വാര്‍ധക്യം നേരിടുന്ന വെല്ലുവിളികള്‍

ഡോ. ശറഫുദ്ദീന്‍ കടമ്പോട്ട് No image

നാലര പതിറ്റാണ്ട് കാലത്തെ പ്രവാസത്തിനൊടുവിലാണ് ഹംസക്ക നാട്ടിലെത്തുന്നത്. ആദ്യകാലങ്ങളില്‍ മഹല്ല് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എഴുപത്തിമൂന്ന് വയസ്സോടുകൂടി മുട്ടുകാല്‍ വേദന, ബി.പി, ഓര്‍മപ്പിശക് പോലുള്ള ചില ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിത്തുടങ്ങി.
ആണ്‍മക്കള്‍ രണ്ടുപേരില്‍ ഒരാള്‍ ഗള്‍ഫിലും മറ്റൊരാള്‍ വിദൂര ജില്ലയില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിലുമാണ്.
മകള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കൂടെ ഖത്തറിലാണ്. ഒരുമിച്ചും വേറിട്ടും കുടുംബത്തോടൊപ്പവും  നാല്‍പത്തിനാല് പ്രവാസ വര്‍ഷങ്ങള്‍. നാട്ടുകാരുടെ പ്രിയങ്കരനും സ്നേഹസമ്പന്നനുമായ ഹംസക്ക, ഈയിടെയായി പള്ളിയിലേക്കുള്ള വരവ് കുറഞ്ഞുതുടങ്ങി. പൊതു കാര്യങ്ങളിലുള്ള ഇടപെടലുകളും ചുരുങ്ങി.
കൂട്ടുകാരും നാട്ടുകാരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ആരോഗ്യ വിഷമതകളെ മാനിച്ച്, അവിടെ നടന്നുവന്നിരുന്ന പല പരിപാടികളിലേക്കും ക്ഷണിക്കുന്നതിനു പകരം അറിയിക്കുക മാത്രം ചെയ്തു, ചിലത് അറിയാതെയുമായി.
പ്രോസ്റ്റേറ്റിസും അല്‍പം മൂത്രവാര്‍ച്ചയും കൂടി തുടങ്ങിയതോടെ ദീര്‍ഘ യാത്രകളോ വിവാഹ പരിപാടികളോ ഒഴിവാക്കി. പെരുന്നാളിനും മറ്റു അവധികളിലും മക്കളും പേരക്കുട്ടികളും ഒത്തുചേരുമ്പോള്‍ നടന്നിരുന്ന ഉല്ലാസയാത്രകളില്‍നിന്ന് സ്വമേധയാ മാറി, ക്രമേണ അവരുടെ മുന്‍ഗണനാ ക്രമത്തില്‍ ഉപ്പ ഇല്ലാതായി.
ഉപ്പയുടെ ഇപ്പോഴത്തെ ആരോഗ്യം പരിഗണിച്ചുകൊണ്ടാണെന്ന ആശ്വാസത്തില്‍ അവരും.
ഡോക്ടറുടെ അടുക്കലുള്ള റുട്ടീന്‍ ചെക്കപ്പുകള്‍, കൃത്യമായ മരുന്ന് വാങ്ങല്‍, സമയബന്ധിതമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തല്‍ എന്നീ കാര്യങ്ങള്‍ അല്‍പം ഭാരിച്ചു വന്നു.
പ്രവാസകാലത്തെ തന്റെ ഓഫീസിലെ ഏറ്റവും മികച്ച ഓഫീസര്‍, ആരാലും പ്രശംസ പിടിച്ചു പറ്റിയിരുന്ന ഉദ്യോഗസ്ഥന്‍, ചെറിയ നിലയില്‍നിന്ന് ഉയര്‍ന്ന തസ്തികയിലെത്തി. സാമ്പത്തികമായി ഏറെ ക്ലേശത്തില്‍നിന്ന് തരക്കേടില്ലാത്ത അവസ്ഥയിലെത്തി, മക്കളെ മൂവരെയും നല്ല നിലയില്‍ പഠിപ്പിച്ചു.
നാട്ടില്‍ വീടും സ്വത്തും സമ്പാദിച്ചു. വേണ്ടപ്പെട്ടവര്‍ക്കെല്ലാം അത്താണിയായി. സാമൂഹിക ഇടപെടലുകളിലൂടെ നാട്ടുകാര്‍ക്ക് അദ്ദേഹം പ്രിയങ്കരനായി.
ക്രമേണ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അദ്ദേഹത്തിന് ദുസ്സഹമായി. മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ചില  കാഴ്ചകളിലൂടെ അദ്ദേഹം സഞ്ചാരമാരംഭിച്ചു. സമൂഹത്തിലും കുടുംബത്തിലും നിറഞ്ഞുനിന്നിരുന്ന ഒരാള്‍ തന്റെ ശാരീരിക അവശതകള്‍കൊണ്ട് ക്രമേണ നിര്‍ബന്ധിതമായി ഉള്‍വലിഞ്ഞു തുടങ്ങുന്നു. ഉത്തരവാദിത്വങ്ങള്‍ ബോധപൂര്‍വമായോ അല്ലാതെയോ കൈകളില്‍നിന്ന് ഇല്ലാതെയാവുന്നു. തനിക്ക് പ്രിയപ്പെട്ടവരിലേക്കുള്ള സഞ്ചാരങ്ങള്‍ പരിമിതപ്പെടുന്നു.
തന്നിലേക്ക് വന്നിരുന്നവരുടെ തോതും ക്രമേണ കുറഞ്ഞുതുടങ്ങി. അന്നേവരെ സ്വയം പര്യാപ്തനായിരുന്ന ഒരാള്‍ എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. ശാന്തപ്രകൃതനായിരുന്ന ഹംസക്ക ദേഷ്യവും വാശിയും  തുടങ്ങിയിരിക്കുന്നു.
