സന്തോഷത്തിന്റെ വഴികള്‍

ഷംസീര്‍ എടക്കാട് No image

മതവും പ്രത്യയശാസ്ത്രവും ലോകത്ത് പിറവിയെടുത്തത് ശാന്തവും സൗഖ്യപൂര്‍ണവുമായ ജീവിതം സ്വപ്നം കണ്ടാണ്. അധമത്വവും ക്രൂരതയും പൈശാചികതയും ആരും ഇഷ്ടപ്പെടുന്നില്ല. സ്‌നേഹവും സന്തോഷവും ആനന്ദവും എല്ലാവരും ഇഷ്ടപെടുകയും കൊതിക്കുകയും ചെയ്യുന്നു. സന്തോഷപൂര്‍ണമായ ജീവിത പരിസരം നമ്മില്‍ നിറക്കുന്ന ക്രിയാത്മക ഊര്‍ജം വളരെ വലുതാണ്. വ്യക്തികള്‍ പ്രസരിപ്പിന്റെയും പ്രസന്നതയുടെയും ഉടമകളാകുമ്പോള്‍, അവര്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും ആനന്ദവും ഉന്മേഷവും പകരുന്നു. അത് നല്‍കുന്ന പരിമളം നമ്മുടെ മനസ്സ് നിറക്കുന്നു. ഇത് പോലെയാണ് പ്രസന്നവദനനായ ഒരു വ്യക്തി. അയാളെ കാണുന്നത് തന്നെ നമ്മെ സന്തോഷിപ്പിക്കുന്നു.
അനിശ്ചിതത്വങ്ങളുടെയും ആത്മ സംഘര്‍ഷങ്ങളുടെയും വിഷാദത്തിന്റെയും ഉത്കണ്ഠകളുടെയും നടുവില്‍ ജീവിതത്തെ ശപിച്ച് കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ടവരാണ് നമ്മില്‍ അധിക പേരും. ജീവിതത്തില്‍ നിരാശയും മോഹഭംഗവും അപകര്‍ഷതയും ഏതൊരാളെയും ഗ്രസിക്കുന്ന രോഗമാണ്. ഒരാളുടെയും ഹൃദയത്തെ തേടാതെ ഒരാളെയും പ്രചോദിപ്പിക്കാതെ അടയാളങ്ങള്‍ ബാക്കി വെക്കാതെ കടന്നു പോകുന്ന ജീവിതം ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. ഖുര്‍ആന്‍ ആ ആശയം ഇങ്ങനെ വ്യക്തമാക്കി. ''അവരില്‍ (വിശ്വാസികളില്‍) ചിലരുണ്ട്. അവര്‍ അവരുടെ ഇഹലോകത്തെ കര്‍മത്തിന്റെ ഭാഗദേയം പൂര്‍ത്തിയാക്കി. മറ്റു ചിലര്‍ അതിനു വേണ്ടി കാത്തിരിക്കുന്നു.'' ജീവിതം സ്വന്തം കര്‍മങ്ങള്‍ക്കൊണ്ട് അടയാളപ്പെടുത്തിയവരെക്കുറിച്ചാണ് ഇത് പറഞ്ഞത്. ചില ശീലങ്ങളും പരിശീലനങ്ങളുമാണ് നമ്മില്‍ എപ്പോഴും ആനന്ദം നിറക്കുന്നത്. ആനന്ദം കര്‍മോര്‍ജത്തിന്റെ പ്രഭവ കേന്ദ്രമാണ്. അതിലേക്കെത്തിച്ചേരാനുള്ള ചില വഴികളിതാ.
