ആണ്‍-പെണ്‍ സൗഹൃദത്തിന്റെ അതിരടയാളങ്ങള്‍

ജിബ്രാൻ /ലേഖനം
2014 ഏപ്രില്‍
മലബാറിലെ പ്രശസ്തമായ ഒരു ആര്‍ട്‌സ് കോളേജിലെ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അധ്യാപകനെ കാണാന്‍ കാമ്പസില്‍ പ്രവേശിച്ചതാണ്. അല്‍പനേരം അദ്ദേഹവുമായി സംസാരിച്ച്

         മലബാറിലെ പ്രശസ്തമായ ഒരു ആര്‍ട്‌സ് കോളേജിലെ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അധ്യാപകനെ കാണാന്‍ കാമ്പസില്‍ പ്രവേശിച്ചതാണ്. അല്‍പനേരം അദ്ദേഹവുമായി സംസാരിച്ച് പുറത്തിറങ്ങവെ പരിചിതനായ ഒരു വിദ്യാര്‍ഥി സുഹൃത്ത് സലാം ചൊല്ലി അടുത്തുവന്നു. ''കാമ്പസില്‍ ഒരു ഡോക്യുമെന്ററി പ്രദര്‍ശനവും ചര്‍ച്ചയും നടക്കുന്നു. സംസാരിക്കേണ്ട അതിഥികളധികവും എത്തിയിട്ടില്ല. ഇനി വരുമെന്ന് തോന്നുന്നുമില്ല. ഒരു അഞ്ചുമിനിട്ട് സംസാരിക്കണം.'' പരിചിതമില്ലാത്ത വിഷയവും ഇടവുമാണ്. 'സോറി, ഔട്ട് ഓഫ് റേഞ്ച് കേസാണ്' ഞാന്‍ ഉള്ള കാര്യം പറഞ്ഞു. 'സഹകരിച്ചേ മതിയാവൂ. ഒരു രക്ഷയുമില്ലാഞ്ഞിട്ടാണ്. അതിഥികളാരുമില്ലെങ്കില്‍ സംഘാടകരായ ഞങ്ങള്‍ക്ക് പണി കിട്ടുമെന്ന്' സുഹൃത്ത്. സംസാരം കേട്ട് പുറത്തുവന്ന അധ്യാപകന്‍ കൂടി ഇടപെട്ടപ്പോള്‍ തല്‍ക്കാലം ഒരു ഇരയായി ഇരുന്ന് കൊടുക്കാമെന്ന് തീരുമാനിച്ചു. ശുഷ്‌കമായ സദസ്സായതിനാല്‍ പതിവ് കാമ്പസ് കൂവലുകളും ഒച്ചവിളികളൊന്നുമില്ലാതെ പ്രദര്‍ശനവും ചര്‍ച്ചയും ഒരുവിധം ഭംഗിയായി സമാപിച്ചു.
തല്‍ക്കാലം രക്ഷപ്പെട്ടെന്ന് കരുതി പുറത്തിറങ്ങുമ്പോഴാണ് മഫ്തയിട്ട ഒരു പെണ്‍കുട്ടി വന്ന് സ്വയം പരിചയപ്പെടുത്തുന്നത്. ശേഷം എന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. ഒരു ഇസ്‌ലാമിയാ കോളേജ് പ്രൊഡക്ട് ആയതിനാല്‍ ഒരു നിമിഷം ഞാന്‍ സംശയിച്ചു നില്‍ക്കെ കൂടെയുള്ള വിദ്യാര്‍ഥി സുഹൃത്ത് എന്റെ നമ്പര്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. ഉടനെയവള്‍ എന്റെ നമ്പറിലേക്ക് ഡയല്‍ ചെയ്ത് ആ നമ്പര്‍ സേവ് ചെയ്യാന്‍ ആവശ്യപ്പെട്ടു. കാമ്പസിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങിയില്ല, ആ നമ്പറില്‍ നിന്ന് മെസേജ് വന്നു. 'ചര്‍ച്ചയിലെ ഇടപെടല്‍ നന്നായിരുന്നു. ഒരു 'ബുജി' ലുക്കുണ്ടായിരുന്നു.' ഒരു പുകഴ്ത്തല്‍ ആരാണ് ഇഷ്ടപ്പെടാത്തത്? 'താങ്ക്‌സ്' ഞാന്‍ റിപ്ലേ സെന്റ് ചെയ്തു. അക്കാദമിക് രംഗത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ വളര്‍ച്ചയും സാമൂഹിക വിഷയങ്ങളിലെ അവരുടെ സജീവ പങ്കാളിത്തവുമോര്‍ത്ത് ഒരു നിമിഷം അഭിമാനം കൊള്ളുകയും ചെയ്തു. കോളേജ് ഗേറ്റ് കടന്ന് മണിക്കൂറുകള്‍ പിന്നിട്ട ബസ് യാത്രക്കുശേഷം ഓഫീസിലെത്തി മൊബൈല്‍ ചെക്ക് ചെയ്യുമ്പോള്‍ ആ നമ്പറില്‍നിന്ന് പത്തില്‍ കൂടുതല്‍ മെസേജുകള്‍! ചിലതെല്ലാം കഴിച്ച ഉച്ചഭക്ഷണത്തിന്റെ എരിവും പുളിവും കാമ്പസിലെ കലപില വര്‍ത്തമാനവും പങ്കുവെക്കുന്നത്. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ അല്‍പനേരം പകച്ചുനിന്നു. കേവലം ഒരു മിനിട്ട് പരിചയപ്പെടലിന്റെ സൗഹൃദത്തില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ എന്റെ മൊബൈല്‍ ഇന്‍ബോക്‌സിലേക്ക് ഇടിച്ചുകയറാന്‍ മാത്രം 'തന്റേടം' ഇവള്‍ക്കെങ്ങനെ വന്നു? ഒരുപക്ഷേ കളര്‍ഫുള്‍ കാമ്പസ് ജീവിതത്തിന്റെ ചടുലതയും പ്രായത്തിന്റെ നിഷ്‌കളങ്കതയുമാകാം നിര്‍ദോഷകരമായ ഇത്തരം മെസേജുകള്‍ക്ക് പിന്നിലെന്ന് ഞാന്‍ സ്വയം സമാധാനിച്ചു. തുടര്‍ ദിവസങ്ങളിലും മെസേജുകള്‍ ഇടക്കിടെ ആവര്‍ത്തിച്ചപ്പോള്‍ എഴുത്തുകാരന്‍ കൂടിയായ സുഹൃത്തിനോട് സംഭവം പങ്കുവെച്ചു. ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ''ഇവിടെ നിനക്കാണ് പ്രശ്‌നം, അവള്‍ക്കല്ല.' ന്യൂജനറേഷന്‍ ഇസ്‌ലാമിസ്റ്റുകളില്‍ വലിയൊരു വിഭാഗം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം നല്ല സുഹൃത്തുക്കളാണ്. ആണ്‍പെണ്‍ ഭേദങ്ങളെന്ന പുരുഷാധിപത്യ കാലത്തെ വിഭജന മതിലിനെ അവര്‍ മറികടന്നു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക ധാര്‍മികത പാലിച്ച് കൊണ്ട് തന്നെ അവര്‍ സൗഹൃദങ്ങളുടെ പാലം പണിയുന്നു. ലളിത വര്‍ത്തമാനങ്ങള്‍ പോലും പങ്കുവെക്കുന്ന മെസേജുകളും ചാറ്റിംഗുകളുമെല്ലാം ആ ധാര്‍മികതക്കകത്ത് നിന്ന് രൂപം കൊള്ളുന്നതാണ്.''
ഈ ചെറുപ്രായത്തില്‍ തന്നെ ഓള്‍ഡ് ജനറേഷനെ പ്രതിനിധീകരിക്കേണ്ടിവന്നല്ലോ എന്നാണ് മറുപടി കേട്ടാപ്പോഴാദ്യം തോന്നിയത്. ആണും പെണ്ണും കാണാന്‍ പാടില്ലാത്തവിധം ക്ലാസ്മുറികള്‍ക്കിടയില്‍ കര്‍ട്ടണ്‍ മറവെച്ച് വേര്‍തിരിച്ചിരുന്ന ആ പഴയ ഇസ്‌ലാമിയാ കോളേജ് സമ്പ്രദായത്തിനെതിരെ ധാര്‍മികരോഷം കൊണ്ടിരുന്ന വിദ്യാര്‍ഥി കാലം ഓര്‍മ വന്നു. ഞങ്ങളുടെ തലമുറ പൊളിച്ചെടുത്ത ആ കര്‍ട്ടണ്‍ മറയും മറികടന്ന് സമത്വ വിപ്ലവം മുന്നേറുകയാണ്. പൊതുജന പങ്കാളിത്തമുള്ള പരിപാടികളുടെ സദസ്സില്‍ പോലും ന്യൂജനറേഷന്‍ ആണ്‍പെണ്‍ സൗഹൃദം പ്രത്യേകം സര്‍ക്കിള്‍ തീര്‍ത്ത് കൈകൊട്ടി ചിരിക്കുന്ന കോണ്‍ഫറന്‍സ് വേദികളും ബൈക്കില്‍ ചാരിയിരുന്ന് സൊറ പറയുന്ന ലിബറല്‍ ചിത്രങ്ങളും ഒരു നിമിഷം മനസ്സിലുടക്കി. പരസ്പരം അറിയുന്നവര്‍ പൊതുഇടങ്ങളില്‍ സംസാരിക്കുകയും പരിചയം പുതുക്കുകയും കുടുംബാന്വേഷണങ്ങളും സാംസ്‌കാരിക വര്‍ത്തമാനങ്ങളും പങ്കുവെക്കുക എന്ന പരിധിയും മറികടന്നുള്ള ഈ കൈകൊട്ടിച്ചിരിക്കലുകളിലും സിനിമാ തിയേറ്ററുകളിലെ ദാര്‍ശനിക കാഴ്ചകളോളം എത്തിയിരിക്കുന്നു ലിബറല്‍ ഇസ്‌ലാമിന്റെ ഈ സൗഹൃദ ബന്ധങ്ങള്‍.
