രാജ്യസ്‌നേഹത്തിന്റെ നിറവില്‍

ഫൗസിയ ഷംസ്‌ No image

നബീസ ഉമ്മക്ക് ഇപ്പോള്‍ എഴുപത്തിയൊന്ന് കഴിഞ്ഞു. എന്നാല്‍ സപ്തതിയായെങ്കിലും വാക്കിലും പെരുമാറ്റത്തിലും യുവത്വത്തിന്റെ ചുറുചുറുക്കാണ്. ഉമ്മയുടെ ഓരോ വാക്കിലും അഭിമാന ബോധത്തിന്റെ ചൂരുണ്ട്. കൊല്ലംതോറും സ്വാതന്ത്ര്യദിനങ്ങളും റിപ്പബ്ലിക് ദിന ങ്ങളും കടന്നുപോകുമ്പോള്‍ രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തവര്‍ക്ക് മെഡലുകളും അഭിനന്ദ നങ്ങളും ലഭിക്കുമ്പോള്‍ നബീസുമ്മക്കുമുണ്ട് രാജ്യസ് നേഹം ജീവിത മന്ത്രമാക്കിയ കഥകള്‍ പറയാന്‍. രാജ്യത്തിന്റെ ഖജനാവിലേക്ക് തന്റെ കഴുത്തിലെ മാല ഊരിക്കൊടുത്തതിന്റെ സന്തോഷമുള്ള ഓര്‍മകള്‍ അവ ര്‍ക്കിന്നും കൂട്ടിനുണ്ട്. അവരുടെ കൈയിലുമുണ്ട് രാജ്യസ്‌നേഹത്തിന്റെ മുദ്രകള്‍ പേറുന്ന ഒരു സര്‍ട്ടിഫിക്കറ്റ്.
നബീസുമ്മയുടെ ഓര്‍മകള്‍ പിന്നോട്ട് തിരിഞ്ഞു. ഇന്ത്യാ പാക് യുദ്ധം നടക്കുന്ന സമ യം. അതിര്‍ത്തികളില്‍ നാടിന്റെ അഭിമാനം കാക്കാന്‍ പട്ടാളം നിരന്നിരിക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നാടിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് സഹാ യം അഭ്യര്‍ഥിച്ചു. യുദ്ധഫണ്ടിലേക്ക് കൈയയച്ചു സംഭാവനകള്‍ നല്‍കാന്‍ അധികാരികള്‍ നാടിന്റെ നാനാഭാ ഗത്തും ആളെ അയച്ചു. അന്ന ത്തെ ജില്ലാ കലക്ടറുടെ നേതൃ ത്വത്തിലുള്ള സംഘം പള്ളിക്കരയിലെ വീടുകളിലും എത്തി. കണ്ണൂര്‍ ജില്ലയിലെ പള്ളിക്കര ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദലിയുടെ ഭാര്യ നബീസുമ്മയുടെ അടുത്തും ഇവരെത്തി. വന്ന കലക്ടറുടെ പേരൊന്നും ഇവര്‍ക്ക് ഓര്‍മയില്ല. കാര്യം അറിയിച്ചപ്പോള്‍ രാജ്യസ്‌നേഹിയായ ഇവര്‍ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആരോടും സമ്മതം ചോദിക്കാനും അവര്‍ കാത്തിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിലായ മാതൃരാജ്യത്തെ രക്ഷിക്കാന്‍ തന്റെ കഴുത്തില്‍ കിടക്കുന്ന രണ്ടര പവന്റെ സ്വര്‍ണ മാല ഊരി അവര്‍ വന്നവരുടെ കൈയിലേക്ക് കൊടുത്തു. അത് സ്വീകരിച്ച് അധികാരികള്‍ റസീറ്റ് നല്‍കിയെങ്കിലും രാജ്യത്തിന്റെ ഖജനാവിലേക്ക് തന്റെ ഒരോഹരി നല്‍കിയതിന്റെ അഭിമാനം തുടിക്കുന്ന മനസ്സുള്ള നബീസുമ്മ അത് വാങ്ങാന്‍ കൂട്ടാക്കിയില്ല.
