വയസ്സായിട്ടില്ലാത്തവര്‍ ജീവിതം പറയുന്നു

ഫൗസിയ ഷംസ് No image

സാമൂഹിക ശാസ്ത്രജ്ഞര്‍ തലമുറകളെ പലതായി വിഭജിച്ചിട്ടുണ്ട്. അതിപ്പോള്‍  മുന്‍തലമുറയെ അപേക്ഷിച്ച് ഏറെ മാറ്റങ്ങളും വൈവിധ്യങ്ങളുമുള്ള ആല്‍ഫാ ജനറേഷനിലെത്തി നില്‍ക്കുന്നു. അവരോടൊപ്പം നീന്തിയെത്താന്‍ പാടുപെടുന്നൊരു തലമുറയാണ് ബേബി ബൂമേര്‍സ് എന്ന പേരിലുള്ളവര്‍. വാര്‍ധക്യത്തോടടുത്തവരെന്ന നിലയില്‍ സ്വയം ഒതുങ്ങുകയും ഒതുക്കപ്പെടുകയും ചെയ്യുന്നവര്‍. മക്കള്‍ക്കും കുടുംബത്തിനുമപ്പുറം മറ്റൊരു ലോകമില്ല എന്നു കരുതിയ ആ ജീവിതങ്ങള്‍ ഇന്ന് മാറ്റത്തിന്റെ വഴിയിലാണ്. കൂട്ടുകുടുംബത്തോടൊപ്പം ജീവിച്ചവരെന്ന നിലയില്‍ പ്രായമായ മാതാപിതാക്കളടക്കമുള്ളവരെയും അണുകുടുംബമായി ജീവിക്കുന്ന മക്കളുടെ മക്കളെയും പരിപാലിക്കുന്നവരാണ് അവരിലേറെയും. ഇനിയുള്ള ജീവിതം എന്റെതാണെന്ന ആത്മസാക്ഷാത്കാരത്തിന്റെ വഴിയേ നീങ്ങുന്നവരും അവരിലുണ്ട്. 'വയസ്സായോ?' എന്നു ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ക്കോ...?' എന്ന മറുപടിയില്‍ കര്‍ത്തവ്യനിരതയുടെ സായൂജ്യമുണ്ട്.


അഞ്ചാറു വരിയില്‍ പറഞ്ഞു നിര്‍ത്തേണ്ടതല്ല റുഖിയ റഹീമിന്റെ ജീവിതം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന സമയത്താണ് 23 വര്‍ഷത്തെ സര്‍വീസ് ബാക്കിയുണ്ടായിരിക്കെ വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി ആലംബമറ്റവര്‍ക്ക് അഭയമായി മാറിയത്. ജീവിതവഴി അതായതോടെ കാലവും വയസ്സും തന്നില്‍നിന്ന് മാഞ്ഞുപോകുന്നത് അറിയാതെ ഊര്‍ജസ്വലമായൊരു ജീവിതയാത്രയിലാണിന്നവര്‍. അതുകൊണ്ടുതന്നെ 'പ്രായത്തിന്റെ അവശതയുണ്ടോ' എന്ന ചോദ്യത്തിന് എന്റെ ജീവിത വഴിയില്‍ ഞാനിതൊന്നും അറിയുന്നേയില്ല എന്ന കര്‍ത്തവ്യ ബോധത്തിന്റെ മറുപടിയാണ് ആദ്യമുണ്ടായത്. വിളിക്കുമ്പോഴൊക്കെയും യാത്രയിലായിരിക്കുമവര്‍. അഭയം തേടിയെത്തിയവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ഓട്ടപ്പാച്ചില്‍. നിരന്തരമായ വിളി കേട്ടതുകൊണ്ടായിരിക്കാം രാത്രി ഉറങ്ങാന്‍ നേരത്ത് തിരിച്ചുവിളിച്ച് യാത്രാക്ഷീണത്തിന്റെ പരിഭവമൊന്നും കാട്ടാതെ സംസാരിച്ചുകൊണ്ടേയിരുന്നത്.
