മതേതര ഫാസിസം പിടിമുറുക്കുമ്പോള്‍

സഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും വിളനിലമായാണ് പ്രബുദ്ധ കേരളീയ മനസ്സുകളെ നാം കണ്ടിരുന്നത്. മതേതരത്വത്തിന്റെ വിശാല ഭൂമികയില്‍ നിന്ന് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇതര മത ചിഹ്നങ്ങളെയും സഹിഷ്ണുതയോടെ നോക്കിക്കാണാനും നമുക്കായിരുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഓരോ ഭാരതീയന്റെയും ഭാഷാ വേഷ വെജാത്യങ്ങളെ അംഗീകരിച്ചും ആദരിച്ചും കൊണ്ടാണ് നാനാത്വത്തില്‍ ഏകത്വമെന്ന തികച്ചും ഭാരതീയമായ ചിന്തയെ നാം വികസിപ്പിച്ചത്. ഈ വൈജാത്യങ്ങളെ ആദരിക്കാനും അനുഷ്ഠിക്കാനുമുള്ള അവകാശത്തെയാണ് നാം മതേതരമെന്ന് പേരിട്ട് വിളിച്ചത്.
എന്നാല്‍ നമ്മുടെ മതേതര സങ്കല്‍പത്തിന് ഇളക്കം തട്ടിക്കുന്ന ചില ചിന്തകളും പ്രവൃത്തികളും പല കോണുകളില്‍ നിന്നും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ചില ചിഹ്നങ്ങളും അടയാടങ്ങളും സമൂഹമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് കേരളീയ മതേതതരത്വം ഒരു വിഭാഗത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണ്. കേരളീയ പൊതുബോധത്തില്‍ നല്ലതല്ലാത്ത ചിന്തകള്‍ ഉടലെടുക്കുന്നു എന്നതിന്റെ തെളിവാണ് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ശിരോവസ്ത്ര വിവാദം. ശിരോവസ്ത്രം യൂണിഫോമിന്റെ ഭാഗമല്ലെന്നും അതിനാല്‍ ശിരോവസ്ത്രമണിയുന്നത് അനുവദിക്കാനാവില്ലെന്നുമാണ് ചില സ്‌കൂളുകളുടെ ന്യായവാദം. പരമതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പര വിട്ടുവീഴ്ചയുടെയും ബാലപാഠങ്ങള്‍ അഭ്യസിച്ചെടുക്കേണ്ട വിദ്യാലയ മുറ്റങ്ങളാണ് പരമതനിന്ദയുടെയും അസഹിഷ്ണുതയുടെയും വേദിയാക്കി തല്‍പര കക്ഷികള്‍ മാറ്റുന്നത്. അതും മതവിശ്വാസത്തിന്റെ എല്ലാ അടയാളങ്ങളും ശരീരത്തില്‍ പേറിയവര്‍ തന്നെയാണ് മറ്റൊരു മതവിശ്വാസി അവന്റെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് വാശി പിടിക്കുന്നത്. നാടിന്റെയും വ്യക്തിയുടെയും സാംസ്‌കാരിക ശീലങ്ങളെ അടയാളപ്പെടുത്തുന്നവയാണ് വസ്ത്രങ്ങള്‍. ഈ അടയാളപ്പെടുത്തലുകള്‍ തനിക്ക് മാത്രമേ ആകാവൂ മറ്റുള്ളവര്‍ക്ക് പാടില്ല എന്നുപറയുന്നത് തികഞ്ഞ സാംസ്‌കാരിക ഫാഷിസമാണ്.
