പ്രകടനപരതയാലുള്ള നാശ നഷ്ടങ്ങള്‍

എന്‍.പി ഹാഫിസ് മുഹമ്മദ് No image

ഒരു സുഹൃത്ത് പത്ത് പതിനഞ്ച് കൊല്ലക്കാലത്തെ ഗള്‍ഫ് ജീവിതം കൊണ്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് വീട് വെക്കാന്‍ ഒരുമ്പെട്ടു. ആ മോഹം പറഞ്ഞ് പലരില്‍ നിന്നും അഭിപ്രായമാരായാന്‍ തുടങ്ങി. പലരും പല അഭിപ്രായം പറഞ്ഞു. അങ്ങനെയൊരു പ്ലാനായി. അതുകണ്ട് ഒരാള്‍ പറഞ്ഞു: 'വീടെങ്ങനെയായാലും വലിയൊരു വരാന്തയുണ്ടാക്കാന്‍ മറക്കണ്ട.' വേറൊരാള്‍ പറഞ്ഞു: 'ഉണ്ടാക്കുകയാണെങ്കില്‍ രണ്ട് നിലയുണ്ടാക്കണം.' മൂന്നാമന്‍: 'വീടിന്റെ പുറം കാണാന്‍ ഭംഗി വേണം, അതു പ്രധാനമാണ്.' 'മുന്‍ഭാഗം ചെരിച്ചു കെട്ടിക്കോളൂ.' നാലാമത്തെ അഭിപ്രായം. പുറത്ത് നല്ല കടുത്ത ചായം പൂശണം. നാലഞ്ച് നിറങ്ങളെങ്കിലും വേണം. അതാ ഇപ്പോ ഫാഷന്‍. അഞ്ചാമനും ആറാമനും ആദ്യം പറഞ്ഞവര്‍ക്കെതിര്‍വാക്ക് ചൊല്ലി. ഓരോരുത്തരുടെയും അഭിപ്രായം അയാള്‍ വിലക്കെടുത്തു. അതിനനുസരിച്ച് മാറ്റങ്ങളും വരുത്തി. ഇടക്ക് പണി കഴിഞ്ഞ ഭാഗം പൊളിച്ചു മാറ്റി. ഒരിക്കല്‍ ഒരു ചുമരു തട്ടി ആരോ പറഞ്ഞതനുസരിച്ച് അടുക്കള വലുതാക്കി. പണിയൊരുവിധം കഴിഞ്ഞ് ചായമടിച്ചു. നാലാളുകളുടെ അഭിപ്രായം കേട്ട് രണ്ടു തവണ മുന്നിലെ നിറം മാറ്റി. മേല്‍ക്കൂരയുടെ ഓടിന്റെ നിറവും മാറ്റി. ഒടുവില്‍ വീടുകാണാന്‍ വന്നവരോടൊക്കെയും അയാള്‍ ചോദിച്ചു: 'എന്താണഭിപ്രായം?'
ചിലരങ്ങനെയാണ് വീടുണ്ടാക്കുന്നത്. വീടിനുള്ളില്‍ താമസിക്കുന്നവര്‍ക്കല്ല, മറ്റുള്ളവരുടെ കാഴ്ചക്കും വാക്കിനും വേണ്ടിയാണ്. വീടിനുള്ളില്‍ ചുട്ടുപൊള്ളുന്ന അവസ്ഥയായാലോ, കടും നിറങ്ങളില്‍ വീടിളിച്ചു കാട്ടിയാലോ പ്രശ്‌നമില്ല. കാണുന്നോര്‍ പറയണം, ബഹു കേമം. അവരവര്‍ക്കു സൗകര്യപ്രദവും പ്രയോജനകരവുമായ വീട് നിര്‍മിക്കുന്നതിനേക്കാള്‍ പ്രധാനം മറ്റുള്ളവര്‍ക്ക് കെട്ടുകാഴ്ചയൊരുക്കുക എന്നതാണ്.
