വനിതകള്‍ ആലപിക്കുന്നു; മദ്യവിരുദ്ധ വിജയഗാഥകള്‍

ഫസല്‍ കാതിക്കോട്‌ No image

തേനീച്ചകളിലെ പുരുഷന്മാര്‍ മടിയന്മാരാണ്‌. പണിയൊന്നും ചെയ്യാത്തവര്‍, മേലനങ്ങാത്തവര്‍. അവരുടെ ഒരൊറ്റ ജോലി പ്രത്യുല്‍പാദനമാണ്‌. അതും ഒരൊറ്റ പുരുഷപ്രജ, ഒരൊറ്റത്തവണ റാണിയുമായി പ്രജനനപ്രക്രിയയില്‍ ഏര്‍പ്പെടുന്നു. അതിന്റെ ഫലമായി അടുത്ത തലമുറയെ ഉല്‍പാദിപ്പിക്കാന്‍ റാണിക്ക്‌ സാധിക്കും. ബാക്കിയുള്ള ആയിരക്കണക്കിന്‌ കുഴിമടിയന്മാരായ പുരുഷപ്രജകളുടെ ജീവിതം മുഴുവന്‍ നിഷ്‌ഫലം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പരശ്ശതം കോളനികളിലും നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും ആദിവാസി ഊരുകളിലും തീരദേശത്തും എണ്ണമറ്റ ഗ്രാമങ്ങളിലും പുരുഷന്മാരായി പിറന്നവര്‍ മടിയന്മാരായ ആണ്‍തേനീച്ചകളെ പോലെ ഭൂമിക്ക്‌ ഭാരമായിക്കൊണ്ടിരിക്കുന്നു. കാരണം ഒന്നുമാത്രം, മദ്യപാനം.
അമ്മമാര്‍ ജന്മം നല്‍കുന്നു, അതിന്റെ സകല പ്രയാസങ്ങളും സഹിച്ച്‌ അവര്‍തന്നെ ചില്ലറ പണികളെടുത്ത്‌ കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. പട്ടിണിയും പരിവട്ടവുമായി കുഞ്ഞുങ്ങള്‍ വളരുന്നു. അവര്‍ക്ക്‌ പുസ്‌തകം വാങ്ങാന്‍ അമ്മ സമ്പാദിച്ച പണം കൂടി തട്ടിയെടുത്ത്‌ മദ്യപിക്കുന്നു അച്ഛന്മാര്‍. നേരം പുലര്‍ന്നാല്‍ ഇന്നത്തെ കുടിക്കുള്ളത്‌ എവിടെ നിന്ന്‌ ഒപ്പിക്കുമെന്നാണ്‌ അവരുടെ ചിന്ത. അതിനുള്ളതുകൂടി കുടുംബശ്രീകളില്‍ മാലിന്യം വാരി സ്‌ത്രീകള്‍ ഒപ്പിച്ചുകൊടുക്കണം. ഇല്ലെങ്കില്‍ അടിയും ഇടിയും തല്ലും തകര്‍ക്കലും.
മദ്യവിപത്തിന്റെ ഇരകളുണരുമ്പോള്‍
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്‌ മദ്യവിരുദ്ധപ്രസ്ഥാനവും മദ്യവിരുദ്ധ സമരങ്ങളും കേരളത്തിലുടനീളം വളര്‍ന്നുവന്നത്‌. അതിന്റെ ഒന്നാമത്തെ പ്രചോദനകേന്ദ്രം ഗാന്ധിജി തന്നെയാണ്‌. കെ. കേളപ്പനും മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബിനും അക്കമ്മച്ചെറിയാനും കുട്ടിമാളു അമ്മക്കും ശേഷം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന പ്രൊഫ: മന്മദനും പ്രൊഫ: ജി കുമാരപ്പിള്ളയും ?ഡോ: കെ.കെ രാഹുലനും ഐ.കെ കുമാരന്‍ മാസ്റ്ററുമെെല്ലാം മദ്യവിരുദ്ധ സമരങ്ങളെ മുന്നോട്ട്‌ കൊണ്ടുപോയിരുന്നു. 1980ല്‍ പത്തനംതിട്ടയിലെ കൊറ്റത്തൂര്‍, 1984ല്‍ മട്ടാഞ്ചേരിയിലെ കൂവപ്പാടം, ഊരമന, 1986ല്‍ പാളയം (തിരുവനന്തപുരം), 1987ല്‍ തൃശ്ശൂര്‍ ജില്ലയിലെ അഴിമാവ്‌ തുടങ്ങിയ സ്ഥലങ്ങളിലെ മദ്യവിരുദ്ധ സമരങ്ങള്‍ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഫലം കണ്ടവയാണ്‌. എല്ലായിടത്തും സ്‌ത്രീകള്‍ തന്നെയായിരുന്നു മുഖ്യപങ്കുവഹിച്ചിരുന്നത്‌. അഴിമാവിലും കൂവപ്പാടത്തും സമരങ്ങള്‍ തുടങ്ങിവെച്ചതും സ്‌ത്രീകള്‍ തന്നെയായിരുന്നു.
