എനിക്ക് പ്രതീക്ഷയുണ്ട്; കുപ്രചാരണങ്ങള്‍ അധികകാലം നിലനില്‍ക്കില്ല

സെബ്രീന ലീ / ഹുസൈന്‍ കൊടിഞ്ഞി No image

ചരിത്രപരമായി പറഞ്ഞാല്‍, കുരിശ് യുദ്ധങ്ങളും കൊളോണിയലിസവും ഭീകരതാവിരുദ്ധ യുദ്ധവുമൊക്കെ ഇസ്‌ലാമിനെക്കുറിച്ച പടിഞ്ഞാറന്‍ കാഴ്ചയെ വളരെ പ്രതിലോമകരമായി ബാധിച്ചിട്ടുണ്ട്. ഭൂതകാലത്തെ ഈ ശത്രുതാ മനോഭാവവും മുന്‍വിധികളും ഇല്ലാതാക്കാന്‍ കഴിയുമോ?


ഇസ്‌ലാമിനെക്കുറിച്ചും കിഴക്കിനെക്കുറിച്ചുമുള്ള പാശ്ചാത്യ മുന്‍വിധികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. അതിന്റെ രൂപവും ഭാവവുമൊക്കെ മാറി എന്നേയുള്ളൂ. കൊളോണിയലാനന്തര അറബ്- അമേരിക്കന്‍ ചിന്തകന്‍ എഡ്വേഡ് സൈദ്, പാശ്ചാത്യര്‍ പൗരസ്ത്യ ദേശത്തെ എങ്ങനെയാണ് കാണുന്നത് എന്നതിനെ സംബന്ധിച്ച് ഗഹനമായ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഓറിയന്റലിസം (1978), കവറിംഗ് ഇസ്‌ലാം (1981), കള്‍ച്ചര്‍ ആന്റ് ഇംപീരിയലിസം (1994) എന്നിവ. സൈദിന്റെ വാദമുഖങ്ങള്‍ അതിശക്തമായ പാശ്ചാത്യ വ്യവഹാരങ്ങളുടെ മുനയൊടിക്കാന്‍ പര്യാപ്തമായിട്ടുണ്ടെങ്കിലും, പല കാരണങ്ങളാല്‍ പ്രയോഗതലത്തില്‍ അത്തരം പാശ്ചാത്യ മനോഭാവങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പൗരസ്ത്യ വംശജര്‍ അതിന്റെ കെടുതികള്‍ അനുഭവിക്കുന്നു; പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയപ്പോഴാണ് ഈ പൗരസ്ത്യ വിരുദ്ധത അതിന്റെ ഉച്ചിയിലെത്തിയത്. മുസ്‌ലിം കുടിയേറ്റക്കാര്‍ അമേരിക്കക്ക് ഭീഷണിയാണെന്നായിരുന്നു ട്രംപിന്റെ പ്രചാരണം. അതിന്റെ പിന്‍ബലത്തിലാണ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും. ഒരു പ്രതിഭാസം അതിന്റെ ഉച്ചിയിലെത്തിക്കഴിഞ്ഞാല്‍ ഇനിയും മുകളിലേക്ക് കയറാന്‍ പറ്റാത്തതുകൊണ്ട് പിന്നെയത് താഴോട്ട് സഞ്ചരിച്ചു തുടങ്ങും. നന്മനിറഞ്ഞ മനുഷ്യപ്രകൃതത്തില്‍ ശുഭാപ്തിയുള്ള ആളെന്ന നിലയില്‍, ഞാന്‍ കരുതുന്നത് ഈ വിദ്വേഷ പ്രചാരണത്തിനൊന്നും അധികകാലം ആയുസ്സുണ്ടാവില്ലെന്നാണ്. ട്രംപിന്റെ ഭരണകാലമെന്ന് പറയുന്നത്, അവിടത്തെ ജനങ്ങള്‍ മനുഷ്യത്വം തിരിച്ചുപിടിക്കാന്‍ തുടങ്ങിയ കാലം കൂടിയാണ്. അവര്‍ മുസ്‌ലിംകള്‍ക്കും വിവേചനം നേരിടുന്ന മറ്റു ജനവിഭാഗങ്ങള്‍ക്കും നേരെ സഹായഹസ്തങ്ങള്‍ നീട്ടുന്നു. പാശ്ചാത്യ ലോകത്ത് ഇസ്‌ലാമോഫോബിയയെ അതിരൂക്ഷമായി വിമര്‍ശിക്കുന്നവരില്‍ മതവിശ്വാസികളും അല്ലാത്തവരുമായ അമുസ്‌ലിം ബുദ്ധിജീവികളും ഉണ്ടെന്ന് നാം മനസ്സിലാക്കണം. ട്രംപ് പുറപ്പെടുവിക്കുന്ന മുസ്‌ലിം വിരുദ്ധ എക്‌സിക്യൂട്ടീവ് ശാസനകള്‍ വിവേചനപരമായതുകൊണ്ട് അസാധുവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് പ്രഖ്യാപിക്കുന്നത് അമേരിക്കയിലെ കോടതികള്‍ തന്നെയാണ്. ഇതിന്റെയെല്ലാം ഫലമായി ട്രംപ് തന്റെ അപരവിദ്വേഷ പ്രചാരണത്തിന്റെ ഡോസ് അല്‍പം കുറച്ചതായി തോന്നുന്നുണ്ട്. ഈ വര്‍ഷം റമദാനില്‍ ട്രംപ് ഇഫ്ത്വാര്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അത് വേണ്ടെന്നുവെച്ചതായിരുന്നല്ലോ വൈറ്റ് ഹൗസ്. ഞാന്‍ ഒരുപക്ഷേ, വല്ലാതെ ശുഭാപ്തി പ്രകടിപ്പിച്ചുപോകുന്നുണ്ടാകാം. പക്ഷേ, പലതരം ആളുകളുമായി ബൗദ്ധിക മേഖലയില്‍ ഇടപെടുന്ന വ്യക്തി എന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാനാകും, വഴികള്‍ തെളിഞ്ഞുവരിക തന്നെയാണ്. യൂറോപ്പിലും അമേരിക്കയിലും മറ്റിടങ്ങളിലും വിവിധ മതങ്ങളും ദര്‍ശനങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങളും ഇടപഴക്കങ്ങളും അതിന് തെളിവാണ്.

