പുതിയ കാലത്തിനനുസരിച്ച് കഴിവും യോഗ്യതയുമുള്ളവര്‍ പ്രസ്ഥാനത്തെ നയിക്കട്ടെ

ബിശാറ മുജീബ് No image

1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്്‌ലാമി നിരോധിക്കപ്പെട്ട സമയമാണ്. നോമ്പു തുറന്നിരിക്കുന്ന സമയം. എന്റെ കൂടെ ചെറിയ മകന്‍ അയ്മന്‍ മുഹമ്മദും മകള്‍ ബാസിമയും മാത്രമേ കാരകുന്നിലെ വീട്ടിലുള്ളൂ. വാതിലില്‍ ആരോ ശക്തിയായി മുട്ടുന്നു. ഞാന്‍ ജനല്‍ തുറന്നു. രണ്ട് പോലീസുകാര്‍ ലാത്തിയുമായി നില്‍ക്കുന്നു.
'മൗലവിയില്ലേ?'
'ഇല്ല.'
'എവിടെപ്പോയി?'
'കോഴിക്കോട്ടാണ്.'
'എപ്പോള്‍ വരും?'
'അത് പറയാന്‍ കഴിയില്ല. പ്രബോധനം ഓഫീസ് സീല്‍ വെച്ച് പോലീസ് കാവലിലാണ്.'
ഉടനെ ആ പോലീസുകാരന്‍ ചോദിച്ചു: 'ഈ വിവരങ്ങളൊക്കെ നിങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു?'
'അത് പത്രത്തില്‍ വന്ന വാര്‍ത്തയല്ലേ? നിങ്ങള്‍ പത്രം കാണാറില്ലേ'- ഞാന്‍ ചോദിച്ചു.
'ശരി, വന്നാല്‍ സ്റ്റേഷനില്‍ വരാന്‍ പറയണം. ഇനി ഞങ്ങളെ ഇങ്ങോട്ട് നടത്തിക്കരുത്.'
അവര്‍ തിരിഞ്ഞു നടന്നു. വിറച്ചുകൊണ്ട് എന്നെ മുറുക്കിപ്പിടിച്ച് മകള്‍ ബാസിമ ചോദിച്ചു: 'ഈ ഉമ്മാക്ക് പോലീസുകാരോട് ഇങ്ങനെ വര്‍ത്തമാനം പറയാന്‍ ഒരു പേടിയുമില്ലേ?'
'നമ്മളെന്തിനാ പേടിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കാരായി എന്നതുകൊണ്ടല്ലെ.' അതുകേട്ട് ഇറങ്ങുകയായിരുന്ന പോലീസുകാരന്‍ ഒന്നു തിരിഞ്ഞുനോക്കി. അവര്‍ പോയി എന്നുറപ്പായപ്പോള്‍ അയല്‍വാസികളായ രണ്ടുപേര്‍ വൈദ്യുതീകരിക്കാത്ത ഞങ്ങളുടെ വീട്ടിലേക്ക് ടോര്‍ച്ചടിക്കാതെ വന്നു. 'പേടിക്കേണ്ട, ഇനിയവര്‍ വന്നാലും ഒന്നും മിണ്ടാതെ കിടന്നാല്‍ മതി' എന്നു പറഞ്ഞു. കുട്ടികള്‍ രണ്ടുപേരും ഉറങ്ങി. എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. വിളക്കണച്ച് ഞാനങ്ങനെ കിടന്നു. എന്റെ മനസ്സില്‍ 'തുര്‍ക്കിസ്താനിലെ രാവുക'ളും ഞാന്‍ വായിച്ച കലാപ ഭൂമികളിലെ കഥകളുമെല്ലാം ഒന്നൊന്നായി മാറിമറിഞ്ഞു. പെട്ടെന്ന് വീണ്ടും കാലടിയുടെ ശബ്ദം കേള്‍ക്കുന്നു. ഞാനൊരക്ഷരം മിണ്ടാതെ നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ജീപ്പ് പോകുന്ന ശബ്ദം കേട്ടു. 15 മിനിറ്റ് കഴിഞ്ഞില്ല, ഒരു ഓട്ടോയുടെ ശബ്ദം. അതില്‍ അവര്‍ പകല്‍ നാല് മണി മുതല്‍ തെരഞ്ഞുനടന്ന മൗലവി ശൈഖ് സാഹിബ് വന്നതാണ്. സ്വതസിദ്ധമായ ശൈലിയില്‍ വാതിലില്‍ മുട്ടി 'മ്മു'വിനെ വിളിക്കുന്നു. വാതില്‍ തുറന്ന ഉടനെ വിവരങ്ങളെല്ലാം പറഞ്ഞു. അദ്ദേഹം വേഗം ഇശാഅ് നമസ്‌കരിച്ച് ഭക്ഷണം കഴിച്ച് അവരുടെ വരവും പ്രതീക്ഷിച്ചിരുന്നു. പിന്നെ അവര്‍ വന്നതേയില്ല.
