മനുഷ്യാവകാശ ദിനം

മനുഷ്യന്‍ സ്വതന്ത്രനായി ജനിച്ചവനാണ്‌. അവകാശങ്ങളും മഹത്വവും അര്‍ഹിക്കുന്നവനാണ്‌. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവന്‍ പരസ്‌പരം സാഹോദര്യത്തോടെ പെരുമാറണം. ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തരീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ്‌ മനുഷ്യാവകാശത്തെ ചുരുക്കി നിര്‍വചിച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌: മനുഷ്യജീവനുമേലുള്ള അവകാശം, സ്വാതന്ത്ര്യത്തിനുമേലുള്ള അവകാശം, ആശയവിനിമയത്തിലുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സാമ്പത്തിക സാംസ്‌കാരിക അവകാശം തുടങ്ങി നിയമത്തിനുമുമ്പില്‍ തുല്യരാണെന്നുള്ള അവകാശവും സംസ്‌കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശവും കൂടി ഉള്‍പ്പെട്ടതാണ്‌ ആധുനിക പരിഷ്‌കൃത ജനാധിപത്യ സമൂഹം ലോകത്തിനു മുന്നിലേക്ക്‌ എഴുതിക്കാണിച്ച രേഖ.
മനുഷ്യാവകാശങ്ങള്‍ എന്താണെന്നു മാത്രമല്ല, മനുഷ്യാവകാശ ലംഘനം എന്താണെന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട്‌. ഒരു വ്യക്തിക്ക്‌ ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിച്ചുപോയി എന്ന കാരണത്താല്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുക, സ്‌ത്രീയേയും പുരുഷനെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ തുല്യരായി കാണാതിരിക്കുക, വര്‍ഗപരവും മതപരവുമായ വ്യത്യസ്‌തതകള്‍ പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക്‌ ഇതര പൗരന്മാരെ പോലെയുള്ള തുല്യപരിഗണന ലഭിക്കാതിരിക്കുക, ഒരാളെ വില്‍ക്കുകയോ അടിമയാക്കുകയോ ചെയ്യുക, നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്യുക. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക്‌ കടന്നുകയറുക, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കുക, യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കുക തുടങ്ങയവയൊക്കെയാണ്‌ അവകാശധ്വംസനങ്ങളായി പറഞ്ഞിട്ടുള്ളത്‌.
മനുഷ്യാവകാശങ്ങളെ കുറിച്ചും അവകാശലംഘനങ്ങളെ കുറിച്ചും അക്കമിട്ട്‌ എണ്ണിപ്പറഞ്ഞകാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ലോകത്താകമാനം ഒരു വ്യക്തിക്ക്‌മനുഷ്യന്‍, പൗരന്‍ എന്നീ നിലകളില്‍ കിട്ടേണ്ട അവകാശങ്ങളുടെ നിഷേധപട്ടിക തന്നെയാണ്‌ കാണാന്‍ കഴിയുക. ആധുനിക ജനാധിപത്യത്തെ ഭരണഘടനയായി അംഗീകരിച്ച രാജ്യങ്ങളില്‍ വരെ പല വിഭാഗങ്ങളും മതത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ അവമതിക്കപ്പെടുകയും, അവര്‍ക്കെതിരെ തടവുശിക്ഷകളും വധശിക്ഷകളും വിധിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌ എന്ന്‌ വ്യക്തമാകും. ജാമ്യം പോലും കിട്ടാത്ത കനത്ത ശിക്ഷാമുറകള്‍ പ്രയോഗിച്ചുകൊണ്ട്‌ കാരാഗൃഹത്തിലടക്കെപ്പട്ടവരില്‍ പലരും നിരപരാധികളാണ്‌. ജനാധിപത്യത്തിന്റെ കാവല്‍ക്കാരെന്ന്‌ അവകാശപ്പെടുന്ന അമേരിക്കയില്‍പോലും യഥാര്‍ഥ കുറ്റവാളികളെ വധശിക്ഷക്ക്‌ വിധേയമാക്കുന്ന നിയമത്തിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള സംഘടനകള്‍ രംഗത്തുവരുമ്പോള്‍, താന്‍ ചെയ്‌ത കുറ്റമെന്താണെന്നറിയാതെ എത്രയോ നിരപരാധികള്‍ ടാഡയും പോട്ടയും ചുമത്തി വധശിക്ഷ കാത്ത്‌ നമ്മുടെ ജയിലറകളിലുണ്ട്‌. ഇവരില്‍ പലരും ശിക്ഷിക്കപ്പെട്ടത്‌ അവരുടെ മതപരമായ അസ്‌തിത്വത്തിന്റെ പേരിലാണ്‌്‌. മതത്തിന്റെ പേരില്‍ വിവേചനം പാടില്ല എന്ന മനുഷ്യാവകാശങ്ങളെ അംഗീകരിച്ച