വസ്ത്രം ധരിക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും കുട്ടികളെ അണിയിച്ചൊരുക്കുന്നതും ഫ്രിഡ്‌ജോ കാറോ വാങ്ങുന്നതും പുന്തോട്ടമുണ്ടാക്കുന്നതും മക്കളെ പഠിപ്പിക്കുന്നതുപോലും മറ്റുള്ളവരുടെ മുന്നില്‍ കേമന്മാരോ കേമികളോ ആകാനാണ്. വസ്ത്രം തനിക്ക് നിറം കൊണ്ടോ തുണികൊണ്ടോ ഇണങ്ങുന്നതാവണമെന്നില്ല. ബ്രാന്‍ഡായാല്‍ മതി. കൂളിംഗ്ഗ്ലാസ് അണിയുന്നത് മറ്റൊരാള്‍ ചന്തമുണ്ടല്ലോ എന്ന് പറഞ്ഞ് കേള്‍ക്കാനാണ്. ഭക്ഷണമൊരുക്കുന്നത് പ്രകടനപരത തലക്ക് പിടിച്ചത് കൊണ്ടാണ്. ബിരിയാണിയും നെയ്‌ച്ചോറും പൊറോട്ടയും ഉറുമാല്‍ പോറോട്ടയും തണ്ടൂര്‍ റൊട്ടിയും ലൈവ് ദോശയും പലവിധ കറികളും പഴവര്‍ഗങ്ങളും ഐസ്‌ക്രീം, ഗുലാബ്ജാം ജാഗ്‌രിയാദികളും കല്ല്യാണപ്പന്തലില്‍ ഒരുക്കുന്നത് വന്നവരൊക്കെ 'കല്ല്യാണം പെരുത്ത് ഉഷാറായി' എന്ന് പറഞ്ഞ് കേള്‍ക്കാനാണ്. കാര്‍ വാങ്ങുമ്പോള്‍ തങ്ങളുടെ പോക്കറ്റിന്റെ കനമല്ല, കാണുന്നവരുടെ നാവാണ് ലാക്കാക്കുന്നത്. പൂന്തോട്ടം വെച്ച് പിടിപ്പിക്കുന്നതും വീട്ടുകാര്‍ക്ക് ആസ്വദിക്കാനല്ല, അയല്‍ക്കാര്‍ക്കും വഴിപോക്കര്‍ക്കും സൗജന്യ നയനസുഖം വിതരണം ചെയ്യാനാണ്.
മലയാളികളില്‍ പലരും മറ്റുള്ളവരെ കാണിക്കാനും നല്ലതു കേള്‍ക്കാനും തങ്ങളുടെ കൊക്കിനുള്ളില്‍ കൊള്ളാത്തത്ര ഇറുക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നു. രുചിയറിഞ്ഞ് തിന്നാനവര്‍ക്കാവുന്നില്ല. തുപ്പാന്‍ വയ്യാത്തതുകൊണ്ട് ശ്വാസം മുട്ടുകയും ചെയ്യുന്നു. എന്തുകൊണ്ടാണെന്നിട്ടും പലരും മറ്റുള്ളവരെ കാണിക്കാന്‍ മാത്രം ഇവ്വിധം പാട് പെടുന്നത്? പലവിധ കാരണങ്ങളുണ്ട്. പലര്‍ക്കും മറ്റുള്ളവരുടെ പഞ്ചാര വാക്കും പ്രശംസയും മനസ്സിന്റെ സ്വപ്നമാണ്. പുകഴ്ത്തുന്നത് കേള്‍ക്കാന്‍ പണവും ഊര്‍ജവും ചെലവഴിക്കുന്നവരാണ് പലരും.