മറ്റൊരിക്കല്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍നിന്ന് സമന്‍സുമായി മഫ്തിയിലൊരു പോലീസുകാരന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. വിവരങ്ങള്‍ അന്വേഷിച്ചു. അദ്ദേഹം വെള്ളിമാട്കുന്നിലാണെന്ന് പറഞ്ഞു. അങ്ങോട്ടുള്ള വഴിയും പറഞ്ഞുകൊടുത്തു. എന്നാല്‍, ഈ വിവരം അദ്ദേഹത്തെ അറിയിക്കാന്‍ ഞങ്ങളുടെ വീട്ടിലോ പരിസരത്തോ ടെലഫോണ്‍ ഉണ്ടായിരുന്നില്ല. ഉടനെ പര്‍ദയെടുത്തിട്ട് കാരകുന്നില്‍നിന്ന് മഞ്ചേരിയിലേക്ക് ബസ് കയറി. ഷാപ്പിന്‍കുന്നിലേക്ക് ഒരു കിലോമീറ്റര്‍ നടന്നിട്ടുവേണം ബസ് കയറാന്‍. ഓട്ടോ സൗകര്യവും ലഭ്യമായിരുന്നില്ല. അവിടെയുള്ള ഒരു ടെലഫോണ്‍ ബൂത്തില്‍ കയറിയാണ് പ്രിയതമനെ വിളിച്ചുപറഞ്ഞത്. പോലീസ് വെള്ളിമാട്കുന്നിലെത്തി സമന്‍സ് കൈമാറുകയും തലശ്ശേരി കോടതിയില്‍ കുറേ കാലം ആ കേസ് നടത്തുകയും ചെയ്തിരുന്നു. ഒരു പോലീസുകാരന്‍ കെട്ടിച്ചമച്ച രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ടുള്ള ആ കേസ് പിന്നീട് തള്ളിപ്പോവുകയാണുണ്ടായത്.
1962ലാണ് എന്റെ ജനനം. കെട്ടേക്കാടന്‍ വീരാന്‍ എന്ന കുഞ്ഞാപ്പുവും കോട്ടമ്മല്‍ തണ്ടുപാറക്കല്‍ ഉണ്യാമയുമാണ് മാതാപിതാക്കള്‍. പത്തപ്പിരിയം പന്തപ്പള്ളി സുന്നി മദ്‌റസയിലും ജി.എല്‍.പി സ്‌കൂളിലും ചേന്ദമംഗല്ലൂര്‍ ജി.യു.പി സ്‌കൂള്‍, മദ്‌റസത്തുല്‍ ബനാത്ത് എന്നിവിടങ്ങളിലുമായിരുന്നു വിദ്യാഭ്യാസം. വിവാഹ ശേഷവും പഠനം തുടര്‍ന്നെങ്കിലും എന്റെ പ്രിയതമന്‍ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഉമ്മ രോഗിയായപ്പോള്‍ ആറ് മാസംകൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് ഐ.പി.എച്ചും പ്രബോധനവുമായിരുന്നു എന്റെ വിദ്യാലയം.
പ്രസ്ഥാന പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നപ്പോള്‍ പഠന ക്ലാസുകളും ഉദ്‌ബോധനങ്ങളും ധാരാളം കേള്‍ക്കാനും പഠിക്കാനും മനസ്സിലാക്കാനും അവസരം ലഭിച്ചു. അഞ്ച് വര്‍ഷക്കാലം ഉമ്മ കിടപ്പിലായിരുന്നു. പിന്നീട് ഉപ്പയും ശയ്യാവലംബിയായി. ഉമ്മയുടെ മരണശേഷമാണ് പ്രസ്ഥാന പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്.
1984-ല്‍ കാരകുന്ന് വനിതാ ഹല്‍ഖാ നാസിമത്തായി തെരഞ്ഞെടുക്കപ്പെട്ടു. ജി.ഐ.ഒ രൂപീകരിച്ചപ്പോള്‍ പ്രഥമ പ്രസിഡന്റായിരുന്ന കെ.കെ സുഹ്‌റ ടീച്ചര്‍ക്ക് സ്വീകരണം നല്‍കാന്‍ വേണ്ടി ഷാപ്പിന്‍കുന്ന് മദ്‌റസയില്‍ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് സുഹ്‌റ ടീച്ചര്‍ മൂന്ന് മാസം പ്രായമായ മകന്‍ മിസ്അബിനെ ഉമ്മയെ ഏല്‍പിച്ചായിരുന്നു വന്നത്. ജി.ഐ.ഒവിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി കൊണ്ടോട്ടി അബ്ദുര്‍റഹ്്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. പലപ്പോഴും വനിതാ ഹല്‍ഖ നിലവിലുണ്ടെങ്കിലും അന്ന് ജി.ഐ.ഒക്ക് വേണ്ടിയായിരുന്നു ഞങ്ങളൊക്കെയും പ്രവര്‍ത്തിച്ചിരുന്നത്. മലപ്പുറം കോട്ടപ്പടിയില്‍ എസ്.ഐ.ഒ സമ്മേളനം നടന്ന അതേ പന്തലില്‍ ജി.ഐ.ഒയുടെ ജില്ലാ സമ്മേളനം നടക്കുകയുണ്ടായി. ആ സമ്മേളനത്തില്‍ ശിശുപരിപാലന വകുപ്പായിരുന്നു എന്റെ ചുമതല.
