അനുചരന്റെ വേപഥു കണ്ടറിഞ്ഞ നേതാവ്‌

സഈദ്‌ മുത്തനൂര്‍

സമയം രാത്രി ഏറെ വൈകിയിരുന്നു. എങ്ങും ഇരുട്ട്‌! ``മാഹ്‌! മാഹ്‌! ആരെങ്കിലും എന്നെ എന്റെ മാതാവിന്റെ അടുക്കലൊന്ന്‌ എത്തിക്കുക.'' പ്രായവും ക്ഷീണവുമുള്ള ഒട്ടകം ഏറെ പിന്നിലാണ്‌ നടക്കുന്നത്‌. കുറച്ച്‌ ദൂരം നടന്ന്‌ ഒട്ടകം പറ്റെ തളര്‍ന്നു. ഏറെ ശ്രമിച്ചിട്ടും അതെഴുന്നേല്‍ക്കുന്നില്ല. ആ യുവാവ്‌ ഏറെ നിരാശനായി. എന്ത്‌ ചെയ്യും? അവസാനം ഒട്ടകത്തിന്റെ പുറത്ത്‌ കയറിനിന്ന്‌ അയാള്‍ ആരോടെന്നില്ലാതെ സഹായത്തിനര്‍ഥിക്കുകയായിരുന്നു. അതിനിടെ യാത്രാസംഘത്തിന്റെ പിന്നില്‍ സഞ്ചരിച്ചെത്തിയ തിരുനബി (സ) അതുവഴി വന്നു. തളര്‍ച്ച ബാധിച്ചോ മറ്റോ ആരെങ്കിലും വഴിയില്‍ ബുദ്ധിമുട്ടാകരുതെന്ന്‌ കരുതിയാണ്‌ നബി പിന്നില്‍ നിരീക്ഷകനായി നടക്കുന്നത്‌. ദൂരെ നിന്നുതന്നെ തിരുമേനി കരച്ചില്‍ കേട്ടിരുന്നു.
വേപഥുപൂണ്ട യുവാവിനെ സമീപിച്ച്‌ പ്രവാചകന്‍ ആരാഞ്ഞു: ``നീ ആരാണ്‌?''
``ഞാന്‍ ജാബിര്‍.''
``എന്താണ്‌ പ്രശ്‌നം?''
``തിരുദൂതരേ, എന്റെ ഒട്ടകം ക്ഷീണിച്ചിരിക്കുന്നു. മുന്നോട്ട്‌ നീങ്ങാനാവുന്നില്ല. എഴുന്നേല്‍ക്കുന്നേയില്ല. ഖാഫിലയാവട്ടെ ഏറെ ദൂരം മുന്നിട്ടു!''
``ചാട്ടവാറുണ്ടോ കൈയില്‍?'' പ്രവാചകന്‍
``ഉണ്ട.്‌''
``അതിങ്ങ്‌ തരൂ.'' തിരുനബി വടി വാങ്ങി. ഒന്ന്‌ തട്ടി. ഒട്ടകം ഉടനെ എഴുന്നേറ്റു. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തി നബി തിരുമേനി (സ) ജാബിര്‍ (റ) വിനോട്‌ ``കയറിക്കോളൂ'' എന്ന്‌ കല്‍പ്പിച്ചു.
നേരത്തേതിലും വേഗതയിലാണ്‌ ഒട്ടകത്തിന്റെ നടത്തം. യാത്രയില്‍ തിരുമേനി സ്‌നേഹപൂര്‍വം ജാബിറിനോട്‌ ചോദിച്ചു: ``താങ്കള്‍ക്ക്‌ എത്ര സഹോദരന്മാരും സഹോദരിമാരുമുണ്ട്‌?'' അതിനിടക്ക്‌ നബി മുപ്പത്തഞ്ച്‌ തവണയെങ്കിലും അല്ലാഹുവിന്റെ ഔദാര്യത്തിനായി പ്രാര്‍ഥിച്ചു കാണും. അപ്പോഴാണ്‌ ജാബിറിനോട്‌ ഈ ചോദ്യം. ജാബിര്‍ മറുപടി പറഞ്ഞു: ``എനിക്ക്‌ സഹോദരന്മാര്‍ ആരുമില്ല. ഏഴു സഹോദരിമാരുണ്ട്‌.''
``താങ്കള്‍ പിതാവിന്റെ കടമെല്ലാം വീട്ടിയോ, അതോ ഇനി വല്ലതും?''
``ഇനിയും കുറച്ച്‌ പേരെ കൂടി പിരിക്കാനുണ്ട.്‌''
``ശരി, മദീനയിലെത്തിയാല്‍ കടക്കാരോട്‌ സംസാരിച്ച്‌ അത്‌ പരിഹരിക്കണം. വിളവെടുപ്പ്‌ സമയത്ത്‌ എന്നെ വന്ന്‌ കാണണം.''
തിരുമേനിയുടെ അടുത്ത ചോദ്യം: ``താങ്കള്‍ വിവാഹിതനാണോ?''
``അതെ.''?
``ഏത്‌ പെണ്‍കുട്ടിയെയാണ്‌ വരിച്ചത്‌?''
