പഠനം എളുപ്പമാകണമെങ്കില്‍

ജിജി നിലമ്പൂര്‍ No image

ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ കാലം എങ്ങനെ ചെലവഴിക്കുന്നു എന്നത് ഒരാളുടെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഒരേ ക്ലാസില്‍ ഒരേ ബെഞ്ചില്‍, ഒരേ അധ്യാപകന്റെ കീഴില്‍ പഠിച്ചിട്ടും അതേ ക്ലാസില്‍ നിന്നും പുറത്തുവരുന്ന കുട്ടികള്‍ എത്രയോ വ്യത്യസ്തമായ ലോകത്തിലാണ് ജീവിക്കുന്നത്. കുറേകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എനിക്കും നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാമായിരുന്നു എന്ന നിശബ്ദമായ സങ്കടം ഉള്ളില്‍ കൊണ്ടു നടക്കുന്നവരാണ് മുതിര്‍ന്നവരില്‍ ഒട്ടുമുക്കാലും. അവസരങ്ങളുടെ കുറവല്ല, അവസരങ്ങളും സമയവും വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതില്‍ വന്ന പാളിച്ചകളാണ് പലരുടെയും ജീവിത പരാജയത്തിനു പിന്നില്‍. പഠനത്തിലോ ജോലിയിലോ മികവു പുലര്‍ത്തുന്ന എല്ലാവരും ഒരുപോലെ പറയുന്ന ഒരു കാര്യമുണ്ട്, അവരുടെ ചിട്ടയായ ജീവിത ശൈലി. ദിവസം 24 മണിക്കൂര്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നുണ്ട.് അതിലെ ഓരോ നിമിഷവും അല്‍പം കൂടെ ശ്രദ്ധയോടെ ചെലവഴിച്ചാല്‍ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒരാള്‍ക്ക് കഴിയും.
എട്ടു മണിക്കൂര്‍ വീതം മൂന്നായി തിരിക്കാവുന്നതാണ് ഒരു വിദ്യാര്‍ഥിയുടെ സമയം. അതില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയുള്ള സമയം നിശ്ചിത സമയമാണ്. ബാക്കി എട്ടു മണിക്കൂര്‍ വിശ്രമത്തിനും കളിക്കും ബന്ധങ്ങള്‍ക്കുമായി ഉണ്ട്.
വിദ്യാലയത്തിലെ സമയക്രമം ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും പാലിച്ചേ പറ്റൂ. ആ എട്ടുമണിക്കൂറില്‍ ക്ലാസില്‍ എത്രമാത്രം ശ്രദ്ധയോടെ ഇരിക്കുന്നു എന്നതാണു പ്രധാനം.
ഉറക്കവും പഠനവും
ഇന്നത്തെ കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ കുട്ടികളായിരുന്നപ്പോള്‍ ഉറങ്ങിയിരുന്ന അത്ര സമയം ഉറങ്ങുന്നില്ല. ഓരോരുത്തരുടേയും ആവശ്യത്തിനനുസരിച്ചാണ് ഉറങ്ങേണ്ടത്. ഒരു മുതിര്‍ന്ന വ്യക്തിക്ക് ശരാശരി ഏഴു മണിക്കൂര്‍ (5-7 മണിക്കൂര്‍) ഉറക്കം ആവശ്യമാണ്. കുട്ടികള്‍ക്ക് മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ സമയം ഉറങ്ങേണ്ടതുണ്ട്. പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ ശരാശരി ഉറക്കം ഒമ്പത് മണിക്കൂറും. പത്തു വയസ്സുള്ള കുട്ടിയുടെ ശരാശരി ഉറക്കം പത്ത് മണിക്കൂറും. അഞ്ചു വയസ്സുള്ള കുട്ടിയുടെ ശരാശരി ഉറക്കം പതിനൊന്ന് മണിക്കൂറുംആണ്. കുട്ടികള്‍ക്ക് ആവശ്യത്തിന് ഉറങ്ങാന്‍ പറ്റുന്നില്ലെന്ന കാര്യം വളരെ സ്പഷ്ടമാണ്. അതുകൊണ്ടാണ് കുട്ടി രാവിലെ തനിയെ ഉണര്‍ന്നെഴുന്നേല്‍ക്കാത്തത്. കുട്ടിയെ നിര്‍ബന്ധിച്ചു വിളിച്ചുണര്‍ത്തുകയാണ്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിന്റെ കാരണവും അതു തന്നെ.