വെള്ളിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളുടെ വീട്ടില്‍ നല്ല തിരക്കായിരുന്നു. സാധാരണ പ്രാദേശിക തലങ്ങളിലുള്ള എല്ലാ പരിപാടികളും വീട്ടില്‍ വെച്ചായിരുന്നു നടന്നിരുന്നത്. കൂടാതെ പല ആവശ്യങ്ങളും സംശയനിവാരണങ്ങളുമായി എത്തുന്നവരുമുണ്ടാവും. ഇന്നത്തെപ്പോലെ യാത്രാ സൗകര്യങ്ങളോ ടെലഫോണ്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. വീട്ടിലെത്തുന്നവര്‍ക്കുള്ള ഭക്ഷണമെല്ലാം വിറകടുപ്പ് കത്തിച്ച് തയാറാക്കുകയായിരുന്നു പതിവ്. ഗ്യാസ്, മിക്‌സി, വൈദ്യുതി പോലുള്ള സൗകര്യങ്ങളൊന്നും വീട്ടിലുണ്ടായിരുന്നില്ല. ഞായറാഴ്ച സ്ത്രീകളുടെ ദിവസമാണ്. രാവിലെ 10 മണിക്ക് ജി.ഐ.ഒ ബാലികാ സമാജവും ഉച്ചക്ക് വനിതാ ഹല്‍ഖയും മഗ് രിബിന് ശേഷം ജി.ഐ.ഒ യൂനിറ്റ് യോഗവും നടക്കും. പ്രദേശത്ത് നടക്കുന്ന മദ്‌റസാ വാര്‍ഷികം, ജി.ഐ.ഒവിന്റെ പൊതുപരിപാടികള്‍ക്കുള്ള റിഹേഴ്‌സലുകള്‍... എല്ലാറ്റിനും വീടും പരിസരവുമായിരുന്നു വേദി.
ആയിടക്കാണ് ജമാഅത്തെ ഇസ്ലാമി വനിതകള്‍ക്കുവേണ്ടി ഏരിയകളും ഓര്‍ഗനൈസര്‍മാരെയും നിശ്ചയിക്കുന്നത്. മഞ്ചേരി ഏരിയാ ഓര്‍ഗനൈസറായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചേരിയിലും കാരകുന്നും മാത്രമേ അന്ന് പേരിലെങ്കിലും വനിതാ ഹല്‍ഖകള്‍ ഉണ്ടായിരുന്നുള്ളൂ. മഞ്ചേരിയില്‍ അബ്ദുര്‍റഹ്‌മാന്‍ കുരിക്കള്‍ ആയിരുന്നു പുരുഷ ഓര്‍ഗനൈസര്‍. അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമയായിരുന്നു നാസിമത്ത്. അവര്‍ രണ്ടുപേരും അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹം സ്ത്രീകളോട് സംസാരിക്കാനോ മുഖത്ത് നോക്കാനോ ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ വീട്ടില്‍ വെച്ച് ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു കണ്ടിരുന്നത്.
പുരുഷ ഹല്‍ഖകളുള്ളേടത്തെല്ലാം വനിതാ ഹല്‍ഖകള്‍ രൂപീകരിക്കണം എന്ന ആവശ്യവുമായി ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. അവരുടെയെല്ലാം അഡ്രസ്സുകള്‍ ശേഖരിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അതു കിട്ടാന്‍ കാത്തുനില്‍ക്കാതെ മഞ്ചേരിയില്‍ വെച്ചുനടന്ന ഒരു ഫര്‍ഖ സമ്മേളനത്തിലേക്ക് ഞാനും ഷംസുദ്ദീന്‍ മാസ്റ്ററുടെ ഭാര്യ ആയിഷയും കൂടി പോവുകയും അവിടെവെച്ച് എല്ലാവരില്‍നിന്നും അഡ്രസ് ശേഖരിക്കുകയുമാണുണ്ടായത്. അന്ന് കെ.എന്‍ അബ്ദുല്ല മൗലവിയായിരുന്നു ഫര്‍ഖ സമ്മേളനത്തിന്റെ നേതൃത്വം വഹിച്ചിരുന്നത്. മഞ്ചേരി, എടവണ്ണ ഏരിയകള്‍ ചേര്‍ന്നുള്ളതായിരുന്നു മഞ്ചേരി ഏരിയ. പയ്യനാട്, ഐന്തൂര്, പട്ടര്‍കുളം, പാലക്കുളം, കാവനൂര്‍, മുള്ളമ്പാറ തുടങ്ങിയ ഹല്‍ഖകള്‍ക്കും തുടക്കമായി. അന്ന് വിവരങ്ങളറിയാന്‍ കത്തുമായി ആളെ പറഞ്ഞയക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല.
എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായ ഒരു സംഭവമുണ്ട്. ശാന്തപുരം ഇസ്ലാമിയാ കോളേജിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഒരു വനിതാ സമ്മേളനം നടന്നിരുന്നു. കെ.കെ ഫാത്തിമ സുഹറ ടീച്ചറുടെ വീട്ടുമുറ്റത്ത് വെച്ച് സാദിഖ് മൗലവിയുടെ ചുമതലയിലായിരുന്നു പ്രസ്തുത പരിപാടി. അവിടെ നടന്ന പ്രസംഗങ്ങളില്‍ നിന്നാണ് നമ്മള്‍ ചെയ്യേണ്ട വലിയ ഉത്തരവാദിത്വങ്ങളെക്കുറിച്ച ശരിയായ ബോധ്യം എന്റെ മനസ്സിലേക്ക് കടന്നുവന്നത്. അങ്ങനെയാണ് ഞാന്‍  സജീവമായി പ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുതുടങ്ങിയത്.