പാശ്ചാത്യര്‍ക്ക് ഇസ്‌ലാമിക നാഗരികത നല്‍കിയ ഏറ്റവും വലിയ സംഭാവനകള്‍ ശാസ്ത്ര, സാങ്കേതിക മേഖലകളിലാണെങ്കിലും, ഇന്നതൊക്കെ പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. ഇരു നാഗരികതകളുടെയും ക്രിയാത്മക വശങ്ങളെ കേന്ദ്രീകരിച്ച് ഒരു സംവാദം സാധ്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?


തീര്‍ച്ചയായും. അത്തരം സംവാദങ്ങള്‍ ഇസ്‌ലാമിനും പടിഞ്ഞാറിനുമിടക്ക് ഇപ്പോള്‍ നടക്കുന്നുണ്ട്. പാശ്ചാത്യരുടെ ഗ്രീക്ക് വൈജ്ഞാനിക പാരമ്പര്യങ്ങളെ തിരിച്ചുപിടിക്കാനായത് ഗ്രീക്ക് കൃതികളുടെ അറബി പരിഭാഷകളിലൂടെയാണെന്ന് പാശ്ചാത്യ ദാര്‍ശനികരും പണ്ഡിതന്മാരും മനസ്സിലാക്കുന്നുണ്ട്. നാഗരിക സംവാദങ്ങള്‍ക്ക് ഇത് വഴിയൊരുക്കുന്നു. തൊള്ളായിരത്തി തൊണ്ണൂറുകളുടെ അന്ത്യത്തില്‍ പ്രഫ. സാമുവല്‍ ഹണ്ടിംഗ്ടണ്‍ മുന്നോട്ടു വെച്ച നാഗരികതകളുടെ സംഘട്ടനം എന്ന തിയറിയെ നിരാകരിച്ചുകൊണ്ട് നാഗരികതകളുടെ സംവാദം എന്ന ആശയത്തിലേക്ക് ലോകം അതിവേഗം നടന്നടുക്കുകയാണ്. സെപ്റ്റംബര്‍ പതിനൊന്നിലെ ഇരട്ട ടവര്‍ ആക്രമണത്തിനു ശേഷം ഹണ്ടിംഗ്ടണ്‍ തിയറിയായിരുന്നു പാശ്ചാത്യ ലോകത്തെ ചില അധികാര കേന്ദ്രങ്ങള്‍ സ്വീകരിച്ചിരുന്നത്. സംസ്‌കാരങ്ങളും നാഗരികതകളും പുറം സ്വാധീനങ്ങളൊന്നുമില്ലാതെ ഒറ്റക്കൊറ്റക്കാണ് വളര്‍ച്ച പ്രാപിക്കുന്നതെന്നും അവ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുകയല്ലാതെ നിവൃത്തിയില്ല എന്നുമുള്ള ഹണ്ടിംഗ്ടണ്‍ ചിന്തകളെ തള്ളിമാറ്റി, വ്യത്യസ്ത നാഗരികതകള്‍ പരസ്പരം പോഷിപ്പിച്ചുകൊണ്ടും കടംകൊണ്ടുമാണ് നിലനില്‍ക്കുന്നതെന്നും ഇവയെല്ലാം പൊതു മാനവ പൈതൃകത്തിന്റെ ഭാഗമാണെന്നുമുള്ള തിരിച്ചറിവിലേക്ക് ലോകം എത്തിയിരിക്കുന്നു.
അറബ് ലോകത്തും ഗള്‍ഫിലും തുര്‍ക്കിയിലും മറ്റു നിരവധി നാടുകളിലും ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള സംവാദത്തിന് വഴിയൊരുക്കുന്ന നിരവധി സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഗവണ്‍മെന്റുകളും ഗവണ്‍മെന്റേതര കൂട്ടായ്മകളും ഇതിന് മുന്‍കൈയെടുക്കുന്നു. സഹകരണത്തിന്റെ മേഖലകള്‍ അന്വേഷിച്ചുകൊണ്ടുള്ള മതാന്തര സംവാദങ്ങള്‍ക്ക് പ്രധാനപ്പെട്ട പാശ്ചാത്യ സര്‍വകലാശാലകളും അവിടത്തെ തിങ്ക് ടാങ്കുകളുമൊക്കെ മുന്‍കൈയെടുക്കുന്നുണ്ട്. ഞാന്‍ നേതൃത്വം നല്‍കുന്ന തവാസുല്‍ യൂറോപ്പ് സംവാദത്തിന്റെ ഇത്തരം പഠനഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംരംഭമാണ്.

