എഴുത്തുണ്ടാകുന്നത്

2014 ഏപ്രില്‍
ധീരമായ ഇടപെടലുകള്‍ നടത്തുന്ന വനിതാരത്‌നങ്ങളെ പരിചയപ്പെടുത്തുന്ന ഫെബ്രുവരി ലക്കം ആരാമം മുളച്ച് പൊന്തുന്ന എഴുത്തിന് ശക്തി പകരുന്നതുമായ ലേഖനങ്ങളാല്‍ സമൃദ്ധമായിരുന്നു. അത്യാവശ്യം

         ധീരമായ ഇടപെടലുകള്‍ നടത്തുന്ന വനിതാരത്‌നങ്ങളെ പരിചയപ്പെടുത്തുന്ന ഫെബ്രുവരി ലക്കം ആരാമം മുളച്ച് പൊന്തുന്ന എഴുത്തിന് ശക്തി പകരുന്നതുമായ ലേഖനങ്ങളാല്‍ സമൃദ്ധമായിരുന്നു. അത്യാവശ്യം വായിക്കുകയും അതില്‍ കുറച്ചൊക്കെ കുറിച്ച് വെക്കുകയും മറ്റു ചിലത് എഴുതാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷെ പുറത്തെടുക്കാനും വെളിച്ചം കാണിക്കാനും കരുത്ത് പലപ്പോഴും ലഭിക്കാറില്ല. എന്നാല്‍ ആരാമത്തിലെ പേജുകളില്‍ നിന്ന് എഴുത്തിന്റെ ബാലപാഠം നുകര്‍ന്നപ്പോള്‍ പേന എടുക്കാനുള്ള ധൈര്യം താനെ ഉണ്ടായി. വായിച്ച്, 'കൊള്ളാം' എന്ന് തട്ടിവിടുന്നതിന് പകരം മഹിളകളുടെ ജീവിതം മാതൃകയാക്കാന്‍ നമുക്ക് സാധിക്കട്ടെ.
ബഷീറ അബ്ദുല്‍ റസാഖ്
പുലാപ്പറ്റ

ഉള്ളം വെളിച്ചമുളളതായിരിക്കണം


         മാര്‍ച്ച് ലക്കം ആരാമത്തില്‍ താഹിറ സി എഴുതിയ 'നനവുള്ള ബന്ധങ്ങള്‍ക്ക്' എന്ന ലേഖനം വായിച്ചു. സന്താന പരിപാലനം മാതാവിന്റെ ചുമതല തന്നെയാകുന്നു. അതിനര്‍ഥം അവള്‍ വീടിനുള്ളില്‍ തന്നെ കഴിയേണ്ടവളാണ് എന്നല്ല. സമൂഹവുമായി സമ്പര്‍ക്കമില്ലാത്ത, പുറംലോകവുമായി പരിചയമില്ലാത്ത മാതാവ് എങ്ങനെയാണ് സാമൂഹിക പ്രതിബദ്ധതയുള്ള മക്കളെ വാര്‍ത്തെടുക്കുക. അടച്ചിട്ട ലോകം മനുഷ്യമനസ്സിനെ ഇടുങ്ങിയതാക്കുന്നു. സ്വാര്‍ഥനും മടിയനുമാക്കുന്നു. തുറന്നിട്ട ലോകത്തെ ശുദ്ധവായുവും വെളിച്ചവുമാണ് സ്വാതന്ത്ര്യമുള്ള മനസ്സുകളെ സൃഷ്ടിക്കുന്നത്. മനുഷ്യസഹജമായതൊക്കെ സ്ത്രീ സഹജവുമാണ്. സ്ത്രീയുടെ വ്യക്തിത്വവും, കാറ്റും വെളിച്ചവുമേറ്റ് പുഷ്ടിപ്പെടേണ്ടതുണ്ട്, അറിവും തിരിച്ചറിവും കൊണ്ട് ശോഭിക്കേണ്ടതുണ്ട്.
റഹീം കെ, പറവന്നൂര്‍

ഇന്ത്യ പോളിയോ മുക്തമോ?


         മാര്‍ച്ച് ലക്കം ആരാമത്തില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യ പോളിയോ മുക്തമോ?' എന്ന ലേഖനം നാലു വയസ്സുളള കുഞ്ഞിന്റെ മാതാവായ എന്നെ വല്ലാതെ സ്വാധീനിച്ചു. വീട്ടുകാരുടെ ആവശ്യവും കൂടി പരിഗണിച്ച് ഇന്നുവരെ ഞാന്‍ കുഞ്ഞിന് പോളിയോ വാക്‌സിന്‍ നല്‍കിയിട്ടില്ല. പലരും വീട്ടിലെത്തി നിര്‍ബന്ധമായും പോളിയോ കൊടുക്കേണ്ടതിന്റെ പ്രാധാന്യം പല രീതിയിലും വ്യക്തമാക്കിത്തന്നിരുന്നു. ചിലര്‍ ചീത്ത പറഞ്ഞു. പലപ്പോഴും ഞാന്‍ ചെയ്തത് അബദ്ധമായോ എന്നുവരെ തോന്നിയിരുന്നു. എന്നാല്‍ ആരാമത്തിലെ ലേഖനം വായിച്ചപ്പോള്‍ വീട്ടുകാര്‍ അന്ന് നിര്‍ബന്ധിച്ചിട്ടാണെങ്കിലും അങ്ങനെ ചെയ്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.
ബഷീന ഗഫൂര്‍, മങ്കട

