വൈ ദിസ് കരിഞ്ഞ മണം, ഡീ?

കെ.വൈ.എ

പ്രേക്ഷകര്‍ക്ക് സ്വാഗതം. ഭര്‍തൃപീഡനം എന്ന വിഷയത്തെ പറ്റിയുള്ള ചര്‍ച്ചക്ക് ഇന്ന് ഫോണില്‍ നമ്മോട് ചേരുന്നത് ഈ രംഗത്തെ വിദഗ്ധരാണ്. സാമൂഹിക വിമര്‍ശകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഭാഷാപണ്ഡിതനുമായ കെ.എം പൂത്തിരിപ്പാടം, രാഷ്ട്രീയ നേതാവും പൊതുപ്രവര്‍ത്തകനുമായ ശ്രീ കണ്ണദാസന്‍, വനിതാ കമ്മീഷന്‍ അംഗം ശ്രീമതി തരുണീമണി തുടങ്ങിയവര്‍ ലൈനിലുണ്ട്. വളരെ ചൂടുള്ള ഒരു വാഗ്വാദം തീര്‍ച്ചയായും നമുക്ക് പ്രതീക്ഷിക്കാം. അതിന് മുമ്പ് ഒരു ചെറിയ ബ്രേക്ക്...

ഫെയര്‍ക്രീം തേയ്ക്കൂ, ആത്മവിശ്വാസം വര്‍ധിപ്പിക്കൂ. ഒരിക്കല്‍ തേച്ചാല്‍ ഫലമറിയാം.

ഭര്‍തൃപീഡന ചര്‍ച്ചയിലേക്ക് വീണ്ടും സ്വാഗതം. ആദ്യമായി ശ്രീ പൂത്തിരിപ്പാടം. ഭാര്യമാരുടെ യൂണിയന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയെപ്പറ്റി താങ്കളുടെ പ്രതികരണം?
ഭാര്യമാരുടെ യൂണിയന്‍ എന്നത് ശരിയല്ല. യൂനിയന്‍ ഇംഗ്ലീഷാണ്.
ഭാര്യമാരുടെ ഐക്യവേദി എന്നോ കൂട്ടായ്മ എന്നോ ആണ് പറയേണ്ടത്. പിന്നെ, ഭാര്യ എന്ന വാക്ക് തന്നെ ശരിയല്ല. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളും എന്നു പറയുന്നതു ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
അപ്പോള്‍ ഇതൊന്നും ശരിയല്ല എന്ന അഭിപ്രായത്തില്‍ താങ്കള്‍ ഉറച്ചു നില്‍ക്കുന്നു?
- അതും ശരിയല്ല. ഉറച്ചു നില്‍ക്കുക എന്നത് എന്റെ ശീലമല്ല. ഉറപ്പ് എന്ന വാക്കിന്റെ നിഷ്പത്തി...
സര്‍, സര്‍. അതിലേക്ക് പിന്നെ വരാം. ഭര്‍തൃപീഡനമെന്ന വിഷയത്തെ പറ്റി...?
ആ വിഷയം തന്നെ ശരിയല്ല. ഒന്നാമതായി ഇവിടെ ആരെ ആരാണ് പീഡിപ്പിക്കുന്നത്? ഭര്‍തൃ പീഡനമെന്ന് പറയുമ്പോള്‍ ഇര ഭര്‍ത്താവോ അതോ ഭാര്യയോ? പ്രസിദ്ധ ഇംഗ്ലീഷ് ചിന്തകനായ പ്രഫസര്‍...
- താങ്കളിലേക്ക് തിരികെയെത്താം. ചര്‍ച്ച അതിപ്രധാനമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. അതിനിടക്ക് ഒരു ബ്രേക്കിന് സമയമായിരിക്കുന്നു.

സ്ത്രീ ശാക്തീകരണത്തിന് സുകേശ് കേശവര്‍ധിനി. ആരെത്ര പിടിച്ചു വലിച്ചാലും പറിഞ്ഞു പോരാത്ത കരുത്തുറ്റ മുടിക്ക്.

