അറിഞ്ഞ് വിരലമര്‍ത്തുക

2014 ഏപ്രില്‍
പ്രതീക്ഷകളും പ്രത്യാശകളും തന്ന് ഒരുപാട് മുന്നണികളും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളും നായകരും തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടുചോദിക്കാനായി ജനങ്ങള്‍ക്കുമുമ്പിലേക്ക് വരാറുണ്ട്. എന്നാല്‍ ഇലക്ഷന്‍

         പ്രതീക്ഷകളും പ്രത്യാശകളും തന്ന് ഒരുപാട് മുന്നണികളും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളും നായകരും തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടുചോദിക്കാനായി ജനങ്ങള്‍ക്കുമുമ്പിലേക്ക് വരാറുണ്ട്. എന്നാല്‍ ഇലക്ഷന്‍ കഴിയുന്നതോടുകൂടി നല്‍കിയ വാഗ്ദാനങ്ങള്‍ മറന്ന് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയാണ് നാം ഇതുവരെ തെരഞ്ഞെടുത്തത്. അധികാരം ജനസേവനമാണെന്നും ജനങ്ങള്‍ തന്നിലേല്‍പ്പിച്ച ഭരണത്തിലാണ് താനിരിക്കുന്നതെന്നും തിരിച്ചറിയപ്പെടാതെ പോയിരിക്കുകയാണ് നമ്മുടെ ജനനായകര്‍ക്ക്. വികസനം നീതിയുക്തവും അഴിമതിമുക്തവുമായ രീതിയില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും എത്തിക്കുക എന്ന ഗാന്ധിജിയുടെ ഗ്രാമസ്വരാജെന്ന സങ്കല്‍പം ഇനിയും പൂവണിഞ്ഞിട്ടില്ല. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ കക്ഷിരാഷ്ട്രീയ ലേബലില്‍ അകററിനിര്‍ത്തുകയും സ്വജനപക്ഷപാതിത്വത്തിലൂടെ ഒരു വിഭാഗം ജനങ്ങള്‍ക്ക് എല്ലാം നേടിക്കൊടുക്കാനായി അവസരം സൃഷ്ടിക്കുകവഴി അസമത്വത്തിന്റെ പാതയിലൂടെയാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്.
സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ അസഹിഷ്ണുക്കളായ ഒരു കൂട്ടത്തെ സൃഷ്ടിക്കുകയും അക്രമവും ലഹളയും മൂലം നാട് ദിനേന കലുഷിതമായിക്കൊണ്ടിരിക്കുകയുമാണ്. മതിയായ ചികിത്സയും ഭക്ഷണവും കുടിവെളളവും വെളിച്ചവും പാര്‍പ്പിടവും ഇന്നും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അന്യമാണ്. വിദ്യാലയത്തിന്റെ പടിവാതില്‍ പോലും ചവിട്ടാനാകാതെ കൂലിവേലക്കിറങ്ങാനാണ് ഇന്ത്യന്‍ ബാല്യങ്ങളില്‍ മുക്കാല്‍ പങ്കിന്റെയും വിധി.
സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം പതിനാല് വയസ്സുവരെയുള്ളവര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമായിട്ടില്ല. മനുഷ്യവിഭവശേഷിയില്‍ ലോകത്തുതന്നെ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യയില്‍ ആ വിഭവശേഷി വേണ്ടവിധത്തില്‍ ഇനിയും ഉപയോഗിക്കാനായിട്ടില്ല.ജനസംഖ്യാ പെരുപ്പമാണ് ഭക്ഷ്യദൗര്‍ബല്യത്തിന് കാരണമെന്ന് പറഞ്ഞ് പാവപ്പെട്ടവന്റെ റേഷന്‍ സംവിധാനത്തെപ്പോലും തല്ലിയുടച്ച ഭരണകര്‍ത്താക്കള്‍ ബഹുരാഷ്ട്ര കുത്തകഭീമന്‍മാര്‍ക്കായി നമ്മുടെ വിഭവങ്ങള്‍ കൊളളയടിക്കാനും ഊററിയെടുക്കാനും കഴിയും വിധം തുറന്നുവെച്ചിരിക്കുകയാണ്.