പല പാശ്ചാത്യ ചിന്തകരും, ഇസ്‌ലാമും ഖുര്‍ആനുമൊക്കെ ഹിംസാത്മകമാണെന്നും അതിന്റെ പ്രതിഫലനമാണ് ആഗോള ഭീകരതയെന്നും വാദിക്കുന്നുണ്ടല്ലോ. ക്ലാസിക്കല്‍ മതഗ്രന്ഥങ്ങളില്‍ അവഗാഹം നേടിയ ആളെന്ന നിലക്ക് ഈ വാദത്തോട് എങ്ങനെ പ്രതികരിക്കുന്നു?


ഖേദകരമെന്നു പറയട്ടെ, ഇങ്ങനെയൊരു വാദമുണ്ട്. ഇസ്‌ലാമിന്റെ ചരിത്രവും ഖുര്‍ആനിക അധ്യാപനങ്ങളും നാം ശരിയായ രീതിയില്‍ പഠിച്ചാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് തെളിഞ്ഞു വരിക. ഇക്കാലത്തെയും മുന്‍കാലങ്ങളിലെയും ഇസ്‌ലാമോഫോബിക് പണ്ഡിറ്റുകളാണ് ഈ വാദമുയര്‍ത്തുന്നത് എന്ന് ശ്രദ്ധിക്കുക. ഒന്നാമതായി ഒരു കാര്യം മനസ്സിലാക്കണം. ഇസ്‌ലാമിനെയും ഖുര്‍ആനെയും ദുര്‍വ്യാഖ്യാനം ചെയ്യുന്ന വളരെ ചെറിയ തീവ്രവാദി ഗ്രൂപ്പുകള്‍ കൊണ്ടുനടക്കുന്ന ഹിംസയുടെ പ്രത്യയ ശാസ്ത്രത്തിന് മുസ്‌ലിം പൊതുസമൂഹവുമായി ഒരു ബന്ധവുമില്ല. അല്‍ഖാഇദയുടെയും ഐ.എസിന്റെയും ആ ഇരുള്‍മുറ്റിയ ചരിത്രമൊന്ന് പഠിച്ചുനോക്കൂ. അവര്‍ പാശ്ചാത്യ നാടുകളില്‍ അവിടെയുമിവിടെയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവരുടെ പ്രധാന ഇരകള്‍ മുസ്‌ലിംകള്‍ തന്നെയായിരുന്നു. ഈ ഹിംസാത്മക തീവ്രവാദി ഗ്രൂപ്പുകളെ നയിക്കുന്നവരുടെ ചരിത്രം പഠിച്ചാല്‍ അവര്‍ ഖുര്‍ആനിലോ ശരീഅത്തിലോ മറ്റു ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലോ നേരാംവണ്ണം പഠനം നടത്തിയിട്ടുള്ളവരല്ല എന്ന് ബോധ്യമാകും. ഇസ്‌ലാമിനെ കുറിച്ച് ആധികാരികമായി പറയേണ്ടത് അതിനെ ആധികാരികമായി പഠിച്ച യോഗ്യതയുള്ള പണ്ഡിതന്മാരല്ലേ?
