മദ്യം പെണ്‍കുലത്തിന്റെ ദുരിതം

ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണന്‍ No image

മദ്യം പൊതുവെ കുടിക്കുന്നത്‌ ആണാണെങ്കിലും അതിന്റെ സര്‍വ ആഘാതവും സഹിക്കേണ്ടിവരുന്നത്‌ പെണ്ണാണ്‌. മകളും ഭാര്യയും സഹോദരിയും മാതാവുമൊക്കെ സ്‌ത്രീലിംഗ ഗണങ്ങളാണ്‌. ആണായ ആരു കുടിച്ചാലും അതെത്രയായാലും അതനുഭവിക്കാന്‍ കുടിയന്റെ ബന്ധുവായി ഇവരില്‍ ആരെങ്കിലും ഒരു സ്‌ത്രീ ഉണ്ടാകും. സുഖിക്കാനാണത്രെ ആണിന്റെ കുടി. പക്ഷേ സഹിക്കാനാണ്‌ പെണ്ണിന്റെ വിധി. ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത പെണ്‍സമൂഹം ഈ ദുസ്സഹനീയതയെ വിധി എന്ന്‌ പേരിട്ട്‌ ശപിക്കുന്നു. എന്തിനുംപോരുന്ന ചില `കെട്ടിലമ്മ പെണ്‍പെരുമ' സ്‌ത്രീപുരുഷ സമത്വത്തിനും മറ്റ്‌ പെണ്‍കരുത്തിനും വേണ്ടി വാദിക്കുന്നു. ആണ്‍പാര്‍ട്ടിക്കാരുടെ നിര്‍ദേശങ്ങളും താല്‍പര്യങ്ങളും അനുസരിച്ച്‌ മാത്രം ചില പാര്‍ട്ടിപ്പെണ്ണുങ്ങള്‍ പാര്‍ട്ടിപരിപാടികള്‍ക്കിറങ്ങുന്നു. പാര്‍ട്ടി നോക്കിയാണെങ്കിലും ഇവരൊക്കെ സ്‌ത്രീപീഡനത്തിനെതിരെ ചിലത്‌ പറയാറുണ്ട്‌. സ്‌ത്രീപീഡനക്കേസിലെ ഒത്താശക്കാരും ഒത്തുകളിക്കാരുമായ മിക്കവരുടെയും രതിമേളവും കുടിമേളയും വമ്പന്‍ വാര്‍ത്തകളാണ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌.
അധികാരസ്ഥാനങ്ങളിലുള്ളവരും പാര്‍ട്ടിപദവിയിലുള്ളവരും നടത്തുന്ന സ്‌ത്രീപീഡനങ്ങളെ മാത്രമേ സമൂഹം താല്‍പര്യപൂര്‍വം വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നുള്ളൂ. കാരണം അതിലൊക്കെ പാര്‍ട്ടിനേതാക്കളുടെ പങ്കുണ്ട്‌. എന്നാല്‍ ഒറ്റനോട്ടത്തില്‍ വായിച്ചുവിടുന്ന വാര്‍ത്തകളേക്കാള്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത എത്രയോ പ്രാദേശിക വാര്‍ത്തകളും ഇതിലേറെ ഭീകരമായി തോന്നുന്നവയും ഉണ്ട്‌. ഈ ദുരിതാവസ്ഥയും നിത്യഅപമാനവും എനിക്ക്‌ തന്നത്‌ എന്റെ പിതാവ്‌ തന്നെയാണെന്ന്‌ പോലീസിനോടും ഡോക്ടറോടും സമ്മതിക്കേണ്ടിവരുന്ന ബാലികമാര്‍! ലാബിലും റൂമിലും ലൈബ്രറിയിലും മറ്റുമായി അധ്യാപകരാല്‍ അപമാനിക്കപ്പെടുന്ന, ചിലപ്പോള്‍ പിന്നീട്‌ അപഥസഞ്ചാരിണികളായി മാറേണ്ടി വരുന്ന വിദ്യാര്‍ഥിനികള്‍, ഡോക്ടറേറ്റ്‌ നല്‍കാനായി `പ്രത്യേക കൈക്കൂലി' വസൂലാക്കിയ ഗൈഡുകള്‍, രോഗിണിയില്‍ നിന്ന്‌ കൂടുതല്‍ പണമല്ലാത്തരീതിയില്‍ ഫീസ്‌ ഈടാക്കുന്ന ഡോക്ടര്‍മാര്‍, കേസ്‌ വിജയിക്കണമെങ്കില്‍ മനസ്സ്‌ മാറണമെന്ന്‌ പരാതിക്കാരികളോട്‌ നിര്‍ബന്ധിക്കുന്ന വക്കീലന്മാര്‍ ശാന്തിതേടിയെത്തുന്ന ഭക്തസ്‌ത്രീകളില്‍ അശാന്തി വളര്‍ത്തുന്ന ശാന്തിക്കാര്‍. പോലീസ്‌ അധികാരികളും മന്ത്രിമാരും എഞ്ചിനീയര്‍മാരും ന്യായാധിപന്മാരുമൊക്കെ ഉയര്‍ന്ന ശ്രേണിയിലുള്ളവരാണ്‌. ഇവരുടെയൊക്കെ ഇരകളാകുന്ന എല്ലാവരും നിരപരാധിനികളല്ല. പക്ഷേ അപരാധിനികളായി അവരിലേറെപ്പേരെ മാറ്റിത്തീര്‍ക്കുന്ന വന്‍അപരാധികള്‍ പുരുഷന്മാര്‍ തന്നെ. ഇവരില്‍ വന്‍ഭൂരിപക്ഷവും കുടിയന്മാരുമാണ്‌.
മദ്യപിക്കാത്തവരില്‍ ഭൂരിപക്ഷത്തിനും സദാചാരബോധം സൂക്ഷിക്കാന്‍ സാധിക്കുന്നു. മദ്യപിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും ഇതു കൈവിട്ടു പോകുന്നു. കുടിയന്മാര്‍ക്ക്‌ അല്ലാത്തവരെക്കാള്‍ വേഗത്തില്‍ ധര്‍മചിന്ത നഷ്ടമാകുന്നു. ധര്‍മമോ മതകല്‍പനകളോ ആത്മാവിന്റെ മാര്‍ഗമോ ഒരാള്‍ക്ക്‌ കണ്ടുകിട്ടണമെങ്കില്‍ അയാളുടെ തലച്ചോറിന്റെ വിതാനം നേരെയായിരിക്കണം. തലച്ചോറിന്റെ ബാലന്‍സ്‌ തെറ്റിക്കലാണ്‌ മദ്യം ആദ്യം ചെയ്യുന്നത്‌. അതോടെ ശരീരത്തിന്റെ അവസ്ഥയും വ്യവസ്ഥയും തെറ്റുന്നു. അകത്തും പുറത്തുമുള്ള മിക്ക അവയവങ്ങളുടെയും വ്യവസ്ഥ തെറ്റുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ എത്തുന്ന വിവരങ്ങള്‍ തെറ്റിയാല്‍ വിവര കേന്ദ്രമായ ബുദ്ധിയും തെറ്റുന്നു. `ബുദ്ധി നാശാല്‍ പ്രണശ്വതി'- ബുദ്ധി നശിച്ചാല്‍ സര്‍വം നശിച്ചു. ഇങ്ങനെ കുടിയിലൂടെ ബുദ്ധി നഷ്ടപ്പെടുമ്പോഴാണ്‌ ഉലൂഹിയത്ത്‌ (െദൈവി കഗുണം) എന്ന സാത്വിക ഗുണമില്ലെങ്കില്‍ പോകട്ടെ ഇന്‍സാനിയ്യത്ത്‌ (മനുഷ്യത്വം)എന്ന രജോഗുണം പോലുമില്ലാതെ ശൈത്വാനിയ്യത്ത്‌ (പൈശാചികത)എന്ന തമോഗുണത്തില്‍ ഒരാള്‍ എത്തിപ്പെടുന്നത്‌. ഈ അന്ധകാരത്തിന്റെ സന്തതികളാണ്‌ എല്ലാ ദുര്‍വിചാരങ്ങളും. ഇതിലൂടെ തിന്മകള്‍ പിറവിയെടുക്കുന്നു. അതുകൊണ്ടാണ്‌ മുഹമ്മദ്‌ നബി (സ) മദ്യം എല്ലാ തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയുമാണെന്ന്‌ പറഞ്ഞത്‌. റസൂലിന്റെ സന്തതസഹചാരിയും ബന്ധുവുമായിരുന്ന ഹസ്രത്ത്‌ അലി പറഞ്ഞത്‌ മദ്യം വ്യഭിചാരത്തെക്കാളും മോഷണത്തെക്കാളും നികൃഷ്‌ടമാണെന്നാണ്‌.
