ഔപചാരികതക്കപ്പുറം ചില വര്‍ത്തമാനങ്ങള്‍

സഫിയ അലി / ബിശാറ മുജീബ്‌
2013 ആഗസ്റ്റ്

 

 

ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട്  സഫിയ അലിയുമായി ആരാമം നടത്തിയ അഭിമുഖം / ബിശാറ മുജീബ്‌

സംസ്ഥാന നേതൃത്വത്തില്‍ എത്തിയ ഉടനെത്തന്നെയാണോ പ്രസിഡണ്ടാകുന്നത്? തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്തെല്ലാം ലക്ഷ്യങ്ങളായിരുന്നു മുന്നില്‍?
ആദ്യമായാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാവിഭാഗത്തിന്റെ പ്രസിണ്ടാകുന്നത്. വളരെയേറെ ഉത്തരവാദിത്തമുള്ള സ്ഥാനമാണിത്. ഇതിനുമുമ്പ് കോഴിക്കോട് ജില്ലയുടെ പ്രസിഡന്റയിരുന്നു.
സ്ത്രീകള്‍ സാമൂഹികമായും സാംസ്‌കാരികമായും പല രംഗത്തും എത്തിപ്പെട്ടെങ്കിലും വേണ്ടത്ര പുരോഗമിച്ചിട്ടില്ല. അവരുടെ ബാധ്യതകളെക്കുറിച്ചുളള പൂര്‍ണ അറിവില്ലായ്മയും അവകാശങ്ങളെക്കുറിച്ച ധാരണയില്ലായ്മയുമാണ് അതിനുകാരണം. സ്ത്രീകളെ സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ പ്രാപ്തരാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്.
അത് ഏറെക്കുറെപൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടോ?
ഏതൊരു ലക്ഷ്യവും മനസ്സില്‍ കാണുന്നപോലെ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയണമെന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തകരെല്ലാം 30 വയസ്സിന് മുകളിലുള്ളവരാണ്. ഏറെ പ്രായം ചെന്നവരും കുറവല്ല. അവരില്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമോ മാറിവരുന്ന ടെക്‌നോളജിയെ കുറിച്ചുള്ള അറിവോ വേണ്ടത്ര ഇല്ല. നിലവിലെ സമൂഹത്തോട് സംവദിക്കാന്‍ ഇതെല്ലാം അത്യന്താപേക്ഷിതമായിരിക്കെ അത്തരമൊരുണര്‍വ്വ് നമ്മുടെ സ്ത്രീകള്‍ സ്വായത്താക്കണമെന്നാഗ്രഹിക്കുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം തുടക്കങ്ങളിലൂടെ ഏറെക്കുറെ ലക്ഷ്യം നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കും.
സ്വന്തം തീരുമാനങ്ങളും നയങ്ങളും എടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനുണ്ടോ?
ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനം സ്ത്രീകളും കുട്ടികളും കൂടി ഉള്‍പ്പെട്ടതാണ്. അതുകൊണ്ട് തന്നെ സ്ത്രീകളായ ഞങ്ങള്‍ക്ക് സ്വന്തമായി പ്രത്യേകം തീരുമാനങ്ങളും നയങ്ങളും എടുക്കേണ്ട ആവശ്യമില്ല. ഒന്നിച്ചിരുന്ന് കൂടിയാലോചനയിലൂടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികള്‍ രൂപപ്പെടുത്തുന്നത്. സ്തീകള്‍ പ്രത്യേകമായി എന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഹല്‍ഖാ അമീറില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും അത് നടപ്പാക്കുക.
തീരുമാനങ്ങളെടുക്കാന്‍ സഹായകമാകുന്ന കമ്മറ്റിയോ മറ്റോ നിലവില്‍ നേതൃത്വത്തിനുണ്ടോ? ഇതിന്റെ ഘടന എങ്ങനെയാണ്?