'സര്‍ക്കാര്‍ ജോലിയുള്ള സമയത്തും ഇസ്ലാമിക പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. അക്കാലത്ത് ജി.ഐ.ഒ, വനിതാ വിഭാഗങ്ങള്‍ സജീവമായിരുന്നില്ല. ജോലി കഴിഞ്ഞ് തിരിച്ചുവരുന്നത് വരെ പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ എന്നെ കാത്തിരിക്കും. അവരുടെ കൂടെ പ്രസ്ഥാന പ്രവര്‍ത്തനത്തിന് ഇറങ്ങും. ചെറുപ്പം മുതലേ അടങ്ങിയിരിക്കാന്‍ കഴിയാത്ത പ്രകൃതമാണ് എന്റേത്. അങ്ങനെയാണ് വി.എം.വി ഓര്‍ഫനേജിന്റെ ഭാഗമാകാന്‍ കേന്ദ്ര സര്‍ക്കാറിനു കീഴിലെ ജോലി ഒഴിവാക്കിയത്." ആരോരുമില്ലാത്തവര്‍ക്ക് തുണയായി, സഹോദരിയായി, ഉമ്മയായി ജീവിക്കുമ്പോള്‍ പ്രായത്തെക്കുറിച്ച ഓര്‍മകളേ അവര്‍ക്കില്ല.
'വാര്‍ധക്യം ഒരു രോഗമല്ല, അതൊരു ജീവിതാവസ്ഥയാണ്' എന്നതാണ്്  കരുതലോടെ ജീവിക്കുന്ന റുഖിയയുടെ കാഴ്ചപ്പാട്. '155-ഓളം അന്തേവാസികള്‍ ഇവിടെയുണ്ട്. അതില്‍ വിധവകളും വികലാംഗരും ബുദ്ധിമാന്ദ്യമുള്ളവരുമുണ്ട്. അവരോടൊത്തു ജീവിക്കുമ്പോള്‍ വിശ്രമം എന്താണെന്നറിയാതെ തന്നെയാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പരക്കം പാച്ചിലിനിടയിലും ഓരോരോ കാര്യങ്ങള്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അന്തേവാസികള്‍ക്ക് അസുഖം വന്നാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനുവേണ്ടി ഹോമിയോ- ആയുര്‍വേദ ചികിത്സാ രീതികളിലെ പ്രാഥമിക പാഠങ്ങളും മരുന്നുകളും ഞാന്‍ പഠിച്ചു. കോവിഡ് കാലത്ത് ഒരാള്‍ക്ക് പോലും രോഗം വരാതെ നോക്കിയത് അവര്‍ക്കു വേണ്ടി പഠിച്ച പാഠങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു.''
