ഏഴ് പെണ്‍കുട്ടികള്‍

റഹ്മാന്‍ മുന്നൂര്‌ No image

കാഴ്ച പത്ത്
സമയം അര്‍ധരാത്രി. കെയ്‌റോവിലെ ഒരു രഹസ്യകേന്ദ്രത്തില്‍ മോബിയും ഫഖ്‌റുല്‍ മിസ്‌രിയും ഒരു സുഡാനി പടത്തലവനോടൊപ്പം ഭക്ഷണം കഴിക്കുകയാണ്.
മോബി: പുറപ്പെടുമ്പോള്‍ കരുതിയിരുന്ന ഭക്ഷണ സഞ്ചി ഒട്ടകപ്പുറത്തു നിന്നും വീണുപോയി. രണ്ടു ദിവസമായി പച്ചവെള്ളം കഴിച്ചാണ് വിശപ്പടക്കിയത്.
പടത്തലവന്‍: തിന്നോളൂ- തിന്നോളൂ. വിശപ്പാറും വരെ തിന്നോളൂ.
മോബി: മതി. ഇത്ര രുചിയോടെ അടുത്തെങ്ങും ഭക്ഷണം കഴിച്ചിട്ടില്ല.
പടത്തലവന്‍: വിശപ്പാണല്ലോ ഭക്ഷണത്തിന് രുചിയേറ്റുന്നത്.
മോബി എഴുന്നേറ്റു കൈ കഴുകി തിരിച്ചു വന്നു. ഫഖ്‌റുല്‍ മിസ്‌രി അപ്പോഴും ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ സംഭാഷണത്തിലൊന്നും അയാള്‍ ശ്രദ്ധിക്കുന്നില്ല.
മോബി: കുരിശുപട പറ്റേ തകര്‍ന്നു പോയിട്ടൊന്നുമില്ല. അപ്രതീക്ഷിതമായ ഒരു തിരിച്ചടിയേറ്റു. അതില്‍ കുറെ നാശനഷ്ടങ്ങളുണ്ടായി അത്രമാത്രം. കൂടുതല്‍ യോദ്ധാക്കളും കോപ്പുകളുമായി ഉടനെ സൈന്യം തിരിച്ചെത്തും. ഏറിയാല്‍ നാലു ദിവസം. അപ്പോഴേക്കും കലാപത്തിനുള്ള തെയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞിരിക്കണം.
പടത്തലവന്‍ തെല്ലൊരു ഭയത്തോടെ ഫഖ്‌റുല്‍ മിസ്‌രിയെ നോക്കുന്നു. അതിന്റെ സൂചന മനസ്സിലായിട്ടെന്ന വണ്ണം മോബി തുടര്‍ന്നു.
മോബി: കുഴപ്പമില്ല. അദ്ദേഹമിപ്പോള്‍ പൂര്‍ണമായും നമ്മുടെ ആളാണ്. മാത്രമല്ല, ഞങ്ങള്‍ അടുത്തു തന്നെ വിവാഹിതരാവാന്‍ പോവുകയാണ്.
അത് കേട്ടപ്പോള്‍ ഫഖ്‌റുല്‍ മിസ്‌രിയുടെ മുഖത്ത് ഒരു പ്രകാശം മിന്നിമറഞ്ഞു. പ്രേമസുരഭിലമായ ഒരു മന്ദഹാസത്തോടെ അയാള്‍ മോബിയുടെ മുഖത്തേക്ക് നോക്കി. പിന്നെ എഴുന്നേറ്റ് കൈ കഴുകി.
പടത്തലവന്‍: താങ്കള്‍ക്ക് വിശ്രമിക്കാന്‍ അടുത്ത മുറിയില്‍ സൗകര്യം ചെയ്തിട്ടുണ്ട്.
മോബി: പോയി കിടന്നോളൂ. എനിക്ക് പടത്തലവനുമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.