എല്ലാ തിന്മകളിലും വീണുപോകുന്ന ഒരു കുടിയന്‌ കുടുംബബന്ധങ്ങളിലെ എന്ത്‌ ധര്‍മമാണ്‌ അനുഷ്‌ഠിക്കാനാവുക?! ധര്‍മം നിര്‍വഹിക്കാത്തത്‌ തന്നെ അധര്‍മമാണ്‌. അതോടൊപ്പം അരുതായ്‌മകള്‍ ചെയ്യുന്ന, ധര്‍മനിര്‍വഹണം നടത്താത്ത അധര്‍മം വേറെയും. പരലോക സൗഖ്യം വരെ നഷ്ടപ്പെടുത്തുന്ന അയാളുടെ ഇഹലോകപാപങ്ങളുടെ ഫലം വീട്ടിലും കുടുംബത്തിലും നാട്ടിലും വ്യാപിക്കുന്നു. `വണ്ടേ നീ കരിയുന്ന വിളക്കും കെടുത്തുന്നു.'
നാട്ടിലും ചുറ്റുപാടുകളിലും കുടിയന്‍ വരുത്തുന്ന നാശം തല്‍ക്കാലം മാറ്റിവെക്കാം. എന്നാല്‍ വീട്ടില്‍ ആണ്‍തരി ഒരു കുടുംബത്തിന്‌ രക്ഷ തന്നെയാണ്‌, ഒരു നല്ല ആണാണെങ്കില്‍. മകന്റെ കുടിയറിയുന്ന മാതാവിന്റെ ഹൃദയം ആദ്യം പിടയും. കുടിപ്പിക്കുന്ന മുതലാളിയുടെ, മന്ത്രിയുടെ ഭാര്യയാണ്‌ ആ സ്‌ത്രീയെങ്കിലും! പിന്നെ തേങ്ങുകയും വിലപിക്കുകയും ചിലപ്പോള്‍ ശകാരിക്കുകയും ചെയ്യും. ഒടുവില്‍ ആക്ഷേപങ്ങളും അപമാനിക്കലും ആക്രമണങ്ങളും ആ അമ്മ സഹിക്കും. ചിലപ്പോള്‍ മകനെ അമ്മ തന്നെ കൊന്നെന്നും വരും. ഒന്നുകില്‍ പുത്രഹത്യ അല്ലെങ്കില്‍ മാതൃഹത്യ. അവന്‍ പിതാവിനെ ആക്രമിക്കുന്നതും ആക്ഷേപിക്കുന്നതും അമ്മ കണ്ടിട്ടുണ്ട്‌, മൂകസാക്ഷിയായി. വരുമാനം തട്ടിയെടുത്ത്‌, അമ്മയുടെ സ്‌നാനചിത്രങ്ങളെടുത്ത്‌ നെറ്റിലിട്ട്‌ കച്ചവടം നടത്തി കുടിക്കുന്ന മകനുണ്ട്‌. അമ്മയെ ഒരിക്കലും പറ്റാത്ത വിധം കൊതിച്ച മകനുണ്ട്‌. ആഭരണം തട്ടിയെടുക്കാന്‍ കൂട്ടുകാരെയും കൂട്ടി അമ്മയെ കൊല്ലിച്ച മകനുണ്ട്‌. പെങ്ങളെ അങ്ങനെ അല്ലാതെ കണ്ട ലഹരിയുടെ അടിമകളായ ആങ്ങളമാരുണ്ട്‌. കുടികമ്പനിയോടുള്ള വിധേയത്വം കൊണ്ട്‌ സ്‌നേഹിതന്മാര്‍ക്ക്‌ അവളെ വലിച്ചെറിഞ്ഞു കൊടുത്ത ആങ്ങളമാരുണ്ട്‌. പിതാവിന്റെയും ആങ്ങളയുടെയും കുടിയും കഞ്ചാവും നിമിത്തം കോളേജിലും ഹോസ്റ്റലിലും പരിഹസിക്കപ്പെടുന്ന പെണ്‍കുട്ടികളുണ്ട്‌. കുടിയനായ അച്ഛനാല്‍ വില്‍ക്കപ്പെട്ട മകള്‍, ഇത്‌ എന്റെ ഉല്‍പന്നമാണ്‌ ഉപയോഗം തീരുമാനിക്കേണ്ടത്‌ ഞാനാണെന്ന ഭീഷണി വാക്കുകള്‍ അന്യരോടുവരെ പറയുന്ന കുടിയനായ പിതാവ്‌, ഇങ്ങനെ പിഴുതെറിയപ്പെട്ട ഒരുപാട്‌ ജീവിതങ്ങള്‍.
