ലളിത ജീവിതത്തിന്റെ മഹത്വം

എന്‍. പി ഹാഫിസ് മുഹമ്മദ്‌ / മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ No image

ഒരിക്കല്‍ ഒരു വിദ്യാര്‍ഥിനി ചോദിച്ചു: ''ലോകത്ത് ഏറ്റവും കൂടുതല്‍ സിംപ്ള്‍ ആയി ജീവിച്ച മൂന്നാളുകള്‍ സാറിന്റെ അഭിപ്രായത്തില്‍ ആരൊക്കെയാ?
അധികമൊന്നും ആലോചിക്കാനില്ലായിരുന്നു എനിക്ക്. ഞാനുത്തരം നല്‍കി. ''ശ്രീബുദ്ധന്‍, പ്രവാചകന്‍ മുഹമ്മദ് നബി, മഹാത്മാഗാന്ധി.''
അവള്‍ ചിരിച്ചു. ഞാനവളെ നോക്കി: എന്താ ഈ ചോദ്യത്തിന് കാരണം? ''സാര്‍, ലളിതജീവിതത്തെ എങ്ങനെ കാണുന്നുവെന്നറിയാനാ.'' അവള്‍ മറുപടി നല്‍കി. ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു: ''അതങ്ങനെത്തന്നെ ചോദിച്ചാല്‍ പറയാലോ. ലളിത ജീവിതം നയിക്കുന്നത് എളുപ്പമല്ലെങ്കിലും അതിനെക്കുറിച്ച് പറയുകയെന്നത് വളരെ എളുപ്പാ.''
''എനിക്കങ്ങനെ തോന്നുന്നില്ല. ലാളിത്യത്തെ നിര്‍വചിക്കുകയോ, അതെന്താണെന്ന് പറയലോ അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. ഞാന്‍ മറ്റുള്ളവരോട് ചോദിച്ചപ്പോഴും സ്വയം ആലോചിച്ചപ്പോഴും അതാണു തോന്നിയത്. സാറ് പറ, എന്താണ് ലാളിത്യം?''
അന്ന് ഉച്ചക്ക് ഞങ്ങള്‍ അതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ഞാന്‍ പേരെടുത്തു പറഞ്ഞ മൂന്ന് പേര്‍ എങ്ങനെ ലളിത ജീവിതത്തിന്റെ പ്രതിനിധികളാകുന്നു എന്നത് വിശദീകരിക്കാന്‍ ശ്രമിച്ചു. വേഷം കൊണ്ട് മാത്രം ഒരാള്‍ ലളിത ജീവിതം നയിക്കുന്നയാളാണോ എന്നവള്‍ ചോദിച്ചു. വസ്ത്രവും താമസിക്കുന്ന ഇടവും കൊണ്ട് മാത്രം ഒരാള്‍ ലളിത ജീവിതം ആഘോഷമാക്കുന്നില്ല. എന്നാല്‍ ഓരോ സന്ദര്‍ഭങ്ങളിലും അലങ്കാരപ്പണികളോടെയുള്ള എമ്പാടും വസ്ത്രങ്ങള്‍ ധരിക്കുന്നതോ, ആഭരണശാല ശരീരത്തിലേറ്റി നടക്കുന്നവരോ ലാളിത്യത്തിന്റെ പ്രതിനിധികളാണെന്ന് പറഞ്ഞു കൂടാ. ആഭരണങ്ങളേതുമണിയാനാവുന്ന ഒരു സ്ത്രീ നേര്‍ത്ത ഒരു മാലയണിഞ്ഞിരിക്കുമ്പോള്‍ അത് ലാളിത്യ പ്രകാശനമായി മാറുന്നു. ഉടയാടകളില്‍ കടും വര്‍ണങ്ങളും ഉടുത്തണിയുന്നതില്‍ സങ്കീര്‍ണ രീതികളുമുള്ളതായ് വരുമ്പോള്‍, അതണിയാനിഷ്ടമില്ലാത്തവര്‍ക്കോ അത് സാംസ്‌കാരിക രീതിയല്ലാത്തവര്‍ക്കോ ലളിത വേഷമായി തോന്നാനുമിടയില്ല. കോട്ടും സൂട്ടുമണിഞ്ഞ ഗാന്ധിജിയാണ് പിന്നെ വെളുത്ത ഒറ്റമുണ്ടിലേക്ക് മാറിയത്. ലാളിത്യ ജീവിതത്തില്‍ തിരസ്‌കാരത്തിന്റെ ഒരംശം ഉണ്ടെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും തോന്നി. ഞാന്‍ പൊതുവെ മുണ്ടും കുപ്പായവും ധരിച്ചു നടക്കുന്നതില്‍ തിരസ്‌കാരത്തിന്റെ സ്വഭാവമുണ്ടെന്നവള്‍ ചൂണ്ടിക്കാട്ടി.
