പെണ്ണിനിടമില്ലാത്ത പാര്‍ലമെന്റ്

ഫൗസിയ ഷംസ് /ലേഖനം
2014 ഏപ്രില്‍
സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുപോവുകയോ പിന്നാമ്പുറത്തേക്ക് തെളിച്ചുമാറ്റുകയോ ചെയ്ത സ്ത്രീകള്‍ അധികാരി വര്‍ഗത്തോട് എതിരിടാന്‍ അമേരിക്കന്‍ തെരുവീഥികളില്‍ ഒത്തുകൂടിയതിന്റെ ഓര്‍മക്കായി

         സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുപോവുകയോ പിന്നാമ്പുറത്തേക്ക് തെളിച്ചുമാറ്റുകയോ ചെയ്ത സ്ത്രീകള്‍ അധികാരി വര്‍ഗത്തോട് എതിരിടാന്‍ അമേരിക്കന്‍ തെരുവീഥികളില്‍ ഒത്തുകൂടിയതിന്റെ ഓര്‍മക്കായി രൂപംകൊണ്ട വനിതാ ദിനമായ മാര്‍ച്ച് 8-നു തന്നെയാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്കായി 33% സംവരണം ചെയ്ത ബില്ലും അവതരിപ്പിക്കപ്പെട്ടത്. 1909-ല്‍ അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തുല്യവേതനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും നല്‍കണമെന്നാവശ്യപ്പെട്ട് മന്‍ഹാട്ടനില്‍ നടത്തിയ പ്രതിഷേധമാണ് 1919-ല്‍ കോപ്പന്‍ഹേഗില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് വനിതാ പ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായത്.
അമേരിക്കന്‍ തെരുവില്‍ ഒത്തുകൂടിയ സ്ത്രീകള്‍ അന്ന് ഉന്നയിച്ച ആവശ്യം വോട്ടവകാശമായിരുന്നു. ഇന്ന്, ലോകത്തിന്റെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും വോട്ടവകാശമുണ്ട്. എങ്കിലും സ്ത്രീകളുടെ ന്യായമായ ആവശ്യം നിയമനിര്‍മാണ സഭകളില്‍ തങ്ങളുടെ പ്രാതിനിധ്യമാണ്. നയതീരുമാനങ്ങള്‍ എടുക്കുന്നിടത്ത് അര്‍ഹമായ പ്രാതിനിധ്യത്തിന്റെ കാര്യം വരുമ്പോള്‍ ഏത് രാജ്യത്തായാലും സ്ത്രീകള്‍ അവഗണിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും നടുവില്‍ നില്‍ക്കുന്നുവെന്ന് പറയുന്ന പല രാജ്യങ്ങളിലും സ്ത്രീപ്രാതിനിധ്യം അര്‍ഹമായ തോതില്‍ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ജനാധിപത്യത്തിന്റെ തുടക്കത്തില്‍ സ്വയം നിര്‍ണയാവകാശമുണ്ടായിരുന്ന ബ്രിട്ടനില്‍ 17.2 ശതമാനമാണ് പാര്‍ലമെന്ററി പ്രാതിനിധ്യം. 1920-ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച അമേരിക്കയില്‍ 13.6 ശതമാനമാണത്. ഇന്ത്യയിലത് 10 ശതമാനമാണ്. ചരിത്രത്തിലാദ്യമായി പതിനഞ്ചാം ലോക്‌സഭയിലാണ് വനിതകള്‍ കൂടുതല്‍ എത്തിയത്. 58 വനിതാ എം.പിമാരാണ് നമുക്കുള്ളത്. കഴിഞ്ഞ സഭയെക്കാള്‍ 13 പേര്‍ കൂടുതല്‍. സ്ത്രീസമത്വം വിഭാവനം ചെയ്യുന്നതോടൊപ്പം ലിംഗസമത്വം ഇല്ലായ്മ ചെയ്യാനുള്ള ലോക കോണ്‍ഫറന്‍സില്‍ ഒപ്പുവെക്കുക കൂടി ചെയ്തിട്ടുണ്ട് ഇന്ത്യ.