വിഷയത്തെക്കുറിച്ച് മറ്റൊരുനിലക്കും ആലോചിക്കാം. ഇസ്‌ലാമിക ഭരണത്തിന്റെ പ്രതാപകാലത്ത്, അന്തുലേഷ്യ മുതല്‍ വിദൂര പൗരസ്ത്യ മുസ്‌ലിം ഭൂപ്രദേശങ്ങള്‍ വരെ അറബികളും തുര്‍ക്കികളുമൊക്കെ ഭരിച്ചിരുന്ന കാലത്ത് മതസഹിഷ്ണുതയും സൗഹാര്‍ദവുമാണ് പൊതുവെ സമൂഹത്തില്‍ നിലനിന്നിരുന്നത്. ഇന്നും വളരെ അപൂര്‍വം ക്രിസ്ത്യന്‍ അവാന്തരവിഭാഗങ്ങള്‍ കാണപ്പെടുന്നത് ഇറാഖ്, സിറിയ, ഈജിപ്ത് പോലുള്ള മുസ്‌ലിം നാടുകളിലാണ്. ഇത്തരം ചര്‍ച്ചുകളുടെ ആസ്ഥാനങ്ങളും നൂറ്റാണ്ടുകളായി ഈ നാടുകളില്‍ തന്നെയാണ്. അടുത്ത കാലത്ത് മുസ്‌ലിം ലോകത്തെ തീവ്രവാദി ഗ്രൂപ്പുകള്‍ മുസ്‌ലിംകളെയെന്ന പോലെ ഇത്തരം ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും മറ്റും ടാര്‍ഗറ്റ് ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇത്തരം ഗ്രൂപ്പുകള്‍ മുസ്‌ലിം ലോകത്ത് ഉണ്ടായിവന്നത് എന്നും നാം ആലോചിക്കണം. പല മുസ്‌ലിം നാടുകളിലെയും പാശ്ചാത്യശക്തികളുടെ സ്വന്തക്കാരായ സ്വേഛാധിപതികള്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിത്തേക്കുകയാണ്. നിരക്ഷരതയും ദാരിദ്ര്യവും പട്ടിണിയും അവരുടെ ജീവിതം ദുരിതമയമാക്കുന്നു. മനുഷ്യത്വത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത ഇത്തരം സാമൂഹിക സാഹചര്യങ്ങളാണ് തീവ്രവാദ ചിന്തകര്‍ക്ക്  ശക്തി പകരുന്നത്. യഥാര്‍ഥ ഇസ്‌ലാമിക മൂല്യങ്ങള്‍ അഭ്യസിപ്പിച്ചുകൊണ്ടേ തീവ്രവാദത്തില്‍നിന്ന് രക്ഷിക്കാനാവൂ എന്നാണ് ഞാന്‍ കരുതുന്നത്.

യൂറോപ്പിലൊന്നടങ്കം ഇസ്‌ലാമിനോട് അസഹിഷ്ണുത വളര്‍ന്നുവരികയാണല്ലോ. ഈയൊരു വിദ്വേഷകലുഷിതമായ സാഹചര്യത്തില്‍ എങ്ങനെയാണ് സംവാദം സാധ്യമാവുക? 'തവാസുലി'നെ മുന്‍നിര്‍ത്തി താങ്കളുടെ അനുഭവങ്ങള്‍?