*** *** ***
68 വയസ്സായ മറിയിത്തായുടെ ഭര്‍ത്താവ് മരണപ്പെട്ടിട്ട് ഒമ്പത് വര്‍ഷം. മൂന്നു മക്കള്‍. രണ്ട് ആണ്‍മക്കളുടെ ഭാര്യമാരില്‍ ഒരാള്‍ കൂടെയുണ്ട്. മകള്‍ വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലാണ്. സ്‌കൂള്‍ അധ്യാപകനായിരുന്ന ഭര്‍ത്താവ് അഹമ്മദ് മാഷും മറിയിത്തയും മക്കള്‍ക്ക് മാതൃകയാവത്തക്ക ജീവിതമായിരുന്നു. അപ്രതീക്ഷിതമായുള്ള മാഷിന്റെ മരണം മറിയിത്തയെ വല്ലാതെ തളര്‍ത്തി. അതില്‍ നിന്നെല്ലാം രണ്ട് വര്‍ഷംകൊണ്ട് മറിയിത്ത കരകയറിയെങ്കിലും മുമ്പില്‍ എന്തെന്നില്ലാത്ത ഒരു ശൂന്യത. മക്കളുടെയും  മരുമകളുടെയും ഗൃഹഭരണം, യാത്രയും മെനുവും ആഭ്യന്തര ഭരണവും എല്ലാം ദൂരെനിന്ന് മറിയിത്ത കാണാന്‍ തുടങ്ങി. അവര്‍ തീരുമാനിക്കുന്നതില്‍ സഹായങ്ങള്‍ ചെയ്യുക,  അവര്‍ക്ക് എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ പേരമക്കളെ നോക്കുക, മരുന്നിനും ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും ദിവസങ്ങളോളം ആരുടെയെങ്കിലും ഒഴിവിന് കാത്തിരിക്കണം...
ഇപ്പോള്‍ തന്റെ ഇഷ്ടങ്ങള്‍ ഒരു കാര്യത്തിലും ആ വീട്ടില്‍ സാധ്യമല്ല. അതില്‍ മറിയിത്താക്ക് ആരോടും  പരിഭവമില്ല. കാരണം, കുട്ടികള്‍ അവരുടെ മക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തിരക്കിലാണ്. അവര്‍ ജീവിക്കുന്ന പുതിയ സാഹചര്യങ്ങള്‍ തന്റെ രുചികളോടും  അഭിരുചികളോടും യോജിക്കുന്നതല്ലല്ലോ. എല്ലാം ഒറ്റത്താളത്തില്‍ കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലല്ലോ.
ഇത് തിരിച്ചറിഞ്ഞ് അവര്‍ നമസ്‌കാരങ്ങള്‍ക്കും ദിക്റുകള്‍ക്കും സമയം ചെലവഴിച്ചു. ക്രമേണ അടുത്ത അയല്‍വാസികളോടും സമപ്രായക്കാരായ കൂട്ടുകാരികളോടും ബന്ധുമിത്രാദികളോടുമുള്ള അടുപ്പം കുറഞ്ഞുതുടങ്ങി. മുമ്പ് ആരെങ്കിലും വരാനും മിണ്ടിപ്പറഞ്ഞിരിക്കാനും കാത്തിരുന്ന മറിയിത്താക്ക് ആളുകള്‍ വരുന്നതിനോട് അത്ര താല്‍പര്യം ഇല്ലാതായി. പ്രാര്‍ഥനകള്‍ക്ക് പോലും മനസ്സാന്നിധ്യം കിട്ടുന്നില്ല. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ സങ്കടം വരുന്നു. ബന്ധുക്കള്‍ ഒത്തുകൂടുമ്പോഴുള്ള കളിചിരികള്‍ അവരെ സന്തോഷിപ്പിച്ചില്ല. ചിലപ്പോള്‍ കണ്ണുനീര്‍ വാര്‍ക്കും.
നിസ്‌കാര പായയില്‍, സുജൂദില്‍ തേങ്ങിക്കരയും.
'ഡോക്ടറേ... ഇനി എത്രയും പെട്ടെന്ന് മാഷുടെ അടുത്തേക്ക് എത്ത്യാ മതി'- മറിയിത്ത ഉള്ളില്‍ കരഞ്ഞും എന്നോട് ചിരിച്ചും തുടര്‍ന്നു. കുടുംബത്തിലെ മുഴുവന്‍ കാര്യങ്ങളിലും നിറഞ്ഞുനിന്ന് നേതൃത്വം കൊടുത്തിരുന്ന മറിയിത്ത പതിയെ അപ്രത്യക്ഷമായി. വലതു മുട്ടുകാലിന്റെ വേദന, പ്രമേഹം, അല്‍പം ബി.പി, നേരത്തെ തന്നെ ഉണ്ടായിരുന്ന ശ്വാസംമുട്ട്... മുമ്പ് തീരെ ഗൗനിക്കാതിരുന്ന എല്ലാ രോഗങ്ങളെയും ദുഃഖങ്ങളെയും നിരത്തിവെച്ച് മറിയിത്ത 'താലോലിക്കാന്‍' തുടങ്ങി. അതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
വാര്‍ധക്യ കാലത്തെ ശാരീരിക- മാനസിക വിഷമതകളെ ലഘൂകരിക്കുന്നതില്‍ കുടുംബാംഗങ്ങളുടെ പങ്ക് നിര്‍ണായകമാണ്. 

