ലജ്ജയില്ലാത്തൊരു കാലത്ത്

നിദ ലുലു കെ.ജി No image

'മീ..റ്റൂ..' എന്ന ആഷ് ടാഗിന്റെ ധൈര്യത്തില്‍ മാന്യരെന്ന് കരുതിയ പലരുടെയും മുഖം വികൃതമായപ്പോഴും നാം ലജ്ജിച്ചില്ല. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തപ്പോഴും നമ്മുടെ മുതിര്‍ന്ന സാംസ്‌കാരിക നാട്യത്തെ ന്യായീകരിച്ച് ന്യായീകരിച്ച് നാണിക്കാന്‍ മടിച്ചു നാം. അക്ഷരം പകര്‍ന്ന അധ്യാപികയെ പ്രണയിക്കുന്ന ഹീറോയിസവും പവിത്രമായ ലൈംഗികതയില്‍ ഉള്‍ച്ചേര്‍ന്ന ബലിഷ്ഠമായ കരാറിനെ തൃണവല്‍ക്കരിക്കുന്ന നായികമാരും പഠിപ്പിക്കുന്ന 
'ന്യൂജന്‍ സദാചാരം' ശീലമാക്കുകയാണ് നാം. ശ്ലീലമെന്ത്, അശ്ലീലമെന്ത് എന്നറിയാതെ സ്‌ക്രീനില്‍ തെളിയുന്നത് എല്ലാം ആസ്വദിക്കുകയാണ്. നേരിയ നൂല്‍കഷ്ണം മാത്രം ധരിച്ച് അഭിനയിക്കുന്ന പരസ്യങ്ങളും ലിംഗഭേദമന്യേയുള്ള അഴിഞ്ഞാട്ടങ്ങള്‍ അലങ്കാരമാക്കുന്ന റിയാലിറ്റി ഷോകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. വീടിനുള്ളിലെ അറകള്‍ക്കകത്ത് സ്വകാര്യമാക്കപ്പെട്ടവ നാലാള്‍ മുന്നില്‍ ഇരുന്നു കാണാന്‍ പോലും നാം ലജ്ജിക്കാത്തതെന്ത്?
ആണ്‍-പെണ്‍ ബന്ധം എത്രത്തോളം ആവാം, പരിധികള്‍ എവിടെയെല്ലാം എന്ന് നമുക്ക് വിവേചിച്ചറിയാന്‍ ആവണം. മാന്യമായ വസ്ത്രങ്ങള്‍ നമ്മുടെ സൗന്ദര്യം ആവണം. പഴയ തലമുറ പകര്‍ന്ന ധാര്‍മിക പാഠങ്ങള്‍ നല്ല സദാചാരമൂല്യങ്ങള്‍ ആയി ഏറ്റെടുക്കാനുള്ള മനസ്സുണ്ടാകണം. നിര്‍മലമായ പ്രകൃതിയുടെ യഥാര്‍ഥ ഭാവം പ്രകടമാകുന്നത് ലജ്ജാബോധത്തില്‍ നിന്നാണ്. സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അത് അവരുടെ വിശ്വാസപരമായ താല്‍പര്യമാണ്. ധാര്‍മികതയുടെ വെളിച്ചം വീശലാണ്. മൂല്യബോധത്തിന്റെ സംസ്ഥാപനവും ആണ്.
