സച്ചാറാനന്തര ഘട്ടത്തിലെ മതന്യൂനപക്ഷങ്ങള്‍

ഡോ. മൊയ്തീന്‍ കുട്ടി എ.ബി (ഡയറക്ടര്‍ ഓഫ് മൈനോറിറ്റി വെല്‍ഫെയര്‍) No image

ഏതൊരു രാജ്യത്തിന്റെയും പുരോഗതി അവിടെയുള്ള ന്യൂനപക്ഷങ്ങളെ വികസനത്തില്‍ പങ്കാളികളാക്കുന്നതിലൂടെയും അവര്‍ക്ക് വിവേചനമില്ലെന്ന് ഉറപ്പുവരുത്തുന്നതിലൂടെയും മാത്രമേ സാധ്യമാകൂ.
രാജ്യം പുരോഗതിയിലേക്ക് ചുവടു വെക്കുമ്പോള്‍ മതന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്നത് തുല്യ നീതിയിലും അവസര സമത്വത്തിലും വിവേചനരഹിതമായ ഭരണക്രമത്തിലും വിശ്വസിക്കുന്ന ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ല.
1992-ലെ യുനൈറ്റഡ് നാഷന്‍സ് മൈനോരിറ്റി ഡിക്ലറേഷനിലൂടെയാണ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി അംഗരാജ്യങ്ങള്‍ കൃത്യമായ നിയമ നിര്‍മാണം നടത്താന്‍ തുടങ്ങിയത്.  അതിനു മുമ്പേ 1814-ലെ വിയന്ന കോണ്‍ഫറന്‍സിലും 1856-ലെ പാരീസ് കോണ്‍ഗ്രസിലും 1878-ലെ ബെര്‍ലിന്‍ സന്ധിയിലും 1919-ലെ വെര്‍സയില്‍ സന്ധിയിലും വിവിധ തലങ്ങളിലുള്ള ന്യൂനപക്ഷങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. യു.എന്‍ പ്രഖ്യാപനം വന്ന അതേ വര്‍ഷം തന്നെ ഇന്ത്യയിലും ന്യൂനപക്ഷങ്ങള്‍ക്കായി നിയമ നിര്‍മാണം നടന്നു.  1992 - ലെ ദേശീയ ന്യൂനപക്ഷ നിയമം സെക്ഷന്‍ 2(C) അനുസരിച്ച് രാജ്യത്തെ മുസ്‌ലിം (14.2%), ക്രിസ്ത്യന്‍ (2.29%), സിഖ് (1.7%), ബുദ്ധ (0.7%), ജൈന (0.4%), പാഴ്‌സി (.005%) വിഭാഗങ്ങള്‍ മതന്യൂനപക്ഷങ്ങളാണ്. ബാക്കി വരുന്ന ദലിതരും ബ്രാഹ്മണരും ഈഴവരുമൊക്കെ അടങ്ങുന്ന (79.8%) ഹിന്ദുക്കളാണ് ഭൂരിപക്ഷ സമുദായം. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ് സംരക്ഷിക്കേണ്ട ബാധ്യത അതതു അംഗരാജ്യങ്ങളുടേതാണ്. തുല്യ നീതിയും അവസര സമത്വവും വിവേചനമില്ലായ്മയും സ്വത്വ സംരക്ഷണവും മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക-സാംസ്‌കാരിക-രാഷ്ട്രീയ ഉന്നമനവുമൊക്കെ ന്യൂനപക്ഷ ശാക്തീകരണത്തിന്റെ ഭാഗമാണ്. തത്ത്വത്തിലെങ്കിലും ഇന്ന് ഏതൊരു രാജ്യത്തും സമത്വം എന്നത് ചോദ്യം ചെയ്യപ്പെടാത്ത സങ്കല്‍പമാണ്. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്. വംശീയമോ ജാതിയമോ ലിംഗപരമോ മതപരമോ ആയ യാതൊരു വിവേചനവും അരുതെന്നാണ് ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും അനുശാസിക്കുന്നത്.  ഏതൊരു ജനാധിപത്യ രാജ്യവും ശ്രമിക്കുക, രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊളളാനാണ്. ഇന്‍ക്ലൂഷന്‍ അഥവാ ഉള്‍ക്കൊളളല്‍ രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ കാതല്‍. എക്‌സ്‌ക്ലൂഷന്‍ അഥവാ ഒഴിവാക്കല്‍ ജനാധിപത്യത്തിന്റെ അന്തകനാണ്.