വാര്‍ധക്യത്തിലെത്തിയവര്‍ക്കുള്ള ഏറ്റവും ഫലപ്രദമായ മരുന്ന് കുടുംബാംഗങ്ങളുടെ ഒത്തുചേര്‍ന്നുള്ള മാനസിക പിന്തുണയാണ്. എത്ര നിസ്സാര കാര്യങ്ങളാണെങ്കിലും പ്രായമായവരോട് അഭിപ്രായങ്ങള്‍ ആരായുന്നതും അത് മുഖവിലക്കെടുക്കുന്നതും ഇത്തരക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുക മാത്രമല്ല, അവരെ വിലമതിക്കുക കൂടി ചെയ്യേണ്ടത് അനിവാര്യമാണ്. കൂട്ടായ ബോധപൂര്‍വ പരിശ്രമം ഇതിന് അനിവാര്യമാണ്.
ചേര്‍ത്തുപിടിച്ച് തങ്ങള്‍ വിലമതിപ്പുള്ളവരാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാക്കണം. നിറഞ്ഞുനിന്നിരുന്ന മണ്ഡലങ്ങളില്‍നിന്ന് സ്വയമേവ നിഷ്‌കാസിതരാവുന്ന ഇക്കൂട്ടരെ പരിശ്രമത്തിലൂടെ തിരികെ എത്തിക്കേണ്ടതുണ്ട്. ആത്മവിശ്വാസവും ഉത്കര്‍ഷയും  നഷ്ടപ്പെടുന്ന ഇവര്‍ക്ക് നിരന്തരമായി പ്രോത്സാഹനവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാന്‍ ശ്രമിക്കണം.
സമയം കണ്ടെത്തി അടുത്ത് ചെന്നിരുന്ന് അവര്‍ പറയുന്നത് കേട്ടുകൊടുക്കുന്നതു പോലും ഏറെ ആശ്വാസകരമാണ്.