സൈദുബ്‌നു ത്വല്‍ഹത്തുബ്‌നു റുക്കാനയില്‍ നിന്ന് നിവേദനം: 'റസൂല്‍ (സ)പറഞ്ഞു: ഓരോ മതത്തിനും ഓരോ സംസ്‌കാരമുണ്ട്. ഇസ്‌ലാമിക സംസ്‌കാരം ലജ്ജയാകുന്നു.' മൂസാ (അ) ധീരനാകാനും ഈസാ(അ) ഉദാരനാകാനും തങ്ങളുടെ ജനതയെ ഉദ്‌ബോധിപ്പിച്ചപ്പോള്‍ മുഹമ്മദ് നബി (സ) ലോകത്തെ പഠിപ്പിച്ചത് ലജ്ജയുള്ളവരാകാനാണ്. ലജ്ജ ഇല്ലെങ്കില്‍ തോന്നുന്നതെല്ലാം ചെയ്തുകൊള്ളട്ടെ എന്ന പ്രവാചകവചനം അര്‍ഥവത്താണ്. ലജ്ജ എന്ന വിശിഷ്ട സംസ്‌കാരത്തിനു മേല്‍ പടുത്തുയര്‍ത്തപ്പെട്ടതായിരിക്കണം വിശ്വാസിയുടെ ജീവിതം. സകല തിന്മകളില്‍ നിന്നും അതവനെ തടയുകയും നന്മകള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യും. അസാന്മാര്‍ഗികതയുടെ അടിത്തറയാണ് ലജ്ജയില്ലായ്മ. നബി(സ) പറഞ്ഞു: 'ഒരു പ്രവൃത്തിയില്‍ അസഭ്യം വല്ലതുമുണ്ടെങ്കില്‍ ആ പ്രവൃത്തി അതിനാല്‍ തന്നെ നിഷ്ഫലമാകുന്നു. ഒരു പ്രവൃത്തി ലജ്ജയോട് കൂടിയാണെങ്കില്‍ അതിനാല്‍ ആ പ്രവൃത്തി അലംകൃതമാവുകയും ചെയ്യുന്നു.' ആഇശ(റ)യില്‍ നിന്ന് നിവേദനം: 'ലജ്ജ ആള്‍ രൂപത്തില്‍ വരികയാണെങ്കില്‍ ഉത്കൃഷ്ടനും സച്ചരിതനുമായ ഒരു മനുഷ്യനായിട്ടായിരിക്കും അവനെ നിങ്ങള്‍ കാണുക. എന്നാല്‍ അസഭ്യം ആള്‍രൂപം സ്വീകരിക്കുകയാണെങ്കില്‍ ഏറ്റവും നികൃഷ്ടമായ മനുഷ്യനായായിരിക്കും അത് പ്രത്യക്ഷപ്പെടുക.' തെറ്റുകുറ്റങ്ങളില്‍ ലജ്ജ തോന്നുക വിശ്വാസത്തിന്റെ അടയാളമാണ്. ധര്‍മത്തിനും സദാചാരത്തിനും വിരുദ്ധമായ തന്റെ കര്‍മങ്ങള്‍ മനുഷ്യരാരും അറിയുന്നില്ലെങ്കിലും അല്ലാഹു അറിയുന്നുണ്ടെന്ന ബോധം അവനെ അങ്ങേയറ്റം ലജ്ജിതനാക്കുന്നു. ചെയ്തു പോയതില്‍ സ്വയം ശുദ്ധീകരണത്തിനും പാപമോചനത്തിനുമായി അല്ലാഹുവിനോട് അവന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം: 'നബി (സ)പറഞ്ഞു: അല്ലാഹുവിനു മുമ്പില്‍ ഏതുവിധം ലജ്ജ കാണിക്കേണ്ടതുണ്ടോ ആവിധം നിങ്ങള്‍ ലജ്ജ കാണിക്കുവിന്‍.' ഞങ്ങള്‍ ചോദിച്ചു: 'ദൈവദൂതരേ അല്ലാഹുവിനു സ്തുതി. ഞങ്ങള്‍ ലജ്ജയുള്ളവരാണല്ലോ!.' നബി(സ)പറഞ്ഞു: 'ഞാന്‍ അതല്ല ഉദ്ദേശിക്കുന്നത്. അല്ലാഹുവിനു മുന്നില്‍ യഥാവിധം ലജ്ജ കാണിക്കുന്നതിനെ കുറിച്ചാണ്. നിങ്ങളുടെ ശിരസ്സും അതുള്‍ക്കൊള്ളുന്നതും നിങ്ങളുടെ ഉദരവും അതുള്‍ക്കൊള്ളുന്നതും നിങ്ങള്‍ കാത്തുസൂക്ഷിക്കണം. മരണത്തെയും നാശത്തെയും ഓര്‍ത്തുകൊണ്ടിരിക്കണം. പാരത്രിക ലോകം ആഗ്രഹിക്കുന്നവന്‍ ഐഹിക ആഡംബരങ്ങള്‍ ഉപേക്ഷിക്കും. ഇങ്ങനെ ചെയ്യുന്നവനാണ് അല്ലാഹുവിനു മുന്നില്‍ യഥാവിധം ലജ്ജ കാണിക്കുന്നവന്‍.' 
