ഒരു മതം മലയാളിക്ക്

കെ.വൈ.എ No image

പതിവുപോലെ, പഞ്ചായത്ത് പ്രസിഡന്റ് ഓടിയെത്തി. പതിവുപോലെ, സ്വ.ലേ. കേശു അതിലും നേരത്തെ എത്തിയിരുന്നു. പതിവുപോലെ, വിവരമറിയാന്‍ പ്രസിഡന്റ് കേശുവിനോടാണ് ചോദിച്ചത്.
സ്ഥലത്തെ പ്രധാന റിപ്പോര്‍ട്ടറാണ് കേശു. നാട്ടിലെ കശപിശകള്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നല്‍കുന്നവന്‍. കൈയിലെ ചാനല്‍ മൈക്കിലേക്ക് തല്‍ക്ഷണ വാര്‍ത്തകള്‍ ക്യാമറയില്‍ നോക്കി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന വരുംകാലത്തെപ്പറ്റി അവന്‍ സ്വപ്നം കാണുന്നുണ്ട്.
ചാനലും മൈക്കും ഇതുവരെ വന്നിട്ടില്ലെങ്കിലും പഞ്ചായത്ത് പ്രസിഡന്റിന് മുമ്പില്‍ കേശു വാര്‍ത്ത അവതരിപ്പിച്ചു:
''ചുമട്ടുകാരനെ റേഷന്‍ കടയുടമ ക്രൂരമായി മര്‍ദിച്ചു. റേഷന്‍ വാങ്ങാനെത്തിയതായിരുന്നു ചുമട്ടുകാരന്‍ മൊയ്തീന്‍. താന്‍ ബി.പി.എല്ലാ ണെന്നും ആ വകയില്‍ കിട്ടേണ്ട അരി മുഴുവന്‍ കിട്ടിയില്ലെന്നും പ്രസ്താവിച്ച മൊയ്തീനോട് കടക്കാരന്‍ പിന്നെ നിനക്കിവിടെ ചാക്കില്‍ ചുമടായി കൊണ്ടു പോകണോ എന്നു ചോദിച്ചപ്പോള്‍ സാറേ പുറത്തൂന് വലിയ വില കൊടുത്ത് വാങ്ങാന്‍ കയ്യീ കാശിലാത്തോണ്ടാ, പൊറുത്തുകളയെന്ന് പറഞ്ഞ് മൊയ്തീന്‍ പുറത്തിറങ്ങുമ്പോഴേക്കും കടക്കാരനതാ പാഞ്ഞുവന്ന് കാശില്ലാച്ചാ തിന്നണ്ടഡോന്ന് ഒറ്റ ഉപദേശവും പിടിച്ചൊരു തള്ളും കൊടുത്തപ്പോള്‍ മൊയ്തീന്‍ ഒരു കല്ലില്‍ തടഞ്ഞ് വീണതും കൈയിലെ സഞ്ചിയും ഒരാഴ്ചത്തേക്കെന്നു കരുതി വാങ്ങിയ അരിയും കൂടി പൊത്തോന്ന് വീണതിനാല്‍-''
''കഷ്ടം! താനിതെല്ലാം കണ്ടോ?''
''കണ്ടു. എന്റെ മൊബൈലില്‍ പിടിച്ചിട്ടുമുണ്ട്.''
പ്രസിഡന്റിന്റെ ധാര്‍മിക രോഷം പതഞ്ഞു. പിന്നെ താമസിച്ചില്ല, അയാള്‍ പലര്‍ക്കും ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ഒന്നു രണ്ടു അടിയന്തരയോഗങ്ങള്‍ വിളിച്ചു. ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണദ്ദേഹം.
തന്റെ റിപ്പേര്‍ട്ടിനുണ്ടാകാന്‍ പോകുന്ന ഇംപാക്ട് ഓര്‍ത്ത് കേശുവിനും ഇരിപ്പുറക്കുന്നില്ല.
പ്രമുഖ നേതാക്കളുടെ യോഗത്തില്‍ കാര്യമായെന്തോ നടപടിയെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ട്. ഒരാള്‍ തിരക്കിട്ട് എന്തൊക്കെയോ കടലാസില്‍ കുറിക്കുന്നു. മറ്റൊരാള്‍ ഫോണില്‍ വിളിയോട് വിളിയാണ്. പ്രസിഡന്റ് യുദ്ധ മുന്നണിയിലെ സേനാനായകന്റെ ഭാവത്തില്‍ എന്തൊക്കെയോ ആസൂത്രണം ചെയ്ത് പറഞ്ഞുകൊടുക്കുന്നു.
റേഷന്‍ വിതരണ സംവിധാനം ഉടച്ചു വാര്‍ക്കേണ്ടി വരാം. അഴിമതിക്കാര്‍ അഴിയെണ്ണേണ്ടി വരാം...
