ചരിത്രം മുസ്‌ലിം സ്ത്രീയോട് പറയുന്നത്

അലി ശരീഅത്തി No image

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീക്ക് ഇസ്‌ലാമിലുള്ള സ്ഥാനത്തെക്കുറിച്ചുമുള്ള സംസാരവും ഇസ്‌ലാം മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, നല്‍കുന്ന അവകാശങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ നേടിയെടുക്കുന്ന പ്രക്രിയയും രണ്ടും രണ്ടാണ്. ഇസ്‌ലാം ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നു, സ്ത്രീകള്‍ക്ക് പുരോഗമനപരമായ അവകാശങ്ങള്‍ നല്‍കുന്നു തുടങ്ങിയ ഉദാഹരണങ്ങളിലേക്ക് ഉത്സാഹത്തോടെ വിരല്‍ ചൂണ്ടുകയല്ലാതെ മനുഷ്യര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഈ മൂല്യങ്ങള്‍ നിലവില്‍ കൊണ്ടുവരാന്‍ നമ്മള്‍ പ്രയത്‌നിക്കാറില്ല. ഈ മൂല്യങ്ങളെ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ അങ്ങനെയൊരു യാഥാര്‍ഥ്യം ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് സാധിക്കൂ.
സമൂഹത്തെയും സാമൂഹിക ബന്ധങ്ങളെയും സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങളെയും കുറിച്ച് നമുക്കിടയിലുള്ളവര്‍ക്ക് നല്ല ധാരണയുണ്ട്. എന്നാല്‍ യാഥാര്‍ഥ്യത്തിലേക്ക് വരുമ്പോള്‍ പുരാതനവും അനിസ്‌ലാമികവുമായ ആചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു കൊണ്ട് ഇസ്‌ലാമിക രീതിയിലധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കാന്‍ നമ്മളില്‍ പലരും ധൈര്യം കാണിക്കാറില്ല എന്നതാണ് വാസ്തവം. അതായത് പലപ്പോഴും പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് വേറൊന്നാണ്.
പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെ, പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധത്തിനു ശേഷം, സ്ത്രീകളുടെ സാമൂഹികാവകാശങ്ങളും അവ ഉന്നയിക്കുന്ന പ്രത്യേക പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ പല ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. മാനസികാഘാതങ്ങളുടെയും വൈജ്ഞാനിക കേന്ദ്രങ്ങളിലെ വിപ്ലവ ചിന്തകളുടെയും രാഷ്ട്രീയ മാറ്റങ്ങളുടെയും അന്താരാഷ്ട്ര മുന്നേറ്റങ്ങളുടെയും പ്രഭാവമാണ് ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോകത്തുടനീളമുള്ള പുരാതന മത സമൂഹങ്ങളെ ഈ മാറ്റങ്ങള്‍ സ്വാധീനിച്ചു. പഴമക്കാരായ ബദുക്കളും നാഗരിക സംസ്‌കാരങ്ങളുടെ പ്രതിനിധികളായ മുസ്‌ലിംകളും അമുസ്‌ലിംകളുമടക്കം സാമൂഹിക-സാംസ്‌കാരിക പരിണാമത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള ആളുകള്‍ ഈ സ്വാധീനവലയത്തില്‍ വന്നു. 
സ്ത്രീ വിമോചനം എന്ന ആശയത്തിന് ഇരുപതാം നൂറ്റാണ്ടില്‍ ലഭിച്ച വ്യാഖ്യാനം ഇന്ന് അടച്ചുമൂടിയ പുരാതന മത സമുദായങ്ങളിലേക്കും അരിച്ചിറങ്ങി തുടങ്ങിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങളുടെ ഒത്താശയോടെ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങളുടെ ഈ പുതിയ പ്രളയത്തെ നേരിടാന്‍ വളരെക്കുറച്ച് സാംസ്‌കാരിക, പൗരാണിക, മത സംസ്‌കാരങ്ങള്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നാല്‍ സാമൂഹിക മൂല്യങ്ങളെ തള്ളിക്കളഞ്ഞും പുതിയ പോരാട്ടങ്ങള്‍ തുടങ്ങിവെച്ചും സ്ത്രീ വിമോചനത്തിന്റെ പേരില്‍ ഇവരുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ആധുനികത എന്ന ആശയത്തെ തടുക്കുന്നതില്‍ ഇവരും പരാജയപ്പെട്ടിരിക്കുന്നു. അതേ സമൂഹത്തിലുള്ള പുതുതായി വിദ്യാഭ്യാസം നേടിയ വ്യാജ ബുദ്ധിജീവികള്‍ ഈ മാറ്റത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും അതിനെ ശക്തിപ്പെടുത്തുന്നതില്‍ പങ്കു വഹിക്കുകയും ചെയ്യുന്നു.