ഇന്ന്‌ കേരളത്തില്‍ ഏറ്റവും തീക്ഷ്‌ണമായ മദ്യവിരുദ്ധ പോരാട്ടങ്ങള്‍ നടക്കുന്നത്‌ ആലപ്പുഴ ജില്ലയിലാണ്‌. കുടുംബശ്രീകളും സ്‌ത്രീകളുടെ സ്വയം സഹായസംഘങ്ങളും വഴിയാണ്‌ അവിടെ സാമൂഹികമാറ്റത്തിന്റെ സമരകാഹളം മുഴങ്ങുന്നത്‌. ഇത്തരം സംവിധാനങ്ങള്‍ ആരംഭിച്ചപ്പോള്‍ ആരും വിചാരിച്ചിട്ടുണ്ടാവില്ല അവ മദ്യത്തിന്റെ കോടാലിയാകുമെന്ന്‌. പത്തും നൂറും പങ്കുവെച്ച്‌ അതിന്റെ പലിശവാങ്ങി ബാങ്കിലടച്ചു കഴിഞ്ഞിരുന്ന കുടുംബശ്രീകള്‍ ജില്ലയില്‍ പ്രതിരോധത്തിന്റെ വീരഗാഥകള്‍ തീര്‍ക്കുകയാണ്‌. ആലപ്പുഴ തോട്ടപ്പള്ളിയിലായിരുന്നു ഇതിന്റെ തുടക്കം.
വ്യാജവാറ്റും വില്‍പ്പനയും അമിതമദ്യപാനവും വ്യാപകമായ ആലപ്പുഴ ജില്ലയുടെ വിവിധഭാഗങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരായ ക്രൂരമായ കയ്യേറ്റമായി അത്‌ വളര്‍ന്നപ്പോഴാണ്‌ അവര്‍ സംഘടിക്കാന്‍ തുടങ്ങിയത്‌. തുടര്‍ച്ചയായി നടന്ന പല പെണ്‍പീഡനങ്ങളിലും കുറ്റകൃത്യങ്ങളിലും പ്രതികള്‍ മദ്യപാനികളായിരുന്നു. ഭര്‍ത്താക്കന്മാരും സഹോദരന്മാരും കൂടാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ആണ്‍മക്കള്‍ പോലും മദ്യത്തിന്റെ അടിമകളായി മാറുന്നത്‌ ഞെട്ടലോടെ തിരിച്ചറിഞ്ഞ വനിതകള്‍ ഇന്ന്‌ തീക്ഷ്‌ണമായ മദ്യവിരുദ്ധ സമരത്തിലാണ്‌.
ആദ്യം ബോധവത്‌കരണവും മുന്നറിയിപ്പും. വ്യാജവാറ്റും വില്‍പ്പനയും തുടര്‍ന്നാല്‍ സ്‌ത്രീകള്‍ കൂട്ടമായി കയറിച്ചെന്ന്‌ സകലതും തല്ലിത്തകര്‍ക്കും. മാവേലിക്കരക്കടുത്ത്‌ കൊയ്‌പ്പള്ളിയില്‍ സ്‌ത്രീകള്‍ നടത്തിയ റെയ്‌ഡില്‍ വാറ്റുകേന്ദ്രം നശിപ്പിക്കുകയും വ്യാജമദ്യം ഒഴുക്കിക്കളയുകയും ചെയ്‌തു. മാന്നാറിനടുത്ത്‌ പാവുക്കരയില്‍ പതിനാല്‌ കുടുംബശ്രീ യൂനിറ്റുകള്‍ സംയുക്തമായാണ്‌ സമരരംഗത്ത്‌. കടപ്പുറം, തോട്ടപ്പുള്ളി മാമ്മൂട്‌, പയ്യനല്ലൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സമരം വ്യാപിച്ചിട്ടുണ്ട്‌.