നല്ല ഒന്നാന്തരം ഇറച്ചി- മീന്‍ വിഭവങ്ങളുണ്ടാക്കുന്ന ഉമ്മയുടെ തീന്‍ മേശയില്‍ നിന്ന് ഞാനൊരു വെജിറ്റേറിയനായി മാറിയതിലും ഒരുപേക്ഷിക്കലുണ്ടെന്ന് എനിക്ക് തോന്നി. പട്ടിണി കിടക്കുന്നയാള്‍ കിട്ടുന്ന ഭക്ഷണം കഴിക്കുന്നത് ലാളിത്യമാവുന്നില്ല. കഞ്ഞിയും ചമ്മന്തിയും, മറ്റ് ഭക്ഷണങ്ങള്‍ ലഭ്യമാണെന്നറിഞ്ഞിട്ടും സ്വീകരിക്കുമ്പോള്‍ ലാളിത്യമാര്‍ഗമാകുന്നു. പച്ചക്കറി വര്‍ഗങ്ങളുടെ മാത്രം ഒരു ഉപഭോക്താവ് ലളിതഭക്ഷണത്തിന്റെ ആളാകണമെന്നില്ല. പതിനെട്ട് കൂട്ടം പച്ചക്കറി വിഭവങ്ങളും മൂന്ന് തരം പായസവും, അവ വിളമ്പുന്നതിലെ ചിട്ടവട്ടങ്ങളും ആഘോഷമാക്കുന്നയാള്‍ സങ്കീര്‍ണവും തീവ്രവുമായ ഒരു ജീവിത രീതിയാണ് പ്രതിനിധീകരിക്കുന്നത്. വള്ളിക്കുടിലില്‍ ഓരോ നിമിഷങ്ങളും ചിട്ടപ്പെടുത്തി, എമ്പാടും പേരുടെ സഹായത്തോടെ ഉപദേശ ഭാഷണം നടത്തുകയും, ആധുനിക സങ്കേതിക വിദ്യയുടെ വൈവിധ്യസൗകര്യങ്ങള്‍ ഉപയോഗിച്ച് ആത്മീയാചാര്യന്മാരുമായിരിക്കുന്നവര്‍ അതിസങ്കീര്‍ണമായ നൂലാമാലകളുടെ തത്വശാസ്ത്രമാണ് വിളംബരം ചെയ്യുന്നത്. ഒരു കാറുപയോഗിക്കുന്നയാള്‍ ലളിതജീവിതമല്ല പിന്തുടരുന്നതെന്ന് പറഞ്ഞുകൂടാ എന്നവള്‍ അഭിപ്രായപ്പെട്ടു. ഏതു കാര്‍ എങ്ങനെയുള്ള കാര്‍ എത്ര കാറുകള്‍ ഒരാള്‍ക്ക് എന്നിവയാണ് സങ്കീര്‍ണ ജീവിതത്തിന്റെ പ്രതിഫലമെന്ന് ഞങ്ങളിരുവര്‍ക്കും തോന്നി. കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നതല്ല, അതിനോടുള്ള വിധേയത്വവും എന്തിന് എങ്ങനെ എപ്പോള്‍ എന്തുപയോഗിക്കുന്നു എന്നതുമാണ് ആധുനിക മനുഷ്യന് ലാളിത്യമില്ലാതാക്കുന്നതെന്നും ഞങ്ങള്‍ക്ക് തോന്നി. അത്ഭുതകരവും രസകരവുമായ ഒരു സംവാദമായിരുന്നു ആ നട്ടുച്ചക്ക് മൂന്ന് മണിക്കൂറോളം ഞങ്ങള്‍ നടത്തിയത്.
