എന്റെ കഥ ഒരു അവലോകനം

ഉമ്മുല്‍ ഫായിസ

രു എച്ച്.ഐ.വി ബാധിതയുടെ ആത്മകഥയിലേക്കുള്ള ഇറങ്ങിചെല്ലലാണ് ഈ അവലോകനം. തന്നെപ്പോലെയുള്ള അനേകായിരം എച്ച്.ഐ.വി ബാധിതരുടെ മനസ്സില്‍ പ്രതീക്ഷയുടെ ഒരു തിരിനാളമെങ്കിലും കൊളുത്തിയിടാന്‍ വീണാധരിക്കു കഴിഞ്ഞിട്ടുണ്ട്.
മറ്റുള്ളവരെ പോലെ വീണാധരിയും ഒരു ഞെട്ടലോടെയാണ് തനിക്ക് എച്ച്.ഐ.വി ഉണ്ടെന്ന സത്യം മനസ്സിലാക്കിയത്. എന്നാല്‍  ദുഃഖിച്ചിരിക്കാനും ശിഷ്ടജീവിതം ഉരുകിത്തീര്‍ക്കാനും അവര്‍ തയ്യാറല്ലായിരുന്നു.
കേരളത്തിന്റെ വടക്കെയറ്റത്ത് ഹൊസങ്കടിയിലെ ഒരു ഉള്‍ഗ്രാമമായ വൊര്‍ക്കാടിയില്‍ ലളിത വി. റാവുവിന്റെയും എന്‍. വെങ്കിടേഷ് റാവുവിന്റയും മകളായി ജനിച്ച വീണാധരി ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മ്യൂസിക് കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായി. മംഗലാപുരത്തെ പനമ്പൂരില്‍ അധ്യപികയായി. ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്നു.
വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവില്‍ നിന്നും എച്ച്.ഐ.വി ബാധിച്ചുവെന്ന വാര്‍ത്ത വല്ലാതെ തളര്‍ത്തിയെങ്കിലും നിയന്ത്രണം വിടാതെ ജീവിതത്തെ നേരിടാനുള്ള തന്റേടം അവര്‍ നേടിയെടുത്തു. 'എച്ച്.ഐ.വി ബാധിച്ചാലെന്താ, ഞാന്‍ ജീവിക്കുക തന്നെ ചെയ്യും' എന്നവര്‍ ലോകത്തിനു മുന്നില്‍ നിവര്‍ന്നുനിന്നു പറഞ്ഞു. തുടര്‍ന്നങ്ങോട്ട് എച്ച്.ഐ.വി ബാധിതര്‍ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു വീണാധരിയുടേത്. വേദനയിലും പുഞ്ചിരിക്കാന്‍ കഴിയുക, അതാണ് മനുഷ്യനെ വലിയവനാക്കിത്തീര്‍ക്കുക. ''ഇനിയുള്ള ജീവിതത്തില്‍ ഈ മാരകരോഗം ബാധിച്ചവര്‍ക്ക് ആശ്വാസം പകരുകയും അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയുമാണ് എന്റെ ലക്ഷ്യം, ഇതിനുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.'' എന്നു പറയാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും ധൈര്യം കാണിച്ച വീണാധരി മറ്റുള്ള രോഗം പോലെ ഇതും ഒരു സാധാരണ രോഗമാണെന്നും എച്ച്.ഐ.വി ബാധിതരെ ഒറ്റപ്പെടുത്തിയും നിന്ദിച്ചും ആക്ഷേപിച്ചും മരണത്തിലേക്ക് തള്ളിവിടരുതെന്നും സമൂഹത്തോട് പറയുന്നു.
