വീട്ടുജോലിക്ക് കൂലി കിട്ടാഞ്ഞാല്‍ വീട്ടുകാരിക്ക് പിണക്കമോ?

No image

കൂട്ടുത്തരവാദിത്തമാണ് വേണ്ടത്
കുടുംബിനികള്‍ക്ക് വീട്ടിലെ ജോലി ചെയ്യുന്നതിന് ഭര്‍ത്താക്കന്മാര്‍ ശമ്പളം കൊടുക്കണമെന്ന് പറയുന്നത് കുടുംബബന്ധത്തിന്റെ പവിത്രത നശിപ്പിക്കും. എന്ത് ജോലി ആര് ചെയ്താലും അത് മാനിക്കപ്പെടേണ്ടതാണ്. പക്ഷേ കുടുംബത്തിന് വേണ്ടി സ്ത്രീ ചെയ്യുന്ന ജോലിക്ക് ഭര്‍ത്താക്കന്മാര്‍ ശമ്പളം കൊടുക്കണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പുരുഷന്മാര്‍ ചെയ്യുന്ന ജോലിക്ക് പലപ്പോഴും സമയനിഷ്ഠയും അതിനനനുസരിച്ച വരുമാനവും ഉണ്ട്. എന്നാല്‍ പുറത്ത് സാമ്പത്തിക ഭദ്രതയുള്ള ജോലി ചെയ്യാത്ത സ്ത്രീ വീട്ടില്‍ എന്ത് പണിയെടുത്താലും അതിന് വില കല്‍പ്പിക്കപ്പെടുന്നില്ല. പുറം ജോലിയെടുക്കുന്ന പുരുഷന്‍ എട്ട് മണിക്കൂറായിരിക്കും പണിയെടുക്കുന്നത്. 'ഭാര്യക്കെന്താ പണി'യെന്ന് ചോദിച്ചാല്‍ പറയും അവള്‍ക്കൊരു ജോലിയുമില്ലെന്ന്. എന്നാല്‍ പുലര്‍ച്ചെ മുതല്‍ ഉറങ്ങാന്‍ കിടക്കുന്നത് വരെ ഒരു സ്ത്രീ പല നിലക്കും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ എവിടെയും മാനിക്കപ്പെടുന്നില്ല എന്നത് സത്യമാണ്. അതിന് പരിഹാരം ഭര്‍ത്താക്കന്മാര്‍ ശമ്പളം കൊടുക്കലല്ല. അങ്ങനെയുള്ള വാദം വീട്ടുജോലി ചെയ്യേണ്ടത് സ്ത്രീ തന്നെയാണെന്ന് ഉറപ്പിക്കുകയാണ്. സ്ത്രീകള്‍ക്ക് വീട്ടുജോലി മാത്രമേ പറ്റൂ. അവള്‍ പുറംജോലി ചെയ്യരുതെന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നില്‍. സ്ത്രീ അടുക്കളയില്‍ തന്നെ ഒതുങ്ങേണ്ടി വരുന്നതിനാലാണ് സ്വന്തമായി വരുമാനമുള്ള മറ്റു മേഖലകളിലേക്ക് തിരിയാന്‍ അവള്‍ക്ക് കഴിയാത്തത.് പുറംജോലിക്ക് പോകുന്നവളാണെങ്കില്‍ മിക്കവര്‍ക്കും ഇതൊരു ഇരട്ടി ഭാരമായി മാറുകയാണ്. പുരുഷനെപ്പോലെ അവള്‍ക്ക് സ്വസ്ഥമായി ജോലിക്ക് പോകാന്‍ പറ്റില്ല. വീട്ടിലെ കാര്യങ്ങള്‍ തീര്‍ത്തിട്ടേ വീടിന് പുറത്തുള്ള ജോലിക്ക് പോകാന്‍ സ്ത്രീക്ക് പറ്റൂ. കുടുംബത്തിലെ കൂട്ടുത്തരവാദിത്തമാണ് ഇതിനുള്ള പരിഹാരം. കൂട്ടുത്തരവാദിത്വത്തിലൂടെ പരസ്പരമുള്ള ഭാരം കുറച്ചാല്‍ മാനസികമായി കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്തോഷവും സമാധാനവും ഉണ്ടാക്കാന്‍ കഴിയും. കൂടാതെ വീട്ടിലിരുന്ന് തന്നെ സാമ്പത്തിക മെച്ചമുണ്ടാക്കാന്‍ പറ്റുന്ന മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് കഴിയും. കേരള വനിതാ വികസന കോര്‍പറേഷന്‍ ഒരുപാട് സംരംഭങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിനായി ഒരുക്കിയിട്ടുണ്ട്. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് പോലും വെറും കുടുംബിനിയായി മാറാതെ അവളുടെ കഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കാനാവണമെങ്കില്‍ വീട്ടിലെ ഭാരം കുറക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമമാണ് നടത്തേണ്ടത്. അല്ലാതെ വീട്ടുജോലിക്ക് കൂലികൊടുക്കുകയല്ല വേണ്ടത്.

