ഖലീഫയുടെ ഉമ്മ

സഈദ് മുത്തനൂര്‍ No image

അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ വന്ദ്യമാതാവ് ഉമ്മുല്‍ ഖൈര്‍ ഉമ്മുസല്‍മാ ബിന്‍ത് സഖര്‍ ബ്‌നു ആമിര്‍ ബ്‌നു കഅ്ബു ബ്‌നു സഅദിന്റെ ജനനം തൈം ഗോത്രത്തിലാണ്. തൈം ഗോത്രം കുലമഹിമയും ഉന്നത സ്വഭാവവും സ്‌നേഹവും ആര്‍ദ്രതയും പരക്ഷേമ തല്‍പരതയും ഉള്ളവരായി അറിയപ്പെട്ടവരാണ്. ഈ ഗോത്രത്തിലെ സ്ത്രീകള്‍ ഉന്നതനിലവാരവും സല്‍പെരുമാറ്റവും നിലനിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നവരായിരുന്നു.
ബനൂ തൈം ഗോത്രത്തിലെ സ്ത്രീകള്‍ ധൈര്യശാലികളും ഭര്‍ത്താക്കന്മാരാല്‍ പരിഗണനീയരുമാണെന്ന് അറബികള്‍ പറയാറുണ്ട്. ഈ ഗുണങ്ങളെല്ലാമുള്ള തൈം ഗോത്രത്തിലെ ഒരു സ്ത്രീ ഇസ്‌ലാം ആശ്ലേഷിക്കുന്നതോടെ ഈ നന്മകളെല്ലാം ശതഗുണീഭവിക്കുമെന്ന് പറയേണ്ടതില്ല. അങ്ങനെയുള്ള ഒരു വനിതയാണ് സല്‍മാ ബിന്‍ത് സഖര്‍. അബൂഖുഹാഫയുടെ ഭാര്യയും അബൂബക്ര്‍ സിദ്ദീഖിന്റെ മാതാവുമാണവര്‍ (ഉസ്മാന്‍ എന്നായിരുന്നു അബൂബക്‌റിന്റെ പിതാവിന്റെ യഥാര്‍ഥ പേര്. അബൂഖുഹാഫ എന്ന പേരില്‍ അറിയപ്പെട്ടു). ഉമ്മുല്‍ ഖൈര്‍ നബിതിരുമേനിയെ വളരെയേറെ ഇഷ്ടപ്പെട്ടു. ഒരു മാതൃകാ മാതാവ് തന്റെ സന്താനത്തെ ശ്രദ്ധിക്കുന്നതുപോലെ ഉമ്മുല്‍ ഖൈര്‍ തിരുമേനി(സ)യെ പരിഗണിച്ചുപോന്നു.
ഉമ്മുല്‍ഖൈറിന്റെ മകന്‍ സിദ്ദീഖുല്‍ അക്ബറുമായി നബി തിരുമേനി (സ) ചെറുപ്പകാലത്തേ കൂട്ടുായിരുന്നു. ഇസ്‌ലാം ഉമ്മുല്‍ ഖൈറിനെ സ്വാധീനിച്ചു. ഉമ്മുല്‍ ഖൈര്‍ ദാറുല്‍ അര്‍ഖമില്‍ വെച്ചു തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. അവര്‍ നബി തിരുമേനിയുമായി നേരിട്ട് ബൈഅത്ത് ചെയ്തു.
ഉമ്മുല്‍ ഖൈറിന്റെ ഇസ്‌ലാം ആശ്ലേഷണം സംബന്ധിച്ച് ഹസ്രത്ത് ആഇശ(റ) വിവരിക്കുന്നതിങ്ങനെ: അനുചരന്മാരുടെ എണ്ണം 38 ആയിരിക്കെ ഒരിക്കല്‍ അബൂബക്ര്‍ സിദ്ദീഖ് (റ) നബി തിരുമേനിയോട് ഇങ്ങനെ അന്വേഷിച്ചു: ''ഇസ്‌ലാമിനെ സംബന്ധിച്ച് പൊതു പ്രഖ്യാപനം നടത്തിയാലോ?!''
''അബൂബക്ര്‍, നാമിപ്പോള്‍ വളരെ തുഛമല്ലേ?'' പ്രവാചകന്റെ പ്രതികരണം.