പടത്തലവന്‍ തുറന്നുകൊടുത്ത വാതിലിലൂടെ ഫഖ്‌റുല്‍ മിസ്‌രി തന്റെ ശയന മുറിയില്‍ പ്രവേശിച്ചു. മനോഹരമായി വിതാനിച്ച ശയനമുറിയും അത്തറിന്റെ മനം കവരുന്ന പരിമളവും അയാളുടെ മനസ്സിനെ വികാരതരളിതമാക്കി. കിടക്കയില്‍ മലര്‍ന്ന് കിടന്ന് മോബിയുടെ സാന്നിധ്യത്തിനുവേണ്ടി അയാള്‍ ദാഹിച്ചു. അപ്പോള്‍ അടുത്ത മുറിയില്‍ നിന്ന് മോബിയുടെയും പടത്തലവന്റെയും ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ടു. അയാളുടെ മനസ്സ് അലോസരപ്പെട്ടു. എഴുന്നേറ്റു വാതിലിനരികില്‍ ചെന്ന് അവരുടെ സംസാരത്തിനു വേണ്ടി അയാള്‍ കാതുകൂര്‍പ്പിച്ചു.
മോബി: കെയ്‌റോവിലെത്താന്‍ എനിക്കൊരു പുരുഷന്റെ സഹായം ആവശ്യമായിരുന്നു. ഹശീശ് കൊടുത്ത് മയക്കിയും വിവാഹവാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചുമാണ് ഇവിടം വരെ കൊണ്ടുവന്നത്. ഇനി അയാളെ കൊണ്ട് നമുക്ക് പ്രയോജനമൊന്നുമില്ല. മയക്കുമരുന്നിന്റെ സ്വാധീനം വിട്ടുമാറിയാല്‍ നമുക്കയാള്‍ ആപത്തായെന്നും വരാം.
പടത്തലവന്‍: എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്.
മോബി: അക്കാര്യം താങ്കള്‍ക്ക് വിട്ടു തന്നിരിക്കുന്നു. എന്തായാലും അയാള്‍ ഇനി ജീവിച്ചിരിക്കരുത്.
ഫഖ്‌റുല്‍ മിസ്‌രി അത് കേട്ട് ഞെട്ടി. തുടര്‍ന്നുള്ള സംസാരം കേള്‍ക്കാനുള്ള ശക്തി അയാള്‍ക്കുണ്ടായിരുന്നില്ല. ഉടനെ തിരിച്ചു വന്ന് കിടക്കയില്‍ കിടന്നു. മോബി തന്നെ ചതിക്കുകയായിരുന്നുവെന്ന് അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവിടെ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം ആലോചിച്ചുകൊണ്ട് അയാള്‍ ഉറക്കം നടിച്ചുകിടന്നു.
കാഴ്ച പതിനൊന്ന്
അലിയ്യുബ്‌നു സുഫ്‌യാന്‍ കെയ്‌റോവിലെത്തിയ ഉടനെ തന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. സുഡാനി സൈന്യത്തിന്റെ ആസ്ഥാനത്തും പടയാളികള്‍ക്കിടയിലും വിന്യസിച്ച രഹസ്യാന്വേഷകരായിരുന്നു അവരിലധികവും. പുരുഷന്മാര്‍ക്ക് പുറമെ സുന്ദരികളായ യുവതികളുമുണ്ട് കൂട്ടത്തില്‍. ഓരോരുത്തരുടെയും റിപ്പോര്‍ട്ടുകള്‍ അദ്ദേഹം വിശദമായി കേട്ടു. ഒരാള്‍ പറഞ്ഞു: ''ഇന്നലെ അര്‍ധരാത്രി ഒരൊട്ടകം നഗരത്തില്‍ പ്രവേശിക്കുന്നത് കണ്ടു. ഒരു പുരുഷനും ഒരു സ്ത്രീയുമുണ്ട് യാത്രക്കാര്‍. ഇരുട്ടില്‍ ആരാണെന്ന് വ്യക്തമായില്ല. ഏതു കെട്ടിടത്തിലാണ് അവര്‍ പ്രവേശിച്ചതെന്നും കാണാന്‍ കഴിഞ്ഞില്ല. നല്ല വേഗത്തിലാണ് ഒട്ടകം ഓടിക്കൊണ്ടിരിക്കുന്നത്.''