വയസ്സിലും വിശ്രമമില്ലാതെ


         മാര്‍ച്ച് ലക്കത്തില്‍ വന്ന 'കണിയാപുരത്തെ പച്ചമരത്തണല്‍' എന്ന ഫീച്ചര്‍ വായിച്ചപ്പോള്‍ മനസ്സില്‍ സന്തോഷവും ജൗഹറത്താത്തയോട് ഏറെ ബഹുമാനവും തോന്നി. തെക്കന്‍ കേരളത്തില്‍ ഒരു വനിത മുന്നിട്ടിറങ്ങി നടത്തുന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കേണ്ടതും സഹായിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. അമ്പതാം വയസ്സില്‍ ഖുര്‍ആന്‍ പഠനം തുടങ്ങുകയും 12 വര്‍ഷം കൊണ്ട് 114 അധ്യായവും പഠിക്കുകയും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് വരെ കരസ്ഥമാക്കുകയും ചെയ്ത ജൗഹറത്ത നമുക്കെല്ലാം മാതൃകയും വഴികാട്ടിയുമാണ്. പഠിച്ചത് ഉള്‍ക്കൊള്ളുകയും വാര്‍ധക്യത്തെ അവഗണിച്ച് സമൂഹത്തിന് പ്രയോജനപ്പെടുന്ന തരത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന വ്യക്തിയേയും അവരുടെ സംരംഭത്തെയും കുറിച്ചെഴുതിയ മുഹാജിറിനും അഭിനന്ദനങ്ങള്‍.
ഷമീന എ, വെള്ളിമാടുകുന്ന്

പ്രേമപുരാണം


         'നാടന്‍ പ്രേമം നാടോടി പ്രേമമതു നാലുവിധം പ്രേമം.' നാടന്‍ പ്രേമമെന്നത് ശുദ്ധം, സ്വാര്‍ഥപ്രേമമെന്നതോ പ്രേമിച്ചുകാമിച്ചു തള്ളുകയെന്ന ക്രൂരകൃത്യം. ബാലികമാര്‍ വിദ്യ തേടിയും ജോലിയന്വേഷിച്ചും പ്രാന്ത ദേശങ്ങളില്‍ നിന്നും മറ്റിടങ്ങളിലെത്തുന്നു. അവിടം നാടോടി പ്രേമം നന്നായി നടമാടുന്നു. മനസ്സിനിണങ്ങിയ വരനെ മക്കള്‍ക്കുവേണ്ടി തേടാന്‍ വീട്ടുകാര്‍ മെനക്കെടേണ്ടിവരുന്നത് വളരെ തുച്ഛം. മനസ്സിലാനന്ദം തേടിയുള്ള നൈമിഷിക പ്രേമത്തിലകപ്പെടുന്നവര്‍ ഏറിവരുന്ന കാലമാണിത്. ഇസ്‌ലാംമതം മാത്രം ഈ പ്രവണതയെ അപലപിച്ച ഒരു കാലമുണ്ടായിരുന്നു. ആധുനികതയുടെ മേല്‍ക്കുപ്പായം അണിഞ്ഞവര്‍ക്ക് ഇന്ന് ഏതു സമൂഹത്തോടുമൊപ്പവും വിലസി നടക്കാന്‍ തെല്ലും ലജ്ജയില്ല താനും. നമ്മുടെ സഹോദരിമാര്‍ നിത്യ നൈരാശ്യവും ദുഃഖവും പേറി നശിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ എന്‍.പി ഹാഫിസ്മുഹമ്മദ് തന്റെ തൂലിക കഴിഞ്ഞ ലക്കം ആരാമത്തില്‍ കൗമാരക്കാരുടെ പ്രേമ കാര്യങ്ങളിലേക്ക് ചലിപ്പിച്ചത് ഏറെ വിലമതിക്കുന്നു. കുടുംബത്തില്‍ മദ്യപാനവും മറ്റിതര സാമൂഹിക ദൂഷ്യങ്ങളും പിറവിയെടുക്കാതിരിക്കാന്‍ അതിനെതിരെ ചലിപ്പിച്ചുകൊണ്ടിരുന്ന തൂലിക മേലിലും സാംസ്‌കാരിക കേരളത്തിന് നിത്യവസന്തമേകാന്‍ പടവാളായി നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.
കരിമ്പില്‍ ശശീന്ദ്രന്‍, കണ്ണൂര്‍

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media