തിരുമേനിയുടെ അംഗീകാരം കിട്ടുന്നതുവരെ അബൂബക്ര്‍ ഈ അപേക്ഷ നടത്തിക്കൊണ്ടിരുന്നു. മുസ്‌ലിംകള്‍ പള്ളിയില്‍ കൂടിയിരിക്കെ അന്നത്തെ നല്ല പ്രസംഗകനായ അബൂബക്ര്‍ സിദ്ദീഖ് തന്റെ നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹുവിലേക്കും നബി തിരുമേനിയിലേക്കും മുഖം തിരിക്കാന്‍ ആഹ്വാനം ചെയ്തു. ഇതോടെ മുശ്‌രിക്കുകള്‍ അബൂബക്‌റിനും മുസ്‌ലിംകള്‍ക്കും നേരെ തിരിഞ്ഞു. അവര്‍ അദ്ദേഹത്തെ പൊതിരെ തല്ലി. ഉത്ബതു ബ്‌നു റബീഅയാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. ലാടമുള്ള തന്റെ പാദരക്ഷ ഊരി അബൂബക്‌റിനെ അടിച്ചു.
ബനൂതൈം ഗോത്രം ഓടിയെത്തി. അവര്‍ അബൂബക്‌റിനെ പ്രതിരോധിച്ചു. അവര്‍ ബനൂ തമീം പള്ളിയില്‍ വന്നു പ്രഖ്യാപിച്ചു; അബൂബക്‌റിനെങ്ങാനും വല്ലതും സംഭവിച്ചാല്‍ ഉത്ബത്തുബ്‌നു റബീഅയെ ഞങ്ങള്‍ ബാക്കിവെക്കില്ല. പിന്നീട് അബൂബക്‌റിനെ സമീപിച്ച് അദ്ദേഹത്തിന് ഓര്‍മ വീണ്ടുകിട്ടും വരെ കാത്തിരുന്നു. ഓര്‍മ വന്നപ്പോള്‍ അദ്ദേഹം തിരുമേനിയുടെ സ്ഥിതി ആരാഞ്ഞു. അപ്പോള്‍ മാതാവ് ഉമ്മുല്‍ ഖൈര്‍ പറഞ്ഞു: 'ദൈവമാണ, എനിക്കറിയില്ല.' 'ഉമ്മാ, ഉമ്മുജമീലു (ഫാതിമ ബിന്‍ത് ഖത്ത്വാബ്) മായി ബന്ധപ്പെട്ട് അന്വേഷിച്ചാല്‍ വിവരം അറിയാം. അങ്ങനെ ഉമ്മുല്‍ ഖൈര്‍ ഫാതിമ ബിന്‍ത് ഖത്ത്വാബിനെ സമീപിച്ചു. തിരുമേനിയുടെ വിവരം അറിയാന്‍ അബൂബക്ര്‍(റ) തിടുക്കപ്പെടുന്നതായി അറിയിച്ചു.
ഒരുവേള വല്ല രഹസ്യവും ചോര്‍ത്താനുള്ള പരിപാടിയാണോ ഉമ്മുല്‍ ഖൈറിന്റേതെന്ന് ഉമ്മു ജമീല്‍ സംശയിച്ചു. പിന്നീട് അവര്‍ അബൂബക്‌റിനെ സന്ദര്‍ശിച്ചു. അബൂബക്‌റിന്റെ സ്ഥിതി കണ്ട് വേദനിച്ചു. അബൂബക്ര്‍ ഉമ്മു ജമീലിനോട് തിരുമേനിയുടെ വിവരം അന്വേഷിച്ചു. അവര്‍ പറഞ്ഞു: 'താങ്കളുടെ മാതാവ് അക്കാര്യം അന്വേഷിക്കാതെയല്ല. എങ്കിലും ഒരു സൂക്ഷ്മതക്കു വേണ്ടി ഞാന്‍ ഉമ്മയോടൊപ്പം നേരിട്ടു വന്നതാണ്. റസൂല്‍ തിരുമേനി(സ)ക്ക് പ്രശ്‌നമൊന്നുമില്ല.' അപ്പോള്‍ അബൂബക്ര്‍(റ) അന്വേഷിച്ചു; 'തിരുദൂതര്‍(സ) ഇപ്പോള്‍ എവിടെയാണുള്ളത്?!
ഉമ്മുജമീല്‍; 'ദാറുല്‍ അര്‍ഖമില്‍.' രാത്രി ആളടങ്ങിയപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് ഉമ്മയോടും ഉമ്മു ജമീലിനോടുമൊപ്പം പ്രയാസപ്പെട്ട് ദാറുല്‍ അര്‍ഖമിലേക്ക് വേച്ചുവേച്ച് നടന്നു. അവിടെ പ്രിയപ്പെട്ട നബിയെ കണ്ട് ആശ്ലേഷിച്ചു. അബൂബക്ര്‍ സിദ്ദീഖിന്റെ സ്ഥിതി കണ്ട് തിരുമേനി(സ) വളരെ വേദനിച്ചു. ഈ സമയം അബൂബക്ര്‍ നബി തിരുമേനിയോട് പറഞ്ഞു: 'തിരുദൂതരേ, ഇതെന്റെ ഉമ്മ സല്‍മ... ഇവര്‍ക്ക് എന്റെ കാര്യത്തില്‍ വളരെ ആശങ്കയുണ്ട്. എന്നോട് വളരെ സ്‌നേഹവും ഇഷ്ടവുമുള്ള പ്രിയ മാതാവ്. ഇവരെ നിങ്ങള്‍ ഇസ്‌ലാമിലേക്ക് വിളിച്ചു നോക്കണം. നരകത്തില്‍നിന്ന് എന്റെ പ്രിയപ്പെട്ട ഉമ്മ രക്ഷപ്പെടണം എന്ന് എനിക്കാഗ്രഹമുണ്ട്.'