ഉറക്കം ശരീരത്തിന് ആവശ്യമാണ്, സമയം കളയലല്ല എന്നോര്‍മിക്കുക. ആവശ്യത്തിന് ഉറങ്ങുന്ന കുട്ടികള്‍ക്കേ നന്നായി ശ്രദ്ധിക്കാന്‍ കഴിയൂ. പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാനും കഴിയുന്നു. ക്ലാസില്‍ നന്നായി ശ്രദ്ധിക്കാന്‍ പറ്റുന്നതുകൊണ്ട് അതിലൂടെ പഠനം പകുതി പൂര്‍ത്തിയാകും. പുസ്തകം മുന്നില്‍വെച്ച് ദിവാസ്വപ്നം കാണുന്ന സ്വഭാവവും നന്നായി ഉറങ്ങുന്ന കുട്ടികള്‍ക്കുണ്ടാവില്ല. ഓര്‍മശക്തി ഉറക്കത്തിലൂടെയാണ് ദൃഢപ്പെടുന്നത്. അതിനാല്‍ നന്നായി ഉറങ്ങാത്ത കുട്ടികള്‍ക്ക് പഠിച്ചതൊന്നും അടുത്ത വര്‍ഷത്തേക്ക് ഓര്‍മയില്‍ നില്‍ക്കില്ല.
കൂടുതല്‍ സമയം പഠിക്കാന്‍ വേണ്ടി ഉറക്കമിളക്കുക എന്നതാണ് നമ്മള്‍ ചെയ്യുന്ന വലിയ അബദ്ധം. ഉറക്കമിളച്ചു പഠിക്കുന്നത് ഒരിക്കലും പഠനത്തില്‍ മികവുപുലര്‍ത്താന്‍ സഹായിക്കില്ല. മറ്റു പലതരത്തിലുള്ള ക്രമക്കേടുകള്‍ക്കും അതു കാരണമാകും. അധ്യാപകര്‍ പോലും കുട്ടികളെ ഉറക്കമിളച്ചിരുന്ന് പഠിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് സങ്കടകരം. ഒരു കുട്ടിയെ ഓര്‍ക്കുന്നു. വളരെ നന്നായി പഠിക്കുന്ന കുട്ടി. പത്താം ക്ലാസിലെത്തിയപ്പോള്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങാന്‍ ടീച്ചര്‍ പറഞ്ഞു കൊടുത്ത മാര്‍ഗമായിരുന്നു ഉറക്കമിളച്ചു പഠിക്കുക എന്നത്. നാലു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയെന്നായിരുന്നു ആ അധ്യാപികയുടെ നിര്‍ദേശം. കുട്ടി അതനുസരിച്ചു. പതുക്കെ പതുക്കെ കുട്ടിയുടെ പഠന നിലവാരം കുറയാന്‍ തുടങ്ങി. മാത്രമല്ല കുട്ടിയുടെ സ്വഭാവത്തിലും ചില പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഉറക്കസമയം വെട്ടിക്കുറച്ചതാണ് ഈ പ്രശ്‌നത്തിന് കാരണമെന്നു തോന്നി. അതോടെ കുട്ടിക്കു കണ്‍ഫ്യൂഷനായി. ടീച്ചര്‍ പറയുന്നു നാലു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയെന്ന്. ഡോക്ടര്‍ പറയുന്നു എട്ടുമണിക്കൂര്‍ ഉറങ്ങണമെന്ന് ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ കുട്ടിയെ നിര്‍ബന്ധിച്ചു. സാവധാനം അവളുടെ പ്രശ്‌നങ്ങളും കുറഞ്ഞു. സാമാന്യം നല്ല മാര്‍ക്കും വാങ്ങി ക്കൂട്ടി പരീഷ പാസാവുകയും ചെയ്തു.