 

മുതിര്‍ന്നവര്‍ നേരിടേണ്ടിവരുന്ന പത്ത് പ്രധാന വെല്ലുവിളികള്‍

1. ധൈഷണിക ശേഷിക്കുറവ് 
വാര്‍ധക്യത്തിന്റെ ഏറ്റവും പ്രയാസമേറിയ ഘട്ടമാണ് ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെ തകര്‍ച്ച. ഓര്‍മ, യുക്തി, വൈകാരിക അസന്തുലിതാവസ്ഥ, അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള അവസ്ഥകള്‍ ഒരു വ്യക്തിയുടെ ജീവിത ഗുണനിലവാരത്തെ കവര്‍ന്നെടുക്കും. പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനോ ദൈനംദിന ജോലികള്‍ ചെയ്യുന്നതിനോ ഉള്ള അവരുടെ കഴിവിനെ ബാധിക്കും.
2. വിഷാദം (Depression)
മുതിര്‍ന്നവര്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശാരീരികാരോഗ്യ ക്ഷയം, പ്രിയപ്പെട്ടവരുടെ നഷ്ടം, തൊഴില്‍ വിരാമ ശേഷം മറ്റൊരു മേഖല കണ്ടെത്താനുള്ള പ്രയാസം എന്നിവ ക്രമേണ വിഷാദത്തിലേക്ക് നയിക്കും. പ്രായമായവര്‍ അഭിമുഖീകരിക്കുന്ന സാമൂഹിക ഒറ്റപ്പെടല്‍, ഏകാന്തതയും നിരാശയും വര്‍ധിപ്പിക്കും.
3. നഷ്ടപ്പെടുന്ന സ്വാതന്ത്ര്യം
സ്വയം ഡ്രൈവ് ചെയ്യാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ ആഗ്രഹിച്ച ജോലികള്‍ ചെയ്യാനോ ഉള്ള പരിമിതി, അവരുടെ ആത്മാഭിമാനത്തിനും വ്യക്തിത്വത്തിനും കാര്യമായ പ്രഹരമാണ്. ഇതുമൂലം ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും.
4. ദുഃഖവും നഷ്ടവും
പലപ്പോഴും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും നഷ്ടങ്ങള്‍ വാര്‍ധക്യത്തിലെ ക്ലേശങ്ങള്‍ക്ക് ഇടയാക്കുന്നു.   പ്രത്യേകിച്ചും പെട്ടെന്നും തുടര്‍ച്ചയായും സംഭവിക്കുമ്പോള്‍ അവ ആഴത്തിലുള്ള ആഘാതമായിരിക്കും.
5. മരണ ഭയം
പ്രായമാവുന്തോറും മരണ ബോധം ഏറിവരുന്നു. തുടര്‍ച്ചയായ ഏകാന്തതയും ശൂന്യതയും ഉത്കണ്ഠ, ഭയം എന്നിവയും അസ്തിത്വപരമായ പ്രതിസന്ധികളിലേക്ക് നയിച്ചേക്കാം.
6. വ്യക്തിത്വ പ്രതിസന്ധി  (ഐഡന്റിറ്റി ക്രൈസിസ്)
വിരമിക്കലുകളെ തുടര്‍ന്നുണ്ടാവുന്ന സ്വത്വത്തകര്‍ച്ചകള്‍ നഷ്ടബോധത്തിലേക്ക് നയിച്ചേക്കാം. വലിയ സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്നവര്‍, തന്റെ തൊഴിലിടങ്ങളില്‍ കൃത്യമായ റോളുകള്‍ നിര്‍വഹിച്ചിരുന്നവര്‍ക്ക് ആരോഗ്യകാരണങ്ങളാലോ വിരമിക്കല്‍കൊണ്ടോ ഉണ്ടാവുന്ന ശൂന്യത കടുത്ത വ്യക്തിത്വ പ്രതിസന്ധിയിലേക്ക് നയിക്കും.
7. ശാരീരിക ആരോഗ്യ പ്രതിസന്ധികള്‍
ശാരീരിക വേദനകള്‍, ചലന പ്രശ്നങ്ങള്‍, രക്തസമ്മര്‍ദം, ഉത്കണ്ഠ തുടങ്ങി വാര്‍ധക്യ സഹചമായ രോഗങ്ങള്‍ ജീവിത നിലവാരം കുറയുന്നതിന് കാരണമാകും.
8. സാമൂഹിക വീക്ഷണം
പ്രായ വ്യത്യാസങ്ങളിലെ വീക്ഷണ വ്യത്യാസങ്ങള്‍ അല്ലെങ്കില്‍ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം; സമൂഹം തന്നെ വിലകുറച്ചു കാണുന്നു എന്ന തോന്നലിലേക്ക് നയിച്ചേക്കാം.
9. ജീവശാസ്ത്രപരമായ മാറ്റങ്ങള്‍
തലച്ചോറിന്റെ വലുപ്പം ചുരുങ്ങിവരിക, മസ്തിഷ്‌ക ആവേഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറയുക തുടങ്ങി സ്വാഭാവിക വാര്‍ധക്യ സഹജമായ മസ്തിഷ്‌ക സംബന്ധമായ ജൈവിക പ്രവര്‍ത്തനങ്ങള്‍ മാനസികാവസ്ഥയെ സാരമായി സ്വാധീനിക്കും.
10. സാമൂഹിക- സാംസ്‌കാരിക ഘടകങ്ങള്‍
പ്രായമായവര്‍  പലയിടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടും. ഇത് അവരെ വിലകുറച്ച് കാണുന്നതായും ചിലയിടങ്ങളില്‍ അധികപ്പറ്റാണെന്നുമുള്ള തോന്നലുകള്‍ക്ക് കാരണമാവും. സാവകാശം അവരുടെ വിഷാദ അവസ്ഥകള്‍ക്ക് ആക്കം കൂട്ടും.

