ഖുര്‍ആന്‍ പറഞ്ഞ സ്ത്രീകള്‍

ശരീഫ റഹ്മാൻ
2014 ഏപ്രില്‍
അല്ലാഹു മൊത്തം വിശ്വാസികള്‍ക്കും മാതൃകയായി എടുത്തു കാണിച്ചത് ഫറോവയുടെ പത്‌നി ആസ്യയേയും ഇംറാന്റെ പുത്രി മര്‍യം ബീവിയേയുമാണ്. ആസ്യ തന്റെ ഭര്‍ത്താവായ ഫറോവയോട് ചരിത്രത്തില്‍

         അല്ലാഹു മൊത്തം വിശ്വാസികള്‍ക്കും മാതൃകയായി എടുത്തു കാണിച്ചത് ഫറോവയുടെ പത്‌നി ആസ്യയേയും ഇംറാന്റെ പുത്രി മര്‍യം ബീവിയേയുമാണ്. ആസ്യ തന്റെ ഭര്‍ത്താവായ ഫറോവയോട് ചരിത്രത്തില്‍ തുല്യതയില്ലാത്ത ആദര്‍ശ പോരാട്ടം തന്നെ നടത്തുകയും അയാളുടെയും കൂട്ടാളികളുടെയും എല്ലാ ക്രൂരതകളെയും ക്ഷമയോടെ നേരിടുകയും ചെയ്തു. അവരുടെ ക്രൂരമായ പീഡനങ്ങളേറ്റ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുമ്പോഴും അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു: ''നാഥാ, എനിക്ക് നിന്റെയടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഗേഹം പണിതു തരേണമേ... ഫറോവയുടെ പീഡനത്തില്‍ നിന്നും എന്നെ രക്ഷിക്കേണമേ...''
ലോകത്ത് ഒരു സ്ത്രീക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത കഠിനമായ പീഡനമാണ് മര്‍യം ബീവി നേരിട്ടത്. കന്യകയായിരിക്കെ അല്ലാഹുവിന്റെ ദിവ്യാത്ഭുതത്താല്‍ അവര്‍ ഗര്‍ഭിണിയായി. അവിവാഹിതയായ പെണ്ണ് ഗര്‍ഭിണിയായപ്പോള്‍ സമൂഹത്തില്‍ നിന്നുയര്‍ന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും ക്ഷമയോടെ നേരിട്ടു. തത്ഫലമായി അവരെ സ്വര്‍ഗീയ വനിതകളുടെ നേതാവായി അല്ലാഹു ആദരിച്ചു.
'വിശ്വാസികള്‍ക്ക് മാതൃകയായി അല്ലാഹു ഫറോവയുടെ പത്‌നിയെ ഉദാഹരിക്കുന്നു. അവള്‍ പ്രാര്‍ഥിച്ചു: ''നാഥാ എനിക്ക് നിന്റെയടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഗേഹം പണിതുതരേണമേ... ഫറോവയുടെയും അയാളുടെ പീഡനത്തില്‍ നിന്നും രക്ഷിക്കേണമേ... ധിക്കാരികളായ ജനത്തില്‍ നിന്നും എന്നെ രക്ഷിക്കേണമേ...'' ഇംറാന്റെ പുത്രി മര്‍യമിനെയും ഉദാഹരിക്കുന്നു. അവര്‍ തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ചിരുന്നു. പിന്നെ അതില്‍ നമ്മില്‍ നിന്നുള്ള റൂഹിനെ ഊതി. അവള്‍ തന്റെ റബ്ബിങ്കല്‍ നിന്നുള്ള വചനങ്ങളേയും സത്യപ്പെടുത്തി. അവര്‍ വണക്കമുള്ള ജനത്തില്‍പെട്ടവളായിരുന്നു.'
അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ഗര്‍ഭിണിയായിരിക്കെ മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ഓര്‍മയായി തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ ദൈവത്തിന്നര്‍പ്പിക്കുന്ന മാതാവ്. ഈ മഹാത്യാഗത്തിന്റെ ഫലമായി ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് മാതൃകയായ ഇംറാന്റെ ഭാര്യ. '' നാഥാ, എന്റെ വയറ്റില്‍ വളരുന്ന ശിശുവിനെ ഞാന്‍ നിനക്ക് നേര്‍ന്നിരിക്കുന്നു. അത് നിന്റെ മാത്രം ജോലി ചെയ്യാന്‍ ഉഴിഞ്ഞുവെക്കപ്പെട്ടതാകുന്നു. എന്റെ ഈ തിരുമുല്‍ക്കാഴ്ച നീ സ്വീകരിക്കേണമേ.'' പരിശുദ്ധ ഖുര്‍ആന്‍ മൂന്നാം അധ്യായം ഇവരുടെ കഥ വ്യക്തമായിത്തന്നെ വിവരിക്കുന്നു.