"പുലര്‍ച്ചെ നാലരക്ക് എണീക്കും. കൃത്യമായി വ്യായാമം ചെയ്യും. എന്തും തിന്നുന്ന സ്വഭാവമില്ല. കുട്ടിയാകുമ്പോഴേ പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടമാണ്. ഇപ്പോഴും ആ ശീലമുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ വലിയ താല്‍പര്യമാണ്. കുട്ടികളെ ഉപദേശിക്കുകയും അവരോടൊപ്പം കൂടുകയും ചെയ്യണമെങ്കില്‍ അതിനാവശ്യമായ അറിവുകള്‍ നല്‍കുന്ന പുസ്തകങ്ങള്‍ വായിക്കണം. ഓരോ ദിവസവും ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യണമെന്ന ആലോചനയാണ്." ഇവിടെനിന്ന് കല്യാണം കഴിച്ചുകൊടുത്ത കുട്ടികളുടെ ഉമ്മയുടെ സ്ഥാനത്തുനിന്ന് അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചു ചെല്ലുന്നതിനും അനാഥ മയ്യിത്ത് സംസ്‌കരണം ഏറ്റെടുത്തു നടത്തുന്നതിനും പ്രായം തടസ്സമല്ലാത്തത് ജനസേവനം ദൈവാരാധനയായി മനസ്സ് ഏറ്റെടുത്തതുകൊണ്ടാണ്. ചെറുപ്പത്തിലേയുള്ള ശീലങ്ങളായിരുന്നില്ല ഇതെങ്കിലും വായനയും പഠനവും ഹരമാക്കി 'സൈനബുല്‍ ഗസ്സാലിയെപ്പോലെയാവണം' എന്നാഗ്രഹിച്ച പെണ്‍കുട്ടിക്ക് അന്തേവാസികള്‍ക്കായി ഓടി നടക്കുന്നതിനിടയില്‍, വാര്‍ധക്യ കാലമെന്നും രോഗ കാലമെന്നും വിധിയെഴുതി ഒതുങ്ങാനും ഒതുക്കപ്പെടാനും താല്‍പ്പര്യമില്ല.  ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് 'സേവനരംഗത്തേക്കിറങ്ങിയാല്‍ നമുക്ക് നമ്മെത്തന്നെ ശ്രദ്ധിക്കാന്‍ കഴിയില്ല' എന്ന വിനീതമായ മറുപടി.

അറുപതാം വയസ്സില്‍ കിട്ടിയ അവാര്‍ഡിന്റ തിളക്കത്തിലാണ് മലപ്പുറം ജില്ലയിലെ വാഴക്കാട്ടെ നജ്മ ടീച്ചര്‍. ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലുമായി ഒരുപാട് വിദ്യാര്‍ഥികളുടെ ഗുരുനാഥയായ ടീച്ചര്‍ സ്വയം വിദ്യാര്‍ഥിനിയായി മാറിയിട്ട് അഞ്ചാറ് വര്‍ഷമായി. ഇനിയുള്ള ജീവിതം ഖുര്‍ആനോടൊപ്പമാകട്ടെ എന്നാണ് നജ്മ ടീച്ചറുടെ തീരുമാനം. വെറുതെയങ്ങ് പഠിച്ചുപോവുകയല്ല, ഈ പ്രായത്തിലും പഠിച്ചു നേടുന്നത് ഒന്നാം സ്ഥാനമാണ്. ഒമ്പത് വര്‍ഷ ഖുര്‍ആന്‍ പഠന കോഴ്സിന് ചേര്‍ന്നിട്ടിപ്പോള്‍ അഞ്ച് വര്‍ഷമായി. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ ജില്ലാതല ജേതാവായിരുന്നു. വയസ്സ് ഒന്നുകൂടി മുന്നോട്ട് പോയപ്പോള്‍ ഒന്നാം റാങ്ക് നേടി സംസ്ഥാന ജേതാവും. 'ഭര്‍ത്താവും മക്കളും ഖുര്‍ആന്‍ പഠന വഴിയില്‍ നടക്കുമ്പോള്‍ വലിയ ആഗ്രഹമായിരുന്നു, അവരോടൊപ്പം പഠിക്കാന്‍. അന്ന് പറ്റിയില്ല.' സ്‌കൂളിലെ തിരക്കും വീട്ടിലെ ഉത്തരവാദിത്വവും മൂലം മാറ്റിവെച്ച ഖുര്‍ആന്‍ പഠനമെന്ന മോഹം റിട്ടയര്‍മെന്റിനുശേഷം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി ആ വാക്കുകളിലുണ്ട്. 'ഖുര്‍ആന്‍ പഠിക്കുമ്പോള്‍ നമ്മുടെ ഓര്‍മശക്തി കൂടും' എന്ന പറച്ചിലില്‍ അവാര്‍ഡിന്റെ തിളക്കമുള്ള അനുഭവ സാക്ഷ്യം. ഖുര്‍ആന്‍ പഠനം മാത്രമല്ല, 'തംഹീദുല്‍ മര്‍അ' അധ്യാപനത്തിലൂടെയും അയല്‍ക്കൂട്ട വേദിയായ സംഗമം സൊസൈറ്റി പ്രവര്‍ത്തനത്തിലൂടെയും നാട്ടുകാരുടെ ഇടയില്‍ തന്നെയുള്ള ടീച്ചര്‍ക്ക് വാര്‍ധക്യത്തോടടുക്കുന്നു എന്ന തോന്നലേയില്ല. 'സമയമാണ് പണത്തെക്കാളും സമ്പത്തിനെക്കാളും വലുതെ'ന്ന വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കിയ ആ പാഠം തന്നെ സ്വജീവിതത്തില്‍ പകര്‍ത്തി ഇനിയുള്ള കാലവും സാര്‍ഥകമാക്കാനുള്ള പരിശ്രമത്തിലാണ്.