 

ലിസണിംഗ് ക്ലബ്ബ്
അഥവാ 
ആഴമുള്ള കേള്‍വി

 

വിവിധ പ്രദേശങ്ങളില്‍ പരിശീലനം സിദ്ധിച്ച സന്നദ്ധ സംഘങ്ങള്‍; അവരാല്‍ ആഴമുള്ള കേള്‍വി സാധ്യമാക്കുക. വീടുകളില്‍ ചെന്ന് പ്രായമായവരുടെ കൂടെ ഇരിക്കുക, അവരെ കേട്ടുകൊടുക്കുക എന്നത് നല്ല പരിശീലനവും ശ്രദ്ധയും വേണ്ട ശ്രമകരമായ ഒന്നാണ്.  അവരുടെ പ്രശ്നങ്ങള്‍ക്ക് എപ്പോഴും പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല, എങ്കിലും ചിലപ്പോള്‍ സാധ്യമായേക്കാം.
അവരുടെ പ്രശ്നങ്ങള്‍ ക്രിയാത്മകമായി അനുകമ്പയോടെ കേള്‍ക്കുക എന്നതാണ് പ്രഥമ പടി.
നമ്മുടെ ദിവസത്തിലെ അല്ലെങ്കില്‍ ആഴ്ചയിലെ ഏതാനും മണിക്കൂറുകള്‍ ഞാന്‍ സംഭാവന ചെയ്യുമെന്ന് തീരുമാനിക്കുക. സംഭാവന എന്ന സംജ്ഞ നാം പണവുമായി മാത്രമാണ് ചേര്‍ത്ത് മനസ്സിലാക്കാറുള്ളത്. എന്നാല്‍, ഈ സംഭാവന ഒരു മനുഷ്യന് കൂട്ടിരിപ്പാവട്ടെ, ആ ഇരുത്തം രോഗശയ്യയിലായ വയോധികരെ സംബന്ധിച്ചിടത്തോളം എത്രമാത്രം ഊര്‍ജമാണ് പകര്‍ന്നുനല്‍കുന്നത്. ജീവിതം മുട്ടിനില്‍ക്കുന്നു എന്ന് തോന്നുന്നിടത്ത് ഒരു ആശാകിരണമായി ആ സാന്നിധ്യം അനുഭവപ്പെടും. അവര്‍ അടുത്ത ഊഴത്തിനായി  കാത്തിരിക്കും.
വാര്‍ധക്യം നേരിടുന്ന  വെല്ലുവിളികളെ ക്രിയാത്മകമായി എങ്ങനെ പരിഹരിക്കാം എന്ന് ഉറക്കെ  ചിന്തിക്കേണ്ടതുണ്ട്. ഇവ്വിഷയത്തില്‍ നാനാവിധങ്ങളായ ചിന്തകളും കര്‍മ പദ്ധതികളും, പ്രത്യേകിച്ച് പുതിയ കാലത്ത് ഉണ്ടായിവരേണ്ടതുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സജീവ ശ്രദ്ധ പതിയേണ്ട വിഷയമാണിത്.  

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top