തെക്ക് നിന്നൊരു പെണ്‍പ്രതിഭ

ഖദീജ സെയ്തുമുഹമ്മദ് /അഭിമുഖം No image

         അധ്യാപിക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായ ഖദീജ സെയ്തു മുഹമ്മദ് പ്രമുഖ ചരിത്രകാരന്‍ പി.എ സെയ്തുമുഹമ്മദിന്റെ ഭാര്യയാണ്. എറണാകുളം മുസ്‌ലിം വിമണ്‍സ് അസോസിയേഷന്റെ രൂപീകരണത്തില്‍ നേതൃപരമായ പങ്ക് വഹിച്ച അവര്‍ 1963 മുതല്‍ 32 വര്‍ഷം അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. എം.ഇ.എസ് വനിതാവിംഗ് സ്റ്റേറ്റ് കമ്മിറ്റി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം-കോട്ടയം, സമസ്ത കേരള സാഹിത്യ പരിഷത്ത്, കേരള ഹിസ്റ്ററി അസോസിയേഷന്‍ നിര്‍വാഹക സമിതി തുടങ്ങിയവയില്‍ അംഗമാണ്. അഗതികളും വിധവകളുമായ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന 'ആശ്വാസ്' സംഘടനയുടെ രക്ഷാധികാരികളില്‍ ഒരാളാണ്. റെഡ്‌ക്രോസ് സൊസൈറ്റിയുടെ എറണാകുളം ജില്ലയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളും ഏതാണ്ടെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഈജിപ്തും നിരവധി അറബ് രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുള്ള ഖദീജ സെയ്തുമുഹമ്മദിന് മൂന്നു മക്കള്‍. അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ: ജാസ്മിന്‍, ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക്‌സ്‌കൂളില്‍ സംഗീതാധ്യാപികയായ ഫൗസിയ, ദുബായില്‍ എന്‍ജിനീയറായ സാനിയ റാബി.


ജനിച്ചു വളര്‍ന്ന പ്രദേശത്തിന്റെ സാമൂഹിക അന്തരീക്ഷം എന്തായിരുന്നു?
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു നിന്ന് നാലു കി.മീ കിഴക്ക് ഹൈറേഞ്ച് മേഖലയായ കൂട്ടിക്കല്‍ ആണ് എന്റെ ജനനം. റോമന്‍ കത്തോലിക്ക ക്രൈസ്തവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷമെങ്കിലും മുസ്‌ലിംകള്‍ ധാരാളമുള്ള പ്രദേശമാണത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കുടിയേറിയവരാണ് മുസ്‌ലിംകളില്‍ ഏറിയപേരും. വളരെ സൗഹൃദപരമായ സാമൂഹികാന്തരീക്ഷമാണ് നിലനിന്നിരുന്നത്. അയല്‍പക്കത്തെ ക്രൈസ്തവ-മുസ്‌ലിം വീടുകളില്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് ഞങ്ങള്‍ പെരുമാറിയിരുന്നത്.
മുസ്‌ലിംകള്‍ പൊതുവെ ഇടത്തരം സാമ്പത്തികാവസ്ഥയുള്ളവരായിരുന്നു. ചെറുതും വലുതുമായ തോട്ടങ്ങളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. റബ്ബര്‍ ടാപ്പിംഗിനും മറ്റുമായി മലബാര്‍ പ്രദേശങ്ങളില്‍നിന്ന് കുറെ മുസ്‌ലിംകള്‍ ജോലിക്ക് വന്നതായി ഓര്‍ക്കുന്നു. കള്ളിമുണ്ടും ബനിയനുമൊക്കെയായിരിന്നു അവരുടെ വേഷം. അവര്‍ തലമുടി വളര്‍ത്തുമായിരുന്നില്ല. മൊട്ടയടിച്ചിരിക്കും. അവരില്‍ കുറെ പേര്‍ അവിടെ സ്ഥിരതാമസക്കാരായി മാറി. ഇങ്ങനെയും കുറെ മുസ്‌ലിംകള്‍ നാട്ടിലുണ്ടായിട്ടുണ്ട്.

കുടുംബം?