ഇസ്രായീലുകളില്‍ തനിക്കൊരു പ്രതിയോഗി ജനിക്കുമെന്ന ജോത്സ്യന്റെ പ്രവചനത്താല്‍ ഭയവിഹ്വലനായ ഫിര്‍ഔന്‍ അവരില്‍നിന്ന് ജനിക്കുന്ന ആണ്‍കുട്ടികളെ കൊന്നൊടുക്കാന്‍ ആജ്ഞാപിച്ചിരുന്ന കാലത്താണ് മൂസാ(അ)യുടെ ജനനം. തന്റെ കുഞ്ഞിനെയും ഫിര്‍ഔന്റെ കിങ്കരന്മാര്‍ കൊല്ലുമോ എന്ന് ഭയപ്പെട്ട് കണ്ണീര്‍ വാര്‍ക്കുന്നു മൂസായുടെ മാതാവ് യൂക്കബദ്. അല്ലാഹുവിന്റെ കല്‍പനപ്രകാരം പിഞ്ചുപൈതലിനെ നദിയിലൊഴുക്കുന്ന ആ മാതാവിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''മൂസായുടെ മാതാവിന് നാം ബോധനം നല്‍കി. അവനെ മുലയൂട്ടിക്കൊള്ളുക. അവന്റെ ജീവനില്‍ ആശങ്കയുണ്ടായാല്‍ അവനെ പുഴയിലെറിഞ്ഞുകൊള്ളുക. ഒന്നും ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. അവനെ നിന്റെയടുക്കലേക്കു തന്നെ തിരികെ കൊണ്ടുവരുന്നതാകുന്നു. അവനെ ദൈവദൂതന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.'' അല്ലാഹുവിന്റെ ഈ വാഗ്ദാന പൂര്‍ത്തീകരണമെന്നോണം ആ പേടകത്തെ പിന്തുടര്‍ന്ന് ഫറോവയുടെ കൊട്ടാരത്തിലെത്തി സൂത്രത്തില്‍ മൂസാ (അ) യെ മാതാവിലേക്ക് തിരിച്ചെത്തിക്കുന്നു സഹോദരി. അല്ലാഹു പറയുന്നു: ''ആ ബാലിക അവരോട് പറഞ്ഞു, ഞാന്‍ ഒരു വീട്ടുകാരെക്കുറിച്ച് നിങ്ങള്‍ക്കറിവ് തരട്ടെയോ? അവര്‍ ഇവന്റെ പരിപാലനം ഏറ്റെടുത്ത് ഗുണകാംക്ഷയോടെ പോറ്റിക്കൊള്ളും. ഇവ്വിധം നാം മൂസായെ അവന്റെ മാതാവിലേക്കുതന്നെ തിരിച്ചെത്തിച്ചു.''
അപവാദത്തിന്റെ കൊടുങ്കാറ്റ് ചുറ്റും ആഞ്ഞുവീശിയപ്പോഴും ആരോടും പരിഭവമില്ലാതെ എല്ലാം ക്ഷമയോടെ അല്ലാഹുവില്‍ അര്‍പ്പിച്ച വിശ്വാസികളുടെ മാതാവ് ആയിശ. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു, 'ഈ അപവാദം കെട്ടിച്ചമച്ചവര്‍ നിങ്ങളില്‍ തന്നെയുളള ചിലരാകുന്നു. ഇതുകേട്ടപാടെ ഇത്തരം സംഗതികള്‍ സംസാരിക്കുന്നത് നമുക്ക് ഭൂഷണമല്ല. സുബ്ഹാനല്ലാ, ഇത് ഗുരുതരമായ ദുരാരോപണം തന്നെയാകുന്നു എന്ന് നിങ്ങള്‍ പറയാതിരുന്നതെന്ത്?' (സൂറ: അന്നൂര്‍ 11-6)
''അല്ലാഹുവിന്റെ ദൂതരെ, കരുത്തരായ പുരുഷന്മാരും അബലകളായ സ്ത്രീകളും സമമല്ലല്ലോ... പുരുഷന്മാര്‍ക്ക് അവരുടെ ജീവനല്ലേ നഷ്ടപ്പെടാനുള്ളൂ... എന്നാല്‍ സ്ത്രീകളുടെ കാര്യം അങ്ങനെയല്ലല്ലോ...?'' മക്കയില്‍നിന്ന് ഹിജ്‌റ ചെയ്ത് പ്രവാചക സന്നിധിയിലെത്തിയ തന്നെ തിരിച്ചയക്കാനൊരുങ്ങുന്ന പ്രവാചകനോട് ഉമ്മുകുല്‍സൂം ബിന്‍ത് ഉഖ്ബത് പറഞ്ഞു. പിന്നീട് ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകളെ തിരുത്തിക്കുറിച്ചു കൊണ്ട് ഈ വചനം അവതരിപ്പിക്കപ്പെട്ടു. 'ഓ, വിശ്വസിച്ചവരേ, വിശ്വാസിനികളായ സ്ത്രീകള്‍ നിങ്ങളുടെ അടുക്കല്‍ പലായനം ചെയ്‌തെത്തിയാല്‍ (അവര്‍ വിശ്വാസികള്‍ തന്നെയോ എന്ന്) പരീക്ഷിക്കേണ്ടതാകുന്നു. അവരുടെ വിശ്വാസത്തെപറ്റി അല്ലാഹു നന്നായറിയുന്നുണ്ട്. അവര്‍ വിശ്വാസിനികള്‍ തന്നെ എന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നീടവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്.'