അന്ന് ഇരുപത്തിനാല് വയസ്സുള്ള യുവതിയായിരുന്നു നബീസുമ്മ. അന്ന ത്തെ കാലത്തെക്കുറിച്ച് ഓര്‍മിച്ചെടുക്കാന്‍ അവര്‍ക്കൊട്ടും പ്രയാസമില്ല. ''അന്ന് ഞാന്‍ പെരുത്ത് സന്തോഷത്തില്‍ നില്‍ക്കുന്ന സമയായിരുന്നു. അപ്പോഴാണ് സര്‍ക്കാറിന്റെ ആളുകള്‍ സഹായോം ചോദിച്ച് വന്നത്. എന്റെ മോളെ പോ ലെയാ എനിക്കെന്റെ മാതൃരാജ്യം.'' നബീസുമ്മാക്ക് അഞ്ച് മക്കളാണ്. രണ്ട് പെണ്ണും മൂന്ന് ആണും. അതില്‍ ഒരു മോള്‍ ഒന്‍പതാം വയസ്സില്‍ മരിച്ചതിന്റെ ആറാം നാളായിരുന്നു അവരീ വീര കൃത്യം ചെയ്തത്. ഏതുമ്മാക്കും മക്കളുടെ വേര്‍പാട് താങ്ങാനാവില്ല. മകള്‍ മരിച്ച നബീസുമ്മാക്കും അതങ്ങനെ തന്നെ. മകള്‍ വിട്ടുപോയ താങ്ങാനാവാത്ത സങ്കടത്തെ, അവള്‍ തന്റെ നാളേക്കുള്ള മുതല്‍ക്കൂട്ടാകുമെന്ന് കരുതി സന്തോഷ മെന്നാണവര്‍ വിശേഷിപ്പിച്ചത്. മകളുടെ വേര്‍പാടിന്റെ വേദനയെ രാജ്യത്തിനു തന്നാലാവുന്ന ദാനം നല്‍കി മറക്കാന്‍ ശ്രമിച്ചു അവര്‍. ഇതോര്‍ക്കുമ്പോഴാണ് നബീസുമ്മായുടെ രാജ്യസ്‌നേഹത്തിന്റെ ആഴം മനസ്സിലാവുക. മാതൃരാജ്യം മകളെപ്പോലെയാണ്. ആ ആഭരണം മകള്‍ക്ക് നല്‍കിയതായി കരുതിയതുകൊണ്ടാണ് രശീതി സ്വീകരിക്കാതിരുന്നതെന്ന് അവര്‍ പറയുന്നു.
ഒരു മാസത്തിനു ശേഷം സ്വര്‍ണാഭരണം സ്വീകരിച്ചതായും നിശ്ചിത കാലാവധിക്കു ശേഷം പലിശയോടെ തിരിച്ചു നല്‍കാമെന്നും പറഞ്ഞ് പ്രതിരോധ വകുപ്പില്‍ നിന്നും അറിയിപ്പ് കിട്ടി. 1965-ല്‍ തന്നെ തിരിച്ചു വാങ്ങണമെന്നായിരുന്നു പ്രതിരോധ വകുപ്പിന്റെ യുദ്ധഫണ്ടില്‍ നിന്നുള്ള അറിയിപ്പ്. ആഭരണത്തിന്റെ ഫോട്ടോയും അറിയിപ്പിന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് നബീസുമ്മ കാര്യങ്ങളൊക്കെ മറന്നു. ഒമ്പത് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോള്‍ മക്കള്‍ കടലാസുകള്‍ എടുത്തുനോക്കിയപ്പോള്‍ ആ കൂട്ടത്തില്‍ ഈ രേഖ കണ്ടിരുന്നുവെങ്കിലും സ്വാതന്ത്ര സമരസേനാനിയായിരുന്ന കൗമുദി ടീച്ചറുടെ മരണ വാര്‍ത്തയും അവര്‍ ഗാന്ധിജിക്ക് സ്വര്‍ണാഭരണം നല്‍കിയ കഥയും പത്രങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് അന്ന് യുദ്ധഫ ണ്ടിലേക്ക് സ്വര്‍ണാഭരണം നല്‍കിയ കാര്യം ഓര്‍മ വന്നത്.