ഒരു വര്‍ഷം മുമ്പ്‌ അരൂര്‍ എഴുപുന്നയില്‍ വാറ്റുകേന്ദ്രങ്ങള്‍ കുടില്‍ വ്യവസായമായിരുന്നു. വനിതകളുടെ മുന്നേറ്റത്തില്‍ എല്ലാം ഇല്ലാതായി. ചെങ്ങന്നൂര്‍, മന്നാറില്‍ അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍, സി.ഡി.എസ്‌ തുടങ്ങിയവയുടെ നേതൃത്വത്തിലുളള 12 ഓളം സംഘടനകളാണ്‌ മദ്യവിരുദ്ധ സമരം നയിക്കുന്നത്‌. സ്‌ത്രീസംഘങ്ങള്‍ വ്യജവാറ്റുകേന്ദ്രങ്ങള്‍ റെയ്‌ഡുനടത്തി നശിപ്പിക്കുന്നു. കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്കു നടുവില്‍ ഇടത്തേ കോളനിയിലെ വ്യാജവാറ്റുകേന്ദ്രം അവര്‍ തല്ലിത്തകര്‍ത്തു. ഒന്നര വര്‍ഷമായി പൂട്ടിക്കിടന്ന ഷാപ്പ്‌ തുറക്കാനുള്ള ശ്രമം നിരന്തര സമരം വഴി ഇല്ലാതായി. പുറത്തുനിന്ന്‌ മദ്യപിക്കാനായി എത്തുന്നവരെ ചൂലെടുത്ത്‌ ഓടിക്കാനായി അവര്‍ പാതയോരങ്ങളില്‍ പതുങ്ങി നില്‍ക്കുന്നു. കുടുംബശ്രീകള്‍ പോലുള്ള സ്‌ത്രീ കൂട്ടായ്‌മകളുടെ ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകള്‍ മൂലം സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയാവുകയാണിവിടെ സ്‌ത്രീകള്‍.
മദ്യത്തിനെതിരെ സ്‌ത്രീകള്‍ നടത്തുന്ന സമരം വിജയിക്കുന്നതായാണ്‌ അനുഭവം. സ്‌ത്രീകള്‍ നല്‍കുന്ന പരാതികള്‍ പോലീസും എക്‌സൈസും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ഗൗരവത്തില്‍ പരിഗണിക്കുകയും അതിവേഗം തീര്‍പ്പുകല്‍പിക്കുകയും ചെയ്യുന്നു. കുടിയനായ ഭര്‍ത്താവിന്റെയും സമുദായത്തിന്റെയും പാര്‍ട്ടിയുടെയും മതത്തിന്റെയും താല്‍പര്യങ്ങളെയും മറികടന്ന്‌ സ്‌ത്രീകള്‍ തങ്ങളാണ്‌ മദ്യത്തിന്റെ ഏറ്റവും വലിയ ഇരകള്‍ എന്ന നിലയില്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകതയാണിത്‌ ചൂണ്ടിക്കാണിക്കുന്നത്‌.