ജാഹിലിയ്യാ കാലത്ത് ദമ്പതികള്‍ തമ്മില്‍ ശണ്ഠ കൂടുമ്പോള്‍ കോപിഷ്ഠരായ ഭര്‍ത്താക്കന്മാര്‍ അനുവര്‍ത്തിച്ചിരുന്ന ഒരു ദുരാചാരമായിരുന്നു ളിഹാര്‍. അത് തന്റെമേല്‍ അടിച്ചേല്‍പിക്കപ്പെട്ടപ്പോള്‍ ആ ദുരാചാരത്തിനെതിരെ പ്രവാചക സന്നിധിയില്‍ പരാതിപ്പെടുകയും തന്റെ കുടുംബം തകരുന്നതിനെക്കുറിച്ച് അല്ലാഹുവിനോട് പ്രവാചകനിലൂടെ വിധി തേടുകയും ചെയ്യുന്ന ഖൗല ബിന്‍ത് ഥഅ്‌ലബ്. തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തത്തിലൂടെ ആ ദുരാചാരം തന്നെ നിര്‍ത്തലാക്കുകയുണ്ടായി. 'ഭര്‍ത്താവിനെക്കുറിച്ച് താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന ആ വനിതയുടെ സംസാരം അല്ലാഹു ശ്രവിച്ചിരിക്കുന്നു. അല്ലാഹു നിങ്ങളുടെ സംസാരം കേട്ടുകൊണ്ടിരിക്കുന്നുണ്ട്.' തുടര്‍ന്നുള്ള ആയത്തുകളില്‍ അത് നിരോധിക്കുകയും ആ ദുരാചാരം അനുവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രായശ്ചിത്തം വിവരിക്കുകയും ചെയ്തു.
ദത്തുബന്ധങ്ങളെ സംബന്ധിച്ച് ജാഹിലിയ്യാ അറബികളില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് അറുതി വരുത്താനും കുലമഹിമയുടെ പേരിലുള്ള ദുരഭിമാനം ഇല്ലായ്മ ചെയ്യാനും നിമിത്തമായി ഖുര്‍ആന്‍ എടുത്തു കാണിച്ചത് പ്രവാചക പത്‌നി ഹസ്രത്ത് സൈനബി (റ) നെയാണ്. സൂറ: അസ്ഹാബില്‍ ഈ വിഷയം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു.
സ്വന്തം ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഒരു ജനതയെ ഒന്നടങ്കം സത്യത്തിലേക്ക് നയിക്കുന്നു സബഇലെ രാജ്ഞി. സുലൈമാന്‍ നബിയുടെ കത്ത് കിട്ടിയ ഉടനെ തന്റെ സഭയുമായി ആലോചിച്ച് നയപൂര്‍വം പ്രതികരിക്കുകയും അവസാനം ആ സമൂഹത്തെ ഒന്നടങ്കം സത്യദീനിലേക്ക് നയിക്കുകയും ചെയ്ത അവരുടെ കഥ അധ്യായം നംലില്‍ അല്ലാഹു വ്യക്തമാക്കുന്നു. ഭൗതിക വിഭവങ്ങള്‍ കൊതിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു പ്രവാചക പത്‌നിമാര്‍. രഹസ്യങ്ങള്‍ സൂക്ഷിക്കാത്തതിന്റെ പേരില്‍ താക്കീതു ചെയ്യപ്പെടുന്ന ആയിശബിയും ഹഫ്‌സയും. തങ്ങള്‍ നല്‍കിയ സേവനത്തിന്റെ പേരില്‍ മൂസ (അ) യെകുറിച്ച് പിതാവിനോട് പുകഴ്ത്തുന്ന മദായിനിലെ കിണര്‍ക്കരയില്‍ കണ്ട തരുണികള്‍. വിവാഹമോചനം ചെയ്യപ്പെട്ട ശേഷം തന്റെ ആദ്യഭര്‍ത്താവിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച അവരെ തടഞ്ഞ സഹോദരനെ ആക്ഷേപിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിക്കാന്‍ കാരണക്കാരിയായ മഅ്കലിന്റെ സഹോദരി. ഇങ്ങനെ വിശുദ്ധഖുര്‍ആന്‍ വരച്ചുകാട്ടുന്ന സദ്‌വൃത്തകളുടെ നിര നീണ്ടുപോകുന്നു.