പൗരസ്ത്യ ലോകത്തെ മുസ്‌ലിം-അമുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ ആധുനിക ബുദ്ധിജീവി വിഭാഗം വസ്ത്രധാരണത്തെ പുരോഗമനവുമായും പ്രബുദ്ധതയുമായും ബന്ധപ്പെടുത്തി സംസാരിക്കുന്നു. എന്നാല്‍ ഇതിനെതിരെ യാഥാസ്ഥിക വാദികള്‍ നിരത്തി വരുന്നത് അശാസ്ത്രീയവും യുക്തിക്ക് നിരക്കാത്തതുമായ വാദങ്ങളാണ്. എണ്ണക്ക് തീ പിടിച്ചപ്പോള്‍ കെടുത്താന്‍ നോക്കിയവര്‍ കൂടുതല്‍ തീ പടര്‍ത്തിയ അവസ്ഥയാണ് അവിടെയുണ്ടായത്. മതിയായ അറിവ് നേടാതെ വ്യാജ ബുദ്ധിജീവികളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളും മാത്രമേ സൃഷ്ടിച്ചുള്ളൂ.
ആധുനിക സ്ത്രീയെക്കുറിച്ചുള്ള പാശ്ചാത്യ കാഴ്ചപ്പാടുകളെ ചെറുക്കാന്‍ എല്ലാ സമൂഹങ്ങള്‍ക്കും ആദ്യം വേണ്ടത് അനുഭവങ്ങളും മൂല്യങ്ങളും ആശയങ്ങളും കൊണ്ട് സമ്പന്നമായ ഒരു ചരിത്ര-സാംസ്‌കാരിക പാരമ്പര്യമാണ്. പുരോഗമനപരമായ മനുഷ്യാവകാശങ്ങളും അവ വിജയകരമായി ജീവിതത്തില്‍ നടപ്പാക്കി കാണിച്ച മുന്‍ മാതൃകകളും നമുക്കാവശ്യമായി വരും. ഇക്കാര്യത്തില്‍ വളരെയധികം ഭാഗ്യം ലഭിച്ചവരാണ് മുസ്‌ലിം സമുദായം. സാംസ്‌കാരികമായ കരുത്തും സാധ്യതകളും പുരോഗമനപരമായ ചരിത്രവും മത-മൂല്യ സംവിധാനവും മുസ്‌ലിംകള്‍ക്ക് സ്വന്തമായുണ്ട്. 
അവര്‍ക്ക് ബഹുമാനിക്കാനും അനുകരിക്കാനും സാധിക്കുന്ന യഥാര്‍ഥ മാതൃകകളെ ചരിത്രത്തില്‍ നിന്ന് കാണിച്ചു കൊടുത്താല്‍ മാത്രമേ ഇത് നേടിയെടുക്കാന്‍ കഴിയൂ. ഇവരുടെ ജീവിതങ്ങളെയും വ്യക്തിത്വങ്ങളെയും ശരിയായും ശാസ്ത്രീയമായും അവലോകനം ചെയ്യുകയും അക്കാദമിക തലത്തില്‍ അവരെക്കുറിച്ച് സൂക്ഷ്മപഠനങ്ങള്‍ അരങ്ങേറുകയും ചെയ്യണം. ഉന്നതമായ ഒരു ജീവിതം നയിക്കുന്നതിനുള്ള മാതൃകകള്‍ സ്വന്തം ചരിത്രത്തില്‍ തന്നെയുണ്ട് എന്ന ബോധ്യം യുവജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ ഇതു വഴി സാധിക്കും.
ശാസ്ത്രം, സ്ത്രീയുടെ അവകാശങ്ങള്‍, ജീവിതശൈലി, വര്‍ഗ ബന്ധങ്ങള്‍, പാണ്ഡിത്യം, ലോകവീക്ഷണം മുതലായ എല്ലാ വിഷയങ്ങളിലും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടും ആദര്‍ശവുമുണ്ടെന്ന കാര്യം ഓര്‍ക്കണം. നമ്മുടെ ഇന്നത്തെ പ്രതിസന്ധികള്‍ പരിഹരിക്കാനും വൈജ്ഞാനികമായ വെല്ലുവിളികള്‍ നേരിടാനും ആവശ്യങ്ങള്‍ കുറക്കാനും ഇവ ധാരാളമാണ്. പക്ഷേ, നമ്മുടെ മൂല്യങ്ങളെ നമ്മള്‍ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? അതില്‍നിന്ന് പരിഹാരങ്ങള്‍ എങ്ങനെയാണ് കണ്ടുപിടിക്കേണ്ടത്?
ചരിത്ര സത്യങ്ങളെ നേരായി മനസ്സിലാക്കുക എന്നതാണ് നമുക്കു മുന്നിലെ ആദ്യത്തെ കടമ്പ. പ്രവാചകന്റെ കുടുംബാംഗങ്ങളായ മുസ്‌ലിംകള്‍ ഏറ്റവും ഉദാത്തമായ ഇസ്‌ലാമിക-മാനവിക മൂല്യങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പിന്‍പറ്റിയിരുന്നവരാണെന്ന് എല്ലാ വിഭാഗങ്ങളിലെയും ഇസ്‌ലാമിക പണ്ഡിതര്‍ അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. ആ ചെറിയ വീട് ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയ മാതൃകകള്‍ മനുഷ്യന്റെ മുഴുവന്‍ ചരിത്രത്തേക്കാള്‍ മഹത്തരമാണ്. ഒരു ഗോത്രമോ വര്‍ഗമോ പുലര്‍ത്തി പോന്നിരുന്ന പൗരാണിക മൂല്യങ്ങളായിരുന്നില്ല അത്. എക്കാലത്തെയും മനുഷ്യര്‍ക്ക് അവര്‍ മാതൃകകളാണ്. ഈ സത്യം അംഗീകരിക്കാതിരിക്കാന്‍ മാനവിക മൂല്യങ്ങളെക്കുറിച്ചു ബോധ്യമുള്ള ഒരാള്‍ക്കും സാധിക്കില്ല.