എന്റെ ബാപ്പ പരീദ് സെയ്തു മുഹമ്മദ്. മുഷാ ഉമ്മയാണ് മാതാവ്. ഞങ്ങള്‍ ഒമ്പത് മക്കളാണ്. ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും. 1939-ലാണ് ഞാന്‍ ജനിച്ചത്. തേയില ബിസിനസ് നടത്തിയിരുന്ന ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. വിദ്യാഭ്യാസത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് ആണ്‍കുട്ടികളില്‍ പരിമിതമായിരുന്നു. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് വെറുതെയാണ് എന്ന അഭിപ്രായമായിരുന്നു എന്റെ ബാപ്പക്ക്. എന്നാല്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വലിയ താല്‍പര്യമായിരുന്നു ഉമ്മക്ക്. അന്ന് സ്‌കൂളില്‍ ഫീസ് കൊടുക്കണമായിരുന്നു. വല്ല വീട്ടിലേക്കും കെട്ടിച്ചുവിടാനുള്ള പെണ്‍കുട്ടികളെ എന്തിന് പണം ചിലവഴിച്ച് പഠിപ്പിക്കണം എന്നായിരുന്നു ചിന്ത. എന്റെ മാമ സെയ്തു മീരാന്‍പിളള സ്ഥലത്തെ പ്രധാനിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഇബ്‌റാഹീമിനെ അക്കാലത്ത് 1940- 50 കളില്‍ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലയച്ച് പഠിപ്പിക്കുകയുണ്ടായി. ഡോ. സി.കെ കരീമിന്റെ സഹപാഠിയായ ഇബ്‌റാഹീമിന്റെ അധ്യാപകനായിരുന്നു ഇന്ത്യയിലെ മുന്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്‍.

അന്നത്തെ മതപഠന രീതി?
മതം പഠിക്കാന്‍ മദ്രസകളൊന്നും അക്കാലത്തുണ്ടായിരുന്നില്ല. പള്ളികളോടനുബന്ധിച്ച് ഓത്ത് പഠിക്കാന്‍ സംവിധാനം ഉണ്ടായിരുന്നു. പക്ഷേ, പെണ്‍കുട്ടികള്‍ പൊതുവെ അതിലൊന്നും പോകാറുണ്ടായിരുന്നില്ല. മുസ്‌ലിയാര്‍ വീട്ടില്‍ വന്നായിരുന്നു പെണ്‍കുട്ടികളെ ഓതിച്ചിരുന്നത്. മുസ്‌ലിയാക്കന്മാരുടെ ഭാര്യമാരും ഓതിക്കാറുണ്ടായിരുന്നു. ഉബൈദുല്ല എന്ന ഖത്തീബിന്റെ ഭാര്യയാണ് ഞങ്ങളെ ഓത്ത് പഠിപ്പിച്ചിരുന്നത്. അവരുടെ മകളും ഞാനും എന്റെ ബന്ധുവായ പെണ്‍കുട്ടിയും. അങ്ങനെ മൂന്നു പേരെയാണ് സ്‌കൂള്‍ വിട്ടു വന്നശേഷം വൈകുന്നേരങ്ങളില്‍ അവര്‍ ഓതിച്ചിരുന്നത്. ഖുര്‍ആന്‍ മാത്രമല്ല, പത്തുകിതാബും ഞാന്‍ ഓതിയിട്ടുണ്ട്. അറബി മലയാളവും പഠിച്ചിട്ടുണ്ട്. മുഹിയുദ്ദീന്‍ മാല, ബദരിയ്യത്ത്, മഞ്ഞക്കുളം മാല തുടങ്ങിയവയൊക്കെ അക്കാലത്ത് വായിക്കാറുണ്ടായിരുന്നു.

സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച്?