കേശു 'ബ്രേക്കിങ് ന്യൂസ്' കാത്തിരിക്കുകയാണ്. പ്രസിഡന്റും നേതാക്കളും വാര്‍ത്താ സമ്മേളനം വിളിച്ചു ശക്തമായിരുന്നു പ്രഖ്യാപനം: 'ഇനിയുമിത് തുടര്‍ന്നുകൂടാ. അതിനാല്‍ നാം വലിയ തീരുമാനം തന്നെ എടുക്കുകയാണ്. നാളെ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ കടുത്ത നടപടിയല്ലാതെ നമുക്ക് വേറെ വഴിയില്ല. എല്ലാവരും സഹകരിക്കണം.''
നിലത്തു നോക്കാതെ നടന്നയാളെ ചെറുതായൊന്നു കടിച്ച പാമ്പിനോടു പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ഹര്‍ത്താലാചരിച്ച മനുഷ്യരുടെ പുതിയ വിനോദം കണ്ട് പാമ്പുകള്‍ ആര്‍ത്തു ചിരിച്ചു. ചുമട്ടുകാരന്‍ മൊയ്തീന്‍ ആശുപത്രിയില്‍ പോകാനാവാതെ വീട്ടില്‍ കിടന്നു. റേഷന്‍ അഴിമതി വീരന്മാര്‍ വീണുകിട്ടിയ ഒഴിവാസ്വദിക്കാന്‍ വീട്ടില്‍ ടി.വിക്കു മുമ്പില്‍ ചടഞ്ഞിരുന്നു.
***
പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് വിലകൂട്ടി. ഗ്യാസിനും കറന്റിനും ചാര്‍ജ്കൂട്ടി. ചില്ലറ വില്‍പന രംഗത്ത് വിദേശകുത്തകകള്‍ക്ക് വാതില്‍ തുറന്നുകൊടുത്തു.
ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും എതിര്‍പ്പുമായി ഇറങ്ങി. ആക്ടിവിസ്റ്റുകള്‍ വീടുകള്‍ തോറും മണ്ടി നടന്നു. തൊഴിലാളി നേതാക്കളും വിദ്യാര്‍ഥി നേതാക്കളും സംഘടനാ നേതാക്കളും കര്‍മരംഗത്തിറങ്ങി.
ഇത്ര ശക്തമായ ജനകീയ ഐക്യം മുമ്പു കണ്ടിട്ടില്ല, എല്ലാവരും തോളോടു തോള്‍ ചേര്‍ന്നുനിന്ന് ഒറ്റ സ്വരത്തില്‍ തീരുമാനം പ്രഖ്യാപിച്ചു: ''ഇനിയും നമുക്കിത് കണ്ടു നില്‍ക്കാനാവില്ല. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാം മുമ്പ് പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താലടക്കം പരീക്ഷിച്ചു നോക്കിയതാണ്. ഒരു ഫലവുമുണ്ടായില്ല. നമുക്ക് കടുത്ത തീരുമാനം തന്നെ എടുക്കേണ്ടി വന്നിരിക്കുന്നു.
അതുകൊണ്ട് ഇത്തവണ ഹര്‍ത്താല്‍ 24 മണിക്കൂറായിരിക്കും. ഇനിയും സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കില്‍ 36 മണിക്കൂറാക്കാനും മടിക്കില്ല.
***
നേതാവ് മരണശയ്യയില്‍ കുറച്ച് ദിവസം കിടന്നു. പത്രങ്ങളും ചാനലുകളും ഒരുങ്ങി നിന്നു. നേതാക്കള്‍ പ്രസ്താവനയൊരുക്കി ആദരപൂര്‍വം കാത്തുനിന്നു. ജനങ്ങള്‍ പ്രാര്‍ഥനയില്‍ മുഴുകി.
പ്രാര്‍ഥനകള്‍ വിഫലമായില്ല. നേതാവ് മരിച്ചു. ദുഃഖം അണപൊട്ടി. അത്രമേല്‍ സങ്കടപ്പെടുകയാല്‍ ഹര്‍ത്താല്‍ തന്നെ പ്രഖ്യാപിച്ചു.
പകല്‍ മുഴുവന്‍ ടി.വിയില്‍ കണ്ണീര്‍ പടങ്ങള്‍ കണ്ട് ജനസഹസ്രങ്ങള്‍ അനുശോചനം ആചരിച്ചു.
***
ക്രിക്കറ്റ് ഫൈനലിന്റെ ഫലമറിയാന്‍ കളി അറിയാത്തവര്‍ വരെ ചാനലുകളില്‍ ശ്രദ്ധയൂന്നി. അന്യരാജ്യ ടീമിനെതിരെ ഇന്ത്യന്‍ ടീം ജയിച്ചു കിട്ടിയാല്‍-
ജയിച്ചു. പ്രതീക്ഷ തെറ്റിയില്ല. അധികൃതര്‍ കാത്തിരിക്കുകയായിരുന്നു- അറിഞ്ഞ ഉടനെ വിജയാഹ്ലാദം പ്രകടിപ്പിക്കാന്‍ പിറ്റേന്ന് ഒഴിവു പ്രഖ്യാപിച്ചു. അതിനെ ഹര്‍ത്താലെന്നല്ല, ആഘോഷം എന്നാണ് വിളിച്ചത്. എന്തിന്നും ഔചിത്യബോധം വേണമല്ലോ.