ഭാര്യയാണ്‌ ഏറെ സഹിക്കുന്നവള്‍. മിക്ക കുടിയന്മാരും ചെറുതും വലുതുമായ സംശയരോഗികളാണ്‌. കുടിയന്റെ സംശയരോഗമാണ്‌ ആല്‍ക്കഹോളിക്‌ പരാനോയിയ. സ്‌ത്രീധനം കിട്ടിയത്‌ മുഴുവന്‍ കുടിച്ചു തീര്‍ത്ത്‌ ആഭരണങ്ങളും വിറ്റു കുടിച്ച ഭര്‍ത്താവിന്‌ വീണ്ടും കുടിക്കാന്‍ പണം വാങ്ങിക്കൊടുക്കേണ്ടി വരുന്നു. ഒടുവില്‍ അവള്‍ അയാള്‍ക്ക്‌ വില്‍ക്കപ്പെടുന്നു. പതുക്കെ ഈ കുടിയനെക്കാള്‍ അവള്‍ അയാളെ ഇഷ്ടപ്പെടുന്നു. സമൂഹത്തിന്റെ സദാചാര വിശകലനത്തില്‍ അവള്‍ ശിക്ഷിക്കപ്പെടുന്നു. പൗത്രരാലും പൗത്രീനാഥരാലും ആക്ഷേപിക്കപ്പെടുന്ന, കുടിയരെക്കൊണ്ട്‌ മാത്രം അനാഥാലയങ്ങളിലെത്തപ്പെട്ട മാതാക്കളുണ്ട്‌. വീട്ടിലെ കൊച്ചുമക്കളുടെ തെമ്മാടിത്തം ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ ആക്ഷേപം സഹിക്കേണ്ടി വന്ന്‌ പുഴയില്‍ ചാടി മരിച്ച വല്യമ്മമാരുണ്ട്‌.
സ്‌ത്രീക്ക്‌ ഉന്നത പദവി കല്‍പിച്ച മതങ്ങളാണ്‌ നമുക്കുള്ളത്‌. യേശുവിനേ ഓര്‍ക്കുമ്പോള്‍ മറിയത്തെ ആദരവോടെ ഓര്‍ക്കാത്ത കൃസ്‌ത്യാനികളില്ല. മാതാവിന്റെ കാല്‍കീഴിലാണ്‌ സ്വര്‍ഗമെന്ന്‌ പഠിപ്പിക്കുന്നു ഇസ്‌ലാം. വിവാഹ ജീവിതത്തിന്റെ ഉപദേശ സംഹിതയായി ബൈബിളും ഖുര്‍ആനും ഉദ്ധരിക്കപ്പെടുന്നു. `ന സ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നു പറഞ്ഞതില്‍ മനു വിചാരണ ചെയ്യപ്പെടുമ്പോഴും `യത്ര നാരിസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവത' എന്ന്‌ അതേ മനുവിനാല്‍ പ്രകീര്‍ത്തിതയാണ്‌ സ്‌ത്രീ. എവിടെ സ്‌ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ഐശ്വര്യലക്ഷ്‌മി വിളയാടുന്നു.