അ.സു: അത് അവര്‍ തന്നെ ആയിരിക്കണം. കടല്‍ തീരത്തെ ക്യാമ്പില്‍ നിന്നും ഒളിച്ചോടിയ ഫഖ്‌റുല്‍ മിസ്‌രിയും മോബി എന്ന ചാര വനിതയും. അവരെ ഉടനെ കണ്ടെത്തണം.
അതിനേക്കാള്‍ പ്രധാനമാണ്, സുഡാനി സൈന്യത്തിന്റെ ഭാവി പദ്ധതികള്‍ മനസ്സിലാക്കുക എന്നുള്ളത്. കലാപത്തിനുവേണ്ടിയുള്ള അവരുടെ ഒരുക്കങ്ങളെക്കുറിച്ച് സൈനികര്‍ക്കിടയിലുള്ള സംസാരങ്ങളും ചോര്‍ത്തിയെടുക്കണം. ഇപ്പോള്‍ എല്ലാവര്‍ക്കും പിരിഞ്ഞു പോകാം.
കാഴ്ച പന്ത്രണ്ട്
പിരമിഡുകള്‍ക്കിടയിലൂടെ ഒരു ദര്‍വീശ് ദഫ് മുട്ടി പാട്ടും പാടി നടന്നു. പടച്ചവന്റെ ശക്തിയെക്കുറിച്ചും ഫറോവമാരുടെ പതനത്തെക്കുറിച്ചുമാണ് അയാള്‍ പാടുന്നത്. ഭീമാകാരമായ ഈ പിരമിഡുകള്‍ പണിതുയര്‍ത്തിയ ആ ശക്തിയും പ്രതാപവും ഇന്നെവിടെ? കടല്‍ വാ പിളര്‍ന്ന് അവരെ വിഴുങ്ങിയപ്പോള്‍ ഭൂമിയിലും ആകാശത്തിലുമുള്ള ആരും അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയില്ല. അധര്‍മികള്‍ക്കും സ്വേഛാധിപതികള്‍ക്കും വേണ്ടി കാലം കരുതിവെച്ചത് ഇതൊക്കെ തന്നെയാണ്.
പിരമിഡിന്റെ തണലില്‍ പട്ടാളവേഷം ധരിച്ച ഒരാള്‍ തളര്‍ന്നുറങ്ങുന്നത് കണ്ട് ദര്‍വീശ് പാട്ടു നിര്‍ത്തി അടുത്തേക്ക് ചെന്നു. അയാള്‍ സലാഹുദ്ദീന്റെ സൈന്യത്തിലെ അംഗമാണെന്ന് ദര്‍വീശിന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. ദര്‍വീശ് അയാളെ തട്ടി വിളിച്ചു.
ദര്‍വീശ്: സഹോദരാ, എഴുന്നേറ്റാട്ടെ.
കണ്ണു തുറന്ന യുവാവ് ദര്‍വീശിനെ കണ്ട് വിസ്മയപ്പെട്ടു. ദര്‍വീശ് നീട്ടിയ കൈയില്‍ പിടിച്ച് അയാള്‍ എഴുന്നേറ്റിരുന്നു.
യുവാവ്: താങ്കളാരാണ്?
ദര്‍വീശ്: ഒരു ദര്‍വീശ്. അലഞ്ഞു നടക്കുന്ന സൂഫി. ഊരും പേരുമില്ലാത്ത ഒരു ഫഖീര്‍.
യുവാവ്: ആരെക്കുറിച്ചാണ് നിങ്ങള്‍ പാടിയത്?
ദര്‍വീശ്: ഫറോവമാരെക്കുറിച്ച്. ഈ പടു കൂറ്റന്‍ പിരമിഡുകള്‍ നിര്‍മിച്ച അവരുടെ പ്രതാപത്തെക്കുറിച്ച്. അവരൊക്കെ ഇന്നെവിടെ.
