ഒരു കഷ്ണം തുണിയെ പേടിച്ചവര്‍

സകിയ സക്കരിയ്യ No image

അടുത്തിടെ മീഡിയാവണ്‍ ചാനലില്‍ സ്‌പെഷല്‍ എഡിഷനില്‍ ഒരു ഫാദര്‍ സംസാരിക്കുകയുണ്ടായി. സഭക്കു കീഴിലുള്ള സ്‌കൂളുകളില്‍ ചിലതൊഴികെ ശിരോവസ്ത്രം അനുവദിക്കുന്നുണ്ടെന്ന്. സി.ബി.എസ്.സി പോലുള്ള സ്‌കൂളുകളിലാണ് അനുവദിക്കാത്തതെന്നും മറ്റും. എന്റെ അനുഭവം പറയട്ടെ.
ഞാന്‍ പഠിച്ചത് സഭക്ക് കീഴിലുള്ള എയ്ഡഡ് സ്‌കൂളിലാണ്. സ്റ്റേറ്റ് സിലബസായിരുന്നു. ഇതുവരെ അവിടെ മഫ്തയിടാന്‍ അനുവാദം കൊടുത്തിട്ടില്ല. എനിക്ക് മുന്‍പും ആരും മഫ്തയിട്ട് പോയിട്ടുമില്ല. ഇത് എനിക്കുണ്ടായ അനുഭവമാണ്.
ശിരോവസ്ത്രം സംബന്ധിച്ച വിവാദമാണ് ഇപ്പോള്‍ ഇതെഴുതണമെന്ന തോന്നല്‍ ഉണ്ടാക്കിയത്. ശിരോവസ്ത്രം തീരെ അനുവദിക്കാത്ത ഒരു സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് പഠനം പൂര്‍ത്തിയാക്കിയതിനെപ്പറ്റിയാണ് ഈ കഥ.
എഴാം തരം വരെയുള്ള പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ നാട്ടിലെ ഭേദപ്പെട്ട ഒരു സ്‌കൂളിലാക്കണമെന്ന് ഉപ്പ തീരുമാനിച്ചു. അഡ്മിഷന്‍ ദിവസം ഉപ്പയും ഞാനും കൂടി സ്‌കൂളിലേക്ക് തിരിച്ചു. ബസ്സിറങ്ങി സ്‌കൂള്‍ ഗേറ്റ് എത്തിയപ്പോള്‍ ഉപ്പ പറഞ്ഞു: ''മോളെ മക്കന അഴിച്ചു മാറ്റിക്കോളൂ. ഒരു ഷാള്‍ ഇട്ടാല്‍ മതി. സ്‌കൂളിനെപ്പറ്റി ഏതാണ്ടൊരു ബോധ്യമുണ്ടായിരുന്ന ഉപ്പ വീട്ടില്‍ നിന്ന് തന്നെ ഷാള്‍ കരുതാന്‍ പറഞ്ഞിരുന്നു. ഉപ്പ പറഞ്ഞതു പോലെ ഷാള്‍ കഴുത്തിലിട്ട് ഞങ്ങള്‍ സ്‌കൂളിലേക്ക് ചെന്നു. അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ ഊഴമെത്തി. എല്ലാവരേയും നോക്കുന്നതുപോലെ എന്നെയും നോക്കി. വേഷത്തില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. അഡ്മിഷന്‍ കിട്ടി.