എച്ച്.ഐ.വി പിടിപെട്ടാല്‍ മരണമല്ലാതെ വേറെ വഴിയില്ല എന്ന് പ്രചരിച്ചിരുന്നപ്പോഴും ഉത്സാഹത്തോടും ഉന്മേഷത്തോടും കൂടി ജീവിച്ച് അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി. രോഗികള്‍ക്ക് വേണ്ടി ഒരു പുതിയ ജീവിതരീതി സ്വന്തമായി സൃഷ്ടിച്ചെടുക്കാന്‍ വീണാധരിക്ക് കഴിഞ്ഞു. 'സമയത്തിനനുസരിച്ചാണല്ലോ ആഹാരം ക്രമീകരിക്കേണ്ടത്' എന്ന തുടക്കത്തോടെ അവരുടെ ചികിത്സാരീതികളെല്ലാം ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തദാതാവില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിലൂടെയും മാത്രമേ എച്ച്.ഐ.വി പകരുകയുള്ളൂ എന്ന സത്യം മനസ്സിലാക്കി അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഇവര്‍ നന്നേ കഷ്ടപ്പെട്ടു. അതിനായി പല സംഘടനാപ്രവര്‍ത്തകരെയും മുന്‍നിര്‍ത്തി പല സമ്മേളനങ്ങളിലും പങ്കെടുത്ത് ഖ്യാതി നേടി. അതുകൊണ്ട് തന്നെ നേട്ടങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് സമര്‍പ്പിക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. പ്രവര്‍ത്തനങ്ങള്‍ക്കൊന്നും വിദേശഫണ്ട് സ്വീകരിക്കാന്‍ തയ്യാറുമല്ലായിരുന്നു. പകരം ജനങ്ങള്‍ അറിഞ്ഞു നല്‍കുന്ന പണം സ്വീകരിച്ചു. 'കുളത്തിലെ വെള്ളം കുളത്തിലേക്ക് തന്നെ ഒഴുക്കി വിടുക' എന്നാണ് അവരിതിനെ വിശേഷിപ്പിച്ചത്. പ്രവര്‍ത്തനങ്ങള്‍ എച്ച്.ഐ.വി ബാധിതരുടെ മനസ്സിന് ബലവും ഉന്മേഷവും നല്‍കുന്നതില്‍ വിജയം കണ്ടെത്തുന്നു എന്നതിന്റെ തെളിവാണ് അവര്‍ക്ക് വന്നുകൊണ്ടിരിക്കുന്ന കത്തുകള്‍. കൂടാതെ അവര്‍ക്ക് ലഭിച്ച മാധ്യമങ്ങളുടെ സഹായം വിലമതിക്കാന്‍ പറ്റാത്തതായിരുന്നു. ടി.വി പ്രോഗ്രാം കണ്ട് കത്ത് എഴുതിയിരുന്നവരായിരുന്നു പലരും. വേദനിക്കുന്ന വ്യക്തിയെ ആശ്വസിപ്പിക്കാന്‍ വേദന അനുഭവിക്കുന്ന വ്യക്തിക്കാണ് കൂടുതല്‍ സാധിക്കുക എന്ന തത്വം മുഴുവനായും അര്‍ഥപൂര്‍ണമാവുകയായിരുന്നു വീണാധരിയുടെ ജീവിതത്തിലൂടെ. തന്റെ അസ്തിത്വത്തിലുറച്ച് നിന്ന് ലക്ഷ്യപ്രാപ്തിക്കായി പോരാടിയ അവര്‍ മറ്റുള്ളവര്‍ക്ക് അമ്മയും ചേച്ചിയും അനിയത്തിയുമായി മാറുകയായിരുന്നു.
എച്ച്.ഐ.വി ബാധിതര്‍ക്ക് ആശ്വാസവും ചികിത്സയും നിര്‍വഹിച്ചുകൊണ്ടുള്ള ജീവിതയാത്രക്കിടയില്‍ 2007- നവംബര്‍ ഒന്നിന് വീണാധരി താന്‍ സ്‌നേഹിക്കുന്നവരെ, തന്നെ സ്‌നേഹിക്കുന്നവരെ തനിച്ചാക്കി ഈ ലോകത്തോട് വിട പറഞ്ഞു. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് തിരശ്ശീലയിട്ട് സഹജീവികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വീണാധരിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമോ? ഇവരുടെ ആഗ്രഹസാഫല്യത്തിനായി എച്ച്.ഐ.വി ബാധിതരെ അകറ്റിനിര്‍ത്താതെ അവര്‍ക്ക് സാന്ത്വനമായി മാറാന്‍ നമുക്ക് കഴിയണം. 'എന്റെ കഥ (ഒരു എച്ച്.ഐ.വി ബാധിതയുടെ ആത്മകഥ)' എച്ച്.ഐ.വി ബാധിതര്‍ മാത്രമല്ല ബാക്കിയുള്ള ഓരോരുത്തരും തങ്ങളുടെ ജീവിതത്തില്‍ പാഠമാക്കേണ്ടതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top