ഞാന്‍ അധ്യക്ഷയായ 'തവാസുലി'നെക്കുറിച്ച് പറയാം. കണ്ണിചേര്‍ക്കുക, പാലം പണിയുക എന്നൊക്കെയാണ് ഈ അറബി വാക്കിന്റെ അര്‍ഥം. ഇസ്‌ലാം മറ്റേതൊരു ദൈവപ്രോക്ത ദര്‍ശനത്തെയും പോലെ ഏകദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വസ്‌നേഹത്തിലും നീതിയിലുമാണ് വിശ്വസിക്കുന്നത്. ദൈവം എല്ലാ മനുഷ്യരുടെയും ദൈവമാണ്. ഈ സാര്‍വലൗകിക തത്ത്വങ്ങള്‍ മുന്നോട്ടു വെച്ചുകൊണ്ട് ഇസ്‌ലാമോഫോബിയയെയും മത-സംസ്‌കാര വിഭാഗീയതകളെയും വിദ്വേഷ പ്രചാരണങ്ങളെയും ചെറുക്കാന്‍ കഴിയും. ഞങ്ങള്‍ എല്ലാവരുമായി ബന്ധപ്പെടുന്നുണ്ട്: മത, വംശ, ലിംഗ വ്യത്യാസമില്ലാതെ. ഈ സാംസ്‌കാരിക കൈമാറ്റത്തിലും സംവാദത്തിലും ഇറ്റലിക്കാരുള്‍പ്പെടെ ധാരാളം പാശ്ചാത്യ ബുദ്ധിജീവികള്‍ പങ്കാളികളാവുന്നുണ്ട്. റോമിലെ ഒരു ഡസനിലധികം യൂനിവേഴ്‌സിറ്റികള്‍ ഇസ്‌ലാമിക വിഷയങ്ങളിലും ഇസ്‌ലാം-പടിഞ്ഞാറ് ബന്ധങ്ങളിലും അക്കാദമിക പഠനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നത് തവാസുല്‍ യൂറോപ്പുമായി സഹകരിച്ചുകൊണ്ടാണ്. ഇസ്‌ലാമിനെക്കുറിച്ചും പൗരസ്ത്യത്തെക്കുറിച്ചുമുള്ള ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളെ ചെറുക്കാന്‍ ഇതു വഴി സാധിക്കുന്നുണ്ട്. വത്തിക്കാന്‍ നേതൃത്വം നല്‍കുന്ന പല മതാന്തര സംവാദങ്ങളിലും സജീവമായി സഹകരിക്കുന്നു. അതോടൊപ്പം തവാസുല്‍ ഇറ്റാലിയന്‍ ഭാഷക്ക് സമ്പന്നമായ ഒരു ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യശാഖ സംഭാവന ചെയ്തിട്ടുമുണ്ട്. നിഷ്പക്ഷതയും അക്കാദമിക മികവും അവകാശപ്പെടാവുന്ന പഠനങ്ങള്‍. പാശ്ചാത്യ നാടുകളിലെ ബഹുസ്വര, ജനാധിപത്യ സംസ്‌കൃതിയെ ഒട്ടും പരിഗണിക്കാതെ ചില മുസ്‌ലിം ഗ്രൂപ്പുകള്‍ പടച്ചുവിടുന്ന തീവ്രശൈലിയിലുള്ള 'മതംമാറ്റ' സാഹിത്യത്തിന്റെ നേര്‍ എതിര്‍ദിശയിലാണ് ഇത് നിലയുറപ്പിച്ചിട്ടുള്ളത്.

പാശ്ചാത്യ മുസ്‌ലിം ഐഡന്റിറ്റി, ഇന്ത്യന്‍ മുസ്‌ലിം ഐഡന്റിറ്റി, ആഫ്രിക്കന്‍ മുസ്‌ലിം ഐഡന്റിറ്റി - ഇതിനൊക്കെ വേണ്ടി വാദിക്കുന്നുണ്ടല്ലോ. ഒന്നു വിശദീകരിക്കാമോ?


ഇസ്‌ലാം, ഖുര്‍ആന്‍ വ്യക്തമാക്കുന്ന പോലെ, ഒരു വിശ്വമതവും ദര്‍ശനവുമാണ്. അതൊരു അറബ് ഗോത്ര പ്രത്യയശാസ്ത്രമോ അറബ് ദേശീയതയുടെ പര്യായമോ ഒന്നുമല്ല; ചില മുസ്‌ലിംകള്‍ അങ്ങനെയൊക്കെ തെറ്റിദ്ധരിക്കുന്നുണ്ടെങ്കിലും. അതേസമയം ഇസ്‌ലാം എന്ന ഈ വിശ്വദര്‍ശനം സാക്ഷാല്‍ക്കരിക്കപ്പെടുന്നത് വിവിധ സാമൂഹിക പശ്ചാത്തലങ്ങളും പൈതൃകങ്ങളും നിലനില്‍ക്കുന്ന പലതരം സമൂഹങ്ങളിലാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളുമായി ഏറ്റുമുട്ടാത്ത വൈവിധ്യമാര്‍ന്ന ചരിത്രാനുഭവങ്ങള്‍ ആ ഇസ്‌ലാം സാക്ഷാല്‍ക്കാരത്തില്‍ കടന്നുവരും. അവയെ പരിഗണിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ബഹുമത, ബഹു സാംസ്‌കാരിക പശ്ചാത്തലങ്ങളുള്ള യൂറോപ്പ്, ഇന്ത്യ, ആഫ്രിക്ക പോലുള്ള പ്രദേശങ്ങളിലെ സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള അറബ് നാടുകളിലേത്. അതിനാല്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ഓരോ നാട്ടിലെയും തദ്ദേശീയമായ പ്രത്യേകതകളും സവിശേഷതകളും മനസ്സിലാക്കി വേണം ദേശീയമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍. ഓരോ സമൂഹത്തിനും ഈ ദേശീയ പ്രത്യേകതകള്‍ കണക്കിലെടുക്കണം എന്നാണ് ഐഡന്റിറ്റി (സ്വത്വം) എന്ന് പ്രയോഗിക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്.

