പെരുന്നാള്‍ @ അങ്ങാടി

ഫൗസിയ ഷംസ് No image

പവിത്ര മാസത്തിലെ ദിനരാത്രങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുപോകുന്ന വേദനയില്‍ വിശ്വാസിയുടെ മനസ്സുകള്‍ തേങ്ങുകയാണ്. അപ്പോഴും പുത്തനുടുപ്പും പുതുമോടിയുമായി ആനന്ദിക്കാന്‍ പെരുന്നാള്‍ രാവുകള്‍ പ്രതീക്ഷിച്ചാണ് വിശ്വാസിയുടെ കാത്തിരിപ്പ്.
ആഘോഷങ്ങള്‍ പെരുമ്പറ മുഴക്കുന്നത് വിപണികളിലാണ്. അവരും കാത്തിരിക്കുകയാണ,് പുത്തനുടുപ്പും ചെരിപ്പും മറ്റലങ്കാരങ്ങളുമായി.
പെരുന്നാളുകളെ പറ്റി പറയാന്‍ കച്ചവടക്കാര്‍ക്കേറെയുണ്ട്. പുതിയ ട്രെന്റും വിലയും നിറവും നിശ്ചയിച്ച് ഓരോ ഉപഭോക്താവിനെയും അവരവരുടെ അഭിരുചിയും ആവശ്യവും കണ്ടറിഞ്ഞ് കാത്തിരിക്കുകയാണവര്‍. പെരുന്നാള്‍ ഉപഭോക്താക്കള്‍ പ്രധാനമായും മൂന്ന് തരമുണ്ടെന്നവര്‍ പറയുന്നു. ഒരു കൂട്ടര്‍, റമദാന്‍ മാസം തുടങ്ങും മുമ്പേ ഡ്രസ്സടക്കം എല്ലാ സാധനങ്ങളും വാങ്ങിവെക്കും. നോമ്പായാല്‍ പിന്നെ അവരങ്ങാടികളിലേക്കിറങ്ങുകയേ ഇല്ല. ഫാഷനുകള്‍ എങ്ങനെ മാറിമറിഞ്ഞാലും നോമ്പുകാലം വെറുതെ അങ്ങാടികളില്‍ ചുറ്റിത്തിരിയാന്‍ താല്‍പര്യമില്ലാത്തവരാണവര്‍. രണ്ടാമത്തെ കൂട്ടര്‍ അവസാനത്തെ പത്തിലാണ് വരാറ്. ഇതിലൊന്നും പെടാത്ത വേറൊരു കൂട്ടരുമുണ്ട്. അവര്‍ ആദ്യപത്തില്‍ തന്നെ ട്രെന്റുകളെല്ലാം ഒന്നു നോക്കിയിറങ്ങും. അവസാന പത്തിനു മുമ്പേ പര്‍ച്ചേസിംഗ് നടത്തും. പക്ഷേ ഇക്കൂട്ടര്‍ക്ക് വാങ്ങിയതിലൊന്നും തൃപ്തിയുണ്ടാവില്ല. പെരുന്നാള്‍ മാസം കാണും മുമ്പേ വാങ്ങിയതെല്ലാം മാറ്റി, എല്ലാവരും തെരഞ്ഞെടുത്തതിന്റെ ബാക്കിയുമായി ഷോപ്പിന്റെ പടിയിറങ്ങും.
കോടികളുടെ ബിസിനസ്സാണ് ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനുമായി നടക്കുന്നതെന്നാണ് അങ്ങാടികളിലെ കച്ചവടക്കാരുടെ വര്‍ത്തമാനം. 'ഓണത്തിനും ക്രിസ്തുമസ്സിനും വെറും ഇരുപത്തഞ്ച് ശതമാനം മാത്രമാണ് കച്ചോടം നടക്കുന്നത്. ബാക്കി 75 ശതമാനവും മുസ്‌ലിംകളുടെ രണ്ട് പെരുന്നാളുകള്‍ക്കുമാണ്'' എന്നാണ് കോഴിക്കോട്ടെ വ്യാപാര പ്രമുഖനായ അസ്‌ലമിന്റെ പക്ഷം. ഡ്രസ്സ്, റൂമടക്കം ഒരു മാസത്തേക്ക് ഏല്‍പിച്ചുകൊടുത്ത് ഒരു കോടിക്ക് കച്ചോടം നടത്തണമെന്ന് സെയില്‍സ്മാന്മാരോട് പറഞ്ഞാല്‍, അവരങ്ങനെ ചെയ്ത് നിശ്ചിത സമയത്ത് സംഖ്യ ഏല്‍പിച്ചു തരും. അത്തരക്കാര്‍ക്ക് വിദേശ ടൂറടക്കം പല ആകര്‍ഷകമായ ഓഫറുകളും വാഗ്ദാനം ചെയ്താണ് പല ഷോപ്പുടമകളും സെയില്‍സ്മാന്മാരെ കച്ചവടത്തിനിറക്കുന്നത്.
