പ്രവാചകന്റെ പാര്‍പ്പിടങ്ങള്‍

ടി.കെ.യൂസുഫ്‌

വീട് നിര്‍മാണത്തിന് വേണ്ടി  വരുമാനത്തിന്റെ സിംഹഭാഗവും, പുറമെ വായ്പകളും വിനിയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. 'ഭവനനിര്‍മാണത്തിന് ഒരുങ്ങുമ്പോള്‍ വിശ്വാസികളുടെ ജീവിത വിജയത്തിന്  മാതൃകയായി അവതരിപ്പിക്കപ്പെട്ട നബി തിരുമേനിയുടെ പാര്‍പിടങ്ങളുടെ നിര്‍മിതിയും അവയിലെ സൗകര്യങ്ങളും ആരും അന്വേഷിക്കാറില്ല. എല്ലാ സൗകര്യങ്ങളുമുളള ഒരു കൊട്ടാരത്തിലല്ല, മറിച്ച് അങ്ങേയറ്റം അസൗകര്യങ്ങളുളള തന്റെ പത്‌നിമാരുടെ കുടിലുകളിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നബി (സ) മദീനയിലേക്ക് ഹിജ്‌റ വന്ന സന്ദര്‍ഭത്തില്‍ ഖുബാ മസ്ജിദിന്റെ  നിര്‍മാണവേളയില്‍ ഏകദേശം പത്ത് ദിവസം ബനു അംറ് ബിന്‍ ഔഫിന്റെ അടുക്കല്‍ താമസിച്ചു. പിന്നീട് അബൂ അയ്യൂബില്‍ അന്‍സാരിയുടെ വീട്ടില്‍ ഏതാനും മാസങ്ങള്‍ താമസിച്ചു. മദീന പളളിയുടെ പണി പൂര്‍ത്തിയായപ്പോള്‍ അതിന്റെ വടക്ക്'ഭാഗത്തായി ആയിശ, സൗദ എന്നീ പത്‌നിമാര്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മിക്കുകയും അതിലേക്ക് താമസം മാറ്റുകയും ചെയ്തു.  
പ്രവാചകന്റെ വീടുകളില്‍ ചിലതിന്റെ ചുമര്‍ ഇഷ്ടികയാണെങ്കില്‍ മറ്റ് ചിലതിന്റെ 'ഭിത്തികള്‍ കല്ലുകള്‍ അടുക്കി വെച്ചതായിരുന്നു. മേല്‍ക്കൂരയാണെങ്കില്‍ പലതിലും ഈത്തപ്പനയോല മാത്രമായിരുന്നു. ചിലതില്‍ ചില മരക്കഷണങ്ങള്‍ കൊണ്ട് പാക്ക് വെച്ച് ഓലയും മണ്ണും പാകിയതായിരുന്നു. പുരാതനകാലത്ത് അറബികള്‍ എല്ലാവരും ഇത്തരത്തിലുളള വീടുകള്‍ തന്നെയായിരിക്കും നിര്‍മിച്ചിട്ടുണ്ടാകുക എന്ന ധാരണ ശരിയല്ല. ആ അജ്ഞാന കാലത്തും അവര്‍ വീടുകളുടെ വലിപ്പവും ഉയരവും അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായി ഗണിച്ചിരുന്നു. ജാഹിലിയ്യ കവിതകളില്‍ വീടുകളുടെ ഉയരം എടുത്ത് പറഞ്ഞ് പെരുമ നടിച്ചിരുന്നതായി നമുക്ക് കാണാം. എന്നാല്‍ തിരുനബിയുടെ ഗേഹങ്ങള്‍ ഉയരത്തിന്റെ കാര്യത്തിലും വേറിട്ടുനില്‍ക്കുന്നതായിരുന്നു. ഹസന്‍ ബസ്വരി ഇങ്ങനെ രേഖപ്പെടുത്തുന്നതായി നമുക്ക് കാണാം: ''ഞാന്‍ ഉസ്മാന്‍ (റ)ന്റെ ഭരണകാലത്ത് പ്രവാചക പത്‌നിമാരില്‍ ഒരാളുടെ വീട്ടില്‍ പ്രവേശിച്ചു. അതിന്റെ മേല്‍ക്കൂര എന്റെ കൈ കൊണ്ട് തൊടാന്‍ പറ്റുന്ന ഉയരത്തിലായിരുന്നു.''
