എല്ലിനു പിമ്പേ

ആരിഫ പി.കെ (ജി.വി.എച്ച്.എസ്.എസ് കൊപ്പം)

ബ്ദുല്‍ കലാമിന്റെ 'അഗ്നിച്ചിറകുകള്‍' ചര്‍ച്ചാ വിഷയമായപ്പോള്‍ 'പയ്യന്‍സ്' പറഞ്ഞു: 'ഉഗ്രന്‍! അടിപൊളി! അനുഭവങ്ങളാണെങ്കില്‍ ഇങ്ങനെ എഴുതണം.' വീണത് വിദ്യയാക്കണമെന്നാണല്ലോ പ്രമാണം!
കിട്ടിയ അവസരം മുതലെടുത്തു പറഞ്ഞു: 'ആര്‍ക്കറിയാം! ഒരു പക്ഷേ നിങ്ങള്‍ അദ്ദേഹത്തെക്കാള്‍ മിടുക്കന്മാരായേക്കാം. ഇതിനേക്കാള്‍ മെച്ചമായ അനുഭവക്കുറിപ്പുകള്‍ എഴുതില്ലെന്നാരുകണ്ടു?!'
'നമുക്കൊന്നെഴുതി നോക്കിയാലോ...'
'ഓ! ഞങ്ങള്‍ക്കൊന്നും ആ കഴിവില്ല... എന്നാലും! ഒന്നെഴുതിനോക്കാം.'
'ശരി'
തകൃതിയായി എഴുതുന്ന കുട്ടികള്‍ക്കിടയിലൂടെ വെറുതെയൊന്ന് ചുറ്റിയടിച്ച ഞാന്‍ ഞെട്ടിപ്പോയി; ഭയാനകമായ വാഹനാപകടങ്ങള്‍! ഭീകരദൃശ്യങ്ങള്‍! ഞെട്ടിക്കുന്ന വിവരങ്ങള്‍!
 മറക്കാനാവാത്ത അനുഭവങ്ങള്‍ എന്നു പറഞ്ഞാല്‍ ഭയാനകമായത് മാത്രം എന്നുണ്ടോ? അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്ത കാര്യങ്ങളൊന്നും ആര്‍ക്കുമില്ലേ? ഓ! എങ്കില്‍ ടീച്ചറൊന്ന് പറഞ്ഞു തരണമെന്ന്! തമ്പുരാനേ! എന്താണ് പറയുക! ഏതാണ് പറയുക! പലപ്പോഴും ഓര്‍മിച്ചിരുന്ന്  രസിക്കുന്ന ആ അനുഭവം മനസ്സില്‍ തെളിഞ്ഞു വന്നു.
പ്രീഡിഗ്രിക്ക് പി.എസ്.എം.ഒ കോളേജില്‍ പഠിക്കുകയാണ്. ലേഡീസ് ഹോസ്റ്റലിലെ ഫസ്റ്റ് ബാച്ച്! അതും ഇരുപതോളം പി.ഡി.സിക്കാര്‍. ആനന്ദലബ്ധിക്കിനിയെന്തു വേണം? അങ്ങനെ ഒരൊഴിവുദിനം പരപ്പനങ്ങാടി കടപ്പുറത്തേക്ക് ട്രിപ്പ് പ്ലാനിട്ടു. അവിടെ ഒരു ഗ്രീക്ക് കപ്പല്‍ നങ്കൂരമിട്ടെന്നും ഏവര്‍ക്കും സൗജന്യ പാസാണെന്നും അറിഞ്ഞു. ഞങ്ങളവിടെയെത്തിയപ്പോള്‍, ആരെയും കപ്പലിലേക്ക് കയറ്റുന്നില്ല. തൊട്ടുമുമ്പ് കപ്പലിലേക്കുള്ള തൂക്കുപാലം പൊട്ടി പലര്‍ക്കും അപകടം പറ്റിയത്രെ. നോക്കണേ! ഞങ്ങളുടെ കഷ്ടകാലം! ഏതായാലും വന്നതല്ലേ... കടപ്പുറം നടന്ന് കാണാം. ഒരു 'മഞ്ഞുമല' ഒഴുക്കിപ്പരന്നുവരുന്നു. എന്താണത്! തിമിംഗലം ചത്ത് അതിന്റെ 'നെയ്യ്' ഒഴുകിവരികയാണെന്ന് സമീപത്തെ മുക്കുവന്മാര്‍ നിസ്സാര മട്ടില്‍ പറഞ്ഞു. കുറച്ച് കൂടി നടന്നപ്പോള്‍ ഒരു ''വലിയ എല്ല്'' കിടക്കുന്നു. തിമിംഗലത്തിന്റെ താടിയെല്ല്!! ഞങ്ങളിലെ ശാസ്ത്രബോധം ഉണര്‍ന്നു. ഇത്രയും അമൂല്യമായ വസ്തു കടപ്പുറത്ത് അനാഥമായിക്കിടക്കുന്നു! ഇത് കോളേജില്‍ കൊണ്ടുപോയി കൊടുത്താലുള്ള സ്ഥിതി എന്തായിരിക്കും? പണച്ചെലവില്ലാതെ ഒരു തിമിംഗല എല്ല് ബയോളജി ലാബിലേക്ക് കൊടുത്താല്‍ ഞങ്ങള്‍ക്ക് എത്രമാത്രം പ്രശംസ കിട്ടും?!