മക്കളെ പഠിപ്പിക്കുന്നത് അവരുടെ അഭിരുചിയോ കരിയര്‍ സ്വപ്നങ്ങളോ നോക്കിയല്ല. ഡോക്ടറാണെന്റെ മകന്‍, എഞ്ചിനീയറാണ് മകള്‍, ആര്‍ക്കിടെക്റ്റാണ് മരുമകള്‍ എന്നൊക്കെ കേമത്വം കാണിക്കാനാണ് ചിലരൊക്കെ മോഹിക്കുന്നത്. തങ്ങള്‍ക്ക് സഫലീകരിക്കാനാവാത്ത സ്വപ്നങ്ങള്‍ മക്കളിലൂടെയോ മരുമക്കളിലൂടെയോ നിറവേറ്റിക്കാണാന്‍, അത് നാലു പേരെ അറിയിക്കാന്‍ പലരും ആശിക്കുന്നു. മരുമകള്‍ ഒരു ആഭരണ ശാലയായിരിക്കണം ദേഹത്ത് കൊണ്ടുനടക്കുന്നതെന്ന് ആശിക്കുന്നതും ഈവിധ കാരണങ്ങളാലാണ്.
ചിഹ്നങ്ങള്‍ സ്ഥാന മഹിമയെ പ്രകടിപ്പിക്കുന്നുണ്ട് എന്നത് സമൂഹശാസ്ത്രപരമായ വസ്തുതയാണ്. ഉയര്‍ന്നോ താഴ്‌ന്നോ കിടക്കുന്ന തട്ടുകളുടെ പദവിയും അന്തസ്സും പ്രകടിപ്പിക്കാനാണ് വസ്തുവും ആഭരണങ്ങളും വാഹനങ്ങളും അടയാളങ്ങളാക്കുന്നത്.
മലയാളികളുടെ സാമൂഹിക ജീവിതത്തില്‍ ജാതീയതയുടെ പ്രകടനപരത കാണാവുന്നതാണ്. എന്നാല്‍ ഉയര്‍ന്ന തട്ടുകളിലെ ജാതിക്കാര്‍ പോലും ബാഹ്യ വേഷത്തില്‍ തന്‍പോരിമ കാണിക്കാന്‍ വല്ലാതെ മുതിര്‍ന്നിട്ടില്ല. കേരളീയ രാജാക്കന്മാരുടെ വേഷം ആദ്യ കാലത്ത് വര്‍ണപ്പൊലിമയും അലങ്കാര പണികളുമുള്ളതായിരുന്നില്ല. നാടായ നാടുകളിലെല്ലാം പുകള്‍പെറ്റ കോഴിക്കോടിന്റെ ഭരണാധികാരിയായ സാമൂതിരിയെ കണ്ട് സര്‍വാംഗ വര്‍ണവേഷം ധരിച്ച നാവിക തലവന്‍ വാസ്‌കോഡഗാമ ആശ്ചര്യപ്പെട്ടു. 'ഇയാളോ മലബാറിന്റെ മഹാരാജാവ്' എന്ന് ചോദിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വിദേശ ഭരണം പുതിയ ജീവിത രീതികള്‍ക്ക് വഴിവെച്ചു. വിദ്യാഭ്യാസവും തൊഴിലും ഉയര്‍ന്ന പദവി ലഭിക്കാനുള്ള ഉപാധിയായി. താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് മറ്റുള്ളവര്‍ ആദരിക്കുന്ന പദവിയില്‍ എത്തിച്ചേരാന്‍ ക്രമേണ കഴിഞ്ഞു. വിദേശ ഭരണ കാലത്തെ ഈ മാറ്റം ക്രമാനുസൃതമായ പ്രക്രിയയായിരുന്നെങ്കില്‍ ഗള്‍ഫ് കുടിയേറ്റം പ്രകടന പരതയിലേക്കുള്ള പെട്ടെന്നുള്ളൊരു പൊതു നീക്കത്തിന് കാരണമായി. ഗള്‍ഫുകാരന്‍ ഏയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങുന്നത് തൊട്ട് അത് വെളിവാക്കപ്പെട്ടു. അവധിയിലെത്തുന്ന ഗള്‍ഫ് മലയാളി വേഷത്തിലും നടപ്പിലും മറ്റുള്ളവരുടെ അംഗീകാരത്തിനായി പലതും വ്യക്തിത്വത്തിന്റെ ബാഹ്യതലങ്ങളില്‍ ഘടിപ്പിച്ചു. മക്കളെ വളര്‍ത്തുന്നതിലും മകളെ കല്ല്യാണം കഴിപ്പിക്കുന്നതിലും മത്സ്യം വാങ്ങുന്നതിലും വീടുവെക്കുന്നതിലുമൊക്കെ ഇത് പ്രതിഫലിച്ചു.