വിവിധ മതന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും മതന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരുടെ ആവശ്യങ്ങള്‍ സമാനമാണെന്നു കാണാം. അത് നമ്മുടെ ക്ഷേമ രാഷ്ട്ര സങ്കല്‍പവും വികസനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികളിലൂടെ ന്യൂനപക്ഷക്ഷേമം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ താമസിക്കുന്ന യു.പി അടക്കമുളള സംസ്ഥാനങ്ങള്‍ മനുഷ്യ വികസന സൂചികയില്‍ ദേശീയ ശരാശരിയേക്കാള്‍(51%) ഏറെ പിറകിലാണ്.  എച്ച്.ഡി.ഐ. സൂചികയില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന (0.79%) കേരളത്തിലെ മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങള്‍ പോലും താരതമ്യേന പിന്നാക്കമാണ്.  ആയൂര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസം, ആളോഹരി വരുമാനം എന്നിവക്കപ്പുറം സാക്ഷരത, കുടിവെളളം, ശുചീകരണ സൗകര്യം, ആരോഗ്യം, ഗതാഗതം അടക്കമുളള ഭൗതിക സൗകര്യങ്ങള്‍ എന്നിവ കൂടി പരിഗണിച്ചാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും അവര്‍ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങളും അപൂര്‍വം ചില അപവാദങ്ങളൊഴിച്ചാല്‍ പൊതുവെ വികസനം തേടുന്നവയാണെന്നു മനസ്സിലാകും.
ഇന്ത്യന്‍ മതന്യൂനപക്ഷങ്ങളില്‍ ഭൂരിപക്ഷമായ മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ സ്ഥിതിവിവര കണക്കുകളും അവസ്ഥാ വിശേഷങ്ങളും ശേഖരിച്ചും അപഗ്രഥിച്ചും ജസ്റ്റിസ് രജീന്ദ്ര സച്ചാറിന്റെ നേതൃത്വത്തിലുളള ഏഴംഗ സമിതി 2006 നവംബര്‍ 17-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചില യാഥാര്‍ഥ്യങ്ങള്‍ പുറത്തു വന്നു. സാക്ഷരതയില്‍ മുസ്‌ലിംകള്‍ (59.1%) ദേശീയ ശരാശരിയേക്കാള്‍ (64.8) പിന്നിലാണെന്നും, ദേശീയ തലത്തില്‍ മുസ്‌ലിം സമുദായം ഹിന്ദു പിന്നാക്കക്കാരേക്കാള്‍ അവശത അനുഭവിക്കുന്നുവെന്നും ജീവിത നിലവാരത്തില്‍ മുസ്‌ലിംകള്‍ പട്ടികജാതി, പട്ടികവര്‍ഗക്കാരേക്കാള്‍ അല്‍പം മുന്നിലും ഹിന്ദു പിന്നാക്കക്കാരോടൊപ്പവുമാണെന്നും സര്‍ക്കാര്‍ പൊതു മേഖലാ രംഗങ്ങളില്‍ അവര്‍ ചെറിയൊരു ശതമാനം മാത്രമാണുള്ളതെന്നും അംഗീകരിക്കപ്പെട്ടു. ദലിത് പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും നിയോ ബുദ്ധിസ്റ്റുകളുടെയും അവസ്ഥയും തെല്ലും ഭേദമല്ല.