കുടിയന്മാരെ വളര്‍ത്തുന്ന ഈ ഭരണവ്യവസ്ഥയില്‍ ഏത്‌ പാര്‍ട്ടിക്കാണ്‌ മദ്യത്തില്‍ നിന്ന്‌ നാടിനെ അല്‍പമെങ്കിലും രക്ഷിച്ചെടുക്കാന്‍ കഴിയുക? ഖുര്‍ആനോ ബൈബിളോ ഗീതയോ മനസ്സിലുള്ള ഏതെങ്കിലും ഒരു മന്ത്രിയോ എം.എല്‍.എയോ നമുക്കുണ്ടെങ്കില്‍ അല്‍പമെങ്കിലും കേരളം രക്ഷപ്പെടുമായിരുന്നു. സ്‌ത്രീയും, പിറന്നതും പിറക്കാനുള്ളതുമായ നമ്മുടെ തലമുറകളും ഈ മഹാതിന്മയില്‍ നിന്ന്‌ രക്ഷപ്പെടുമായിരുന്നു. മദ്യം ആരോഗ്യത്തിന്‌ ഹാനികരമാണെന്ന മുന്നറിയിപ്പ്‌ പല ഭാഷകളിലും വായിച്ച്‌ കുടിക്കുന്ന വിഡ്‌ഢികളുടെയും, വിഷമാണെന്ന്‌ പഠിപ്പിച്ചുകൊണ്ട്‌ കുടിപ്പിക്കുന്ന പരമദുഷ്ടന്മാരുടെയും രാഷ്‌ട്രീയക്കാരുടെയും നാടാണ്‌ കേരളമെന്ന്‌ ധൈര്യമുള്ളവരാരെങ്കിലും ഒന്ന്‌ വിളിച്ചു പറയണം.
ഇന്റര്‍നാഷണല്‍ ആല്‍കഹോളിക്‌ പോളിസി അലയന്‍സ്‌ (IAPA) എന്ന അന്തര്‍ദേശീയ മദ്യനയ മുന്നണി രണ്ട്‌ ശതമാനം ആളുകളെ കൂടി ഈ വര്‍ഷം ഇന്ത്യയില്‍ കുടിപ്പിക്കും. അധികം കുടിക്കുക കേരളമായിരിക്കും. സ്‌ത്രീകളെ കുടിപ്പിക്കാന്‍ നമ്മുടെ ഡോക്ടര്‍മാരെയാണ്‌ ലോക മദ്യലോബി വിലക്കെടുക്കുന്നത്‌. അനുസരണയില്ലാത്ത മക്കള്‍, അകലത്തുള്ള ഭര്‍ത്താവ്‌, അടങ്ങാത്ത ജീവിതാഭിലാഷങ്ങള്‍, വര്‍ധിച്ച പരിഷ്‌കാരം, ആര്‍ത്തിക്കൊത്ത്‌ വരുമാനമില്ലായ്‌മ ഇതിലൊക്കെ അസ്വസ്ഥരാകുന്ന സ്‌ത്രീകള്‍ മാനസിക പിരിമുറുക്കം പറഞ്ഞ്‌ ഡോക്ടറെ കാണും. ഉറക്കമില്ലായ്‌മ മുഖ്യരോഗമായവര്‍ക്ക്‌ വേഗമുറങ്ങാന്‍ ചെറിയ ഡോസ്‌ മദ്യം നിര്‍ദേശിക്കുന്നു. പതുക്കെ കുടിച്ചികളുടെ എണ്ണം പെരുകുന്നു. മനുഷ്യനെ നന്മയിലേക്ക്‌ നയിക്കാന്‍ ബാധ്യതപ്പെട്ട മതങ്ങള്‍ അനങ്ങുന്നില്ല.