പ്രകടനപരത ഒരാള്‍ക്ക് അനുയോജ്യമോ ഭൂഷണമോ എന്നതാണ് കാര്യം. ഒരാള്‍ നാട്ടുകാര്‍ക്ക് കാണാന്‍ വേണ്ടി വീടുണ്ടാക്കിത്തുടങ്ങിയെങ്കില്‍ അയാളുടെ പ്രവൃത്തിയില്‍ എന്തോ ഒരു പ്രശ്‌നമുണ്ട്. അയാളുടെ ജീവിതത്തിനത് പ്രതികൂലമായി പ്രത്യാഘാതമുണ്ടാക്കും. ആകാശം കുത്തിത്തുളക്കുന്ന ഒരു വീടുണ്ടാക്കി, അതുകൊണ്ട് ഒരു ഭാരവുമില്ല ബാധ്യതയുമില്ല, നാലാള്‍ നല്ലത് പറയുന്നെങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം ആ വീടുണ്ടാക്കല്‍ ഒരു നേട്ടമാവാം.
മകളെ റിയാലിറ്റി ഷോക്ക് വേണ്ടി പരിശീലിപ്പിച്ചും അണിയിച്ചൊരുക്കിയും പ്രദര്‍ശിപ്പിക്കുന്നത് ചിലര്‍ക്ക് പ്രയോജനകരമായ പ്രവൃത്തിയായി തീര്‍ന്നേക്കും. എന്നാല്‍ ഇത്തരം ബാഹ്യ പ്രകടനങ്ങളാണോ ഒരാളുടെ ജിവിതത്തെ കൂടുതല്‍ അര്‍ഥവത്താക്കുന്നതെന്ന ചോദ്യം ഉയര്‍ത്തപ്പെടാവുന്നതാണ്. പ്രകടനപരതയാല്‍ ലഭിക്കുന്ന അംഗീകാരത്തിന്റെ ആയുസ്സ് കുറവായിരിക്കുമെന്നതില്‍ സംശയമില്ല. പ്രകടനപരതയില്‍ ഒരാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടും ചിലപ്പോള്‍ മരണാനന്തര ജീവിത്തിലുള്ള വിശ്വാസവും വിശ്വാസ രാഹിത്യവും ഒളിഞ്ഞിരിപ്പുണ്ട്; ചിലപ്പോള്‍ തെളിഞ്ഞും. അതുകൊണ്ട് ചിലര്‍ ലളിതമായ ജീവിതം കൊണ്ടും വിനയം കൊണ്ടും സഹജീവികള്‍ക്കിടയില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങുന്നു. വേണമെങ്കില്‍ സാധിക്കുമെന്നിരിക്കെ, ലളിതമായ ജീവിതം പിന്തുടരുന്നത് ഒരാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടും പ്രതിജ്ഞാബദ്ധതയുമാണ് വ്യക്തമാക്കുന്നത്. വേണമെങ്കില്‍ സാധിക്കാവുന്നത് എന്നിരിക്കെ ചിലര്‍ പലതും ഉപേക്ഷിക്കുമ്പോള്‍ കൂടുതല്‍ വിലപ്പെട്ടതാകുന്നു. ജീവിതം ലളിതവും എന്നാല്‍ മരണാനന്തരവും മറ്റുള്ളവരില്‍ ജീവിക്കേണ്ടതാണെന്നും അപൂര്‍വം ചില ആളുകള്‍ കരുതുന്നത് അവരുടെ വ്യക്തിത്വ വിശേഷം കൊണ്ടാണ്. പ്രകടനപരതയെ കൈയൊഴിയുകയും അനശ്വരമായേക്കാവുന്ന വേറിട്ട വഴി തെരഞ്ഞെടുക്കുകയും ചെയ്യുന്ന മഹാത്മാക്കളാണവര്‍. പ്രകടനപരതയിലെ കാഴ്ചപ്പാട് അനുകരണത്തില്‍ നിന്നാണ് ജനിക്കുന്നത്. അത് എല്ലാവരുടെയും വഴി സ്വീകരിക്കാനുള്ള മനോഭാവത്തില്‍ നിന്നാണ് ഉണ്ടാവുന്നത്.