അവരെ രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും രാജ്യപുരോഗതിയില്‍ ഭാഗഭാക്കാക്കാനും കേന്ദ്ര-സംസ്ഥാനങ്ങള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നു.
ന്യൂനപക്ഷ കമീഷന്‍, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സെന്റര്‍ ഫോര്‍ കോച്ചിംഗ് മൈനോരിറ്റി യൂത്ത് എന്നിവയിലൂടെയാണ് കേരളത്തില്‍ പ്രധാനമായും ന്യൂനപക്ഷ ശാക്തീകരണം ഉറപ്പാക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണമാണ് ന്യൂനപക്ഷ കമീഷനിലൂടെ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഉന്നം.  യു.പി.എസ്.സി, പി.എസ്.സി, റെയില്‍വേ സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കിവരുന്ന സെന്റര്‍ ഫോര്‍ കോച്ചിംഗ് മൈനോരിറ്റി യൂത്ത് മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി കമീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സംരംഭമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു സി.സി.എം.വൈ എങ്കിലുമുണ്ട്. കേരളത്തില്‍ മൊത്തം 17 സി.സി.എം.വൈകളും 26 ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവയില്‍ ബിരുദം അടിസ്ഥാനമാക്കിയും പ്ലസ് ടു അടിസ്ഥാനമാക്കിയുമുളള പരിശീലനവും ഞായര്‍, രണ്ടാം ശനി ദിവസങ്ങളില്‍ ഹോളിഡേ ബാച്ചും നടന്നുവരുന്നു.    
പ്രഫ. ജോസഫ് മുണ്ടശ്ശേരി മെറിറ്റ് സ്‌കോളര്‍ഷിപ്പ്, വിദ്യാര്‍ഥിനികള്‍ക്കുളള സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്, ഉര്‍ദു സ്‌കോളര്‍ഷിപ്പ് എന്നിവക്കു പുറമെ കമ്പനി സെക്രട്ടറി/ചാര്‍ട്ടേഡ് ആക്കൗണ്ടന്‍സി/കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്‍സി, പോളിടെക്‌നിക്ക്, സ്വകാര്യ ഐ.ടി.ഐ, പാരാമെഡിക്കല്‍ ആന്റ് നഴ്‌സിംഗ്, സിവില്‍ സര്‍വീസ് എന്നിവക്ക് പഠിക്കുകയോ പരിശീലനം നേടുകയോ ചെയ്യുന്നവര്‍ക്ക് ഫീ റീ-ഇംബേഴ്‌സ് ചെയ്യുന്നതിനുളള പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നു.
ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ കരിയര്‍ പ്ലാനിംഗിനും വ്യക്തിത്വ വികസനത്തിനുമുളള പാസ്‌വേഡ് പദ്ധതി,  ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതി, കുടിവെളള വിതരണ സ്‌കീം എന്നിവയാണ് ന്യൂനപക്ഷങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിയുളള സംസ്ഥാന സര്‍ക്കാരിന്റെ മറ്റു പദ്ധതികള്‍. എല്ലാ ജില്ലകളിലും കലക്ടറേറ്റുകളില്‍ ഒരു ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ദേശീയ ന്യൂനപക്ഷ കമീഷന്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്‍, മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ എന്നിവയിലൂടെയാണ് മുഖ്യമായും കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ മള്‍ട്ടി സെക്ടറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ മൈനോരിറ്റി കേന്ദ്രീകൃത പ്രദേശങ്ങളുടെ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമിടുന്നു. 
കേരളത്തില്‍ വയനാട് ജില്ലയിലെ 4 ബ്ലോക്കുകളും മലപ്പുറം ജില്ലയിലെ പൊന്നാനി ടൗണും മാത്രമായിരുന്നു ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായി ആദ്യം അംഗീകരിക്കപ്പെട്ടിരുന്നത്. ഇപ്പോഴത് മറ്റു ജില്ലകളിലെ ചില ബ്ലോക്കുകളിലേക്കും കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. കേന്ദ്ര/സംസ്ഥാന മൈനോറിറ്റി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇക്കാര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് (www.minoritywelfare.kerala.gov.in).