വണ്ടൂരിലെ വനിതാ ഇസ്ലാമിയാ കോളേജില്‍ കെ.കെ സുഹ്‌റ ടീച്ചര്‍, ലൈല ടീച്ചര്‍, ആബിദ മറിയം, എം.ടി മൈമൂന എന്നിവര്‍ അധ്യാപകരായി ഉണ്ടായിരുന്ന കാലം. ഞാന്‍ ഇടക്കിടെ അവിടെ പോവുകയും ഞങ്ങളുടെ പ്രദേശത്തും പരിസര പ്രദേശങ്ങളിലും ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇവരെയായിരുന്നു ക്ലാസെടുക്കാന്‍ വേണ്ടി ക്ഷണിച്ചിരുന്നത്. ആയിടക്കാണ് വിദേശത്തായിരുന്ന ഇ.സി ആയിശ തിരിച്ചുവന്ന് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. അന്ന് ഞങ്ങളുടെ നാട്ടില്‍ പകല്‍ സമയത്ത് സ്ത്രീകളെ സംഘടിപ്പിക്കുക പ്രയാസമായിരുന്നു. മഗ് രിബിന് ശേഷമാണ് സ്ത്രീകള്‍ ധാരാളമായി ക്ലാസുകള്‍ കേള്‍ക്കാന്‍ വരിക. ക്ലാസ് എടുക്കുന്നവരെ രാത്രിയില്‍ തിരിച്ചെത്തിക്കാന്‍ വളരെ പ്രയാസമായിരുന്നു. അന്ന് ഞങ്ങളുടെ പ്രദേശത്ത് ഓട്ടോറിക്ഷയോ ടാക്‌സിയോ ലഭ്യമായിരുന്നില്ല. മഞ്ചേരിയില്‍നിന്ന് ജീപ്പ് വിളിച്ചുവേണം അവരെ പരിപാടിയിലേക്ക് എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും. അതുകാരണം ക്ലാസുകളുടെ എണ്ണം വളരെ പരിമിതമായി. ഒരിക്കല്‍ ഞങ്ങളുടെ പ്രദേശത്തെ പഞ്ചായത്ത് മെമ്പറും പൗരപ്രമുഖനുമായ മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നടന്ന ഒരു ക്ലാസിലേക്ക് രാത്രി സ്ത്രീകള്‍ ചൂട്ട് കത്തിച്ചായിരുന്നു വന്നത്. അവരുടെ വീട്ടിലുണ്ടായിരുന്ന ഒരു വൈക്കോല്‍ കൂനക്ക് എങ്ങനെയോ തീപിടിച്ചു. പെട്ടെന്നുതന്നെ കണ്ടെത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.
പ്രതിസന്ധിക്ക് പരിഹാരം എന്ന നിലക്ക് സ്വയം തന്നെ ക്ലാസെടുത്ത് പഠിക്കാന്‍ തുടങ്ങി. മഞ്ചേരി ഏരിയയുടെ വിവിധ പ്രദേശങ്ങളില്‍ ക്ലാസെടുക്കുകയും വനിതാ മുത്തഫിഖ് ഹല്‍ഖകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. മലപ്പുറം ജില്ലാ സമിതിയില്‍ വെച്ച് തീരുമാനിക്കുന്ന വിവിധ ഏരിയകളിലെ പരിപാടികളിലും പങ്കെടുക്കുക പതിവായി. കൊടിഞ്ഞിയിലും നിലമ്പൂരിലും മമ്പാടും വണ്ടൂരുമൊക്കെ വിവിധ പരിപാടികളില്‍ അന്ന് പങ്കെടുത്തതായി ഓര്‍ക്കുന്നു. 1994 ആഗസ്റ്റ് മാസത്തിലാണ് ഇന്ന് നിലവിലുള്ളതുപോലെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നിലവില്‍ വന്നത്. വനിതാ വിഭാഗത്തിന്റെ ശൈശവ ദശയില്‍ സ്വന്തമായി ഓഫീസോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മൂസ മൗലവി വനിതാ നാസിമും ഫാത്തിമ മൂസ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി നിശ്ചയിക്കപ്പെട്ടു. സിദ്ദീഖ് ഹസന്‍ സാഹിബിന്റെയും കെ.സി അബ്ദുല്ല മൗലവിയുടെയും സാന്നിധ്യത്തിലായിരുന്നു ഇങ്ങനെ ഒരു തീരുമാനമുണ്ടായത്. ആദ്യഘട്ടത്തില്‍ ജി.ഐ.ഒ ഓഫീസിനോട് ചേര്‍ന്ന് ഒരു മേശയും ഒരു കടലാസു പെട്ടിയുമായിരുന്നു ഞങ്ങളുടെ ഓഫീസ്. മൂസ മൗലവിയും ഫാത്തിമ മൂസയും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്ത് ഏരിയകള്‍ രൂപീകരിക്കുകയും ഭാരവാഹികളെ നിശ്ചയിക്കുകയും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തുപോന്നു. ഞാന്‍ ഓഫീസ് വര്‍ക്കുകള്‍ നിര്‍വഹിക്കും. 