പാശ്ചാത്യ ആധുനികതയുടെ ഒരു സവിശേഷ ഭാവം സ്ത്രീവിമോചനമാണല്ലോ. പക്ഷേ, പടിഞ്ഞാറ് കരുതുന്നത്, ഇസ്‌ലാം സ്ത്രീയോട് വിവേചനം കാട്ടുന്ന പ്രത്യയശാസ്ത്രമാണ് എന്നത്രെ. ഇരു സംസ്‌കാരങ്ങളെയും അനുഭവിച്ചറിഞ്ഞ ആളെന്ന നിലക്ക്, ഇസ്‌ലാമാശ്ലേഷത്തിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതായി തോന്നുന്നുണ്ടോ?


മിക്ക മുസ്‌ലിം രാഷ്ട്രങ്ങളിലും മുസ്‌ലിം സ്ത്രീകളുടെ സിവിലും മതപരവുമായ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നത് സത്യമല്ലേ? അതിന് പലപ്പോഴും പഴികേള്‍ക്കേണ്ടി വരുന്നത് ഇസ്‌ലാമിനും. പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവും ഗോത്രപാരമ്പര്യത്തില്‍ അധിഷ്ഠിതവുമായ വ്യാഖ്യാനമാണ് ഖുര്‍ആന്നും നബിചര്യക്കും നല്‍കപ്പെടുന്നത് എന്നതാണിതിന് കാരണം. സ്ത്രീകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന മുസ്‌ലിം രാജ്യങ്ങളുണ്ട്. ഗോത്ര നിയമങ്ങള്‍ അതിന് എതിരാണത്രെ. പള്ളിയില്‍ ചെന്ന് പ്രാര്‍ഥന നടത്താനും അവരെ സമ്മതിക്കുന്നില്ല. എന്തൊക്കെയോ പഠിച്ചുവെച്ച മുഫ്തികളാല്‍ മുസ്‌ലിം സ്ത്രീ സ്വാതന്ത്ര്യം വെട്ടിയൊതുക്കി ഫത്‌വ കൊടുക്കുന്നതും നാം കാണുന്നു. ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ ഇങ്ങനെയൊന്നുമായിരുന്നില്ല സ്ത്രീകളുടെ നില. അവര്‍ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും (അന്നത്തെ പ്രധാന ഗതാഗത സംവിധാനങ്ങള്‍) സഞ്ചരിച്ചിരുന്നു. യുദ്ധ സന്ദര്‍ഭങ്ങളില്‍ പരിക്കേറ്റ പടയാളികളെ ശുശ്രൂഷിച്ചിരുന്നു. പള്ളിയിലെ നമസ്‌കാരത്തില്‍ പങ്കു കൊണ്ടിരുന്നു. ചില പ്രശ്‌നങ്ങളില്‍ പ്രവാചകനും അനുയായികളും അവരോട് അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു. പ്രവാചകന്‍ ജീവിച്ചിരിക്കെ തന്നെ പ്രവാചക പത്‌നി ആഇശ മതവിധികള്‍ നല്‍കിയിരുന്നു. പില്‍ക്കാലത്ത് അവര്‍ ഏറ്റവും പ്രഗത്ഭരായ ഇസ്‌ലാമിക നിയമജ്ഞരിലൊരാളായി മാറുകയും ചെയ്തു.
ഞാന്‍ പറഞ്ഞു വരുന്നത്, പണ്ഡിതന്മാര്‍ക്ക് സ്ത്രീവിരുദ്ധ ഗോത്രപാരമ്പര്യങ്ങളെയും സാര്‍വലൗകിക ഇസ്‌ലാമിക മൂല്യങ്ങളെയും വേര്‍തിരിച്ചറിയാനുള്ള വകതിരിവ് ഉണ്ടാകണം എന്നാണ്. ലിംഗനീതിക്കു വേണ്ടി അവര്‍ നിലകൊള്ളണം. ഇസ്‌ലാമിന്റെ സാര്‍വലൗകിക മൂല്യങ്ങളെ പ്രകാശിപ്പിക്കുന്നവിധം പ്രമാണങ്ങളെ വ്യാഖ്യാനിക്കാന്‍ അവര്‍ക്ക് കഴിയണം. അവയെ അക്ഷരവായന നടത്താതിരിക്കണം.