പൊതുവെ മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകാത്ത കാലമായിരുന്നല്ലോ അത്. എന്റെ മുതിര്‍ന്ന സഹോദരിമാര്‍ പ്രൈമറി ക്ലാസുകളില്‍ മാത്രമേ പഠിച്ചിട്ടുള്ളൂ. അതുകൊണ്ട് അവര്‍ക്ക് എഴുത്തും വായനയും അറിയാമായിരുന്നു. എന്റെ കാലമായപ്പോഴേക്കും സഹോദരന്മാര്‍ പഠിച്ചു വളര്‍ന്നു. എങ്കിലും എനിക്ക് പഠിക്കാന്‍ സാഹചര്യങ്ങളോട് പൊരുതേണ്ടി വന്നിട്ടുണ്ട്. എട്ടാം ക്ലാസ് വരെ സെന്റ്‌ജോര്‍ജ് സ്‌കൂളിലും പിന്നീട് മുണ്ടക്കയം സ്‌കൂളിലുമായിരുന്നു പഠനം. പ്രൈമറി ക്ലാസുകളില്‍ കുറച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും ഹൈസ്‌കൂളിലെത്തിയപ്പോള്‍ ഞാന്‍ മാത്രമായി മുസ്‌ലിം പെണ്‍കുട്ടി. 35, 40 കുട്ടികളുള്ള ക്ലാസില്‍ ഒരേയൊരു മുസ്‌ലിം പെണ്‍കുട്ടി. യു.പി യില്‍ അഞ്ച്-ആറ് രൂപയും ഹൈസ്‌കൂളില്‍ പത്ത് രൂപയുമായിരുന്നു അന്ന് ഫീസ്. പ്രൈമറിയില്‍ മാത്രമായിരുന്നു സൗജന്യ വിദ്യാഭ്യാസം.
ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ ഒരു വര്‍ഷം പ്രീ യൂനിവേഴ്‌സിറ്റിക്ക് പഠിച്ചു. തുടര്‍ പഠനം വലിയ പ്രയാസമായിരുന്നു. യാത്ര ചെയ്തു പോകാന്‍ കഴിയില്ല. ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് സമ്മതവുമില്ല. പക്ഷേ എനിക്കൊരു ഭാഗ്യമുണ്ടായി. എന്റെ സുഹൃത്ത് അന്നമ്മ ടി.ടി.സിക്ക് അപേക്ഷിച്ചപ്പോള്‍ ഞാനും ഒരു ഫോം പൂരിപ്പിച്ചു കൊടുത്തു. അവളുടെ അച്ഛനായിരുന്നു എനിക്ക് അപേക്ഷാഫോം തന്നത്. ഭാഗ്യത്തിന് എനിക്ക് പ്രവേശനം ലഭിച്ചു. കോട്ടയത്ത് ബുഖാല്‍ സ്‌കൂളിലായിരുന്നു ട്രെയ്‌നിംഗ് കോഴ്‌സ്. വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായെങ്കിലും അതിനെയെല്ലാം മറികടന്ന് കോഴ്‌സിനു പോയി. സഹോദരന്‍ ഇബ്‌റാഹീമായിരുന്നു അന്ന് സഹായങ്ങള്‍ ചെയ്തുതന്നിരുന്നത്. അവിടെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ടി.ടി.സി ക്ക് പഠിച്ചുകൊണ്ടിരിക്കെ തന്നെ സുഹൃത്തിനൊപ്പം നഴ്‌സിംഗ് പഠനത്തിന് അപേക്ഷിച്ചു. രണ്ട് പേര്‍ക്കും സെലക്ഷന്‍ കിട്ടി. ലുധിയാനയിലായിരുന്നു കോഴ്‌സ്. അവള്‍ പോയെങ്കിലും എന്നെ അയച്ചില്ല. പിന്നീട് ഞാന്‍ വിദ്വാന്‍ പരീക്ഷയും മലയാളം ബി.എയും പാസായി. ടി.ടി.സി കഴിഞ്ഞ ഉടനെ എനിക്ക് എറണാകുളം എം.ഐ സ്‌കൂളില്‍ അധ്യാപികയാവാനും ഭാഗ്യം ലഭിച്ചു. ഹൈക്കോടതിയില്‍ ജോലി ചെയ്തിരുന്ന നാട്ടുകാരന്‍ വഴിയാണ് ലീവ് വേക്കന്‍സിയറിഞ്ഞത്.
1959-ലാണ് ഞാന്‍ എറണാകുളത്ത് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. മൂന്നു മാസത്തെ ലീവ് വേക്കന്‍സിയിലായിരുന്നു അത്. പാലക്കാട് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്കായും എനിക്ക് ജോലി ലഭിച്ചിരുന്നു. പക്ഷേ, അത് വളരെ ദൂരെയായതുകൊണ്ടും എറണാകുളത്ത് പരിചയക്കാരുണ്ടായിരുന്നതു കൊണ്ടും സ്‌കൂളില്‍ ചേരാന്‍ തീരുമാനിച്ചു. എന്റെ ജ്യേഷ്ഠത്തിയുടെ മകളെ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ വിവാഹം ആലോചിച്ച സമയമായിരുന്നു അത്. എ.ബി കൊച്ചുണ്ണി സാഹിബായിരുന്നു സ്‌കൂളിന്റെ മാനേജര്‍.