സ്‌കൂള്‍ കാലം നേരത്തെ വിട്ട് കല്യാണം കഴിഞ്ഞ് മക്കളും പേരമക്കളുമായി വാര്‍ധക്യമെന്ന് കാലം വിധിയെഴുതിത്തുടങ്ങുന്ന പ്രായത്തിലാണ് കോഴിക്കോട് കല്ലായിക്കാരി റാബിയക്ക്, പഴയ സഹപാഠിയുമൊത്ത് കടപ്പുറത്ത് പോയിരുന്ന് കഥ പറഞ്ഞിരുന്നാലോയെന്നൊരു പൂതി വന്നത്. അങ്ങനെയാണ് അനുജത്തിയെയും അനുജത്തിയുടെ കൂട്ടുകാരിയെയും കൂട്ടി ഈ പ്രായത്തിലൊരു യാത്ര പോയത്. 'എന്റെ സ്നേഹിതയുടെ കാറിലാണ് പോയത്. അവളാണ് കാറോടിച്ചത്. വയനാട്ടിലേക്കായിരുന്നു ട്രിപ്പ് ഉദ്ദേശിച്ചത്. പക്ഷേ, ഈ പ്രായത്തില്‍ ചുരം കയറ്റാന്‍ ഒരു ധൈര്യക്കുറവ്. അങ്ങനെ യാത്ര ബീച്ചിലേക്കാക്കി. കാറ്റും കൊണ്ട് കുറെ നേരം ബഡായി പറഞ്ഞ് മണലിലും തിണ്ടിലുമിരുന്നു. ഐസ്‌ക്രീമും ഉപ്പിലിട്ടതും കഴിച്ചു. സംസാരിച്ചിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. ഹോട്ടലില്‍ കയറിയപ്പോഴേക്കും ഉച്ചഭക്ഷണം തീര്‍ന്നിരുന്നു. പിന്നെ ചായയും പലഹാരങ്ങളും കഴിച്ചു. കുറേ കഴിഞ്ഞാണ് അവിടുന്ന് മടങ്ങിയത്. കല്യാണത്തിനും സല്‍ക്കാരത്തിനും മരണവീട്ടിലും ഒക്കെ പോകാറുണ്ടെങ്കിലും അതുപോലെയായിരുന്നില്ല ഇത്, നല്ല രസമായിരുന്നു. എന്നും ഇങ്ങനെ പായാരം പറഞ്ഞ് വീട്ടിലിരുന്നോണ്ടു കാര്യമില്ലല്ലോ; ഇതൊക്കെ ഒരു രസമല്ലേ, ഇങ്ങനെയിനിയും പോകണമെന്നാ പൂതി.' കോഴിക്കോടന്‍ ശൈലിയില്‍, പ്രായമായി വരുന്നതിന്റെ തളര്‍ച്ചകളോ പതര്‍ച്ചകളോ കാണിക്കാതെ സ്വന്തത്തിനായി പുറം കാഴ്ചകളാസ്വദിക്കാന്‍ വേണ്ടി പോയതിന്റെ ഹരം റാബിയ പറഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ നിരന്തരം അലട്ടുന്ന പ്രഷറിന്റെയും ഷുഗറിന്റെയും ആകുലതകള്‍ ആ ശരീരത്തെ അലട്ടാത്തതുപോലെ തോന്നി.