കിരീടവും ചെങ്കോലും വലിച്ചെറിഞ്ഞ് സിംഹാസനത്തില്‍ നിന്നിറങ്ങി സാധാരണത്വത്തിന്റെ പെരുവഴിയിലേക്ക് എല്ലാവരും ഇറങ്ങുന്നില്ല. കോട്ടും സൂട്ടും ഷൂവും ഒഴിവാക്കി ഒറ്റ മുണ്ടിലേക്കും ഒരു സാധാരണ ചെരുപ്പിലേക്കും മാറുകഎന്നത് എളുപ്പവുമല്ല. ശ്രീബുദ്ധനും മഹാത്മായും അപൂര്‍വ പ്രതിഭാസങ്ങളാണ്. അവര്‍ പ്രകടനപരതയെ കൈയൊഴിയുന്നത്, അതിന്റെ ധാരാളിത്തത്തിലാണ്. വ്യക്തിത്വത്തിന്റെ ബാഹ്യമോടിയിലല്ല, ആന്തരിക വ്യക്തിത്വത്തിന്നാണ് അവര്‍ പ്രാധാന്യം കൊടുക്കുന്നത്. അവരുടെ ജീവിതം കാലത്തെ തോല്‍പ്പിക്കുന്നു. എല്ലാവര്‍ക്കും ഈ വിപ്ലവകരമായ വഴി തെരഞ്ഞെടുക്കുക സാധ്യമല്ല. പ്രകടനപരത ഏറ്റവും നശ്വരമായ നേട്ടങ്ങളേ ഉണ്ടാക്കുന്നുള്ളൂ എന്ന പാഠം ഇതില്‍ നിന്നും തിരിച്ചറിയാവുന്നതുമാണ്.
മറ്റുള്ളവരെ കാണിക്കാനും മറ്റുള്ളവര്‍ക്ക് കാഴ്ച വസ്തുവാകാനും സ്വന്തം ജീവിതമോ പ്രവൃത്തിയോ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥതയും നാശനഷ്ടങ്ങളുമാണ് ബാക്കിയാവുന്നത്.
ശേഷക്രിയ
1. പ്രകടനപരത പ്രധാനമായും സാമ്പത്തിക ഘടകങ്ങളുമായി’ബന്ധപ്പെട്ട് കിടക്കുന്നു. ഒരാള്‍ തനിക്കോ കുടുംബത്തിനോ അനുയോജ്യമല്ലാത്ത പ്രകടനപരത തെരഞ്ഞെടുക്കരുത്.
2. ഒരാളുടെ പ്രവൃത്തിയോ അധ്വാനമോ വഴി ആ വ്യക്തിക്കോ കുടുംബത്തിനോ സമുദായത്തിനോ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍മയുണ്ടാവണം. പരിഹാസമോ അപമാനമോ, മാനഹാനിയോ, സാമ്പത്തിക നഷ്ടമോ ഉണ്ടാക്കുന്ന കാട്ടിക്കൂട്ടലുകള്‍ ഒഴിവാക്കുക.