രണ്ടാം ലോകയുദ്ധത്തിനു ശേഷം വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയ ഒരു വിഷയമാണ് സ്ത്രീയുടെ പദവി. യുദ്ധം പല കുടുംബബന്ധങ്ങളെയും ദുര്‍ബലപ്പെടുത്തുകയോ ശിഥിലമാക്കുകയോ ചെയ്തു. ധാര്‍മികത, ആത്മീയത, സാന്മാര്‍ഗികത തുടങ്ങിയ മൂല്യങ്ങള്‍ക്ക് അര്‍ഥമില്ലാതായി. അക്രമങ്ങളും ക്രൂരതകളും മോഷണങ്ങളും വര്‍ധിച്ചു. ഇതിന്റെയൊക്കെ ഫലം യുദ്ധത്തിന് കാല്‍ നൂറ്റാണ്ട് ശേഷമുള്ള പാശ്ചാത്യ ചിന്തകളിലും തത്ത്വശാസ്ത്രങ്ങളിലും കലയിലും കാണാന്‍ സാധിക്കും. യുദ്ധത്തിനു മുമ്പും ശേഷവും ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. നൂറ്റാണ്ടുകള്‍ കൊണ്ട് സംഭവിക്കാവുന്ന തരത്തിലുള്ള ഒരു സാംസ്‌കാരിക തകര്‍ച്ചയാണ് ഒരൊറ്റ തലമുറക്കുള്ളില്‍ തന്നെ അവിടെയൊക്കെ സംഭവിച്ചിരിക്കുന്നത്. 
യുദ്ധത്തിനു പുറമെയുള്ള ശക്തികളും ഈ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. പാശ്ചാത്യ സമൂഹങ്ങളുടെ മേല്‍ ക്രൈസ്തവ സഭകള്‍ അടിച്ചേല്‍പ്പിച്ചിരുന്ന മൂല്യസംവിധാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം യുദ്ധത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ആത്മീയവും സാമൂഹികവുമായ തലങ്ങളില്‍ ഒരു സ്ത്രീയുടെ പദവിയെന്താണെന്ന് നിശ്ചയിച്ചതും സഭയായിരുന്നു. എന്നാല്‍ സ്ത്രീവിരുദ്ധമായ പാരമ്പര്യങ്ങള്‍ക്കും കെട്ടുപാടുകള്‍ക്കും പരിധികള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന ശബ്ദങ്ങള്‍ ഈ നിയന്ത്രണം ദുര്‍ബലപ്പെടുത്തി.
നവോത്ഥാനകാലം പുതിയൊരു ബൂര്‍ഷ്വാ വിപ്ലവത്തിന് വഴി കൊടുക്കുകയും ബൂര്‍ഷ്വാ സംസ്‌കാരം സഭയെയും മനുഷ്യന്റെ ആത്മീയ, ബൗദ്ധിക, നിയമ മൂല്യങ്ങളെയും ഏറക്കുറെ നശിപ്പിക്കുകയും ചെയ്തു. ഇവിടെയാണ് ലൈംഗിക വിമോചനം എന്ന ആശയം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത്. തങ്ങള്‍ക്കു മേലുള്ള പരിധികളെയും നിയന്ത്രണങ്ങളെയും കെട്ടുകളെയും വലിച്ചെറിയാന്‍ ഇതിലൂടെ സാധിക്കുമെന്ന് സ്ത്രീകള്‍ മനസ്സിലാക്കി തുടങ്ങി. ശാസ്ത്രഗവേഷണങ്ങളില്‍ പോലും ലൈംഗിക സ്വാതന്ത്ര്യം ഒരു വിഷയമായി മാറി. മതത്തെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാട് എന്നു പറയുന്നത് സത്യത്തില്‍ ഒരു ബൂര്‍ഷ്വാ കാഴ്ചപ്പാടാണ്. ക്രൈസ്തവ സഭ ജന്മിത്തത്തെ താങ്ങി നിര്‍ത്തിയതു പോലെ ബൂര്‍ഷ്വാ വിഭാഗങ്ങളെ ഇന്ന് നിലനിര്‍ത്തുന്നത് ശാസ്ത്രമാണ്. ശാസ്ത്രമല്ല, സത്യത്തില്‍ ഈ ബൂര്‍ഷ്വാ ശക്തികളാണ് മതത്തെയും ധാര്‍മികമൂല്യങ്ങളെയും എതിര്‍ക്കുന്നത്. ബൂര്‍ഷ്വാ ഏജന്റായിരുന്ന ഫ്രോയ്ഡ് പ്രത്യക്ഷപ്പെടുന്നതു വരെ സാമൂഹിക പരിവര്‍ത്തനങ്ങളുടെ അടിത്തറ സാമ്പത്തിക പുരോഗതിയാണെന്ന് വിശ്വസിക്കുന്ന ബൂര്‍ഷ്വാ വിഭാഗങ്ങളാണ് ശാസ്ത്രീയ ലൈംഗികത്വത്തിന് ശക്തി പകര്‍ന്നത്. ജന്മിത്വം മനുഷ്യത്വരഹിതമായ ഒരു സംവിധാനമായിരുന്നെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മൂല്യങ്ങള്‍ അതിനകത്തും ഉണ്ടായിരുന്നു. എന്നാലും ബൂര്‍ഷ്വാ കാഴ്ചപ്പാട് മനുഷ്യനിലുള്ള എല്ലാ ഉദാത്തമായ ചിന്തകളെയും തള്ളിക്കളയുന്നു. ഇവിടെ എല്ലാത്തിന്റെയും വില നിശ്ചയിക്കപ്പെടുന്നത് പണത്തിന്റെ മാനദണ്ഡത്തിലൂടെയാണ്. മനശ്ശാസ്ത്രവും നരവംശശാസ്ത്രവും പഠിക്കുന്നവര്‍ മനുഷ്യന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ലൈംഗിക മോഹങ്ങളെ മാത്രം അവലോകനം ചെയ്യുന്ന അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുന്നു. വിശ്വാസം, സംസ്‌കാരം, മാനസികാരോഗ്യം എന്നിങ്ങനെ എല്ലാ മേഖലകളും അതുമായി ബന്ധപ്പെടുത്തുന്നു. മനുഷ്യരിലെ എല്ലാ കോമള വികാരങ്ങളും ലൈംഗികതയുടെ കണ്ണിലൂടെ മാത്രമേ ഒരു ബൂര്‍ഷ്വാ സംവിധാനത്തിലെ സാമൂഹിക ശാസ്ത്രജ്ഞനു നോക്കിക്കാണാന്‍ കഴിയൂ. ഇങ്ങനെ മൂല്യങ്ങളെയും ആത്മീയതയെയും നിരാകരിക്കുന്നതിനെ ഫ്രോയ്ഡ് 'റിയലിസം' എന്ന് വിളിച്ചു. മറ്റെല്ലാം ത്യജിച്ച് ലൈംഗികത എന്ന ഒരൊറ്റ മതത്തിന്റെ വക്താവായി മാറുകയായിരുന്നു ഫ്രോയ്ഡ്. ഈ പുതിയ മതത്തിന്റെ ക്ഷേത്രത്തില്‍ ആദ്യം ബലി കഴിക്കപ്പെട്ടത് സ്ത്രീയും അവളുടെ മൂല്യങ്ങളുമാണ്.
അടിച്ചമര്‍ത്തപ്പെട്ടവന്റെ ശ്രദ്ധ അപ്രധാനവും അതിവൈകാരികവുമായ കാര്യങ്ങളിലേക്ക് തിരിച്ചു വിട്ട് തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരായി അവരെ മാറ്റുകയാണ് കൊളോണിയല്‍ ശക്തികളുടെ രീതി. മറുവശത്താകട്ടെ തൊഴില്‍രാഹിത്യത്തിലൂടെയും മറ്റും അകറ്റി നിര്‍ത്തപ്പെടുന്ന പാശ്ചാത്യ ലോകത്തെ ചെറുപ്പക്കാര്‍ വിനാശകരമായ സ്വഭാവങ്ങളിലേക്ക് തിരിയുന്നു; അവിടെ കുറ്റകൃത്യങ്ങളും വഞ്ചനയും വര്‍ധിക്കുന്നു. 
ഈയൊരു സാഹചര്യത്തിലാണ് ഫ്രോയ്ഡിന്റെ ലൈംഗിക സിദ്ധാന്തങ്ങള്‍ക്ക് ശക്തിയേറുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം കരുത്താര്‍ജിച്ച ഈ സിദ്ധാന്തങ്ങള്‍ പല കലാരൂപങ്ങള്‍ക്കും അടിത്തറ പാകി. അക്രമവും ലൈംഗികതയുമാണ് ഇന്നത്തെ ചലച്ചിത്രങ്ങളുടെ പ്രധാന പ്രമേയങ്ങള്‍. രണ്ടും യുദ്ധത്തിന്റെ അവശേഷിപ്പുകളാണ്. മറ്റു കലാരൂപങ്ങളില്‍നിന്ന് വ്യത്യസ്തമായി സാമ്പത്തിക മൂലധനം വളരെയധികം ആവശ്യമായ ഒരു കലാരൂപമാണ് ചലച്ചിത്രങ്ങള്‍. അങ്ങനെ ബൂര്‍ഷ്വാ വിഭാഗങ്ങളുടെ പദ്ധതികള്‍ക്കനുസരിച്ച് യുവജനങ്ങളെ ലൈംഗികതയിലും അക്രമത്തിലുമൂന്നിയ ഒരു ജീവിതത്തിലേക്ക് നയിക്കാന്‍ ചലച്ചിത്രങ്ങള്‍ ഒരു ഉത്തമ വഴിയാവുന്നു.
