കടലിനെ രക്ഷിക്കാം

സി.കെ റഫീഖ് No image

മലിനീകരണം ഇന്നാരു പ്രധാന വിഷയമാണ്. ശുചിത്വം നമ്മുടെ അജണ്ടയുമായിരിക്കുന്നു. പുഴയും കായലും കനാലും മലിനമാകുന്നത് നമ്മെ ആധിയിലാഴ്ത്താറുണ്ട്. എന്നാല്‍ നമ്മളധികം ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് നമ്മുടെ കടല്‍ ഇന്നനുഭവിക്കുന്ന മലിനീകരണ പ്രശ്‌നം.
 'പ്ലാസ്റ്റിക് മലിനീകരണത്തെ പ്രതിരോധിക്കുക, ആരോഗ്യകരമായ കടലിനായി പരിഹാരങ്ങള്‍ ശക്തിപ്പെടുത്തുക' എന്നതായിരുന്നു ഈ വര്‍ഷത്തെ ലോകസമുദ്ര ദിനാചരണത്തിന്റെ മുദ്രാവാക്യം.
സമുദ്രത്തില്‍ തള്ളപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ അടിഞ്ഞ് പസഫിക് സമുദ്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്ലാസ്റ്റിക് ദ്വീപ് ഉണ്ടായി. അമേരിക്കയിലെ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടെക്‌സാസ് സ്റ്റേറ്റിനോളം വരുന്നതായിരുന്നു ആ ദ്വീപ്. കടലില്‍ അപകടകരമായി വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആഘാതം വ്യക്തമാക്കുന്നതായിരുന്നു ഭൂപടത്തിലില്ലാത്ത ആ ദ്വീപിന്റെ ഉത്ഭവം.
കടലില്‍ ഒരു വര്‍ഷമെത്തുന്നത് 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ്. ഐക്യരാഷ്ട്ര സഭയോട് ചേര്‍ന്ന് കടല്‍ മലിനീകരണത്തിന്റെ ശാസ്ത്രീയ വശങ്ങളുടെ പഠനത്തിനായുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍  കടല്‍ മാലിന്യത്തിന്റെ 80 ശതമാനവും കരയില്‍നിന്നുള്ളതാണെന്നും അതില്‍ തന്നെ 60 മുതല്‍ 95 ശതമാനം വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്നും കണ്ടെത്തുകയുണ്ടായി. ഒരു പഠനത്തില്‍ തീരത്തു നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള 504 ഇനം മത്സ്യങ്ങളെ പരിശോധിച്ചപ്പോള്‍ 184 മത്സ്യങ്ങളുടെ ഉദരത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി.
കടലിലെത്തുന്ന പ്ലാസ്റ്റിക്കുകള്‍ ചെറിയ തരികളായി മാറുന്നു. മത്സ്യങ്ങളടക്കമുള്ള കടല്‍ ജീവികള്‍ ഭക്ഷണമെന്നു കരുതി ഇത് അകത്താക്കുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം ഒരു മില്യന്‍ പക്ഷികളും 10000 കടല്‍ ജീവികളും ഇതിന്റെ ഇരകളായി കൊല്ലപ്പെടുന്നുണ്ട് എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പരിസ്ഥിതി പ്രോഗ്രാം കണ്ടെത്തിയ കണക്ക്.
ഇതിന്റെ ഗൗരവം നാം കാണാതിരുന്നുകൂടാ. മത്സ്യത്തിലെത്തുന്ന പ്ലാസ്റ്റിക് അത് കഴിക്കുന്ന മനുഷ്യരിലെത്തുന്നു. ഭാവിയില്‍ മനുഷ്യന്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്ന് ഇതുതന്നെയാകും. 
കടല്‍ മാലിന്യങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം കടലിലെത്തുന്ന മാലിന്യത്തിന്റെ കണക്ക് 2000 കോടി ടണ്ണാണ്. നമ്മെ അത്ഭുതപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ് കണക്കുകളും പഠന റിപ്പോര്‍ട്ടുകളും.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഇക്കാര്യത്തില്‍ അല്‍പം ഭേദപ്പെട്ട അവസ്ഥയിലാണ്. എന്നിട്ടും നമ്മുടെ പ്രധാന കടല്‍ത്തീരങ്ങളെല്ലാം പലപ്പോഴും മാലിന്യ ഭീഷണി നേരിടുന്ന വാര്‍ത്തകള്‍ ഇടക്കിടെ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാറുണ്ട്. മലിനമായ നമ്മുടെ നദികളെ പറ്റി വേവലാതിപ്പെടാറുണ്ട് നാം. എന്നാല്‍ പുഴകളിലൂടെ ഈ മാലിന്യമെല്ലാം എത്തിച്ചേരുന്നത് കടലിലാണ്.