പിന്നാക്ക വിഭാഗങ്ങളില്‍ അവസര സമത്വം സാധ്യമാക്കുന്നതിന് പ്രധാനമന്ത്രിയുടെ ന്യൂനപക്ഷക്ഷേമം ലക്ഷ്യമാക്കിയുള്ള പതിനഞ്ചിന പരിപാടി കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരുടെ കീഴില്‍ മോണിറ്ററിംഗും നടക്കുന്നുണ്ട്.  ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് കേന്ദ്രത്തില്‍ മന്ത്രാലയവും സംസ്ഥാനങ്ങളില്‍ മന്ത്രാലയങ്ങളോ ഡിപ്പാര്‍ട്ട്‌മെന്റുകളോ ഉണ്ടായിട്ടും, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായും പിന്നാക്കാവസ്ഥ പിന്നാക്കാവസ്ഥ ആയും തുടരുന്നതിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സര്‍ക്കാരിന്റെ വസ്തുതാന്വേഷണ ശ്രമങ്ങളെ രചനാത്മകമായാണ് വിലയിരുത്തപ്പെടേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ മതന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെയോ, പുരോഗതിയെയോ കുറിച്ച് ഏതൊരു ചര്‍ച്ചയും പ്രീണനം/വിവേചനം എന്നീ ദ്വന്ദങ്ങളില്‍ തട്ടി വഴിമുട്ടി നില്‍ക്കാറാണ് പതിവ്.   വസ്തുതകള്‍ രണ്ടിനും മധ്യേയാണ്. ബോധപൂര്‍വമായ വിവേചനങ്ങളൊന്നും ശക്തിമത്തായൊരു പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിലും അക്കൗണ്ടബ്ള്‍ ഗവേണന്‍സിലും സുശക്തമായ നീതിന്യായ വ്യവസ്ഥയിലും സാധാരണ ഗതിയില്‍ സംഭവിക്കില്ല. ആരോപിക്കപ്പെടുന്ന 'പ്രീണനങ്ങള്‍' നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് 'മതന്യൂനപക്ഷങ്ങള്‍' പിന്നാക്കത്തില്‍ പിന്നാക്കമായി മാറുന്നുവെന്ന സാമാന്യ യുക്തിയുടെ 'ലഘു' സംശയത്തിനു പോലും മറുപടിയില്ലാതെ വരും. പട്ടികജാതി/പട്ടിക വര്‍ഗക്ഷേമത്തിനു നാളിതുവരെ ചെലവഴിച്ച തുക ഓരോ ദലിതനും നല്‍കിയിരുന്നെങ്കില്‍ അവരൊക്കെ ലക്ഷാധിപതികളായിട്ടുായിരിക്കുമെന്ന ഫലിതം ബോധപൂര്‍വം മറക്കുന്നു. 'പ്രീണനവും' 'വിവേചനവും' തെറ്റിദ്ധാരണയുടെ നിര്‍ദോഷമായ ഉല്‍പന്നമല്ലെന്നും മറിച്ച് തല്‍പര കക്ഷികളുടെ ബോധപൂര്‍വമായ നിര്‍മിതിയുടെ ഫലമാണെന്നും നിരീക്ഷിക്കുന്നവരുണ്ട്.
വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള ഒരു ഉപായമായി ചുരുങ്ങാനുള്ളതല്ല ന്യൂനപക്ഷ പദവി. നെഹ്‌റൂവിയന്‍ ക്ഷേമരാഷ്ട്ര സങ്കല്‍പത്തിലെ അംശലേശമെങ്കിലും ന്യൂനപക്ഷ ക്ഷേമകാര്യത്തില്‍ പ്രായോഗികമായി നടപ്പാക്കപ്പെടുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാരാണോ ന്യൂനപക്ഷ നേതൃത്വങ്ങളാണോ പിന്നാക്കാവസ്ഥയുടെ ദുരിത പര്‍വങ്ങള്‍ തുടര്‍ന്നുപോകുന്നതിന്റെ ഉത്തരവാദികള്‍ എന്ന ചോദ്യത്തിന്  വലിയ പ്രസക്തിയില്ല. രണ്ടു കൂട്ടര്‍ക്കും പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് രചനാത്മകമായി എങ്ങനെ സഹകരിക്കാന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടത്.