മുസ്‌ലിം പെണ്ണിന്റെ 'മനസ്സറിഞ്ഞ്' തുള്ളുന്നതാണ് പെരുന്നാള്‍ വിപണിയുടെ വിജയതന്ത്രം. ഓണത്തിനും വിഷുവിനും ക്രിസ്തുമസ്സിനുമൊക്കെ ആളുകള്‍ വന്നാല്‍ തുണിത്തരങ്ങളും മറ്റു സാധനങ്ങളും കുറഞ്ഞ വിലക്കുള്ളതേ എടുക്കൂ. എന്നാല്‍ സാധനത്തിന്റെ വിലയുടെ വലിപ്പമൊന്നും കണക്കിലെടുക്കാതെ പെരുന്നാളിനായാലും മറ്റു പരിപാടികള്‍ക്കായാലും മുസ്‌ലിം പെണ്ണുങ്ങള്‍ വാങ്ങുമെന്നാണ് ഷോപ്പുടമകള്‍ പറയുന്നത്. ആരും കാണാത്ത ആരും ഇന്ന് വരെ ഇട്ടിട്ടില്ലാത്ത തുണിത്തരങ്ങളും ചെരിപ്പും അന്വേഷിച്ച് വരുന്നവര്‍ ഏറെയാണ്. യഥാര്‍ഥ വിലയുടെ മൂന്നോ നാലോ ഇരട്ടി വില വന്നാലും അത്തരം സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ തയ്യാറാണ്. ഷോപ്പിലേക്ക് കടന്നുവരുന്ന ആളുകളുടെ മനോഗതം മനസ്സിലാക്കാനുള്ള പ്രത്യക കഴിവും പ്രാപ്തിയും സെയില്‍സ്മാന്‍മാര്‍ക്കുണ്ട്. ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് വിലയിടാനും അവര്‍ മിടുക്കരാണ്.
ഇന്ന് വസ്ത്രങ്ങളിലെ പ്രധാന ട്രെന്റ് തായ്‌ലന്റില്‍ നിന്നുള്ള ഇറക്കുമതിയാണത്രെ. അതന്വേഷിച്ചാണ് ആണും പെണ്ണും പ്രായഭേദമന്യേ എത്തുന്നത്. 'മെയ്ഡ് ഇന്‍ തായ്‌ലന്റ്' എന്ന് വാശിപിടിക്കുന്ന കുട്ടികളാണ് വിപണിയുടെ ബലം. സ്‌കൂളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും പരസ്യത്തില്‍ നിന്നുമാണ് ട്രെന്റുകളെ കുറിച്ച് കുട്ടികള്‍ മനസ്സിലാക്കുന്നത്. വലിയ വില കൊടുത്ത് വാങ്ങാനാകാത്തവര്‍ക്കും നിരാശപ്പെടേണ്ട അവസ്ഥയില്ല. അവര്‍ക്കാണ് ഒറിജിനലെ വെല്ലുന്ന രീതിയില്‍ പുറത്തിറങ്ങുന്ന സെകന്റ് ക്വാളിറ്റി ഉല്‍പന്നങ്ങള്‍. ഇവ ഏത് നാട്ടിന്‍ പുറത്തും സുലഭമാണ്. കുട്ടികളുടെ ഡ്രസ്സിനാണ് ഏറ്റവും കൂടുതല്‍ വിലയും വൈവിധ്യവും. ഇതിലൂടെയൊണ് ഒരുപാട് ലാഭം കൊയ്യുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇതിനു കാരണവുമുണ്ട്. ഏറിയാല്‍ അഞ്ചോ ആറോ മാസമാകുമ്പോള്‍ കുട്ടികളുടെ ഉടുപ്പ് അവര്‍ കേടുവരുത്തുകയോ പാകമാകാതിരിക്കുകയോ ചെയ്യും. അതിനാല്‍ മാറ്റിയെടുക്കുക എന്ന സമ്പ്രദായം വല്ലാതെയൊന്നും കുട്ടികളുടെ ഡ്രസ്സില്‍ ഉണ്ടാവില്ല. ഗ്യാരണ്ടി ഉള്ളതായാലും ഇല്ലാത്തതായാലും ഇത്തരം ഡ്രസ്സുകളില്‍ നിന്ന് 90 ശതമാനവും ലാഭം തരപ്പെടുത്താനാവുമെന്ന് അവര്‍ പറയുന്നു. 130 രൂപയുടെ ഇറക്കുമതി ചെയ്ത സാധനം ഇവിടെ 799 രൂപക്കാണ് വില്‍ക്കുന്നത്. 190 ശതമാനം ടാക്‌സാണ് ഇതിന് അടക്കേണ്ടി വരുന്നത്. അതടക്കം ഉപഭോക്താവില്‍ നിന്ന് തന്നെയാണ് ഈടാക്കേണ്ടി വരുന്നത്.
