ബെയ്‌ജിങ്ങ്‌

ബീഫാത്തിമ വാഴക്കാട്‌ No image

ചൈനയുടെ തലസ്ഥാന നഗരിയാണ്‌ ബെയ്‌ജിങ്ങ്‌. വലുപ്പത്തില്‍ ചൈനയിലെ രണ്ടാമത്തെ സിറ്റി. ടിയനെന്‍മെന്‍ സ്‌ക്വയറും ഫോര്‍ബിഡന്‍ സിറ്റിയും ഇവിടെയാണ്‌. ബെയ്‌ജിങ്ങ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ മൂന്ന്‌ ടര്‍മിനലുകളുണ്ട്‌. ടാക്‌സിയെടുത്ത്‌ മൂന്നാം ടെര്‍മിനലിലേക്ക്‌ പോയി.
എയര്‍പോര്‍ട്ടില്‍ നിന്ന്‌ ബെയ്‌ജിങ്ങിലെ വിവിധ സ്ഥലങ്ങളിലേക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. ഓരോ സ്ഥലത്തേക്കും എത്താനെടുക്കുന്ന സമയം കാണിക്കുന്ന ബോര്‍ഡ്‌ പുറത്തേക്കുള്ള വഴിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ഒളിംപിക്‌ ഗ്രീന്‍ വില്ലേജിലേക്കുള്ള ബസ്സില്‍ കയറി. ലഗേജുകള്‍ സൂക്ഷിക്കാന്‍ പറ്റിയ വലിയ ഷെല്‍ഫുള്ള ബസ്സ്‌ ആദ്യമായി കാണുകയാണ്‌. ലഗേജ്‌ അവിടെ വെച്ച്‌ പിറകിലെ ഉയര്‍ന്ന സീറ്റില്‍ പോയി ഇരുന്നു. എഴുപത്‌ മിനുട്ടാണ്‌ ബോര്‍ഡില്‍ കാണിച്ച സമയം. റോഡുകള്‍ നിറയെ വാഹനങ്ങള്‍. റോഡിനിരുവശവും വെച്ചുപിടിപ്പിച്ച മരങ്ങളും ചെടികളും കാണാം. കെട്ടിടങ്ങളെല്ലാം ഒരേ ഡിസൈനിലുള്ളതായിരുന്നു. ഷാങ്ങ്‌ഹായ്‌യെക്കാള്‍ പുരാതനമായ നഗരമാണ്‌ ബെയ്‌ജിംങ്ങ്‌ എന്ന്‌ പെട്ടെന്ന്‌ മനസ്സിലാക്കാം.
2008-ല്‍ ഒളിംപിക്‌ ഗെയിംസ്‌ ബെയ്‌ജിങ്ങില്‍ അരങ്ങേറിയതോടെയാണ്‌ ലോകം ചൈനയുടെ നവമുഖം നേരിട്ടറിഞ്ഞത്‌. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ ബസ്സ്‌ ഒളിംപിക്‌ ഗ്രീന്‍ വില്ലേജിന്റെ ഗെയ്‌റ്റിന്‌ കുറച്ചകലെയായി നിര്‍ത്തി. ഏപ്രില്‍, മെയ്‌ മാസമായതിനാല്‍ മരങ്ങളെല്ലാം തളിര്‍ത്ത്‌ സുന്ദരമായി നില്‍ക്കുന്നത്‌ ദൂരെനിന്നുതന്നെ കാണാം. പാസെടുത്ത്‌ ഗെയ്‌റ്റ്‌ വഴി ഗ്രാമത്തിലേക്ക്‌ കടന്നു. ആയിരങ്ങള്‍ക്ക്‌ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്ഥലസൗകര്യമുണ്ടവിടെ. മരങ്ങള്‍ക്ക്‌ ചുറ്റും പലതരം ഇരിപ്പിടങ്ങള്‍. ചുറ്റുഭാഗവും മൂന്നും നാലും ട്രാക്കുകളുള്ള വണ്‍വേ റോഡ്‌. മതിയായ ടോയ്‌ലറ്റ്‌ സംവിധാനങ്ങള്‍. വെയ്‌സ്റ്റ്‌ ബിന്നുകളും കൗതുകകരമാണ്‌. ഇവക്കിടയിലായി ഒളിംപിക്‌ സ്റ്റേഡിയമായ `പക്ഷിക്കൂടും', ജലവിനോദ കേന്ദ്രമായ അക്വാറ്റിക്‌ സ്റ്റേഡിയവുമുണ്ട്‌. അക്വാറ്റിക്ക്‌ സ്റ്റേഡിയത്തിന്‌ ജലത്തിന്റെ നീലനിറവും പക്ഷിക്കൂടിന്‌ സില്‍വര്‍ കളറുമാണുള്ളത്‌. ഒളിംപിക്കിന്റെ സ്‌മാരകമായി ഉയര്‍ന്ന പുതുമയാര്‍ന്ന കെട്ടിടങ്ങളും അവിടെ കാണാം. എല്ലാം ചൈനക്കാര്‍ ശ്രദ്ധയോടെ പരിരക്ഷിക്കുന്നു.