മനുഷ്യനെ നീചകൃത്യങ്ങളില്‍നിന്ന് തടയുകയും നന്മയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്ന ശ്രേഷ്ഠ ഗുണമാണ് ലജ്ജ. ഇതര ജീവികളില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന മൗലിക ഗുണം. ലജ്ജാശീലം ജന്മസിദ്ധമായി എല്ലാ മനുഷ്യരിലുമുണ്ട്. തെറ്റുകുറ്റങ്ങളോടുള്ള വിമുഖത, അശ്ലീലതയോടും അധാര്‍മികതയോടുമുള്ള അകല്‍ച്ച, നന്മയോടുള്ള ആഭിമുഖ്യം തുടങ്ങി അനേകം സല്‍ഗുണങ്ങള്‍ ലജ്ജയുടെ അനന്തരഫലങ്ങളാണ്. ലജ്ജാ ശീലത്തിന്റെ അഭാവം ഒരാളുടെ ധാര്‍മിക ജീവിതത്തെ എപ്രകാരമാണ് നശിപ്പിച്ചുകളയുക എന്ന് ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്ന ഒരു തിരുവചനത്തില്‍ ഉണ്ട്. 'അല്ലാഹു തന്റെ ഒരു ദാസനെ വെറുത്താല്‍ അവനില്‍നിന്ന് ലജ്ജാശീലം ഊരിപ്പോകുന്നു. ലജ്ജാശീലം ഒരാളില്‍നിന്ന് ഊരിപ്പോയാല്‍ പിന്നീട് അവനെ വെറുക്കുന്നവനും വെറുക്കപ്പെട്ടവനും ആയിട്ടല്ലാതെ കാണാന്‍ സാധിക്കുകയില്ല. ഒരാള്‍ വെറുക്കുന്നവനും വെറുക്കപ്പെട്ടവനും ആയാല്‍ അയാളില്‍നിന്ന് ഉത്തരവാദിത്ത്വബോധം നീങ്ങിപ്പോകും. ഉത്തരവാദിത്ത്വബോധം ഇല്ലാതാവുന്നതോടെ അയാള്‍ വഞ്ചകനും വഞ്ചിക്കപ്പെടുന്നവനും ആയിത്തീരുന്നു. വഞ്ചിതനും വഞ്ചിക്കപ്പെട്ടവനും ആയിത്തീരുമ്പോള്‍ അയാളില്‍നിന്ന് കാരുണ്യവികാരം അസ്തമിച്ചുപോകുന്നു. കാരുണ്യം നഷ്ടപ്പെടുന്നതോടെ അയാള്‍ ശപിക്കപ്പെട്ടവനായി മാറുന്നു. ശപിക്കപ്പെട്ടവനായി തീര്‍ന്നാല്‍ ഇസ്‌ലാമിന്റെ പാശം അയാളുടെ ചുമലില്‍നിന്ന് ഊരിപ്പോകുന്നു.'
ഈമാനും ലജ്ജയും ഇണപിരിയാത്ത കൂട്ടുകാരാണ്. നബി(സ) അരുള്‍ ചെയ്യുന്നു: 'ഈമാനും ലജ്ജയും ഉറ്റമിത്രങ്ങള്‍ ആണ്. അതില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റേതും നഷ്ടപ്പെടും.' ഈ നബിവചനത്തിലടങ്ങിയ മുന്നറിയിപ്പിന്റെ ഗൗരവം അതീവ ഗുരുതരമാണ്. ഒരാള്‍ക്ക് ലജ്ജ നഷ്ടപ്പെട്ടാല്‍ അതിനര്‍ഥം അയാള്‍ക്ക് ഈമാന്‍ നഷ്ടപ്പെട്ടു എന്നത്രെ.
അല്ലാഹു എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധം നമുക്കുണ്ടെങ്കില്‍, അത് നമ്മുടെ ഹൃദയത്തില്‍ ലജ്ജ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്നും നാം ചെയ്യുന്നതെന്താണെന്നും അല്ലാഹു അറിയുന്നുണ്ടെന്ന ബോധ്യമാണത്.
സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം കാരുണ്യവാനോടുള്ള താഴ്മയില്‍നിന്നുത്ഭൂതമാകുന്ന മറ്റൊരു ലജ്ജ കൂടിയുണ്ട്. അതായത്, നമ്മള്‍ അല്ലാഹുവിനു വേണ്ടി ചെയ്യുന്നതൊന്നും അവന്റെ മാഹാത്മ്യത്തിന് സമമല്ല എന്ന ബോധ്യമാണത്. മാത്രമല്ല, നമ്മള്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും അല്ലാഹുവിന് മുന്നില്‍ ചെയ്യേണ്ടതൊന്നും നമുക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള തിരിച്ചറിവ് കൂടിയാണത്. ആ തിരിച്ചറിവ് നമ്മുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും അല്ലാഹുവോടുള്ള കടമകള്‍ പൂര്‍ത്തീകരിക്കാനും നമ്മെ പ്രാപ്തരാക്കുമെന്നത് തീര്‍ച്ചയാണ്.
അപ്രകാരം തന്നെ നാം സ്രഷ്ടാവിന്റെ മുന്നില്‍ ലജ്ജയുള്ളവരാവുക. ഒരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു: 'എന്റെ സമുദായത്തില്‍ ഒരു വിഭാഗത്തെ പറ്റി എനിക്കറിയാം. അന്ത്യദിനത്തില്‍ തിഹാമ പര്‍വതത്തോളം നന്മകളുമായി അവര്‍ വരും. എന്നാല്‍ അല്ലാഹു അവയെ ചിന്നിച്ചിതറിയ ധൂളികളാക്കി മാറ്റും.' അപ്പോള്‍ ഒരു അനുചരന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അതിനെ കുറിച്ചറിവില്ലാതെ ഞങ്ങള്‍ അതില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ അവരുടെ വിശേഷണങ്ങള്‍ എന്താണെന്ന് അറിയിച്ചു തന്നാലും.' നബി(സ) പറഞ്ഞു: 'നിങ്ങളുടെ സഹോദരന്മാരുടെ വംശക്കാരാണവര്‍. നിങ്ങളെ പോലെ അവരും രാത്രിയില്‍ ആരാധനയിലേര്‍പ്പെടുന്നു. എന്നാല്‍ അവര്‍ ഒറ്റക്കായാല്‍ അല്ലാഹുവിന്റെ പരിധികളെ ലംഘിക്കും.'
ജനങ്ങളുടെ സാന്നിധ്യത്തില്‍ തെറ്റുകുറ്റങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരായിരിക്കും അവര്‍. അതേസമയം ജനങ്ങളുടെ കണ്ണുകളില്‍നിന്ന് മറഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ അവര്‍ തെറ്റുകളില്‍ ഏര്‍പ്പെടും. എന്നാല്‍ അല്ലാഹു തന്റെ അടിമകളുടെ പാപങ്ങളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. അവരുടെ ഓരോ അനക്കവും അല്ലാഹു അറിയുന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ തെറ്റുകളില്‍ അകപ്പെടുന്നു. ഒരു ചെറിയ കുട്ടിയുടെ സാന്നിധ്യം പോലും തെറ്റില്‍നിന്നവനെ തടയുന്നു. ആ കുട്ടി കാണുമല്ലോ എന്ന ലജ്ജ കാരണം തെറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന അവന്‍ അല്ലാഹു കാണുന്നതോര്‍ത്ത് ലജ്ജിക്കുന്നില്ല. തന്റെ എല്ലാ പരസ്യവും രഹസ്യവും അല്ലാഹു അറിയുന്നുണ്ടെന്ന വസ്തുത വിസ്മരിക്കുകയാണ് മനുഷ്യന്‍.