ആയിരക്കണക്കിന് ചതുരശ്ര അടി വിസ്തീര്‍ണമുളള പഞ്ചനക്ഷത്ര വീടുകളാണ് ഇന്ന് പലരും പണിയാറുളളത്. എന്നാല്‍ നബി (സ)യുടെ വീടിന്റെ വിശാലതയും ശ്രദ്ധേയമാണ്. വീടിന്റെ മൊത്തം വിസ്തീര്‍ണം പത്ത് മുഴത്തില്‍ ഒതുങ്ങുന്നതാണ്. മൂന്നോ നാലോ മീറ്റര്‍ ചുറ്റളവാണ് വീട്ടിലെ മുറികള്‍ക്കുണ്ടായിരുന്നത്. ആയിശ ബീവിയുടെ വീടിന് മാത്രമാണ് രണ്ട് വാതിലുകളുണ്ടായിരുന്നത്. അതില്‍ പടിഞ്ഞാറ് ഭാഗത്തുളളത് പളളിയിലേക്ക് തുറക്കുന്നതും കിഴക്ക് ഭാഗത്തുളളത് മറ്റു ഭാര്യമാരുടെ വീടിലേക്കുളള വഴിയിലേക്ക് തുറക്കുന്നതുമായിരുന്നു. വാതിലുകള്‍ക്കാകട്ടെ രണ്ട് മുഴം വീതിയും നാല് മുഴം ഉയരവുമാണുണ്ടായിരുന്നത്.  
വീട്ടിലെ ഗൃഹോപകരണങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ അക്കാര്യത്തിലും തിരുമേനി അതീവ ലാളിത്യം പുലര്‍ത്തിയിരുന്നു. ഈത്തപ്പനയോലകള്‍ കൊണ്ട് നെയ്ത ഒരു പായയിലാണ് റസൂല്‍ അന്തിയുറങ്ങിയിരുന്നത്. പലപ്പോഴും അതിന്റെ പാടുകള്‍ ദൈവദൂതന്റെ ശരീരത്തില്‍ പതിഞ്ഞു കാണാമായിരുന്നു. മൃഗങ്ങളുടെ തുകലിനുളളില്‍  പനയോല നിറച്ച് നിര്‍മിച്ച കനം കുറഞ്ഞ ഒരു തലയിണയാണ് റസൂല്‍ ഉപയോഗിച്ചിരുന്നത്. അതിഥികള്‍ക്ക് ഇരിക്കാന്‍ പറ്റിയ ഒരു ഇരിപ്പിടം പോലും തിരുഭവനത്തിലുണ്ടായിരുന്നില്ല. ഒരിക്കല്‍ ത്വയ്യ് ഗോത്രത്തിലെ നേതാവും പുരോഹിതനുമായിരുന്ന അദിയ്യ് ബിന്‍ ഹാതിം ത്വാഇ ഒരു സ്വര്‍ണ കുരിശ് ധരിച്ചുകൊണ്ട്  തിരുമേനിയുടെ വീട്ടില്‍ അതിഥിയായി വന്നു. ആകെയുണ്ടായിരുന്ന ഒരു തലയിണ അതിഥിക്ക് ഇരിക്കാന്‍ നല്‍കുകയും നബി(സ) നിലത്ത് ഇരിക്കുകയും ചെയ്തു.
 ആഹാരസാധനങ്ങളുടെ കാര്യവും വളരെ കഷ്ടമായിരുന്നു. നബി (സ)യുടെ വീട്ടിലെ അടുക്കളയില്‍ തീ പുകയാതെ ഒന്നും രണ്ടും മാസങ്ങള്‍ കടന്ന് പോകാറുണ്ട് എന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ ഇത്രയും നാളുകള്‍ നിങ്ങള്‍ എങ്ങനെയാണ് കഴിയാറ് എന്ന ചോദ്യത്തിന് പത്‌നിമാര്‍ പറയുന്ന മറുപടി: 'ഈത്തപ്പഴവും പച്ചവെളളവും' എന്നാണ്. പാകം ചെയ്ത് കഴിക്കേണ്ട ഭക്ഷണമില്ലാത്തതുകൊണ്ട് ഗൃഹോപകരണങ്ങള്‍ക്കും പഞ്ഞമായിരുന്നു. ഗോതമ്പ് പൊടിച്ചതിന് ശേഷം അതിലെ ഉമി നീക്കാന്‍ ആവശ്യമായ ഒരു തരിപ്പ പോലും പ്രവാചകന്റെ വീട്ടിലുണ്ടായിരുന്നില്ല. അപ്പോള്‍ നിങ്ങള്‍ ബാര്‍ലി എന്താണ് ചെയ്യുക എന്ന് ചോദിച്ചതിന് 'ഭാര്യമാരുടെ മറുപടി ഇപ്രകാരമായിരുന്നു: 'ബാര്‍ലി ഞങ്ങള്‍ കുത്തും. എന്നിട്ട് ഒരു മുറത്തിലിട്ട് തെള്ളി കൊണ്ട് അതിലെ ഉമി പാറ്റിക്കളയും. ഇനിയും വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് റൊട്ടിയില്‍ ഉള്‍പെടുകയും ചെയ്യും.' (ഫത്ഹുല്‍ ബാരി). ധാന്യപ്പൊടിയിലെ ഉമി നീക്കാന്‍ ഒരു അരിപ്പ വാങ്ങാന്‍ മാത്രം എല്ലാ ദിവസവും റസൂലിന്റെ വീട്ടില്‍ ബാര്‍ലി റൊട്ടി ഉണ്ടാക്കിയിരുന്നില്ല. മുഹമ്മദ് നബി (സ)യുടെ കുടുംബം രണ്ട് ദിവസം തുടര്‍ച്ചയായി ബാര്‍ലി പൊടി കൊണ്ടുണ്ടാക്കിയ റൊട്ടി കഴിച്ച് വിശപ്പടക്കിയിട്ടില്ല എന്ന് പത്‌നി ആയിശ(റ) പറയുന്നതായി എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇനി പാത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ വക്ക് പൊട്ടിയത് കാരണം കമ്പിയിട്ട് മുറുക്കിയ ഒരു മരപ്പാത്രത്തിലാണ് തിരുമേനി പാലും തേനും ഈത്തപ്പഴം കുതിര്‍ത്ത വെളളവും കുടിച്ചിരുന്നത്. റോമ, പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ സ്വര്‍ണ പാത്രങ്ങളില്‍ 'ഭക്ഷണം കഴിച്ചിരുന്ന  കാലഘട്ടത്തിലാണ് ഇതെല്ലാം നടന്നിരുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്.  
അനുചരന്മാരും അതിഥികളും വിരുന്നുവരുന്ന സമയങ്ങളിലാണ് പ്രവാചകന്റെ വീട്ടിലെ പ്രാരാബ്ദങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കാറുളളത്. ഉമര്‍ ബിന്‍ ഖത്താബ് വീട്ടില്‍ വന്നപ്പോള്‍ നബി (സ)മണലില്‍ പായവിരിച്ച് അതില്‍ കിടക്കുകയായിരുന്നു.  ഈന്തപ്പനയോലയുടെ പാടുകള്‍ ആ ശരീരത്തില്‍ കാണാമായിരുന്നു. ഉമര്‍ ബിന്‍ ഖത്താബ് പറഞ്ഞു: ''പ്രവാചകരെ റോമക്കാര്‍ക്കും പേര്‍ഷ്യക്കാര്‍ക്കും വിശാലതയുണ്ടായത് പോലെ താങ്കളുടെ സമുദായത്തിനും വിശാലതയുണ്ടാകാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം.'' അപ്പോള്‍ നബി  പറഞ്ഞു. ''ഖത്താബിന്റെ മകനെ, അവര്‍ക്ക് അല്ലാഹു നന്മകള്‍ ഐഹിക ജീവിതത്തില്‍ തന്നെ നല്‍കിയതാണ്.'' അപ്പോള്‍ ഉമര്‍ പറഞ്ഞു: ''എങ്കില്‍ താങ്കള്‍ അല്ലാഹുവിനോട് എനിക്ക് പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിക്കുക.''(ബുഖാരി) നബി(സ)യുടെ ശയനോപകരണങ്ങളെക്കുറിച്ച് ഇബ്‌നു ഖയ്യിം പറയുന്നത് ഇപ്രകാരമാണ്: ''പ്രവാചകന്‍ തന്റെ പത്‌നിമാരുടെ ഭവനങ്ങളുടെ അവസ്ഥകള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ വിരിപ്പിലും മറ്റ് ചിലപ്പോള്‍ പായയിലും ചിലപ്പോള്‍ തുകല്‍ഷീറ്റിലും ചിലപ്പോള്‍ കട്ടിലിലും വേറെ ചിലപ്പോള്‍ നിലത്ത് മണലിലും മറ്റ് ചിലപ്പോള്‍ കറുത്ത വസ്ത്രത്തിലും ഉറങ്ങാറുണ്ട്.''
ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്നു പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ ഞാന്‍ താങ്കളുടെ അതിഥിയാണ്. അപ്പോള്‍ നബി (സ) തന്റെ ഒമ്പത് ഭാര്യമാരുടെയും അടുക്കലേക്ക് ആളെ അയച്ചു. അവരെല്ലാവരും ഞങ്ങളുടെ അടുക്കല്‍ ഒരു വലിയ മനുഷ്യന് ആഹാരമായി നല്‍കത്തക്കവണ്ണം ഒന്നുമില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ നബി അദ്ദേഹത്തെയും കൊണ്ട് പളളിയിലേക്ക് വന്നിട്ട് അനുചരന്മാരോട്  അല്ലാഹുവിന്റെ ദൂതന്റെ അതിഥിക്ക് ആതിഥ്യമരുളാന്‍ ആരുണ്ടെന്ന് ആരാഞ്ഞു. അല്ലാഹുവിന്റെ ദൂതന്റെ വീട്ടില്‍ ഒരു അതിഥിക്ക് വിശപ്പടക്കാനുളള വകപോലും ഉണ്ടായിരുന്നില്ല! ചിന്തിക്കുന്നവര്‍ക്ക് ഇതിലും ദൃഷ്ടാന്തമുണ്ട്. ഇത്രയും ഞെരുങ്ങിയ ജീവിതം നയിക്കുന്നവര്‍ക്ക് എന്ത് ദൈവിക അനുഗ്രഹം അല്ലെങ്കില്‍ എന്ത് സൗഭാഗ്യം എന്ന് ചിന്തിക്കുന്നവര്‍ക്കുളള മറുപടിയും പ്രവാചകന്‍ തന്റെ വചനങ്ങളിലൂടെ നല്‍കുന്നു. നബി(സ) പറഞ്ഞു: ''ആര്‍ക്കെങ്കിലും തന്റെ ജനതയില്‍ നിര്‍ഭയത്വവും ശരീരത്തില്‍ സൗഖ്യവും അന്നന്നത്തെ അന്നവും ലഭിച്ചാല്‍ അവന് ദുനിയാവ് മുഴുവന്‍ സന്നാഹത്തോടെയും ലഭിച്ചിരിക്കുന്നു.''(തിര്‍മുദി).
വീടിന്റെ രൂപത്തിലും ഭാവത്തിലും മാത്രമല്ല അതിനകത്തുളള തന്റെ ജീവിതത്തിലും, ഭാര്യമാരോടും വേലക്കാരോടുമുളള പെരുമാറ്റത്തിലും പ്രവാചകന്‍ ഉത്തമ മാതൃകയായിരുന്നു. സൃഷ്ടികളില്‍ ഏറ്റവും ഉന്നതനും മഹാനുമായ മുഹമ്മദ് നബി (സ) തന്റെ വീട്ടില്‍ എപ്രകാരമായിരുന്നുവെന്നതിന് പത്‌നി ആയിശ (റ) പറയുന്ന മറുപടി ഇപ്രകാരമാണ്: ''അദ്ദേഹം മറ്റ് മനുഷ്യരെ പോലെ വസ്ത്രം തുന്നുകയും ആടിനെ കറക്കുകയും തനിക്ക് വേണ്ട സേവനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യും. മറ്റൊരിക്കല്‍ ആയിശ പറഞ്ഞു: ''അദ്ദേഹം വീട്ടിലെ ജോലികളിലായിരിക്കും. ബാങ്ക്  കേട്ടാല്‍ പുറപ്പെടും.'' (മുസ്‌ലിം.)
പ്രവാചക പത്‌നിമാര്‍
പ്രവാചകന്റെ വീടുകളെക്കുറിച്ച് പറയുമ്പോള്‍ വീട്ടുകാരെക്കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. നബി (സ) തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ ആദ്യമായി വിവാഹം ചെയ്തത് നാല്‍പത് വയസ്സ് പ്രായമുളള ഖദീജ ബിന്‍ത് ഖുവൈലിദിനെയായിരുന്നു. അവരില്‍ നബി(സ)ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജനിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ അധികകാലം ജീവിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ സൈനബ്, റുഖിയ്യ, ഉമ്മുഖുല്‍സൂം, ഫാതിമ എന്നിവരാണ്. അവരില്‍ സൈനബിനെ അവരുടെ അമ്മാവന്റെ മകന്‍ അബുല്‍ ആസ് ബിന്‍ റബീഅ് ഹിജ്‌റക്ക് മുമ്പ് തന്നെ വിവാഹം ചെയ്തു. റുഖിയ്യയെയും ഉമ്മു ഖുല്‍സൂമിനെയും ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, ഓരാള്‍ക്ക് ശേഷം മറ്റൊരാളായി, വിവാഹം ചെയ്തു. ഫാത്വിമയെ അലിയ്യ് ബിന്‍ അബീ ത്വാലിബ് വിവാഹം ചെയ്യുകയും ആ ദമ്പതികള്‍ക്ക് ഹസന്‍, ഹുസൈന്‍, സൈനബ്, ഉമ്മു ഖുല്‍സൂം എന്നീ മക്കള്‍ ജനിക്കുകയും ചെയ്തു.