സ്ത്രീ സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും ആണ്‍ പെണ്‍ അനുപാതത്തിലും ഏറെ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പുതുക്കിയ വോട്ടര്‍ പട്ടിക അനുസരിച്ച് സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം. ഇടുക്കി ഒഴിച്ചുനിര്‍ത്തിയാല്‍ പത്തൊമ്പത് ലോക്‌സഭാ മണ്ഡലങ്ങളിലും സ്ത്രീകളാണ് കൂടുതല്‍. 19,32,734 വോട്ടാണ് സംസ്ഥാനത്ത് ഇക്കുറി അധികമായി പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. അതില്‍ 10,32,390 സ്ത്രീ വോട്ടര്‍മാര്‍ അധികമുണ്ടെന്നാണ് കണക്ക്. എട്ട് മണ്ഡലങ്ങളില്‍ അരലക്ഷത്തിലേറെ സ്ത്രീ വോട്ടര്‍മാര്‍ മേധാവിത്വം പുലര്‍ത്തുന്നു. ഇങ്ങനെ സ്ത്രീ വോട്ടര്‍മാര്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഏറിക്കൊണ്ടിരിക്കുമ്പോഴും വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാസംവരണ ബില്ല് പാസാക്കാന്‍ ഇനിയും എറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കായിട്ടില്ല.
പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ 135 രാജ്യങ്ങളില്‍ 105-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. സ്വീഡന്‍ 47, റുവാന്‍ഡ 48.8, ഫിന്‍ലാന്‍ഡ് 41, അര്‍ജന്റീന 40.5 എന്നിങ്ങനെയും നോര്‍വെ, ക്യൂബ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ മുപ്പത്തിയഞ്ചിനും നാല്‍പതിനും മധ്യേയും മൊസാംബിക്, ഐസ്‌ലാന്റ്, ന്യൂസിലാന്റ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ മുപ്പതിനും മുപ്പത്തിയഞ്ചിനും മധ്യേയും ആസ്ട്രിയ, ജര്‍മനി ഉഗാണ്ട തന്‍സാനിയ 30 ശതമാനത്തിനും മധ്യേ ആണ് സ്ത്രീ പ്രാതിനിധ്യം. പല ആഫ്രിക്കന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സ്വാതന്ത്ര്യസമരം മുതല്‍ തന്നെ സ്ത്രീകള്‍ രാഷ്ട്രീയപ്രവേശനം നേടുകയും രാജ്യത്തിന് ഒരു സ്ത്രീ ഭരണാധികാരി ഉണ്ടാവുകയും ചെയ്ത നാടാണ് ഇന്ത്യ. ഈ അവസരത്തിലാണ് സ്ത്രീസംവരണ ബില്‍ പ്രകീര്‍ത്തിക്കപ്പെടുകയും അത് സ്തീശാക്തീകരണത്തിനും സ്ത്രീ വിമോചനത്തിനും വഴിവെക്കുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തത്.
കാതറിന്‍ ബിഗലോ എന്ന അമേരിക്കന്‍ സംവിധായിക സിനിമാ ചരിത്രത്തിലാദ്യമായി സിനിമാ സംവിധാനത്തിന് ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സംഭവത്തെ, ലോകത്തങ്ങോളമിങ്ങോളമുള്ള സ്ത്രീമുന്നേറ്റ ചരിത്രത്തിലെ നാഴികക്കല്ലായി ലോക മാധ്യമങ്ങള്‍ വിധിയെഴുതിയ നാളുകളിലാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യബില്ല് അവതരിപ്പിക്കപ്പെട്ടത്. 2010 മാര്‍ച്ച് 6-ന് വനിതാ നേതൃ ഉച്ചകോടി ഡല്‍ഹിയില്‍ ഉല്‍ഘാടനം ചെയ്യവെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യത്തെ കോടിക്കണക്കിന് വരുന്ന സ്ത്രീജനങ്ങള്‍ക്ക് ഒരുറപ്പ് നല്‍കിയിരുന്നു. വനിതാ പ്രാതിനിധ്യ ബില്ലിന് നിയമ പ്രാബല്യം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്നായിരുന്നു അന്ന് നല്‍കിയ ആ ഉറപ്പ്. സ്ത്രീ ശാക്തീകരണത്തിലും ഉന്നമനത്തിലും വിശ്വസിക്കുന്നവര്‍ക്ക് പ്രതീക്ഷയേകുന്നതായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍, പ്രഖ്യാപനം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ബില്ലുകള്‍ സഭാതലത്തില്‍ കീറിയെറിയുന്നതിനാണ് നമ്മുടെ പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്ത ബില്ല് വരേണ്യ സവര്‍ണ സ്ത്രീത്വത്തെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞവരാണ് അന്നാ ധൈര്യം കാണിച്ചത്. എതിര്‍ക്കുന്നവരുടെ അഭിപ്രായങ്ങള്‍ക്ക് സമവായം ഉണ്ടാക്കി ബില്‍ പാസ്സാക്കിയെടുക്കുമെന്നായിരുന്നു പ്രധാനമന്ത്രി അന്നു പറഞ്ഞത്. പക്ഷേ, പതിനഞ്ചാം ലോക്‌സഭയിലും ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെയാണ് സഭ പിരിഞ്ഞതും മറ്റൊരു പൊതു തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നതും.