അധ്യാപനത്തിലെ അനുഭവങ്ങള്‍?
അക്കാലത്ത് ഒരു മുസ്‌ലിം സ്ത്രീ അധ്യാപികയായെത്തുന്നത് അത്യപൂര്‍വമായിരുന്നു. ഞാന്‍ അധ്യാപികയായത് പലര്‍ക്കും അത്ഭുതമായിരുന്നു. മുസ്‌ലിം അധ്യാപിക സ്‌കൂളിലെത്തിയതറിഞ്ഞ് പല കുട്ടികളുടെയും രക്ഷിതാക്കള്‍ എന്നെ കാണാന്‍ വരുമായിരുന്നു. ലീവ് വേക്കന്‍സി പിന്നീട് സ്ഥിരപ്പെട്ടെങ്കിലും കുട്ടികളുടെ കുറവ് വന്നതോടെ അധ്യാപിക തസ്തികക്ക് പ്രശ്‌നങ്ങള്‍ വന്നു. ആ ഘട്ടത്തിലാണ് വെണ്ണല ഹൈസ്‌കൂളിലേക്ക് മാറിയത്. അഞ്ച് വര്‍ഷം അവിടെ എച്ച്.എം ആയി ജോലി ചെയ്തു.
അധ്യാപനം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. പഠിപ്പിക്കുന്നതിനപ്പുറം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വത്തിലുമൊക്കെ പങ്കുവഹിക്കാന്‍ കഴിയുന്നുവെന്നതാണ് അധ്യാപനത്തിന്റെ പ്രത്യേകത. ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ വളരെ ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. ഒരിക്കല്‍ ന്യൂയോര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ 'ടീച്ചറേ' എന്നു വിളിച്ച് ഒരാള്‍ ഓടിവന്നു. ഞാന്‍ പഠിപ്പിച്ച കുട്ടിയാണ്. അമേരിക്കയില്‍ ഡോക്ടറാണ്. ഇതാണ് അധ്യാപനത്തിന്റെ ഗുണം. എവിടെപ്പോയാലും ശിഷ്യന്മാരുണ്ടാകും. അതാണ് നമ്മുടെ സ്വത്ത്.

സാഹിത്യലോകവുമായുള്ള ബന്ധവും സാഹിത്യകാരന്മാരുമായുള്ള അടുപ്പവും വിവാഹത്തോടെയാണോ ആരംഭിക്കുന്നത്?
വിദ്യാര്‍ഥിയായിരിക്കെത്തന്നെ എനിക്ക് വായനയില്‍ താല്‍പര്യമുണ്ടായിരുന്നു. പൊന്‍കുന്നം വര്‍ക്കി, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീര്‍, പി. കേശവദേവ് തുടങ്ങിയവരുടെ രചനകളൊക്കെ കിട്ടുന്നത്ര വായിക്കുമായിരുന്നു. നോവലുകളൊക്കെ വായിച്ചാണ് ഉറങ്ങുക. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഒരു കൈയില്‍ പുസ്തകം പിടിച്ച് വായിക്കും. ഇതിന്റെ പേരില്‍ ഉമ്മ എന്നെ വഴക്കു പറഞ്ഞിട്ടുണ്ട്. സാഹിത്യകാരന്മാരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുമായിരുന്നു. പ്രസംഗവും പ്രബന്ധ രചനയുമൊക്കെ വിദ്യാര്‍ഥിയായിരിക്കെ തന്നെ എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ മലയാളം അധ്യാപകന്‍ കാനം ഇ.ജെ എന്ന പേരില്‍ എഴുതിയിരുന്ന ഇ.ജെ ഫിലിപ്‌സ് സാറാണ് എനിക്ക് വലിയ പ്രോത്സാഹനം തന്നത്. സാഹിത്യപരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അന്ന് നിലവാരമുള്ള നോവലുകള്‍ ഉണ്ടായിരുന്നു. അതൊക്കെ വായിച്ച് സാഹിത്യകാരന്മാരോട് വലിയ ആരാധനയായിരുന്നു.