ഇങ്ങനെ യുവജനങ്ങളെ വഴിതിരിച്ചു വിടുന്നതില്‍ ബോധപൂര്‍വമല്ലാതെ പങ്കാളികളാവുന്ന മറ്റൊരു വിഭാഗമുണ്ട്. പുരാതനവും യുക്തിരഹിതവും കര്‍ശനവുമായ മാര്‍ഗങ്ങള്‍ അവലംബിച്ചു കൊണ്ട് ചെറുപ്പക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ, തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിഭാഗക്കാരാണിത്. സ്ത്രീയെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ അവളുടെ മേല്‍ എല്ലാ വിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയും അവളുടെ മാനുഷികവും മതപരവുമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവരുടെ അമിതമായ നിയന്ത്രണങ്ങള്‍ യുവജനങ്ങളെ ഒടുവില്‍ അതേ സിദ്ധാന്തങ്ങളില്‍ തന്നെ കൊണ്ടെത്തിക്കുന്നു. 
ഇവിടെ ചെയ്യാവുന്നത് ഒന്ന് മാത്രമേ ഉള്ളൂ; സ്ത്രീകള്‍ക്ക് അവരുടെ മാനുഷികവും ഇസ്‌ലാമികവുമായ അവകാശങ്ങള്‍ നല്‍കുക. 
ഇവിടെ മുഖ്യമായും ആശയക്കുഴപ്പമുണ്ടാവുന്നത് സംസ്‌കാരവും മതവും തമ്മിലാണ്. മുസ്‌ലിം സമൂഹങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങളും സമ്പത്ത്, കുടുംബം, സമുദായം തുടങ്ങിയ കാര്യങ്ങളിലെ നിയമങ്ങളും ഓരോ പ്രദേശത്തിന്റെ തനതായ സംസ്‌കാരവും ആചാരങ്ങളുമായി ഇടപഴകുന്നുണ്ട്. ഇവക്ക് ഇസ്‌ലാമുമായി ബന്ധമില്ല. ഇവിടെ സംസ്‌കാരത്തിന്റെ സ്വാധീനം മതത്തെ ജീര്‍ണതയിലേക്ക് നയിച്ചിരിക്കുകയാണ്. ഇസ്‌ലാമിക നിയമങ്ങള്‍ മാനവികതയില്‍ നിന്നുണ്ടായതാണ്. പ്രകൃതിക്കും സ്രഷ്ടാവിന്റെ കല്‍പനക്കുമനുസരിച്ചുണ്ടായ ഈ നിയമങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതാണ്. അതോടൊപ്പം സമന്വയിച്ചു പോവാത്ത പ്രാദേശിക നിയമങ്ങള്‍ മാറ്റത്തിന് വിധേയമായേ പറ്റൂ. എല്ലാ കാലങ്ങളുടെയും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ യഥാര്‍ഥ ഇസ്‌ലാമിനെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്. അത്തരത്തിലുള്ള മൂല്യങ്ങളെ നിഷേധിക്കാന്‍ ഏറ്റവും പുരോഗമനപരവും വിപ്ലവകാരിയുമായ ചിന്തകര്‍ക്ക് പോലും സാധിക്കില്ല. മതത്തെ വേര്‍തിരിച്ചെടുക്കുന്ന ഈ ദൗത്യം മത പണ്ഡിതന്മാര്‍ ഏറ്റെടുത്തില്ലെങ്കില്‍ മതേതര പാരമ്പര്യത്തില്‍ പരിശീലനം സിദ്ധിച്ച ആധുനിക പണ്ഡിതര്‍ അതിലേക്ക് എങ്ങനെ കടന്നുവരും?
പ്രവാച പുത്രി ഫാത്വിമയെ ഓര്‍ക്കൂ; നടക്കുകയും ഇരിക്കുകയും സംസാരിക്കുകയും ജീവിക്കുകയും ചെയ്ത യഥാര്‍ഥ ഫാത്വിമ. പള്ളിയിലെയും സമൂഹത്തിലെയും കാര്യങ്ങളില്‍ അവര്‍ക്ക് ശബ്ദമുണ്ടായിരുന്നു. വീട്ടിലെ കുഞ്ഞുങ്ങളുടെ പരിപാലനത്തിലും തന്റെ കുടുംബത്തിന് സമൂഹവുമായി നടത്തേണ്ടി വന്ന സംഘര്‍ഷങ്ങളിലും ഇസ്‌ലാമിക പ്രബോധനത്തിലും അവര്‍ ഒരുപോലെ പങ്കെടുത്തു. അവരില്‍ നമുക്ക് മികച്ച ഒരു മാതൃകയുണ്ട്. ഇങ്ങനെ രക്തവും മാംസവുമുള്ള യഥാര്‍ഥ മനുഷ്യര്‍ ജീവിച്ചു കാണിച്ച മൂല്യങ്ങളുടെ ഒരു സംഹിതയായി കാണുമ്പോള്‍ മാത്രമാണ് ഇസ്‌ലാമിന്റെ വിശാലമായ മഹത്വത്തെക്കുറിച്ച് നമുക്ക് ബോധ്യപ്പെടുന്നത്.
