സ്വകാര്യത മാനിക്കപ്പെടേണ്ടതാണ്

സി.ടി സുഹൈബ് No image

വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഇടിച്ചുകയറ്റങ്ങള്‍ സര്‍വസാധാരണയായി മാറിയ കാലമാണിത്. മറ്റൊരാളുടെ സ്വകാര്യതക്ക് ഒട്ടും ഇടമനുവദിക്കാത്ത പ്രവണതകള്‍ വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളെ സാരമായി ബാധിക്കാറുണ്ട്. ചുഴിഞ്ഞന്വേഷണങ്ങള്‍, പരദൂഷണം, പ്രചാരണങ്ങള്‍ തുടങ്ങിയവ പലപ്പോഴും വ്യക്തികളുടെ അഭിമാനത്തെ മുറിപ്പെടുത്തുന്നതായി മാറുന്നുണ്ട്.
ആളുകള്‍ക്ക് പല സ്വകാര്യ ദുഃഖങ്ങളും അസ്വസ്ഥതകളുമുണ്ടാകാം. പലരും പല വഴികളിലൂടെ അത് പ്രകടമാക്കുകയും ചെയ്യും. അന്നേരം ആശ്വസിപ്പിക്കാനാണെങ്കിലും അതിന്റെ കാരണം പങ്കുവെക്കാന്‍ താല്‍പര്യമില്ലാത്ത അവസ്ഥയില്‍ നിരന്തരം അന്വേഷിക്കുന്ന പ്രവണത ശരിയല്ല. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയാ കാലത്ത്. ആളുകള്‍ പബ്ലിക്കായി ഷെയര്‍ ചെയ്യുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍. അത്ര വലിയ അടുപ്പമില്ലാത്തവര്‍ പോലും ഇന്‍ബോക്‌സിലും പേഴ്‌സണല്‍ ചാറ്റുകളിലുമൊക്കെ പോയി വിവരങ്ങള്‍ ചോദിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആശ്വസിപ്പിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമൊക്കെ കാര്യം തിരക്കുന്നതല്ല സൂചിപ്പിച്ചത്. മറിച്ച്, പങ്കുവെക്കാന്‍ താല്‍പര്യമില്ലെന്ന് മനസ്സിലായാല്‍ വീണ്ടും ചോദിക്കുന്നതും മറ്റു വഴികളിലൂടെയും വ്യക്തികളിലൂടെയും അതറിയാന്‍ ശ്രമിക്കുന്നതും വെറുക്കപ്പെട്ട കാര്യമാണ്.
കുടുംബ ജീവിതവുമായി ബന്ധപ്പെട്ട സ്വകാര്യതകള്‍ വളരെ പ്രധാനമാണ്. വിവാഹം കഴിഞ്ഞ് ഏറെ കഴിയുംമുമ്പേ പലരും ചോദ്യങ്ങള്‍ തുടങ്ങും: 'വിശേഷമായില്ലേ, പ്ലാനെന്താണ്? ആര്‍ക്കാണ് കുഴപ്പം?' ഇത്തരം ചോദ്യങ്ങളൊക്കെ സ്വകാര്യതയിലേക്കുള്ള കൈയേറ്റങ്ങളാണെന്ന് മനസ്സിലാക്കാതെ പോകുന്ന ധാരാളമാളുകളുണ്ട്. ഇതൊക്കെ ചോദിക്കല്‍ തങ്ങളുടെ അവകാശമാണെന്ന മട്ടിലാണ് പലരും ചോദ്യങ്ങളും അന്വേഷണങ്ങളുമായെത്താറ്.