വിവാഹാനന്തരം ആ സാഹിത്യകാരന്മാരുമൊക്കെയായി അടുത്ത ബന്ധം സ്ഥാപിക്കാനായി. കേശവദേവ്, ഉറൂബ്, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരുമൊക്കെയായി നല്ല സൗഹൃദമുണ്ടായിരുന്നു. അവരൊക്കെ ഇവിടെ വരാറുണ്ടായരുന്നു. ഞങ്ങള്‍ പലപ്പോഴും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്. അച്ചുതന്‍ മാസ്റ്റര്‍, ഇപ്പോഴത്തെ പരിഷത്ത് പ്രസിഡണ്ട് എം. ലീലാവതി ടീച്ചറുമൊക്കെയായുള്ള അടുപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക്-പ്രത്യേകിച്ചും മൂത്ത മകള്‍ക്ക്- അവരെ പരിചയപ്പെടാന്‍ അവസരം ഉണ്ടായിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തന രംഗത്ത്, മുസ്‌ലിം വിമണ്‍സ് അസോസിയേഷന്റെ രൂപീകരണത്തിലേക്ക് വളരുന്നതെങ്ങനെയാണ്?
ടി.പി കുട്ട്യാമു സാഹിബും എന്റെ ഭര്‍ത്താവും വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ ഒരുമിച്ച് കൂടാറുണ്ടായിരുന്നു. അത്തരമൊരു കൂടിക്കാഴ്ചക്കിടയിലാണ് മുസ്‌ലിംസ്ത്രീകളുടെ കൂട്ടായ്മ എന്ന ആശയം പൊങ്ങിവന്നത്. അങ്ങനെ പത്രപ്രവര്‍ത്തകനായിരുന്ന സി.പി മമ്മുവിന്റെ ഭാര്യ സൈനബയേയും എന്നെയും അന്ന് അഡ്വക്കറ്റായിരുന്ന ഫാത്വിമ റഹ്മാനെ കാണാന്‍ വേണ്ടി അയച്ചു. അന്ന് ഗവണ്‍മെന്റ് പ്ലീഡറായിരുന്ന ഫാത്വിമ റഹ്മാനെ കുട്ട്യാമു സാഹിബിനും എന്റെ ഭര്‍ത്താവിനും നല്ല പരിചയമുണ്ടായിരുന്നു. പക്ഷേ, എനിക്കവരുമായി അടുപ്പമുണ്ടായിരുന്നില്ല. ഞങ്ങള്‍ അവരുടെ വീട്ടില്‍ ചെന്ന് വിഷയമവതരിപ്പിച്ചു. ഒരു വിമണ്‍സ് അസോസിയേഷന്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി സംസാരിച്ചു. ഇത്ത ഇതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് പ്ലീഡറെന്ന നിലക്ക് അത്തരം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രയാസമാണ്. നിങ്ങള്‍ തന്നെ നേതൃത്വം കൊടുത്ത് അസോസിയേഷന്‍ തുടങ്ങണമെന്നായിരുന്നു ഫാത്വിമ റഹ്മാന്റെ പ്രതികരണം. ഞങ്ങള്‍ നിരാശരായി തിരിച്ചു പോന്നു. പിന്നീട് എ.ബി മുഹമ്മദിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. മജീദ് മരക്കാറുള്‍പ്പെടെയുളള ആളുകളുമുണ്ടായിരുന്നു. സംഘടന രൂപീകരിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചു. രണ്ടാമത്തെ യോഗം മായിന്‍കുട്ടി സാഹിബിന്റെ വീട്ടിലായിരുന്നു. ഫാത്വിമ റഹ്മാനും അതില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. ഫാത്വിമ റഹ്മാന്‍ ചെയര്‍ പേഴ്‌സണും ഞാന്‍ കണ്‍വീനറുമായിരുന്നു. പിന്നീട് ഫാത്വിമ റഹ്മാന്‍ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി അസോസിയേഷന്‍ നിലവില്‍ വന്നു. ഞാന്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലും പുല്ലേപ്പടിയിലെ ദാറുല്‍ ഉലൂം സ്‌കൂളിലും മാര്‍ക്കറ്റ് റോഡിലെ മുസ്‌ലിം സ്‌കൂളിലുമാണ് ആദ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നത്. എറണാകുളത്തെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു അന്ന് ഖദീജ ബായ്. അവരും അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. ഞങ്ങളെ പള്ളിയില്‍ പോകാനും മറ്റും പ്രേരിപ്പിച്ചത് അവരാണ്.
ഫണ്ട് സ്വരൂപിക്കലായിരുന്നു അസോസിയേഷന്റെ ആദ്യ പ്രവര്‍ത്തനം. അതിനായി കുറെ പിരിവ് നടത്തി. ടിക്കറ്റടിച്ച് ഒരു സ്റ്റാര്‍നൈറ്റ് നടത്തി. പുല്ലേപ്പടി റോഡില്‍ 10 സെന്റ് സ്ഥലത്ത് ഒരു ഹോസ്റ്റല്‍ പണിതു. പിന്നീട് പല തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ അസോസിയേഷന്‍ വലിയ വളര്‍ച്ച നേടി. 1963 മുതല്‍ 1995 വരെ ഞാന്‍ അതിന്റെ സെക്രട്ടറിയായിരുന്നു. യു.എസിലേക്ക് പോയപ്പോഴാണ് അതില്‍നിന്ന് മാറിയത്. വിമണ്‍സ് അസോസിയേഷന്റെ പ്രധാന സംരംഭമാണ് ഓര്‍ഫനേജ്. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ഓര്‍ഫനേജായിരുന്നു അത്. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് അസോസിയേഷന്‍ വളര്‍ന്നുവന്നത്. എറണാകുളം ടൗണില്‍ ഇത്രയും സ്ഥാപനങ്ങളുള്ള മറ്റൊരു സംഘടനയുമില്ല.
എം.ഇ.എസിന്റെ പ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കാളിയായിരുന്നു. വിമണ്‍സ് അസോസിയേഷന്‍ വിട്ട് എം.ഇ.എസ് വിമണ്‍സ് വിംഗില്‍ ചേരാന്‍ ക്ഷണിച്ചെങ്കിലും നമ്മള്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച ഒന്നില്‍നിന്ന് വിട്ടുപോകുന്നത് ശരിയല്ലാത്തതിനാല്‍ പോയില്ല. എങ്കിലും എം.ഇ.എസ് വിമണ്‍സ് വിംഗിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഞാന്‍ അംഗമായിരുന്നു. ഫാത്വിമ ഗഫൂറിന്റെ നേതൃത്വത്തിലായിരുന്നു എം.ഇ.എസ് വിമണ്‍സ് വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. വിമണ്‍സ് വിംഗിന്റെ നേതൃത്വത്തിലാണ് എം.ഇ.എസ് വനിതാ കോളേജ് സ്ഥാപിച്ചത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍ വനിതാ വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. എം.ഇ.എസ് വനിതാ വിംഗ് സ്റ്റേറ്റ് കോണ്‍ഫറന്‍സും ഞങ്ങള്‍ നടത്തിയിരുന്നു. പിന്നീട് വിമണ്‍സ് വിംഗ് ദുര്‍ബലമായിത്തീര്‍ന്നു.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിലും സാഹിത്യപരിഷത്തിലും ഞാന്‍ അംഗമാണ്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്. സാഹിത്യ സംബന്ധിയായ സെമിനാറുകളും അനുമോദനങ്ങളും അവാര്‍ഡുകളുമൊക്കെയാണ് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നവംബറിലെ മലയാള ഭാഷാവാരാചരണം പരിഷത്തിന്റെ പ്രധാന പരിപാടിയാണ്. സാഹിത്യ ലോകവുമായി പരിചയവും അടുപ്പവും പുലര്‍ത്താന്‍ അതൊക്കെ സഹായിച്ചിട്ടുണ്ട്.

1963-ല്‍ വിമണ്‍സ് അസോസിയേഷന്‍ രൂപീകരണ കാലത്തുണ്ടായിരുന്നതില്‍നിന്ന് മുസ്‌ലിം സ്ത്രീകള്‍ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ഈ മുന്നേറ്റത്തെ എങ്ങനെ കാണുന്നു?