കര്‍ബലയിലെ സൈനബിനെ ഓര്‍ത്തുനോക്കൂ! ഏത് സമൂഹത്തിലെയും സംസ്‌കാരത്തിലെയും മത-ഗോത്ര-വര്‍ഗത്തിലെയും സ്ത്രീയും ഏറ്റവും ഉദാത്തമെന്നും പുരോഗമനപരമെന്നും മാനുഷികമെന്നും ഒരു സംശയവും കൂടാതെ അംഗീകരിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു സൈനബ്.
ഇസ്‌ലാമിന്റെ പ്രവാചകന്‍, ചരിത്രം പോലും വിനയത്തോടെ തലകുനിച്ചു കൊടുത്ത ആ മഹാന്‍, സ്വന്തം വീട്ടിനകത്ത് കരുണയോടെയും മൃദുലതയോടെയും മാത്രം പെരുമാറിയവനായിരുന്നു. ഭാര്യമാരുമായി പിണക്കമുണ്ടായാല്‍ അദ്ദേഹം വീട്ടിന് പുറത്തുള്ള ധാന്യമുറിയില്‍ പോയിരിക്കുമായിരുന്നു; കര്‍ക്കഷമായ ഒരു സമീപനവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതാണ് ശരിയായ ഇസ്‌ലാമിക മാതൃക; സ്വയം മതനിഷ്ഠനെന്ന് വിശേഷിപ്പിച്ചു കൊണ്ട് ഭാര്യയെ പീഡിപ്പിക്കുന്നവനല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്‌കാരത്തിന്റെ സ്വാധീനം കൊണ്ട് വളര്‍ന്നുവന്നതാണ്. സ്ത്രീകളോടുള്ള പ്രവാചകന്റെ സമീപനത്തിന്റെ മറ്റൊരു അതിശയിപ്പിക്കുന്ന ഉദാഹരണം പറയാം. ഹുനൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ മദീനയിലെ ചില യുവതികള്‍ താല്‍പര്യം കാണിച്ചു. മക്കക്കും ജിദ്ദക്കും ഇടയിലുള്ള സ്ഥലമാണ് ഹുനൈന്‍. മക്കയില്‍ നിന്ന് മദീനയിലേക്കു തന്നെ 600 കി.മീ ദൂരമുണ്ട്. യുദ്ധക്കളം അതിലും അകലെയായിരുന്നു. മാസങ്ങളോളം നീളുന്ന യാത്ര. എന്നിട്ടും 15 യുവതികളെ യുദ്ധത്തില്‍ സഹായിക്കാനായി തന്റെ കൂടെ പ്രവാചകന്‍ കൊണ്ടുപോയി.
മദീനയിലെ പള്ളിയുടെ ഒരു വശത്ത് യുദ്ധത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ഒരു ടെന്റ് കെട്ടാന്‍ റുഖിയ്യയോട് കല്‍പിച്ചത് പ്രവാചകനാണ്. രോഗികളെയും പരിക്കേറ്റവരെയും ചികിത്സിക്കുന്ന ഈ പാരമ്പര്യം ഇസ്‌ലാമില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വന്നു. ഉള്‍പ്രദേശമായ സബ്‌സേവറിലെ ഗവര്‍ണറായിരുന്ന അലാവുദീന്‍ നിര്‍മിച്ച മനോഹരമായ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സുന്ദരികളായ സ്ത്രീകളെക്കുറിച്ച് ഇബ്ന്‍ യമീന്‍ ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നിട്ടും ഒന്നാം ലോകയുദ്ധകാലത്ത് ആശുപത്രികളില്‍ പ്രവര്‍ത്തിച്ച അമേരിക്കക്കാരോ യൂറോപ്യരോ ആയ വനിതകളാണ് നഴ്‌സിംഗ് എന്ന തൊഴിലിന് തുടക്കം കുറിച്ചതെന്ന് നമ്മുടെ പണ്ഡിതര്‍ പ്രഖ്യാപിക്കുന്നു. മതത്തെ നിരാകരിക്കുന്നതിന്റെ ഭാഗമായി മതപരമായ പ്രവര്‍ത്തനങ്ങളെയും ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയുന്ന ബൃഹത്തായ പ്രക്രിയയുടെയും ഒരുദാഹരണം മാത്രമാണിത്.