9 മാസക്കാലം ഓഫീസ് വര്‍ക്കുകള്‍ സ്വയം നിര്‍വഹിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. കുറച്ചുകാലം സ്റ്റേഡിയത്തിനടുത്തുള്ള പഴയ ജമാഅത്ത് ഓഫീസിലായിരുന്നു വനിതാ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ആഴ്ചയിലൊരു ദിവസം മൂസ മൗലവിയും ഫാത്തിമ മൂസയും വരും. ഞങ്ങള്‍ കാര്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കും. ഞാന്‍ ആഴ്ചയില്‍ 6 ദിവസവും ഓഫീസില്‍ പോകും. അന്ന് വെള്ളിമാട്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അവിടെനിന്ന് ബസ് കയറി മാനാഞ്ചിറ ഇറങ്ങി നടക്കും. തിരിച്ച് കസബ പോലീസ് സ്റ്റേഷന്റെ മുന്നിലെ സ്റ്റോപ്പില്‍നിന്ന് ബസ് കയറും. ആയിടക്ക് ഒരു സംഭവമുണ്ടായി. ബസ് കാത്തു നിന്നപ്പോള്‍ എവിടെനിന്നാണ് വരുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും എന്താണ് ജോലിയെന്നുമൊക്കെ ഒരാള്‍ അന്വേഷിച്ചു. ജോലിയുണ്ട്. വെള്ളിമാട്കുന്നിലാണ് എന്ന് പറഞ്ഞു. ഉടനെ അയാള്‍ ചോദിച്ചു. സിദ്ദീഖ് ഹസനെ അറിയുമോ? അറിയാമെന്ന് പറഞ്ഞപ്പോഴേക്കും എനിക്ക് പോകാനുള്ള ബസ് വന്നു. ഞാന്‍ വേഗം ബസില്‍ കയറി രക്ഷപ്പെട്ടു. അത് ഇന്റലിജന്‍സോ മഫ്തിയിലുള്ള പോലീസോ ആണെന്നാണ് പിന്നീടറിയാന്‍ കഴിഞ്ഞത്. പിറ്റേന്നും ഞാനെന്റെ ജോലി തുടര്‍ന്നു.
നിരോധം നീങ്ങിയതിന് ശേഷം ഞങ്ങളുടെ ഓഫീസ് വെള്ളിമാട്കുന്നിലേക്ക് മാറ്റി. ജി.ഐ.ഒ, വനിതാ ഓഫീസുകള്‍ പ്രബോധനത്തിലെ ഒരു വലിയ മുറിയില്‍ വ്യത്യസ്ത മൂലകളില്‍ മേശയും കസേരയുമിട്ട് മുന്നോട്ട് പോയി. അന്ന് ജി.ഐ.ഒവിന്റെ പ്രസിഡന്റ് ഈയടുത്ത് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ സഹോദരി സൗദ പടന്നയും സെക്രട്ടറി പി.വി റഹ്്മാബിയും ആയിരുന്നു. വളരെ നല്ല സ്‌നേഹ സൗഹാര്‍ദപൂര്‍ണമായ, ഉമ്മമാരും മക്കളുമായി കഴിഞ്ഞ നാളുകളോര്‍ക്കുമ്പോള്‍ ഇപ്പോഴും മനം കുളിര്‍ക്കുന്നു. ഒന്നിച്ച് കേരളത്തിലെ പല സ്ഥലങ്ങളിലും ഞങ്ങള്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. അന്നത്തെ മധുരിക്കുന്ന ഓര്‍മകളെല്ലാം ഇപ്പോഴും മനസ്സിലുണ്ട്.
1994 മുതല്‍ 2003 വരെ ഫാത്തിമ മൂസ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി തുടര്‍ന്നു. പിന്നീട് മകളുടെ പഠനവും മറ്റു ചില പ്രശ്‌നങ്ങളും തടസ്സമായപ്പോള്‍ പ്രസ്ഥാനം ലീവ് തന്നു. സുബൈദ തിരൂര്‍ക്കാട് ആയിരുന്നു 2003 മുതല്‍ സെക്രട്ടറി. ഇടക്ക് കുറച്ചു കാലം വനിതാ സംസ്ഥാന സമിതി നിന്നുപോയി. പിന്നീട് കേരള ശൂറയുടെ തീരുമാനപ്രകാരം ശൈഖ് സാഹിബിന്റെ നേതൃത്വത്തില്‍ 21 അംഗ സംസ്ഥാന സമിതി അംഗങ്ങളും പ്രസിഡന്റും ഉള്‍ക്കൊള്ളുന്ന സമിതി ഉണ്ടാക്കുകയും ചെയ്തു. കെ.കെ ഫാത്തിമ സുഹ്‌റ ടീച്ചറായിരുന്നു അന്നത്തെ പ്രസിഡന്റ്. ഞാന്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കല്‍ സ്റ്റേറ്റ് സമിതി ചേര്‍ന്ന് കാര്യങ്ങള്‍ കൂടിയാലോചിച്ച് നടപ്പിലാക്കുകയായിരുന്നു പതിവ്.