വൈകുന്നേരത്തോടെ ബെയ്‌ജിങ്ങ്‌ ആണ്ടിങ്ങ്‌മെന്‍ സ്‌ട്രീറ്റില്‍ നേരത്തെ ബുക്ക്‌ ചെയ്‌ത ഹോട്ടലിലേക്ക്‌ പുറപ്പെട്ടു. ഇതിനു തൊട്ടുതന്നെ ഹലാല്‍ ഹോട്ടലുണ്ട്‌. വഴിമധ്യേ ചൈനീസ്‌ഭാഷാ പ്രചാരണവുമായി ഇറങ്ങിത്തിരിച്ച ന്യൂയോര്‍ക്കുകാരന്‍ മിസ്റ്റര്‍ മൈക്കുമായി പരിചയപ്പെട്ടു. സിവില്‍ എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ അദ്ദേഹം പ്രസ്‌തുത പ്രൊഫഷനലില്‍ സംതൃപ്‌തി ലഭിക്കാതെ 40 വര്‍ഷമായി ഭാഷാസ്‌നേഹിയായി മുന്നേറുകയാണ്‌. ഹലാല്‍ ഹോട്ടലിലേക്ക്‌ നടന്നു. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. വൈകിയാല്‍ ഹോട്ടലില്‍ ഭക്ഷണമുണ്ടാവില്ല. രാത്രി ഭക്ഷണം വൈകീട്ട്‌ അഞ്ചുമണിയോടെ തുടങ്ങും. സന്ധ്യ കഴിയുന്നതോടെ എല്ലാവരും ഭക്ഷണം കഴിച്ചിരിക്കും. ഹലാല്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക്‌ ബിയര്‍ ലഭ്യമാണ്‌. ഹോട്ടലുടമകള്‍ കഴിക്കില്ല. ആവശ്യക്കാര്‍ക്ക്‌ നല്‍കുന്നത്‌ കണ്ടു. ബിയര്‍ ഇവര്‍ ഭക്ഷണത്തോടൊപ്പം കൂള്‍ഡ്രിംഗ്‌സ്‌ പോലെ ഉപയോഗിക്കുന്നു.
പിറ്റേന്ന്‌ പ്രാതല്‍ ആണ്ടിങ്ങ്‌മെന്‍ ഹോട്ടലില്‍ തന്നെയായിരുന്നു. കാലത്ത്‌ ആറ്‌ മണിക്ക്‌ ഡൈനിംഗ്‌ ഹാളിലെത്തി. പച്ചരികൊണ്ടുണ്ടാക്കിയ കഞ്ഞി. ആവിയില്‍ വേവിച്ചെടുത്ത പച്ചക്കറികള്‍, പുഴുങ്ങിയ മുട്ട, ഡംബ്ലിംഗ്‌ എന്നിവയാണ്‌ വിഭവങ്ങള്‍. നാട്ടിലെ പത്തിരിമാവ്‌ സ്വല്‌പം പുളിപ്പിച്ച്‌ കഷ്‌ണങ്ങളായി മുറിച്ച്‌ ആവി കയറ്റിയാണ്‌ ഡംബ്ലിംഗ്‌ തയ്യാറാക്കിയിരിക്കുന്നത്‌. സാക്ഷാല്‍ തേയില ഉണക്കിയെടുത്ത ഗ്രീന്‍ ടീയാണ്‌ ഇവര്‍ കുടിക്കാന്‍ ഉപയോഗിക്കുന്നത്‌.