തന്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലോകത്ത് ജീവിക്കുന്ന സ്ത്രീക്കുണ്ട്. തനിക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പാരമ്പര്യ രീതികളോ പുറത്തുനിന്ന് ഇറക്കുമതി ചെയ്ത പുതിയ രീതികളോ അവള്‍ക്ക് ആവശ്യമില്ല. ഇത് രണ്ടും അവള്‍ക്ക് നന്നായി തിരിച്ചറിയാന്‍ സാധിക്കും. അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന കാര്യങ്ങള്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ടതല്ല; പൗരാണിക സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടതാണ്. പുറത്തു നിന്ന് വരുന്നതാകട്ടെ, ശാസ്ത്രമോ മാനവികതയോ സ്വാതന്ത്ര്യമോ വിമോചനമോ അല്ല. സ്ത്രീകളോടുള്ള ബഹുമാനം അതിന്റെ അടിത്തറയിലില്ല. പകരം വിപണിയോടുള്ള ആസക്തിയും സ്വന്തം കാര്യങ്ങളില്‍ മാത്രമുള്ള താല്‍പര്യങ്ങളുമാണ് അതിലെ പ്രധാന ഘടകങ്ങള്‍. പാരമ്പര്യമായി കണ്ടുവന്ന കര്‍ക്കശക്കാരിയായ സ്ത്രീയുടെയോ മൂല്യങ്ങളില്ലാത്ത ആധുനിക സ്ത്രീയുടെയോ മുഖം അവള്‍ ആഗ്രഹിക്കുന്നില്ല. ഒരു മുസ്‌ലിം സ്ത്രീയുടെ മുഖമാണ് അവള്‍ ആഗ്രഹിക്കുന്നത്. ഇവിടെ ചരിത്രത്തേക്കാളും യുക്തി-ശാസ്ത്ര വാദങ്ങളേക്കാളും അവള്‍ക്ക് പ്രചോദനമേകാന്‍ സാധിക്കുന്നത് യഥാര്‍ഥമായ ഉദാഹരണങ്ങള്‍ക്കാണ്. പ്രവാചകന്റെ ഒരൊറ്റ കുടുംബത്തില്‍ നിന്നു തന്നെ അവള്‍ക്ക് തനിക്ക് ആവശ്യമുള്ള മാതൃകകളെ കണ്ടെത്താനും സാധിക്കും. 
പ്രവാചകന്‍ ഫാത്വിമയെ ലോകത്തിലെ ഏറ്റവും മഹതികളായ നാല് സ്ത്രീകളിലൊരാളായി പ്രഖ്യാപിച്ചു. അവര്‍ വേദനകളും സംഘര്‍ഷങ്ങളും ദുരിതങ്ങളുമനുഭവിച്ചപ്പോള്‍ 'ലോകത്തിലെ വനിതകളിലെ നേതാവായി' തെരഞ്ഞെടുക്കപ്പെടുമെന്ന് അവരെ അദ്ദേഹം സമാശ്വസിപ്പിച്ചു. ഇവ വെറും വാക്കുകളായിരുന്നില്ല. ആ പദവിയോടൊപ്പം വന്നു ചേര്‍ന്ന ഭാരങ്ങളെയും ഉത്തരവാദിത്തങ്ങളെയും ക്ഷമയോടെ നേരിടാന്‍ അദ്ദേഹം അവരോട് ഉപദേശിച്ചു. 'വനിതകളിലെ നേതാവ്' എന്ന് വിശേഷിപ്പിച്ചതിലൂടെ ആളുകള്‍ അവരെ ആരാധിക്കണമെന്ന് പ്രവാചകന്‍ ആഗ്രഹിച്ചില്ല. പകരം ആളുകള്‍ക്ക് അനുകരിക്കാന്‍ സാധിക്കുന്ന ഒരു മാതൃക അവരിലൂടെ സൃഷ്ടിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. 
മാതാവ് എന്ന നിലയിലും സ്ത്രീ എന്ന നിലയിലും വിവാഹബന്ധത്തിലും മാതൃത്വത്തിലും കുട്ടികളുടെ പരിപാലനത്തിലും അലിയുടെ പങ്കാളിയായും അവര്‍ ഏറ്റവും ഉത്തമമായ മാതൃകകള്‍ കാഴ്ചവെച്ചു. ബാല്യം മുതല്‍ ജീവിതാവസാനം വരെ അവര്‍ ഉത്തരവാദിത്തത്തോടെ പെരുമാറി. 
പത്ത് വയസ്സുള്ള കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവര്‍ പിതാവായ പ്രവാചകന്റെ കൂടെ മദീനയൊട്ടാകെ സഞ്ചരിച്ചു. രാഷ്ട്രീയമായും സാമൂഹികമായും പ്രത്യയശാസ്ത്രപരമായും സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന നാടുകളിലൂടെ ഇത്ര ചെറിയ ഒരു പെണ്‍കുട്ടി തന്റെ പിതാവിന്റെ കൂടെ പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ചെറുതായിരുന്നെങ്കിലും ഇസ്‌ലാമിക വിപ്ലവത്തിന്റെ വിധി നിശ്ചയിക്കുന്നതില്‍ തനിക്കും പങ്കുണ്ടെന്ന് അവര്‍ വിശ്വസിച്ചു. പ്രവാചകന്‍ ശത്രുവിനെതിരെ ഒറ്റപ്പെട്ട നിമിഷങ്ങളില്‍ ഫാത്വിമ അദ്ദേഹത്തിന്റെ കൂടെ നിലകൊണ്ടു. ഒരിക്കല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പ്രവാചകന്റെ തലയിലേക്ക് ശത്രുക്കള്‍ മണല്‍ എറിഞ്ഞപ്പോള്‍ തന്റെ കുഞ്ഞു കൈകള്‍ കൊണ്ട് ഫാത്വിമയാണ് അദ്ദേഹത്തിന്റെ മുഖം വൃത്തിയാക്കിയത്. അവരാണ് അദ്ദേഹത്തെ സമാശ്വസിപ്പിച്ചത്. 