ജൂണ്‍ മാസം വന്നെത്തി. സ്‌കൂള്‍ തുറക്കുന്ന ദിവസം ഫുള്‍കൈ ഷര്‍ട്ടും ഫുള്‍ പാവാടയും മക്കനയും ധരിച്ച് ഞാന്‍ സ്‌കൂളിലെത്തി. ഏതോ അന്യഗ്രഹ ജീവിയെ കണ്ടതുപോലൊരു പ്രതീതിയായിരുന്നു എല്ലാവര്‍ക്കും. പുതുതായി ചേര്‍ന്ന കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു. അസംബ്ലിക്ക് പോകേണ്ട രീതിയൊക്കെ പറഞ്ഞു കൊടുക്കാന്‍ വേണ്ടിയായിരുന്നു അത്. അക്കൂട്ടത്തില്‍ നിന്ന എന്നെ സിസ്റ്റര്‍ കൈയോടെ പിടിച്ചു. ''കുട്ടീ ഈ വേഷം ഇവിടെ പറ്റില്ലെന്നറിയില്ലേ?'' എന്നായിരുന്നു ആദ്യ ചോദ്യം. നാളെ ഈ വേഷത്തില്‍ വരാന്‍ പാടില്ല. ഞാന്‍ തലയാട്ടി. അങ്ങനെ അസംബ്ലിക്കായി ബെല്ലടിച്ചു. എല്ലാവരും വരിയായി നടന്ന് ഗ്രൗണ്ടില്‍ ചെന്നു നിന്നു. അസംബ്ലി തുടങ്ങാറായി. ഒരു സിസ്റ്റര്‍ എന്റെ നേരെ നടന്നു വന്നു. എന്നിട്ടു പറഞ്ഞു. ''കുട്ടീ ഈ വേഷത്തില്‍ ഇവിടെ പാടില്ല. ഇവിടത്തെ നിയമങ്ങള്‍ അറിയില്ലേ?'' പിന്നെ ചോദ്യമിതായിരുന്നു. ''നീ ഏതു വേഷത്തിലായിരുന്നു അഡ്മിഷന് വന്നത്? ഈ വേഷത്തിലായിരുന്നോ? ഞാന്‍ പറഞ്ഞു. ''ഈ വേഷത്തിലായിരുന്നില്ല. (ഞാനുദ്ദേശിച്ചത് യൂണിഫോമല്ല എന്ന അര്‍ഥത്തിലായിരുന്നു) ''അഡ്മിഷനു വന്നപ്പോള്‍ ഈ വേഷം ഇവിടെ പാടില്ലെന്ന് ആരും പറഞ്ഞില്ലേ?'' എന്നതായിരുന്നു പിന്നത്തെ ചോദ്യം. ഞാന്‍ പറഞ്ഞു ''ഇല്ല'' എന്തായാലും ഈ വേഷമിട്ട് ഇങ്ങോട്ട് വരരുതെന്ന് സിസ്റ്റര്‍ തീര്‍ത്ത് പറഞ്ഞു.
ക്ലാസില്‍ ചെന്നപ്പോള്‍ ക്ലാസ് സിസ്റ്ററും അതുതന്നെയാവര്‍ത്തിച്ചു. അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേ ദിവസം ഞാന്‍ സ്‌കൂളിലെത്തി. അതേ വേഷത്തില്‍. ഞാന്‍ ക്ലാസില്‍ കയറിയിരുന്നു. പ്രത്യേകിച്ചാരും എന്റെയടുത്ത് കൂട്ടുകൂടാന്‍ വന്നില്ല. പകര്‍ച്ചവ്യാധിക്കാരോടുള്ളത് പോലെയായിരുന്നു എന്നോടുള്ള പെരുമാറ്റം. അസംബ്ലിക്ക് ബെല്ലടിച്ചു. പൊതുവെ ഭയം കൂടപ്പിറപ്പായ എനിക്ക് പടച്ചവന്‍ ധൈര്യം തന്നു. ഞാന്‍ അസംബ്ലിയിലേക്ക് നടന്നു. ഗ്രൗണ്ടിലെത്തും മുമ്പേ സിസ്റ്റര്‍ പിടിച്ചു. ''കുട്ടി ഇവിടെ വരാന്തയില്‍ നിന്നാല്‍ മതി. ഈ വേഷത്തില്‍ അസംബ്ലിയില്‍ പോകാന്‍ പറ്റില്ല.'' സിസ്റ്റര്‍ പറഞ്ഞു. ഞാന്‍ വരാന്തയുടെ മൂലയില്‍ നിന്നു. എന്റെ കൂടെ കുറച്ച് പേര്‍ കൂടിയുണ്ടായിരുന്നു. യൂണിഫോം കിട്ടാത്തതിനാല്‍ കളറിട്ടു വന്നവര്‍. അക്കൂട്ടത്തില്‍ എന്നെ നിര്‍ത്തി. അതായത് എന്റേത് യൂണിഫോമായി അവര്‍ കണക്കാക്കിയില്ലെന്നര്‍ഥം. അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളൊക്കെ ഒരു പ്രത്യേക നോട്ടം. ഞാനെന്തോ വലിയ തെറ്റു ചെയ്തതുപോലെ. അസംബ്ലി കഴിഞ്ഞ് എല്ലാവരും ക്ലാസ്മുറിയില്‍ കയറി. ക്ലാസ് സിസ്റ്റര്‍ വന്നു. ഹാജര്‍ വിളിച്ചു. പിന്നെ നേരെ വന്നത് എന്റെ അടുത്തേക്കായിരുന്നു. ഞാന്‍ എണീറ്റു. മൂന്നാമത്തെ ബെഞ്ചിലായിരുന്നു ഞാനിരുന്നത്. സിസ്റ്റര്‍ പറഞ്ഞു. ''കുട്ടി ഇവിടന്ന് എണീറ്റ് ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കൂ. ഞാനെഴുന്നേറ്റ് ലാസ്റ്റ് ബെഞ്ചില്‍ മൂലക്കിരുന്നു. 