പക്വതയാര്‍ജിച്ച ജനാധിപത്യക്രമത്തിലെ അംഗങ്ങളാണ് നാം. വസ്തുതകള്‍ മനസ്സിലാക്കി ന്യൂനപക്ഷങ്ങളെ പൊതുവിലും, അവരിലെ പിന്നാക്ക വിഭാഗങ്ങളെ പ്രത്യേകിച്ചും പുരോഗതിയിലേക്കും അതുവഴി രാജ്യത്തിന്റെ മുഖ്യധാരയിലേക്കും നയിക്കാന്‍ സഹായവുമായി മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സുഭദ്രമായ ഇന്ത്യയുടെ ഏറ്റവും ദുര്‍ബല കണ്ണികളാണ് മതന്യൂനപക്ഷങ്ങള്‍. ചങ്ങലയുടെ ശക്തി അതിന്റെ ദുര്‍ബലമായ കണ്ണിയുടെ ശക്തിയാണ്. പക്ഷപാതങ്ങള്‍ മാറ്റിവെച്ച് മതന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ അവസ്ഥകളെ കുറിച്ച വസ്തുനിഷ്ഠമായ ചര്‍ച്ചകള്‍ക്ക് പാലോളി കമ്മിറ്റിയുടെ ദശ വാര്‍ഷികത്തിലും സച്ചാര്‍ കമീഷന്റെ ദശവാര്‍ഷികാനന്തര ഘട്ടത്തിലും പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷക്ഷേമ വകുപ്പ് പത്താം തരം മുതല്‍ പി.എച്ച്.ഡി വരെയുളള വിദ്യാര്‍ഥികള്‍ക്ക് വിവിധ ഘട്ടങ്ങളിലുളള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നു.  അവയില്‍ ഗണ്യമായൊരു ശതമാനം പെണ്‍കുട്ടികള്‍ക്കാണ് ലഭിക്കുന്നത്. സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് മാത്രമുളളതാണ്. എസ്.എസ്.എല്‍.സി/പ്ലസ് ടൂ/വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക്, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകള്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍, നഴ്‌സിംഗ് ആന്റ് പാരാ മെഡിക്കല്‍, സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എസ്, സിവില്‍ സര്‍വീസ് എന്നു വേണ്ട, വിദ്യാഭ്യാസത്തിന്റെ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികളാണ് കേരള സര്‍ക്കാര്‍ മൈനോരിറ്റി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്.
വരുമാനത്തിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് വിതരണം. ഇവക്കു പുറമെ സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നു.  