അധ്യാപന ജീവിതത്തോട് വിടപറഞ്ഞ് 56-ാം വയസ്സില്‍ സ്‌കൂളില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ശിഷ്ടജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് പലരും. മലപ്പുറം ജില്ലയിലെ എം.ഐ.എ.എം യു.പി സ്‌കൂള്‍ ചെറുവട്ടൂരില്‍നിന്ന് വിരമിച്ച കെ. സുബൈദ ടീച്ചര്‍ക്ക് ആദ്യമേയൊരു തീരുമാനമുണ്ടായിരുന്നു. പല കാരണങ്ങളാല്‍ ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരെപ്പോലെയാകരുത്. 'റിട്ടയര്‍മെന്റിനു ശേഷം ഊര്‍ജസ്വലതയോടെയിരിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. സര്‍വീസില്‍നിന്ന് വിരമിച്ചപ്പോള്‍ റിട്ടയേര്‍ഡ് അധ്യാപക സംഘടനയായ കെ.എസ്.എസ്.പിയുവില്‍ അംഗമായി. സംഘടനയുടെ കീഴില്‍ ഞങ്ങള്‍ ഒത്തുകൂടുകയും പെന്‍ഷന്‍കാരുടെ ഇടയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നു. ചികിത്സാ ആനുകൂല്യങ്ങള്‍, പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് സെന്റര്‍, യാത്രപോകാന്‍ കഴിയാത്തവരായ 80 വയസ്സു കഴിഞ്ഞ സഹപ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങി ഞങ്ങള്‍ തിരക്കിലാണ്. പെന്‍ഷനേഴ്സ് വിനോദ യാത്രകളാണ് ഹരം പിടിപ്പിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം പോയത് മലമ്പുഴയിലേക്കായിരുന്നു. എല്ലാം മറന്നു യുവത്വത്തിലേക്ക് വന്ന അനുഭവമായിരുന്നു. ഞങ്ങള്‍ക്കൊരു വാട്സാപ്പ് കൂട്ടായ്മയുണ്ട്. അതില്‍ ഞങ്ങള്‍ സജീവമാണ്. പെന്‍ഷന്‍കാരുടെ എല്ലാ സംശയങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടും. ഈ വാട്സാപ്പ് കൂട്ടായ്മയാണ് സന്തോഷത്തിന്റെ ഓരോ പുലരിയിലേക്കും ഞങ്ങളെ വിളിച്ചുണര്‍ത്തുന്നത്.' വാട്സാപ്പും ഫേസ്ബുക്കും കാലത്തിനും ജീവിതത്തിനും വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്നു കൂടി പറഞ്ഞുതരികയാണ് റിട്ടയര്‍മെന്റ് ജീവിതം ആഹ്ളാദമാക്കുന്ന പൊതുപ്രവര്‍ത്തകയും പ്രസ്ഥാന പ്രവര്‍ത്തകയുമായ സുബൈദ ടീച്ചര്‍.