ഉറക്കമൊഴിക്കുന്നത് കുട്ടികളുടെ ഓര്‍മശക്തി വല്ലാതെ കുറക്കുന്നുണ്ട്. പരീക്ഷക്കുവേണ്ടി കൂടുതല്‍ സമയം ഉറക്കമൊഴിക്കുന്ന കുട്ടിക്ക് പിറ്റേ ദിവസം ഒന്നും ഓര്‍മിക്കാന്‍ കഴിയാതെ വരുന്നു. നന്നായൊന്ന് ഉറങ്ങിയെഴുന്നേറ്റാല്‍ എല്ലാം കൃത്യമായി ഓര്‍മവരികയും ചെയ്യും. പരീക്ഷ കഴിഞ്ഞിട്ട് അങ്ങനെ ഓര്‍ത്തതുകൊണ്ടെന്ത് ഫലം? ഒരു ദിവസം ഉറക്ക മൊഴിച്ചാ ല്‍ അതിന്റെ ക്ഷീണം തീര്‍ന്ന് സാധാരണ നിലയിലെത്താന്‍ രണ്ടു ദിവസമെങ്കിലും എടുക്കുന്നു. ആ രണ്ടു ദിവസവും നമുക്കൊരു ഉന്മേഷവും ചുറുചുറുക്കും അനുഭവപ്പെടുന്നില്ല. ഉറക്കമിളച്ചിരുന്ന് പഠിക്കുന്നത് ഏകാഗ്രതയും ഇല്ലാതാകും. അപ്പോള്‍ ഒരു മണിക്കൂര്‍കൊണ്ട് പഠിച്ചെടുക്കാവുന്ന കാര്യങ്ങള്‍ക്ക് നാലുമണിക്കൂറെങ്കിലും ആവശ്യമായി വരുന്നു. വായിച്ചു എന്നൊരു സംതൃപ്തിയല്ലാതെ മറ്റൊരു പ്രയോജനവും അതുകൊണ്ട് ലഭിക്കുന്നില്ല. നല്ല ഉന്മേഷത്തോടെ ഇരിക്കുമ്പോള്‍ വളരെ കുറച്ചു സമയത്തിനുള്ളില്‍ പഠിക്കാന്‍ കഴിയുന്നു. എന്നു മാത്രമല്ല പഠിച്ചു ദീര്‍ഘനാള്‍ ഓര്‍ത്തിരിക്കാനും കഴിയുന്നു. അതുകൊണ്ട് പഠനം മെച്ചപ്പെടുത്തണമെന്നാഗ്രഹിക്കുന്നവര്‍ ആദ്യമേ ചെയ്യേണ്ട കാര്യം ആവശ്യത്തിനുറങ്ങുക എന്നതു തന്നെയാണ്.
മാതാപിതാക്കള്‍ തന്നെ കുട്ടികളെ ആവശ്യത്തിനുറങ്ങാന്‍ സമ്മതിക്കാത്ത സന്ദര്‍ഭങ്ങളുമുണ്ട്. കുട്ടികളുടെ നന്മ ഉദ്ദേശിച്ചാണ് അവരങ്ങനെ ചെയ്യുന്നതെങ്കിലും ഗുണത്തേക്കാളേറെ ദോഷമാണു അതു വരുത്തിവെയ്ക്കുക.
ഉറക്ക സമയം കഴിഞ്ഞാല്‍ വിനോദത്തിനും ബന്ധങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ഇനി എട്ടുമണിക്കൂറുണ്ട്. ഈ എട്ടുമണിക്കൂറും വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക. ചെറിയ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ഉപയോഗിച്ച് വളരെയേറെ സമയം പാഴാക്കുന്നവരാണധികവും. രാവിലെ തന്നെ മൂന്ന് മണിക്കൂര്‍ സമയമുണ്ട്. ആറുമണിക്കെഴുന്നേറ്റാല്‍ പിന്നെ ഒരു പത്തു മിനുട്ട് കൂടി കട്ടിലില്‍ തന്നെ മടിപിടിച്ചിരുന്ന് പിന്നെ പതിനഞ്ച് മിനുട്ട് ബ്രഷ് ചെയ്ത് അങ്ങനെ അനങ്ങി അനങ്ങി ഓരോന്നും ചെയ്താല്‍ ഒന്നിനും സമയമുണ്ടാകില്ല. അതുകൊണ്ട് ഉത്സാഹത്തോടെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ വേഗം ചെയ്തു പഠിക്കാനിരിക്കുക. വൈകുന്നേരവും അങ്ങനെ തന്നെ. അനാവശ്യമായി സമയം ഒന്നിനും കളയരുത്. സമയം നമുക്ക് വേണ്ടി കാത്തു നില്‍ക്കുന്നില്ലല്ലോ. ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വണ്ണം എന്നന്നേക്കുമായിട്ടാണ് ഓരോ നിമിഷവും കടന്നു പോകുന്നതെന്നോര്‍ക്കുക.
സമയം നഷ്ടപ്പെടുത്തുന്ന ഒരു വിനോദോപാധിയാണ് ടി.വി. പരമാവധി ഒരു മണിക്കൂര്‍ ടി.വി കണ്ടാല്‍ മതി. ആ ഒരു മണിക്കൂര്‍ വിജ്ഞാനപ്രദമോ വിനോദം നല്‍കുന്നതോ ആയ പരിപാടികള്‍ കാണുക. അല്ലാതെ വെറുതെ ടി.വി ഓണാക്കി അതിന്റെ മുമ്പിലിരിക്കരുത്. ഒരു മണിക്കൂറിലധികം ടി.വിക്കു മുമ്പിലിരുന്നാല്‍ രണ്ടു പ്രശ്‌നങ്ങളാണ്. ആദ്യത്തേത് വീട്ടുകാരോടുള്ള ബന്ധം കുറയുന്നു. രണ്ടാമത്തേത് ഉറക്കവും ഓര്‍മ ശക്തിയും കുറയുന്നു.