കപ്പലുകളില്‍നിന്ന് പുറന്തള്ളുന്ന എണ്ണ,  ബോട്ടുകളും യന്ത്രവത്കൃത വള്ളങ്ങളും പുറത്തുവിടുന്നവ, തുറമുഖ മേഖലകളില്‍ ഓടകളില്‍നിന്നും ഒഴുകിയെത്തുന്ന മാലിന്യം, ഭക്ഷണാവശിഷ്ടങ്ങള്‍, ബീച്ച് ടൂറിസത്തിന്റെ ഭാഗമായുള്ള ചപ്പുചവറുകള്‍, വ്യവസായശാലകളില്‍നിന്നും ഖനികളില്‍ നിന്നുമുള്ള പലതരം മാലിന്യങ്ങള്‍, ലോഹങ്ങള്‍, കാര്‍ബണിക മാലിന്യങ്ങള്‍ തുടങ്ങി പലതും കടലിലെത്തുന്നു. ഇതിലെല്ലാം വില്ലനായി പ്ലാസ്റ്റിക്കുമുണ്ട്. 
ഭൂമിയുടെ എഴുപതു ശതമാനം കടലാണ്. വന്‍കരകളെയും ദ്വീപുകളെയും ചുറ്റിക്കിടക്കുന്ന ലവണ ജലാശയങ്ങളാണ് സമുദ്രങ്ങള്‍.
 ജൈവവൈവിധ്യത്തിന്റെ കലവറയാണ് കടലുകള്‍. ഭൂമിയുടെ ജൈവ മണ്ഡലത്തിന്റെ ഏറിയ പങ്കും കടലില്‍തന്നെ. വിവിധങ്ങളായ മത്സ്യങ്ങളുടെയും ജലജീവികളുടെയും ആവാസ വ്യവസ്ഥ കടലിന്റെ ഭാഗമാണ്. മനുഷ്യര്‍ പിടിക്കുന്ന മത്സ്യങ്ങളുമായി ബന്ധപ്പെട്ട് വലിയ തൊഴില്‍ മേഖലയും സാമൂഹിക ജീവിത സംവിധാനവും നിലനില്‍ക്കുന്നുണ്ട്. 
കടല്‍ കരയെപ്പോറ്റുന്ന കനിവാണ്. വലിയ മത്സ്യസമ്പത്ത് കടലിലുണ്ട്. അതിലേറെ മൂല്യമുള്ള പലതുമുണ്ട്. രഹസ്യങ്ങളുടെ ഉള്ളറയാണത്. ഒരു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ ഘനവുമുള്ള സമുദ്രജലത്തില്‍ ഒരു കിലോഗ്രാം വരെ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. അതനുസരിച്ച് ഭൂമിയില്‍ ആകെയുള്ള സമുദ്രജലത്തില്‍ 136 കോടി കിലോയിലേറെ സ്വര്‍ണം അലിഞ്ഞുകിടക്കുന്നുണ്ട്. അത് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ മനുഷ്യന്‍ കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
മനുഷ്യന്റെ ജീവിതത്തില്‍ കടലിന്റെ പ്രാധാന്യം ഇതൊന്നുമല്ല. കാര്‍ബണ്‍ ഡൈ ഓക്‌സൈസ്- ഓക്‌സിജന്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കടലിന്റെ പങ്ക് വലുതാണ്. ആഗോള താപനത്തിനിടയാക്കി ഭീഷണിയായി മാറുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പകുതിയും കടല്‍ ആഗിരണം ചെയ്യുന്നുണ്ട്. കടല്‍ സസ്യങ്ങള്‍ ധാരാളമായി ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്നു. നമുക്ക് ഓക്‌സിജന്‍ നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതില്‍ കടലിന് വലിയ പങ്കുണ്ടെന്നര്‍ഥം. ചുട്ടുപൊള്ളുന്ന കരയെ തണുപ്പിക്കുന്നതിലും കടലിന് പങ്കുണ്ട്.
എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന്  മലിനമാകാത്ത കടല്‍ അത്യന്താപേക്ഷിതമാണ്. അതിനായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍നിന്ന് കടലിനെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇനിയും ഊര്‍ജിതമായി തുടരേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top