അഡ്വ: കുല്‍സു (സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം)

തൊഴിലുടമയല്ല ഭര്‍ത്താവ്‌

ഇസ്‌ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ ദാമ്പത്യം ഒരു വിശുദ്ധ ബന്ധമാണ്. സ്ത്രീയും പുരുഷനും പരസ്പരം സ്വന്തമാക്കി, ഒന്നായി ജീവിതത്തിന്റെ പൂര്‍ണത കൈവരിക്കുന്ന ബന്ധം. ആ ബന്ധമാണ് വംശത്തിന്റെ നിലനില്‍പിന്നാധാരം. സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റാണ് കുടുംബം. പരസ്പരമുള്ള സ്വന്തമെന്ന വികാരവും തജ്ജന്യമായ സ്‌നേഹവും സഹകരണവുമാണ് കുടുംബാംഗങ്ങള്‍ കോര്‍ത്തിണക്കപ്പെടുന്ന ചരട്. സേവനോത്സാഹത്തിന്റെയും സഹനത്തിന്റെയും ത്യാഗ സന്നദ്ധതയുടെയും ഇഴകള്‍ കൂടിച്ചേര്‍ന്ന് പിരിയുമ്പോഴാണ് കുടുംബ പാശം ബലിഷ്ടമാകുന്നത്. വ്യക്തികള്‍ സംസ്‌കാരവും സ്‌നേഹസഹകരണാദി വികാരങ്ങളും പ്രാഥമികമായി ആര്‍ജിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം തുല്യമായ അവകാശബാധ്യതകളുള്ള സ്ഥാപനമാണ് കുടുംബം. അവകാശ ബാധ്യതകളില്‍ തുല്യത എന്നു പറഞ്ഞത് എല്ലാവര്‍ക്കുമുള്ളത് ഒരേ തരത്തിലുള്ള അവകാശവും ബാധ്യതകളുമാണ് എന്ന അര്‍ഥത്തിലല്ല; കുടുംബത്തില്‍നിന്ന് സേവനം ലഭിക്കാനും ക്ഷേമം ആസ്വദിക്കാനുമുള്ള അവകാശം എല്ലാ അംഗങ്ങള്‍ക്കും തുല്യമാണ്. കുടുംബത്തെ സേവിക്കാനും ക്ഷേമം വളര്‍ത്താനുമുള്ള ബാധ്യതയും തുല്യമാണ്. പക്ഷേ, ഒരു ശിശു ആവശ്യപ്പെടുന്ന സേവനമല്ല യുവാവിനാവശ്യമുള്ളത്. യുവാവാവശ്യപ്പെടുന്ന സേവനമല്ല വയോധികര്‍ക്ക് വേണ്ടത്. ഇതേ വ്യത്യാസം സ്ത്രീകളുടെയും പുരുഷന്മാരുടെയും ആവശ്യങ്ങള്‍ തമ്മിലുമുണ്ടായിരിക്കും. അംഗങ്ങള്‍ക്കിടയില്‍ അവകാശബാധ്യതകളുടെ പ്രയോഗതലത്തിലുള്ള ഈ വ്യത്യാസം വ്യക്തമായ ഒരു കുടുംബവ്യവസ്ഥയെ തേടുന്നു. മനുഷ്യപ്രകൃതിയുടെ താല്‍പര്യമാണത്.
കുടുംബത്തിലായാലും പുറത്തായാലും സ്ത്രീയും പുരുഷനും വ്യത്യസ്ത സ്വഭാവ പ്രകൃതിയുള്ളവരാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാര്യത്തിലും ഈ അന്തരമുണ്ട്. പ്രകൃതി സ്ത്രീക്ക് ഇല്ലാത്ത ചില കഴിവുകള്‍ പുരുഷനും പുരുഷനില്ലാത്ത ചില കഴിവുകള്‍ സ്ത്രീക്കും നല്‍കിയിരിക്കുന്നു. സ്‌ത്രൈണതയും പൗരുഷവും മേളിച്ച് ഇരുപക്ഷത്തിന്റെയും കുറവുകള്‍ നികത്തുകയാണ് ദാമ്പത്യം.
സ്‌നേഹ-ദയാ വികാരങ്ങളും സാംസ്‌കാരിക സ്വഭാവങ്ങളും ഊട്ടി കുട്ടികളെ വളര്‍ത്താനാവശ്യമായ കനിവും കാരുണ്യവും മൃദുലതയും സ്ത്രീയിലാണ് കൂടുതലുള്ളത്. അതുകൊണ്ട് കുടുംബ നേതൃത്വം പുരുഷനില്‍ നിക്ഷിപ്തമാണ്. ഇത് പ്രകൃതിയുടെ വിധിയാണ്. മനുഷ്യാരംഭം തൊട്ടേ നടന്നുവരുന്നതുമാണ്. ഈ സമ്പ്രദായത്തെ സാധൂകരിച്ചുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിച്ചു: ''പുരുഷന്മാര്‍ സ്ത്രീകളുടെ പരിപാലകരാകുന്നു. അല്ലാഹു ചിലരെ മറ്റു ചിലരേക്കാള്‍ അനുഗ്രഹിച്ചിട്ടുള്ളതിനാലും പുരുഷന്മാര്‍ ധനവ്യയം ചെയ്യുന്നതിനാലുമത്രെ അത്.'' (4:34)