'എനിക്ക് മക്കളും പേരക്കുട്ടികളുമൊക്കെയുണ്ട്. അവരെന്നെ നന്നായി നോക്കും. എന്നാലും എന്നെക്കൊണ്ട് കഴിയുന്ന ചെറിയ ജോലി ചെയ്യുന്നു.' എഴുപതാം വയസ്സിലും ആവശ്യക്കാര്‍ക്ക് കോഴിക്കോടന്‍ പലഹാരമായ ചട്ടിപ്പത്തിരി ഉണ്ടാക്കിക്കൊടുത്ത് ചെറിയൊരു വരുമാനം കണ്ടെത്തുകയാണ് സുബൈദ വാണിശ്ശേരി. "മക്കളും പേരക്കുട്ടികളുമൊക്കെ നന്നായി നോക്കുമെങ്കിലും അവസാന കാലത്ത് ആര്‍ക്കും ഒരു ബാധ്യതയാവരുതല്ലോ എന്ന് നിര്‍ബന്ധമുണ്ട്. ഓര്‍ഡറനുസരിച്ചാണ് ഉണ്ടാക്കിക്കൊടുക്കുക. ചില ദിവസങ്ങളില്‍ രണ്ടും മൂന്നും ഓര്‍ഡറുണ്ടാവും. വലിയ ലാഭമൊന്നും ഉണ്ടാവില്ല, എന്നാലും എനിക്കത് മതി. എനിക്ക് വലിയ ചെലവൊന്നുമില്ല. മക്കളൊക്കെ എന്റെ കാര്യം നോക്കുന്നുണ്ട്. മോളും സഹായിക്കും. നാലു മണിക്ക് എണീക്കുന്നത് പണ്ടേയുള്ള ശീലമാണ്. നമസ്‌കാരവും ഓത്തും കഴിഞ്ഞ് പണി തുടങ്ങും. ഞാനൊരു ഹാര്‍ട്ട് പേഷ്യന്റാണ്. കാലിന് വേദനയുണ്ട്. ഭക്ഷണമൊക്കെ കുറച്ചേ കഴിക്കാറുള്ളൂ. എന്നാലും മക്കളും പേരക്കുട്ടികളുമൊക്കെയായി സന്തോഷകരമായിപ്പോകുന്നു."
'ഞാന്‍ മരിച്ചാല്‍ എന്റെ ചെലവ് എന്നെക്കൊണ്ടാകണമെന്നാണ് ആഗ്രഹം. ആദ്യമൊക്കെ കുറെ നടക്കുന്ന ആളായിരുന്നു. എന്റെ പ്രായത്തിലുള്ളവര്‍ എന്നെക്കാള്‍ അസുഖമുള്ളവര്‍ ഏറെയുണ്ട്. അതു കാണുമ്പോള്‍, പടച്ചവന്‍ ഇത്രയെങ്കിലും തന്നില്ലേയെന്ന ആശ്വാസമാണ്. ചെറുപ്പത്തിലേ പണി തന്നെയായിരുന്നു. അതിപ്പോഴും ചെയ്യുന്നു. പീടികയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ വല്യ ബുദ്ധിമുട്ടാ. അപ്പോ തോന്നും വണ്ടിയോടിക്കാന്‍ പഠിച്ചിരുന്നെങ്കിലെന്ന്. ഇപ്പോള്‍ കുട്ടികളൊക്കെ മൊബൈല്‍ തോണ്ടിയിരിപ്പല്ലേ. സാധനം വാങ്ങിത്തരാന്‍ പറയുമ്പോ അവര്‍ക്ക് മുഷിപ്പാകും. ഡ്രൈവിംഗ് പഠിക്കാന്‍ അങ്ങേയറ്റം ആഗ്രഹമായിരുന്നു. ഈ ആരോഗ്യം വെച്ച് അതു നടക്കൂന്ന് തോന്നുന്നില്ല. എന്നാലും ആരെങ്കിലും മെനക്കെടുകയാണെങ്കില്‍ പഠിക്കാമെന്നുണ്ട്, എന്റെ മനസ്സിലെ തോന്നലുകള്‍ അങ്ങനെയാണ്. ' സന്തോഷമുള്ളതു മാത്രം ചിന്തിച്ച് തന്നാലാവുന്നത് സമ്പാദിച്ച് വാര്‍ധക്യത്തെ സാര്‍ഥകമാക്കുകയാണ് സുബൈദ.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top