ഇസ്‌ലാം വ്യക്തികളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്ന ദര്‍ശനമാണ്. 'ഒരാള്‍ സ്വകാര്യതയില്‍ ചെയ്‌തൊരപരാധം മറ്റൊരാള്‍ അറിയാനിടയായാല്‍ അത് മൂന്നാമതൊരാളുമായി പങ്കുവെക്കരുതെ'ന്ന് പ്രത്യേകം ഉണര്‍ത്തി. ഗുണകാംക്ഷയാണ് വ്യക്തികളോടുണ്ടാവേണ്ടത്. ഒരാളുടെ കുറവുകള്‍ തിരുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ അയാളോട് നേരിട്ട് നടത്തുകയാണ് വേണ്ടത്. മറ്റുള്ളവരോട് പങ്കുവെക്കുന്നത് പരദൂഷണവും അയാളുടെ അഭിമാനത്തെ മുറിവേല്‍പ്പിക്കലുമാണ്. ഇബ്‌നു അബ്ബാസ്(റ)വില്‍നിന്ന് നിവേദനം. റസൂലുല്ലാഹി(സ) പറഞ്ഞു: 'ഒരാള്‍ തന്റെ സഹോദരന്റെ ന്യൂനത മറച്ചുവെച്ചാല്‍ പരലോകത്ത് അവന്റെ കുറവുകള്‍ അല്ലാഹുവും മറച്ചുവെക്കും. ഒരാള്‍ തന്റെ സഹോദരന്റെ കുറ്റങ്ങളും കുറവുകളും പരസ്യമാക്കിയാല്‍ അല്ലാഹു അവന്റെതും പരസ്യമാക്കും. അങ്ങനെ അവന്‍ അവന്റെ വീട്ടില്‍ പോലും നാണം കെട്ടുപോകും.' ചില സാമൂഹിക നന്മകള്‍ മുന്‍നിര്‍ത്തിയും കുറ്റവാളിയെ ശിക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലും മറ്റൊരാളുടെ നന്മ പരിഗണിച്ചും ചില സാഹചര്യങ്ങളില്‍ ആളുകളുടെ കുറവുകള്‍ വെളിപ്പെടുത്തേണ്ടി വരും. വിവാഹാന്വേഷണത്തിന്റെയും നേതൃത്വ തെരഞ്ഞെടുപ്പിന്റെയുമൊക്കെ വേളകള്‍ അതിനുദാഹരണമാണ്. അങ്ങനെ ഒരു സാമൂഹിക നന്മയുമില്ലാതിരിക്കെ ആളുകളുടെ കുറവുകള്‍ അന്വേഷിക്കുന്നതും അത് പങ്കുവെക്കുന്നതുമൊക്കെ മോശമായ സ്വഭാവവും പ്രകൃതവുമാണ്.
വ്യഭിചാരം ഇസ്‌ലാം കര്‍ശനമായി വിലക്കിയ കാര്യമാണ്. അതേസമയം ആരൊക്കെ വ്യഭിചരിക്കുന്നുണ്ടോ, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുണ്ടോ എന്ന് അന്വേഷിച്ചിറങ്ങാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. വ്യഭിചാര കുറ്റത്തിന് ശിക്ഷിക്കണമെങ്കില്‍ നേരിട്ട് കണ്ട നാല് സാക്ഷികള്‍ വേണമെന്ന് വെച്ചതു തന്നെ സ്വകാര്യതയില്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് സൂക്ഷ്മാന്വേഷണം നടത്തി ശിക്ഷിക്കേണ്ടതില്ല എന്നത് കൊണ്ടാവാം. നാല് സാക്ഷികളുണ്ടാവുക എന്ന് പറഞ്ഞാല്‍ അത്രയും പരസ്യമായി അധാര്‍മികത പ്രവര്‍ത്തിക്കുക എന്നതാണല്ലോ. ഒരാള്‍ വ്യഭിചരിക്കുന്നത് മറ്റൊരാള്‍ കണ്ടാല്‍ മറ്റ് മൂന്ന് സാക്ഷികളില്ലാതെ അത് റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോപണത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ട തെറ്റായിട്ടാണ് ഇസ്‌ലാമിക ശരീഅത്ത് കാണുന്നത്. വ്യക്തികളുടെ സ്വകാര്യ തിന്മകളിലേക്ക് ഇടിച്ചു കയറി സദാചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നതിന് ഉമര്‍(റ)വിന്റെ കാലത്തെ സംഭവം പ്രസിദ്ധമാണല്ലോ. ത്വബ്‌റാനിയില്‍നിന്ന് നിവേദനം: അബൂമിഹ്ജന്‍ അസ്സഖഫി വീട്ടില്‍വെച്ച് മദ്യപിക്കുന്നുണ്ടെന്ന വിവരം ഉമര്‍(റ)വിനോട് ആരോ പങ്കുവെച്ചു. നിജസ്ഥിതി അറിയാന്‍ അദ്ദേഹം അബൂമിഹ്ജന്റെ വീട്ടിലെത്തി കാര്യമന്വേഷിച്ചു. ഉടന്‍ അദ്ദേഹം പ്രതിവചിച്ചു. 'അമീറുല്‍ മുഅ്മിനീന്‍ ഇത് ശരിയല്ല. ഇത് ചുഴിഞ്ഞന്വേഷണമാണ്. ചുഴിഞ്ഞന്വേഷണം നിരോധിക്കപ്പെട്ടതാണല്ലോ.' കാര്യം മനസ്സിലായ ഉമര്‍ (റ) അവിടെനിന്ന് തിരിച്ചു പോരുകയാണുണ്ടായത്.