ജമാഅത്തെ ഇസ്‌ലാമി സ്ഥാപകമായതു മുതല്‍ അതിന് ഒരു കൂടിയാലോചനാസമിതിയുണ്ട്. അതില്‍ വനിതാപ്രാധിനിധ്യം നേരത്തെ തന്നെയുണ്ട്. സെക്രട്ടറി സ്ഥാനത്തും പ്രതിനിധിസഭയിലും വനിതകളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും ഉന്നത ബോഡിയായ കേന്ദ്ര പ്രതിനിധി സഭയില്‍ പോലും 19 വനിതകളുണ്ട്.
ജമാഅത്തെ ഇസ്‌ലാമി വനിതാവിംഗിന്റെ സംസ്ഥാന ഘടന പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ട 16 അംഗങ്ങള്‍, 14 ജില്ലകളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍ എന്നിവരടങ്ങുന്നതാണ്.
ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ താങ്ങിനിര്‍ത്താനുള്ള വലിയൊരു ശക്തിയായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ശരിയല്ലേ?
ശരിയല്ല, അതിന്റെ ഭാഗമായാണ് വനിതാ വിഭാഗം നിലകൊള്ളുന്നത്. ഇത് വകുപ്പ് നേതൃത്വവും മറ്റ് ഭാരവാഹികളുമടങ്ങുന്ന ഒരു വനിതാവിംഗാണ്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം എന്നത് ഒരു സ്വതന്ത്ര സംഘടനയല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പോഷകഘടകമാണത്. അതുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കാവുക എന്നത് ഞങ്ങളുടെ ബാധ്യതയാണെന്ന് പറയുന്നതില്‍ തെറ്റില്ല.
വനിതാ വിംഗിന്റെ പ്രവര്‍ത്തനരീതി എങ്ങനെയാണ്? പുരുഷ ഹല്‍ഖയില്‍ നിന്ന് വ്യത്യസ്തമാണോ?
വനിതാവിംഗിന്റെ പ്രവര്‍ത്തനരീതി പുരുഷ ഘടനയുടെ പ്രവര്‍ത്തന രീതിയോട് സാമ്യമുള്ളതാണ്. ഒരു പ്രദേശത്തുള്ള വനിതാ പ്രവര്‍ത്തകര്‍ ആഴ്ചയില്‍ ഏതെങ്കിലുമൊരു ദിവസം ഒരുമിച്ചുകൂടി ഖുര്‍ആന്‍, ഹദീസ് പഠനരീതികള്‍, സമകാലിക ചര്‍ച്ചകള്‍, വാര്‍ത്ത അവലോകനം തുടങ്ങിയ പരിപാടികള്‍ നടത്തുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഈ കൂട്ടം പ്രാദേശിക ഘടന (ഹല്‍ഖ) എന്നാണറിയപ്പെടുന്നത്. ഇതിന് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങിയ നേതൃത്വം ഉണ്ടായിരിക്കും. ഇങ്ങനെ അടുത്ത പ്രദേശങ്ങളിലെ ഹല്‍ഖകള്‍ ചേര്‍ന്ന് ഏരിയ രൂപപ്പെടുത്തുന്നു. ഏരിയ കണ്‍വീനറും സെക്രട്ടറിയും പ്രാദേശിക ഘടകങ്ങളുടെ ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ടവരും അടങ്ങിയ ഏരിയാ സമിതിയുമുണ്ട്. അതിനു മുകളില്‍ ഏരിയ ഭാരവാഹികളും ജില്ലാ നേതൃത്വവും തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളും ചേര്‍ന്ന ജില്ലാസമിതിയും കഴിഞ്ഞാണ് സംസ്ഥാന നേതൃത്വം രൂപപ്പെടുത്തുന്നത്.