ന്യൂനപക്ഷ വനിതകള്‍ക്ക് നേതൃ പരിശീലനം

നയീറോഷ്‌നി
ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെടുന്ന വനിതകളുടെ നേതൃത്വ പരിശീലനത്തിനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്താല്‍ 2012-'13 വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് നയീറോഷ്‌നി. വനിതകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുകൊുള്ള സ്ത്രീ ശാക്തീകരണമാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. സ്ത്രീകളുടെ അവകാശങ്ങള്‍, സ്ത്രീ വിദ്യാഭ്യാസവും തൊഴിലും, ആരോഗ്യം, ശുചിത്വം, പോഷകാഹാരം, രോഗപ്രതിരോധം, കുടുംബാസൂത്രണം, പഞ്ചായത്തീ രാജ്/ നഗരപാലിക നിയമവും സ്ത്രീകളും, ജീവിത നിപുണത തുടങ്ങിയ വിഷയങ്ങളിലായിരിക്കും മുഖ്യ പരിശീലനം. 2.5 ലക്ഷം രൂപ വരുമാന പരിധിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് പരിശീലന ക്ലാസില്‍ മുന്‍ഗണന നല്‍കും. www.minorityaffairs.gov.in എന്ന വെബ്‌സൈറ്റിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മനസ്സിലാക്കാം.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം (സീക്കോ ഓര്‍ കമാഓ)
ന്യൂനപക്ഷ യുവജനങ്ങളുടെ പരമ്പരാഗത കഴിവുകളെ പരിപോഷിപ്പിച്ച് അവരെ തൊഴിലിന് പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രം നേരിട്ട് എംപാനല്‍ ചെയ്തിട്ടുള്ള വിവിധ പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജന്‍സികളിലൂടെയാണ് പദ്ധതി നിര്‍വഹണം നടക്കുന്നത്. പരിശീലനത്തോടൊപ്പം തൊഴിലും ഇംപ്ലിമെന്റിംഗ് ഏജന്‍സികള്‍ ഉറപ്പാക്കേണ്ടതുണ്ട്. ആധുനിക തൊഴില്‍ മേഖലകളിലെ നൈപുണ്യ വികസനത്തിന് ഏറ്റവും കുറഞ്ഞത് 3 മാസത്തെ പരിശീലനവും പരമ്പരാഗത മേഖലകളിലെ നൈപുണ്യ വികസനത്തിന് തെരഞ്ഞെടുക്കുന്ന ട്രേഡ് അനുസരിച്ച് കുറഞ്ഞത് 2 മാസത്തെ പരിശീലനവുമാണ് നല്‍കുന്നത്. 33 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഗൈഡ്‌ലൈന്‍ പ്രകാരം നിശ്ചിത യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.minorityaffairs.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പഠോ പര്‍ദേശ് 
വിദേശത്ത് പഠിക്കാന്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ലോണുകള്‍ക്ക് സബ്‌സിഡി നല്‍കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ന്യൂനപക്ഷ വിഭാഗത്തിലെ കഴിവും യോഗ്യതയുമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പഠിതാക്കള്‍ക്ക് വിദേശത്ത് പോയി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിയാണിത്. അംഗീകൃത എം.ഫില്‍, പി.എച്ച്.ഡി കോഴ്‌സുകള്‍ക്കാണ് വായ്പ ലഭിക്കുക. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്. പഠനം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പലിശയിനത്തില്‍ സബ്‌സിഡി ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് minorityaffairs.gov.in  എന്ന വെബ്‌സൈറ്റ് കാണുക.

നയീ മന്‍സില്‍
സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിന്നുപോയ 17-35 വയസ്സിന് മധ്യേയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികളെ കണ്ടെത്തി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനും അവരെ അനുയോജ്യമായ തൊഴില്‍ നേടുന്നതിന് പ്രാപ്തരാക്കുന്നതിനുമുള്ള പദ്ധതിയാണിത്. രാജ്യത്തെ ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 3 മാസം വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്. പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജന്‍സികള്‍ മുഖേനയാണ് പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ഗൈഡ്‌ലൈന്‍ പ്രകാരം നിശ്ചിത യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minorityaffairs.gov.in.

ഉസ്താദ്
പരമ്പരാഗത കലാകാരന്മാരുടെയും കരകൗശല പണിക്കാരുടെയും വികസനത്തിനുള്ള പരിശീലനത്തിനും നൈപുണ്യ വികസനത്തിനുമുള്ള പദ്ധതി. 100 % കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഈ മേഖലകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 33 % സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സോഫ്റ്റ് സ്‌കില്‍, വിവര സാങ്കേതിക വിദ്യ, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിവയിലും പരിശീലനം ലഭിക്കും. www.minorityaffairs.gov.in.