മനുഷ്യനെ നന്മയിലേക്ക്‌ നയിക്കാന്‍ ബാധ്യതപ്പെട്ടതാണ്‌ മതങ്ങളെന്നാണറിവ്‌. 64 സ്ഥലങ്ങളിലാണ്‌ ലഹരിക്കെതിരെ ബൈബിള്‍ പറയുന്നത്‌. പക്ഷേ ക്രിസ്‌തീയസഭ അതേറ്റ്‌ പറയുന്നു എന്നല്ലാതെ ചെറുത്തുനില്‍ക്കാന്‍ ഒരു പദ്ധതിയുമില്ല. മദ്യത്തിനെതിരെ അതികഠിനമായ കല്‍പനകളും വിലക്കുകളും താക്കീതുകളുമുള്ള ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. നന്മ കല്‍പ്പിക്കാനും തിന്മ വിരോധിക്കാനും ആഹ്വാനം ചെയ്യപ്പെട്ട മുസ്‌ലിമിനുള്ളത്‌ ഒട്ടേറെ പ്രചാരണപരിപാടികളും പ്രബോധന പദ്ധതികളുമാണ്‌. അവര്‍ നന്മ കല്‍പ്പിക്കുന്നു, പക്ഷേ, തിന്മയെ വിരോധിക്കാന്‍ അവര്‍ക്കൊരു പദ്ധതിയുമില്ല. ഹിംസയില്‍ ദുഃഖിക്കുന്നവനാണ്‌ ഹിന്ദു. പാപമേ പരപീഡനമെന്ന്‌ പഠിപ്പിക്കുന്ന ഹിന്ദു. ഏറ്റവും വലിയ പീഡനമാണ്‌ ഗൃഹപീഡനം അതും വീട്ടിലെ കുടിയന്റെ പീഡനം.. സര്‍ക്കാര്‍ വക സ്‌ത്രീപീഡന വിരുദ്ധ നിയമമുണ്ട്‌- ഗാര്‍ഹിക പീഡനത്തിന്‌ പുരുഷന്‌ ധൈര്യവും പ്രേരണയും വലിയ അളവില്‍ നല്‍കുന്ന മദ്യവും സര്‍ക്കാറിന്റെ വക! കുടിക്കരുത്‌ എന്നത്‌ ഋഷിവചനമാണ്‌. മദ്യമുണ്ടാക്കരുതെന്നും വില്‍ക്കരുതെന്നും കുടിക്കരുതെന്നും ദൃഢസ്വരത്തില്‍ കല്‍പിച്ച മഹാഗുരുവിന്റെ അനുയായികള്‍ മദ്യമുതലാളിയെ കുലഗുരുവാക്കി വെക്കുന്നു!
ഇനി നമുക്കെന്താണ്‌ രക്ഷ! ഉണ്ട്‌, സ്‌ത്രീ വിചാരിക്കണം. സ്‌ത്രീ മാന്യതയോടെ തന്നെ ഇറങ്ങിയാല്‍ മഹാത്ഭുതം തന്നെ സൃഷ്ടിക്കാനാവും. സത്യത്തെ, നന്മയെ മുറുകെ പിടിച്ചുകൊണ്ട്‌ നന്മക്ക്‌ വേണ്ടിയുള്ള ആഗ്രഹത്തോടെ ഇച്ഛാശക്തിയുള്ള ഒരു മുന്നേറ്റമാണ്‌ വേണ്ടത്‌. തിന്മകള്‍ക്കെതിരെ പ്രക്ഷുബ്‌ധമായ മനസ്സ്‌, പ്രശാന്തമായ പ്രതികരണം ഇതാണ്‌ സത്യാഗ്രഹത്തിന്റെ പ്രധാനലക്ഷണം. വിവേകശാലിയുടെ ചെറുത്തുനില്‍പ്പിന്റെ മര്‍മമാണത്‌. അന്തസ്സുള്ള യുദ്ധധര്‍മമാണത്‌. `യുദ്ധത്തിലും ധര്‍മം വെടിയരുതെ'ന്ന്‌ കൃഷ്‌ണന്‍ അര്‍ജുനനോട്‌. `ശത്രുവെ പോലും ഉത്തമമായ മാര്‍ഗത്തില്‍ നേരിടുക' എന്ന്‌ അല്ലാഹു ഖുര്‍ആനിലൂടെയും `ശത്രുവെ സ്‌നേഹിക്കുക' എന്ന്‌ യേശു മഹിതവചനങ്ങളിലൂടെയും മാനവരാശിയെ പഠിപ്പിച്ചത്തിന്റെ പൊരുളാണ്‌ സത്യാഗ്രഹത്തില്‍ അഹിംസയും സത്യവും. ഇരകളെ കര്‍മോല്‍സുകരാക്കുന്ന എതിരാളികളെ ഉണര്‍ത്തുന്ന പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുക, അതും സത്യഗ്രഹം തന്നെ. പിന്നെ നിവേദനം നല്‍കുക. അധികാര ഭീകരതയും അധാര്‍മിക വാഴ്‌ചയും സൃഷ്ടിക്കുന്ന ഭരണകൂടത്തിനെതിരെ ഭീമഹരജി നല്‍കുക. സര്‍ക്കാറിനെയും സമൂഹത്തിന്റെയും ശ്രദ്ധ കിട്ടും. ജനത്തെ ഉണര്‍ത്തുന്ന പരിപാടിയില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുക. ഫലം കാണുന്നില്ല എങ്കില്‍ ആഹാരം കഴിക്കാതെ ആത്മപീഡക്ക്‌ തയ്യാറുള്ളവര്‍ ഒറ്റക്കോ കൂട്ടായോ ഉപവാസം ആരംഭിക്കുക- തുടങ്ങിയവയാണ്‌ സത്യഗ്രഹ രീതികള്‍. ചിലപ്പോള്‍ മരണം വരെയാകാം ഉപവാസം. ദൈവം തന്ന റൂഹ്‌, ആത്മാവ്‌ കുടികൊള്ളുന്ന ശരീരത്തെ ദൈവസമര്‍പ്പണത്തിന്‌ വേണ്ടിയല്ലാതെ പീഡിപ്പിക്കാമോ നശിപ്പിക്കാമോ എന്ന ചോദ്യം വരും. ദൈവിക നിയമങ്ങളെ തകര്‍ക്കുന്ന രാഷ്‌ട്രീയ നിയമങ്ങളെ ചെറുക്കാനുള്ള ദൈവവിശ്വാസികളുടെ സമര്‍പ്പണമായി ഇത്തരം കാര്യങ്ങളെ കാണുമ്പോള്‍ മാത്രമേ ദൈവ നിയമങ്ങള്‍ അട്ടിമറിക്കുന്ന ഭരണാധികാരികള്‍ നടുങ്ങുകയും ദൈവികനീതി പുലരുകയും ദൈവഹിതങ്ങള്‍ സംരക്ഷിക്കപ്പെടുകയുമുള്ളൂ. ഇങ്ങനെ നന്മക്ക്‌ വേണ്ടി രംഗത്തിറങ്ങാന്‍ മുസ്‌ലിംകളിലെ ഒന്നുരണ്ടു വനിതാ വിഭാഗങ്ങളുണ്ടായിട്ടും ഒന്നും നടക്കുന്നില്ല. അവര്‍ മുന്നിട്ടിറങ്ങിയാല്‍ നിശ്ചയമായും ക്രിസ്‌ത്യന്‍ പെണ്‍കുലത്തിനും ഇറങ്ങേണ്ടി വരും. അത്ര മത സാമുദായിക സംവിധാനമൊന്നുമില്ലെങ്കിലും മുസ്‌ലിം- ക്രിസ്‌ത്യന്‍ സ്‌ത്രീകളിലെ ആവേശത്തിരകളില്‍ സാമൂഹ്യ ധാര്‍മിക ബോധമുള്ള ഹൈന്ദവസ്‌ത്രീകളും അണിചേരും. ഇങ്ങനെയുള്ളൊരു സംഘടനയുണ്ടെങ്കില്‍ ആദ്യമായി ഇറങ്ങേണ്ടത്‌ മദ്യം നിരോധിക്കാന്‍ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിച്ചു കിട്ടാനാണ്‌. അതിനുവേണ്ടിയുള്ള സെക്രട്ടേറിയേറ്റ്‌ നടയിലെ സത്യഗ്രഹ പന്തലില്‍ ഇരുന്നുകൊണ്ടാണ്‌ ഈ ലേഖകന്‍ ഇത്‌ എഴുതുന്നത്‌.

(ജനറല്‍ സെക്രട്ടറി കേരള മദ്യനിരോധന സമിതി)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top