കാസര്‍കോട്‌ എടക്കരയിലെ ഉതിരംകുളത്ത്‌ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വ്യാജവാറ്റുകേന്ദ്രങ്ങള്‍ക്കെതിരായ സമരങ്ങളും വിജയം കണ്ടവയാണ്‌. ജില്ലയിലെ പൊട്ടന്‍തരിപ്പ, താന്നിമൂല തുടങ്ങിയ പ്രദേശങ്ങള്‍ വ്യാജമദ്യം തേടിയെത്തുന്നവര്‍ കയ്യടക്കി ഭരിക്കുകയായിരുന്നു. പകല്‍ സമയങ്ങളില്‍പോലും വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. ഈ പ്രദേശങ്ങളെല്ലാം ഇന്ന്‌ ശാന്തമായിരിക്കുന്നു. ജില്ലയിലെ മലയോര മേഖലകളില്‍ ക്രൈസ്‌തവസഭയുടെ നേതൃത്വത്തില്‍ വനിതകള്‍ ശക്തമായ മദ്യവിരുദ്ധ സമരങ്ങള്‍ നടത്തിവരുന്നുണ്ട്‌. കാസര്‍ക്കോട്‌ ജില്ലയിലെ കസബ കടപ്പുറമാണ്‌ വനിതാ മദ്യവിരുദ്ധ മുന്നേറ്റത്തിന്റെ മറ്റൊരു വേദി. ഭര്‍ത്താക്കന്മാരും മക്കളും ചാരായത്തിനടിപ്പെട്ട്‌ നാട്ടിനും വീട്ടിനും ദ്രോഹമായപ്പോള്‍ സ്‌ത്രീകള്‍ സംഘടിക്കുകയായിരുന്നു. കടല്‍കോടതിയും ശ്രീ കുറുമ്പ ക്ഷേത്രകമ്മിറ്റിയും അവരെ പിന്തുണച്ചു. കടപ്പുറത്ത്‌ ചാരായം വിറ്റാല്‍ 25,000 രൂപ പിഴ വിധിക്കുന്നു. മദ്യവില്‍പനക്കാരെ കാണിച്ചു കൊടുക്കുന്നവര്‍ക്ക്‌ പ്രതിഫലവും നല്‍കുന്നു. ഒരുവലിയ കടപ്പുറം മേഖലയാകെ ശുദ്ധീകരിച്ചതിന്റെ ക്രെഡിറ്റ്‌ അവിടെയുള്ള സാധാരണ മത്സ്യത്തൊഴിലാളി സ്‌ത്രീകള്‍ക്കാണ്‌.
കണ്ണൂരിലെ തെക്കി ബസാറില്‍ വീടുകള്‍ക്ക്‌ നടുവിലേക്ക്‌ മാറ്റിസ്ഥാപിച്ച കള്ളുഷാപ്പിനെതിരെ 52 ദിവസമായി നടത്തിയ ഐതിഹാസിക സമരം അവസാനം വിജയം വരിക്കുകയുണ്ടായി. പരിസരവാസികളായ കുറച്ചു സ്‌ത്രീകള്‍ മറ്റാരുടെയും സഹായമില്ലാതെ തുടങ്ങിയ സമരം മറ്റനേകം പേര്‍ ഏറ്റെടുക്കുകയായിരുന്നു. കുട്ടികളുടെ പരിവേദന മാര്‍ച്ച്‌ ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെടുന്ന വിവിധ സമരമുറകള്‍ക്കൊടുവില്‍ കള്ളുഷാപ്പ്‌ മാറ്റിസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
മലപ്പുറത്ത്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി കലക്‌ടറേറ്റ്‌ നടയില്‍ തുടരുന്ന മദ്യവിരുദ്ധ സമരത്തിന്റെ ആവശ്യം മദ്യശാലകള്‍ ആരംഭിക്കുന്നതിന്‌ പഞ്ചായത്തുകള്‍ക്ക്‌ നല്‍കിയിരുന്ന വിവേചനാധികാരം തിരിച്ചു നല്‍കുക എന്നതായിരുന്നു. തിരുവനന്തപുരത്തും കണ്ണൂരും തുടരാന്‍ കഴിയാതെപോയ മദ്യവിരുദ്ധ സമരം മലപ്പുറത്ത്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ലോഭ പിന്തുണയുടെ ഭാഗമായി ഇന്നും നിലനിന്നുപോരുന്നു. `മദ്യവിരുദ്ധ മഹിളാ മെമ്മോറിയല്‍' സമരത്തിന്‌ സജീവപിന്തുണ നല്‍കുന്നു. കുറ്റിപ്പുറം മദ്യദുരന്തത്തെ തുടര്‍ന്ന്‌ അടച്ചിട്ട 265 മദ്യഷാപ്പുകള്‍ ഇതുവരെ തുറക്കാന്‍ സാധിച്ചിട്ടില്ല എന്നത്‌ മലപ്പുറത്തിന്‌ അഭിമാനിക്കാവുന്നതാണ്‌. ഒട്ടനവധി ബാര്‍ /മദ്യഷാപ്പ്‌ വിരുദ്ധ സമരങ്ങള്‍ ഇവിടെ വിജയത്തിലെത്തിയിട്ടുണ്ട്‌. പുത്തനത്താണിയിലും മലപ്പുറം മുനിസിപ്പാലിറ്റിയിലും വളാഞ്ചേരിയിലും ബാറുകള്‍ക്ക്‌ അനുമതി നിഷേധിക്കപ്പെട്ടു. കൂടാതെ ജില്ലയിലെ പല ഭാഗത്തും മദ്യഷാപ്പിനെതിരെ വനിതാകൂട്ടായ്‌മ നിതാന്ത ജാഗ്രതയിലാണ്‌.