അടുത്തുള്ള ട്രഷറി ഓഫീസറായിരുന്ന എം.പി. കൃഷ്ണനോട് കാര്യങ്ങള്‍ പറഞ്ഞു. നബീസുമ്മയുടെ കൈയിലുള്ള സര്‍ട്ടിഫി ക്കറ്റുകള്‍ അദ്ദേഹം കേരള ഗവണ്‍മെന്റിലേക്ക് അയച്ചു. അവിടെ നിന്നും റിസര്‍വ് ബാങ്കിലേക്കും. രേഖകള്‍ കണ്ട അധികൃതര്‍ ആഭരണം തിരിച്ചു വാങ്ങണമെന്നും നബീ സുമ്മയെ അറിയിച്ചു. അതു രാജ്യത്തിനു നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. പക്ഷേ, ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ അത് സ്വീകരിക്കാന്‍ സാധിക്കില്ല എന്നാണ് അധികൃതര്‍ നബീസുമ്മയെ അറിയിച്ചത്. ആ അറിയിപ്പ് അവരെ ഏറെ വേദനിപ്പിക്കുന്നു. നാല്‍പത്തഞ്ചു കൊല്ലം മുമ്പ് മാതൃരാജ്യത്തിനു വേണ്ടി മനസ്സറിഞ്ഞ് നല്‍കിയ സംഭാവന തിരിച്ചു വാങ്ങുന്നത് നബീസുമ്മക്ക് ആലോചിക്കാനാവുന്നില്ല. അത് നല്‍കുമ്പോഴേ തന്റെ വക രാജ്യത്തെ സേവിക്കാന്‍ നല്‍കിയ പണമാണതെന്നും അത് താനിനി തിരിച്ചു വാങ്ങില്ലെന്നും നബീസുമ്മ മനസ്സിലുറപ്പിച്ചിരുന്നു.
മാതൃരാജ്യത്തെ സേവിക്കാനായി മുന്നോട്ട് വന്നപ്പോഴില്ലാത്ത സാങ്കേതിക പ്രശ്‌നം അധികാരികള്‍ ഇപ്പോഴുണ്ടാ ക്കുന്നതിലെ വിഷമം അവര്‍ക്കേറെയുണ്ട്. അതിനാലവര്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരെ സമീപിച്ചു. സുധാകരന്‍ എം.പി മുഖേനയും എ.പി. അബ്ദുല്ലക്കുട്ടി എം.പി വഴിയും പ്രതിരോധ മന്ത്രിയായ ആന്റണിയുടെ മുന്നിലും വിഷയം എത്തിച്ചു. അങ്ങനെ 2010 ജനുവരി 10-ന് ആന്റണിയില്‍ നിന്നും പ്രതിരോധ സേനയിലേക്ക് അയക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള അറിയിപ്പ് കിട്ടി. അതിലാണവര്‍ക്ക് പ്രതീക്ഷ. 'എല്ലാവര്‍ക്കും ഇതൊരു മാതൃകയാകുമെന്നാണ്' അവരുടെ വിശ്വാസം. ''നമ്മള്‍ ഇങ്ങനെയൊക്കെ ചെയ്താലല്ലേ അധികാരികളോട് നമ്മള്‍ക്കെ ന്തെങ്കിലും ആവശ്യമുണ്ടായാല്‍ ചോദിക്കാ നാവൂ'' എന്നാണവര്‍ പറയുന്നത്.
തന്റെ മാല മാത്രമല്ല, അന്നത്തെ മുഖ്യമന്ത്രിയായ അച്യുതമേനോനും ഇതേ ആവശ്യാര്‍ഥം ഭര്‍ത്താവിനെക്കൊണ്ട് 1000 രൂപ കൊടുപ്പിച്ചിരുന്നു. 50 രൂപയായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ 100 രൂപ സ്വീകരിച്ചു ബാക്കി മടക്കി നല്‍കിയ കാര്യവും പലിശയും പലിശയുടെ മേല്‍ പലിശയുമായി ആ പണം പെരുകിയെങ്കിലും സ്വീകരിച്ചില്ലെന്നും മകന്‍ അബ്ദുന്നാസര്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മയുടെ സാമൂഹ്യ സേവനത്തിന്റെ കഥകള്‍ അദ്ദേഹത്തിന് പറയാനുണ്ട്. നിര്‍ധനരായ അഞ്ച് പെണ്‍മക്കളെ കല്ല്യാണം കഴിപ്പിച്ചതും റോഡിന്ന് വേണ്ടി സ്വന്തം സ്ഥലത്ത് നിന്നും ഒരേക്കര്‍ എഴുതി നല്‍കിയതും ഉമ്മാക്ക് വീടുണ്ടാക്കാന്‍ ഉപ്പ വാങ്ങിയ സ്ഥലത്ത് ജുമുഅത്ത് പള്ളിയുണ്ടാക്കാന്‍ എഴുതിക്കൊടുത്തതുമെല്ലാം അഭിമാനത്തോടെ മകന്‍ ഓര്‍ത്തെടുക്കുന്നു. അത് കേള്‍ക്കുമ്പോള്‍ 'ഇതൊക്കെ തന്നെയല്ലെ നമുക്കുണ്ടാകൂ എന്നാണ് നബീസുമ്മയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top