ഈ വചനം മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1) പുരുഷന്മാര്‍ സ്ത്രീകളെ പരിപാലിക്കാന്‍ ബാധ്യസ്ഥരാണ്. പുരുഷന്മാരാല്‍ പരിപാലിക്കപ്പെടുക സ്ത്രീകളുടെ അവകാശമാകുന്നു എന്നതാണ് അതിന്റെ മറ്റൊരര്‍ഥം. 2) ഈ പരിപാലന ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള സവിശേഷ യോഗ്യതകളാല്‍-ശാരീരികവും മാനസികവുമായ കഴിവുകളാല്‍ പുരുഷന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 3) പുരുഷന്‍ ജീവിത വിഭവങ്ങള്‍ നല്‍കി ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കുമ്പോഴാണ് കുടുംബനായകനും പരിപാലകനുമാവുക.
ഈ അടിസ്ഥാനത്തില്‍, ഭാര്യക്കും കുട്ടികള്‍ക്കും ആവശ്യമായ ജീവിത വിഭവങ്ങളൊരുക്കിക്കൊടുക്കുകയും അവരെ ആപത്തുകളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുക പുരുഷന്റെ നിര്‍ബന്ധ ബാധ്യതയായി ഇസ്‌ലാമിക ശരീഅത്ത് അനുശാസിച്ചിരിക്കുന്നു. ഭര്‍ത്താവ് ഭാര്യക്ക് ജീവനാംശം നല്‍കുന്നത് അവള്‍ ചെയ്യുന്ന ജോലിക്കുള്ള വേതനമായിട്ടല്ല. അവള്‍ അയാളുടെ ഭാര്യയായതുകൊണ്ടാണ്. ഭാര്യയില്‍നിന്ന് സേവനമൊന്നും സ്വീകരിച്ചില്ലെങ്കിലും ഭര്‍ത്താവ് അവള്‍ക്ക് ചെലവിന് കൊടുക്കേണ്ടതുണ്ട്. ജോലി ചെയ്ത് പുരുഷനില്‍നിന്ന് കൂലി വാങ്ങാന്‍ അയാളുടെ ഭാര്യയാവണമെന്നില്ല. ഭര്‍ത്താവില്‍ നിന്ന് ഭാര്യ ജീവനാംശം പറ്റുന്നത് അയാള്‍ക്ക് വേണ്ടി ജോലി ചെയ്തതുകൊണ്ടല്ല. അയാള്‍ അവളുടെ ഭര്‍ത്താവായതുകൊണ്ടാണ്. ഭാര്യയുടെ അധ്വാനത്തിന്റെ അളവോ മികവോ പരിഗണിച്ചല്ല അവള്‍ക്ക് കൊടുക്കേണ്ട ജീവനാംശത്തിന്റെ തരവും തോതും നിശ്ചയിക്കുന്നത്. മറിച്ച്, പുരുഷന്റെ സാമ്പത്തികാവസ്ഥയും ജീവിത നിലവാരവും അനുസരിച്ചാണ്. രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ദരിദ്രന് തന്റെ കുടുംബത്തിന് മൂന്നു നേരം കഞ്ഞിയും ചമ്മന്തിയും, നാണം മറയ്ക്കാന്‍ അത്യാവശ്യം വേണ്ട തുണിയും അന്തിയുറങ്ങാന്‍ ചെറ്റക്കൂരയും നല്‍കാനേ കഴിയുന്നുള്ളൂവെങ്കില്‍ അത്രയും നല്‍കിയാല്‍ മതി. ബഹുകോടീശ്വരന്റെ ഭാര്യക്ക് ഉചിതമായ ഭക്ഷണത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനും പുറമെ തന്റെ നിലവാരത്തിനനുസരിച്ച് പരിചരിക്കാന്‍ സ്വന്തമായി വേലക്കാരും സഞ്ചരിക്കാന്‍ കാറും വേണമെങ്കില്‍ ആവശ്യപ്പെടാം. ഭര്‍ത്താവ് അത് നല്‍കേണ്ടതാണ്. ന്യായമായ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടത് ഭര്‍ത്താവിന്റെ ധനത്തില്‍നിന്ന് അയാളുടെ സമ്മതമില്ലാതെയും എടുക്കാന്‍ ഭാര്യക്ക് സ്വാതന്ത്ര്യമുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും കുടുംബ ജീവിതമാണ് ദാമ്പത്യം. ലൈംഗികാനുഭവം വരെ ഇരുവരും പങ്കിടുന്നു. കുട്ടികളെ പോറ്റുന്നതിലും ഇരു കൂട്ടരും സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നു. മക്കള്‍ക്ക് മാതാവിനോടും പിതാവിനുമുള്ള കടമയും തുല്യമാണ്. പുരുഷന്റെ സാമ്പത്തിക വികാസം സ്ത്രീയുടേതു കൂടിയാണ്. ജീവനാംശത്തിന്റെ അളവിലും തരത്തിലുമുള്ള മികവിലൂടെ അവള്‍ അതനുഭവിക്കുന്നുമുണ്ട്. ഭര്‍ത്താവിന്റെ തൊഴിലാളിയല്ല ഭാര്യ. ഭര്‍ത്താവ് ഭാര്യയുടെ തൊഴിലുടമയുമല്ല. വീട് തൊഴില്‍ശാലയുമല്ല. ഭാര്യ ഭര്‍തൃബന്ധം പങ്കാളിത്ത ബന്ധമാണ്. കുടുംബത്തില്‍ അവര്‍ ചെയ്യുന്ന സേവനങ്ങളും ധനവ്യയവും ആ പങ്കാളിത്തത്തിന്റെ പ്രയോഗമാണ്. ഭാര്യയും ഭര്‍ത്താവും കുടുംബത്തിന് ചെയ്യുന്ന സേവനത്തിന് പരസ്പരം വേതനം തേടുന്നത് അവരാത്മസുഖത്തിനായാചരിക്കുന്ന കര്‍മങ്ങള്‍ക്ക് അപരനോട് വേതനം ചോദിക്കുന്നതുപോലെയാണ്. അത് ദാമ്പത്യത്തിന്റെ വിശുദ്ധിയെയും ഉദാത്തമായ പങ്കാളിത്താവസ്ഥയെയും ഹനിക്കുന്നു.
ഭാര്യക്ക് സ്വന്തമായി ധനം സമ്പാദിക്കാനും സൂക്ഷിക്കാനും ഇസ്‌ലാമിക ശരീഅത്ത് അനുവാദം നല്‍കിയിട്ടുണ്ട്. കുടുംബിനി എന്ന നിലക്കുള്ള ചുമതലകള്‍ക്ക് വിഘ്‌നമാവാത്ത വിധത്തില്‍ തൊഴിലെടുക്കുകയും ചെയ്യാം. അതിന് വിഘ്‌നമാകുന്ന തരത്തിലുള്ള തൊഴിലുകളിലേര്‍പ്പെടാന്‍ ഭര്‍ത്താവിന്റെ അനുമതി വേണം. ഭാര്യയുടെ സമ്പാദ്യത്തില്‍ ഭര്‍ത്താവിന് നിയമപരമായ ഉടമസ്ഥതയോ കൈകാര്യാധികാരമോ ഇല്ല. ഭര്‍തൃസമ്പത്തില്‍ തന്റെ ന്യായമായ ജീവിതാവശ്യങ്ങളില്‍ കവിഞ്ഞുള്ളതില്‍ ഭാര്യക്കും ഉടമസ്ഥതയോ കൈകാര്യാധികാരമോ ഇല്ല. കുടുംബിനിയുടെ ചുമതലകള്‍ യഥാവിധി നിര്‍വഹിച്ചുകൊണ്ടുതന്നെ മറ്റു തൊഴിലിലേര്‍പ്പെടാന്‍ കഴിയുന്ന സ്ത്രീകളെ അതില്‍നിന്ന് വിലക്കാന്‍ ഭര്‍ത്താവിനധികാരമില്ല. ഭര്‍ത്താവിന്റെ സാമ്പത്തിക ഇടപാടുകളില്‍ വേതനമര്‍ഹിക്കുന്ന സേവനങ്ങള്‍ ചെയ്യുന്നുവെങ്കില്‍ ഭാര്യക്ക് അയാളില്‍ നിന്ന് ന്യായമായ വേതനം തേടാവുന്നതാണ്. ഭാര്യയുടെ ബിസിനസ്സിന് വേതനമര്‍ഹിക്കുന്ന സേവനം നല്‍കുന്നുണ്ടെങ്കില്‍ അതിനു വേതനം തേടാന്‍ ഭര്‍ത്താവിനും അവകാശമുണ്ട്. എന്നാല്‍, വീട്ടുജോലിക്കും സന്താനപരിപാലനത്തിനും ഭാര്യ വേതനമര്‍ഹിക്കുന്നില്ല. അക്കാര്യത്തില്‍ ഭാര്യയെ സഹായിച്ചാല്‍ അതിന് ഭര്‍ത്താവും വേതനമര്‍ഹിക്കുന്നില്ല. സ്ത്രീയുടെ വീട്ടുഭരണവും അതില്‍ പുരുഷന്റെ സഹായവും അവര്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കുന്നതിന്റെ അനിവാര്യതകളാണ്. അതൊക്കെ വേതനാര്‍ഹമായ തൊഴിലാകുന്നിടത്ത് പാവനമായ കുടുംബ സ്ഥാപനം മരിക്കുകയും പകരം ലാഭാര്‍ത്തമായ കച്ചവട സ്ഥാപനം ജനിക്കുകയും ചെയ്യുന്നു.