പുഞ്ചിരിക്കൂ വിഷാദമകറ്റൂ
ഹൃദയം തുറന്ന് പുഞ്ചിരിക്കാന്‍ സാധിക്കുന്നത് വലിയ സൗഭാഗ്യമാണ്. ദുരിതങ്ങളും ആത്മ സംഘര്‍ഷങ്ങളും മനോവിഷമങ്ങളാണ് പലപ്പോഴും നമ്മുടെ ചുണ്ടുകളില്‍ നിന്നും പുഞ്ചിരിയെ അറുത്തു മാറ്റുന്നത്. വിഷമഘട്ടത്തിലും തുറന്ന പുഞ്ചിരി നമ്മുടെ വിഷാദത്തെ അകറ്റുമെന്ന് അമേരിക്കയിലെ കന്‍സാസ് സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞരായ താരാ ക്രാഫ്റ്റും സാറാ പ്രസ്മാനും പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട 169 പേരില്‍ നടത്തിയ ഗവേഷണത്തിലാണ് ഇത് തെളിയിച്ചത്. ഹൃദയം തുറന്നുള്ള ആത്മാര്‍ഥമായ ചിരി നമ്മുടെ മാനസിക സംഘര്‍ഷം പൂജ്യത്തിലിലേക്കെത്തിക്കുമ്പോള്‍, വിഷമങ്ങള്‍ ഉള്ളിലൊളിപ്പിച്ചുള്ള ചിരി വിഷാദത്തെ വലിയൊരളവോളം കുറക്കുന്നു എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുഞ്ചിരിയെക്കുറിച്ചും അതിന്റെ ആരോഗ്യ സംബന്തമായ നേട്ടങ്ങളെക്കുറിച്ചും നിരവധി പഠനങ്ങളും ഗവേഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്. മനഃക്ലേശത്തില്‍ നിന്നുള്ള മുക്തി, ഹൃദയമിടിപ്പിലെ സന്തുലിതത്വം, തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത, പ്രതികൂല ഹോര്‍മോണുകള്‍ നശിപ്പിച്ച് പുതിയ ഊര്‍ജത്തിന്റെ പ്രവാഹം ഇതെല്ലാം പുഞ്ചിരിയുടെ സദ്ഫലങ്ങളാണ്. മങ്ങിയ വിളക്ക് വിഷാദഛായ പകരുമ്പോള്‍ ജ്വലിക്കുന്ന വെളിച്ചം നമ്മില്‍ ഉന്മേഷം നിറക്കുന്നത് പോലെയാണത്. ''ഒരു ചെറിയ നന്മയെപ്പോലും നിങ്ങള്‍ നിസ്സാരമായി കണരുത്. പ്രസന്നവദനനായി നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നതുപോലും പുണ്യമാണെന്നാണ് പ്രവാചകന്‍ പറഞ്ഞത്.
സന്തോഷിപ്പിക്കൂ, വെറുപ്പിക്കരുത്
എല്ലാവര്‍ക്കും എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ താനിടപഴകുന്ന മേഖലകളില്‍ അത് സാധിക്കും. കുടുംബം, തൊഴിലിടം, സംഘടന, കൂട്ടായ്മ, വിശേഷ ദിനങ്ങളിലെ സംഗമ വേദികള്‍... തുടങ്ങി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന വ്യക്തികളോട് എപ്പോഴും സന്തോഷത്തിന്റെയും പ്രസാദാത്മകതയുടേയും വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നവരെ ആരും ഇഷ്ടപ്പെട്ട് പോകും. മസിലുപിടുത്തം, കൃത്രിമ ഗൗരവം, അഹങ്കാരത്തിന്റെ ശരീര ഭാഷ, ചെറിയ പ്രയാസങ്ങളെപ്പോലും പര്‍വതീകരിച്ച് പ്രശ്‌നം സൃഷ്ടിക്കല്‍, ഇത്തരം സ്വഭാവമുള്ളവര്‍ക്ക് ആരും ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് കൊടുക്കില്ല. സ്വന്തം പ്രശ്‌നങ്ങളെ തൃണവല്‍ക്കരിച്ച് മറ്റുള്ളവരെ സാമീപ്യം കൊണ്ടും സേവന സഹായം കൊണ്ടും നിസ്വാര്‍ഥമായി സന്തോഷിപ്പിക്കാന്‍ സാധിക്കുക. എന്നത് വലിയ സിദ്ധിയാണ്. ഏത് കാര്യത്തിലിടപെട്ടാലും സഹജീവികളെ വെറുപ്പിക്കുന്നവര്‍ സമൂഹത്തിന്റെ ക്രിയാത്മക ഊര്‍ജത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രവാചകന്‍ പറഞ്ഞു: ''നിങ്ങള്‍ എളുപ്പമാക്കുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്.''