ചര്‍ച്ച തുടരാം. സ്ത്രീ കണ്ണദാസന്‍. കേള്‍ക്കാമോ? ഭര്‍തൃപീഡനമെന്ന പ്രയോഗം ശരിയല്ലെന്ന വിവാദ പ്രസ്ഥാവന നടത്തിയിരിക്കുകയാണ് ശ്രീ പൂത്തിരിപ്പാടം. താങ്കളും അത് കേട്ടിരിക്കും. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?
...??
ശ്രീ കണ്ണദാസന്‍. കേള്‍ക്കാമോ? ഭര്‍തൃപീഡനം ശരിയോ തെറ്റോ എന്ന പ്രശ്‌നമാണ് ഉയര്‍ന്നിരിക്കുന്നത്. അതോ ഭാര്യാപീഡനമോ? വളരെ മര്‍മപ്രധാനവും ആഴത്തിലോടുന്നതുമായ ഈ വിഷയത്തില്‍ താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
...??
സാങ്കേതികമായ എന്തോ തകരാറുണ്ടെന്ന് തോന്നുന്നു. താങ്കളിലേക്ക് തിരിച്ചെത്താം, ശ്രീ കണ്ണദാസന്‍. അതിസങ്കീര്‍ണമായ ഒരു പ്രശ്‌നം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ശ്രീമതി തരുണീമണി, എന്ത് പറയുന്നു?
പറയാന്‍ ഒരുപാടുണ്ട്. ഈ വിഷയം ഞങ്ങളുടേതാണെന്നറിയാമല്ലോ. ഇതിലെങ്കിലും പറയാനുള്ള സമയം തരണം. ഇന്നലെ മുല്ലപ്പെരിയാറും വെള്ളപ്പയറും എന്ന വിഷയത്തില്‍ സമയം തികഞ്ഞില്ല. ശ്രീമാന്‍ പൂത്തിരിപ്പാടത്തിന് നിങ്ങള്‍ എത്ര...
ശ്രീമതി തരുണീമണി, നമ്മുടെ വിഷയം...
അതുതന്നെയാണ് പറഞ്ഞു വരുന്നത്. എന്റെ അഭിപ്രായത്തില്‍ ഭാര്യാപീഡനമാണ് കൂടുതല്‍ ശരി. എന്തുകൊണ്ടെന്നാല്‍...
നന്ദി, ശ്രീമതി തരുണീമണി. ഇവിടെ ശക്തമായ രണ്ട് വിരുദ്ധമായ വാദഗതി ഉയര്‍ന്നിരിക്കുകയാണ്. വളരെ ഗഹനമായ ഈ വിഷയം ആഴത്തില്‍ ചര്‍ച്ച തുടരും. ഒരു ബ്രേക്ക് കൂടി...

തടി കൂടുതലായോ? സ്ലിമ്മര്‍ 2012 ഉപയോഗിക്കുക. ഏറ്റവും പുതിയ മെലിച്ചില്‍ ഔഷധം. മില്ലീ ലിറ്ററിന് പത്തു രൂപ മാത്രം. നികുതികള്‍ പുറമെ.