72 കുട്ടികളുണ്ടായിരുന്നു ക്ലാസില്‍. എന്നെക്കാള്‍ ഉയരമുള്ള പലരും എന്റെ മുന്നിലായപ്പോള്‍ എനിക്ക് ബോര്‍ഡും ക്ലാസ്സെടുക്കുന്നതൊന്നും കാണാന്‍ കഴിയാതെയായി. സിസ്റ്റര്‍ ഞാനിരിക്കുന്നിടത്തേക്ക് വീണ്ടും വന്നു. കര്‍ക്കശമായ രീതിയിലായിരുന്നു ചോദ്യം. ''എന്താ കുട്ടിയുടെ ഉദ്ദേശ്യം? പറഞ്ഞാല്‍ മനസ്സിലാവില്ലേ?'' നാളെ ഈ വേഷത്തില്‍ ഇവിടെ കാണരുത്.'' ഞാന്‍ ശരിയെന്ന് മൂളി. ക്ലാസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ വന്ന് എന്നെ പുറത്തേക്ക് വിളിച്ചു. കുറെ കാര്യങ്ങള്‍ ചോദിച്ചു. ''കുട്ടീ ഇതിനു മുമ്പും ഇവിടെ ധാരാളം മുസ്‌ലിം കുട്ടികള്‍ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പഠിക്കുന്നുമുണ്ട്. അവരെല്ലാവരും ഇവിടത്തെ നിയമങ്ങള്‍ അനുസരിച്ചിട്ടുണ്ട്. കുട്ടിക്ക് മാത്രമെന്താ അനുസരണയില്ലാത്തത്. നിങ്ങളുടെ കൂട്ടത്തില്‍ ഒരു തരം വസ്ത്രം ഇടുന്നവരില്ലേ? (പര്‍ദയാണ് സിസ്റ്റര്‍ ഉദ്ദേശിച്ചത്) ഞാന്‍ ചോദിച്ചു. ''സിസ്റ്റര്‍ ഇടുന്നതു പോലെയുള്ളതാണോ? സിസ്റ്ററിന് ഒരു ചമ്മല്‍ അനുഭവപ്പെട്ടു. സിസ്റ്റര്‍ പറഞ്ഞു. ''ആ, അങ്ങനെ തന്നെ വേഷമിട്ടവരുടെ മക്കളും ഇവിടെ പഠിച്ചു പോയിട്ടുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത അനുസരണക്കേടാ കുട്ടിക്ക്. എന്തായാലും നാളെ രക്ഷിതാവിനോട് വരാന്‍ പറയണം. എന്നും പറഞ്ഞ് സിസ്റ്റര്‍ പോയി. ഞാന്‍ ക്ലാസില്‍ കയറിയിരുന്നു. അടുത്ത മലയാളം പിരീഡില്‍ ടീച്ചര്‍ വന്നു. ഗുഡ്‌മോണിംഗ് പറഞ്ഞ് എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞ ശേഷം നേരെ വന്നത് എന്റെയടുത്തേക്കായിരുന്നു. വന്നപാടെ മഫ്ത പൊക്കി നോക്കിയിട്ട് പറഞ്ഞു. ''ഈ മുടിയൊക്കെയെന്തിനാ ആരും കാണാതെ മറച്ചു വെക്കുന്നത്. എന്നിട്ട് ടീച്ചര്‍ സാരിത്തുമ്പ് തലയിലൂടെ ചുറ്റിയിട്ട് കുട്ടികളുടെ നേരെ തിരിഞ്ഞ് ഒരു ചോദ്യം. ''കുട്ടികളെ, ഇപ്പോ എന്നെ കാണാന്‍ എങ്ങനെയുണ്ട്?'' കുട്ടികളെല്ലാവരും കൂടി ചിരിച്ചു. ടീച്ചറിന്റെ കളിയാക്കലില്‍ എല്ലാവരും പങ്കുചേര്‍ന്നു. എന്റെ മനസ്സ് സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി. നാളെ ഇതുപാടില്ലെന്ന താക്കീതോടെ ടീച്ചര്‍ പോയി. ആ ദിവസവും കഴിഞ്ഞു.