മറുനാടുകളില്‍ പലതിലും നിരോധിച്ച മരുന്നുകളാണ് നമ്മുടെ ജനങ്ങള്‍ക്ക് എത്തിക്കുന്നത്. പല വിദേശ കമ്പനികളും പരീക്ഷണം നടത്തുന്നത് നമ്മുടെ നാട്ടിലെ പൗരന്മാരിലാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൈകോര്‍ക്കുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ജനാധിപത്യ പ്രക്രിയ പരിപോഷിപ്പിക്കാന്‍ വേണ്ടി പാരമ്പര്യപാര്‍ട്ടികള്‍ പറഞ്ഞിടത്തു വോട്ടുകുത്തുകയും അവര്‍ക്കായി ചാവാനും കൊല്ലാനും നിന്നുകൊടുക്കുകയും ചെയ്യാനാണ് പാവപ്പെട്ടവന്റെ വിധി. തീവ്രവാദ വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ സംഭാവന നല്‍കിയവരാണെന്നും കൈമെയ് മറന്ന് പണിയെടുക്കുന്നവാരാണെന്നും കാണാം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത നവോഥാന മൂല്യങ്ങളെ തിരസ്‌കരിച്ചുകൊണ്ട് അന്ധവിശ്വാസത്തിന്റെ 'അമ്മ'മാരും തങ്ങന്മാരും നാടിനെ കൈപ്പിടിയിലൊതുക്കിയിരിക്കയാണ്.
എന്നാല്‍ അധികാര രാഷ്ട്രീയത്തിന്റെ പരിധിക്കുപ്പുറത്ത് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും ഉന്നയിക്കുകയും ചെയ്യുന്ന നിരവധി സമരങ്ങളും പുതിയ പ്രസ്ഥാനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. കോര്‍പറേറ്റുകളുടെ ചൂഷണങ്ങള്‍ക്കെതിരെ, ഭരണകൂടം മുസ്‌ലിം സമൂഹത്തെ സാമ്രാജ്യത്വത്തിനു വേണ്ടി തീവ്രവാദ ചാപ്പ കുത്തി പൗരാവകാശങ്ങള്‍ അടക്കം നിഷേധിക്കുന്നതിനെതിരെ പരമ്പരാഗത രാഷ്ട്രീയത്തിന്റെ കൊടികൂറയില്ലാതെ അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ്ങളില്‍ നിന്നും പുതിയ പ്രതിരോധങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ ധാര്‍മികതക്ക് ഒരു പ്രസക്തിയുമില്ലാ എന്നത് മുഖ്യധാരാ രാഷ്ട്രീയം സൃഷ്ടിച്ച പൊതുബോധമാണ്. ജനങ്ങളില്‍ മഹാ ഭൂരിഭാഗവും ജീവിതത്തില്‍ മൂല്യബോധം സൂക്ഷിക്കുന്നവരും അതാഗ്രഹിക്കുന്നവരുമാണ്. ആ മൂല്യബോധത്തെ രാഷ്ട്രീയവത്കരിക്കാന്‍ സന്നദ്ധമാവണം. അത്തരമൊരു പുതിയ രാഷ്ട്രീയത്തെ രാജ്യത്തിനു വേണ്ടി വളര്‍ത്തിയെടുക്കാനുള്ള സന്ദര്‍ഭമാണ് നമ്മെ സംബന്ധിച്ചേടത്തോളം 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ്. വോട്ടിന്റെ വിലയറിഞ്ഞ് വോട്ട് ചെയ്താല്‍ തീര്‍ച്ചയായും നാട്ടില്‍ പരിവര്‍ത്തനത്തിന്റെ തുടക്കങ്ങള്‍ കുറിക്കപ്പെടുക തന്നെ ചെയ്യും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media