ഒരാളുടെ ജവിതത്തോടുള്ള കാഴ്ചപ്പാടാണ് ലാളിത്യമോ ലാളിത്യമില്ലായ്മയോ ആയി പ്രതിഫലനം നടത്തുന്നത്. അത് ഒരാള്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ പ്രകാശനവുമായിത്തീരുന്നു. വസ്ത്രധാരണം, താമസസ്ഥലം, ഭക്ഷണം, മറ്റ് ജീവിത സൗകര്യങ്ങള്‍ എന്നീ നാല് ഘടകങ്ങളെ ലാളിത്യം നിര്‍ണയിക്കാന്‍ പൊതുവെ ഉപയോഗിക്കുന്നു.
വസ്ത്രധാരണം നടത്തുന്നതില്‍ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഘടകങ്ങളുമുണ്ട്. തണുപ്പുള്ള പ്രദേശത്ത് ഒറ്റമുണ്ടും കുപ്പായവുമിട്ട് നടക്കുക സാധാരണക്കാര്‍ക്ക് അസാധ്യമാണ്. ലാളിത്യത്തിന് ഒരാള്‍ അങ്ങനെ ഒരു സുപ്രഭാതത്തില്‍ ചെയ്തുവെങ്കില്‍, ആശുപത്രിയിലെത്തുമെന്നതിന് സംശയമില്ല. എന്നാല്‍ നിരന്തരമായ ആചരണത്തില്‍ നിന്നും പരിശീലനത്തില്‍ നിന്നും ഒരു സന്യാസി ഹിമാലയ സാനുക്കളിലൂടെ ഒറ്റമുണ്ടുടുത്ത് നടക്കുന്നുണ്ട്. അത് ജീവിത വീക്ഷണത്തിന്റെയും ബോധ്യപ്പെടുത്തലിന്റെയും തുടര്‍ച്ചയായുള്ള ആചരണത്തിന്റെയും സമ്പാദ്യമാണ്. വസ്ത്രത്തില്‍ സാംസ്‌കാരിക ഘടകങ്ങള്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്നുണ്ട്. ഓരോ ദേശത്തിന്റെയും കൊണ്ടാടപ്പെടുന്ന സംസ്‌കാരം വസ്ത്രങ്ങളില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അനുഷ്ഠാനാചാരങ്ങളിലെ വേഷം പൊതുവെ ലാളിത്യത്തെയല്ല വെളിപ്പെടുത്തുന്നത്. അനുഷ്ഠാനത്തിലും അത്തരം സാംസ്‌കാരിക വേഷത്തെ നിരാകരിക്കുന്ന വ്യക്തി ലാളിത്യത്തിന്റെ വിപ്ലവകാരിയായി മാറുന്നു. വട്ടമേശാ സമ്മേളനത്തിന് ഗാന്ധിയുടെ വേഷം ഒരു മഹാ കലാപമായി മാറിയതുകൊണ്ടാണ്. സമ്പന്നതയുടെ കൊട്ടാരം വിട്ടിറങ്ങിയ ബുദ്ധ വേഷം ചരിത്രമായിത്തീരുന്നത് അങ്ങനെയാണ്. സ്വാധീനത്തിന്റെയും അംഗീകാരത്തിന്റെയും ഉച്ചിയിലും ധരിച്ച വേഷം മുഹമ്മദ് നബിയെ ലളിത ജീവിതത്തിന്റെ പ്രവാചകനാക്കിയത് മറ്റൊന്നാലല്ല.
താമസിക്കുന്ന സ്ഥലവും വീടും ജീവിതത്തോടുള്ള കാഴ്ചപ്പാട് പുറത്ത് കാണിക്കുന്നു. വീടിനകം നല്‍കുന്ന നിറങ്ങള്‍, നിറക്കുന്ന ഫര്‍ണിച്ചറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ജീവത വീക്ഷണം തന്നെയാണ് വ്യക്തമാക്കുന്നത്. വീട്ടിലും ഓഫീസിലുമുള്ള സൗകര്യങ്ങളും അതിനോടുള്ള വിധേയത്വവും തീവ്ര പക്ഷത്തെ വിളിച്ചോതുന്നുണ്ട്. അല്ലെങ്കില്‍ ലാളിത്യത്തെ വ്യക്തമാക്കുന്നുണ്ട്. ഏ.സിയില്ലാതെ ഉറങ്ങാനാവാതെ വരുമ്പോള്‍ അത് സാങ്കേതിക സംവിധാനത്തോടുള്ള വിധേയത്വവും അത്യാവശ്യവുമാണ് ചില പ്രദേശങ്ങളില്‍. അതില്ലാതെയും ജീവിക്കാമെന്നുള്ളിടത്ത് ഉപേക്ഷിക്കാനാവാത്ത ഒരവസ്ഥ സ്വയം ഉണ്ടാക്കുന്നത് സങ്കീര്‍ണ ജീവിതത്തിന്റെ കൊണ്ടു നടക്കലാണ് ഭക്ഷണ വിഭവങ്ങളില്‍ കടുംപിടുത്തമില്ലാതിരിക്കുകയും മിനിമം ഭക്ഷണത്തില്‍ തൃപ്തമായിരിക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ കൊണ്ടു നടക്കുന്നത് ലളിത ജീവിതഭാവമാണ്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍, മേശ, മേശവിരിപ്പ്, തീറ്റയോട് ചേര്‍ന്ന ചിട്ടവട്ടങ്ങള്‍ ജീവിച്ചിരിക്കാനുള്ള അനിവാര്യ കാര്യത്തെ അതിസങ്കീര്‍ണമാക്കുന്നു.