ഹിറാ സെന്റര്‍ ഉണ്ടാക്കുംമുമ്പ് സ്റ്റേറ്റ് സമിതി ചേര്‍ന്നിരുന്നത് വെള്ളിമാട്കുന്ന് പ്രബോധനം ഓഫീസിലായിരുന്നു. അവിടെ സ്ത്രീകള്‍ക്ക് താമസത്തിനും മറ്റും സൗകര്യം വളരെ കുറവായിരുന്നു. ചിലപ്പോഴൊക്കെ വി.എ കബീര്‍ സാഹിബിന്റെ 'അരുണിമ'യില്‍ താമസിച്ചിട്ടുണ്ട്. പരേതനായ മൂസക്കോയ സാഹിബിന്റെ വീട്ടിലും താമസിച്ചിട്ടുണ്ട്. ഇടക്ക് യാത്രാ സൗകര്യം പരിഗണിച്ച് പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലും സമിതി ചേരാറുണ്ടായിരുന്നു. ഹിറാ സെന്റര്‍ ഉണ്ടായതിനു ശേഷം അതിന്റെ ആവശ്യം വന്നിട്ടില്ല.
1997-ലാണ് ജമാഅത്തെ ഇസ്ലാമി അംഗമാവാന്‍ ഭാഗ്യമുണ്ടായത്. ടി.കെ ജമീലയും ഞാനും ഒരേ സമയത്താണ് അംഗത്വമെടുത്തത്. 1998-ല്‍ ഹിറാ സമ്മേളനവും സമ്മേളനത്തില്‍ വനിതാ സംഘാടനവും.... തിരക്ക് പിടിച്ച ഓട്ടങ്ങള്‍ക്കിടയില്‍ മക്കളുടെ ചികിത്സയും പഠനവും വേണ്ടതുപോലെ ശ്രദ്ധിക്കാനായില്ല എന്ന തോന്നല്‍ മനസ്സിനെ മഥിക്കാറുണ്ട്. ചെറിയ മോന്‍ അയ്മന്‍ മുഹമ്മദ് തളര്‍ന്നു വീണത് ഹിറാ സമ്മേളനം നിശ്ചയിച്ച ശേഷമാണ്; ഒരു റമദാന്‍ കഴിഞ്ഞ ഉടനെ. നോമ്പ് അവസാനത്തില്‍ അവന് മീസില്‍സ് വന്ന് സുഖം പ്രാപിച്ച് വരുന്നേയുള്ളൂ. നോമ്പുകാലത്ത് എല്ലാ ആഴ്ചയിലും ഓഫീസിലെത്താനായില്ല. ഏല്‍പ്പിക്കപ്പെട്ട പല പണികളും പൂര്‍ത്തിയാക്കാനാവില്ലെന്ന വേവലാതിയോടെ അവനുള്ള ഭക്ഷണവും കരിക്കിന്‍ വെള്ളവും മുതിര്‍ന്നവരെ ഏല്‍പിച്ച് ഞാന്‍ വെള്ളിമാട്കുന്നില്‍ പോയി. തിരിച്ചു വന്നപ്പോഴും കരിക്കിന്‍വെള്ളം അവര്‍ കൊടുത്തിരുന്നില്ല. പിറ്റെ ദിവസമാണ് അവന്‍ സ്‌ട്രോക്ക് വന്ന് പാടേ തളര്‍ന്നുവീണത്. എല്ലാം അല്ലാഹുവിന്റെ തീരുമാനമാണ്. അല്‍ഹംദു ലില്ലാഹ്... ഇപ്പോഴവന്‍ ഭാഗികമായി അവന്റെ എല്ലാ ആവശ്യങ്ങളും നടത്താന്‍ കഴിയുംവിധം സുഖപ്പെട്ടിരിക്കുന്നു.
1997 നവംബറില്‍ മെമ്പര്‍മാരുടെ അഖിലേന്ത്യാ സമ്മേളനം ഹൈദരാബാദിലായിരുന്നു. എന്റെ അംഗത്വത്തിനു ശേഷം നടന്ന പ്രഥമ സമ്മേളനം. അന്ന് കേരളത്തില്‍നിന്ന് ഫാത്തിമ മൂസ, ഇ.സി ആയിശ, കെ. മൈമൂന, ജമീല തൃശൂര്‍, ഫാത്തിമ കൊടിഞ്ഞി, ആമിനക്കുട്ടി, സാഹിറ തിരൂര്‍, ആയിശ പി.പി, ടി.കെ ജമീല തുടങ്ങി പത്ത് പേരാണ് പങ്കെടുത്തതെന്നാണ് എന്റെ ഓര്‍മ. സമ്മേളന നഗരിയില്‍ സ്ത്രീകളെ പ്രത്യേകം സജ്ജമാക്കിയ മറക്കുള്ളിലാണ് ഇരുത്തിയിരുന്നത്.