അല്ലാഹു തന്നെ കാണുന്നില്ലെന്ന ധാരണയോടെ അവനെ ധിക്കരിക്കാന്‍ ധൈര്യപ്പെടുന്ന മനുഷ്യന്റെ കാര്യം എത്ര കഷ്ടം! എത്ര വലിയ നിഷേധമാണത്. ഇനി അല്ലാഹു അറിയുന്നുണ്ടെന്ന ധാരണയോട് കൂടിയാണെങ്കില്‍ എത്രത്തോളം നിര്‍ലജ്ജാകരമാണത്! ''തങ്ങളുടെ ചെയ്തികള്‍ ജനങ്ങളില്‍നിന്നും അവര്‍ ഒളിച്ചുവെക്കുന്നു, എന്നാല്‍, അല്ലാഹുവില്‍നിന്ന് അവരത് ഒളിച്ചുവെക്കുന്നില്ല'' (അന്നിസാഅ്: 108).
അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് അവനെ ധിക്കരിക്കുന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. അതവനില്‍ ഉണ്ടാകുന്ന കോപത്തെ കുറിച്ചും അവന്റെ ശിക്ഷയുടെ കാഠിന്യത്തെയും അതുണ്ടാക്കുന്ന പരിണതികളെയും കുറിച്ചും അവനറിയാം. ഖതാദ പറയുന്നു: 'അല്ലയോ മനുഷ്യാ, നിനക്കു മേല്‍ നിന്നില്‍ തന്നെ സാക്ഷികളുണ്ട്. അവരെ നീ സൂക്ഷിക്കുക. നിന്റെ രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവെക്കുറിച്ച സല്‍വിചാരത്തോടെ ഒരാള്‍ക്ക് മരണപ്പെടാന്‍ സാധിക്കുമെങ്കില്‍ അവനത് ചെയ്യട്ടെ. അല്ലാഹുവിനല്ലാതെ ഒരു ശക്തിയുമില്ല.'
''സ്വന്തം കണ്ണുകളും കാതുകളും ചര്‍മങ്ങളും ഒരിക്കല്‍ അതിനെതിരെ സാക്ഷി പറയുമെന്ന വിചാരമേ നിങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രത്യുത, കര്‍മങ്ങളില്‍ മിക്കതും അല്ലാഹു അറിയുന്നില്ല എന്നായിരുന്നുവല്ലോ വിചാരം. സ്വന്തം വിധാതാവിനെക്കുറിച്ച് പുലര്‍ത്തിയ ഈ വിചാരം തന്നെയാണ് നിങ്ങളെ നാശത്തിലാഴ്ത്തിയത്.'' (ഹാമീം അസ്സജദ: 22, 23)
ഇബ്‌നുല്‍ അഅ്‌റാബി പറയുന്നു: തന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും തന്റെ കണ്ഠനാഡിയേക്കാള്‍ അടുത്തവന്റെ മുന്നില്‍ മ്ലേഛതകള്‍ പ്രകടമാക്കിയവനുമാണ് ഏറ്റവും അവസാനത്തെ നഷ്ടകാരി. ''മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. മനസ്സിലുണരുന്ന തോന്നലുകള്‍ വരെ നാം അറിയുന്നുണ്ട്. നാം അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനാകുന്നു.'' (ഖാഫ്: 16)
അല്ലാഹുവിനെ കാണാതെ തന്നെ രഹസ്യമായി ഭയപ്പെടുന്നതും സൂക്ഷ്മത പാലിക്കുന്നതും വിശ്വാസത്തിന്റെ അടയാളമാണ്. പാപമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും അര്‍ഹനാക്കുന്ന കാര്യവുമാണത്.
''ഉദ്‌ബോധനത്തെ പിന്‍പറ്റുകയും ദയാപരനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമേ നിനക്ക് ഉണര്‍ത്താന്‍ കഴിയൂ. അവനെ പാപമുക്തിയുടെയും മഹത്തായ കര്‍മഫലത്തിന്റെയും സുവിശേഷമറിയിച്ചുകൊള്ളുക.'' (യാസീന്‍: 11)
വിശുദ്ധ ഖുര്‍ആനില്‍ സമാനമായ സൂക്തങ്ങള്‍ വേറെയും ഇടങ്ങളില്‍ കാണാം (അല്‍മുല്‍ക്: 12, ഖാഫ്: 31-35). അല്ലാഹുവിന്റെ യഥാര്‍ഥ ദാസന്‍ അവനെ പരസ്യമായും രഹസ്യമായും ഭയപ്പെടുന്നവനായിരിക്കുമെന്ന പാഠമാണിത് നല്‍കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top