ജീവിതത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങുക എന്നത് മോഹങ്ങളുടെയും ശീലങ്ങളുടെയും കീഴ്‌പെടലില്‍ നിന്നുള്ള മോചനമാണ്. ജീവിതത്തിലെ സങ്കീര്‍ണതകള്‍ കൂടിക്കൂടി വരികയും ജീവിതം അസ്വസ്ഥതകള്‍ നിറഞ്ഞ തടവറയുമായി മാറുമ്പോള്‍ ലളിത ജീവിതത്തിലേക്കുള്ള തിരിച്ച് പോക്ക് ചിലര്‍ അനിവാര്യമായ ശാന്തിമാര്‍ഗമായി കാണുന്നു. വിശ്രുത കലാകാരന്‍ ലിയനാഡോ ഡാവിഞ്ചി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുറിച്ചു വെച്ചതിങ്ങനെ: 'ലാളിത്യമാണ് പരിപൂര്‍ണതയുടെ പാരമ്യം' ജീവിതത്തിന്റെ ഭൗതിക സൗകര്യങ്ങളെ വിനയത്തോടെ നിരാകരിച്ച് ലാളിത്യത്തിന്റെ ഔന്നത്യം പൂകുന്നവരാണ് ഋഷിവര്യന്മാരും, സൂഫികളും. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ കിടപ്പുമുറിയുടെ അട്ടത്തിലൂടെ വടി കുത്തി നടക്കുന്ന സൂഫിയോട് ചോദിച്ചു: 'അങ്ങെന്താണ് ചെയ്യുന്നത്?' അയാള്‍ വിനയത്തോടെ മറുപടി കൊടുത്തു. 'ഞാന്‍ സ്വസ്ഥതയും സന്തോഷവും അന്വേഷിച്ച് നടക്കുകയായിരുന്നു.'പാതിരാത്രിയില്‍ അട്ടത്താണോ അത് ലഭിക്കുകയെന്ന് ചക്രവര്‍ത്തിയുടെ ചോദ്യം. 'ആഡംബരങ്ങള്‍ക്കും സുഖഭോഗങ്ങള്‍ക്കുമിടയില്‍ താങ്കളത് അന്വേഷിക്കുന്നുവെങ്കില്‍ എനിക്ക് മേല്‍ക്കൂരയോട് ചേര്‍ന്ന അട്ടത്തില്‍ നിന്നത് ലഭിക്കില്ലേ?' സൂഫിയുടെ മറുപടി. എവിടെ നിന്നാണ് സ്വസ്ഥത ലഭിക്കുകയെന്ന ചോദ്യം, ലാളിത്യ ജീവിതത്തിന്റെ നേട്ടത്തെക്കുറിച്ചുള്ള സൂചകം കൂടിയാണ്.