ബതാലിംഗിലേക്ക്‌
ബെയ്‌ജിംങ്ങ്‌ സിറ്റിയില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയാണ്‌ ബതാലിംഗ്‌. വന്‍മതില്‍ കയറാന്‍ സൗകര്യം ചെയ്‌തിരിക്കുന്ന സ്ഥലമാണിത്‌.
ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങി. ചുട്ട ചോളത്തിന്റെ കുലകള്‍ വാങ്ങി കഴിച്ച്‌, പടികള്‍ കയറി മുകളിലെത്തി. രണ്ടു മലകള്‍ക്കിടയിലെ സാമാന്യം താഴ്‌ന്ന പ്രദേശത്തു നിന്നാണ്‌ കയറുന്നത്‌. കയറിയെത്തിയാല്‍ സന്ദര്‍ശകരുടെ താല്‍പര്യമനുസരിച്ച്‌ ഇടത്‌ ഭാഗത്തേക്കോ വലത്‌ ഭാഗത്തേക്കോ സഞ്ചരിക്കാം. ഞങ്ങള്‍ വലത്തോട്ട്‌ നടക്കാന്‍ തുടങ്ങി. തുടക്കത്തില്‍ വലിയൊരു അങ്കണം പോലെ നല്ല വീതിയുള്ള സ്ഥലമാണ്‌. നിറയെ സന്ദര്‍ശകരാണിവിടെ. ഈ ചെങ്കുത്തായ മതില്‍ കയറാന്‍ വൃദ്ധരും, കൈക്കുഞ്ഞുങ്ങളുമായി സ്‌ത്രീകളും എത്തിയിരുന്നു.
മുമ്പിലെ കൂറ്റന്‍ മല കടന്ന്‌ അപ്പുറത്തെത്തിയപ്പോള്‍ മലകളുടെ വിസ്‌മയലോകത്ത്‌ ചുരം പോലെ വെട്ടിയെടുത്ത വണ്‍വേ റോഡുകള്‍ കണ്ടു. മലകള്‍ക്ക്‌ മുകളിലൂടെയാണ്‌ വന്‍മതില്‍ പണിതിരിക്കുന്നതെന്ന്‌ അറിയുമായിരുന്നില്ല. ചതുരാകൃതിയില്‍ വെട്ടിയെടുത്ത പാറക്കല്ലുകള്‍ കൊണ്ടാണിത്‌ നിര്‍മിച്ചിരിക്കുന്നത്‌. അഞ്ച്‌ മുതല്‍ എട്ട്‌ മീറ്റര്‍ വരെ ഉയരവും മൂന്നു മുതല്‍ ഒന്‍പത്‌ മീറ്റര്‍ വരെ വീതിയുമുണ്ടിതിന്‌. ഉയരത്തിലേക്ക്‌ പോകുംതോറും വീതി കുറഞ്ഞ്‌ വരും. മതിലിനിരുവശവും ഉയരത്തില്‍ അരമതില്‍ കെട്ടിയിട്ടുണ്ട്‌. ഇടക്കിടെ സ്റ്റേഷനുകളുണ്ട്‌. സ്റ്റേഷനുകള്‍ കോട്ടകള്‍ പോലെയാണ്‌. അത്യാവശ്യം താമസിക്കാനും ശത്രുവിനെ നേരിടാനും പറ്റിയ വിധത്തിലാണിത്‌ പണിതിരിക്കുന്നത്‌.