*** *** ***
ഇത് ആപ്പ്ള്‍ എഫ്.എം വിളിച്ചാലും വിളിച്ചാലും മതിയാകില്ല. ഫോണ്‍- ഇന്‍ പരിപാടിയിലേക്ക് സ്വാഗതം.
ഹെല്ലോ ആരാ വിളിക്കുന്നത്?
...
ഹെല്ലോ. ആപ്പ്ള്‍എഫ്.എംഅന്തപ്പന്‍സ്ചപ്പാത്തീസ്ആന്റ്കറീസ്ഗുഡ്‌മോണിങ്‌ചോദിച്ചുവാങ്ങുകപരിപാടിയിലേക്ക്‌സ്വാഗതം. ഇതാരാണ്?
ഹലോ, ഇത് ഞാനാണ്. ശ്ശോ, നിയ്ക്ക് വയ്യ. ഇത് പീവിച്ചേട്ടനല്ലേ? വിളിച്ചാലും വിളിച്ചാലും കിട്ടില്ലല്ലോ ചേട്ടാ.
അതേ, പീവിച്ചേട്ടനാണ്. അന്തപ്പന്‍സ്ചപ്പാത്തീസ്ആന്റ്കറീസ്ഗുഡ്‌മോണിങ്‌ചോദിച്ചുവാങ്ങുകപരിപാടിയാണ്. ഇതാരാണെന്ന് പറയൂ.
ഹാവൂ. ചേട്ടാ, എനിക്ക് മൂക്കറ്റം സന്തോഷം വരുന്നു. ശരിക്കും. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. സന്തോഷം കൊണ്ടെനിക്ക് ഒന്നും പറയാന്‍ കിട്ടുന്നില്ല. ഇന്നലെയൊക്കെ എത്ര വിളിച്ചു നോക്കിയതാ.
ശരി,ശരി. നിങ്ങളാരാണെന്ന് പറഞ്ഞില്ല?
പറയാം. ഒന്ന് ശ്വാസം വിട്ടോട്ടെ. സന്തോഷം കൊണ്ടെനിക്ക് ശ്വാസം കിട്ട്ണില്ല. ദാ ഇപ്പോ ഫോണ്‍ ഡയല്‍ ചെയ്തതേള്ളൂ, അപ്പോളേക്കും കിട്ടി. എന്തൊരു ഭാഗ്യം! അല്ല, ഇത് പീവിച്ചേട്ടന്‍ തന്നെയല്ലേ? ആപ്പിള്‍ എഫ്.എമ്മില്‍?
അതെ, അതെ. പീവി തന്നെ അന്തപ്പന്‍സ്ചപ്പാത്തീസ്ആന്റ്കറീസ്ഗുഡ്‌മോണിങ്‌ചോദിച്ചുവാങ്ങുകപരിപാടിയാണ്. പേരെന്താണ്?
ഹൗ എന്തൊരു സ്പീഡ്! ഒറ്റശ്വാസത്തിലാ നിങ്ങള് ഇതൊക്കെ പറേന്നത്? നിയ്ക്ക് കയ്യൂലാ.
പേര്?
പറയാം. ഇടക്ക് കേറി പറയല്ലേ. ഞാന്‍ പറയാന്‍ വിചാരിച്ചത് മറന്നുപോകും. അതായത് ഒരാഴ്ചയായി ഞാനിങ്ങനെ ട്രൈ ചെയ്യണു. ഇന്ന് ഡയല്‍ ചെയ്തപ്പഴേക്കും കിട്ടി. അതാ ഇത്ര സന്തോഷം. പീവിച്ചേട്ടന്‍ തന്നെയല്ലേ? എഫ്.എമ്മിലെ?
അന്തപ്പന്‍സ്ചപ്പാത്തീസ്...
ആന്റ്കറീസ്ഗുഡ്‌മോണിങ്- അത് മനസ്സിലായി.
ചോദിച്ചുവാങ്ങുകപരിപാടിയാണ്. ഇ താ രാ ണെന്നാപറഞ്ഞത്?
പറഞ്ഞിട്ടില്ല. പറയാം. മമ്മദ്ക്ക ഇല്ലേ? ആ മുക്കിലെ പീടികയിലെ ആള്? അത് ന്റെ വകീലൊര് അമ്മാവനാണ്. മൂപ്പരെ മകളെയാണ് ആ സെയ്ദാലി കെട്ടിയത്. അറീലേ, ഇപ്പോ ദുബായിലാണ്. അട്ത്ത മാസം വെര്ണ്ണ്ടത്രേ.
പേര് പറഞ്ഞില്ല?
പറഞ്ഞല്ലോ. സെയ്ദാലി. വെല്യേ സുഖത്തിലൊന്നും അല്ലത്രേ. രണ്ട് കുട്ട്യേളാ. മൂത്തത് പെണ്ണ്. കൗലത്ത് ഓള് കോളേജീ പഠിക്ക്യാ. മെഡിസിന് എഴ്തുംന്ന്. പിന്നെള്ളത് ഒരാണ്. പത്താം ക്ലാസിലാ.
പേര് ഇപ്പോഴും പറഞ്ഞില്ല. നമുക്ക് സമയം കുറവാണ്.
സമയം എങ്ങനാണ്ടാവ്ണ്? ചപ്പാത്തീം കറീം പറയാന്‍ തന്നെ എത്ര മിന്ട്ട് വേണം! പേരല്ലേ ചോദിച്ചത്? ഓന്റെ പേര് സെയ്ദാലി. മകള്‍ കൗലത്ത്. മകന്‍ ഹാരിസ്. പീവിച്ചേട്ടാ നിങ്ങള്‍ക്ക് സുഖം തന്നല്ലേ? നിങ്ങള് ചായകുടിച്ചോ? വീട്ടിലെ എല്ലാരോടും അന്വേഷണം പറയണം.
ശരി. ആരുടെ അന്വേഷണമെന്നാ പറയേണ്ടത്?
ന്റേത് തന്നെ. എനിക്കൊരു പാട്ട് വേണം.
ആദ്യം പേര് പറയൂ.
വൈദിസ് കൊലവെറി ഡീ. ഹാവൂ എന്റെ ഒരു ഭാഗ്യം. ഇന്ന് വിളിച്ചപ്പളേക്കും കിട്ടി. ഡെഡിക്കേഷനുണ്ട് കേട്ടോ. എന്റെ കുടുംബത്തിലെ എല്ലാര്‍ക്കും, പിന്നെ ഈ അടുക്കളേലെ പൂച്ചക്കും, പിന്നെ... അയ്യയ്യോ അടുപ്പത്ത് വെച്ച ചപ്പാത്തീസ് ആന്റ് കറീസ്. ഡെഡിക്കേഷനായി.
വിളിച്ചതില്‍ സന്തോഷം. ആപ്പിള്‍എഫ്.എം അന്തപ്പന്‍സ്ചപ്പാത്തീസ് ആന്റ്കറീസ്ഗുഡ്‌മോണിങ്‌ ചോദിച്ചുവാങ്ങുക പരിപാടിയില്‍ കേള്‍ക്കുക വൈദിസ് കൊലവെറി ഡീ. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top