'എന്തിനാണ് എല്ലാമുണ്ടായിട്ടും ആത്മപീഡനമേറ്റുവാങ്ങുന്നത്?' ഈ രുചികരമായ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കുന്ന വീടുണ്ടായിട്ടും എന്തിനാണീ സ്വയം പീഡനം എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. വൈയക്തികമാണീ അനുഭവങ്ങള്‍. ഒരാള്‍ക്ക് ആത്മ സംതൃപ്തി ലഭിക്കുന്ന കാര്യം മറ്റൊരാള്‍ക്ക് അസ്വീകാര്യമാവാം. അതിരാവിലെ കൊടും ശൈത്യത്തില്‍ പോലും എഴുന്നറ്റ് പ്രാര്‍ഥിക്കുന്നത് പലര്‍ക്കും അസുഖകരമായ അനുഭവമാകാം. ഒഴിച്ചു കൂടാനാവാത്ത ചര്യയാക്കി മാറ്റിയ ഒരാള്‍ക്ക് അത് ആത്മ സാക്ഷാത്കാരത്തിന്റെ ധന്യമാര്‍ഗമാണ്. അടിസ്ഥാനപരമായി ഇത് ജീവിത വീക്ഷണത്തിലടിസ്ഥാനമാക്കിയുള്ള കാര്യനിര്‍വഹണമാണ്.
ലളിത ജീവിതത്തിന് ചില മെച്ചങ്ങളുണ്ട്. അയാള്‍ക്ക് ജീവിത സഹചര്യങ്ങളേതും സ്വീകാര്യമാവുന്നു, കടും പിടുത്തങ്ങളില്ലാത്ത ഒരാള്‍ക്ക് സ്വന്തം ശീലങ്ങള്‍ കെണികളൊരുക്കുന്നതിനെ തടയാനാവുന്നു. വെജിറ്റേറിയനിസം ഒരു കടും പിടുത്തമുല്ല, ''പല വിദേശ യാത്രകളിലും അത് പ്രശ്‌നമാകാറില്ലേ?'' എന്ന് എന്നോട് ചിലര്‍ ചോദിച്ചിട്ടുണ്ട്. വിട്ടുവീഴ്ചക്ക് ഞാന്‍ തയ്യാറല്ല. പക്ഷേ എന്റെ വെജിറ്റേറിയനിസം അതില്ലാതെ വന്നാലും ജീവിക്കാനാവുമെന്ന് എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം. പല കല്യാണ വീടുകളിലും സസ്യേതര വിഭവങ്ങള്‍ മാത്രം വിളമ്പുമ്പോള്‍, എനിക്ക് അല്‍പം ചോറുകൊണ്ടോ അല്‍പം കറിയോ പപ്പടമോ കൊണ്ടോ തൃപ്തിപ്പെടാനാവുന്നത് കടുംപിടുത്തമയഞ്ഞ് ഇല്ലാതായതുകൊണ്ടാണെന്ന് ഞാനവരെ അറിയിക്കുന്നു. വൈകുന്നേരം ഒരു ചായ കിട്ടാതായാല്‍ അസ്വസ്ഥതയുടെ കൊടുമുടി കേറുന്നവരെ ഞാനെന്റെ ചുറ്റുവട്ടത്ത് കണ്ടിട്ടുണ്ട്. ശീലം ആസക്തിയുടെ മീതെയുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുന്നു. പുകവലി, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ക്ക് കീഴ്‌പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ കൗണ്‍സലിംഗിന് വന്നിട്ടുണ്ട്. മുന്‍വിധികള്‍ക്കും ആസക്തിക്കും കീഴ്‌പ്പെട്ട രോഗികളാണവര്‍. അവരെ ജീവിതത്തിന്റെ ലാളിത്യത്തിലേക്ക് കൊണ്ടുവരികയെന്നതാണ് ചികിത്സയുടെ തത്വശാസ്ത്രം. മദ്യമുക്ത കൂട്ടായ്മയായ ആല്‍കഹോളിക് അനോനിമസ് സുബോധ ജീവിതം സാധ്യമാക്കുന്നതിന് പിന്തുടരുന്ന ചില മാര്‍ഗങ്ങളുണ്ട്. ഒരു നേരം ഒരു കാര്യം മാത്രം, ലളിതമാക്കുക. ലാളിത്യം സ്വാംശീകരിക്കാന്‍ അവര്‍ നടത്തുന്ന ശ്രമം കൂടിയാണിത്.