അബൂയാസിര്‍ (എഡിറ്റര്‍, പ്രബോധനം വാരിക)

നാട്ടുനടപ്പുകളെ ചോദ്യം ചെയ്യണം

സ്ത്രീകളുടെ കുടുംബത്തിനകത്തെ അടിമത്തത്തിന്റെ അടിസ്ഥാനം കുടുംബത്തിനകത്ത് നിലനില്‍ക്കുന്ന തൊഴില്‍ വിഭജനമാണ്. വീട്ടുജോലി പൂര്‍ണമായി സ്ത്രീയുടെ ഉത്തരവാദിത്വമായി മാറുന്നു. അതിനു കൂലി വേണം അല്ലെങ്കില്‍, പുരുഷന്മാരുടെ ശമ്പളത്തിന്റെ ഒരംശം സ്ത്രീക്ക് കൊടുക്കണം എന്നു പറയുന്നതിന്റെ അടിസ്ഥാനം- പുരുഷന്‍ പുറത്ത് ജോലി ചെയ്യുന്നു കൂലി വാങ്ങുന്നു, അത് മുഴുവന്‍ പുരുഷനു വേണ്ടിയുള്ളതാണ്. ആ പണത്തിന്റെ മൊത്തം അവകാശം പുരുഷ നാണെന്നാണ് സമൂഹത്തിന്റെ സങ്കല്‍പം. പക്ഷേ പുരുഷന്‍ നിലനില്‍ക്കണമെങ്കില്‍ കുടുംബം വേണം. അതിന് സ്ത്രീ വേണം. സ്ത്രീ അയാള്‍ക്ക് വേണ്ടി ജോലി ചെയ്തു കൊണ്ടേയിരിക്കണം. അവളുടെ ജോലി പരമ്പരാഗതമായി സമൂ ഹം അവളുടെ തലയില്‍ കെട്ടിവെച്ച ഉത്തരവാദിത്തമായ തുകൊണ്ട് അവള്‍ വെറുതെ ചെയ്യേണ്ട ജോലിയാണ് വീട്ടുജോലി. ഇതാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. ഭാര്യ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നേ എന്നാണ് പുറത്ത് ജോലിക്ക് പോകാത്ത സ്ത്രീകളെ കുറിച്ച് പുരുഷന്മാരുടെ മറുപടി. യഥാര്‍ഥത്തില്‍ കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി രാവും പകലും-മൂന്ന് നേരം ഭക്ഷണമുണ്ടാക്കലും വീട് വൃത്തിയാക്കലും പ്രായമുള്ളവരെ സംരക്ഷിക്കലും-എല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമാണ്. രാവും പകലും വ്യത്യാസമില്ലാതെ അവളത് ചെയ്തിരിക്കണം. ഇത്തരം അടിസ്ഥാന മനോഭാവമാണ് നാം ചോദ്യം ചെയ്യേണ്ടത്. കുടുംബം നിലനിര്‍ത്താന്‍ പുരുഷന്മാര്‍ക്കും ഈ കാര്യത്തില്‍ ഉത്തരവാദിത്തം ഉണ്ട് എന്ന മനോഭാവം സാധ്യമാക്കണം.
പുരുഷന്‍ സ്ത്രീക്ക് വേതനം കൊടുക്കുമ്പോള്‍ വെറുതെ വീട്ടുജോലി ചെയ്യുന്ന സ്ത്രീക്ക് അവരുടെ ആവശ്യത്തിനായി കൈയില്‍ പൈസ വന്നു ചേരുക യാണ്. പുരുഷന്‍ ഉണ്ടാക്കുന്ന സമ്പാദ്യത്തിന്റെ ഒരോ ഹരി കുടുംബം നിലനിര്‍ത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന സ്ത്രീക്ക് കൊടുക്കുന്നത് അവരുടെ അവകാശമാണ്. ഇപ്പോള്‍ അത് അയാള്‍ കൊടുക്കുന്ന ഔദാര്യമാണ്. 'ഔദാര്യം', 'അവകാശം' എന്ന മനോഭാവമാണ് കൂലി കൊടുക്കണം വേണ്ടാ എന്നു പറയുന്നതിനു പിന്നില്‍. സ്ത്രീയുടെ അധ്വാനം കൊണ്ടാണ് കുടുംബം നിലനിന്നു പോകുന്നത്. അവളുടെ ആവശ്യത്തിന് പണം നല്‍ കേണ്ടത് അവന്റെ അവകാശമാണെന്ന ബോധ്യമി ല്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള നിയമം തന്നെ വരുന്നത്.
സ്ത്രീ പുരുഷ ബന്ധങ്ങളെ പണത്തിന്റെ മേല്‍ അളക്കാമോ എന്ന് ചോദിച്ചേക്കാം. പക്ഷേ ഈ പണം പുരുഷന് അധികാരം നല്‍കുന്ന ഒന്നാണ്. പണമുണ്ടാ ക്കുന്ന പുരുഷന്‍ അധികാരിയാകുമ്പോള്‍ അവന്‍ തീരുമാനിക്കുന്നു പണം എങ്ങനെ ചെലവഴിക്കണമെന്ന്. സ്ത്രീ പണമുണ്ടാക്കുന്നെങ്കില്‍ അതും തീരുമാനി ക്കുന്നത് പുരുഷനാണ്. ശമ്പളം കിട്ടിയാല്‍ അത് മുഴുവന്‍ കൈയില്‍ കൊടുത്ത് ബസ് ചാര്‍ജ്ജ് ചോദിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. പൊതുരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് സംഭാവന നല്‍കണമെങ്കില്‍ പോലും ഭര്‍ത്താവിനോട് ചോദിക്കേണ്ട അവസ്ഥയാണ്. സ്ത്രീ പുരുഷ ബന്ധങ്ങളെ പണത്തിനുള്ളില്‍ ചുരുക്കരുതെന്ന് പറയുമ്പോഴും പണമാണ് കുടുംബബന്ധങ്ങളെ പൂര്‍ണമായും നിര്‍ണയിക്കുന്നത്. നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥയുടെ പ്രശ്‌നമാണിത്. എങ്ങനെ വന്നാലും പുരുഷന് അധികാരം കേന്ദ്രീകരിക്കുന്നതിനെ ചോദ്യം ചെയ്യാനുള്ള ഒരു ഉപാധി എന്ന രീതിയില്‍ ഇതിനെ കാണാമെന്നാണ് എനിക്ക് തോന്നുന്നത്. ഇത് പല പഴയ ആചാരങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. അപ്പോള്‍ കുടുംബം എങ്ങനെ നിലവില്‍ വരും എന്ന ചോദ്യം വരും. സ്ത്രീ പുരുഷ ബന്ധങ്ങളെ തീര്‍ച്ചയായും പണത്തിനു പിന്നില്‍ ചുരുക്കേണ്ട. പക്ഷേ ഇന്നത് പണത്തിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും പണം നിര്‍ണാ യകമാണെന്ന് തെളിയിക്കുന്നു. പെണ്ണിന് സ്വയം തീരുമാന മെടുക്കാന്‍ കഴിയുന്ന തരത്തില്‍ പെണ്ണിന് കുറച്ച് പണം കിട്ടുന്നതില്‍ കുഴപ്പമൊന്നുമില്ല.