നാട്ടിലാണിത്‌. മതേതരത്വമാണ്‌ രാജ്യത്തിന്റെ ആധാരശിലയെന്ന്‌ പറയുന്ന ഇന്ത്യയടക്കമുള്ള മിക്കരാജ്യങ്ങളും വ്യത്യസ്‌ത മതവിഭാഗങ്ങളുടെ വിശ്വാസാചാരചിഹ്നങ്ങളെ അസഹിഷ്‌ണുതയോടെ കാണുകയും കഴിവതും തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ദേശക്കൂറിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ പ്രത്യേക സ്‌ക്രീനിംഗിന്‌ വിധേയരാവേണ്ടിവരുന്ന അവസ്ഥ. വിദ്യാഭ്യാസം ചെയ്യാനുള്ള, തൊഴില്‍ നേടാനുള്ള, സംഘം ചേരാനുള്ള, യൂണിയനുകള്‍ ഉണ്ടാക്കാനുള്ള, ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള പൗരന്റെ മൗലികാവകാശ ലംഘനം ഒറ്റയടിക്ക്‌ നടന്നുകൊണ്ടിരിക്കുമ്പോഴും രാജ്യസുരക്ഷയുടെ മറവില്‍ എല്ലായിടത്തും ഇത്‌ ന്യായീകരിക്കപ്പെടുന്നു.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി പൊരുതുന്നവരെ രാജ്യസുരക്ഷയുടെ മറവില്‍ സൈന്യത്തിന്‌ പ്രത്യേകാധികാരങ്ങള്‍ നല്‍കി അടിച്ചമര്‍ത്തുകയും ജയിലറക്കുള്ളിലടക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പത്ത്‌ വര്‍ഷത്തിലധികമായി ഇറോം ശര്‍മിളയെപോലുള്ള സ്‌ത്രീകള്‍ ജയിലിലടക്കപ്പെടുകയും വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സ്‌ത്രീകള്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ബലാല്‍സംഗത്തിനിരയാകുകയും ചെയ്യുന്നു. സ്‌ത്രീകളോട്‌ ലിംഗത്തിന്റെ പേരില്‍ കാണിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയില്‍ പെടുന്നതാണ്‌. യു.എന്‍ ഡവലപ്‌മെന്റ്‌ പ്രോഗ്രാം ഈ അടുത്തകാലത്ത്‌ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പ്രകാരം ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ വളരെ പിന്നിലാണ്‌ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. എല്ലാ അര്‍ത്ഥത്തിലുമുള്ള അവകാശലംഘനത്തിന്റെ പേരിലാണ്‌ ഈ പട്ടം നമുക്ക്‌ നേടാനായത്‌.
കുറ്റാരോപിതര്‍ മാത്രമല്ല, അവന്റെ കുടുംബത്തെ മൊത്തമായി നിരന്തരം വേട്ടയാടി എല്ലാതരത്തിലുമുള്ള മനുഷ്യാവകാശങ്ങള്‍ ഹനിക്കുക എന്ന പതിവുരീതിയാണ്‌ ഭരണകൂടങ്ങള്‍ അവര്‍ ടാര്‍ജറ്റ്‌ ചെയ്‌ത മത ജാതി പ്രത്യയശാസ്‌ത്ര പീഡിതവിഭാഗത്തോട്‌ നിരന്തരം ചെയ്യുന്നത്‌. അങ്ങനെ എത്രയോ പേര്‍ നമ്മുടെ മുന്നിലുണ്ട്‌. ലോകാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ സയണിസം, വ്യക്തികളോടും പ്രസ്ഥാനങ്ങളോടും നിരന്തരം അവകാശലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അബൂഗുറൈബ്‌ ജയിലുകള്‍ക്ക്‌ പറയാനുള്ളത്‌ മനുഷ്യാവകാശലംഘനങ്ങളുടെ നീണ്ട നിരതന്നെയാണ്‌.
ചുരുക്കത്തില്‍, ജനങ്ങളാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭരിക്കപ്പെടുന്ന ജനായത്തക്രമത്തിലെ ഭരണകൂടങ്ങളാല്‍ മനുഷ്യാവകാശ ലംഘനങ്ങളും പീഡനമരണവും അനുഭവിക്കാനാണ്‌ പൗരന്റെ വിധി. ഇവിടെയാണ്‌, ഭാഷയുടെയോ വര്‍ണത്തിന്റെയോ ഗോത്രത്തിന്റെയോ പേരിലല്ല ഒരാള്‍ മഹത്വവത്‌കരിക്കപ്പെടുന്നത്‌ അവന്റെ കര്‍മങ്ങള്‍ മൂലമാണെന്ന ദൈവിക വചനങ്ങളുടെ പൊരുള്‍. അതുകൊണ്ട്‌ തന്നെയാണ്‌ സത്യവും നീതിയും മനുഷ്യാവകാശങ്ങളും പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്ന, ദൈവിക ചിന്തയാല്‍ പ്രചോദിതരായവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ ദിനത്തില്‍ മനുഷ്യാവകാശലംഘനത്തിനിരയായവര്‍ക്ക്‌ ഒത്തുചേരാനും അവരുടെ കുടുംബത്തിന്‌ വേദനകള്‍ പങ്കുവെക്കാനുമുള്ള വേദികള്‍ ഒരുക്കുന്നത്‌.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top