സ്വകാര്യത മാനിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ,് മറ്റൊരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച ഖുര്‍ആനിക അധ്യാപനം. മറ്റൊരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ അതവര്‍ക്കിഷ്ടപ്പെടുമോ എന്ന് നോക്കണം. ചില സമയത്ത് സന്ദര്‍ശകര്‍ വരുന്നത് ആളുകള്‍ക്കിഷ്ടപ്പെടില്ല. അതുപോലെ അനുവാദം കിട്ടാതെ അകത്തേക്ക് കയറരുത്. അനുവാദത്തിന്റെ രീതി സലാം പറയലാണ്. ഒരു വീട്ടില്‍ ചെന്നിട്ട് ബെല്ലടിച്ചിട്ടും സലാം പറഞ്ഞിട്ടും പുറത്തേക്കാരും വരുന്നില്ലെങ്കില്‍ വീണ്ടും അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നതും പിറകിലൂടെ ചെന്ന് നോക്കുന്നതും ജനലില്‍ തട്ടി വിളിക്കുന്നതുമൊന്നും ശരിയല്ല. ആളുകള്‍ അവരുടെ സ്വകാര്യതയിലേക്ക് അന്നേരം ആരും വരേണ്ടതില്ലെന്ന് കരുതിയാകും വാതില്‍ തുറക്കാത്തത്.  വാതിലിന് നേരെ നില്‍ക്കാതെ കുറച്ച് സൈഡിലേക്ക് മാറിനില്‍ക്കണമെന്ന് നിര്‍ദേശിച്ചത് വീടിനുള്ളിലുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്ന തത്വത്തിന്റെ ഭാഗമാണ്. ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ക്ക് പ്രയാസമാകുന്ന രൂപത്തില്‍ അധിക സമയം അവിടെ ഇരിക്കുന്നതും അവര്‍ക്കിഷ്ടമില്ലാത്ത ഇടങ്ങളിലേക്ക് കയറിച്ചെല്ലുന്നതും വസ്തുക്കള്‍ എടുക്കുന്നതുമൊക്കെ ഒഴിവാക്കപ്പെടേണ്ടതാണ്. ഇതെല്ലാം സന്ദര്‍ഭവും സാഹചര്യവും ബന്ധങ്ങളുടെ സ്വഭാവവുമൊക്കെ പരിഗണിച്ച് വ്യത്യാസപ്പെടുന്നതാണ്. ചില ബന്ധങ്ങളില്‍ പ്രത്യേകം അനുവാദം ചോദിക്കാതെ തന്നെ ഭക്ഷണം കഴിക്കാമെന്ന് സൂറതുന്നൂറിലെ 61-ാം സൂക്തത്തില്‍ സൂചിപ്പിക്കുന്നുണ്ടല്ലോ.
സ്വന്തം വീട്ടിലാണെങ്കിലും മറ്റൊരാള്‍ ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കണമെങ്കില്‍ അനുവാദം ചോദിക്കണം. ചെറിയ കുട്ടികളാണെങ്കില്‍ പോലും ചില സമയത്ത് അവരും അനുവാദം ചോദിക്കണമെന്ന് ഖുര്‍ആന്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. 'സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈ ഉടമപ്പെടുത്തിയവരും (അടിമകള്‍) നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാത നമസ്‌കാരത്തിന് മുമ്പും ഉച്ചസമയത്ത് (വിശ്രമിക്കാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും ഇശാ നമസ്‌കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത് (സൂറത്തുന്നൂര്‍ 58).
 മുമ്പ് കാലത്ത് മറ്റുള്ളവരുടെ കത്തുകളും ഡയറിക്കുറിപ്പുകളും അനുവാദമില്ലാതെ വായിക്കരുതെന്ന് പറയാറുണ്ട്. ഇന്നത് സോഷ്യല്‍ മീഡിയാ ചാറ്റ് ബോക്‌സുകളാണ്. വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമുമൊക്കെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ കാലത്ത് ചാറ്റിങ് ആപ്പുകളില്‍ സ്വകാര്യ സംഭാഷണങ്ങള്‍ ധാരാളമുണ്ടാകും. എത്ര അടുപ്പമുള്ളവരാണെങ്കിലും, അത് ദമ്പതികളാണെങ്കില്‍ പോലും അനുവാദമില്ലാതെയും ഇഷ്ടമില്ലാതെയും ചാറ്റുകള്‍ പരിശോധിക്കുന്നതും വായിക്കുന്നതും ഖുര്‍ആന്‍ പറഞ്ഞ വിലക്കപ്പെട്ട ചുഴിഞ്ഞന്വേഷണത്തിന്റെ ഭാഗമാണ്. അത് സ്വകാര്യതയെ ഹനിക്കലാണ്. പരസ്പരമുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യം കൂടിയാണത്. 'സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹങ്ങളില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും നിങ്ങളില്‍ ചിലര്‍ ചിലരെ പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ച് പറയുകയും അരുത്.' (49:12)
മനുഷ്യബന്ധങ്ങളെക്കുറിച്ച് വിശുദ്ധഖുര്‍ആന്റെ അധ്യാപനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും കൂടുതല്‍ ഗൗരവമായി കാണേണ്ടതാണെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. സൂറത്തുന്നൂറും സൂറത്തുല്‍ ഹുജുറാത്തും മനുഷ്യബന്ധങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട പരസ്പര മര്യാദകളെക്കുറിച്ച് ധാരാളമായി ഉണര്‍ത്തുന്നുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top