മുസ്‌ലിം സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസമാണ് അതിന്റെ പ്രധാന കാരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികളെയും അധ്യാപകരെയും കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടു നിന്നു പോകും. ഒരു കാലത്ത് വിദ്യാഭ്യാസത്തില്‍ പിന്നിലായിരുന്ന മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികളാണ് ഇന്ന് വളരെ മുമ്പില്‍ നില്‍ക്കുന്നത്. ഇത് വളരെ സന്തോഷമുള്ള കാര്യമാണ്. ചിലര്‍ വിദ്യാഭ്യാസം നേടി ജോലിക്ക് പോകുന്നു. ചിലര്‍ വീട്ടില്‍ ഇരിക്കുകയാണ്. വിദ്യാഭ്യാസം നേടിയവരെല്ലാം ജോലിക്ക് പോകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. വീടും കുടുംബവും നോക്കുക, മക്കളെ പഠിപ്പിക്കുക എന്നതൊക്കെ വലിയ കാര്യം തന്നെയാണ്. ജോലിക്ക് പോയില്ലെങ്കിലും നേടിയ അറിവ് വിലപ്പെട്ടതാണ്.
വിദ്യാഭ്യാസത്തിലുള്ള ഈ വളര്‍ച്ചക്ക് മറുവശങ്ങളുണ്ടെന്നത് കാണാതിരുന്നു കൂടാ. കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ തെറ്റായ ഉപയോഗത്തിലൂടെ പുതിയ തലമുറ വഴിതെറ്റിപ്പോകുന്നത് കുറവല്ല. മോശമായി ഉപയോഗിക്കുന്നതുകൊണ്ടാണത്. കുടുംബത്തില്‍നിന്നാണ് ധാര്‍മിക വിദ്യാഭ്യാസം നല്‍കേണ്ടത്. മാതാപിതാക്കള്‍ മക്കള്‍ക്ക് മൂല്യബോധവും അന്തസ്സും പകര്‍ന്നു നല്‍കണം. കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കണമെന്നുള്ള ബോധം കുട്ടികള്‍ക്കുണ്ടാവണം. അമേരിക്കയില്‍ കുട്ടികള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമാണ്. അത്തരമൊരു രീതി നമ്മുടെ അഭ്യസ്തവിദ്യരായ തലമുറയില്‍ വളര്‍ന്നു വരുന്നുണ്ട്. വിവാഹമോചനം പെരുകി വരുന്നു. കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കകം, മാസങ്ങള്‍ക്കകം ബന്ധം വേര്‍പെടുത്തുകയാണ്. ജോലിയുടെ സമയം, സ്വഭാവം, പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസം, സ്വന്തമായ വരുമാനത്തിലൂടെ വരുന്ന സാമ്പത്തിക സുരക്ഷിതത്വം ഇതൊക്കെയാണ് ഇതിനു കാരണം.
പുതിയ തലമുറയില്‍ അഡ്ജസ്റ്റ്‌മെന്റ് തീരെ കുറവാണ്. നല്ല ശമ്പളമാണ് ഇന്ന് കിട്ടുന്നത്. ധാരാളം പണം കൈയില്‍ വരുമ്പോള്‍ അതിനനുസരിച്ച് ജീവിക്കുന്നു. അഡ്ജസ്റ്റുമെന്റിന് തയ്യാറാവുന്നില്ല. ആണ്‍കുട്ടികള്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവുന്നില്ല. അവര്‍ തയ്യാറായാലും പെണ്‍കുട്ടികള്‍ ഒട്ടും തയ്യാറല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആണും പെണ്ണും പല വിഷയങ്ങളിലും തുല്യരാണ്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു വശങ്ങളുണ്ടാകുമ്പോഴേ നാണയമുണ്ടാകൂ എന്നതുപോലെ രണ്ടു പേരും ചേരുമ്പോഴേ കുടുംബമുണ്ടാകൂ. അതാണ് ജീവിതം. പക്ഷേ, പലപ്പോഴും ജീവിതം എന്താണെന്നറിയാത്തതു പോലെയാണ് പലരും പെരുമാറുന്നത്. ഭര്‍ത്താവിന് ആദരവും ബഹുമാനവും നല്‍കുന്നത്, അദ്ദേഹം പറയുന്നത് കേള്‍ക്കുന്നത് പെണ്‍കുട്ടികള്‍ക്ക് മോശമായ കാര്യമല്ലല്ലോ. നമ്മള്‍ ഒന്നാണെന്ന ചിന്ത ഉണ്ടാകണം. ഒരിക്കലും ഭാര്യ താഴെയല്ല. ഏതു കാര്യവും ആലോചിച്ച് തീരുമാനിക്കണം. ഭര്‍ത്താവിനെ ബഹുമാനിക്കണം. ഭാര്യക്കു നല്‍കേണ്ട ആദരവും സ്‌നേഹവും തിരിച്ചു നല്‍കാന്‍ ഭര്‍ത്താക്കന്മാര്‍ക്കും കഴിയണം.