ഖദീജയുടെ മരണത്തിന് ശേഷമാണ് സൗദ എന്ന മറ്റൊരു വിധവയെ വിവാഹം ചെയ്തത്. ഇതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് തിരുമേനിയുടെ പത്‌നിമാരില്‍ ഏക കന്യകയായ ആയിശ(റ)യെ വിവാഹം ചെയ്തത്. പിന്നീട് വിധവയും ഉമര്‍ ബിന്‍ ഖത്താബിന്റെ മകളുമായ ഹഫ്‌സയെ വിവാഹം ചെയ്തു. അതിന് ശേഷമാണ് പാവപ്പെട്ടവരുടെ അമ്മ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മറ്റൊരു വിധവയായ സൈനബയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും അവര്‍ ഈ ലോകത്തോട് വിട പറയുകയും ചെയ്തു. 'ഭര്‍ത്താവ് മരിച്ചതിന് ശേഷം കുഞ്ഞുങ്ങളെ പോറ്റാന്‍ വിഷമിച്ചിരുന്ന ഉമ്മുസലമയെയാണ് നബി (സ) പിന്നീട് വിവാഹം ചെയ്തത്. നബി(സ)യുടെ അമ്മായിയുടെ മകളും, തന്റെ വളര്‍ത്തു പുത്രനായിരുന്ന സൈദ് വിവാഹമോചനം നടത്തുകയും ചെയ്ത, സൈനബിനെയാണ് നബി(സ) പിന്നീട് വിവാഹം ചെയ്തത്. തിരുമേനിയുടെ വിയോഗത്തിന് ശേഷം തന്റെ പത്‌നിമാരില്‍ ആദ്യമായി മരണപ്പെട്ടത് ഇവരായിരുന്നു. ബനു മുസ്തലഖ് യുദ്ധത്തടവുകാരായി പിടിച്ചവരില്‍ പെട്ട ജുവൈരിയ്യ, അബൂസുഫ്‌യാന്റെ മകള്‍ റംല (ഉമ്മു ഹബീബ), ഖൈബര്‍ യുദ്ധത്തടവുകാരില്‍ പെട്ട സ്വഫിയ്യ, മൈമൂന എന്നിവരെയാണ് നബി (സ) പിന്നീട് വിവാഹം ചെയ്ത്ത്. അവരില്‍ ഖദീജ, സൈനബ് എന്നിവര്‍ നബി(സ)യുടെ ജീവിതകാലത്തുതന്നെ മരണപ്പെട്ടു.
നബി(സ)യുടെ വിവാഹങ്ങളെ വിശകലനം ചെയ്യുന്ന ആര്‍ക്കും കേവലം ലൈംഗികം  മാത്രമായിരുന്നില്ല അവയുടെ ഉദ്ദേശ്യമെന്ന് ബോധ്യപ്പെടും. കാര ണം നല്ല പ്രായത്തില്‍ അദ്ദേ ഹം വിവാഹത്തിന് തെരഞ്ഞെടുത്തത് നാല്‍പത് കഴിഞ്ഞവരെയാണ്. മറ്റു വിവാഹങ്ങളില്‍ അധികവും നടന്നത് തിരുമേനിക്ക് നാല്‍ പത് കഴിഞ്ഞതിന് ശേഷവുമാണ്. സമൂഹത്തിലെ വ്യത്യ സ്ത തലങ്ങളിലും പ്രായ ത്തിലുളള വിധവകളുമായുളള വിവാഹബന്ധത്തിന് കേവല ലൈംഗികതയിലുപരിയായ ഉദ്ദേശ്യലക്ഷ്യങ്ങളു ണ്ടെന്ന് വ്യക്തമാണ്. പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞ പ്രവാചകന്റെ കൂ ടെ പതിനൊന്ന് പത്‌നിമാര്‍ സന്തോഷത്തോടെ ജീവിച്ചതിന് പിന്നിലും അഭൗതികമായ ചില മാനങ്ങളുണ്ട്. ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ പ്രബോധന രംഗത്ത് ഇവര്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top