സമൂഹത്തിലെ ഇതര വനിതാ സംഘടനകള്‍ നിങ്ങളുടെ പ്രവൃത്തിയെയും സംഘടനാ പ്രവര്‍ത്തനങ്ങളെയും എങ്ങനെയാണ് കാണുന്നത്?
ശ്ലാഘനീയമായ രീതിയിലാണ്. ഏതാണ്ടെല്ലാ പരിപാടികളിലും മറ്റു സംഘടനകളിലെ നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ടേബിള്‍ടോക്ക്, സെമിനാര്‍, ടീപാര്‍ട്ടി പോലുള്ള പരിപാടികളെല്ലാം മറ്റുള്ളവരെ പങ്കെടുപ്പിച്ച് നടത്തിവരാറുണ്ട്. എന്നാല്‍ അവര്‍ നേതൃത്വം നല്‍കുന്ന പരിപാടികളില്‍ ഞങ്ങളുടെ പങ്കാളിത്തം പരിമിതമാണ്.
മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാറുണ്ടോ?
കുട്ടികള്‍ക്ക് വേണ്ടി സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ.ആര്‍.സി (Our Responsibility to Children), മദ്യവിരുദ്ധ സമിതി, കോഴിക്കോട് സാധാരണക്കാരായ സ്ത്രീകളുടെയും തീരദേശത്തെ പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയുമെല്ലാം ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന മെസ്സേജ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കാറുണ്ട്. അതിന്റെയെല്ലാം സംഘാടകരുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍ പലപ്പോഴും പല കാര്യങ്ങളുടെയും സുഗമമായ നടത്തിപ്പിന് ഇവരുടെ സഹകരണം സഹായകമാവാറുമുണ്ട്.
പ്രസ്ഥാന പ്രവര്‍ത്തനവും ഇത്തരം കാര്യങ്ങളും ഒന്നിച്ച് കൊണ്ടുപോകുന്നത് എങ്ങനെയാണ്. അതിന് ജമാഅത്ത് പുരുഷഘടകത്തില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ടോ?
പ്രസ്ഥാനത്തിന് അത്തരം ഇടപെടലുകള്‍ ഞങ്ങള്‍ നടത്തുന്നതിനോട് അനുകൂലമായ നിലപാടാണ്. വ്യക്തി ബന്ധങ്ങളും കൗണ്‍സലിംഗ് ക്ലാസ്സുകളും അതുപോലുള്ള മറ്റു പൊതുക്ലാസ്സുകളില്‍ നിന്നുള്ള അറിവും എന്നും പ്രചോദനമാകുമെന്ന അഭിപ്രായമാണ് പ്രസ്ഥാനത്തിന്റെത്.
എന്തെങ്കിലും ആരോപണങ്ങള്‍ നേരിടേണ്ടി വരികയോ അതിന് മറുപടി പറയുകയോ ചെയ്യേണ്ടി വന്നിട്ടുണ്ടോ?
എന്റെ അറിവില്‍ വനിതാപ്രസ്ഥാനത്തിന് നേരിട്ട് ഇടപെടേണ്ടി വരുന്ന രീതിയിലുള്ള ആരോപണങ്ങളോ ഇടപെടലുകളോ ഇന്നുവരെ ഉണ്ടായിട്ടില്ല.
കുടുംബജീവിതവും പ്രസ്ഥാനപ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടോ?
തീര്‍ച്ചയായും. കുടുംബജീവിതവും പ്രസ്ഥാന പ്രവര്‍ത്തനവും പരസ്പര പൂരകങ്ങളാണ്. ഒന്നിനുവേണ്ടി മറ്റൊന്നിനെ അവഗണിക്കേണ്ടതില്ല.