വെറും കാമ്പസ് ജീവിതപരിസരങ്ങളിലേക്കോ ന്യൂജനറേഷനിലേക്കോ പരിമിതപ്പെടുത്തേണ്ടതല്ല ഈ ലിബറല്‍ ഇസ്‌ലാമിന്റെ വര്‍ത്തമാന ജീവിത കാഴ്ചകള്‍. മുതിര്‍ന്നവരുടെ ജോലിയിടങ്ങളിലെ ആണ്‍പെണ്‍ സൗഹൃദങ്ങളും സംഘടനാ വൃത്തങ്ങളിലെ അനൗദ്യോഗിക വര്‍ത്തമാനങ്ങളും ചിലപ്പോഴെങ്കിലും റേഞ്ചിന്റെ പരിധിക്കപ്പുറം പോകുന്നുണ്ടോ എന്ന ആത്മപരിശോധനയുമാവാം. ആണ്‍പെണ്‍ സൗഹൃദത്തിന് ലക്ഷ്മണ രേഖ വരച്ച് അതിര്‍ത്തി അടയാളപ്പെടുത്തുന്ന യാഥാസ്ഥിതിക സദാചാര വര്‍ത്തമാനത്തിനപ്പുറം പുതിയ ചെറുപ്പത്തെ വായിക്കാന്‍ സാധിക്കണമെന്ന സുഹൃത്തിന്റെ ഡയലോഗ് ഇതെഴുതുമ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്.
സുഹൃത്തെ, നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഒരു പഴഞ്ചന്‍ മതമൗലികവാദിയുടെ സദാചാര ലാത്തിച്ചാര്‍ജായി ഈ എഴുത്തിനെ അനുഭവപ്പെടാനിടയുണ്ടെന്ന് എനിക്കറിയാം. പെണ്‍കുട്ടികളോട് സലാം പറഞ്ഞ് ഹസ്തദാനം ആവാമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ പുതിയ കാല ഫത്‌വയുടെ കാലത്ത് വിശേഷിച്ചും. ഇതെല്ലാം പുരോഗമനത്തിന്റെ പേരിലാണെങ്കില്‍ ആവാമെന്നു തന്നെയാണ് മറുപടി. പക്ഷേ, ആ പുരോഗമനത്തിലേക്ക് ഇസ്‌ലാമിനെ ചേര്‍ത്ത് വെക്കണമോ എന്നതിലാണ് സംശയം. കൃത്യമായ അതിരടയാളങ്ങള്‍ ആണ്‍പെണ്‍ ബന്ധത്തിന് ഇസ്‌ലാം വെച്ചിട്ടുണ്ട്. അതില്‍ തീവ്രത പുലര്‍ത്തുന്നവരുണ്ടെന്നതും ശരിയാണ്. ദൂരെ കാമ്പസില്‍ പഠിക്കുന്നവളായിട്ടും സ്വന്തമായ ഒരു മെബൈല്‍ അനുവദിക്കാത്തവരും ആണ്‍പെണ്‍ശബ്ദങ്ങളുടെ ഓരോ ഇലയനക്കത്തെയും സംശയകണ്ണോടെ നോക്കുന്നവരും ഈ തീവ്രനിലപാടില്‍പ്പെട്ടവരാണ്. എന്നാല്‍ എത്രത്തോളം ഉദാരമാവാം എന്നതിനും പരിധികള്‍ വേണ്ടേ? ദീന്‍ വരച്ച അതിര്‍ത്തി വരെ ഇസ്‌ലാമിന്റെ കൈയും പിടിച്ച് നമുക്ക് പോകാം. അതിനപ്പുറമുള്ളത് കൈവിട്ട കളിയാണ്. അനുവദിച്ചതിന്റെ അതിര്‍ത്തികളില്‍ തന്നെ അധികം മേയുന്നത് ഔട്ടോഫ് റേഞ്ചിലേക്കുള്ള വഴുതലിന് ഇടവെക്കുമെന്നത് പ്രവാചകന്റെ ജാഗ്രതാ നിര്‍ദേശമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media