തിരുമേനി(സ) ഇസ്‌ലാമിനെ കുറിച്ചും കാരുണികനായ നാഥനെ കുറിച്ചും പരിചയപ്പെടുത്തി. അവര്‍ക്കായി പ്രാര്‍ഥിച്ചു. അതോടെ അവര്‍ ഇസ്‌ലാം സ്വീകരിച്ചു. അല്ലാഹു അക്ബര്‍, സുബ്ഹാനല്ലാഹ്... ഉമ്മുല്‍ ഖൈറിന്റെ ജീവിതത്തിന്റെ പുതിയ പ്രഭാതം പുലരുകയായിരുന്നു. അന്നത്തെ ആ ന്യൂനപക്ഷ ഇസ്‌ലാമിക കൂട്ടായ്മയോട് അവര്‍ കൂടിച്ചേര്‍ന്നു. മാതാവ് ഇസ്‌ലാം സ്വീകരിച്ചതോടെ അബൂബക്‌റിന്റെ(റ) കണ്ണുകള്‍ തെളിഞ്ഞു. മക്കാ വിജയ വേളയില്‍ അബൂബക്‌റിന്റെ പിതാവ് അബൂഖുഹാഫയും ഇസ്‌ലാം സ്വീകരിച്ചിരുന്നു.
'തന്റെ മാതാവും പിതാവും ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ അഭിമാനിക്കാന്‍ മുഹാജിറുകളില്‍ അബൂബക്ര്‍ ഒരാളേയുള്ളൂ' എന്ന് അലി(റ) പറയാറുണ്ടായിരുന്നു (തഹ്ദീബുല്‍ അസ്മാഅ് വല്ലുഗാത്ത്). മക്കയില്‍ വിശ്വാസികള്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കുകയായിരുന്നു. മദീനയിലേക്ക് പോകാന്‍ വിശ്വാസികള്‍ക്ക് തിരുമേനി(സ)ക്ക് അനുവാദം കൊടുത്തു. ഉമ്മുല്‍ഖൈര്‍ ഈ മദീനാ യാത്രയില്‍ അംഗമായി. മദീനയില്‍ അവര്‍ തിരുമേനിയുടെ ജീവിതം നേരില്‍ നോക്കിക്കണ്ടു.
തിരുമേനി മരണപ്പെടുമ്പോള്‍ ഉമ്മുല്‍ ഖൈറിനെക്കുറിച്ച് സംതൃപ്തനായിരുന്നു. അവര്‍ നല്ലവരോടൊപ്പം ഹിജ്‌റ പോയി നല്ലവരോടൊപ്പം ബൈഅത്ത് ചെയ്തു. സുബൈറുബ്‌നു സുകാര്‍ പറയാറുണ്ടായിരുന്നു; അബൂബക്‌റിന്റെ ഉമ്മ ഉമ്മുല്‍ ഖൈര്‍ നബി തിരുമേനിയില്‍നിന്ന് നേരിട്ട് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) എടുക്കാന്‍ ഭാഗ്യമുണ്ടായ വനിതയത്രെ.

അവസാന ദിനങ്ങള്‍
തിരുമേനി ദിവംഗതനായതോടെ അബൂബക്ര്‍ ഭരണാധികാരിയായി വന്നു. അബൂബക്‌റിന്റെ മാതാപിതാക്കളും മക്കളും പേരമക്കളും ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. അബൂബക്ര്‍ മരണപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. മാതാപിതാക്കളെ അനന്തരാവകാശികളാക്കിയിട്ട് മരണപ്പെട്ടു പോകാന്‍ ഇടയായ ഖലീഫമാര്‍ വേറെയില്ല. എന്നാല്‍ അബൂഖുഹാഫ മകന്റെ അനന്തര സ്വത്തില്‍നിന്ന് തന്റെ ഓഹരി എടുക്കാതെ എല്ലാം പേരമക്കള്‍ക്ക് വിട്ടുകൊടുത്തു. മകന്‍ അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ മരണത്തിന്റെ ഏതാനും മാസം കഴിഞ്ഞ ഉടനെ ആ ധന്യജീവിതത്തിനു തിരശ്ശീല വീണു. ഏറെ നല്ല ഓര്‍മകള്‍ ബാക്കിവെച്ചായിരുന്നു ഉമ്മുല്‍ ഖൈറിന്റെ മടക്കം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top