ഏതു പ്രവര്‍ത്തനത്തിനാണ് ഇറങ്ങുന്നതെന്നും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും കൃത്യമായി കുടുംബത്തെ ബോധ്യപ്പെടുത്തണം. ചില അഡ്ജസ്റ്റ്‌മെന്റുകള്‍ കുടുംബത്തില്‍ നിന്നുകൂടി ഉണ്ടായാല്‍ നൂറു ശതമാനവും വിജയിക്കാനാവും. ഒരു സ്ത്രീ സമൂഹത്തിലേക്കിറങ്ങുമ്പോള്‍ സ്വാഭാവികമായും സ്ത്രീകള്‍ ചെയ്‌തേ പറ്റൂ എന്ന് സമൂഹം വാശിപിടിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഉദാഹരണമായി ഭക്ഷണമുണ്ടാക്കല്‍, വീട് വൃത്തിയാക്കല്‍, അലക്കല്‍ പോലുള്ളവ. അത്തരമൊരു വാശി എന്റെ കുടുംബത്തിനില്ലാത്തതാണ് എന്റെ പൊതു ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. അതിനാല്‍ അദ്ദേഹത്തിന്റെ സഹായത്തോടെ കുടുംബകാര്യങ്ങള്‍ വളരെ യുക്തിപൂര്‍വം കൈകാര്യം ചെയ്ത് മുന്നോട്ട്‌കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്.
പ്രസ്ഥാനത്തെ ആദ്യമായറിഞ്ഞത് എന്നുമുതലാണ്?
എന്റെ ചിന്തയുടെ ഭാഗമായാണ് ആദ്യമായി പ്രസ്ഥാനവുമായി അടുക്കുന്നത്. സാധാരണ സുന്നി കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതാണെങ്കിലും പഠിച്ചതും അക്കാലത്ത് പുതിയ ആശയങ്ങള്‍ മനസ്സിലാക്കിയതും മുജാഹിദ് സ്ഥാപനങ്ങളില്‍ നിന്നും അതിന്റെ പ്രസ്ഥാനത്തില്‍ നിന്നുമാണ്. എന്നാല്‍ അതിനേക്കാള്‍ പര്യാപ്തമായ ഒന്നിനുവേണ്ടി മനസ്സ് പരതിക്കൊണ്ടിരുന്നു.
1973-ല്‍ പ്രീ-ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെ മലപ്പുറം കാട്ടുങ്ങല്‍ പി.എന്‍ അലി ജീവിതപങ്കാളിയായെങ്കിലും അവരുടെ സഹകരണത്തോടെ ഡിഗ്രി കൂടി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പിന്നീട് നല്ലപാതിയോടൊപ്പം 30 വര്‍ഷത്തോളം വിദേശത്തു തന്നെയായിരുന്നു. ജിദ്ദയില്‍ വെച്ചാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് അറിയാനിടയായത്. ഒഴിവുസമയം ഏറെ കിട്ടുന്ന ഗള്‍ഫ് ഭാര്യമാര്‍ക്ക് ഉപകാരമാകുന്ന ജമാഅത്ത് ഹല്‍ഖകളാണ് അതിന് നിമിത്തമായത്. ഒരു ക്ലാസ്സിനുപോയി ഇഷ്ടമാകാത്തതിനാല്‍ പിന്നീട് അങ്ങോട്ട് ചെല്ലാതിരുന്ന എന്റെ നമ്പര്‍ സംഘടിപ്പിച്ച് ടി.കെ ജമീല, പി.സി ഉമ്മുകുല്‍സു എന്നിവര്‍ നിരന്തരം വിളിക്കുകയും പല കാര്യങ്ങളും പറഞ്ഞു തരുകയും ചെയ്തു. അവരുടെ ഇടപെടലുകള്‍ എന്നെ ആകര്‍ഷിച്ചു. എന്നാല്‍ പ്രസ്ഥാനത്തിന്റെ അടിസ്ഥാന സാഹിത്യങ്ങള്‍ വായിക്കാനായതിലൂടെയാണ് അതിന്റെ ഉള്ളറിഞ്ഞത്.