പിന്നീട് നടന്ന അഖിലേന്ത്യാ മെമ്പേഴ്‌സ് മീറ്റ് (2011) ദല്‍ഹിയിലായിരുന്നു. അന്ന് കേരളത്തില്‍നിന്ന് ഐ.ആര്‍.ഡബ്ല്യുവിന്റെ സ്ത്രീ-പുരുഷ വളന്റിയര്‍മാരും വന്നിരുന്നു. നഗരിക്ക് ചുറ്റും കേരള വളന്റിയര്‍മാര്‍ കാവല്‍നിന്നിരുന്നു. മര്‍കസിനോട് ചേര്‍ന്നുള്ള പള്ളിയുടെ ഭാഗത്തായിരുന്നു വനിതകളുടെ സദസ്സ്. പള്ളിയിലേക്കുള്ള വഴിയിലൂടെ കടന്ന് വനിതകളുടെ ഭാഗത്തുകൂടെ സ്റ്റേജിലേക്കെത്താന്‍ എളുപ്പമായിരുന്നു. പള്ളിയുടെ ഭാഗത്ത് കാവല്‍നിന്നത് ഞാനായിരുന്നു. എന്റെ കൈയില്‍ വലിയൊരു വടിയും ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ഒരു വടിയുമായാണ് ഞാനവിടെ കാവല്‍ നിന്നത്. ഹാളിലേക്ക്  ആളുകളെ കടത്തിവിടുമ്പോള്‍ അവരുടെ ഐഡന്റിറ്റി പരിശോധിച്ചതും അങ്ങനെത്തന്നെയായിരുന്നു. അന്നത്തെ അഖിലേന്ത്യാ അമീര്‍ ശഫി മുനീസ് സാഹിബിന്റെ പ്രസംഗത്തിലദ്ദേഹം 'കേരളത്തിലെ വളന്റിയര്‍മാരാണ് ഈ സമ്മേളനത്തിന് കാവല്‍നിന്നത്' എന്ന് പ്രത്യേകം പരാമര്‍ശിക്കുകയും പ്രശംസിക്കുകയും  ചെയ്തിരുന്നു. സമ്മേളനം കഴിഞ്ഞതും വിവിധ സംസ്ഥാനങ്ങളിലുള്ള സഹോദരങ്ങള്‍ വന്ന് എന്നെ ആലിംഗനം ചെയ്ത് 'ഹമാരാ ഗ്വാഡ്, ഹമാരാ ഗ്വാഡ്' എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്തു. അതുവരെ അവരുടെ ഐഡന്റിറ്റി നോക്കുമ്പോള്‍ വല്ലാത്ത പുഛത്തോടെയായിരുന്നു അവരെന്നെ കണ്ടിരുന്നത്. അവരോട് സംവദിക്കാന്‍ ഭാഷയറിയില്ലായിരുന്നു. ഞാനും മുഹമ്മദ് ജാഫര്‍ സാഹിബിന്റെ ഭാര്യ റാന കൗസറുമായിരുന്നു മിക്കവാറും ഹാളിലേക്ക് കടക്കുന്ന സ്ഥലത്ത് കാവല്‍ നിന്നിരുന്നത്.
ഹൃദയസ്പര്‍ശിയായ ഒരുപാട് ഓര്‍മകളുണ്ട്.
പ്രസ്ഥാനവഴിയില്‍ പത്തുവര്‍ഷക്കാലം വനിതാ സംസ്ഥാന സെക്രട്ടറിയായും രണ്ടു വര്‍ഷം ജോയിന്റ് സെക്രട്ടറിയായും സേവനം ചെയ്യാന്‍ സാധിച്ചു. 25 വര്‍ഷക്കാലം സംസ്ഥാന സമിതി അംഗമായി. ഈ കാലയളവില്‍ പല പ്രമുഖരെയും കാണാനും ബന്ധപ്പെടാനും അവസരം ലഭിക്കുകയുണ്ടായി. ടീസ്റ്റ സെറ്റില്‍വാദ്, ഇവോണ്‍ റിഡ്‌ലി, അജിത, അഡ്വ. സതീദേവി, എം. കമലം, കെ.പി സുധീര എന്നിങ്ങനെ ഒരുപാട് പേര്‍.
ടീസ്റ്റ ആദ്യമായി ഹിറാ സെന്ററില്‍ വന്ന ദിവസം സിദ്ദീഖ് ഹസന്‍ സാഹിബ് എന്നെ വിളിച്ചു വരുത്തി. അവരോട് സംസാരിക്കാന്‍ ഭാഷ തടസ്സമായിരുന്നെങ്കിലും ഹസ്തദാനം ചെയ്ത് പ്രഭാഷണം കേള്‍ക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. ഇവോണ്‍ റിഡ്‌ലി കേരളത്തില്‍ വന്നപ്പോള്‍ കോട്ടക്കലില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അവരെ സ്വാഗതം ചെയ്യാന്‍ അവസരമുണ്ടായി.

ഓഫീസ് വര്‍ക്ക്
ആഴ്ചയിലൊരു ദിവസമെങ്കിലും കാരകുന്നില്‍നിന്ന് വെള്ളിമാട് കുന്നിലും ഹിറയിലും എത്തും. റിപ്പോര്‍ട്ടുകള്‍, കത്തുകള്‍ എന്നിവ പരിശോധിച്ച് മറുപടികളും ഫോണ്‍ ലിസ്റ്റുകളും തയാറാക്കി ഓഫീസ് സെക്രട്ടറിയെ ഏല്‍പിക്കും. എം.എ അഹ്‌മദ് കുട്ടി സാഹിബിന്റെ മകള്‍ സുമയ്യ, മൂസക്കോയ സാഹിബിന്റെ മകള്‍ റസിയ തുടങ്ങിയവര്‍ കുറച്ചുകാലം ഓഫീസ് സെക്രട്ടറിമാരായി ജോലി ചെയ്തിരുന്നു. പിന്നീട് കെ.പി റുഖിയ ഓഫീസ് സെക്രട്ടറിയായി. 9 മാസം ഓഫീസ് സെക്രട്ടറിയുടെ ജോലി ചെയ്തപ്പോള്‍ മൂസ മൗലവി ശമ്പളം സ്വീകരിക്കാന്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, എന്റെ പ്രിയതമന്‍ അത് വേണ്ടെന്ന് വെക്കാനാണ് ആവശ്യപ്പെട്ടത്. വാടകക്ക് താമസിക്കുന്ന കാലമായിരുന്നു അത്. ശരിക്കും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമയം. അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചു.