പ്രഗത്ഭ സൈനികനായ സഅ്ദ് ബിന്‍ വഖാസ് പോലും ഓര്‍ക്കാന്‍ ഭയപ്പെട്ടിരുന്നത്രയും ഭീകരമായ നാളുകളായിരുന്നു പ്രവാചകന്റെയും കൂട്ടരുടെയും മൂന്നു വര്‍ഷത്തെ ഏകാന്ത വാസം. അന്നും ഫാത്വിമ അദ്ദേഹത്തിന്റെ കൂടെ ഉറച്ചുനിന്നു. 
മദീനയിലേക്ക് താമസം മാറുന്ന കാലത്തുള്ള സംഘര്‍ഷങ്ങളെയും അവര്‍ ധീരതയോടെ നേരിട്ടു. അലിയെ വിവാഹം കഴിക്കാനുള്ള  അവരുടെ തീരുമാനവും ധീരമായ ഒന്നായിരുന്നു. നിറഞ്ഞ കൈകളോടെ അലി ഒരിക്കലും വീട്ടിലേക്ക് കയറി വരില്ലെന്ന് ഫാത്വിമക്കറിയാമായിരുന്നു. എന്നിട്ടും മാനവികരാശിക്കു തന്നെ മാതൃകയായ ഒരു കുടുംബം വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു.
'ഫാത്വിമയേക്കാള്‍ മികച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല; അവളുടെ പിതാവിനെയല്ലാതെ' എന്നാണ് ആഇശ(റ) അവരെക്കുറിച്ച് വിശേഷിപ്പിച്ചത്.
ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന നാടുകളിലെ സ്ത്രീകള്‍ ശാസ്ത്രം, സാഹിത്യം, സാമൂഹികം തുടങ്ങിയ വിഷയങ്ങളില്‍ മികച്ചു നിന്നതായി ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. എന്നാല്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ നശിച്ചതോടെ ഇവിടെയുള്ള സ്ത്രീകളുടെ തകര്‍ച്ചയും ആരംഭിച്ചു.
നമ്മുടെ പണ്ഡിതന്മാര്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതിരുന്ന മറ്റൊരു വ്യക്തിത്വമാണ് ഫാത്വിമയുടെ മകള്‍ സൈനബ്. ഹസനും ഹുസൈനും പ്രവാചകന്റെ പള്ളിക്കകത്തും അനുയായികളുടെ ഇടയിലും വളരുകയും സുപ്രധാന ചരിത്രസംഭവങ്ങളുടെ കേന്ദ്രത്തില്‍ വളരുകയും ചെയ്തപ്പോള്‍ സൈനബ് സ്വന്തം വീട്ടില്‍ ഉമ്മയായ ഫാത്വിമയുടെ മടിയിലിരുന്ന് ജീവിതപാഠങ്ങള്‍ അഭ്യസിച്ചു. ഉജ്ജ്വലമായ ആ വ്യക്തിത്വം ഉരുത്തിരിഞ്ഞ് വന്നത് ഫാത്വിമയുടെ സ്വാധീനത്തിലാണ്. 
ഇസ്‌ലാമിക വിപ്ലവം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ഫാത്വിമയുടെ പിതാവ് അതിന്റെ തലപ്പത്ത് ഇരിക്കുമ്പോഴും അവര്‍ സാധാരണക്കാരെ പോലെ ജീവിച്ചു. അടിമയെ പോലെ പട്ടിണി കിടന്നു. പിതാവിന്റെ മരണശേഷം ജീവിതത്തില്‍ വീണ്ടും കഷ്ടപ്പാടുകള്‍ കയറി വന്നപ്പോള്‍ അതും അവര്‍ ധീരതയോടെ നേരിട്ടു. 
മകള്‍, ഭാര്യ, മാതാവ്, സമൂഹത്തിലെ അംഗം - തനിക്ക് ജീവിതത്തില്‍ ലഭിച്ച എല്ലാ ഭാഗങ്ങളും അത്യന്തം ഭംഗിയോടെ നിറവേറ്റിയ ഈ വനിത മരണത്തിലും മനുഷ്യര്‍ക്ക് മാതൃകയായിരുന്നു. ഒരു ചടങ്ങ് ഒഴിവാക്കാന്‍ വേണ്ടി രാത്രിയില്‍ രഹസ്യമായി തന്നെ മറവു ചെയ്യാന്‍ അവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. അത്രയും ഉജ്ജ്വലമായ ഒരു ജീവിതത്തിനു ശേഷം തന്റെ മരണവും ഒരു മാതൃകയായി അവര്‍ അവശേഷിപ്പിച്ചു. 
ഏതു രാജ്യത്തെയും കാലത്തെയും ജനങ്ങള്‍ക്ക് അനുകരിക്കാനും അഭിനന്ദിക്കാനും സാധിക്കുന്ന അനശ്വരവും വിശാലവുമായ മാതൃകകളാണ് പ്രവാചകനും അദ്ദേഹത്തിന്റെ കുടുംബവും അവശേഷിപ്പിച്ചു പോയത്. അസ്തിത്വപ്രതിസന്ധി നേരിടുന്ന ഇന്നത്തെ മുസ്‌ലിം വനിതകള്‍ക്ക് സാന്ത്വനവും ആവേശവും പകരാന്‍ ഈ ചരിത്രപുരുഷന്മാര്‍ക്കും മഹിളകള്‍ക്കും സാധിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top