പാലക്കാട്‌ ജില്ലയിലെ ആദിവാസി കോളനികളിലും കിഴക്കന്‍ പ്രദേശങ്ങളിലും മദ്യവിരുദ്ധ സമരങ്ങള്‍ നടന്നുവരുന്നുണ്ട്‌. മുതലമടയിലെ ചെന്മണാം തോട്‌ കോളനി, ഗോവിന്ദപുരത്തെ അംബേദ്‌കര്‍ കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജമദ്യത്തിന്നെതിരെ സ്‌ത്രീകള്‍ സംഘടിച്ചിട്ടുണ്ട്‌.
കൊടുങ്ങല്ലൂരിലെ അമ്മക്കൂട്ടായ്‌മ അക്രമരാഷ്‌ട്രീയത്തിനും മദ്യത്തിനു മെതിരായി നിലവില്‍ വന്ന വനിതാ സംഘടനയാണ്‌. കൊടുങ്ങല്ലൂരിനടുത്ത്‌ രസ്ഥ്‌ ഷാപ്പുകള്‍ അടച്ചുപൂട്ടുന്നതില്‍ അമ്മക്കൂട്ടായ്‌മ സജീവപങ്കാളിത്തം വഹിച്ചു . ആലഗോതുരുത്ത്‌ എന്ന കൊച്ചുദ്വീപില്‍ പ്രവേശന കവാടത്തില്‍ ത്തന്നെ നിലനിന്നിരുന്ന കള്ള്‌ ഷാപ്പ്‌ ശല്യം സഹിക്കവയ്യാതായപ്പോള്‍ അമ്മമാര്‍ തന്നെ മുന്‍ കൈയ്യെടുത്ത്‌ നടത്തിയ നാലുമാസം നീസ്ഥുനിന്ന സമരത്തിലൂടെ അടച്ചു പൂട്ടി. ഷാപ്പില്‍ കയറി കള്ളെടുത്ത്‌ കായലിലൊഴുക്കുക , നിത്യവും കുടിയന്മാര്‍ കൂടുതലെത്തുന്ന സായാഹ്നങ്ങളില്‍ സമരങ്ങള്‍ നടത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഷാപ്പിന്‌ പ്രവര്‍ത്തിക്കാന്‍ വയ്യാത്ത അവസ്‌ഥ സൃഷ്‌ടിച്ചാണ്‌ സമരം വിജയിപ്പിച്ചത്‌. അഴീക്കോട്‌ മറ്റൊരു കള്ളുഷാപ്പും ഇതുപോലെതന്നെ അടച്ചുപൂട്ടുകയുണ്ടായി. വിവിധ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ അധികൃതരില്‍ നിന്ന്‌ ഷാപ്പ്‌ അടച്ചുപൂട്ടാനുള്ള അനുമതി നേടിയെടുത്തത്‌. നിരന്തരമായി പരാതികള്‍ എത്താന്‍ തുടങ്ങിയതോടെ ഷാപ്പ്‌ അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നജു ഇസ്‌മായീല്‍, ജമില, തുടങ്ങിയവരാണ്‌ അമ്മക്കൂട്ടായ്‌മയുടെ വിജയശില്‍പികള്‍

 

വേറിട്ടൊരു സമരം

2010 ഏപ്രില്‍ മാസത്തില്‍ കുറ്റിയാടിക്കടുത്ത്‌ മരുതോങ്കര പഞ്ചായത്തില്‍ ചെറുപുഴ തീരത്ത്‌ ബാര്‍ ഹോട്ടല്‍ ആരംഭിക്കാനായി ഒരു ഭീമന്‍ കെട്ടിടം നിര്‍മിച്ചുകൊണ്ടിരിക്കെ നിര്‍മാണം തടയുക എന്ന ലക്ഷ്യത്തിലാണ്‌ ബാര്‍ സമരം തുടങ്ങിയത്‌. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പോലീസിന്റെ അനുമതിയോട്‌ കൂടി സമരസമിതി നേതാക്കള്‍ കെട്ടിടത്തിനകത്തേക്ക്‌ പ്രവേശിക്കുകയും ജോലിക്കാരെ മുഴുവന്‍ പറഞ്ഞു വിടുകയും നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്‌തു.