3. ഒരാളുടെ ജീവിതം ചിട്ടപ്പെടുത്തേണ്ടത് അയാളുടെ സൗകര്യങ്ങള്‍ക്കോ മോഹങ്ങള്‍ക്കോ ഇണങ്ങും വിധമാവുന്നതാണുചിതം. മറ്റുള്ളവരുടെ അഭിപ്രായ പ്രകടനത്തിന്, കാഴ്ചക്ക് എന്തെങ്കിലും ചെയ്യുമ്പോള്‍ അത് ബാധിക്കുന്നത് പ്രധാനമായും മറ്റുള്ളവരെയല്ല.
4. ഒരാള്‍ തന്റെ ഇഷ്ടത്തിനും സൗകര്യത്തിനും സാധ്യതകള്‍ക്കും വിലകൊടുക്കേണ്ടതുണ്ട്. അയാള്‍ക്ക് ആന്തരിക സംഘര്‍ഷം ഉണ്ടാക്കുന്നതാവരുത്.
5. മറ്റുള്ളവരുടെ അഭിപ്രായമാരായേണ്ടുന്ന സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അതാത് മേഖലയിലുള്ള വിദഗ്ദരുടെ സഹായം തേടുക.
6. മറ്റുള്ളവരുടെ അഭിപ്രായപ്രകടനത്തിന് മീതെ നമുക്ക് നിയന്ത്രണമില്ല. എന്നാല്‍ അഭിപ്രായമറിയിച്ചയുടനെ അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കരുത്. മറ്റുള്ളവരുടെ അഭിപ്രായത്തിനും സ്വന്തം പ്രവൃത്തിക്കുമിടയില്‍ ആലോചനയുടെ മാര്‍ഗം ഉണ്ടായിരിക്കണം. അറിയാവുന്ന ആളുകളുമായുള്ള കൂടിയാലോചനയോടൊപ്പം സ്വയം ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതിന് പ്രാധാന്യമുണ്ട്.
7. കാട്ടിക്കൂട്ടലിനും കാഴ്ച വെക്കലിനുമപ്പുറം ഏത് പ്രവര്‍ത്തിയുടെയും പ്രയോജനപരതക്ക് പ്രാധാന്യം കൊടുക്കുക.
8. പദവി മാറ്റത്തിനോ അംഗീകാരത്തിനോ ഒരു വസ്തുവോ പ്രവൃത്തിയോ തെരഞ്ഞെടുക്കുമ്പോള്‍ അത് ദീര്‍ഘ കാലത്തേക്ക് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമോ എന്ന് സ്വയം വിലയിരുത്തുക. ജീവിതാവസാനത്തിന് ശേഷം കുറച്ച് പേരെങ്കിലും ഓര്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ സാധാരണക്കാരെ അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമകളാക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് സ്വന്തം കുടുംബത്തിലും സുഹൃത്തുക്കളിലും പെട്ടവര്‍ ഈ വ്യക്തിയെ കുറേ കാലത്തേക്കെങ്കിലും ഒര്‍ക്കുന്നു.
9. ഒരാള്‍ നമ്മുടെ പ്രവൃത്തിയെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അത് നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമോ ശരിയോ അല്ലെന്ന് തോന്നുകയാണെങ്കില്‍ എനിക്കിഷ്ടവും സൗകര്യവും ഇതാണെന്ന് വിനയത്തോടെ പറയുക. ഒരു കുപ്പായമോ, സാരിയോ, പ്രവൃത്തിയോ നിങ്ങള്‍ക്ക് സുഖകരമാണെങ്കില്‍ മറ്റൊരാള്‍ വിമര്‍ശിക്കുകയോ എതിരഭിപ്രായം പറയുകയോ ചെയ്യുമ്പോള്‍ ഒരു കൊച്ചു വാചകം ധാരാളം: ''ഇതെനിക്ക് ഇഷ്ടമായി.''
10. മറ്റുള്ളവരുടെ കാഴ്ചക്കും അവരുടെ അഭിപ്രായത്തിനും വേണ്ടി മാത്രം എന്തെങ്കിലും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ ഇടക്കെങ്കിലും വിലയിരുത്തുക. അതില്‍ നിന്നും ഉള്‍ക്കൊള്ളാനുള്ള പാഠം സ്വീകരിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top