ലളിത ജീവിതം പല അസ്വസ്ഥതകളെയും പ്രതിരോധിക്കാനുള്ള തന്ത്രമാണ്. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനാശിക്കുന്നവരോട് മൊബൈല്‍ ഫോണോ ടിവിയോ ദിനപത്രമോ വിഭവ സമൃദ്ധമായ ഭക്ഷണമോ ഇല്ലാതെ ഒരിടവേളയെടുക്കാന്‍ നിര്‍ദേശിക്കുന്നത് ഒരു ചികിത്സാ പദ്ധതികൂടിയാണ്. ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് ശീലങ്ങളെ കെട്ടഴിച്ച് പരത്തി, നാട്ടിന്‍പുറത്തോ കുന്നിന്‍ ചെരുവിലോ തടാകക്കരയിലോ വേവലാതികളില്‍ നിന്നൊഴിഞ്ഞ് കഴിയാന്‍ അവധി ദിനങ്ങള്‍ ചെലവഴിക്കുന്നവര്‍ ലാളിത്യത്തില്‍ നിന്നാണ് റീചാര്‍ജ് ചെയ്യുന്നത്.
ഏറ്റവും പ്രധാനപ്പെട്ടതും അനിവാര്യവുമായതുംകണ്ടെത്തുക, ബാക്കിയുള്ളൊതൊക്കെ ഉപേക്ഷിക്കുക എന്നതാണ് ലളിത ജീവിതത്തിന്റെ മാര്‍ഗം. ആധുനിക ജീവിതത്തിലെ ആസക്തികളില്‍ ലാളിത്യത്തെ സ്വാംശീകരിക്കുക എന്നത് ഒരു ലക്ഷ്യമല്ല, യാത്രയാണ്. എന്നാല്‍ ഒന്നുറപ്പ്: ലാളിത്യമാര്‍ഗത്തിലെത്തിച്ചേരുക എന്നത് അത്ര ലളിതമായ കാര്യമല്ല.
ശേഷക്രിയ
âലാളിത്യം എന്നത് എല്ലാ ഭൗതിക കാര്യങ്ങളെയും തിരസ്‌കരിക്കലല്ല. നൂലാമാലകളായി വര്‍ത്തിക്കുന്ന എമ്പാടും ഘടകങ്ങളില്‍ നിന്നുള്ള മോചനമാണ്.
âവലിയ വലിയ കാര്യങ്ങളില്‍ നിന്നുള്ള വിടുതലാണത്. എണ്ണപ്പെരുപ്പത്തെയല്ല മേന്മയെ പുല്‍കലാണത്. വൃത്തിയും വെടിപ്പും ഭംഗിയുമുള്ള കുപ്പായമാവാം. പക്ഷേ ഒരു പ്രത്യേക തരം ബ്രാന്റ്ഷര്‍ട്ടും പ്രത്യേക ഡിസൈനും വേണമെന്ന് ശഠിക്കുമ്പോള്‍ ലാളിത്യ തിരസ്‌കാരമാകുന്നു.
âഅല്‍പാഹാരികളാവുക. ഭക്ഷണം ഓരോരുത്തര്‍ക്കും വ്യത്യസ്താനുഭവമാണ്. രുചിഭേദങ്ങള്‍ വ്യത്യസ്തമാണ്. മധ്യവയസ്‌കന്റെ വിശപ്പല്ല ചെറുപ്പക്കാരന്റെത്. കടുംപിടുത്തങ്ങളോ വാശിയോ ഇല്ലാതെ ഭക്ഷണം കഴിക്കുക.
âസംസാരിച്ചു കൊണ്ടേയിരിക്കുന്നതില്‍ നിയന്ത്രണം വരുത്തുക. മറ്റുള്ളവരെ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. കേള്‍വി ലാളിത്യ ഭാവത്തിന്റെ മഹനീയ പ്രകടനമാണ്.
âആഴ്ചയിലൊരിക്കല്‍ ഒരു കാലിക്കൊട്ടയുമായി വീട്ടില്‍ നടക്കുക. ആവശ്യമില്ലെന്ന് തോന്നുന്ന വസ്തുക്കള്‍ അതിലിടുക. ഉപയോഗിക്കാനാവുന്നവ പാവപ്പെട്ടവന് നല്‍കുക.
âബഹളങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം തെരഞ്ഞെടുക്കുക. ടി.വി, മൊബൈല്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് മുക്തി നേടുക.
âആവശ്യമുള്ള സാധനങ്ങളുടെ പട്ടികയുണ്ടാക്കി അതുമാത്രം വാങ്ങുക.
âസാവധാനം ഭക്ഷണം കഴിക്കുക. സാവാധാനം വണ്ടിയോടിക്കുക. വേഗത ലാളിത്യത്തെ ഇല്ലാതാക്കും
âപ്രകൃതിയിലെ ലാളിത്യം സൂക്ഷ്മ തലങ്ങളില്‍ നിരീക്ഷിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top