പോലീസ്‌ സ്റ്റേഷനില്‍ വെച്ച്‌ നടന്ന ചര്‍ച്ചയില്‍ കെട്ടിടത്തില്‍ മദ്യം വിളമ്പില്ലെന്നും ബാര്‍ ലൈസന്‍സ്‌ എടുക്കില്ലെന്നും ഹോട്ടലുടമകള്‍ ആണയിട്ടു പറഞ്ഞു. തുടര്‍ന്ന്‌ ഹോട്ടലുടമകളും മരുതോങ്കര പൗരപ്രമുഖരും നോട്ടറി പബ്ലിക്‌ മുമ്പാകെ ഒരു ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. തുടര്‍ന്നും അവിടെ മദ്യം വിളമ്പാന്‍ തുടങ്ങി. അന്ന്‌ കുറ്റിയാടി പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞയായിരുന്നു. മദ്യനിരോധന സമിതി തിരുവോണ നാളില്‍ `തെരുവോണ'മെന്ന പേരില്‍ പ്രതീകാത്മകമായ സമരം നടത്തി. കുറ്റിയാടി ടൗണില്‍ സമരാനുകൂലികള്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തുകയും തെരുവില്‍ ഓണമുണ്ണുകയും ചെയ്‌തു. അബ്ദുല്‍ ഗഫൂര്‍ മാലോപൊഴിയില്‍ ചെയര്‍മാനും ജഅ്‌ഫര്‍ കണ്‍വീനറായും ഒ.ടി. ബഷീര്‍ ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാലിന്‌ മരുതോങ്കര ബാര്‍ അടപ്പിക്കുന്നു എന്ന പ്രഖ്യാപനത്തോട്‌ കൂടി സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിന്‌ പ്രാദശവാസികള്‍ ബാര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. ഭീരുക്കളായ ബാര്‍ മുതലാളിമാര്‍ നേരത്തെതന്നെ ബാര്‍ അവധിയാണ്‌ എന്ന ബോര്‍ഡും വെച്ച്‌ നേരത്തെ സ്ഥലം വിട്ടിരുന്നു. തദ്ദേശവാസികള്‍ ഹോട്ടലിന്‌ മുന്നില്‍ സംഘടിച്ചിരിക്കുകയും ബാര്‍ പൂട്ടാതെ പിരിഞ്ഞു പോവില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഹോട്ടലുടമകളെയും സമരനേതാക്കളെയും കലക്ടര്‍ ചര്‍ച്ചക്ക്‌ വിളിച്ചു. ഇതേ തുടര്‍ന്ന്‌ ഹോട്ടലുടമകളോട്‌ ബാര്‍ അടച്ചിടാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. പക്ഷേ, കോടതിയെ സമീപിച്ച്‌ പോലീസ്‌ സംരക്ഷണത്തില്‍ ബാര്‍ തുറക്കാനുള്ള ഉത്തരവ്‌ സമ്പാദിക്കുകയും തുറന്ന്‌ പ്രവൃത്തിക്കുകയും ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ 21 ന്‌ കുറ്റിയാടിയില്‍ അടുക്കത്ത്‌ പ്രദേശങ്ങളില്‍ ഹര്‍ത്താലാചരിച്ചു. കേരളീയ മദ്യവിരുദ്ധ സമരത്തിലെ വേറിട്ട അധ്യായമാണ്‌ പ്രസ്‌തുത ഹര്‍ത്താല്‍. പാര്‍ട്ടിഭേദമില്ലാതെയുള്ള വര്‍ധിച്ച ജനപങ്കാളിത്തമാണ്‌ ഈ സമരത്തിന്റെ പ്രത്യേകത
ജനവാസ കേന്ദ്രത്തിലെ ഈ ഹോട്ടലിന്‌ നല്‍കിയ ബാര്‍ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യുന്നതുവരെ സമരരംഗത്തുണ്ടാവുമെന്നാണ്‌ സമരസമിതി തീരുമാനിച്ചിരിക്കുന്നത്‌.
തയ്യാറാക്കിയത്‌: സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളായ ഫസീന, ഫഹീം

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top