ടി.വി കാണാതിരിക്കേണ്ട ആവശ്യമില്ല. സമയ നിഷ്‌കര്‍ഷ പാലിക്കുക എന്നേ അര്‍ഥമാകുന്നുള്ളൂ. ഉദാഹരണത്തിന് സ്‌കൂളില്‍ നിന്നും കഴിഞ്ഞാല്‍ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ടു പരിപാടികള്‍ രണ്ടു സമയത്തായി കാണാം. അവധി ദിനങ്ങളില്‍ വേണമെങ്കില്‍ അല്‍പസമയം കൂടിയാവാം.
ട്യൂഷന്‍ അത്ര ആവശ്യമായ കാര്യമല്ലെന്നോര്‍ക്കുക. മിക്ക മാതാപിതാക്കളും കുട്ടി ഗൃഹപാഠം കൃത്യമായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ മാത്രമാണ് ട്യൂഷനു വിടുന്നത്. മാതാപിതാക്കളുടെ ചെറിയൊരു മേല്‍നോട്ടത്തില്‍ സ്വയം പഠിക്കുവാന്‍ പരിശീലിക്കുകയാണെങ്കില്‍ ട്യൂഷനു പോയാല്‍ പഠിക്കുന്നതിന്റെ ഇരട്ടി വേഗത്തില്‍ ഒരുപക്ഷേ പഠിക്കാന്‍ കഴിഞ്ഞേക്കും.
കുറച്ച് ദിവസത്തേക്ക് നിങ്ങള്‍ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് ഒരു അവലോകനം നടത്തുക. പ്രഭാതകൃത്യങ്ങള്‍ എത്ര സമയം ചെലവഴിക്കുന്നു, രാവിലത്തെ പഠനം, ഭക്ഷണം, സ്‌കൂളില്‍ പോകുന്ന സമയം, തിരിച്ചു വരുന്ന സമയം, ടി.വി കാണുന്ന സമയം ഇങ്ങനെ ഈ അവലോകനം പാഴാക്കുന്ന സമയത്തെക്കുറിച്ച് ഒരേകദേശ രൂപം ലഭിക്കാന്‍ സഹായിക്കും.
രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കണം എന്ന് അമ്മയെ ഏര്‍പ്പാടാക്കിയിട്ട് എഴുന്നേറ്റ് കഴിഞ്ഞ് ബ്രഷും പിടിച്ച് ഒരു മണിക്കൂര്‍ ഇരുന്നാല്‍ എന്തു ചെയ്യും. സ്‌കൂള്‍ ബസ്സുള്ളതിനാല്‍ കുട്ടികള്‍ ആ സൗകര്യം ഉപയോഗപ്പെടുത്തുന്നു. പക്ഷേ പലപ്പോഴും ലൈന്‍ ബസ്സിനെക്കാള്‍ കൂടുതല്‍ സമയമെടുക്കും സ്‌കൂള്‍ ബസ്സിലുള്ള യാത്ര. ഇത് കുട്ടികളെ കൂടുതല്‍ ക്ഷീണിതരാക്കുന്നു. അത് പഠനത്തെയും ബാധിക്കാനിടയുണ്ട്.
പരീക്ഷക്കൊരുക്കാം
എന്റെ കുട്ടി പഠിച്ച് മിടുക്കനാവണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. ഇങ്ങനെയുള്ള അമിതമായ ഉത്കണ്ഠ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നുമുണ്ട്. ചില മാതാപിതാക്കള്‍ കുട്ടികളെ സ്വയം ഒന്നും ചെയ്യാനനുവദിക്കാതെ മുഴുവന്‍ സമയം കൂടെയിരുന്ന് പഠിപ്പിച്ച് ഓരോ മിനുട്ടിലും നിര്‍ദേശങ്ങള്‍ നല്‍കി മക്കളുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു. ഇത് അവരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് സാധ്യത. ജീവിതത്തിന്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ തനിയെ കാര്യങ്ങള്‍ ചെയ്യാന്‍ ശീലിപ്പിക്കണം. പരീക്ഷാ സമയത്ത് മിക്ക കുട്ടികളും പിരിമുറുക്കത്തിലായിരിക്കും. കൂട്ടത്തില്‍ മാതാപിതാക്കളുടെ ടെന്‍ഷന്‍ കുട്ടികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top