ഇരിക്കട്ടെ. താങ്കളാരാണെന്ന് പറഞ്ഞില്ലല്ലോ?
യുവാവ്: അമീര്‍ സലാഹുദ്ദീന്റെ സൈന്യത്തിലെ ഒരു പടയാളി. ഫഖ്‌റുല്‍ മിസ്‌രി എന്നാണ് പേര്. എനിക്ക് സലാഹുദ്ദീനെ കാണണം അദ്ദേഹത്തോട് മാപ്പു ചോദിക്കണം.
ദര്‍വീശ്: അതിന് താങ്കള്‍ എന്ത് കുറ്റമാണ് ചെയ്തത്?
യുവാവ്: സൈന്യത്തില്‍ നിന്നും ഒളിച്ചോടിപ്പോന്നതാണ് ഞാന്‍, കുരിശുപടയുടെ ചാരപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയോടൊപ്പം. വലിയ കുറ്റമാണ് ഞാന്‍ ചെയ്തത്. സലാഹുദ്ദീന്റെ മുമ്പില്‍ ചെന്ന് എല്ലാ തെറ്റുകളും ഏറ്റുപറയണം. അദ്ദേഹം വിധിക്കുന്ന ശിക്ഷ ഏറ്റുവാങ്ങണം.
ദര്‍വീശ്: ആ പെണ്‍കുട്ടി എവിടെ?
യുവാവ്: അറിയില്ല. കഴിഞ്ഞ രാത്രി ഞങ്ങള്‍ ഒരു സുഡാനി പടത്തലവന്റെ കൂടെയായിരുന്നു. ഞാന്‍ ഉറങ്ങാന്‍ കിടന്ന സമയത്ത് അവര്‍ രണ്ടു പേരും കൂടി എന്നെ വധിക്കാന്‍ പദ്ധതിയിടുന്നത് രഹസ്യമായി ഞാന്‍ കേട്ടു. അവിടെ നിന്നും ഒരു വിധം രക്ഷപ്പെട്ടതാണ്. സുഡാനി പട്ടാളം എന്നെ അന്വേഷിച്ചു ഇറങ്ങിയിട്ടുണ്ടാവും. അമീര്‍ സലാഹുദ്ദീന്റെ പട്ടാളക്കാര്‍ നേരത്തെ തന്നെ എന്നെ അന്വേഷിച്ചു നടക്കുകയാണ്. ഇരു കൂട്ടരുടെയും കണ്ണില്‍ പെടാതെ എന്നെ സലാഹുദ്ദീന്റെ മുമ്പിലെത്തിക്കണം. എന്നെ സഹായിക്കില്ലേ?
ദര്‍വീശ് മറുപടിയൊന്നും പറഞ്ഞില്ല. അയാളുടെ കണ്ണുകള്‍ ആകാശത്തിന്റെ അനന്തതയില്‍ മുങ്ങിത്താഴുന്നതായി ഫഖ്‌റുല്‍ മിസ്‌രിക്ക് തോന്നി. അയാളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് നിന്നു. ഏതാനും നിമിഷം കഴിഞ്ഞ് ദര്‍വീശ് ധ്യാനത്തില്‍ നിന്നുണര്‍ന്ന് നടക്കാന്‍ തുടങ്ങി. ഫഖ്‌റുല്‍ മിസ്‌രി നിസ്സഹായനായി അയാളെ നോക്കി നിന്നു. ഏതാനും വാര അകലെയെത്തിയ ദര്‍വീശ് ഒരു വീണ്ടുവിചാരത്തിലെന്നപോലെ തിരിഞ്ഞുനിന്ന് അയാളെ നോക്കി 'വരൂ' എന്ന് കൈ കാണിച്ചു. ഒരു മാന്ത്രിക പാശത്താല്‍ ബന്ധിതനായ പോലെ ഫഖ്‌റുല്‍ മിസ്‌രി ദര്‍വീശിന് പിന്നാലെ നടന്നു നീങ്ങി.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top