വിശ്വാസം മനുഷ്യരെ ധ്രുവീകരിക്കുന്ന ഘടകമായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്ര വലതുപക്ഷം നിരന്തരം ഭീഷണികളുയര്‍ത്തുന്നു. ഇന്ത്യയിലെ വലതുപക്ഷ വിഭാഗങ്ങളും പാശ്ചാത്യനാടുകളിലെ ഇസ്‌ലാമോഫോബുകളും തമ്മില്‍ ഒരു താരതമ്യം സാധ്യമാണോ?
ഏതു വിശ്വാസവും അതിന്റെ യഥാര്‍ഥ വിശുദ്ധിയോടെ പ്രബോധനം ചെയ്താല്‍ ഒരിക്കലുമത് ധ്രുവീകരണത്തിന് വഴിവെക്കുകയില്ല. പക്ഷേ, ഇന്ത്യയിലും പാശ്ചാത്യലോകത്തും ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ചില രാഷ്ട്രീയക്കാരും മതനേതാക്കളും മതവിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നതാണ് ഇതിന്റെ കാരണം. പാശ്ചാത്യ നാടുകളിലെ ഇസ്‌ലാമോഫോബിയ ഗ്രൂപ്പുകളുടെ മനോഗതങ്ങള്‍ക്ക് മധ്യകാല ഇസ്‌ലാം വിരുദ്ധ പ്രോപഗണ്ടയുമായി വലിയ ബന്ധമുണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ നേതാക്കള്‍ പരാജയപ്പെടുന്നതും ഇതിന് കാരണമാവുന്നുണ്ട്. അവര്‍ സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാന്‍ മുസ്‌ലിംകളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി പാശ്ചാത്യ ഐഡന്റിറ്റി (മുഖ്യമായും വെള്ളക്കാരും ക്രിസ്ത്യാനികളുമായ പാശ്ചാത്യ സ്വത്വം) ഉറപ്പിക്കാനും അങ്ങനെ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തെറ്റിക്കാനും ശ്രമിക്കുകയാണ്.
ഇന്ത്യയിലെ പ്രതിഭാസം തീര്‍ത്തും മറ്റൊന്നാണ് എന്നെനിക്ക് തോന്നുന്നു; നാസി-ഫാഷിസ്റ്റ് ആശയങ്ങള്‍ ഇന്ത്യന്‍ വലതുപക്ഷത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തെ 'ഭിന്നിപ്പിച്ച് ഭരിക്കുക' തന്ത്രമാണ് ഇന്ത്യയില്‍ വര്‍ഗീയ ചിന്തക്ക് ജന്മം നല്‍കിയതും ഒടുവിലത് വിഭജനത്തില്‍ കലാശിച്ചതും. ഈ സാമുദായിക ധ്രുവീകരണത്തില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ വിപുലമായ രീതിയില്‍ ഹിന്ദു-മുസ്‌ലിം സംവാദങ്ങള്‍ക്കും ആശയ വിനിമയങ്ങള്‍ക്കും വേദിയൊരുക്കണം. അങ്ങനെ പരസ്പരം അടുത്ത് അറിയാനാവണം. പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാന്‍ അതാണ് മാര്‍ഗം.
തീവ്ര വലതുപക്ഷ ഐഡിയോളജിയെ ചെറുക്കാനുള്ള മറ്റൊരു മാര്‍ഗം റാം മോഹന്‍ റോയ്, വിവേകാനന്ദന്‍, ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ പോലെ സഹിഷ്ണുതയുള്ള ഹിന്ദുമതത്തെ പ്രബോധനം ചെയ്ത പരിഷ്‌കര്‍ത്താക്കളുടെ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്നതാണ്. അവരുടെ പുസ്തകങ്ങള്‍ക്കും ഹിന്ദുമതവ്യവഹാരങ്ങള്‍ക്കും പ്രചാരം നല്‍കണം. ഉപനിഷത്തിന്റെയും മറ്റു ക്ലാസിക്കല്‍ കൃതികളുടെയും സാര്‍വലൗകിക തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു നവോത്ഥാനമാണ് സംഭവിക്കേണ്ടത്.