ഹമാരി ധരോഹര്‍
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാംസ്‌കാരിക-പൈതൃകം കാത്തു സംരക്ഷിക്കുന്നതിന് സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഗൈഡ്‌ലൈന്‍ പ്രകാരമുള്ള സമാന മേഖലയുമായി ബന്ധപ്പെട്ട ന്യൂനപക്ഷ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, അംഗീകൃത/രജിസ്റ്റേര്‍ഡ് സാംസ്‌കാരിക സ്ഥാപനങ്ങള്‍, അംഗീകൃത യൂനിവേഴ്‌സിറ്റികള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയാണ് പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജന്‍സികളായി നിശ്ചയിച്ചിട്ടുള്ളത്. ന്യൂനപക്ഷ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് സാംസ്‌കാരിക വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടു കൂടി ബിരുദാനന്തര ബിരുദം നേടിയവര്‍ക്കാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്. 33 ശതമാനം  സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minorityaffairs.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നയീ ഉഠാന്‍
യു.പി.എസ്.സി, എസ്.എസ്.സി. എസ്.പി.എസ്.സി മുതലായവ സംഘടിപ്പിക്കുന്ന മത്സര പരീക്ഷകളുടെ പ്രിലിമിനറി പാസ്സാകുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി ഗസറ്റഡ് തസ്തികകള്‍ക്ക് 50,000/- രൂപയും നോണ്‍ ഗസറ്റഡ് തസ്തികകള്‍ക്ക് 25,000/- രൂപയും ലഭിക്കുന്നതാണ്. ഒന്നിലധികം പ്രാഥമിക പരീക്ഷ പാസായിട്ടുണ്ടെങ്കിലും ഒരു പ്രാവശ്യം മാത്രമേ പരിഗണിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ടവരുടെ തുക പൂര്‍ണമായും നേരിട്ട് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. ഇത് പൂര്‍ണമായും കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minorityaffairs.gov.in  എന്ന വെബ്‌സൈറ്റ് കാണുക.

മൗലാനാ ആസാദ് നാഷ്‌നല്‍ ഫെലോഷിപ്പ്
എം.ഫില്‍, പി.എച്ച്.ഡിക്ക് പഠിക്കുന്ന ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് 5 വര്‍ഷം സമഗ്ര ഫെലോഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്. പ്രതിവര്‍ഷം 756 വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 30 ശതമാനം ഫെലോഷിപ്പ് സ്ത്രീകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. യു.ജി.സി മുഖേന നടപ്പിലാക്കുന്ന സ്‌കീമില്‍ ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കേന്ദ്ര-സംസ്ഥാന, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ വഴിയുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല. ജൂനിയര്‍ ഗവേഷകര്‍ക്ക് പ്രതിമാസം 25,000/- രൂപയും സീനിയര്‍ ഗവേഷകര്‍ക്ക് പ്രതിമാസം 28,000/- രൂപയുമാണ് ഫെലോഷിപ്പ് തുക. കൂടാതെ കോഴ്‌സുമായി ബന്ധപ്പെട്ട മറ്റ് ചെലവുകള്‍ക്കും അലവന്‍സ് ലഭിക്കും.

ഫ്രീ കോച്ചിംഗ് ആന്റ് അലൈഡ് സ്‌കീം
ന്യൂനപക്ഷ മതവിഭാഗക്കാര്‍ക്ക് മത്സര പരീക്ഷകള്‍ക്കും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കും സൗജന്യ കോച്ചിംഗ് പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യ കമ്പനികള്‍ എന്നിവയില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള മത്സര പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ യൂനിവേഴ്‌സിറ്റികള്‍/ വിവിധ ഓട്ടോണമസ് ബോഡികള്‍/ സ്വകാര്യ കോളേജ്/യൂനിവേഴ്‌സിറ്റികള്‍/ ഡീംഡ് യൂനിവേഴ്‌സിറ്റികള്‍ എന്നിവക്ക് പരിശീലനം സംഘടിപ്പിക്കുന്നതിനാവശ്യമായ  അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. www.minorityaffairs.gov.in.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top