മംഗോളിയരുടെ ആക്രമണത്തില്‍ നിന്ന്‌ രാജ്യത്തെ രക്ഷിക്കാനായി വിവിധ രാജവംശങ്ങള്‍ നിര്‍മിച്ചതാണിത്‌. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ തുടങ്ങി എ.ഡി പതിനാറാം നൂറ്റാണ്ട്‌ വരെയുള്ള കാലയളവിലാണ്‌ നിര്‍മാണം നടന്നത്‌. മിങ്ങ്‌ രാജവംശമാണ്‌ പ്രധാന പങ്കാളികള്‍. 6000 കിലോമീറ്റര്‍ നീളമുള്ള മതില്‍ നിര്‍മാണത്തിനിടക്ക്‌ മരണപ്പെട്ട അടിമകളെ അതിനടിയില്‍ തന്നെ അടക്കം ചെയ്‌തുവെന്നാണ്‌ ഐതിഹ്യം.
ബെയ്‌ജിങ്ങ്‌ ന്യൂജി യെ പള്ളി
സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സൗകര്യമുണ്ട്‌. പള്ളിയുടെ ഇരുവശങ്ങളിലുമായി ബെഞ്ചുകളും ഡസ്‌ക്കുകളും ഇട്ടിരിക്കുന്നു. വായിക്കാനും പഠിക്കാനുമുള്ള സൗകര്യമാണത്‌. സഞ്ചാരികളുള്‍പ്പെടെ പള്ളിയില്‍ നല്ല സ്‌ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നു.
മിനാരങ്ങളും ഖുബ്ബയുമില്ലാത്ത, മരവും ഓടും ഉപയോഗിച്ചുണ്ടാക്കിയ പ്രൗഢമായ പഴയ മാതൃകയിലുള്ള കെട്ടിടങ്ങള്‍. കെട്ടിടങ്ങളുടെ ഒരു സമുച്ചയമാണ്‌ ബെയ്‌ജിങ്ങിലെ ഈ ആരാധനാലയം. അകത്തളത്തില്‍ കൊത്തുപണികളും ചിത്രപ്പണികളും പല വര്‍ണങ്ങളിലും കാണാം.
പ്രാര്‍ഥനാഹാളിനിരുവശത്തുമായി രണ്ട്‌ പ്രദര്‍ശന സ്റ്റാളുണ്ട്‌. ശിരോവസ്‌ത്രമണിഞ്ഞ രണ്ടു വനിതകളാണ്‌ കവാടത്തിലുള്ളത്‌. പഴയ ഗ്രന്ഥങ്ങള്‍, ലിപികള്‍, ചരിത്രപ്രാധാന്യമുള്ള വസ്‌തുക്കള്‍ തുടങ്ങി പള്ളിയുടെ പ്ലാനും ചരിത്രവുമെല്ലാം രേഖപ്പെടുത്തിവെച്ചിരിക്കുന്നു. പള്ളി സന്ദര്‍ശിച്ച പ്രധാനികളുടെ ഫോട്ടോകളില്‍ സോണിയാഗാന്ധിയുടെ ഫോട്ടോയും കണ്ടു.
വിശ്വാസവും ജീവിതവും
ബുദ്ധമതക്കാര്‍, കണ്‍ഫ്യൂഷസ്സുകാര്‍, താവോയിസക്കാര്‍, മുസ്‌ലിംകള്‍, ക്രിസ്‌ത്യാനികള്‍ എന്നീ വിഭാഗങ്ങള്‍ ചൈനയില്‍ വസിക്കുന്നുണ്ട്‌. ഇവിടുത്തെ മുസ്‌ലിംകള്‍ പ്രധാനമായും പത്ത്‌ വംശമാണ്‌. ഹൂയി, ഉയിഗൂര്‍, ഹസാക്‌, തുന്‍ഷ്യാന്‍, ബുആന്‍, സാലാ, താജീകാ എന്നിവ അതില്‍ പെടുന്നു. തൊപ്പിവെക്കുന്നതിനും താടി വളര്‍ത്തുന്നതിനും തലമറയ്‌ക്കുന്നതിനും ചൈനയില്‍ വിലക്കുകളില്ല.
ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളുമെല്ലാം ചൈനയിലുണ്ട്‌. അമ്പലങ്ങളില്‍ ധാരാളമായി മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരിക്കുന്നു. ബുദ്ധപ്രതിമകള്‍ക്ക്‌ മുമ്പില്‍ തൊഴുത്‌ മടങ്ങുന്ന അനേകം വിശ്വാസികളെ കണ്ടു. മല്‍സ്യമാംസാദികള്‍ ഭക്ഷിക്കുകയും ആയോധനകലകള്‍ അഭ്യസിക്കുകയും ചെയ്യുന്നവരാണ്‌ ഇവിടുത്തെ ബുദ്ധമതക്കാര്‍. അമ്പലത്തോട്‌ ചേര്‍ന്ന ജലാശയങ്ങളില്‍ ആമകളെ വളര്‍ത്തുന്നു.
കുട്ടികള്‍ക്ക്‌ അവസരം
സൗകര്യപ്രദമായ കളിസ്ഥലങ്ങളില്ലാത്ത വിദ്യാലയങ്ങളില്ല. ആഘോഷ വേളകളില്‍ സ്‌കൂളിന്‌ അവധിയായിരിക്കും. മധ്യവേനലിനും മഞ്ഞുകാലത്തും ഓരോ മാസം അവധിയുണ്ട്‌. ശനിയും ഞായറും അവധി ദിവസമാണ്‌. രണ്ട്‌ വീതം മുത്തച്ഛന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും കൂടി ലാളിക്കാന്‍ ഒരു കുഞ്ഞ്‌ മാത്രമല്ലേ ഉണ്ടാകൂ.
വികസനം
ചൈനയില്‍ കമ്മ്യൂണിസത്തിന്‌ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്‌ ജനങ്ങളുടെ സൗമ്യ സ്വഭാവം കൊണ്ടാവാം. ചൈനീസ്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഭരിച്ചിട്ടുളളത്‌. സിറ്റികളിലെയും മുന്‍സിപ്പാലിറ്റികളിലെയും വരുമാനം അതത്‌ സ്ഥലങ്ങളിലെ വികസനത്തിന്‌ വേണ്ടിത്തന്നെ ചെലവഴിക്കുന്നു. കൂടാതെ സര്‍ക്കാര്‍ സഹായവുമുണ്ട്‌.
സ്‌ത്രീകളായ ഞങ്ങള്‍ക്ക്‌ രാത്രിയോ പകലോ കാല്‍നടയായും ടാക്‌സിയിലും ബസ്സിലും യാത്ര ചെയ്യുന്നതിന്‌ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഉണ്ടായില്ല.
ടിയാന്‍ജിന്‍
ടിയാന്‍ജിനിലേക്ക്‌ വണ്ടി കയറാനായി ബെയ്‌ജിങ്ങ്‌ സൗത്ത്‌ റെയില്‍വെ സ്റ്റേഷനിലെത്തി. വിമാനത്താവളത്തെ വെല്ലുന്ന സൗകര്യങ്ങള്‍. മുകളിലത്തെ നിലയില്‍ സ്റ്റേഷന്‍, താഴെ 22 റെയിലുകള്‍ക്കുള്ള പ്ലാറ്റ്‌ ഫോം. അതിനും താഴെ മെട്രോ സ്റ്റേഷന്‍.
ഉച്ചക്ക്‌ ഒരു മണിയോടെ ടിയാന്‍ജിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ബോര്‍ഡിംഗ്‌ പാസെടുത്ത്‌ മകനോടും ഭാര്യയോടും വിടപറഞ്ഞ്‌ ഞങ്ങള്‍ അകത്ത്‌ കടന്നു. അവിടെ, പാതിയുയര്‍ത്തിയ കൈകളുമായി ചൈനീസ്‌ സഹോദരങ്ങള്‍ ഞങ്ങള്‍ക്ക്‌ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.
(അവസാനിച്ചു)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top