സ്വാതന്ത്ര്യം നേടി പതിറ്റാണ്ടായിട്ടും സ്ത്രീജന്മങ്ങള്‍ അധികാരത്തിന് പുറത്തിരിക്കേണ്ടി വരുന്നത് ഏറ്റവും മഹത്തരമായ ഭരണഘടനയുണ്ടെന്ന് പറയുന്ന ഇന്ത്യക്ക് നാണക്കേടാണ്. സവര്‍ണതയുടെ താല്‍പര്യങ്ങളും പുരുഷ താല്‍പര്യങ്ങളും കൈകോര്‍ത്തുപോയതോടെയാണ് ബില്ല് പരാജയപ്പെട്ടത്. വനിതാ സംവരണ ബില്ലിന് തങ്ങളെല്ലാവരും അനുകൂലമാണെന്ന് പറയുമ്പോഴും സംവരണത്തിനുള്ളിലെ സംവരണത്തിനും ബില്ല് പാസ്സാക്കപ്പെടുന്നതിനും പാര്‍ട്ടികള്‍ അനുകൂലമല്ലാ എന്നത് യാഥാര്‍ഥ്യമാണ്. 543 അംഗ പാര്‍ലമെന്റില്‍ 122 സീറ്റുകള്‍ പട്ടികജാതി സംവരണമാണ്. വനിതാസംവരണ ബില്ല് പാസായാല്‍ 181 സീറ്റുകളാണ് പുരുഷന്മാരില്‍ നിന്നും നഷ്ടപ്പെടുക. അധികാരത്തോട് കൂറ് പുലര്‍ത്തിയിട്ടില്ലെങ്കിലും അധികാരത്തോട് ഒട്ടിനില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആണ്‍പ്രജകള്‍ക്ക് അതത്ര സഹിക്കില്ല. 1974-ല്‍ തന്നെ ചര്‍ച്ചചെയ്യപ്പെട്ട ബില്ലാണ് ഇത്. ഇതിനെത്തുടര്‍ന്നാണ് 1993-ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മുപ്പത്തിമൂന്ന് ശതമാനം സവരണം ഏര്‍പ്പെടുത്തുകയും ചെയ്തത്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ത്രീ പ്രശ്‌നങ്ങളെയും സ്ത്രീത്വത്തെയും എങ്ങനെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഈ ബില്ലിന്റെ പരാജയം. ഇത്തരം പാര്‍ട്ടികളൊന്നും തന്നെ പാര്‍ട്ടിക്കകത്ത് മതിയായ തോതില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടില്ല. പാര്‍ട്ടി നയങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഉപകരണമെന്നതിനപ്പുറം നയതീരുമാനങ്ങള്‍ എടുക്കുന്നിടങ്ങളിലൊന്നും സ്ത്രീകള്‍ക്ക് യാതൊരു പങ്കാളിത്തവുമില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും സ്ത്രീകള്‍ വെറും വോട്ടര്‍മാരും ജാഥ വിളിക്കാനുള്ള അനുയായികളുമാണ്.