രോഷ്-ദ്വേഷ- ശോകശമനത്തിനുള്ള ഒറ്റമൂലിയാകുന്നു ഹര്‍ത്താല്‍. മുമ്പൊക്കെ രോഷം വന്നാല്‍ എന്തു ചെയ്യണമെന്നറിയാതെ ആളുകള്‍ വിഷമിച്ചിരുന്നു. ഇന്ന് ആ രോഷമില്ല. രോഷം വന്നാല്‍, രോഷത്തിന്റെ അളവനുസരിച്ച് എത്ര മണിക്കൂര്‍ എന്നു നിശ്ചയിച്ച് ഹര്‍ത്താല്‍ നടത്തും. രോഷം പോയ വഴികാണില്ല.
പ്രതിഷേധമറിയിക്കുന്ന കാര്യവും അങ്ങനെ തന്നെ. ജനങ്ങളുടെ പ്രതിഷേധത്തെച്ചൊല്ലി അധികൃതര്‍ വേവലാതിപ്പെട്ടിരുന്നു മുമ്പ്. ഇന്ന് വേവലാതിയില്ല. ഹര്‍ത്താലില്‍ എല്ലാം തീരും. എല്ലാ ഭൂതങ്ങളെയും അടക്കാവുന്ന കുടമാണ് ഹര്‍ത്താല്‍.
ദുഃഖം പ്രകടിപ്പിക്കാന്‍ ഒരു സാമൂഹിക രീതി മുമ്പുണ്ടായിരുന്നില്ല. ആഹ്ലാദത്തിനും ഫലപ്രദമായ സാമൂഹികാവിഷ്‌കാരം ഉണ്ടായിരുന്നില്ല. ഇപ്പോളത് വികസിപ്പിച്ചെടുത്തിരിക്കുന്നു.
മലയാളിയുടെ സാര്‍വലൗകിക ഭാഷയാകുന്നു ഹര്‍ത്താല്‍. ഏറ്റവും കാര്യക്ഷമതയോടെ നടപ്പാക്കുന്ന ആഹ്വാനവും അതു തന്നെ.
ആരെങ്കിലും വിവരം മാധ്യമങ്ങളെ അറിയിക്കുന്നു, നിയതമായ ഫോര്‍മാറ്റില്‍:
''...... എന്ന സംഘടനയുടെ ...... എന്ന നേതാക്കളായ ഞങ്ങള്‍ ..... തിയതി ..... മണി മുതല്‍ .... മണി വരെ ..... മണിക്കൂര്‍ ഹര്‍ത്താലാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു.'' ബാക്കി, സ്ഥിരമായി അച്ചടിച്ചു വെച്ചത്:
പൊതു ജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പാല്‍, പത്രങ്ങള്‍, ആശുപത്രികള്‍, തീര്‍ഥാടനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.
ടി.വി സ്‌ക്രീനില്‍ വാര്‍ത്ത വിളംബരപ്പെടുത്തി തുടങ്ങുമ്പോഴേ പഴം, പച്ചക്കറി ചന്തകള്‍ സജീവമാകും. പലചരക്കു കടയില്‍ മുതല്‍ ലഹരി ഔട്ട്‌ലെറ്റുകളില്‍ വരെ ക്യൂ രൂപപ്പെട്ടു. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മുന്‍കൂട്ടി തയ്യാറാക്കിയ ഫോറങ്ങളില്‍ പരീക്ഷ നീട്ടിവെച്ച വിജ്ഞാപനമിറങ്ങും. പി.എസ്.സി ഇന്റര്‍വ്യൂകള്‍ മാറ്റിവെക്കും. പകല്‍ ടി.വി പ്രേക്ഷകര്‍ക്ക് അവിരാമം വൈദ്യുതി ലഭ്യമാക്കാന്‍ സംവിധാനമുണ്ടാകും. ജനങ്ങളെല്ലാം ദിനചര്യകള്‍ ഹര്‍ത്താല്‍ ഫോര്‍മാറ്റിലേക്ക് മാറ്റും.
സ്വതവേ നിയമം ലംഘിക്കുന്നത് ശീലമാക്കിയ മലയാളികള്‍, ഹര്‍ത്താലിന് ഭംഗമുണ്ടാക്കാതെ അതിന്റെ നിയമങ്ങളെല്ലാം സ്വമേധയാ പാലിക്കും.
കാരണം, മലയാളിയുടെ മതമാകുന്നു ഹര്‍ത്താല്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top