ജാബിര്‍ ഭാര്യയുടെ പേരും ഊരും വിശദമാക്കി. ഒരു വിധവയെയാണ്‌ ജാബിര്‍ തന്റെ ഇണയാക്കിയിരിക്കുന്നതെന്ന്‌ തിരുനബി തിരിച്ചറിഞ്ഞു. ഉടനെ അദ്ദേഹത്തിന്റെ അടുത്ത അന്വേഷണം: ``ഒരു കന്യകയെ എന്തുകൊണ്ട്‌ തെരഞ്ഞെടുത്തില്ല; വിശിഷ്യാ താങ്കള്‍ ചെറുപ്രായമാണല്ലോ?''
``തിരുദൂതരേ, ഞാന്‍ പറഞ്ഞല്ലോ ഏഴ്‌ പെങ്ങന്മാര്‍ക്ക്‌ ഇടയിലെ ഒരു ആങ്ങളയാണ്‌ ഞാന്‍. അവരാകട്ടെ ജീവിത പരിചയം കുറഞ്ഞവരും. അപ്പോള്‍ ആ കൂട്ടത്തില്‍ ഒരു കന്യക കടന്നുവരുന്നത്‌ ഭംഗിയല്ലെന്ന്‌ തോന്നി. പരിചയ സമ്പന്നയും ബുദ്ധിമതിയുമായ ഒരുത്തിയെ ഞാന്‍ തെരഞ്ഞെടുത്തു.''
``ഇത്‌ വളരെ നല്ല കാര്യം തന്നെ.'' നബിതിരുമേനി പ്രശംസിച്ചു.
``ഈ ഒട്ടകത്തിന്‌ എന്ത്‌ വിലവരും? ''
``അഞ്ച്‌ ഊഖിയ.''
``എന്റെ അടുക്കല്‍ അത്ര സമ്പാദ്യം കാണും. മദീനയില്‍ ചെന്ന ശേഷം താങ്കള്‍ ഒട്ടകത്തിന്റെ വില എന്നില്‍ നിന്ന്‌ സ്വീകരിക്കണം.'' അങ്ങനെ യാത്ര അവസാനിച്ചു.
മദീനയില്‍ തങ്ങളുടെ വീടുകളിലേക്ക്‌ യാത്രാസംഘം മടങ്ങി. പറഞ്ഞുറച്ച പോലെ ജാബിര്‍ തന്റെ ഒട്ടകത്തെയുമായി തിരുനബിയുടെ സന്നിധിയിലെത്തി. തിരുമേനി ജാബിറിനെ കണ്ടപാടെ ബിലാല്‍ (റ) വിനെ വിളിച്ച്‌ പറഞ്ഞു: ``അഞ്ച്‌ സ്വര്‍ണ നാണയം ജാബിറിന്‌ കൊടുക്കുക. അത്‌ അദ്ദേഹത്തിന്റെ ഒട്ടകത്തിന്റെ വിലയാണ്‌. കൂടാതെ ഒരു മൂന്ന്‌ സ്വര്‍ണനാണയം അധികം കൊടുത്തേക്കൂ. അദ്ദേഹത്തിന്റെ പിതാവ്‌ അബ്ദുല്ലയുടെ കടം വീട്ടട്ടെ. കൂടാതെ ഒട്ടകത്തെയും അദ്ദേ ഹം കൊണ്ടുപൊയ്‌ക്കൊള്ളട്ടെ.''
അതിന്‌ ശേഷം റസൂല്‍ തിരുമേനി (സ) ജാബിറിനെ നോക്കി ചോദിച്ചു: ``കടക്കാരോട്‌ താങ്കള്‍ സംസാരിച്ചോ?''
``ഇല്ല, ഇതുവരെ അവരെ കാണാനൊത്തില്ല.''
``എന്താ, നിങ്ങളുടെ പിതാവ്‌ വല്ലതും അനന്തരമായി വിട്ടേച്ചു പോയിട്ടുണ്ടോ? കടം വീട്ടാന്‍ മതിയായ വല്ലതും?'' അന്വേഷണത്തിന്റെ കുറവാണെന്നു വരരുതല്ലോ. റസൂല്‍ വീണ്ടും അന്വേഷിച്ചു.
``ഇല്ല, അദ്ദേഹം ഒന്നും ഉപേക്ഷിച്ചിട്ടില്ല.''
''ശരി, ഈത്തപ്പഴ വിളവെടുപ്പ്‌ സമയം എന്നെ വന്ന്‌ കാണണം. വിളവെടുപ്പ്‌ കാലത്ത്‌ ജാബിര്‍ വന്ന്‌ വിവരം ധരിപ്പിച്ചു. പിതാവ്‌ അബ്ദുല്ലയുടെ കടം കൊടുക്കാനുള്ളവര്‍ക്കെല്ലാം അവിടെ വെച്ചുതന്നെ കണക്കു തീര്‍ത്തു. ജാബിറിന്റെ കുടുംബത്തിന്‌ ഉപജീവനത്തിനുള്ള വക വേറെ നബി (സ) അനുവദിക്കുകയും ചെയ്‌തു. അനുചരന്റെ വേദന നെഞ്ചേറ്റിയ ഒരു നേതാവിനെയാണ്‌ ചരിത്രം ഇവിടെ നമുക്ക്‌ പരിചയപ്പെടുത്തുന്നത്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top