ഈ പ്രവര്‍ത്തന കാലയളവിലാണ് അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് വെച്ച് സൗന്ദര്യമത്സരത്തിനെതിരെ സി.പി.എമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ വലിയ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. റാലിയുടെ സംഘാടന സമിതിയിലേക്ക് ജമാഅത്തെ ഇസ്ലാമി വനിതകളെയും ക്ഷണിച്ചിരുന്നു. വിവിധ മഹിളാ സംഘടനകളും ഉണ്ടായിരുന്നു. ഞാനും റഹ്‌മത്തുന്നിസ ടീച്ചറുമായിരുന്നു മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നത്. സൗദ പടന്നയും ഒന്നു രണ്ട് പ്രാവശ്യം ഉണ്ടായിരുന്നു. കണാരന്‍ റോഡിലെ സി.പി.എം ഓഫീസിലായിരുന്നു പ്രഥമ യോഗം നടന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ ആദ്യമായാണ് പൊതുനിരത്തിലിറങ്ങിയത്. മുതലക്കുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ റഹ്‌മത്തുന്നിസ ടീച്ചര്‍ പങ്കെടുത്ത് സംസാരിച്ചു. റാലി വന്‍ വിജയമായിരുന്നു. ഞങ്ങളേറ്റെടുത്തിരുന്നത് 500 വനിതകളെ പങ്കെടുപ്പിക്കാമെന്നായിരുന്നു. ഞങ്ങളുടെ സ്ത്രീകള്‍ കൃത്യം 2.30നു തന്നെ മുതലക്കുളത്ത് എത്തി. കൃത്യം 3 മണിക്ക് പ്രകടനം തുടങ്ങാനായിരുന്നു പ്ലാന്‍. റാലിയിലേക്കാവശ്യമായ പ്ലക്കാര്‍ഡുകള്‍, മുദ്രാവാക്യങ്ങള്‍ തുടങ്ങി എല്ലാം തയാറാക്കിയത് നമ്മുടെ പ്രവര്‍ത്തകരായിരുന്നു. കേരള ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകള്‍ പ്രകടനത്തില്‍ പങ്കെടുത്തത് സമുദായ നേതൃത്വത്തിനിടയില്‍ വലിയ വിവാദമുണ്ടാക്കി. റാലിയില്‍ മുസ്ലിംകളുടെ സാന്നിധ്യം എടുത്തുകാണിക്കുന്ന തരത്തിലായിരുന്നു. ഇത് സി.പി.എമ്മിനും ക്ഷീണമുണ്ടാക്കിയിരുന്നു.

ഹിറാ സമ്മേളനം, 
കുറ്റിപ്പുറം വനിതാ സമ്മേളനം
വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് കുറ്റിപ്പുറം വനിതാ സമ്മേളനം. നഗരി സംവിധാനമായിരുന്നു എന്റെ ചുമതല. ഹിറാ സമ്മേളനത്തില്‍ പ്രത്യേകം ചുമതലയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, മൂന്ന് രാവും പകലും ഞങ്ങളവിടെ ചെലവഴിച്ചു. ഓരോ നമസ്‌കാരം കഴിയുമ്പോഴും രക്ഷിതാക്കളില്‍നിന്ന് കൈവിട്ടുപോയ കുറെ കുട്ടികളെ കിട്ടും. അവരെ തിരിച്ചെത്തിക്കുന്ന പണിയായിരുന്നു ഞങ്ങള്‍ക്കന്ന്. മാളയിലുള്ള മുഹമ്മദ് മൗലവിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുട്ടികളോടുള്ള സമീപനം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
എനിക്ക് മക്കള്‍ നാലു പേരാണ്, അനീസ് മുഹമ്മദ്, ഡോ. അലീഫ്, ഡോ. ബാസിമ, ഐമന്‍ മുഹമ്മദ്. ഒന്‍പത് പേരക്കുട്ടികളും ഉണ്ട്.
ഞാനിപ്പോള്‍ എടവണ്ണ ഏരിയയുടെ പി.ആര്‍ കോഡിനേറ്റര്‍ ആണ്. പ്രസ്ഥാന ഘടനയില്‍നിന്ന് പൂര്‍ണമായും ഇതുവരെ വിട്ടുനിന്നിട്ടേയില്ല. മരണം വരെ അങ്ങനെ തന്നെ തുടരണം എന്നാണ് ആഗ്രഹം. പുതിയ കാലത്തിനനുസരിച്ച് കഴിവും യോഗ്യതയും ഉള്ളവര്‍ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക് കടന്നുവരണം. അവരാണ് പുതിയ കാലത്ത് പ്രസ്ഥാനത്തെ നയിക്കേണ്ടത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top