അജിത (അന്വേഷി സംസ്ഥാന പ്രസിഡന്റ്)

വീട് തൊഴില്‍ശാലയോ?

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുവേണ്ടിയുള്ള കേന്ദ്ര മന്ത്രി കൃഷ്ണ തിരാത്ത് വീട്ടില്‍ കഴിയുന്ന സ്ത്രീകള്‍ അവിടെ ചെയ്യുന്ന ജോലി തിട്ടപ്പെടുത്തി ശമ്പളം കണക്കാക്കണം എന്നു നടത്തിയ പ്രസ്താവം ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് വീട്ടുജോലിക്ക് ശമ്പളം കൊടുക്കണമെന്ന വാദത്തിലേക്ക് നയിച്ചിരിക്കുന്നു.
അമ്മ പെങ്ങന്മാരും ഭാര്യമാരും, കുടുംബത്തില്‍ ചെയ്യുന്ന സാധാരണ ജോലിയുടെ മൂല്യബോധം ജനിപ്പിക്കാന്‍ ഈ ചര്‍ച്ചകള്‍ കാരണമാകും എന്നു പ്രതീക്ഷിക്കുന്നു. ക്രിസ്തുവിന് ഏതാണ്ട് 400 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച സ്വെനൊഫോണ്‍ (Xenophon) എന്ന ചിന്തകന്‍ എഴുതി: ''സ്ത്രീയുടെ പ്രകൃതി വീടിനുള്ളിലും പുരുഷന്റേത് വീടിനു പുറത്തും ജോലിക്കു പറ്റിയതാണ്.'' പ്രകൃത്യാ രണ്ടുപേര്‍ക്കുമുള്ള സ്വഭാവ വ്യത്യാസം ''വിവാഹിതരായ ദമ്പതികള്‍ക്കു കടുതല്‍ ഉപകാരപ്രദമാകും; ഒരാള്‍ മറ്റേയാള്‍ക്കുള്ള കുറവ് നികത്തുന്നു.'' എന്നാല്‍ തൊഴില്‍ മണ്ഡലത്തിലും മനുഷ്യജീവിതത്തിലെ മാറ്റങ്ങള്‍ ഉണ്ടായി.
തൊഴില്‍ചന്തയില്‍ നിന്നു സ്ത്രീയെ പുറത്താക്കുന്ന ഒരു വാദത്തിനും പ്രസക്തിയില്ലെന്ന് 1808-ല്‍ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ വ്യക്തമാക്കി. എന്നാല്‍ 1899-ല്‍ ചാര്‍ലോട്ട് ഗില്‍മാന്‍ സ്ത്രീകളും സാമ്പത്തിക ശാസ്ത്രവും എന്ന ഗ്രന്ഥത്തില്‍ സ്ത്രീകള്‍ സാമ്പത്തികമായി പുരുഷന്മാരെ ആശ്രയിക്കുന്നത് അവര്‍ വീട്ടില്‍ ചെയ്യുന്ന ജോലിക്ക് കൂലി കിട്ടാത്തതു കൊണ്ടാണ് എന്ന് എഴുതി. എന്നാല്‍ തൊഴിലും ജീവിത സംതൃപ്തിയും തമ്മിലുള്ള ബന്ധം പഠിക്കുമ്പോള്‍ സ്ത്രീകള്‍ കുറഞ്ഞ കൂലിക്കും സ്ഥാനക്കയറ്റവുമില്ലാതെ ജോലികള്‍ ചെയ്താലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സാഫല്യമുള്ളവരായിരിക്കുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭാര്യയുടെ ജോലി കൂലിക്കുവേണ്ടിയുള്ളതാണോ; അത് അങ്ങനെ ആകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതാണ് പ്രശ്‌നം. കൂലി വേണ്ട തൊഴിലായി ഭാര്യയുടെ ജോലിയെ കണക്കാക്കുന്നു എന്നതാണ് പ്രശ്‌നം. ആ ജോലിക്ക് അപാരമായ മൂല്യപ്രസക്തിയുണ്ട് എന്നതില്‍ നിന്നു അതു കൂലിത്തൊഴിലായി മാറുന്നു എന്നതു തന്നെയാണ് കാതലായ കാര്യം. അരിസ്റ്റോട്ടില്‍ തന്റെ രാഷ്ട്രമീമാംസയില്‍ തൊഴില്‍-വിശ്രമം, യുദ്ധം-സമാധാനം, എന്ന വിരുദ്ധധ്രുവ സംജ്ഞകളെ പരിശോധിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യുദ്ധം സമാധാനം സ്ഥാപിക്കാനാണ്, തൊഴില്‍ വിശ്രമിക്കാനും. ഇവിടെ വിശ്രമം വിനോദം ലീല എന്നിവയാണ് ജീവിതത്തിന്റെ മഹത്തായ കാര്യങ്ങള്‍. സ്‌നേഹം ലീലയുടെ മണ്ഡലമാണ്; തൊഴില്‍ വേദിയല്ല. പണി ചെയ്തു കാശുണ്ടാക്കുന്നത് ജീവിതത്തിന്റെ സുഖത്തിനാണ്.
ഭാര്യ ഭര്‍ത്താവില്‍ നിന്നു വീട്ടുപണിക്ക് കൂലി വാങ്ങിക്കുമ്പോള്‍ അതു ഭര്‍ത്താവുമൊത്തു സുഖമായ ജീവിതത്തിനാണോ? അങ്ങനെയെങ്കില്‍ ഭാര്യയും കൂലി കൊടുക്കേണ്ടേ ഭര്‍ത്താവിന്? ഈ കൂലിയുടെ സംബന്ധം വിവാഹജീവിതമാകുമോ? അവിടെ കൂലി കണക്കാക്കേണ്ട മണ്ഡലങ്ങള്‍ എന്തെല്ലാം? പ്രേമം, പ്രസവം, വേഴ്ച ഇതിനൊക്കെ സര്‍ക്കാര്‍ കൂലി നിശ്ചയിക്കുമോ? സ്‌നേഹബന്ധം കൂലി ചോദിക്കുന്നതാകുമോ? സ്‌നേഹത്തിനു കൂലിയുണ്ടോ? സ്‌നേഹമുള്ളിടത്ത് ജീവിതം ലീലയാണ്. ലീലയിലും കായക്ലേശമുണ്ട്. പക്ഷെ, അതു വല്ലാതെ രസിപ്പിക്കുന്നു. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ക്ലേശിക്കുന്ന ഭര്‍ത്താവ് പണിയിലല്ല കേളിയിലാണ്; അയാള്‍ അവരുടെ കൂലിക്കാരനല്ല. അവര്‍ ലീലയിലെ പങ്കാളികളാണ്, വിരോചിതമായ പങ്കാളികള്‍.
കുടുംബജീവിതത്തെ ചന്തയിലെ ചരക്കിന്റെ കണക്കില്‍ കൂട്ടിക്കുറച്ചാല്‍ വീട് ചന്തയാകും, മനുഷ്യബന്ധം വ്യാപാരമാകും. പണ്ട് എന്‍.എന്‍. പിള്ള നാടകത്തില്‍ എഴുതിയതുപോലെ കുടുംബവും വ്യഭിചാരശാലയും തമ്മിലുള്ള ബന്ധം വെറും മൊത്ത-ചില്ലറ വ്യാപാരത്തിന്റേയാകും. അപ്പോഴും ബാക്കി നില്ക്കുന്ന ചോദ്യങ്ങളുണ്ട; ദരിദ്രന്റെ ഭാര്യക്ക് എങ്ങോട്ടായിരിക്കും പ്രമോഷന്‍?