സ്വാര്‍ഥത കൈവെടിയുക
ഒരിക്കല്‍ വിവേകാനന്ദ സ്വാമികള്‍ പറഞ്ഞു: ''സ്വന്തത്തിന് വേണ്ടി മാത്രം ജീവിക്കുന്നവന്‍ മരിച്ചതിന് തുല്യമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ഒരാള്‍ ജീവിക്കുന്നു എന്ന് പറയാനാവുക.'' ക്രമപ്രവൃദ്ധമായി നശിപ്പിക്കുന്ന ഒരു അര്‍ബുദമാണ് സ്വാര്‍ഥത. പ്രത്യക്ഷത്തില്‍ അത് ജീവിത സൗഖ്യം പ്രദാനം ചെയ്യുന്നുവെന്ന് ഒരു സ്വാര്‍ഥന് തോന്നുമെങ്കിലും സംതൃപ്തിയും അശാന്തിയും നിറഞ്ഞതായിരിക്കും അവന്റെ ജീവിതം. നിസ്വാര്‍ഥതയുടെ ഏറ്റവും വലിയ ഉദാഹരണം ഉമ്മയാണ്. കുറച്ച് ദിവസം മുമ്പ് ഫേസ് ബുക്കിലെ ഈ പോസ്റ്റ് വല്ലാതെ ഉള്ളുലച്ചു. ''ഒരു വീട്ടില്‍ അഞ്ചു പേരുണ്ട്. പക്ഷെ നാല് ആപിള്‍ മാത്രമേ ഉള്ളൂ. പെട്ടെന്ന് ഉമ്മ പറയും: ''എനിക്ക് ആപ്പിള്‍ ഇഷ്ടമില്ല'' എല്ലാവര്‍ക്കും വിളമ്പി അവസാനം കഷ്ണങ്ങളില്ലാത്ത വെറും ചാറ് കൂട്ടി ചോറ് തിന്ന് വിശപ്പടക്കി തൃപിതയടഞ്ഞ നിസ്വാര്‍ഥത മാതൃത്വത്തില്‍ നിന്നാണ് നാം പഠിക്കേണ്ടത്. ഖുര്‍ആന്‍ അതിപ്രകാരം പറഞ്ഞു: ''അവന്‍ അവരുടെ കാര്യത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു.'' പ്രവാചകന്‍ പറഞ്ഞു: ''നിങ്ങള്‍ക്കിഷ്ടപ്പെട്ടത് മറ്റുള്ളവര്‍ക്കും കൂടി ഇഷ്ടപ്പെടുന്നത് വരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല.'' നിസ്വാര്‍ഥത ശാശ്വതമായ സൗഖ്യമാണ് ഒരാള്‍ക്ക് നല്‍കുന്നത്.
പൂര്‍ണതയോടെ ജോലി ചെയ്യൂ സന്തോഷത്തോടെയും
വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസവുമായി ഏറ്റവും കൂടുതല്‍ തവണ ചേര്‍ത്തു പറഞ്ഞത് സല്‍കര്‍മം എന്ന ആശയമാണ്. നിഷ്‌ക്രിയത്വവും കര്‍മ വിമുഖതയും സജീവതയും നിലനിര്‍ത്തുന്ന വിശ്വാസമാണ് ആവശ്യം. കര്‍മോത്സുകരായ വ്യക്തിത്വങ്ങളാണ് സമൂഹത്തിന്റെ നന്മയും സന്തുലിതത്വവും. നിലനിര്‍ത്തുന്നത്. വിഖ്യാത എഴുത്തുകാരന്‍ ഖലീല്‍ജിബ്രാന്‍ കര്‍മം നല്‍കുന്ന സന്തോഷത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചെയ്യുന്നത് സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ചെയ്യുക. ഒരു വസ്ത്രത്തില്‍ നൂല് കൊണ്ട് ചിത്രം തുന്നുമ്പോള്‍ ഓരോ നിമിഷത്തിലും കര്‍മത്തിന്റെ ആനന്ദ ലഹരി കണ്ടെത്തുക എന്നും അദ്ദേഹം പറയുന്നുണ്ട്. ചെയ്യുന്ന ജോലിയോടുള്ള വെറുപ്പും മടുപ്പും ജീവിതത്തില്‍ നിന്ന് ഉള്‍വലിയാന്‍ നിരന്തരം നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ സംഭവിക്കുന്ന ജോലിയിലെ സ്ഖലിതങ്ങളുടെ പേരില്‍ നാം നിരന്തരം പഴിചാരപ്പെടുന്നത് അതിലെ പൂര്‍ണത കാരണമാണ്. പൂര്‍ണതയോടെ (ഇഹ്‌സാന്‍) ആത്മാര്‍ഥതയോടെ (ഇഖ്‌ലാസ്) ജോലി ചെയ്യുന്നവര്‍ അതില്‍ സന്തോഷം കണ്ടെത്തുന്നു. അല്ലാത്തവര്‍ നിരന്തരം സ്വന്തത്തെ, സ്ഥാപനത്തെ, അധികാരികളെ, ഉപകരണങ്ങളെ പഴി ചാരി കാലം കഴിക്കുന്നു. ഖുര്‍ആന്‍ മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യമായി പറഞ്ഞത് കര്‍മ പൂര്‍ണതയാണ്. ''അവനാകുന്നു ജീവിതവും മരണവും സൃഷ്ടിച്ചത്. നിങ്ങളില്‍ ആരാണ് ഏറ്റവും പൂര്‍ണതയോടെ (ഇഹ്‌സാന്‍) കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പരീക്ഷിക്കാന്‍ വെണ്ടിയത്രെ അത്.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top