ഓണത്തിനും വിഷുവിനും ഏറെയും കച്ചവടം നടക്കുന്നതും ലാഭം നേടുന്നതും തെരുവ് കച്ചവടക്കാരാണ്. ഇരുപത്തഞ്ചോ മുപ്പതോ ശതമാനം മാത്രമേ അക്കാലത്ത് കടക്കാര്‍ക്ക് ക്രയവിക്രയം സാധ്യമാകുന്നുള്ളൂ. ഓണം, വിഷു, ക്രിസ്മസ് വേളകളിലെ പോലെ സര്‍ക്കാര്‍ ചന്തകള്‍ ബക്രീദിനും ഉണ്ടെങ്കിലും അതിനെ ആശ്രയിക്കുന്നവര്‍ താരതമ്യേന കുറവാണ്. സര്‍ക്കാറില്‍ നിന്നുള്ള സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും ഇത്തരം ആഘോഷവേളകളിലുണ്ടെങ്കിലും ഇതിന്റെ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവര്‍ വളരെ കുറവാണ്. അതിന് കാരണം സമുദായത്തിനകത്ത് തന്നെയുള്ള റിലീഫ് പ്രവര്‍ത്തനങ്ങളാണ്. അതിന് വേണ്ടി കിറ്റുകള്‍ തയ്യാറാക്കാന്‍ ലോഡുകണക്കിന് അരിയുടെ ഓര്‍ഡര്‍ അരിക്കച്ചവടക്കാര്‍ക്ക് നോമ്പിന് മുന്‍പെ കിട്ടാന്‍ തുടങ്ങും. രണ്ടര മാസത്തെ അരിക്കച്ചവടം റംസാന്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ലഭിക്കും. ഇക്കാരണത്താല്‍ പെരുന്നാളിന് ശേഷമുള്ള മാസങ്ങളില്‍ വിപണിയില്‍ കാര്യമായി അരിക്കച്ചവടം നടക്കില്ല. സകാത്ത് വകയില്‍ തന്നെ 100 ടണ്‍ - അതായത് 10 ലോഡ് അരി കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്നു തന്നെ പോകുന്നുണ്ട്. മുളകും മല്ലിയും ഉള്‍പ്പെടെയുള്ള പല ചരക്കുകള്‍ മൊത്തമായി വാങ്ങി കിറ്റുകളാക്കി വില്‍ക്കുന്നവരും, കിറ്റുകളാക്കി അവകാശികളുടെ വീടുകളിലേക്കെത്തിക്കാന്‍ കടക്കാരെ തന്നെ ഏല്‍പ്പിക്കുന്നവരും ഉണ്ട്. റംസാനിലെ റിലീഫ് പ്രവര്‍ത്തനമായതിനാല്‍ കച്ചവടക്കാര്‍ നല്ല വില കുറച്ചാണ് കൊടുക്കാറ്.
വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോഡ് തുടങ്ങിയ ജില്ലകളിലുള്ളവര്‍ കുറച്ചുകാലം മുമ്പുവരെ ആശ്രയിച്ചിരുന്നത് കോഴിക്കോട് അങ്ങാടികളിലെ കച്ചവടത്തെയായിരുന്നു. ഇന്ന് ജില്ലകള്‍ തോറും കോഴിക്കോടിനെ വെല്ലുന്ന രീതിയില്‍ ഷോപ്പിംഗ് മാളുകളും ഫാഷന്‍ തരംഗങ്ങളും വന്നു. ദുബായിലേക്കും ലക്ഷദ്വീപിലേക്കുമെല്ലാം ഇവിടങ്ങളില്‍ നിന്ന് പല സാധനങ്ങളും കയറ്റി അയക്കുന്നുണ്ട്. ഇപ്പോള്‍ തെക്ക് വടക്ക് വ്യത്യാസമില്ലാതെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വീടിന്റെ പടിക്കല്‍ വരെ എല്ലാ സാധനങ്ങളും എത്തിച്ചുകൊടുക്കാന്‍ സൗകര്യമുണ്ട്.
ടെലി മാര്‍ക്കറ്റിംഗ്, ഇ ഷോപ്പിംഗ് പോലുള്ളഷോപ്പിംഗ് സമ്പ്രദായത്തോടാണ് പുത്തന്‍ തലമുറക്ക് ഏറെ പ്രിയം. ഏത് കച്ചവടക്കാരനും ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്, പെരുന്നാളാഘോഷത്തെ കൊഴുപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നതും വിപണിയില്‍ സജീവമാകുന്നതും പെണ്ണുങ്ങളാണെങ്കിലും ഫാഷന്‍ തരംഗത്തിന് പിന്നാലെ നടക്കുന്ന ആണുങ്ങളും കുറവല്ലെന്ന്. വിവിധ ബ്രാന്റിലും തരത്തിലും കളറിലുമുള്ളത് തന്നെ കിട്ടണമെന്ന വാശി സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണിന്ന്. അവരില്‍ പലരും കേരളത്തില്‍ ഒരേ ഒരു ഷോപ്പിഗ് മാളില്‍ മാത്രം ലഭ്യമാകുന്ന കാറ്റ് ആന്റ് പില്ലര്‍ കമ്പനിയുടെ അയ്യായിരം രൂപയോളം വില വരുന്ന ചെരുപ്പുകള്‍ക്ക് പോലും പണമടച്ച് കാത്തിരിക്കുന്നവരാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഈ പെരുന്നാളിലേക്ക് തനിക്ക് മാത്രം ഇത്തരം ചെരിപ്പിന്റെ 25 ഓര്‍ഡര്‍ നോമ്പ് തുടക്കത്തില്‍ തന്നെ കോഴിക്കോട് നഗരത്തില്‍ നിന്ന് മാത്രം ലഭിച്ചതായി ഒരു പ്രമുഖ വ്യാപാരി പറയുന്നു.
അരിക്കും തുണിക്കും മാത്രമല്ല, മീനിനും ഇറച്ചിക്കും വരെ വില കൂടുന്ന സീസണ്‍ കൂടിയാണ് റമദാന്‍. മലബാര്‍ മേഖലയിലെ മിക്ക ഹോട്ടലുകളും തെക്കന്‍ ജില്ലകളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ഹോട്ടലുകളും നോമ്പുകാലത്ത് തുറക്കുകയില്ല. ഹോട്ടലുകളില്‍ മീന്‍ കൊടുക്കാന്‍ കഴിയില്ലെങ്കിലും മീന്‍ കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമൊന്നും വരാറില്ല. എന്ത് വില കൊടുത്തും നോമ്പുകാലത്ത് വീടുകളില്‍ മീന്‍ വാങ്ങാന്‍ പലയാളുകളും തയ്യാറാണ്.
ചെരിപ്പും ഡ്രസ്സും വാങ്ങുമ്പോള്‍ തന്നെ ഉടുപ്പിനനുസരിച്ച വളയും മാലയും കമ്മലുമടങ്ങുന്ന ഫാന്‍സി സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങുമെങ്കിലും അതിന്റെ ഒരുക്കം പൂര്‍ത്തിയാവുക ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെയാണ്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇത്തരം ഷോപ്പുകളില്‍ കാണുന്ന തിരക്ക് ഒരുപോലെയാണ്.
ഒരു പെരുന്നാള്‍ കഴിഞ്ഞാല്‍ അടുത്ത പെരുന്നാള്‍ വരെ വിപണി കാത്തിരിക്കുകയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top