ഓഫീസിലെത്തുന്ന അന്യഭാഷക്കാരായ ആരുമായും എളുപ്പത്തില്‍ ഇടപെടാനാവുന്നത് കണ്ടിട്ടുണ്ട്?
വിദേശത്ത് മലയാളികള്‍ കൂടുതല്‍ ഇല്ലാത്തിടത്താണ് ആദ്യം എത്തിപ്പെട്ടിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, തമിഴ് തുടങ്ങിയ ഭാഷകളെല്ലാം അവിടെ ജീവിച്ചു പോകാന്‍ വേണ്ടി പഠിച്ചത് പിന്നീട് പ്രസ്ഥാനജീവിതത്തില്‍ എപ്പോഴും തുണയായിട്ടേ ഉളളൂ.
പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമായത് എങ്ങനെയൊക്കെയായിരുന്നു?
വിദേശത്തായിരുന്ന സമയത്ത് അവിടെ ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളില്‍ ക്ലാസ്സെടുക്കാറുണ്ടായിരുന്നു. സ്‌കൈപ്പിലും മറ്റുമായി ഓണ്‍ലൈനിലും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരം ചര്‍ച്ചകളിലും പങ്കാളിയാവാറുണ്ട്.
വനിത സ്റ്റഡിക്ലാസ്സുകള്‍ വനിതകള്‍ തന്നെ എടുക്കുന്ന രീതിയായിരുന്നില്ല ആദ്യകാലത്ത്. പിന്നീട് സ്ത്രീകള്‍ തന്നെ അതിനും തയ്യാറായി വന്നപ്പോള്‍ അവരെ 'നബിച്ചികള്‍' എന്നായിരുന്നു പരിഹസിച്ച് വിളിച്ചിരുന്നത്. ചിലയാളുകള്‍ 'ഫിത്‌ന' കേന്ദ്രങ്ങളെന്ന് ഇത്തരം ക്ലാസ്സുകളെ വിശേഷിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അക്കൂട്ടര്‍ തന്നെ ഖുര്‍ആനും മറ്റു മതചിട്ടകളും പഠിപ്പിക്കാന്‍ തുടങ്ങിയതില്‍ അതീവ സന്തോഷമുണ്ട്.
ഒ.ആര്‍.സിയുടെ നല്ല മാതാവിനുള്ള പുരസ്‌കാരം കഴിഞ്ഞ വര്‍ഷം താങ്കള്‍ക്കായിരുന്നല്ലോ? എങ്ങനെയാണ് നല്ല മാതാവാകാന്‍ കഴിഞ്ഞത്?
ഒ.ആര്‍.സി. അതിന്റെ വാര്‍ഷികാഘോ ത്തിന്റെ ഭാഗമായി 'അമ്മ അറിയാന്‍' റിയാലിറ്റി ഷോ നടത്തുകയുണ്ടായി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകള്‍ പങ്കാളികളായിരുന്നു. പോലീസ് കമ്മീഷണര്‍, മെഡിക്കല്‍ കോളേജ് സൈക്യാട്രിസ്റ്റ്, ഒ.ആര്‍.സി മെന്റര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു ജഡ്ജിംഗ് പാനല്‍. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് ഉത്തരം ഉണ്ടാക്കി പറയേണ്ടി വന്നില്ല. എന്റെ ജീവിതത്തില്‍ മക്കളോടുള്ള സമീപനം തുറന്നുവെച്ചായിരുന്നു സംസാരിച്ചത്. ഞാന്‍ എന്റെ നാല് മക്കളെയും അടിക്കുകയോ ചീത്തപറയുകയോ ചെയ്തിട്ടില്ല. ശരിയും തെറ്റും സാന്ദര്‍ഭികമായി അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. തിരുത്തേണ്ട വല്ലതും അവരില്‍ കണ്ടാല്‍ ഞാന്‍ മൗനിയായി ഇരിക്കും. ചിലപ്പോള്‍ കരയുകയും ചെയ്യും. എന്റെ കണ്ണീരിന് അവര്‍ വലിയ വിലയാണ് കല്‍പിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാമാണ് ഒ.ആര്‍.സി.യില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.
പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള ഫണ്ട് ഏത് രീതിയിലാണ് സംഘടിപ്പിക്കുന്നതും ചെലവഴിക്കുന്നതും?
ജമാഅത്തിന്റെ വരുമാനം തന്നെയാണ് വനിതയും ആശ്രയിക്കുന്നത്. പ്രവര്‍ത്തകരുടെ മാസവരുമാനത്തിന്റെ ഒരു ശതമാനമാണ് ബൈത്തുല്‍മാല്‍ ഇനത്തില്‍ ശേഖരിക്കുന്നത്. അതല്ലാതെ വനിതാവിഭാഗം വരുമാനത്തിനുവേണ്ടി സ്വന്തമായി കളക്ഷന്‍ നടത്തുന്നില്ല. എങ്കിലും വനിതകള്‍ മാത്രമായി സംഘടിപ്പിക്കുന്ന കാമ്പയിന്‍, സമ്മേളനം, മറ്റുചില പ്രത്യേക പരിപാടികള്‍ എന്നിവയുടെ നടത്തിപ്പിന് വേണ്ടി ചിലപ്പോഴെല്ലാം സ്‌പെഷ്യല്‍ കളക്ഷന്‍ നടത്താറുണ്ട്. അതിന്റെ കൃത്യമായ കണക്കുകളും കാര്യങ്ങളും സൂക്ഷിക്കാറുമുണ്ട്.
മുസ്‌ലിം സ്ത്രീകള്‍ ഏത് രൂപത്തില്‍ മാറണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?
ഇസ്‌ലാം സ്ത്രീക്ക് മഹത്തായ പദവിയാണ് നല്‍കിയിട്ടുളളത്. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ എല്ലാ അവകാശങ്ങളും അനുഭവിച്ചവരായിരുന്നു. സാമൂഹ്യരംഗത്തും സാമ്പത്തിക രംഗത്തും വൈജ്ഞാനിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു. വരനെ സ്വയം തെരഞ്ഞെടുക്കാനും അവനോട് ഒരിക്കലും ഒത്തുപോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബന്ധം വേര്‍പ്പെടുത്താനും കഴിഞ്ഞിരുന്നു. ആരും തന്നെ വിധവകളായും അനാഥമക്കളെ സംരക്ഷിക്കാന്‍ കഴിയാതെയും പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. സ്ത്രീധന സമ്പ്രദായം ഉണ്ടായിരുന്നില്ല. മഹര്‍ ചോദിച്ചു വാങ്ങുമായിരുന്നു. എന്നാലിന്ന് അടുക്കള കാര്യങ്ങളും കുട്ടികളുടെ പരിപാലനവും മാത്രമേ സ്ത്രീക്ക് വേണ്ടൂ എന്നാണ് വെപ്പ്. സ്ത്രീയും പുരുഷനും ഭാര്യയും ഭര്‍ത്താവുമല്ല, ഇണയാണ്. അതുകൊണ്ട് അവര്‍ കുടുംബത്തില്‍ എല്ലാ കാര്യത്തിലും പരസ്പരം സഹായിക്കേണ്ടവരാണ്. ഇത്തരമൊരു കുടുംബ ഘടനയാണ് പ്രവര്‍ത്തകരില്‍ ഉണ്ടാകേണ്ടതെന്നാണ് എന്റെ ആഗ്രഹം.
മഹര്‍ ചോദിച്ചുവാങ്ങുന്നവരാകണമെന്ന് പറയുന്നതോടൊപ്പം സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരോടൊപ്പം ജീവിക്കാനാവില്ല എന്നുകൂടി പറയാന്‍ കരുത്തുള്ള പെണ്‍തലമുറയെയാണ് മനസ്സില്‍ കാണുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media