അനുകരണീയങ്ങളായ സ്ത്രീമാതൃകകള്‍ക്ക് പുറമെ അല്ലാഹുവിന്റെ കോപത്തിനിരയായ വനിതകളെയും ഖുര്‍ആന്‍ വരച്ചുകാണിക്കുന്നുണ്ട്. അവരില്‍ പ്രഥമ സ്ഥാനത്ത് അല്ലാഹു മൊത്തം അവിശ്വാസികള്‍ക്കും ഉദാഹരണമായി എടുത്തുകാണിച്ച നൂഹ് നബിയുടെയും ലൂത്ത് നബിയുടെയും ഭാര്യമാര്‍ തന്നെ. അവര്‍ നമ്മുടെ അടിമകളില്‍ സച്ചരിതരായ രണ്ട് അടിമകളുടെ ഭാര്യാപദത്തിലായിരുന്നു. ഇവര്‍ രണ്ടുപേരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. അവര്‍ രണ്ടുപേരും അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് ഒട്ടും ഉപകാരപ്പെട്ടില്ല.
മറ്റൊരു സ്ത്രീയാണ് പ്രവാചകന്റെ ബന്ധുവായിരിക്കെ കുടുംബബന്ധത്തിന്റെ പവിത്രതപോലും ലംഘിച്ചുകൊണ്ട് ആദര്‍ശത്തോടുള്ള വിരോധത്താല്‍ പ്രവാചകനെ ഉപദ്രവിക്കാന്‍ കച്ച കെട്ടിയിറങ്ങുന്ന അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍. പ്രവാചകന്റെ അയല്‍വാസിയും അബൂസുഫ്‌യാന്റെ സഹോദരിയുമായ അവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'അവനോടൊപ്പം അവന്റെ ഏഷണിക്കാരിയായ പെണ്ണും (ജ്വാലകളുള്ള അഗ്നിയില്‍ എരിയുന്നതാകുന്നു.) അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള വടവുമുണ്ടാകും.
യൂസുഫ് നബിയെ വലവീശി പിടിക്കാന്‍ ശ്രമിക്കുയും അതില്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെമേല്‍ കുറ്റമാരോപിക്കുകയും അദ്ദേഹത്തെ ജയിലിലടക്കാന്‍ കാരണക്കാരിയാവുകയും ചെയ്യുന്നു ഈജിപ്തിലെ പ്രഭുവിന്റെ ഭാര്യ, ''യൂസുഫ് താമസിക്കുന്ന വീടിന്റെ നായിക അദ്ദേഹത്തെ പാട്ടിലാക്കാന്‍ ശ്രമം തുടങ്ങി... പെണ്ണേ നീ നിന്റെ തെറ്റിന് മാപ്പ് തേടുക, തീര്‍ച്ചയായും നീയാണ് യഥാര്‍ഥത്തില്‍ കുറ്റക്കാരി.'' (യൂസുഫ് 23-29)
ജീവിതത്തിന്റെ അവസാന നാളുകളില്‍ ഒരു കുഞ്ഞിന്റെ ജനനത്തെ കുറിച്ച് സന്തോഷവാര്‍ത്ത ലഭിച്ചപ്പോള്‍ വിശ്വസിക്കാനാവാതെ അന്തിച്ചുനില്‍ക്കുന്ന സകരിയ്യാ നബിയുടെ ഭാര്യ, പടുകിഴവിയായപ്പോള്‍ ലഭിച്ച സന്താനസൗഭാഗ്യത്തെകുറിച്ച സന്തോഷവാര്‍ത്ത വിശ്വസിക്കാനാവാതെ ഇബ്രാഹിം നബിയുടെ ഭാര്യ സാറ, യൂസുഫ് നബിയുടെ സൗന്ദര്യത്തില്‍ മതിമറന്ന് കൈവിരല്‍ മുറിക്കുന്ന മിസ്‌റിലെ പെണ്ണുങ്ങള്‍... ഇങ്ങനെ പരിശുദ്ധ ഖുര്‍ആനിലെ വനിതാ മാതൃകകളുടെ നിര നീണ്ടുപോകുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media