പിറ്റേ ദിവസവും അസംബ്ലിക്ക് വരാന്തയില്‍ തന്നെ സ്ഥാനം. അസംബ്ലി കഴിഞ്ഞ് ഗോവണിപ്പടി കയറുന്നതിനു മുന്‍പുതന്നെ പ്രിന്‍സിപ്പാള്‍ അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. ''രക്ഷിതാവിനെ കൂട്ടി വരാന്‍ പറഞ്ഞിട്ട് എവിടെ?'' സിസ്റ്ററുടെ ചോദ്യം. ഞാന്‍ പറഞ്ഞു. ''വരാമെന്ന് പറഞ്ഞിട്ടുണ്ട്.'' അങ്ങനെ ഉപ്പ വരുമെന്നുള്ള പ്രതീക്ഷയില്‍ ആ ദിവസം ഒന്നും തന്നെ പറഞ്ഞില്ല. പിറ്റേ ദിവസം വീണ്ടും പിടിയിലായി. ''ഇന്നെന്തായാലും ഉപ്പ വരും'' ഞാന്‍ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഉപ്പ വന്നു. എന്നെ ക്ലാസില്‍ നിന്ന് വിളിച്ചു. പ്രിന്‍സിപ്പാളും ക്ലാസ്സ്‌സിസ്റ്ററും ഞങ്ങളുടെ അടുത്തേക്ക് വന്നു. അവര്‍ ഉപ്പയോട് പറഞ്ഞു. ''ഈ വേഷം ഇവിടെ അനുവദിക്കില്ലെന്ന് പലവട്ടം പറഞ്ഞതാണ്. അനുസരിച്ചില്ല. അതാ നിങ്ങളോട് വരാന്‍ പറഞ്ഞത്.'' ഞങ്ങള്‍ കുറെ സംസാരിച്ചു. അതിനിടയില്‍ ഞാന്‍ ചോദിച്ചു. ''സിസ്റ്റര്‍ തല മറക്കുന്നുണ്ടല്ലോ?'' അതു ഞങ്ങളുടെ ട്രസ്റ്റിന്റെ കല്‍പനയാണെന്നായിരുന്നു മറുപടി. എന്നാലിതു ദൈവത്തിന്റെ കല്‍പനയാണെന്ന് ഞാനും പറഞ്ഞു. സിസ്റ്റര്‍ പറഞ്ഞു: ''ഈ വേഷം ഇവിടെ അനുവദിക്കാന്‍ കഴിയില്ല. നാളെ കാവിയിട്ട് വന്നാല്‍ അതും അനുവദിക്കേണ്ടതായി വരും. അതുകൊണ്ട് ഈ വേഷത്തില്‍ ഇവിടെ പഠനം തുടരാന്‍ അനുവദിക്കില്ല. വേണമെങ്കില്‍ മറ്റൊരു സ്‌കൂളിലേക്ക് അഡ്മിഷന്‍ തരാം.'' അതു പറ്റില്ലെന്ന് ഉപ്പ തീര്‍ത്തു പറഞ്ഞു. നിങ്ങള്‍ ഡിസ്മിസ് ഓഡര്‍ എഴുതിത്തരൂ, അപ്പോള്‍ ഞങ്ങള്‍ പോകാമെന്നും ഉപ്പ പറഞ്ഞു. ഇതിന് അവര്‍ തയ്യാറായില്ല. കാരണം അതൊരു തെളിവാണല്ലോ. എന്റെ മോള്‍ ഇവിടെത്തന്നെ പഠിക്കുമെന്ന് പറഞ്ഞ് ഉപ്പ പോയി. പിറ്റേ ദിവസം ക്ലാസ് സിസ്റ്റര്‍ വന്നെന്നോട് പറഞ്ഞു: ''ഒന്നുകില്‍ നീ പോകും. അല്ലെങ്കില്‍ ഞാന്‍ പോകും.'' ആ ദിവസം വെള്ളിയാഴ്ച ഒരു പിരീഡ് മോറല്‍ സയന്‍സാണ്. കുറച്ചു പേര്‍ ബുക്കെടുക്കാന്‍ മറന്നു. അക്കൂട്ടത്തില്‍ ഞാന്‍ പെട്ടു. സിസ്റ്റര്‍ വടിയെടുത്തു എല്ലാവരെയും അടിച്ചു വന്ന് എന്റെ ഊഴമെത്തി. സര്‍വ ശക്തിയുമെടുത്ത് എനിക്ക് നല്ലൊരടി തന്നു. അത് ഞാന്‍ പ്രതീക്ഷിച്ചതാണ്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പറഞ്ഞതുപോലെ തന്നെ സിസ്റ്റര്‍ പോയി. ഒരു വര്‍ഷം കഴിഞ്ഞു വന്നെങ്കിലും എന്റെ ക്ലാസില്‍ വന്നില്ല. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. അസംബ്ലി, വരാന്തയില്‍ നിന്നും ക്ലാസ്‌റൂമിലായി. എല്ലാവരും ഗ്രൗണ്ടില്‍ അസംബ്ലി കൂടുമ്പോള്‍ ഞാന്‍ തനിച്ച് ക്ലാസ്സിലായിരുന്നു.
ആ അധ്യയന വര്‍ഷം കടന്നുപോയി. പിറ്റേ കൊല്ലം പകുതിയായപ്പോള്‍ ഒരു പുതിയ സിസ്റ്റര്‍ വന്നു. ആ സിസ്റ്റര്‍ മാത്രം എന്നോട് കരുണയോടെ പെരുമാറി. അതെന്തുകൊണ്ടാണെന്നറിയില്ല. ഞാന്‍ അസംബ്ലിക്ക് പോകാത്തത് സിസ്റ്ററുടെ ശ്രദ്ധയില്‍ പെട്ടു. കാരണം തിരക്കിയപ്പോള്‍ അനുവാദമില്ലാത്തതിനാലാണെന്ന് ഞാന്‍ പറഞ്ഞു. സിസ്റ്റര്‍ പ്രിന്‍സിപ്പലിനെ കണ്ടു സംസാരിച്ചു. വെയില്‍ കൊള്ളാന്‍ പറ്റാത്ത അസുഖക്കാര്‍ നില്‍ക്കുന്ന സ്ഥലമുണ്ട്. അവിടെ നില്‍ക്കാന്‍ ആദ്യം അനുവാദം കിട്ടി. പിന്നീട് ഗ്രൗണ്ടില്‍ നില്‍ക്കാനുള്ള അനുവാദവും തന്നു. സ്‌കൂള്‍ ജീവിതത്തിലെ ഓരോ പ്രയാസങ്ങളും എന്നെ മാനസികമായി തളര്‍ത്തി. തികച്ചും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. പരിപാടികളിലൊന്നും എന്നെ പങ്കെടുപ്പിക്കില്ല. അങ്ങനെ പത്താം തരം പൂര്‍ത്തിയാക്കി ഞാന്‍ സ്‌കൂളിനോട് വിടപറഞ്ഞു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top