പുരുഷന്മാര്‍ കുത്തകയാക്കി വെച്ചിരിക്കുന്ന വിവാഹമോചനം ഇപ്പോള്‍ സ്ത്രീകള്‍ക്കും കൈവന്നിരിക്കയാണ്. ഞങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും ഞങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുകയാണെന്ന് പുത്തന്‍ തലമുറയിലെ പെണ്‍കുട്ടികള്‍ പറയുന്നുണ്ടല്ലോ?
വിവാഹമോചനം നേടാന്‍ മാത്രമല്ല, വിവാഹം കഴിക്കാതിരിക്കാനും പെണ്‍കുട്ടികള്‍ക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ടല്ലോ. എങ്കില്‍ ഈ അവകാശബോധമുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചുകൂടെ? വിവാഹം കച്ചവടമാക്കാതെ സ്വതന്ത്രരായി ജീവിച്ചുകൂടെ? വെറുതെ എന്തിന് ആളുകളെ പ്രയാസപ്പെടുത്തണം. കുടുംബത്തിന്റെ സ്വസ്ഥത തകര്‍ക്കുന്ന അവസ്ഥയില്‍നിന്ന് നമുക്ക് മോചനം വേണം. അതിന് പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണം.

വിവാഹം, ഭര്‍ത്താവ് സെയ്തുമുഹമ്മദ് സാര്‍?
ഞാന്‍ എറണാകുളത്ത് അധ്യാപികയായി എത്തി അധികം വൈകാതെ വിവാഹം നടന്നു. എന്നെ വിവാഹം കഴിക്കുന്നതിനു മുമ്പു തന്നെ എഴുത്തുകാരന്‍ എന്ന നിലക്ക് പ്രശസ്തനായിരുന്നു അദ്ദേഹം. സാഹിത്യലോകവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ചരിത്രമായിരുന്നു പ്രധാന പഠനമേഖല. അദ്ദേഹത്തിന്റെ കേരള മുസ്‌ലിം ചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത് 1951 ലാണ്. പതിനഞ്ചിലധികം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
എല്ലാ നല്ല ഗുണങ്ങളുമുള്ള വ്യക്തിത്വമായിരുന്നു എന്റെ അനുഭവത്തില്‍ അദ്ദേഹം. എല്ലാവരോടും വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. ജാതി-മത വിവേചനവും പ്രായ വ്യത്യാസമില്ലാത്തതുമായിരുന്നു അത്. മറ്റുള്ളവരുടെ വിഷമത്തില്‍ പെട്ടെന്ന് മനസ്സലിയും. സഹായിക്കുന്ന മനസ്സായിരുന്നു. ശമ്പളം വാങ്ങി അലമാരയില്‍ വെക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പോക്കറ്റില്‍ വെക്കും, ഷര്‍ട്ട് മാറുമ്പോള്‍ പൈസ മാറ്റിയിടും. കാശ് കൂട്ടി വെക്കാതെ ആവശ്യക്കാര്‍ക്കു വേണ്ടി ചെലവഴിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. സുഹൃത്തുക്കളായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്.

സെയ്തു മുഹമ്മദ് സാഹിബിന്റെ എഴുത്തുരീതി?
കാലത്ത് മൂന്നുമണിക്ക് എഴുന്നേറ്റാണ് എഴുതുക. രാത്രി നേരത്തെ കിടക്കും. നേരത്തെയുറങ്ങി നേരത്തെ എഴുന്നേല്‍ക്കാന്‍ കുട്ടികളെ ഉപദേശിക്കുമായിരുന്നു. സാമൂഹിക രംഗത്തേക്കു വരാന്‍ എനിക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത് അദ്ദേഹമായിരുന്നു. സ്‌കൂളിലെ ജോലി കഴിഞ്ഞു വന്നാല്‍ വീട്ടില്‍ത്തന്നെയൊതുങ്ങാതെ ആളുകളുമായി സൗഹൃദമുണ്ടാക്കാനും സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹമാണ് എന്നെ പ്രോത്സാഹിപ്പിച്ചത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top