ചില വനിതാദിന ചിന്തകള്‍

2013 മാര്‍ച്ച്

മാറിയ ലോകത്ത് ഒരുപാടൊരുപാട് സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പങ്കാളികളാകാനും സ്ത്രീകള്‍ക്കായിട്ടുണ്ട്. സ്ത്രീയുടെ രക്ഷാകര്‍തൃത്വത്തിലും മേല്‍നോട്ടത്തിലും ജനകീയ മുന്നേറ്റങ്ങള്‍ നയിക്കാനും അത് വിജയത്തിലെത്തിക്കാനും കഴിഞ്ഞതിന് ലോകം സാക്ഷിയായി. സാമൂഹിക പങ്കാളിത്തവും അവസര സമത്വവും വിവിധ മേഖലകളില്‍ കൈവരിക്കാന്‍ കഴിഞ്ഞത് സ്ത്രീത്വത്തിന്റെ മാറ്റ് കൂട്ടുന്നത് തന്നെയാണ്. ലോകമെമ്പാടുമുള്ള സ്ത്രീ ജീവിതത്തിന്റെ അവകാശപ്പോരാട്ടത്തിന്റെ ഓര്‍മപ്പെരുന്നാള്‍ ദിനമായാണ് മാര്‍ച്ച് എട്ട് വനിതാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ ചുവടുപിടിച്ചുകൊണ്ട് സ്ത്രീജീവിതത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നമ്മുടെ നാട്ടിലടക്കം പല നിയമങ്ങളും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസമാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും തങ്ങളുടെ അനുഭവങ്ങളും ചിന്തകളും പങ്കുവെക്കാനുമായി ആംനസ്റ്റി ഇന്റര്‍ നാഷനല്‍ ഒരു ഏകീകൃത നമ്പര്‍ തയ്യാറാക്കിയത്. 'നൂറുകോടി ഉണരുന്നു' (വണ്‍ ബില്ല്യന്‍ റൈസിംഗ്) എന്ന പേരില്‍ 197 രാജ്യങ്ങളില്‍ നടത്തിയ കാമ്പയിനിന്റെ ഭാഗമായാണ് നമ്പര്‍ നിലവില്‍ വന്നത്. ഇതുവഴി, സ്ത്രീകള്‍ക്ക് തങ്ങളെ അവഗണിക്കുന്ന ലോകത്തോടുള്ള പ്രതികരണവും പുരുഷന്മാര്‍ക്ക് സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കാമെന്ന് ആംനസ്റ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീ സംഘടനകള്‍, കലാ-സാംസ്‌കാരിക-അസംഘടിത മേഖല തുടങ്ങിയ ഇടങ്ങളിലുള്ളവരെയെല്ലാം ഒരുമിപ്പിച്ച് ബോധവല്‍ക്കരണം നടത്തിയാണ് ആംനസ്റ്റി പരിപാടി സംഘടിപ്പിച്ചത്. 092437-23939 എന്ന നമ്പര്‍ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും ഡയല്‍ ചെയ്യാന്‍ പറ്റുന്നതാണ്. അന്നേ ദിവസം തങ്ങളുടെ ശരീരം വില്‍പനവസ്തുവല്ലെന്നും നിരത്തുകള്‍ ഞങ്ങള്‍ക്കുകൂടിയുള്ളതാണെന്നും പ്രഖ്യാപിച്ച് കേരളമടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നൂറുകണക്കിന് സ്ത്രീകളും അവരോട് അനുഭാവം പ്രകടിപ്പിക്കുന്ന പുരുഷന്മാരും കൈകോര്‍ത്തു.
ഓരോ വനിതാദിന ആഘോഷവേളയിലും സ്ത്രീയുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഓരോ നിയമം ചുട്ടെടുക്കേണ്ട ഗതികേടിലാണ് അധികാരികള്‍. ഈ വര്‍ഷവും ഒരു നിയമം പാര്‍ലമെന്റിലും കേരള അസംബ്ലിയിലും പാസാക്കേണ്ടി വന്നത് ഡല്‍ഹി സംഭവത്തെ തുടര്‍ന്നാണെന്ന് എല്ലാവര്‍ക്കും അറിയാം. വനിതാദിനത്തിന്റെ ജന്മദിനങ്ങള്‍ ഓരോ വര്‍ഷവും ആഘോഷിക്കുമ്പോഴും സ്ത്രീത്വത്തിന് നേരെയുള്ള കയേറ്റങ്ങളെ ചെറുക്കാനായി തെരുവില്‍ അലമുറയിടേണ്ടിവരുന്നത് നമ്മുടെ സാമൂഹികക്രമത്തിന്റെ അപചയമാണ് വിളിച്ചോതുന്നത്. മാനഹാനി ഭയക്കാതെ സ്‌ത്രൈണതയുടെ എല്ലാ ഭാവങ്ങളെയും ഉള്‍ക്കൊണ്ട് സ്ത്രീക്ക് സാമൂഹിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നെങ്കില്‍ മാത്രമേ ഇത്തരം ദിനങ്ങള്‍ ആഘോഷിക്കുന്നതിന് പ്രസക്തിയുള്ളൂ. സ്ത്രീപീഡകര്‍ക്ക് സംരക്ഷണ വലയം ഒരുക്കാനുള്ള നീതി നടത്തിപ്പുകാരുടെ ജാഗ്രതയുടെ ഫലമായി ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളൊക്കെ തന്റെ മാനത്തിന് വില പറഞ്ഞവര്‍ക്കെതിരില്‍ നീതി കിട്ടാനായി പരക്കം പായുന്നതിനിടയിലാണ് നാം വനിതാ ദിനങ്ങളൊക്കെ ആഘോഷിക്കുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ സ്ത്രീചിഹ്നങ്ങള്‍ ശരീരത്തിലുള്ളവരും അവരുടെ രക്ഷിതാക്കളും വിഹ്വലരായി ജീവിക്കുമ്പോള്‍ ഇനിയുമൊരു വനിതാദിനാഘോഷത്തിന്റെ വരവ് ചിന്തോദ്ദീപകം തന്നെ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media