ജനാധിപത്യത്തിനും വിയോജിപ്പിനുമുള്ള ഇടം ചുരുങ്ങിച്ചുരുങ്ങി വരുന്നത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സംവാദത്തിന് വലിയൊരു വെല്ലുവിളിയല്ലേ? വിശ്വാസി സമൂഹങ്ങള്‍ക്ക് ഇതിനെ മറികടക്കാന്‍ കഴിയുമോ?
കഴിയും. സൂചിപ്പിച്ചതുപോലെ ജനാധിപത്യപരമായ വിയോജനത്തിനുള്ള ഇടം ചുരുങ്ങിവരിക തന്നെയാണ്. കൂടുതല്‍ സംവാദങ്ങളും ചര്‍ച്ചകളും ഉണ്ടായിക്കൊണ്ടിരിക്കുക എന്നതാണ് ഏക പോംവഴി. പോപ്പ് ഫ്രാന്‍സ് മതാന്തര സംവാദത്തില്‍ മറ്റു മതനേതാക്കള്‍ക്ക് അനുകരിക്കാവുന്ന മാതൃകകള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. വത്തിക്കാനു കീഴില്‍ പോണ്ടിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് എന്ന പേരില്‍ മതസംവാദത്തിനായി ഒരു പ്രത്യേക വേദി തന്നെയുണ്ട്. മുസ്‌ലിം ഉലമക്കും മറ്റു മതനേതാക്കള്‍ക്കും പരസ്പരം ഇടപഴകാനും ആശയക്കൈമാറ്റം നടത്താനുമുള്ള ഏറ്റവും നവീനമായ രീതികളെക്കുറിച്ച് ആലോചിക്കേതാണ്.
മതംമാറ്റം ജീവന് തന്നെ ഭീഷണിയാവുന്ന കാലമാണിത് (കേരളത്തിലെ ഹാദിയ കേസ് ഉദാഹരണം). ഒരു പരിഷ്‌കൃത സമൂഹം എങ്ങനെയാണ് പ്രശ്‌നത്തെ നോക്കിക്കാണേണ്ടത്? പുതുവിശ്വാസിയെന്ന നിലയില്‍ താങ്കളുടെ വ്യക്തിപരമായ അനുഭവം എന്തായിരുന്നു?


മതംമാറ്റം ഒരാളുടെയും ദൈവത്തിന്റെയും ഇടയിലുള്ള തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. വ്യക്തിയുടെ മതാത്മക പരിണാമത്തിന്റെയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും പ്രകാശനമാണത്. മൂന്നാമതൊരു കക്ഷി ഈ മതംമാറ്റത്തില്‍ ബലപ്രയോഗമൊന്നും നടത്തിയിട്ടില്ലെങ്കില്‍ മറ്റൊരാള്‍ക്കും തെരഞ്ഞെടുക്കാനുള്ള ഈ അവകാശത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ല. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളിലൊന്നാണ്. ഇസ്‌ലാമിനെ സംബന്ധിച്ചാണെങ്കില്‍, ബലം പ്രയോഗിച്ചുള്ള മതംമാറ്റം ഖുര്‍ആന്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അത്തരം മതംമാറ്റങ്ങള്‍ സാധുവാകില്ലെന്നു മുസ്‌ലിം നിയമജ്ഞന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഹാദിയ എന്ന പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ഇറ്റലിക്കാരിയും ക്രിസ്ത്യാനിയുമായ എനിക്ക് ഇസ്‌ലാമിലേക്ക് മതം മാറിയപ്പോള്‍ അത്തരം യാതൊരു ദുരനുഭവങ്ങളും ഉണ്ടായിട്ടില്ല. മാതാപിതാക്കളോ സുഹൃത്തുക്കളോ ഒരുവിധ പ്രയാസങ്ങളും ഉണ്ടാക്കിയിട്ടില്ല. എന്നല്ല, ഏതാനും വര്‍ഷങ്ങളായി ക്രിസ്ത്യന്‍ ഗ്രൂപ്പുകളും ക്രിസ്ത്യാനികള്‍ നടത്തുന്ന യൂനിവേഴ്‌സിറ്റികളും എന്നെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്, എന്റെ ഇസ്‌ലാം അനുഭവങ്ങള്‍ അവരുമായി പങ്കു വെക്കാന്‍. ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നിര്‍ണായക ഘട്ടത്തിലാണിത് എന്നോര്‍ക്കണം. ഒരാള്‍ മതംമാറുമ്പോള്‍ അയാളുടെ മതവിശ്വാസങ്ങളേ മാറാവൂ. മതം മാറിയെന്നു കരുതി തന്റെ മാതാപിതാക്കളുമായും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധങ്ങള്‍ ഒരിക്കലും അറുത്തുമാറ്റരുത്.
 

വിവ: അബൂസ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top