ഏതായാലും കുറെ പത്രക്കടലാസുകള്‍ ശേഖരിച്ച് 'എല്ലിനെ' ശരിക്കും പൊതിഞ്ഞു. ജാഥയായി 'അത്' ചുമലിലേറ്റി നടന്നു. നല്ല ഭാരമുണ്ട്! ഉണങ്ങാത്തതിനാല്‍ വല്ലാത്ത ദുര്‍ഗന്ധവും! ജാഥ ബസ്സ്സ്റ്റാന്റിലെത്തി. ഞങ്ങളുടെ വിശിഷ്ടവസ്തു കാരണം ബസ്സെല്ലാം ഡബിള്‍ ബെല്ലടിച്ചു വിട്ടു. ഒടുവില്‍ ഡബിള്‍ ചാര്‍ജ് കൊടുക്കാമെന്ന വ്യവസ്ഥയില്‍ ഒരു ബസ്സില്‍ കയറി. ബസ്സിനുള്ളില്‍ 'അതിനെ' ബഹുമാന പുരസ്സരം ചുമലിലേറ്റി നിന്നു. എല്ലാ ജില്ലകളുടെയും പ്രതിനിധികള്‍ ''എല്ലില്‍'' കൈവച്ചിരുന്നു. (ഹോസ്റ്റലില്‍ എല്ലാ ജില്ലക്കാരുമുണ്ട്.) വൃത്തികെട്ട മണം കാരണം യാത്രക്കാര്‍ മൂക്കു പൊത്തുകയും പിറുപിറുക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. (മഹത്തായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പലതും സഹിക്കേണ്ടതായുണ്ട്.) അങ്ങനെ ഹോസ്റ്റലിലെത്തി. 'അതിനെ' മുറ്റത്ത് ഉണക്കാനിട്ടു. നാളെ ഞങ്ങളുടെ 'വീണ്ടെടുപ്പിനെ' കോളേജില്‍ ഏല്‍പ്പിക്കണം.
തുടര്‍ന്നുള്ള സംഭവങ്ങള്‍...!
രാവിലെ ഹോസ്റ്റലിലെ വാര്‍ഡനെ പ്രിന്‍സിപ്പാള്‍ വിളിക്കുന്നുണ്ടെന്ന് അറിയിപ്പു വന്നു. തിരിച്ചുവന്ന വാര്‍ഡന്റെ മുഖം കുത്തി വീര്‍ത്തതു പോലെയായിരുന്നു. ഞങ്ങളെ തറപ്പിച്ചൊന്നു നോക്കി, ഒന്നും മിണ്ടാതെ കയറിപ്പോയി. ഇതെന്തു കൂത്ത്?! അപ്പോഴേക്കും ഒരു പോലീസ് ജീപ്പ് ഇരമ്പി വന്ന് ഞങ്ങളുടെ അമൂല്യ നിധി കൊണ്ടു പോയി! യാതൊന്നും സംഭവിക്കാത്ത മട്ടില്‍! പിന്നെയാണ് കാര്യങ്ങളെല്ലാം വ്യക്തമായത്. ഏതോ മ്യൂസിയം നടത്തിപ്പുകാര്‍ ഏറ്റെടുത്ത എല്ലാണത്. അവര്‍ സൗകര്യം പോലെ എടുത്തുകൊണ്ടു പോകാന്‍ വെച്ച അതിനെയാണ് ഞങ്ങള്‍ കൊണ്ടുപോന്നതെന്ന കാര്യം മുക്കുവര്‍ പറഞ്ഞാണ് പോലീസ് അറിഞ്ഞത്. തൊണ്ടി മുതല്‍ പിടിച്ചെടുത്തു. ഞങ്ങളെ ഇപ്പോള്‍ വിളിച്ച് ചോദ്യം ചെയ്യുമെന്ന് പേടിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല! അല്‍പബുദ്ധികളായ ഞങ്ങളെ ചോദ്യം ചെയ്തിട്ട് ഒരു വിശേഷവുമില്ലെന്ന തിരിച്ചറിവായിരിക്കാം!

വാല്‍ക്കഷ്ണം:
കര്‍മണ്യേ വാധികാരസ്തു
മാ ഫലേഷ്ഠ കദാചിതാ!!
|
      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top