹിറാസെന്ററില്‍ വിളിച്ച്  എന്റെ പേര് രജിസ്റ്റര്‍ ചെയ്തു. നറുക്കെടുപ്പിലൂടെയാണ് കിട്ടിയത്. എന്റെ ഹജ്ജ് നടന്നു. അടുത്ത ഒരു വര്‍ഷത്തിനു ശേഷം സൗദ ഹജ്ജിനുള്ള കാര്യങ്ങള്‍ ചെയ്തു. അപ്പോഴേക്കും രോഗം നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. എന്തായാലും ഹജ്ജ് കഴിഞ്ഞ് ചികിത്സ തുടരാമെന്ന് എന്റെ പിതാവ് വി.കെ മൊയ്തു ഹാജി പറഞ്ഞു. ഹജ്ജിന് യാത്ര ചോദിച്ച്  എല്ലാ തയ്യാറെടുപ്പും നടത്തി പുറപ്പെടേണ്ട രണ്ടു നാള്‍ മുമ്പാണ് അറിഞ്ഞത് പലര്‍ക്കും നടക്കാതെ പോയപോലെ കേരള ഹജ്ജ് ഗ്രൂപ്പിനും ഇത്തവണ ഹജ്ജിന് പോകാന്‍ സാധിക്കില്ലെന്ന്. അടക്കാന്‍ സാധിക്കാത്ത നിരാശ ഉണ്ടായെങ്കിലും എല്ലാം വിധിയെന്ന് ഓര്‍ത്ത് ക്ഷമിച്ചു. തുടര്‍ന്ന് അടുത്തത് ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല.
രോഗമുള്ളപ്പോള്‍ തന്നെ ഞങ്ങള്‍ സഅദുമൊത്ത് സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ വിനോദയാത്ര ചെയ്തു. 40 ദിവസം അവിടങ്ങളില്‍ കഴിച്ചു കൂട്ടി. എന്റെ സഹോദരി സാബിറ, അളിയന്‍ ശരീഫ് എന്നിവരുമൊത്ത് ഞങ്ങള്‍ ഇരു രാജ്യങ്ങളും കണ്ടു. സിംഗപ്പൂരിലെ ഇസ്‌ലാമിക ദഅ്‌വാ കേന്ദ്രങ്ങളും മലേഷ്യയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും കണ്ടു. രണ്ട് വര്‍ഷമായി ഉംറ ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും അതും നടന്നില്ല. യുവത്വത്തില്‍ തന്നെ അല്ലാഹുവിലേക്ക് യാത്ര തിരിച്ച. സൗദ, തന്റെ അസുഖം മറ്റുള്ളവര്‍ക്ക് പ്രയാസമോ, ബാധ്യതയോ ആവരുതെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. തന്റെ പ്രയാസം  ഒരിക്കലും ഒരാളെയും അറിയിച്ചിരുന്നില്ല. അപ്പോഴും മറ്റുള്ളവരുടെ പ്രയാസം മാത്രമാണ് പരിഗണിച്ചിരുന്നത്. രോഗം സൗദയെ മാനസികമായി ഒരു നിലക്കും ബാധിച്ചിരുന്നില്ല. കിതപ്പും ശ്വാസം മുട്ടലും ഉള്ളപ്പോള്‍ കാണാന്‍ വന്ന സഹപ്രവര്‍ത്തകരോട്“അല്‍പം ശ്വാസം മുട്ടുള്ളത് കൊണ്ട് കിതപ്പുണ്ട്. അത് ഒരു ചെറിയ പ്രശ്‌നമാണെ'ന്ന് പറയും. അപ്പോഴും പുഞ്ചിരിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കും.
രണ്ട് വര്‍ഷം മുമ്പ് വെല്ലൂര്‍ സി.എം.സി ഹോസ്പിറ്റലില്‍ ചികിത്സിക്കുമ്പോള്‍ ഡോ: രാജ ടൈറ്റസ് 'ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമെ നിര്‍വ്വാഹമുള്ളൂ, ചികിത്സിച്ചാലും ഇതിന്റെ ഫലമെന്താണെന്ന് പറയാന്‍ പറ്റില്ല'’എന്ന് പറഞ്ഞപ്പോള്‍ തന്നെ സൗദക്ക് രോഗത്തിന്റെ ഗൗരവം മനസ്സിലായിരുന്നു. എന്നാലും എവിടെയും അത് കാണിച്ചില്ല . തന്റെ സഹ അധ്യാപകരോട് ഒന്നുമില്ല എന്ന അവസ്ഥയിലാണ് പെരുമാറിയത്. വെല്ലൂരിലെ ടെസ്റ്റില്‍ 'ഇപ്പോള്‍ രോഗം എവിടെയും കാണാനില്ല എന്നാല്‍ അത് സൂക്ഷ്മമായി ഉണ്ട് എപ്പോഴും എവിടെയും വരാം' എന്ന് ഡോക്ടര്‍മാര്‍ കോണ്‍ഫറന്‍സ് ചേര്‍ന്ന് തീരുമാനിച്ചു. തുടര്‍ന്ന് മംഗലാപുരത്ത് സര്‍ജറി നടത്തി; തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കീമോ തെറാപ്പിയും. റേഡിയേഷനും ചെയ്ത് രോഗം പൂര്‍ണ്ണമായി മാറിയെന്ന് കരുതി. രണ്ടു മാസത്തിനു ശേഷം സ്‌കിന്നില്‍ പ്രത്യക്ഷപ്പെട്ട കാര്യം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ സൗദ തന്നെയാണ് പെടുത്തിയത്. രോഗം സുഖപ്പെട്ടാല്‍ ഇനി വരാതിരിക്കാനുള്ള ചികിത്സ അഞ്ച് വര്‍ഷത്തേക്ക് ഗുളിക കൊടുക്കുകയാണ് പതിവ്. എന്നാല്‍ സൗദയുടെ രക്തത്തില്‍ ഈസ്ട്രജന്‍ ട്രിപ്പിള്‍ നെഗറ്റീവായത് കൊണ്ട് അത്തരം ചികിത്സയും പറ്റില്ല. കീമോ തെറാപ്പിയല്ലാത്ത മറ്റ് ചികിത്സ ഗുണം ചെയ്യില്ല എന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. രോഗം ഒരു മാസവും കൂടി കഴിഞ്ഞപ്പോള്‍ ലെങ്‌സിനെ ബാധിച്ചു. നീര്‍ കുത്തിയെടുത്ത്് കൊണ്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍നിന്നാണ് നെഞ്ചിലെ നീര്‍ കുത്തിയെടുക്കല്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടാമത് ശ്വാസതടസ്സമുണ്ടായപ്പോള്‍ രാവിലെ നീര്‍ കുത്തിയെടുത്ത് വീട്ടില്‍ അല്‍പം വിശ്രമിച്ച ശേഷം  കാരുണ്യ നികേതന്‍ സ്‌കൂളിന്റെ വാര്‍ഷികത്തില്‍ പങ്കെടുത്ത് സുന്ദരമായ ഭാഷയില്‍ സ്വാഗതം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. സദസ്സിലും വേദിയിലും ഉള്ളവര്‍ക്ക് തോന്നില്ല വലിയ ഒരു രോഗം പേറിയാണ് പ്രസംഗിച്ചതെന്ന്.  തന്റെ  കുട്ടികളുടെ കലാ പരിപാടികള്‍ കഴിയുന്നത് വരെ രാത്രി പത്ത് മണി വരെ, അവിടെ കഴിച്ചുകൂട്ടി.
കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഞങ്ങള്‍ പിലാത്തറയില്‍ താമസിക്കുന്ന വീട്ടില്‍ രോഗവിവരം അറിഞ്ഞ് ആളുകള്‍ വന്നു തുടങ്ങിയിരുന്നു. ഫെബ്രുവരി അവസാനത്തില്‍ പുതിയങ്ങാടിയിലെ ഞങ്ങളുടെ ‘വീട്ടില്‍ വെച്ച് പുലര്‍ച്ചെ അനുഭവപ്പെട്ട അബോധാവസ്ഥ കാരണം പെട്ടെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി ചികിത്സ തേടി. ആ സന്ദര്‍ഭത്തിലാണ്  എല്ലാവരും സൗദയുടെ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. പിന്നീട് സന്ദര്‍ശകരുടെ ആധിക്യം കാരണം പ്രസ്ഥാന പ്രവര്‍ത്തകര്‍ സ്വയം സന്ദര്‍ശനം നിയന്ത്രിച്ചു. നിയന്ത്രണം വകവെക്കാതെ കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ പ്രത്യേകം അനുവാദം വാങ്ങി വന്നു. ജമാഅത്ത് വനിതാ നേതാക്കളെ സല്‍ക്കരിച്ച്, സന്തോഷിപ്പിച്ച് തിരിച്ചയക്കാനാണ് സൗദ എപ്പോഴും ശ്രദ്ധിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലും പടന്നയിലെ വീട്ടിലും ലേക്‌ഷോര്‍ ആശുപത്രിയിലും  സന്ദര്‍ശകരായി വന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സന്ദര്‍ശകരെ സൗദയുടെ രോഗം അസ്വസ്ഥപ്പെടുത്തുന്നതായി എനിക്ക് പലപ്പോഴും തോന്നി. സൗദക്ക് എന്റെ പ്രയാസത്തിലാണ് പേടി. 'നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടല്ലേ' 'എന്ന് എല്ലാ ദിവസവും പറയും. എന്നാല്‍, നിന്റെ കൂടെ ചെലവഴിക്കുന്നത് പ്രതിഫലമുള്ള കര്‍മായത് കൊണ്ട് എനിക്ക് മാധുര്യമാണ് അനുഭവപ്പെടുന്നതെന്ന് ഞാന്‍ തിരിച്ചുപറയും: അവസാന രണ്ടു വര്‍ഷം കൂടുതല്‍ മണിക്കൂറുകള്‍ ഞങ്ങള്‍ വിട്ടുനിന്നിട്ടില്ല. അതിന് എനിക്ക് സാധിച്ചില്ല. എന്റെ ദുഃഖവും പ്രയാസവും ഒരിക്കല്‍ പോലും ഞാന്‍ സൗദയുടെ മുമ്പില്‍ പ്രകടിപ്പിച്ചിട്ടില്ല. അവള്‍ വേദന കടിച്ചിറക്കുമ്പോള്‍ സൗദയുടെ ഉമ്മയും ഞാനും തമാശ പറഞ്ഞ് അവളുടെ ശ്രദ്ധ തിരിക്കും.   ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയ ശേഷം എന്റെ നേരയുള്ള അവളുടെ നോട്ടം എന്നോട് വിടപറയുന്നതാണെന്ന് മനസ്സിലാക്കിയിട്ടും ഞാന്‍ അങ്ങിനെയല്ല കുറച്ച് നാള്‍ കൂടി എന്റെ കൂടെ ഉണ്ടെന്ന് മനസ്സില്‍ കരുതും. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചപ്പോള്‍, സങ്കീര്‍ണ്ണമാണെന്ന് ഡോക്ടര്‍ പറയുമ്പോള്‍ പോസിറ്റീവായി എന്തെങ്കിലും ഉണ്ടോ എന്ന് തിരയും. ഡോക്ടര്‍ തലേന്ന് രാത്രി വന്ന് മാനസികമായി ഒരുങ്ങാന്‍ പറഞ്ഞപ്പോഴും അളിയന്‍ ഫാറൂഖ് ഉസ്മാന്‍ രക്ഷപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാണിച്ച് എന്നെ തൃപ്തിപ്പെടുത്തുകയായിരുന്നു.
  പ്രസ്ഥാന നേതാക്കളുടെ സന്ദര്‍ശനം സൗദക്ക് സന്തോഷമാണ് നല്‍കിയത്. രണ്ടാഴ്ച മുമ്പ് അമീര്‍ വന്നപ്പോള്‍ സൗദ വളരെ സന്തോഷവതിയായാണ് കണ്ടത്. അമീര്‍ സൗദയോട് അവസാനമായി പറഞ്ഞു, 'ഇത് നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയാര്‍ക്കാണ് സാധിക്കുക.' അമീറിന്റെ വര്‍ത്തമാനം സൗദ പലപ്പോഴും  ആവര്‍ത്തിക്കുകയുണ്ടായി.
