പുരസ്‌കാരം

ശിവപ്രസാദ് പാലോട് No image

അവന്‍ കവിത എഴുതുന്നതേ വീട്ടുകാര്‍ക്ക് കണ്ടുകൂടായിരുന്നു... അന്നന്നത്തെ അറ്റം മുട്ടിക്കാന്‍ വക തേടുന്നതിനിടെയാണ് ചെക്കന്‍ വറ്റ് എല്ലിന്റെയിടയില്‍ കുത്തുന്നത്. ഓരോന്നാലോചിച്ച് ഇരുന്ന് നേരം കളയണ നേരം അനക്ക് പൂച്ചേപ്പിടിച്ച് വരണ്ടിക്കൂടേ. ചോദ്യങ്ങള്‍ക്കിടയിലൂടെ അവന്റെ കവിത പലപ്പോഴും ഊര്‍ന്നു പോയി.
പത്രത്തില്‍ വാര്‍ത്ത കണ്ടാണ് അവന്‍ ആ അവാര്‍ഡിന് കവിതകള്‍ അയച്ചത്. പതിനായിരം രൂപയും പ്രശസ്തി ഫലകവും. രണ്ടു മൂന്ന് മാസം കടന്നുപോയി. അവന്‍ തന്നെ അതു മറന്നിരിക്കുമ്പോഴാണ് ഒരു ദിവസം വിളിയെത്തുന്നത്; അവാര്‍ഡ് തനിക്കാണ്...
വീട്ടില്‍നിന്നും നാനൂറ് കിലോമീറ്റര്‍ അകലെയുള്ള നഗരത്തില്‍ വെച്ചാണ് പരിപാടി. അവാര്‍ഡ് തരുന്നത് മന്ത്രി. ആവേശത്തോടെ അവന്‍ വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞു. പതിനായിരം ഒന്നിച്ച് കിട്ടുന്നെങ്കില്‍ നീയിനി 24 മണിക്കൂറും എഴുതിക്കോ... എന്നു വീട്ടുകാര്‍, അവാര്‍ഡ് പണം കിട്ടിയാല്‍ ചെലവു ചെയ്യണമെന്ന് കൂട്ടുകാര്‍.
അമ്മയുടെ ഹുണ്ടിക തല്ലിപ്പൊട്ടിച്ചെടുത്ത പണം കൊണ്ട് അവന്‍ ആദ്യമായി തീവണ്ടി കയറി.. തീവണ്ടിയിലിരുന്നും അവന്‍ പതിനായിരം രൂപ കൊണ്ട് അമ്മയുടെ കടം വീട്ടാനും പെങ്ങന്മാര്‍ക്ക് പുത്തനുടുപ്പ് വാങ്ങാനും സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. ചടങ്ങ് ഗംഭീരം. വേദിയിലേക്ക് കയറും മുമ്പ് സംഘാടകര്‍ അവനെ ഒരു മുറിയിലേക്ക് വിളിച്ചു; ''അതേയ്... ഈ പതിനായിരം രൂപ എന്നത് അവാര്‍ഡിന് ഒരു ബലം കൂട്ടാന്‍ പത്രത്തില്‍ കൊടുത്തതാ ട്ടോ... അങ്ങനെ ഒരു തുക ഉണ്ടാവില്ല. സ്റ്റേജില്‍ വെച്ച് മന്ത്രി ഒരു കവര്‍ തരും. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ആ കവര്‍ തിരിച്ചേല്‍പിക്കണം. മറക്കരുത്.''
അവന് ഒന്നും മറിച്ചു പറയാന്‍ ഇടം കൊടുക്കും മുമ്പ് അവരവനെ വേദിയില്‍ കയറ്റി.. 
അമ്മയുടെ ഹുണ്ടിക അവന്റെ മനസ്സില്‍ കിടന്നു പൊട്ടി... പുത്തനുടുപ്പുകള്‍ കാറ്റത്ത് പാറിപ്പോയി... 
ചടങ്ങില്‍ എല്ലാവരും അവനെ പുകഴ്ത്തി. മന്ത്രി തന്ന കവറും പ്രശസ്തി ഫലകവും അവന്റെ കൈയിലിരുന്ന് കനം വെച്ചു. എല്ലാവരുടെയും കണ്ണുവെട്ടിച്ച് അവിടെ നിന്നും ഇറങ്ങി ഓടിയാലോ എന്നവന്‍ ആലോചിച്ചു. സംഘാടകരുടെ കഴുകന്‍ കണ്ണുകള്‍ അവന്റെ നേരെ തന്നെയായിരുന്നു..
പരിപാടി കഴിഞ്ഞു. മന്ത്രി യാത്രയായി. സംഘാടകര്‍ അവനെ നേരത്തേ പോയ അതേ മുറിയിലേക്ക് നടത്തി. കശാപ്പുശാലയിലേക്ക് കയറ്റുന്ന ആടിന്റെ ഭാവം മുഖത്ത് വരാതിരിക്കാന്‍ അവന്‍ മുഷിഞ്ഞ മുണ്ടിന്റെ മടിക്കുത്ത് പല തവണ അഴിച്ചുടുത്തു. അപ്പോ എല്ലാം നേരത്തേ പറഞ്ഞ പോലെ. സാര്‍, കുറെ ദൂരേന്നാണ്... വണ്ടിക്കൂലി ഒരുപാടാണ്... ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല... അമ്മയുടെ ഹുണ്ടിക പൊട്ടിച്ച കാശോണ്ടാണ് ഇതുവരെ... പെങ്ങന്മാര്‍ക്ക് ഉടുപ്പ് വാങ്ങണം..
'ഛെ.. ഛെ... നിങ്ങള്‍ കവിത എഴുതുന്ന ആളല്ലേ... ഇങ്ങനെ പണത്തെപ്പറ്റി ചിന്തിക്കാമോ...? ഞങ്ങള്‍ കരുതി നിങ്ങളൊരു മാന്യനാണെന്ന്...' 'അയ്യോ... സാര്‍ അങ്ങനെയല്ല.... എന്തായാലും കവര്‍ തിരിച്ചുതരൂ... ഇവിടത്തെ ഏര്‍പ്പാട് ഇങ്ങനെയൊക്കെയാണ്... ഇത്ര തന്നെ സംഘടിപ്പിക്കാന്‍ പെട്ട പാട് ഞങ്ങള്‍ക്കേ അറിയൂ... താങ്കള്‍ക്ക് ഞങ്ങള്‍ പ്രശസ്തിപത്രം തന്നില്ലേ... ഒരു കലാകാരന് അംഗീകാരമല്ലേ ഏറ്റവും വലിയ ബഹുമതി.'
പ്രശസ്തി ഫലകം മാറോടടക്കിപ്പിടിച്ച് അവന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു... വഴിയില്‍ കൈ നീട്ടിയ പിച്ചക്കാരന് തന്റെ തന്നെ മുഖഛായ തോന്നിയപ്പോള്‍ പോക്കറ്റില്‍ കൈയിട്ട് കിട്ടിയ ചില്ലറയൊട്ടാകെ അയാളുടെ പാത്രത്തിലേക്ക് ഇട്ട് അവന്‍ ഓടി... 
അര്‍ഥം വെച്ച കൂവലോടെ തീവണ്ടി വന്നു നിന്ന് അവനെ വിഴുങ്ങി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top