പോള്‍ തേലക്കാട്ട്
(സത്യദീപം മാസിക എഡിറ്റര്‍)

തൊഴിലാളിയല്ല ഭാര്യ

ഭര്‍ത്താക്കന്മാര്‍ ശമ്പളം കൊടുക്കണമെന്ന് പറയുന്നത് ശരിയല്ല. സ്ത്രീകളുടെ അധ്വാനം പുറം ജോലിയായാലും വീട്ടുജോലിയായാലും അത് സാമൂഹ്യമായ അധ്വാനമായി കരുതണം. അതിന് മൂല്യം കല്‍പിക്കേണ്ടത് ഗവണ്‍മെന്റാണ്. ഗാര്‍ഹിക അധ്വാനം കുറച്ചുകൊണ്ടുവന്ന് പൊതു സമൂഹത്തിനു വേണ്ടിയുള്ള അധ്വാനത്തില്‍ പങ്കാളിയാകാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. വീട്ടുജോലി ലഘൂകരിക്കുന്നതിന് പൊതു അടുക്കള ഏര്‍പ്പാടാക്കാം. പൊതു അടുക്കള എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭക്ഷണം വീട്ടില്‍ പാകം ചെയ്യാന്‍ പറ്റാത്തവര്‍ക്ക് പൊതുവായ സംവിധാനം ഒരുക്കുകയെന്നതാണ്. ഇത് ഒരു സോഷ്യലിസ്റ്റ് സങ്കല്‍പമാണ്. അതിന് അവസരമുണ്ടാക്കാന്‍ പെട്ടെന്ന് കഴിയുന്നില്ലെങ്കില്‍ വീട്ടില്‍ ഇത്രയും കടുത്ത ജോലി ചെയ്യുന്നതിന് ഗവണ്‍മെന്റാണ് ശമ്പളം കൊടുക്കേണ്ടത്. ഭര്‍ത്താവ് ശമ്പളം കൊടുത്തിട്ട് നിര്‍ത്തുന്ന തൊഴിലാളിയല്ല സ്ത്രീ. ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി ചെയ്യുന്ന സേവനം സമൂഹത്തിന് വേണ്ടി ചെയ്യുന്നതു തന്നെയാണ് സ്ത്രീക്ക് സ്വതന്ത്രമായ വരുമാനമുണ്ടാക്കുന്ന ജോലി ഗവണ്‍മെന്റിനു കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ജോലിയുടെ മൂല്യം കണക്കാക്കിക്കൊണ്ട് പ്രതിഫലം കൊടുക്കണം. ഒരു നാടിന് ആവശ്യമായ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനും അതിനുവേണ്ട സാഹചര്യം ഒരുക്കുന്നതിനും ഉള്ള പദ്ധതി ഗവണ്‍മെന്റിന് വേണം. ആ പദ്ധതിയുടെ ഭാഗമായി ചെറുതും വലുതുമായ ഒരുപാട് ജോലികള്‍ ഉണ്ടാക്കണം. എല്ലാവരും അഭ്യസ്തവിദ്യരായ സ്ത്രീകളായിരിക്കില്ല. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിച്ചും പരമ്പരാഗത തൊഴില്‍ മേഖലയെ പ്രോല്‍സാഹിപ്പിച്ചും നാട്ടിന്‍പുറത്ത് കുടില്‍ വ്യവസായ യൂനിറ്റുകളുണ്ടാക്കിയും സ്ത്രീക്ക് വരുമാനമുണ്ടാക്കുന്ന പരിപാടി ഗവണ്‍മെന്റിനു ചെയ്യാവുന്നതാണ്. ഐ.ടി മേഖലയിലെ ചെറിയ ചെറിയ സംരംഭങ്ങള്‍ ഗവണ്‍മെന്റ് തന്നെ കണ്ടെത്തിക്കൊണ്ട് തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ സഹായത്തോടെ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് വിവിധങ്ങളായ മേഖലകളില്‍ വീട്ടിലോ പരിസര പ്രദേശത്തോ വെച്ച് ചെയ്യാവുന്ന തരത്തില്‍ കണ്ടെത്തിക്കൊടുക്കേണ്ടതാണ്. ഇത് സ്വകാര്യ വത്കരണം നടത്തുന്ന ഗവണ്‍മെന്റിന് സാധിക്കില്ല. ഇന്ത്യാഗവണ്‍മെന്റ് സ്വകാര്യവത്കരണം നടത്തുന്ന ഗവണ്‍മെന്റാണ്.
യഥാര്‍ഥത്തില്‍ സ്ത്രീ വീട്ടില്‍ തന്നെ നില്‍ക്കണമെന്നുള്ള ചിന്ത തെറ്റാണ്. സ്ത്രീയും പുരുഷനും പുറത്തിറങ്ങുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ ഗാര്‍ഹിക അധ്വാനം ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍, നേരത്തെ അംഗന്‍വാടി പ്രൊജക്ട് തുടങ്ങിയ പോലെ സമൂഹം ഏറ്റെടുക്കുന്ന- ഭക്ഷണം ഉണ്ടാക്കാനുള്ള സംവിധാനം, വസ്ത്രം അലക്കാനുള്ള സംവിധാനം എന്നിവ ഉണ്ടാക്കാം. പട്ടണങ്ങളില്‍ ഇത് പ്രാവര്‍ത്തികമായി കഴിഞ്ഞു. അവര്‍ വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്യുന്നില്ല. കുടുംബത്തിനകത്ത് ഭാര്യയും ഭര്‍ത്താവും കൂട്ടായി മററു ജോലികള്‍ ചെയ്യുന്നു. രണ്ടുപേര്‍ക്കും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. കൂടുതല്‍ സമയം കുട്ടികളുടെ കൂടെയിരിക്കാനും അവരുടെ പ്രശ്‌നങ്ങല്‍ അറിയാനും പറ്റും. ശണ്ഠയില്ലാതെ എല്ലാ കാര്യങ്ങളും ഒരുമിച്ച് നിന്ന് ചെയ്യാനാവും. മുഴുസമയ വീട്ടുജോലിക്കാരിയായ സ്ത്രീക്ക് ഇതിന് പറ്റില്ല. വീട്ടില്‍ ജോലി ചെയ്യാന്‍ മാത്രമുള്ള ഒരാളാണ് സ്ത്രീ എന്ന സങ്കല്‍പം മാറണം. സ്ത്രീ വീട്ടില്‍ തന്നെ ഒതുങ്ങാനുള്ളതാണ്, വീട്ടുജോലി സ്ത്രീ മാത്രം ചെയ്യേണ്ടതാണ് എന്ന ഫ്യൂഡല്‍ മനോഭാവം മാറിയാല്‍ തന്നെ കുറെ പ്രശ്‌നങ്ങള്‍ തീരും. കുടുംബം കൂട്ടുത്തരവാദത്തിലായിരിക്കണം. രണ്ടാളും കുടുംബത്തിനുവേണ്ടി സമ്പാദിക്കണം. അല്ലെങ്കില്‍ ഭര്‍ത്താവ് ശമ്പളം കൊടുക്കൂമ്പോള്‍ ഭാര്യ കൂലിക്കാരിയായി മാറും. അത് ശരിയല്ല.

ശൈലജ കെ.കെ
(ജനാധിപത്യമഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അംഗം)


 

 



 


 

 



 

 


 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top