ഓണത്തിന്റെ തലേന്നാള്‍ മലപ്പുറം, കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകരുടെ നല്ല സന്ദര്‍ശനമുണ്ടായിരുന്നു. നല്ല സന്തോഷവതിയായാണ് സൗദയെ കണ്ടത്. ഒരു മാസത്തെ ലേക്‌ഷോര്‍ താമസത്തിനിടയില്‍ എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ കാണാന്‍ വന്നപ്പോള്‍ പലരെയും സൗദക്ക് സുപരിചിതം. നീണ്ട ആറ് വര്‍ഷക്കാലത്തെ ജി.ഐ.ഒ നേതൃത്വവും അതിന് ശേഷം ജമാഅത്ത് വനിത സംസ്ഥാന സമിതിയിലെ സാന്നിദ്ധ്യവും കാരണം കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് സൗദയെ സുപരിചിതയായി. എറണാകുളം ലേക്‌ഷോര്‍ ഹോസ്പിറ്റലിനെ കുറിച്ച് പറയുമ്പോള്‍“സനീറ’എന്ന പ്രവര്‍ത്തകയെ വിസ്മരിക്കാനാവില്ല. ഒരു മാസക്കാലത്തെ ഹോസ്പിറ്റല്‍ വാസത്തിനിടയില്‍ അവര്‍ ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. സൗദയെ അഡ്മിറ്റ് ചെയ്ത വിവരം അറിഞ്ഞത് 15 ദിവസം കഴിഞ്ഞിട്ടാണല്ലോ എന്ന ആധിയായിരുന്നു അവര്‍ക്ക്.ഭക്ഷണം കൊണ്ടുതന്നും വിളമ്പിത്തന്നും കൂടെ  താമസിച്ചും അവര്‍ അവരുടെ കടമകള്‍ക്കപ്പുറം സമര്‍പ്പിച്ചു.
ഐ.സി.യുവില്‍ ആക്കുന്നതിന് രണ്ടു നാള്‍ മുമ്പ് വന്നുകണ്ട എന്റെ പിതൃസഹോദരന്‍ ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി കെ ഹംസ അബ്ബാസ് അവളുടെ നെറ്റിയില്‍ ഉമ്മവെച്ച് പിരിഞ്ഞ് പോയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: ''നിങ്ങളുടെ നെറ്റിയില്‍ എളേപ്പ ഇതുവരെ ഉമ്മവെച്ചിട്ടുണ്ടോ? ആ ഭാഗ്യവും എനിക്ക് തന്നെ. പ്രൊ: കെ.എ സിദ്ദീഖ്ഹസ്സന്‍ സാഹിബിന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ സന്തോഷിക്കുകയും  അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഓണദിവസം (16.09.13) ആണ് “സഅദ് ‘ ഉമ്മാനെ അവസാനമായി കണ്ട് നാട്ടിലേക്ക് തിരിച്ചത്. തൊട്ടുടനെ പെങ്ങള്‍ ആയിശബി എത്തി. വൈകുന്നേരത്തോടെ അവളും നിറകണ്ണുകളോടെ തിരിച്ച് പോയി. എന്റെ നാട്ടുകാരി സുഹറ പുഴക്കല്‍ എന്ന സഹോദരി കാന്‍സര്‍ ബാധിതയായി അവരുടെ ചെറുപ്രായത്തില്‍ തന്നെ അന്നേ ദിവസം തൊട്ടു താഴത്തെ നിലയില്‍വെച്ച് മരണപ്പെട്ടു. ആ മയ്യിത്തിനെ പരിപാലിക്കുന്നതിലും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിലും ഞാന്‍ മുന്‍പില്‍ ഉണ്ടായിരുന്നു. അതിലും ഒരാഴ്ച മുമ്പ് എന്റെ നാട്ടുകാരിയായ വേറൊരു സഹോദരി ഖദീജയും ഇതേ രോഗം കാരണം ഇതേ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടിരുന്നു. മരണത്തിന്റെ മാലാഖ തൊട്ടടുത്ത ദിവസം തന്നെ സൗദയെ തേടിയെത്തി. അങ്ങനെ അന്ന് രാത്രി (17.09.13) തന്നെ സൗദ ഉറങ്ങി. പിന്നീട് ആത്മാവ് വിട്ടകലുന്നത് വരെ (20.09.13) അവള്‍ ഉണര്‍ന്നില്ല. അവസാന നിമിഷം ഡോക്ടര്‍ സൗദക്ക് വെള്ളം നല്‍കി അടുത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ വായില്‍ വെള്ളമൊഴിച്ചു കൊടുത്ത് ശ്വാസം പോകുന്നത് നോക്കിനിന്നു. വിദൂരതയിലേക്ക് നോക്കി, മുഖത്ത് പ്രത്യേകമായ അസ്വസ്ഥത പ്രകടിപ്പിക്കാതെ മുഖഭാവത്തില്‍ മാറ്റമില്ലാതെ അല്ലാഹുവിലേക്ക് അവള്‍ യാത്രയായി...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top