തന്റെതല്ലാത്ത വിശ്വാസാചാരങ്ങള്‍ പുലര്‍ന്നുകാണരുതെന്ന് വാശിപിടിക്കുന്ന ഇത്തരം മത ഫാഷിസത്തെ സംരക്ഷിച്ചു നിര്‍ത്താനാണ് നമ്മുടെ ഭരണകൂടവും പൊതുസമൂഹവും വ്യഗ്രത കാണിക്കുന്നതും. ഭരണഘടന നല്‍കിയ അവകാശത്തിന് വേണ്ടി തെരുവില്‍ ഏറ്റുമുട്ടേണ്ടി വരുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവന്റെ കൂടെ നില്‍ക്കാനല്ല, അവകാശ ധ്വംസകരെ സംരക്ഷിച്ചുനിര്‍ത്താനാണ് അവര്‍ വ്യഗ്രത കാണിക്കുന്നത്. പല നിറത്തിലും വലിപ്പത്തിലുമുള്ള തുണികള്‍ കൊടികളായി വാനില്‍ പറത്തുന്നവരൊക്കെയും സമൂഹത്തില്‍ കൃത്യമായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന മുസ്‌ലിം പെണ്ണിന്റെ തലയിലെ ഒരു കഷ്ണം തുണിയെയാണ് പേടിക്കുന്നത്. അതുകൊണ്ടാണ് ബഹുസ്വരതയെ നിരാകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ മേല്‍ ഭീകരതയുടെയും തീവ്രതയുടെയും നിഴല്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
മതേതരത്വമെന്നത് എല്ലാ മതങ്ങള്‍ക്കും അവനവന്റെ ഇഷ്ടപ്രകാരമുള്ള വിശ്വാസാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശമാണെന്നത് തീര്‍ത്തും മതനിരാസം എന്നാക്കി മാറ്റുന്ന തീവ്ര മതേതരത്വം ഇവിടെ ശക്തി പ്രാപിച്ചുവരികയാണ്. ഒന്നുകൂടി പറഞ്ഞാല്‍ മതേതരത്വം തന്നെ അസഹിഷ്ണുത പേറുന്ന മറ്റൊരു മതമാകുന്ന അവസ്ഥ. മതേതരത്വത്തിന്റെ ഉപോല്‍പന്നമായ സ്വതന്ത്രമാനവികതക്ക് ചില വിശ്വാസ പദ്ധതികളുണ്ട്. അത് ദേശീയതയുടെയും പാരമ്പര്യത്തിന്റെയും പേരുപറഞ്ഞ് ചില ആചാരാനുഷ്ഠാനങ്ങളെ പൊതുസമൂഹത്തില്‍ ആചരിച്ചുപോരുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നില്ലെന്നുമാത്രമല്ല, പലപ്പോഴും സ്വയം ആചരിക്കാറുമുണ്ട്.എന്നാല്‍ അത് മുസ്‌ലിമിന്റെതാകുമ്പോള്‍ എതിര്‍ത്തേ പറ്റൂ എന്ന വാശിയാണവര്‍ക്ക്. തീവ്ര മതേതരവാദിയാകണമെങ്കില്‍ തീവ്ര മുസ്‌ലിം വിരോധിയാകേണ്ടി വരുന്ന ഗതികേടാണിത്.
മുസ്‌ലിം പെണ്ണിന്റെ ഇന്നുള്ള പുരോഗതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന വിപ്ലവ മതേതരവാദികളും തട്ടത്തിന്‍ മറയത്തുനിന്ന് അവളെ രക്ഷിച്ചെടുക്കാന്‍ ചൂടും ചൂരും ആണത്തവുമുള്ള മതേതര പുരുഷനെ അഭ്രപാളികളില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവരും മതം തന്ന കരുത്തും വിശാലതയും ഉപയോഗിച്ചുകൊണ്ട് മുസ്‌ലിം പെണ്ണ് പൊതു ഇടങ്ങളെ തന്റേതു കൂടിയാക്കി മാറ്റാന്‍ പരിശ്രമിക്കുമ്പോള്‍ അത് സ്വാഗതം ചെയ്യുമ്പോഴാണ് സാംസ്‌കാരിക ഔന്നിത്യമുണ്ടാകുകയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ തുറസ്സുകളുപയോഗിച്ച് മതവിശ്വാസത്തെയും മതകീയാവിഷ്‌കാരങ്ങളെയും പുണരാന്‍ ശ്രമിക്കുന്നവരെ അറിവുനേടുന്നിടത്തു നിന്നുപോലും ആട്ടിയോടിക്കാനുള്ള ശ്രമം മുസ്‌ലിം പെണ്ണിന്റെ മുന്നേറ്റങ്ങള്‍ കണ്ടിട്ടുള്ള ഭയം തന്നെയാണെന്ന് പറയേണ്ടി വരും.
കണ്ണും കാതും തുറന്നുവെച്ച് ശിരോവസ്ത്രം ധരിക്കുന്നവരെയും മുസ്‌ലിം പെണ്ണിന്റെ ഈ അവകാശത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നവരെയും തീവ്രവാദികളാക്കി പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണ-ഉദ്യോഗസ്ഥ മേധാവികളും അവര്‍ക്കതിനെല്ലാം പ്രോത്സാഹനം നല്‍കുന്നവരും അക്കാര്യത്തിന് കാണിക്കുന്നതിന്റെ നേരിയ ശുഷ്‌കാന്തിയെങ്കിലും പൊതുനന്മക്കായി വിനിയോഗിച്ചെങ്കില്‍ ഹരിത കേരളമെന്ന സുന്ദര കേരളം സരിത കേരളമായി നാറില്ലായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top