അതുപോലെ തന്നെ മുഖ്യധാരാ പാര്‍ട്ടികളില്‍ സാന്നിധ്യമറിയിച്ചവരും നേതാവാകാന്‍ ഭാഗ്യം ലഭിച്ചവരുമായ സ്ത്രീകള്‍ ഒന്നും ഇന്ത്യന്‍ സ്ത്രീത്വത്തെ പ്രതിനിധീകരിക്കുന്നവരുമല്ല. ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്ന രണ്ട് വനിതാ രത്‌നങ്ങളുടെ ചിരിച്ച മുഖങ്ങളെ നാം പത്രത്താളിലൂടെ കണ്ടിരുന്നു. ബി.ജെ.പി നേതാവ് സുഷമാ സ്വരാജും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഷമാ സ്വരാജുമായിരുന്നു ആ വനിതാ രത്‌നങ്ങള്‍. ദലിത് പിന്നാക്ക സ്ത്രീത്വത്തിന്റെ പ്രശ്‌നങ്ങളെ ഒരു നിലക്കും പ്രതിനിധീകരിക്കുന്നവരായിരുന്നില്ല ഈ നേതാക്കന്മാര്‍. അതുകൊണ്ട് തന്നെ സംവരണത്തിലുള്ളിലെ സംവരണമെന്ന സാമൂഹ്യപ്രശ്‌നത്തെ ഉള്‍ക്കൊള്ളാനും അവര്‍ക്കായില്ല.
ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളില്‍ ഏറിയ കൂറും അധഃസ്ഥിത പിന്നാക്കക്കാരും ദലിതരും ആദിവാസികളുമാണ്. അവരോടൊപ്പം ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുമുണ്ട്. വിദ്യാഭ്യാസ തൊഴില്‍ ആരോഗ്യ രംഗങ്ങളില്‍ ഭരണകൂടത്തില്‍ നിന്നും കിട്ടേണ്ട അവകാശാധികാരങ്ങളും ജീവിതോപാധിയും നിഷേധിക്കപ്പെട്ട് തങ്ങളെ ഭരിക്കുന്നവരാരാണെന്നോ അവരുടെ നയമെന്തെന്നോ മുപ്പത്തിമൂന്ന് ശതമാനം സംവരണ ചര്‍ച്ചകള്‍ നടക്കുന്നതുപോലുമോ അറിയാതെ അഞ്ചാണ്ട് തികയുമ്പോള്‍ അധികാരത്തിലെ സ്ഥിരം കുറ്റികളെ ഉറപ്പിച്ചുനിര്‍ത്താന്‍ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആട്ടിത്തെളിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. സ്ത്രീത്വത്തെയും അവരുടെ പ്രശ്‌നങ്ങളെയും മൊത്തമായി ഒരു വര്‍ഗമെന്ന നിലക്ക് ഉള്‍ക്കൊള്ളാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കാത്ത വിധം ശക്തമാണ് ഇവരിലെ മത ജാതി വര്‍ഗബോധം. സ്ത്രീകളെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പോലും മത ജാതി വര്‍ഗബോധത്തില്‍ തട്ടിത്തകര്‍ന്നുപോകുന്ന അവസ്ഥയാണ് ഇന്ത്യയിലെ നടപ്പുരീതി. തങ്ങളുള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ താല്‍പര്യം പൂര്‍ത്തീകരിക്കപ്പെടുക എന്നതിനപ്പുറം മറ്റൊരു അജണ്ടയും അവരുടെ മുമ്പിലില്ലാത്തതും അതുകൊണ്ടാണ്.
സ്ത്രീ പ്രശ്‌നങ്ങളെ കൊടിയുടെ നിറത്തിലും ബാനറിലും കെട്ടിയിടാന്‍ മാത്രമേ നമ്മുടെ പല വനിതാ സമാജികര്‍ക്കും ആയിട്ടുള്ളൂ. അതുകൊണ്ടാണ് കുടുംബത്തെ ഒന്നാകെ നശിപ്പിക്കുന്ന മദ്യം സ്ത്രീത്വത്തെ അപമാനിക്കുന്ന സ്ത്രീപീഡനം, സ്ത്രീധനം എന്നിവ അടിക്കടിയുണ്ടാവുമ്പോഴും രാഷ്ട്രീയക്കാരയ പുരുഷ പ്രതികളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ക്കെതിരെ ശബ്ദിക്കാനും നടപടിയെടുക്കാനും ഈ വനിതാ നേതാക്കള്‍ക്ക് കഴിയാത്തത്. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗത്തിന്റെ പ്രാതിനിധ്യത്തെ വലുതായി അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പും അധികാരി വര്‍ഗങ്ങളെ വലിയതോതില്‍ അലോസരപ്പെടുത്താതെ കഴിഞ്ഞുപോകുന്നുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media